Sunday 23 June 2019

വാൻ ഗോഗും പിക്കാസോയും അധോലോകത്ത്

മോഷ്ടിക്കാൻ അധോലോകം 

കുപ്രസിദ്ധമായ ഒരു കലാ കൊള്ളയുടെ കഥയ്ക്ക് അറുതിയാകുന്നു. ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിൽ നിന്ന് കൊള്ളചെയ്‌ത രണ്ടു ചിത്രങ്ങൾ 17 വർഷത്തിന് ശേഷം പ്രദർശനത്തിനെത്തി. ഷവനിംഗനിലെ കടൽ (View of the Sea at Scheveningen), ന്യൂനനിലെ പള്ളിവിടുന്ന പുരോഹിതർ (Congregation Leaving the Reformed Church at Nuenen) എന്നീ വാൻഗോഗ് ചിത്രങ്ങൾ 2002 ലെ ഡിസംബർ രാത്രിയാണ് മോഷ്ടിച്ചത്.




ഒക്ടവേ ദുർഹം (46), സഹായി ഹെൻസ്‌ക് ബീസ്‌ലിൻ എന്നിവർ മോഷ്ടിച്ച കോണി വഴി മ്യൂസിയത്തിന്റെ മേൽക്കൂരയിൽ കയറി ചുറ്റിക കൊണ്ട് ജനാല തകർത്ത് ഏറ്റവും ചെറിയ ചിത്രങ്ങൾ ഏറ്റവുമടുത്ത ഭിത്തിയിൽ നിന്ന് ഇളക്കിയെടുക്കുകയായിരുന്നു. ഒരു കാവൽക്കാരി കണ്ടെങ്കിലും അവർക്ക് ബലപ്രയോഗത്തിന് കഴിഞ്ഞില്ല.

1882 – 85 ൽ വരച്ച ചിത്രങ്ങൾ 2016 ൽ ഇറ്റലിയിൽ നിന്ന് കിട്ടി. കഴിഞ്ഞ രണ്ടുവർഷം മ്യൂസിയത്തിന്റെ സ്റ്റുഡിയോയിൽ കേടു തീർക്കുകയായിരുന്നു.

ഒരു സഞ്ചിയിൽ ചിത്രങ്ങളിട്ട് ദുർഹം കയറിൽ താഴേക്ക് ശക്തിയായി ഇടിച്ചിറങ്ങി. ആ ഊക്കിൽ കടൽ ചിത്രം ഇടതു താഴെ മൂലയിൽ 7×2 സെന്റിമീറ്റർ കീറിപ്പോയി. അയാൾ എറിഞ്ഞ ബേസ് ബോൾ തൊപ്പിയിലെ മുടിയിഴകളിലെ ഡി എൻ എ അയാളെ ശിക്ഷിച്ചു. മൂന്നു മിനിറ്റ് 40 സെക്കൻഡ് മാത്രമാണ് കൊള്ളക്കെടുത്തതെന്ന് 25 മാസത്തെ ശിക്ഷയ്‌ക്കുശേഷം അയാൾ പറഞ്ഞു. ഫ്രെയിം, കവർ എന്നിവ നീക്കി. കടൽ ചിത്രത്തിൽ നിന്നടർന്ന നിറച്ചീളുകൾ ക്ലോസറ്റിൽ ഒഴുക്കി. 


കോർ വാൻ ഹോട്ട് എന്ന അധോലോക തലവന് വിൽക്കാൻ കരാർ ഉറപ്പിച്ചെങ്കിലും, കൈമാറേണ്ട ദിവസം അയാൾ കൊല്ലപ്പെട്ടു. 2003 മാർച്ചിൽ മാഫിയ തലവൻ റഫേൽ ഇമ്പേരിയൽ ചിത്രങ്ങൾ മൂന്നരലക്ഷം യൂറോയ്ക്ക് (27 ലക്ഷം രൂപ ) വാങ്ങി. അടുത്ത ആറാഴ്ച ബൈക്കുകളിലും മെഴ്സിഡിസിലും കാമുകിക്ക് ആഭരണത്തിലും കാട്ടിയ ധൂർത്തിൽ അയാളെ പൊലീസ് പിന്തുടർന്നു.അയാൾ അറിയപ്പെടുന്ന കൊള്ളക്കാരനായിരുന്നു. റഫേലിന്റെ  അമ്മയുടെ വീട്ടിൽ ഭിത്തിയിലെ രഹസ്യ അറയിൽ ചിത്രങ്ങൾ കണ്ടെത്തി.

പിക്കാസോ, ഡിറ്റക്ടീവ് വഴി  


സൗദി ഉല്ലാസ നൗകയിൽ നിന്ന് 20 വർഷം മുൻപ് മോഷണം പോയ പിക്കാസോ ചിത്രം ‘ബുസ്റ്റെ ദ് ഫെമ്മേ’ (ഡോറ മാർ ) കണ്ടു കിട്ടി. 1938 ലാണ് വരച്ചത്.
ഡച്ച് കലാ കുറ്റാന്വേഷകൻ ആർതർ ബ്രാൻഡ് ഫ്രാൻസിലാണ്, കണ്ടെത്തിയത്. ഇതിനു പിന്നാലെയായിരുന്നു, 2015 മുതൽ ബ്രാൻഡ്.

ഡച്ച് അധോലോകത്തും ഓഹരിവിപണിയിലും ആയുധ വിപണിയിലും ചിത്രം കറങ്ങുകയായിരുന്നു.

പിക്കാസോ 1973 ൽ മരിക്കും വരെ ചിത്രം വീട്ടിലുണ്ടായിരുന്നു. കാമുകിയായിരുന്നു, ചിത്രകാരിയായ ഡോറ. വിൽക്കാനുള്ളതല്ല എന്നതിനാൽ ഒപ്പിട്ടിരുന്നില്ല. ക്യൂബിസ്റ്റ് ചിത്രമാണ്.
ഡോറ മാർ 

മോഷ്ടിക്കുമ്പോൾ വില നാലര മില്യൺ ഡോളർ (31 കോടി രൂപ) ആയിരുന്നു.
സൗദി ഷെയ്ഖ് അബ്ദുൾ മൊഹ്‌സിൻ അബ്ദുൾ മാലിക്കിന്റെ നൗകയിൽ നിന്നാണ്, പിക്കാസോ ഒരിക്കലും വിൽക്കാത്ത ചിത്രം 1999 മാർച്ച് 11 ന് മോഷ്ടിക്കപ്പെട്ടത്. തെക്കൻ ഫ്രാൻസിലായിരുന്നു, നൗക. പിക്കാസോയുടെ മരണശേഷം കുടുംബമാണ്, വിറ്റത്.

കൊള്ളയ്ക്ക് മൂന്നു ചിത്രങ്ങൾ 

മൂല്യമായ മൂന്നു ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ട കഥ പറയാം.

നോർവീജിയൻ  ചിത്രകാരനായ എഡ്‌വേഡ്‌ മഞ്ച്, സ്ക്രീം എന്ന പേരിൽ നാലു ചിത്രം വരച്ചു. 1893 ൽ രണ്ട്, 1895 ൽ ഒന്ന്, 1910 ൽ ഒന്ന്. 1893 ൽ വരച്ച ഒന്ന് 1994 ൽ നോർവേ നാഷനൽ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി. തിരിച്ചു കിട്ടി. 1910 ൽ വരച്ചത് ഓസ്ലോയിലെ മഞ്ച് മ്യൂസിയത്തിൽ നിന്ന് 2014 ൽ മോഷ്ടിക്കപ്പെട്ടു. മുഖം മൂടി വച്ചെത്തിയ രണ്ടു പേർ തോക്കു കാട്ടി പിടിച്ചു പറിക്കുകയായിരുന്നു. കാവൽകാർക്കു ആയുധം ഉണ്ടായിരുന്നില്ല. രണ്ടു വർഷം  കഴിഞ്ഞു പ്രതികളെ പിടിച്ചു. ചിത്രത്തിന് ചെറിയ പരുക്കുണ്ടായിരുന്നു.

മോഷണ ലക്ഷ്യം വ്യക്തമല്ല. പ്രസിദ്ധമായ ചിത്രങ്ങൾ മോഷ്ടിച്ചു വിൽക്കാനാവില്ല. ഒരു പൊലീസുകാരന്റെ കൊലയുടെ അന്വേഷണം തടസപ്പെടുത്താനായിരുന്നു എന്നു വാദമുണ്ട്.


നാസികൾ 1941 ൽ ഗുസ്താവ് ക്ലിംടിന്റെ Portrait of Adele Bloch-Bauer. ബ്ലോക് ബോയർ വീട്ടിൽ നിന്ന് മോഷ്ടിച്ചു വിയന്ന നാഷനൽ ഗാലറിക്കു കൊണ്ടു പോയി. പോർട്രെയ്റ്റിലെ സ്ത്രീ ജൂത വംശജ ആയതിനാൽ,നാസികൾ ചിത്രത്തിൻറെ പേര് ‘സുവർണ സ്ത്രീ’ (The Dame in Gold) എന്നു മാറ്റി.

ബ്ലോക് ബോയറുടെ അനന്തരവൾ 1998 ൽ അതു തിരിച്ചു കിട്ടാൻ കേസ് കൊടുത്തപ്പോൾ, ഓസ്ട്രിയൻ കോടതി അനുകൂലമായി വിധിച്ചു. അവർ അത് 135 മില്യൺ ഡോളറിന് (959 കോടി രൂപ ) ഒരു സൗന്ദര്യ വർധക വസ്തു നിർമാതാവിന് വിറ്റു. ഇപ്പോൾ അത് ന്യൂയോർക്കിലെ നുവെ ഗാലറിയിലുണ്ട്.

ഷ്യൻ ഈസ്റ്റർ എഗ്ഗ്, 234 കോടി 

ലോകത്ത് മോഷണം പോയ അമൂല്യ വസ്തുക്കളിൽ, റഷ്യയിലെ റൊമാനോവ് രാജ കുടുംബത്തിലെ എട്ട് സ്വർണ ഈസ്റ്റർ എഗ്ഗുകൾ ഉൾപ്പെടും.

ഈസ്റ്ററിനു മുട്ട നിറം ചാർത്തി സമ്മാനിക്കുന്നതാണ് ഈസ്റ്റർ എഗ്ഗ്. കോഴി മുട്ട മുതൽ ഒട്ടകപ്പക്ഷിയുടെ മുട്ട വരെ ആകാം. എന്നാൽ റൊമാനോവ് രാജ കുടുംബാംഗങ്ങൾ പരസ്പരം സ്വർണ മുട്ടകളാണ് സമ്മാനിച്ചിരുന്നത്. ഫാബ റേജ്‌ എന്ന സ്ഥാപനത്തിൽ നിന്ന് സ്വർണ മുട്ട വാങ്ങുന്ന ശീലം തുടങ്ങിയത് അലക്‌സാണ്ടർ മൂന്നാമനാണ്. അത് മകൻ നിക്കോളാസ് രണ്ടാമൻ തുടർന്നു. ഓരോ വർഷവും നിക്കോളാസ് ഒന്ന് അമ്മയ്ക്കും മറ്റൊന്ന് ഭാര്യയ്ക്കും കൊടുത്തു. 1917 ൽ അൻപതാമത്തെ മുട്ടയോടെ പാരമ്പര്യം നിന്നു. ലെനിൻറെ ബോൾഷെവിക്കുകൾ റൊമാനോവ് കുടുംബത്തെ കൂട്ടക്കൊല ചെയ്തു. വിപ്ലവകാരികൾ പിടിച്ചെടുത്ത മുട്ടകൾ വിപ്ലവം നില നിർത്താൻ വിറ്റു. എട്ടെണ്ണം കൊടിയ വിപ്ലവകാരികൾ മോഷ്ടിച്ചു.


വിപ്ലവം നടന്ന് 100 വർഷത്തിനു ശേഷം, പശ്ചിമ അമേരിക്കയിലെ ഒരാൾ കടയിൽ കണ്ട ഈസ്റ്റർ എഗ്ഗ് 14000 ഡോളറിന് (10 ലക്ഷം രൂപ )വാങ്ങി. 500 ഡോളർ ലാഭത്തിന് വിൽക്കാമെന്ന് അയാൾ കരുതി. അത്രയും വില മുട്ടക്കിലെന്ന് കച്ചവടക്കാർ കട്ടായം പറഞ്ഞു. മുട്ടയ്ക്കുള്ളിലെ ക്ളോക്കിലെ ആലേഖനം വച്ചു അയാൾ ഗൂഗിളിൽ പരതി. അതിന് 33 മില്യൺ ഡോളർ (234 കോടി രൂപ) വിലയുണ്ടെന്ന് കണ്ടെത്തി.ഒന്നും ആക്രിയായി കാണരുതെന്ന് ഗുണ പാഠം.

അക്കൂട്ടത്തിൽ പട്യാല നെക്‌ലേസും 
മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തുക്കളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ളതാണ് പട്യാല നെക്‌ലേസ്.പട്യാലയിലെ ഭൂപീന്ദർ മഹാരാജാവിനു വേണ്ടി ആഭരണ നിർമാതാക്കളായ കാര്ടിയർ 1928 ൽ ഉണ്ടാക്കിയ നെക്‌ലേസ് ആണ് 1948 ൽ അപ്രത്യക്ഷമായത്.നെക്‌ലേസിൽ 2930 വജ്രങ്ങൾ ഉണ്ടായിരുന്നു. നടുവിൽ, ലോകത്തിലെ ഏഴാമത്തെ വലിയ വജ്രം, ഡി ബിയേഴ്സ്. ചെത്തി മിനുക്കും മുൻപ് 428 കാരറ്റ്. മിനുക്കിയ ശേഷം 234. പതിനെട്ട് മുതൽ 73 വരെ കാരറ്റുള്ള ഏഴ് വലിയ വജ്രങ്ങൾ വേറെയും ഉണ്ടായിരുന്നു. കുറെ ബർമീസ് റുബികളും. 20 കൊല്ലം മഹാരാജാവ് ഇത് ധരിച്ചു.

പട്യാല കൊട്ടാരത്തിൽ നിന്ന് അപ്രത്യക്ഷമായ നെക്‌ലേസിൽ ഉണ്ടായിരുന്ന ഡി ബിയേഴ്സ് 1982 ൽ ജനീവയിലെ സോത്‌ബീസ് ലേലത്തിൽ പ്രത്യക്ഷപ്പെട്ടു. 3 മില്യൺ ഡോളർ (21 കോടി രൂപ ) വരെ ലേലത്തിൽ വില വന്നു. നെക്‌ലേസിൻ്റെ ഒരു ഭാഗം 1998 ൽ ലണ്ടനിലെ ഒരു സെക്കൻഡ് ഹാൻഡ് ജ്വല്ലറിയിൽ കാർടിയർ ഗ്രൂപ്പിൽ പെട്ട എറിക് നുസ് ബാം കണ്ടെത്തി. ബാക്കിയെല്ലാം പോയിരുന്നു.  കാർടിയർ അവശിഷ്ട ഭാഗം വാങ്ങി നാലു വർഷം കൊണ്ട് ഒറിജിനൽ പോലെ ഒന്നുണ്ടാക്കി. കൃത്രിമ വജ്രങ്ങളായിട്ടും ഇതിന് 50 മില്യൺ ഡോളർ (355 കോടി) മൂല്യമുണ്ടായി.


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...