Sunday 15 September 2019

മാർക്‌സ് -പുറപ്പാടിൻറെ പുസ്‌തകം 

അന്ധനായ മാർക്‌സ് 10 

മാർക്‌സിന്റെ ഭാര്യ ജെന്നി 1844 മെയ് ഒന്നിന് ആദ്യ കുഞ്ഞിനെ പ്രസവിച്ചു.ജെന്നി എന്ന് തന്നെ പേര്.കുഞ്ഞിന് സുഖമില്ലാതെ ചികിത്സയ്ക്കായി ജെന്നി രണ്ടു മാസം ട്രയറിലേക്ക് പോയി.ആ നേരത്ത്  മാ ർക്‌സ് തയ്യാറാക്കിയ കുറിപ്പുകളാണ്,പാരീസ് രേഖകൾ അഥവാ സാമ്പത്തിക,തത്വ ശാസ്ത്ര രേഖകൾ.ഇവ പ്രസിദ്ധീകരിച്ചത് 1932 ൽ മാത്രം.മൂലധനം അല്ല,ഇതാണ് മാർക്‌സിന്റെ മുഖ്യ രചന എന്ന് വലിയൊരു വിഭാഗം കരുതുന്നു.മൂലധന ത്തിന് അടിസ്ഥാനമായ നാല് അപൂർണ പ്രബന്ധങ്ങൾ ആണിവ.

ആദ്യ പ്രബന്ധം 27 പേജ്.കൂലി,ലാഭം,വാടക,അന്യവല്കരിക്കപ്പെട്ട അധ്വാനം എന്നിവയാണ് വിഷയം.നാല് പേജ് മാത്രമുള്ള രണ്ടാം രേഖ,മൂലധനവും അധ്വാനവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്.45 പേജ് മൂന്നാം രേഖ സ്വകാര്യ സ്വത്ത്,പണം,അധ്വാനം,കമ്മ്യൂണിസം,ഉൽപാദനം,തൊഴിൽ വിഭജനം എന്നിവയെപ്പറ്റി.കൂടെ ഹെഗലിൻറെ വൈരുധ്യാത്മകതയുടെ നിരൂപണവും.നാല് പേജ് മാത്രമുള്ള നാലാം രേഖ,ഹെഗലിൻറെ Phenomenology of Mind അവസാന അധ്യായ സംഗ്രഹം.

നന്നായി പരിഷ്കരിച്ച് 1867 ൽ ഇറക്കിയ 'മൂലധന'ത്തിൻറെ കരടാണ് ഇത്.ഹെഗലിൻറെ 'നിയമത്തിന്റെ തത്വശാസ്ത്രം' എന്ത് കൊണ്ട് നിരൂപണം ചെയ്യാനായില്ല എന്ന് ആമുഖത്തിൽ മാർക്‌സ് പറയുന്നു.നിയമം,നൈതികത,രാഷ്ട്രീയം എന്നിവ വിഷയമായ സമാഹാരങ്ങൾ എഴുതുക ആയിരുന്നു ലക്ഷ്യം.രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിൽ തുടങ്ങി,ഈ വിഷയങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധം വിശകലനം ചെയ്യാൻ ആഗ്രഹിച്ചു.ഈ ലക്ഷ്യത്തിലെ ആദ്യ ഘട്ടമായിരുന്നു,മൂലധന വും മുൻപത്തെ പ്രബന്ധങ്ങളും.


1843 ശിശിരത്തിലാണ് മാർക്‌സ് സാമ്പത്തിക ശാസ്ത്രം വായിക്കാൻ തുടങ്ങിയത്.1844 വസന്തം ആകുമ്പോൾ ബോയിസ് ഗിൽബെർട്,ഫ്രാങ്സ്വാ ക്വിസ്‌നെ ( 17 -o നൂറ്റാണ്ടിൻറെ അവസാനം ) മുതൽ ജെയിംസ് മിൽ,ഴാങ് സേ വരെയുള്ളവരെ വായിച്ച് കുറിപ്പുകൾ എടുത്തു.മാർക്‌സ് പേര് വെളിപ്പെടുത്താത്ത ഫ്രഞ്ച്,ഇംഗ്ലീഷ് സോഷ്യലിസ്റ്റുകളോടും ജർമൻ എഴുത്തുകാരോടും വെയ്റ്റ്ലിങ്,ഹെസ്,എംഗൽസ് എന്നിവരോടും കടപ്പാട് രേഖപ്പെടുത്തി.എംഗൽസ് എഴുതിയ Outlines of a Critique of Political Economy എന്ന പ്രബന്ധത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരീസ് രേഖകളിൽ നന്നായുണ്ട്.സ്വകാര്യ സ്വത്തിൻറെയും അതുണ്ടാക്കുന്ന മത്സരത്തിൻറെയും വിമർശമാണ്,ഈ പ്രബന്ധം.ഉൽപാദന,മൂലധന പ്രതിസന്ധി ഇതിൽ വിഷയമാണ്.ഇതിൽ നിന്നുള്ള ഉദ്ധരണികൾ മൂലധന ത്തിൽ പലയിടത്തും കാണാം.ഇത് കഴിഞ്ഞാൽ മാർക്‌സ് നന്നായി പകർത്തിയിരിക്കുന്നത്,ഫോയർബാക്കിൽ നിന്നാണ്.സ്വന്തം രചനയായ ഗ്രന്ത്രിസെ ( Grundrisse-അടിസ്ഥാനം  ) ഫോയർബാക്കിന്റെ പ്രബന്ധങ്ങളെ ആധാരമാക്കിയാണെന്ന് മാർക്‌സ് തന്നെ പറഞ്ഞിട്ടുണ്ട്.ഫോയർബാക്കിന്റേത് സൈദ്ധാന്തിക വിപ്ലവം ആയിരുന്നു എന്നാണ് മാർക്‌സ് പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മാർക്‌സ് മൂന്ന് ഉറവിടങ്ങളെ ആശ്രയിച്ചു:ജർമൻ എഴുത്തുകാരൻ വില്യം ഷുൾസ് തൊഴിലാളികളുടെ പാപ്പരീകരണം,യന്ത്രങ്ങൾ വരുത്തുന്ന അമാനവീകരണം എന്നിവയെപ്പറ്റി എഴുതിയ പ്രബന്ധം,മുതലാളിത്തം തൊഴിലാളിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നാശത്തെപ്പറ്റി കോൺസ്റ്റാന്റിൻ പെക്വർ എഴുതിയ പ്രബന്ധം,തൊഴിലാളി വർഗ്ഗത്തിൻറെ ചൂഷണത്തെപ്പറ്റി യൂജിൻ ബുറെറ്റ് എഴുതിയ പുസ്തകം,എന്നിവ.'മൂലധനത്തിൻറെ ലാഭ 'ത്തെപ്പറ്റി ആഡം സ്മിത്ത് എഴുതിയ ഖണ്ഡികകൾ അതേ പടി പകർത്തി.പഴയ സാമ്പത്തിക ശാസ്ത്രജ്ഞരിൽ കണ്ടത്,പ്രൊട്ടസ്റ്റൻറ് നീതി ശാസ്ത്രമാണെന്ന മാർക്സിന്റെ വിമർശത്തിൽ തന്നെ,അത് വിച്ഛേദിച്ച് ഭൗതിക വാദം പകരം വയ്ക്കുകയാണെന്ന് കാണാം.

മാർക്‌സിന്റെ സംസ്‌കാര ചടങ്ങിലെ പ്രഭാഷണത്തിൽ, എംഗൽസ് മാർക്‌സിന്റെ രണ്ടു വലിയ സംഭാവനകളായി പറഞ്ഞത്,ചരിത്രപരമായ ഭൗതിക വാദവും മിച്ച മൂല്യ സിദ്ധാന്തവുമാണ്.ചരിത്രപരമായ ഭൗതിക വാദം എങ്ങനെ വന്നു എന്ന് നാം കണ്ടു .മാർക്സിസത്തിൻറെ ഉറവിടങ്ങൾ ചർച്ച ചെയ്‌ത്‌,മാർക്സിന് മൗലിക സംഭാവനകളുണ്ടോ എന്ന് പരിശോധിക്കുന്നതിനാൽ, മൂലധനം ഒന്ന് കൂടി നോക്കാം.

മാർക്‌സ് ജീവിച്ചിരുന്നപ്പോൾ ഒന്നാം വാല്യം (1867) മാത്രമാണ് പ്രസിദ്ധീകരിച്ചത്.രണ്ടും മൂന്നും വാല്യങ്ങൾ എംഗൽസും മിച്ച മൂല്യ സിദ്ധാന്തം അടങ്ങിയ നാലാം വാല്യം ജർമൻ സോഷ്യലിസ്റ്റ് കാൾ കൗട്സ്കിയും പ്രസിദ്ധീകരിച്ചു. 'മൂലധന'ത്തിൻറെ ആദ്യ വാല്യത്തിന് എട്ടു വർഷം മുൻപാണ് ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം അടങ്ങിയ Origin of Species ഇറക്കിയത്.മൂലധനം മാർക്‌സ് ഡാർവിന് അയച്ചു.മനുഷ്യ വർഗത്തെ സംബന്ധിച്ച് നിതാന്ത മൂല്യം ഡാർവിനാണ്.

പാരീസ് രേഖകൾ പ്രസിദ്ധീകരിക്കാതിരുന്ന മാർക്‌സിൽ നിന്ന്,ചരിത്രപരമായ ഭൗതിക വാദം ചർച്ച ചെയ്യുന്ന  Holy Family,German Ideology,The Poverty of Philosophy എന്നിവ വന്നെങ്കിലും,സാമ്പത്തിക ശാസ്ത്രം വിഷയമായില്ല. 1847 ലാണ് അദ്ദേഹം അതേപ്പറ്റി പ്രഭാഷണങ്ങൾ ആരംഭിച്ചത്. ബ്രസൽസിലെ തൊഴിലാളി ക്ളബിൽ തുടങ്ങിയ പ്രഭാഷണങ്ങൾ 1849 ൽ Wage Labour and Capital എന്ന പുസ്തകമാക്കി.പാരീസ് രേഖകളുടെ ഛായ ഇതിനുണ്ട്.മൂലധനത്തെക്കാൾ മനസിലാക്കാൻ എളുപ്പം ഇതാണ്. മൂലധനത്തിൻറെ രണ്ടും മൂന്നും വാല്യങ്ങൾ ആരും കാര്യമാക്കിയിട്ടില്ല.

മൂലധനം ആദ്യ പതിപ്പ് 

മാർക്‌സ് വരെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ മൂലധനത്തെ സാമൂഹിക അവസ്ഥകളുമായി ബന്ധപെടുത്താതെ, പ്രകൃത്യാ ഉള്ളതായി കണ്ടു.യന്ത്രങ്ങൾ,അസംസ്‌കൃത വസ്‌തുക്കൾ എന്നിങ്ങനെ.ഇവയും ഉൽപന്നങ്ങളാണ്. ഉൽപ്പന്നങ്ങളെ മറ്റ് വസ്‌തുക്കളുമായി വിനിമയം ചെയ്യാം.വിൽക്കാം.അവയ്ക്ക് വിനിമയ മൂല്യമുണ്ട്.'വിനിമയ മൂല്യം' ( exchange value ) മാർക്സിസത്തിൽ പ്രധാന വാക്കാണ്.ഇത്,ഒരു ഉൽപന്നം ഉപഭോക്താവിൻറെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന 'ഉപയോഗ മൂല്യ'വും ( use value ) ആയി വ്യത്യാസപ്പെട്ടിരിക്കുന്നു.ഉപയോഗ മൂല്യത്തിന് വിപണിയുമായി ബന്ധമില്ല.മൂലധനം,ഉൽപന്നങ്ങളുടെ ആകെത്തുകയാണ്.വിനിമയ മൂല്യങ്ങളുടെ ആകെത്തുകയാണ്.ലോകത്തെ മൊത്തം മൂലധനം,വിനിമയ മൂല്യങ്ങളുടെ ആകെത്തുക ആണെങ്കിലും,വിനിമയ മൂല്യങ്ങളുടെയെല്ലാം ആകെത്തുക മൂലധനമല്ല.അതാകണമെങ്കിൽ,അധ്വാനവുമായി വിനിമയം ചെയ്‌ത്‌,അത് കൂട്ടിക്കൊണ്ടിരിക്കണം.മൂലധന ശക്തി വാടകയ്ക്ക് എടുത്താലേ കൂലിവേല നില നിൽക്കൂ.അതിനാൽ,മുതലാളിയുടെയും തൊഴിലാളിയുടെയും താൽപര്യങ്ങൾ ഒന്നാണെന്ന് മുതലാളിത്ത ധന ശാസ്ത്രജ്ഞർ കരുതുന്നതായി മാർക്‌സ് വാദിച്ചു.മൂലധന വളർച്ച ഉണ്ടായാൽ ലാഭവും കൂടും.ഇതുണ്ടാകാൻ,കൂലി സമാന്തരമായി കുറയ്ക്കണം എന്ന് മാർക്‌സ് കണ്ടത്,റിക്കാർഡോയെ പകർത്തിയാണ്.കൂലി കൂടിയാലും തൊഴിലാളിയും മുതലാളിയും തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരിക്കും.മൂലധനം കൂടുന്നതിന് അനുസരിച്ച് മുതലാളിത്തത്തിൻറെ അധീശത്വവും കൂടും.

ഡേവിഡ് റിക്കാർഡോയും 'കൂലിവേലയും മൂലധനവും' എഴുതിയ മാർക്‌സും ഒരു കീറാമുട്ടി അഭിമുഖീകരിച്ചു.ഉൽപന്നങ്ങൾ അവയുടെ മൂല്യത്തിലാണ് വിനിമയം ചെയ്യുന്നത്.ഈ വിനിമയ മൂല്യം ആ ഉൽപന്നം ഉൽപാദിപ്പിക്കാനുള്ള അധ്വാനത്തിൻറെ മൂല്യമാണ്.അധ്വാനവും ഉൽപന്നമാണ്.അതിനാൽ,അതും അതിൻറെ മൂല്യത്തിന് വിനിമയം ചെയ്യാൻ കഴിയണം.ഒരു ദിവസത്തെ അധ്വാനം വാങ്ങുന്ന മുതലാളി,ഒരു ദിവസത്തെ അധ്വാനത്തിൻറെ മൂല്യമാണ് നൽകേണ്ടത്.ഈ മൂല്യം ഒരു ദിവസം ഉൽപാദിപ്പിക്കുന്ന ഉൽപന്നത്തിനായുള്ള അധ്വാന മൂല്യത്തിലുണ്ട്.ഈ  ഉൽപന്നം അധ്വാന മൂല്യത്തിന് അനുസരിച്ചുള്ള വിലയ്ക്ക് മുതലാളി വിൽക്കുന്നു എങ്കിൽ,എവിടന്നാണ് മുതലാളിക്ക് ലാഭം ഉണ്ടാകുന്നത്?
ഈ പ്രശ്‍നം മാർക്‌സ് ആലോച്ചിരുന്നുവെന്ന് 1857 -58 ലെ കുറിപ്പുകളിൽ കാണാം.ഇവ 1953 ൽ ജർമനിയിൽ വന്നെങ്കിലും,ഇംഗ്ലീഷിൽ എത്തിയത് 1972 ൽ മാത്രമാണ്.ഇതാണ് ഗ്രന്ത്രിസ്സേ അഥവാ
രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര നിരൂപണ അടിസ്ഥാനം "( Foundations for the Critique of Political Economy ).ഈ കുറിപ്പുകൾ മൂലധനം ആയി;ഇവയ്ക്ക് പാരീസ് രേഖകളോട് വലിയ സാമ്യമുണ്ട്.Grundrisse വ്യക്തമാക്കുന്നത്,മാർക്‌സ് ഒടുവിലും ഹെഗലിനോട് വിട പറഞ്ഞിരുന്നില്ല എന്നാണ്.

മുൻപ് പറഞ്ഞ കീറാമുട്ടിയിൽ നിന്നാണ് മാർക്‌സ് മിച്ച മൂല്യത്തിൽ (surplus value) എത്തിയത്. മുതലാളി കൂലി നൽകുന്നത്,നിശ്ചിത സമയത്തിനാണ്.ഉദാഹരണത്തിന്,ഒരു ദിവസം ഈ നിശ്ചിത സമയം മുതലാളി വാങ്ങുന്നത് ഒരു ഉൽപന്നം ആയാണ്.ഈ ഉൽപന്നത്തിന്റെ വിനിമയ മൂല്യം അത് ഉൽപാദിപ്പിക്കാനുള്ള സംഖ്യയാണ് .ആ  ഉൽപന്നത്തെ,തൊഴിലാളിയെ ജീവസുറ്റതായി നില നിർത്താനുള്ള സംഖ്യ.ഇവിടെ അധ്വാനവും മൂലധനവും തമ്മിലുള്ള വിനിമയത്തിന് ദ്വന്ദ്വാത്മക സ്വഭാവമുണ്ട്.ഒരു നിശ്ചിത സമയത്തേക്ക് മുതലാളി വാങ്ങുന്ന തൊഴിലാളിയുടെ അധ്വാനം കൊണ്ട് കിട്ടാവുന്ന അത്രയും സ്വത്ത് അയാൾ പിഴിഞ്ഞെടുക്കുന്നു.'ജീവിക്കുന്ന അധ്വാന'മാണ് മുതലാളി വാങ്ങുന്നത്.തൊഴിലാളിയുടെ അധ്വാനം വഴി മുതലാളി എത്രയുണ്ടാക്കിയാലും,തൊഴിലാളിക്ക് കിട്ടുന്നത്,നിശ്ചിത സംഖ്യ മാത്രമാണ്.ഈ അധ്വാനമൂല്യവും വിനിമയ മൂല്യവും തമ്മിലുള്ള അന്തരമാണ്.മിച്ച മൂല്യം.


മുതലാളിയുടെ ലാഭമായി മാറുന്നത്,മിച്ച മൂല്യമാണ്.ആ ചൂഷണം ഇല്ലാതായി,തൊഴിലാളി അവൻറെ അധ്വാനത്തിൻറെ സമ്പൂർണ മൂല്യം അനുഭവിക്കാൻ,മുതലാളിത്തം തകരണം,കമ്മ്യൂണിസം വരണം.അവനെ അവൻ തന്നെ ഭരിക്കണം.കമ്മ്യൂണിസം അന്തരാള ഘട്ടം ആയതിനാൽ,മനുഷ്യൻ മനുഷ്യനെ പരസ്‌പരം സ്നേഹിക്കാൻ ഭരണകൂടവും കൊഴിയണം.ഇതാണ് മാർക്‌സ് മുന്നോട്ട് വച്ച വാഗ്‌ദത്ത ഭൂമി.
ഇത് പോലൊരു പ്രാഗ് കമ്മ്യൂണിസം നിലവിലുണ്ടായിരുന്നു എന്നദ്ദേഹം കാണുന്നു.ആദിമ ഗോത്ര സമൂഹങ്ങളിൽ,സ്വത്ത് പൊതുവായിരുന്നു.മനുഷ്യൻ അന്യവൽക്കരിക്കപ്പെട്ടിരുന്നില്ല.ഉൽപാദന ശക്തികൾ കരുത്ത് ആർജിച്ചിരുന്നില്ല.അവ കരുത്താർജിച്ചപ്പോൾ ഫ്യുഡലിസമുണ്ടായി,ഉടമകളും അടിമകളും ഉണ്ടായി.ഫ്യുഡലിസം കാലക്രമത്തിൽ തകർന്നത് പോലെ മുതലാളിത്തവും തകരുമെന്ന് മാർക്‌സ് പ്രവചിച്ചു.

മൂലധന ത്തിലെ സിദ്ധാന്തങ്ങൾ  പലതും തെറ്റാണെന്ന് കാലം തെളിയിച്ചു.ജീവിക്കുന്ന അധ്വാനത്തിൽ നിന്നാണ് മിച്ച മൂല്യമുണ്ടാകുന്നത് എന്നാണ് മാർക്‌സിന്റെ വാദം.യന്ത്രങ്ങളിൽ നിന്നോ അസംസ്‌കൃത വസ്‌തുക്കളിൽ നിന്നോ അതുണ്ടാവില്ല.അവയ്ക്ക് ചൂഷണം ചെയ്‌തെടുക്കുന്ന മിച്ച മൂല്യത്തിൻറെ സംഖ്യ കൂട്ടാനേ കഴിയൂ എന്ന് മാർക്‌സ് പറഞ്ഞു.ഈ സിദ്ധാന്തം തെറ്റാണ്.അവസാന തൊഴിലാളിയെ പിരിച്ചു വിട്ട ശേഷവും മുതലാളിത്തത്തിൻറെ ലാഭം നില നിൽക്കും.ഫാക്റ്ററികൾ,ഒട്ടോമേഷൻ നടപ്പാക്കിയവ,നിയന്ത്രിക്കുന്നത്,മനുഷ്യനേ ആവില്ല.മറ്റ് തത്വങ്ങളുടെയും അടിത്തറ പാളി:തൊഴിലാളിയെ നിലനിർത്താൻ മാത്രമുള്ള നിലവാരത്തിലേക്ക് കൂലി കൂപ്പു കുത്തും,ലാഭ നിരക്ക് കുറഞ്ഞു കൊണ്ട് വരും,മുതലാളിത്തത്തിന് കീഴിൽ സാമ്പത്തിക പ്രതിസന്ധികൾ കുമിഞ്ഞു കൂടും,മുതലാളിത്തത്തിന് പാപ്പരായവരുടെ കരുതൽ ശേഖരം വേണ്ടി വരും,കൂടുതൽ മനുഷ്യരെ മുതലാളിത്തം അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിലേക്ക് തള്ളി വിടും എന്നിവയാണ്,അടിത്തറയിളകിയ മാർക്‌സിയൻ സിദ്ധാന്തങ്ങൾ.

മാർക്‌സിസം പരീക്ഷിച്ച ഒരു രാജ്യവും രക്ഷപ്പെട്ടില്ല.അത് വേറൊരു അധികാര ക്രമം മാത്രമായി.

മാർക്സിസത്തിൻറെ അടിവേരിളക്കുന്ന കൽപന, അത് വാഗ്‌ദത്ത ലോകം മുന്നോട്ട് വയ്ക്കുന്നു എന്നതാണ്. ഇത് മാർക്‌സ് തട്ടിത്തെറിപ്പിച്ച ആശയ വാദത്തിന്റെ മറ്റൊരു രൂപമാണ്. മതത്തിൻറെ ലോകം, ഹെഗലിൻറെ ലോകം, വിഭ്രാന്തിയാണ് (Illusion) എന്ന വിമര്ശത്തില് നിന്ന് ഫോയർബാക്കും മാർക്‌സും എത്തിപ്പെട്ടത്, മറ്റൊരു വിഭ്രാന്ത ലോകത്താണ്. പുതിയൊരു യാഥാർഥ്യം ഉണ്ടാക്കാനും വേറൊരു മതം സൃഷ്ടിക്കേണ്ടി വന്നു.

ജൂത പുരോഹിത പാരമ്പര്യത്തിലാണ് മാർക്‌സ് ജനിച്ചത്.ക്രിസ്ത്യൻ ഭരണ കൂടം നില നിന്ന പ്രഷ്യയിൽ ജോലി സംരക്ഷിക്കാൻ മാർക്‌സിന്റെ പിതാവ് ഹെൻറിച്ചിന് ക്രിസ്‌തുമതം സ്വീകരിക്കേണ്ടി വന്നു.ആറാം വയസിൽ ക്രിസ്ത്യാനി ആയി ജ്ഞാന സ്നാനവും ചെയ്‌ത മാർക്‌സ്,ഫോയർബാക്ക് ക്രിസ്‌തു മതത്തെ നിരാകരിച്ചപ്പോൾ അത് സ്വാഗതം ചെയ്‌തത്‌,സ്വാഭാവികം.കാന്റും ഹെഗലും ക്രിസ്ത്യാനികൾ ആയിരുന്നു -ദൈവ രാജ്യമുണ്ട്.

ഡേവിഡ് റിക്കാർഡോ 

വാഗ്‌ദത്ത ലോകം, മാർക്സിന് പൈതൃകമായി കിട്ടിയ ജൂത മതത്തിൽ ഉള്ളതാണ്. അതാണ് ഹെബ്രൂ ബൈബിളിൻറെ നട്ടെല്ല്. ക്രിസ്തുവിന് എട്ടാം നൂറ്റാണ്ടു മുൻപ്‌,യഹോവ ആദിമ പിതാവായ അബ്രഹാമിനോട്, മെസൊപൊട്ടേമിയയിലെ തൻറെ ദേശമായ ഊർ വിട്ട് കാനാനിൽ പോയി പാർക്കാൻ കൽപിച്ചു. അവിടെ യഹോവ, അബ്രഹാമുമായി ഉടമ്പടിയിൽ ഏർപ്പെട്ടു.അബ്രഹാമിന്റെ സന്തതി പരമ്പരകൾ ദേശം മുഴുവൻ നേടുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തു.അബ്രഹാം ഹെബ്രോനിലും പുത്രൻ ഐസക് ബീർസെബയിലും കൊച്ചു മകൻ യാക്കോബ് (അവനാണ് ഇസ്രയേൽ) ഷേക്കമിന് ചുറ്റും വസിച്ചു.

ഒരു ക്ഷാമ കാലത്ത് യാക്കോബും 12 ഇസ്രയേൽ ഗോത്രങ്ങൾക്ക് ജന്മം നൽകിയ അവൻറെ പുത്രന്മാരും ഈജിപ്തിലേക്ക് കുടിയേറി. പെറ്റു പെരുകിയ അവർ അടിമകളായി പീഡിപ്പിക്കപ്പെട്ടു.ഒടുവിൽ ക്രിസ്തുവിന് മുൻപ് ഏകദേശം 1250 ൽ അവരെ പ്രവാചകനായ മോശെയുടെ നേതൃത്വത്തിൽ യഹോവ മോചിപ്പിച്ചു. ആ പുറപ്പാടിൽ, മോശെ, റീഡ്‌സ് കടലിലെ (ചെങ്കടലും അല്ല,ഇന്നത്തെ അഖബ ഉൾക്കടൽ ആണെന്ന് ആധുനിക ഗവേഷകർ) വെള്ളം പകുത്തു. ഫറവോയും അയാളുടെ സൈന്യവും അതിൽ മുങ്ങി ചത്തു. 40 സംവത്സരങ്ങൾ ഇസ്രേലികൾ കാനാന് തെക്കുള്ള സിനായിയിൽ അലഞ്ഞു. സിനായ് മലയിൽ, യഹോവ, യിസ്രയേലുമായി ഉടമ്പടിയിൽ ഏർപ്പെട്ടു. അതാണ് പത്തു കൽപനകൾ. അവസാനം, മോശെയുടെ പിൻഗാമി ആയ യോശുവ പ്രവാചകൻ, ഗോത്ര വർഗത്തെ യോർദാൻ നദി കടത്തി കാനാനിൽ എത്തിച്ചു. അതായിരുന്നു, വാഗ്‌ദത്ത ഭൂമി.

വാഗ്‌ദത്ത ഭൂമിയിൽ എത്തിയ അവർ കാനാനിലെ ജനത്തെ കൂട്ടക്കൊല ചെയ്‌താണ് അവരുടെ ഭൂമി സ്വന്തമാക്കിയത്-രക്ത രൂക്ഷിത വിപ്ലവം.
ഹീബ്രു ബൈബിളിലെ ഈ രൂപകമാണ്,മാർക്‌സിന്റെ വാഗ്‌ദത്ത ലോകത്തിന് ആധാരം.ഭരണ കൂടത്തിൻറെ കൊഴിഞ്ഞു പോക്ക് ഉൾപ്പെടെയുള്ള വിഭ്രാന്തികളാണ് അതിൻറെ സർവ്വേക്കല്ലുകൾ.

തത്വമസി,അഹം ബ്രഹ്മാസ്മി തുടങ്ങിയ നാല് മഹാ വാക്യങ്ങൾ വഴി അവനവൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞ ഉപനിഷത്തുക്കളുടെ ഇന്ത്യയ്ക്ക് മാർക്സിസത്തിൽ നിന്ന് ഒന്നും കിട്ടാനില്ല.പ്രപഞ്ചം ഒന്നാണ്.മാനുഷ്യകം ഒന്നാണ്.അതിനെ രണ്ടായി കീറി മുറിക്കുന്നത്,അന്ധതയാണ്;മാർക്‌സ് പ്രവാചകൻ ആണെങ്കിൽ,അന്ധനായ പ്രവാചകനാണ്.
--------------------------------------------
1.Pierre Boisguibert ( 1646 -1714 ):ഫ്രഞ്ച് ജഡ്‌ജി.സാമ്പത്തിക വിപണി സിദ്ധാന്ത ഉപജ്ഞാതാവ്.ഇതേപേരിൽ ജന്മദേശത്ത് കാർഷിക കമ്മ്യൂൺ ഉണ്ടായി.
2.Francoise Quesnay ( 1694 -1774 ):ആദ്യ സാമ്പത്തിക തത്വ ചിന്തകരായ ഫിസിയോക്രാറ്റുകളുടെ നേതാവ്.കാർഷിക സമൂഹത്തിലാണ് സാമ്പത്തിക ശക്തി എന്ന് സിദ്ധാന്തിച്ചു.ലൂയി പതിനഞ്ചാമൻറെ കാലത്ത് ഫ്രാൻസിൽ നികുതി ഇളവിന് വാദിച്ചു.
3.Jean Baptiste Say ( 1767 -1832 ): ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ,വ്യവസായി.സ്വതന്ത്ര വിപണിക്കായി വാദിച്ചു.
4.Wilhem Weitling ( 1808 -1871 ):ജർമൻ തയ്യൽക്കാരനും തീവ്ര രാഷ്ട്രീയ പ്രവർത്തകനും.അമേരിക്കയിലേക്ക് കുടിയേറും മുൻപ് യൂറോപ്പിൽ സൈദ്ധാന്തിക പ്രശസ്തി.ഇരട്ട സ്റ്റിച്ചിങ്,ബട്ടൺ ഹോൾ സൃഷ്ടി എന്നിവ കണ്ടു പിടിത്തങ്ങൾ.'ദരിദ്ര പാപിയുടെ സുവിശേഷം ' ( 1845 ) എഴുതി.അതിൽ യേശു കമ്മ്യൂണിസ്റ്റും മേരിയുടെ ജാര സന്തതിയും.
5.Frederch Wilhem Schulz ( 1797 -1860 ):ജർമൻ ഓഫിസറും തീവ്ര ജനാധിപത്യ എഴുത്തുകാരനും.1843 ൽ തടവ് ചാടി സ്വിറ്റ്സർലൻഡിലേക്ക് കുടിയേറി.1848 ൽ ഫ്രാങ്ക്ഫുർട്ട് നിയമസഭയിൽ ഇടത് അംഗം.
6.Constantin Pecqueur ( 1801 -1842 ):ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ,വിപ്ലവകാരി.
7.Eugene Buret ( 1810 -1842 ):ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ.1840 ലെ പാപ്പരീകരണ വിവാദത്തിന് വഴിവച്ച രണ്ട് വാല്യങ്ങളുള്ള 'ഫ്രാൻസിലെ തൊഴിലാളി ദാരിദ്ര്യം' ( 1841 ),എംഗൽസിന്റെ സമാന പുസ്തകത്തിന് നാല് വർഷം മുൻപ് വന്നു.പ്രൂധോനും മാർക്‌സും ഇതിൽ നിന്ന് പകർത്തി.
8.David Ricardo ( 1772 -1823 ):ബ്രിട്ടീഷ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞൻ.തോമസ് മാൽത്തൂസ്,ആഡം സ്മിത്ത്,മിൽ എന്നിവർക്കൊപ്പം സാമ്പത്തിക ശാസ്ത്രത്തെ നിർണയിച്ച ആൾ.
9.നാല് മഹാ വാക്യങ്ങൾ:പ്രജ്ഞാനം ബ്രഹ്‌മ ( ഐതരേയ ഉപനിഷത്),അയം ആത്മാ ബ്രഹ്‌മ ( മാണ്ഡൂക്യ ഉപനിഷത് ),തത്വമസി ( ഛാന്ദോഗ്യ ഉപനിഷത് ),അഹം ബ്രഹ്മാസ്‌മി ( ബൃഹദാരണ്യക ഉപനിഷത് ).

See  https://hamletram.blogspot.com/2019/09/blog-post_62.html



No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...