Sunday, 23 June 2019

സാർത്ര്,കാമു -ഒരു വിച്ഛേദത്തിന്റെ കഥ

സാർത്രിന്റെ മാർക്സിസം കാമുവിനെ അകറ്റി 

രുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ധിഷണാ സൗഹൃദമായിരുന്നു.ഴാങ് പോൾ സാർത്രും ആൽബേർ കാമുവും തമ്മിൽ നില നിന്നത്.കാമു 'റിബൽ '
എഴുതുകയും സാർത്ര് അതിനെ പരസ്യമായി വിമർശിക്കുകയും ചെയ്തതോടെ,ആ ബന്ധം അവസാനിച്ചു.അങ്ങനെ അത് ആ നൂറ്റാണ്ടിലെ പ്രധാന വിച്ഛേദ കഥയുമായി.
സൗഹൃദത്തിൽ ആകുമ്പോൾ ഇരുവരും പ്രസിദ്ധരായിരുന്നു.1943 ൽ സാർത്രിന്റെ ദി ഫ്‌ളൈസ് എന്ന നാടകത്തിൻറെ റിഹേഴ്‌സൽ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതെന്ന്,സാർത്രിന്റെ സഹയാത്രിക സിമോങ് ദി ബുവ്വ അവരുടെ ആത്മകഥയായ ദി പ്രൈം ഓഫ് ലൈഫി ൽ പറഞ്ഞിട്ടുണ്ട്.ദൂരത്തിരുന്ന് ഇരുവരും പരസ്‌പരം ആരാധകരായിരുന്നു.സാർത്രിന്റെ രചനകൾക്ക് കാമു നിരൂപണം എഴുതിയിരുന്നു.കാമുവിന്റെ ഔട്ട് സൈഡർ എന്ന നോവലിനെ ശ്ലാഘിച്ച് സാർത്ര് എഴുതിയിരുന്നു.കൂട്ടത്തിൽ പ്രായം കുറഞ്ഞ കാമു കോംബാറ്റ് എന്ന ഫ്രഞ്ച് മാസികയുടെ പത്രാധിപർ ആയപ്പോൾ,1945 ൽ ന്യൂയോർക്കിൽ അതിൻറെ ലേഖകൻ ആയിരുന്നു,സാർത്ര്.ഹെർബർട്ട് ഹൂവറുടെ ആതിഥ്യത്തിൽ ആയിരുന്നു,അവിടെ സാർത്ര്.ഇവരുടെ സൗഹൃദത്തെപ്പറ്റി പുസ്തകം എഴുതിയ റൊണാൾഡ്‌ ആറോൺസൺ,ബുവ്വയുടെ പുസ്തകത്തിൽ നിന്ന്,അവരുടെ ആദ്യ കാഴ്ച വിവരിക്കുന്നു:

[A] dark-skinned young man came up and introduced himself: it was Albert Camus." His novel The Stranger, published a year earlier, was a literary sensation, and his philosophical essay The Myth of Sisyphus had appeared six months previously. [Camus] wanted to meet the increasingly well-known novelist and philosopher—and now playwright—whose fiction he had reviewed years earlier and who had just published a long article on Camus's own books. It was a brief encounter. "I'm Camus," he said. Sartre immediately "found him a most likeable personality."

ഈ കൂടിക്കാഴ്ചയ്ക്ക് ഒരു കൊല്ലം മുൻപാണ് ഔട്ട് സൈഡർ വന്നത്.അത് സാഹിത്യ സംഭവമായിരുന്നു.ആറു മാസം മുൻപ് കാമുവിൻറെ തത്വ ചിന്താ പ്രബന്ധം,ദി മിത്ത് ഓഫ് സിസിഫസ് വന്നിരുന്നു.കാമുവിന് പ്രസിദ്ധനായ നോവലിസ്റ്റും ചിന്തകനുമായ സാർത്രിനെ കാണാൻ താൽപര്യമുണ്ടായിരുന്നു,ഇപ്പോൾ അദ്ദേഹം നാടക കൃത്തുമാണ്."ഞാൻ കാമു ",അദ്ദേഹം സ്വയം പരിചയപ്പെടുത്തി.സാർത്രിന് കാമുവിനെ ഇഷ്ടപ്പെട്ടു. 
അടുത്ത കാലത്ത് കാമു സാർത്രിന് എഴുതിയ രണ്ടു കത്തുകൾ പുറത്തു വരികയുണ്ടായി.ഒന്ന് ചെറുതും മറ്റൊന്ന് നീണ്ടതും.തർക്കിച്ചു പിരിയുന്നതിനു തൊട്ടു മുൻപ് വരെ അവർ സൗഹൃദത്തിലായിരുന്നു,എന്ന് കത്തുകൾ തെളിയിക്കുന്നു.



ചെറിയ കത്ത് 1943 -48 കാലത്തേതാണ്."താങ്കളും കാസ്റ്ററും ( ബുവ്വ ) ഒരുപാട് പണിയെടുക്കുന്നുണ്ടെന്ന് കരുതുന്നു:,കാമു എഴുതുന്നു,"എപ്പോൾ തിരിച്ചു വരുമെന്ന് അറിയിക്കുക ,നമുക്ക് ഒരു സായാഹ്നം സുഖമായിരിക്കാം".
രണ്ടാം ലോക യുദ്ധാനന്തരം,ഫ്രഞ്ച് ചിന്തയിലെ രണ്ടു ഭിന്ന പാതകളെ പ്രതിനിധാനം ചെയ്തു കൊണ്ടാണ്,ഇരുവരും പിരിയുന്നത്.സാർത്ര് യാഥാസ്ഥിതിക മാർക്സിസത്തിലേക്ക് പോയി.റഷ്യയിലെ ഉന്മൂലന ക്യാമ്പുകളെപ്പറ്റി അറിയാമായിരുന്നിട്ടും ,സാർത്ര് സ്റ്റാലിനൊപ്പം നിന്നു.വിപ്ലവം പറഞ്ഞുള്ള അക്രമത്തെ എതിർത്ത കാമു ,1951 ലെ റിബൽ എന്ന പുസ്തകത്തിൽ,വ്യക്‌തിയുടെ പോരാട്ടത്തിൽ ഊന്നി.യുദ്ധാനന്തരം,ഇ എം എസിനെപ്പോലെയൊക്കെ നിരന്തരം വരണ്ട പ്രബന്ധങ്ങൾ പടയ്ക്കുകയായിരുന്നു,സാർത്ര്.കാമുവാകട്ടെ,കൃത്യതയിൽ ശ്രദ്ധിച്ചു;പൊതു ആവിഷ്കാരത്തിന്റെ പ്രസക്തിയിൽ സംശയാലുവായി.സാർത്ര് കാമുവിനെ സന്യാസി എന്ന് ഇകഴ്ത്തി.ഭാഷയെ സംബന്ധിച്ച് തന്നെ ആകുലനായ കാമുവിനെയാണ്,നാം കാണുന്നത്."ഒരു ക്രമത്തിൽ വിശ്വസിക്കാനുള്ള പ്രായം എനിക്കായിട്ടില്ല" എന്ന് ന്യൂയോർക്കിൽ ഒരു സദസ്സിനെ കാമു അറിയിച്ചു .
രാഷ്ട്രീയ ക്രമത്തിൽ നിന്ന് സംശയിച്ച് അകലുകയും.മാർക്സിസത്തിൻറെ പ്രയോഗ വാദത്തെ ( praxis ) തള്ളുകയും ചെയ്യുകയാണ്,റിബൽ.കേരളത്തിൽ സി ജെ തോമസിനെ കമ്യുണിസത്തിൽ നിന്ന് അകറ്റിയ പുസ്തകം.സാർത്ര്,കാമു എന്നിവരെ അകറ്റിയതിന് അടിസ്ഥാന കാഴ്ചപ്പാടിൽ വന്ന മാറ്റത്തിനൊപ്പം,ഇരുവർക്കും താൽപര്യം തോന്നിയ ഒരു സ്ത്രീക്കും പങ്കുണ്ട് .വാൻഡ കൊസാകീവിസിനോട് ഇരുവർക്കും താൽപര്യം 
ജനിച്ചത്,വിച്ഛേദത്തിന് വളരെ മുൻപാണ്.


വാൻഡ റിഹേഴ്സലിൽ 
ഉക്രൈൻകാരിയായ വാൻഡ ( 1917 -1989 ) നാല്പതുകളിൽ ഫ്രഞ്ച് നാടക ലോകത്തെ നടിയായിരുന്നു.ബുവ്വയുടെ ശിഷ്യ ഓൾഗ കൊസാകീവിസിന്റെ സഹോദരി..ഇവർ സാർത്ര് എഴുതിയ കത്തുകളിൽ വാൻഡ ആയും ബുവ്വയുടെ കത്തുകളിൽ ടാനിയ ആയും വരുന്നു.സാർത്രിന്റെ നാടകത്തിൽ നടി .കാമുവുമായുള്ള നീരസത്തിനു കാരണങ്ങളിൽ ഒന്ന് ഇവരാണെന്ന് സാർത്ര് എഴുതിയിട്ടുണ്ട്.ഇവർക്ക് ഇരുവരുമായുണ്ടായിരുന്ന ബന്ധം,ആൻഡി മാർട്ടിൻ എഴുതിയ The Boxer and the Goalkeeper എന്ന പുസ്തകത്തിൽ വിഷയമാണ്.രണ്ടു തത്വ ചിന്തകരും സ്ത്രീകളെ വീഴ്ത്താൻ തുനിഞ്ഞറങ്ങിയവർ ആയിരിക്കെത്തന്നെ,തത്വ ചിന്തകരിലെ ചലച്ചിത്ര താരമായിരുന്നു ,കാമു.സാർത്രിന്,സ്ത്രീയെ വശീകരിക്കാൻ,സ്വന്തം മുഖം വച്ച്,പാടു പെടേണ്ടിയിരുന്നു.
ഓൾഗ 
കാമു രംഗത്ത് എത്തും മുൻപേ സാർത്ര്,വാൻഡയുമായി ബന്ധം തുടങ്ങിയിരുന്നു.ബുവ്വയുടെ ശിഷ്യയും വാൻഡയുടെ ചേച്ചിയുമായ ഓൾഗയോട്  സാർത്രിന് താല്പര്യമുണ്ടായിരുന്നു .1935 ലാണ് 19 വയസുള്ള ഓൾഗ ഈ കൂട്ടുകെട്ടിൽ എത്തുന്നത് .ഓൾഗയെ ബുവ്വ സാർത്രിനായി വശീകരിച്ചെങ്കിലും,അദ്ദേഹത്തിൻറെ നോവലുകളിലും നാടകത്തിലുമേ ഓൾഗ വന്നുള്ളൂ -കിടക്കയിലെത്താൻ അവർ വിസമ്മതിച്ചു.ഓൾഗ സാർത്രിന്റെ പൂർത്തീകരിക്കാനാകാത്ത അഭിലാഷ ബിംബമാണെന്ന് ഇരുവരുടെയും സുഹൃത്തായ മനഃശാസ്ത്രജ്ഞൻ ഴാക്വസ് ലകാൻ പറയുകയുണ്ടായി.ഓൾഗയും വാൻഡയും ചേർന്ന ഒരു രൂപമാണ് ബുവ്വ അവർ 1943 ൽ എഴുതിയ ആദ്യ നോവൽ , She Came to Stay -ൽ കാണുന്നത്.
ഓൾഗയെ കിട്ടാത്തതിനാൽ  1937 ൽ പാരിസിൽ എത്തിയ അനുജത്തിയിൽ സാർത്ര് ശ്രദ്ധ കേന്ദ്രീകരിച്ചു.വിരൂപൻ,കഷണ്ടി,വൃത്തിയില്ലാത്തവൻ,സദാ പുക വലിക്കുന്നവൻ -സ്ത്രീ ഇഷ്ടപ്പെടുന്നതൊന്നും സാർത്രിൽ ഉണ്ടായിരുന്നില്ല.സാർത്രിന് വാൻഡയുമായുള്ള ബന്ധം നന്നായി പോയില്ല.അവർക്ക് ഒരു തുമ്പിയുടെ ബുദ്ധിയേയുള്ളു എന്ന് സാർത്രിന് തോന്നുകയും അത് അവരോട് പറയുകയും ചെയ്തു.ലൈംഗികത എന്തെന്ന് അറിയില്ല എന്ന് അവർ പറഞ്ഞപ്പോൾ സാർത്ര് പഠിപ്പിക്കാമെന്നേറ്റു.ആദ്യം ചുംബിച്ച് കിടക്ക വരെ എത്തിയപ്പോൾ,അവർ കുളിമുറിയിൽ കയറി രക്ഷപ്പെട്ടു .രണ്ടു കൊല്ലം നടത്തിച്ച ശേഷം,തെക്കൻ ഫ്രാൻസിലെ ഒരു ഹോട്ടലിൽ അവർ സാർത്രിന് വഴങ്ങി.എന്നാൽ അവർ അയാളെ വെറുത്തു.സംഭവം മുഴുവൻ അന്ന് തന്നെ സാർത്ര് ബുവ്വക്കെഴുതിയതിലും വാൻഡയുടെ  ഈ വെറുപ്പ് കാണാം.നോവൽ ത്രയം വാൻഡയ്ക്ക് സമർപ്പിച്ച സാർത്ര്,വാൻഡയ്‌ക്കൊപ്പം ജീവിക്കാൻ ബുവ്വയെ ഉപേക്ഷിക്കുമെന്ന്,വാൻഡയ്ക്ക് ഉറപ്പു നൽകി.1943 ൽ Flies നാടകത്തിൽ ചെറിയ വേഷം നൽകി.അടുത്ത കൊല്ലം No Exit ലും.അവിടന്നാണ്,കാമുവിൻറെ സാന്നിധ്യം കാരണം പ്രശ്‍നം പുകഞ്ഞത്.കാമുവിനെയും വാൻഡയെയും സാർത്ര് ഒരു മുറിയിൽ താമസിപ്പിച്ചു .രണ്ടു പെണ്ണുങ്ങളും ഒരു പുരുഷനുമാണ്,നാടകത്തിൽ."മറ്റുള്ളവരാണ് നരകം " എന്ന് സാർത്ര് എഴുതിയതും ഈ നാടകത്തിലാണ്.
അൾജീരിയയിൽ ജനിക്കുകയും അവിടന്ന് എഴുതുകയും ചെയ്ത കാമുവിൻറെ ഔട്ട് സൈഡറിനെപ്പറ്റി സാർത്ര് 20 പേജ് പ്രബന്ധം എഴുതിക്കഴിഞ്ഞിരുന്നു.1943 ൽ ഇരുവരും കണ്ടുമുട്ടി കഫെ ദെ ഫ്ളോറെയിൽ സംസാരിച്ചു കൊണ്ടിരിക്കെ,അൾജിയേഴ്‌സിൽ നാടകങ്ങൾ സംവിധാനം ചെയ്ത കാര്യം കാമു,സാർത്രിനോട് പറഞ്ഞു;No Exit സംവിധാനം ചെയ്യാൻ കാമുവിനെ സാർത്ര് ക്ഷണിച്ചു -അവിടന്നാണ് സൗഹൃദം തുടങ്ങിയത്.അവർ അടുത്ത ഹോട്ടൽ ലൂസിയാനയിൽ ബുവ്വയുടെ മുറിയിൽ പോയി നാടകം വായിച്ചു.വാൻഡ റിഹേഴ്സലിനു വന്നു.അതോടെ വാൻഡ സാർത്രിന് നഷ്ടപ്പെട്ടു.പുതുതായി വന്ന ചെക്കൻ കാമുകിയെ റാഞ്ചി.അവർ സാർത്രിന് മുന്നിൽ നൃത്തം വച്ചപ്പോൾ,700 പേജ് ബുദ്ധിപരമായ സ്വയംഭോഗം,Being and Nothingness വെന്തു വെണ്ണീറായി.മരിയ കാസറസ് എന്ന നടി വന്നപ്പോൾ,കാമു വാൻഡയെ വിട്ട് സാർത്രിനെ ആശ്വസിപ്പിച്ചു.
അന്ന് വാൻഡ,കാമുവിനൊപ്പം പോയപ്പോൾ.സാർത്ര്,ബുവ്വക്കെഴുതി:"കാമുവിൻറെ പിന്നാലെ പോയപ്പോൾ,അവൾ എന്താണ് ചെയ്തത്?അയാളിൽ നിന്ന് എന്താണ് വേണ്ടത്?ഞാനല്ലേ ഭേദം ?"
വലിയ തത്വ ചിന്തകൻ ഉള്ളിൻറെ ഉള്ളിൽ നാലാംകിട മനുഷ്യനും ആകാം .
കാമു വിട്ട വാൻഡയെ സാർത്ര് തിരിച്ചെടുത്തു.


സാർത്രും കാമുവും 
ഇത് കഴിഞ്ഞും സൗഹൃദം നില നിന്നുവെന്നാണ്,2014 ൽ കിട്ടിയ,കാമു സാർത്രിന് 1951 വസന്തത്തിൽ എഴുതിയ കത്ത് തെളിയിക്കുന്നത്.ഇത് Rebel വരുന്നതിനു തൊട്ടു മുൻപാണ്.അത് കൊണ്ട് Rebel വരും വരെ സൗഹൃദം നില നിന്നെന്നും,പെണ്ണിൽ തുടങ്ങിയ നീരസം തത്വങ്ങളിൽ പൊട്ടിത്തെറിച്ചെന്നും കരുതണം.
എഴുപതുകളിൽ ഒരു ഓട്ടോഗ്രാഫ് ശേഖരണക്കാരൻ കൈവശപ്പെടുത്തി,ഫയർ പ്ളേസിനു മുകളിൽ ഫ്രെയിം ചെയ്തു സൂക്ഷിച്ചതാണ്,ഈ കത്ത്.ഇത് ലെ പാസ് സേജ് ബുക്ക് സ്റ്റോറിലെത്തി,കാമുവുമായി ബന്ധപ്പെട്ടതെല്ലാം ശേഖരിക്കുന്ന ഒരു ഫ്രഞ്ചുകാരന് വിൽക്കുകയായിരുന്നു.:ഞാൻ ഹസ്തദാനം ചെയ്യുന്നു" എന്ന് പറഞ്ഞാണ് കത്തു തുടങ്ങുന്നത്.അമിൻഡ വാൾസ് എന്ന നടിയെ കാമു സാർത്രിന്റെ പുതിയ നാടകത്തിന് ശുപാർശ ചെയ്യുന്നു.ഇവർ ഫ്രഞ്ച് നടിയും കാമുവിൻറെ മുൻ കാമുകിയുമായ മരിയ കാസറസിൻറെ കൂട്ടുകാരിയാണ്."ഇവർ സ്പാനിഷ് റിപ്പബ്ലിക്കനും മാനവരാശിയുടെ വിസ്മയവും" ആണെന്ന് കാമു എഴുതുന്നു.സാർത്ര് The Devil and the Good Lord വേദിയിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു.ഹിൽഡയുടെ വേഷം മരിയയ്ക്ക് കിട്ടി.കാമു ശുപാർശ ചെയ്ത നടിക്ക് വേഷം ഉണ്ടായില്ല.റു മദാമിലെ ഫ്ലാറ്റിൽ നിന്നാണ് കത്തെഴുതുന്നതെന്ന് കാമു പറയുന്നു.1950 -54 ൽ ഇവിടെയാണ്,കാമു ജീവിച്ചിരുന്നത്.
ജർമനി ഫ്രാൻസ് കീഴടക്കിയ കാലത്താണ്,അൾജിയേഴ്‌സിൽ നിന്ന് കാമു ഫ്രാൻസിൽ എത്തിയത് .പാരീസ് സ്വതന്ത്രമായപ്പോൾ,അതിനായി നില കൊണ്ട ഇരുവരും പ്രസിദ്ധരായി.ശീതയുദ്ധ കാലത്താണ്,വിച്ഛേദം.Rebel വന്ന ശേഷം,സാർത്ര്,കാമുവിന് തുറന്ന കത്തെഴുതി:""പ്രിയപ്പെട്ട കാമു,നമ്മുടെ സൗഹൃദം എളുപ്പമായിരുന്നില്ല,എന്നാലും അത് ഞാൻ മിസ് ചെയ്യും".ചിന്താപരമായ പാപ്പരത്തം സാർത്ര്,കാമുവിൽ ആരോപിച്ചു..ഇരുവരും തമ്മിൽ നടന്ന കത്തിടപാടുകൾ സാർത്ര് നശിപ്പിച്ചു.1952 വേനലിൽ,സൗഹൃദം വരണ്ടു.15 കൊല്ലം കഴിഞ്ഞ്,സാർത്രിന് 70 വയസുള്ളപ്പോൾ,സ്വന്തം മാസികയായ ലെ ടെംപസ് മോഡേണെ യിൽ വന്ന അഭിമുഖത്തിൽ ഈ വിഛേദത്തെപ്പറ്റി ചോദ്യമുണ്ടായി.സാർത്ര് പറഞ്ഞു:"മിക്കവാറും കാമുവായിരുന്നിരിക്കും എൻറെ അവസാനത്തെ നല്ല സുഹൃത്ത്".


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...