Showing posts with label സരമാഗോ. Show all posts
Showing posts with label സരമാഗോ. Show all posts

Friday, 14 July 2023

കൊച്ചിയിൽ നിന്ന് മാർപ്പാപ്പയ്ക്ക് ഒരാന

 പോർച്ചുഗൽ രാജാവിന് സമ്മാനം 

ആനയെയും കടലിനെയും നമുക്ക് മാത്രമല്ല, മാർപ്പാപ്പയ്ക്കും മടുക്കില്ല. അതിനാൽ, പോർച്ചുഗീസുകാർ കൊച്ചിയിൽ അധിനിവേശം നടത്തുകയും മാനുവൽ കോട്ട പണിയുകയും ചെയ്ത പുതുക്കത്തിൽ, 1512 ൽ, കൊച്ചി രാജാവ് ഉണ്ണിരാമൻ കോയിക്കൽ (ഭരണം 1503 -1537) പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമന് ഒരു ആനയെ കൊടുത്തു; രാജാവ് അത് ലിയോ പത്താമൻ മാർപ്പാപ്പയുടെ അഭിഷേകത്തിന് (1514) സമ്മാനമായി കൊടുത്തു. ഈ വെള്ളാനയുടെ  കഥയാണ്, വത്തിക്കാൻ ഗവേഷകൻ സിൽവിയോ ബേദിനി എഴുതിയ, 'മാർപ്പാപ്പയുടെ ആന' (Pope's Elephant, 2000). 

റാഫേൽ വരച്ച ഹന്നോ 

കൊച്ചിരാജാവ് ഇത് സമ്മാനമായി കൊടുത്തതോ അന്നത്തെ വൈസ്‌റോയ്‌ അഫോൻസോ ആൽബുക്കർക്കിനെക്കൊണ്ട് വാങ്ങിപ്പിച്ചതോ ആകാം എന്ന് പുസ്തകത്തിൽ ഊഹിക്കുന്നു. പേടിച്ചരണ്ട കൊച്ചി രാജാവ് വെറുതെ കൊടുത്തത്തതാകാനേ വഴിയുള്ളൂ. വാങ്ങിയതാണെന്ന് പറഞ്ഞ് ആൽബുക്കർക്ക്, പോർച്ചുഗൽ രാജാവിൽ നിന്ന് പണം വാങ്ങിയിരിക്കാം.

ഹന്നോ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ആനയെ ഇറ്റലിക്കാർ വിളിച്ചത്, 'അന്നോൻ' എന്നാണ്. രണ്ടു വാക്കും 'ആന' എന്ന വാക്കുമായി ബന്ധമുള്ളതാണ്. റോമിലെ പോർച്ചുഗീസ് സ്ഥാനപതി ത്രിസ്താവോ കുൻഹയ്ക്ക് ഒപ്പം റോമിലെത്തിയ ആന മാർപ്പാപ്പയുടെ ഓമനയായി വളർന്നു; രണ്ടു കൊല്ലം കഴിഞ്ഞ് മലബന്ധം വന്ന് ചെരിഞ്ഞു. മരിക്കുമ്പോൾ ആനയ്ക്ക് ഏഴു വയസ്സായിരുന്നു.

ആനയെ എത്തിച്ച സ്ഥാനപതി ത്രിസ്താവോ, 1504 ൽ ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്‌റോയ്‌ ആയി നിയമിതനായിരുന്നു എങ്കിലും, താൽക്കാലികമായി വന്ന അന്ധത കാരണം, സ്ഥാനമേറ്റില്ല. ആൽബുക്കർക്ക് അടുത്ത ബന്ധുവായിരുന്നു; 1529 ൽ ഇന്ത്യയിലെ ഒൻപതാമത്തെ പോർച്ചുഗീസ് ഗവർണർ നൂനോ കുൻഹ, ത്രിസ്താവോയുടെ മകനായിരുന്നു. 

ഉണ്ണിരാമൻ രാജാവ് സ്ഥാനമേൽക്കുന്നതിന് തൊട്ടു മുൻപ്, 1500 ലാണ് പോർച്ചുഗീസ് അഡ്‌മിറൽ പെദ്രോ അൽവാരെസ് കബ്രാൾ കോഴിക്കോട്ട് നിന്ന് പിൻവാങ്ങി കൊച്ചി തീരത്തെത്തിയത്. രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്ത്, സാമൂതിരിക്കെതിരെ ഉടമ്പടിയുണ്ടാക്കി. കോട്ട പണിതു. കബ്രാൾ പോയപ്പോൾ, 30 പോർച്ചുഗീസുകാരും നാല് ഫ്രാൻസിസ്കൻ പാതിരിമാരും കൊച്ചിയിൽ തുടർന്നു. പോർച്ചുഗീസ് പിന്തുണ ഉറപ്പായപ്പോൾ, കൊച്ചി രാജാവ് ശത്രുവായ സാമൂതിരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1502 ൽ വാസ്കോ ഡ ഗാമ കൊച്ചിയിലെത്തി. 1503 സെപ്റ്റംബർ 27 ന് തടി കൊണ്ടുള്ള കോട്ടയ്ക്ക് കല്ലിട്ടു -ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് കോട്ട. ഇതൊക്കെയാണ്, ഒരാന കൊച്ചിയിൽ നിന്ന് കപ്പൽ കയറാനുള്ള പശ്ചാത്തലം.

37 വയസിൽ മാർപ്പാപ്പ 

കർദിനാൾ ജിയോവാനി മെഡിച്ചി, ലിയോ പത്താമൻ മാർപ്പാപ്പയാകാനുള്ള സാഹചര്യങ്ങൾ ബേദിനിയുടെ പുസ്തകത്തിലുണ്ട്. ടസ്കനിയിലെ മാടമ്പിയായ, പ്രബലമായ മെഡിച്ചി കുടുംബക്കാരനായ ലോറൻസോയുടെ രണ്ടാമത്തെ മകനായ ജിയോവാനി, മാർപ്പാപ്പയാകുന്നത് 37 വയസ്സിലാണ്. പുരോഹിതനല്ലാതെ മാർപ്പാപ്പയാകുന്ന അവസാനത്തെ ആൾ. ബന്ധുവായ മാർപ്പാപ്പ ഇന്നസെൻറ് എട്ടാമനോട് ശുപാർശ ചെയ്ത്, ലോറൻസോ മകനെ നേരിട്ട് 13 വയസിൽ ഡൊമിനിക്കയിലെ സാന്താമാരിയയിൽ  കർദിനാൾ ആക്കുകയായിരുന്നു. മൂന്ന് വർഷം കഴിഞ്ഞേ വേഷഭൂഷാദികൾ ധരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ മരിച്ചപ്പോൾ, തിരുസംഘത്തിലെ യുവജനങ്ങളുടെ വോട്ടിലാണ് ജിയോവാനി പരമപദമേറിയത്.

ബേദിനിയുടെ പുസ്തകം 

ലിയോ പത്താമൻ 1517 ൽ അനന്തരവൻ ലോറൻസോയെ ഊർബിനോയിലെ ഡ്യൂക്ക് ആക്കാൻ വലിയ ചെലവ് വന്ന യുദ്ധം നടത്തി വത്തിക്കാനിലെ ഖജനാവ് കാലിയാക്കി. മാർട്ടിൻ ലൂഥറുടെ നേതൃത്വത്തിലെ പ്രൊട്ടസ്റ്റൻറ് നവോത്ഥാനത്തെ മാർപ്പാപ്പ എതിർത്തു. ലൂഥറെ പുറത്താക്കി പത്താം മാസമായിരുന്നു, മാർപ്പാപ്പയുടെ മരണം.

ആന പുറപ്പെടുന്നു 

ഹന്നോ ആന ലിസ്ബണിൽ നിന്ന് യാത്രയായത് ഒറ്റയ്ക്കല്ല; 42 മൃഗങ്ങൾ വേറെയുണ്ടായിരുന്നു. പുള്ളിപ്പുലി, കഴുതപ്പുലി, തത്തകൾ, ടർക്കി കോഴികൾ, അപൂർവയിനം ഇന്ത്യൻ കുതിരകൾ. 140 അംഗ പ്രതിനിധി സംഘം, റോമിലെത്തിയത് 1914 ഫെബ്രുവരിയിലാണ്. ഇന്ത്യയിൽ നിന്നുള്ള സമ്പത്ത് ഒഴുകുന്ന മിന്നുന്ന കാലത്ത് വിരാജിക്കുകയായിരുന്നു, മാനുവൽ രാജാവ്. ജനുവരി 18 ന് മാർപ്പാപ്പ, മാനുവലിന് ഒരു സന്ദേശം എത്തിച്ചിരുന്നു: പണമോ ഖ്യാതിയോ ആകരുത് ലക്ഷ്യം, മതം വളരണം. ഇതിൽ ആഹ്‌ളാദം പൂണ്ടാണ്, മാനുവൽ റോമിലേക്ക് സമ്മാന സഞ്ചയത്തെ യാത്രയാക്കിയത്. 

നെറ്റിപ്പട്ടവും അമ്പാരിയുമൊക്കെ പെട്ടികളിൽ അകമ്പടിയായി. 1514 മാർച്ച് 12 ന് റോമിലെ തെരുവുകളിൽ ആഘോഷമായ പ്രദക്ഷിണമുണ്ടായി. ആന പിന്നിൽ വഹിച്ച വെളിപ്പെട്ടിയിൽ, വജ്രവും മുത്തും ആഘോഷത്തിനായി കമ്മട്ടത്തിൽ അടിച്ച നാണയങ്ങളും ഉണ്ടായിരുന്നു. ആഞ്ചലോ കൊട്ടാരത്തിൽ, മാർപ്പാപ്പ, പ്രദക്ഷിണത്തെ വരവേറ്റു. മാർപ്പാപ്പയ്ക്ക് മുന്നിൽ, ഇവിടന്നു പോയ പാപ്പാൻ്റെ ആജ്ഞപ്രകാരം, ഹന്നോ മൂന്ന് തവണ തല കുനിച്ചു. ഒരു തൊട്ടിയിൽ നിന്ന് തുമ്പിക്കൈ കൊണ്ട് വെള്ളമെടുത്ത് ആന, കർദിനാൾമാരുടെയും  ജനക്കൂട്ടത്തിൻറെയും മുകളിലേക്ക് ചീറ്റി, കേരളത്തിൻ്റെ കൂടി ആശിസ്സുകൾ ചൊരിഞ്ഞു. 

ആനയെ ആദ്യം സൂക്ഷിച്ചത്, ബെൽവേദരെ നടുമുറ്റത്താണ്. അതിന് ശേഷം, സെൻറ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കും മാർപ്പാപ്പയുടെ അരമനയ്ക്കുമിടയിൽ പുതുതായി പണിത താവളത്തിൽ പാർത്തു. ഈ സൗകര്യം ഒരു അൽമായനും കിട്ടിയിട്ടില്ല. ജനിക്കുകയാണെങ്കിൽ ആനയായി ജനിക്കണം എന്ന് ഏതു കത്തോലിക്കനും വിചാരിക്കുന്ന മുഹൂർത്തമായിരുന്നു, അത്.റോം അന്ന് ലോകത്തിലെ ക്രൈസ്തവ കേന്ദ്രം മാത്രമല്ല, റാഫേൽ, ഡാവിഞ്ചി, മൈക്കലാഞ്ചലോ എന്നീ ദൈവതുല്യരായ കലാകാരന്മാരുടെ ജീവിത കേന്ദ്രം കൂടിയായിരുന്നു. റാഫേൽ വരച്ച ഹന്നോയുടെ ചിത്രം നിലനിൽക്കുന്നു. ധാരാളം ചിത്രങ്ങളിലും ശിൽപങ്ങളിലും സ്ഥാനം പിടിച്ച ഹന്നോ സകല ആഘോഷത്തിലും തലയെടുപ്പോടെ നിന്നു. പ്രഭുവായ പാസ്കൽ മലാസ്പിന ആനക്കവിത എഴുതി. 

രണ്ടു കൊല്ലം കഴിഞ്ഞ് ആനയ്ക്ക് ദഹനക്കേട് ഉണ്ടായപ്പോൾ, സ്വർണം ചാലിച്ച ഒറ്റമൂലി കൊടുത്തു. 1516 ജൂൺ എട്ടിന് ആന ചെരിയുമ്പോൾ, മാർപ്പാപ്പ അടുത്തുണ്ടായിരുന്നു. അവനെ കോർട്ടിലെ ബെലവേദരെയിൽ അടക്കി. റാഫേൽ വരച്ച ആനയുടെ ചുമർ ചിത്രം കാലത്തെ അതിജീവിച്ചില്ല. എന്നാൽ, ലിയോ പത്താമൻ എഴുതിയ വിലാപഗീതം നശിച്ചില്ല. അത് ദേശീയ ഗജഗീതം ആകേണ്ടതാണ്.

നാടകകൃത്ത് പിയത്രോ അരാട്ടിനോ, ആനയെ കേന്ദ്ര കഥാപാത്രമാക്കി, 'ഹന്നോയുടെ ഒസ്യത്ത്' എന്ന പേരിലെഴുതിയ ഹാസ്യകൃതിയിൽ, മാർപ്പാപ്പയെയും രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചു. മാർപ്പാപ്പ അയാളുടെ ശിരച്ഛേദം  നടത്താതെ, സ്വന്തം സർവീസിൽ ജോലി കൊടുത്തുവെന്നത്, കേരളത്തിലെ മാർക്സിസ്റ്റുകൾക്ക് പാഠമാകേണ്ടതാണ്.

സരമാഗോയുടെ നോവൽ 

ആനയുമായി റോമിലെത്തിയ പോർച്ചുഗീസ് സംഘം, 1515 ഏപ്രിൽ 29 ആയപ്പോൾ, പാപ്പരായി. അവർക്ക് വേണ്ടി, മാർപ്പാപ്പ മാനുവൽ രാജാവിന് ഒരു കൽപ്പന ഉഗ്രൻ സമ്മാനങ്ങൾ സഹിതം, അയച്ചു. ഒരു കപ്പൽ നിറയെ സുഗന്ധ വ്യഞ്ജനങ്ങൾ രാജാവ് തിരിച്ചു സമ്മാനമായി നൽകി. 

ഇതിന് പിന്നാലെ, മാനുവൽ രാജാവിന്,  ഗുജറാത്തിലെ സുൽത്താൻ മുസഫർ ഷാ രണ്ടാമൻ ഒരു കാണ്ടാമൃഗത്തെ അയച്ചു കൊടുത്തു. അതുമായി പോയ കപ്പൽ, ജനോവയിൽ 1516 ഫെബ്രുവരി ആദ്യം അപകടത്തിൽ പെട്ടു. ഇതിനെ ആധാരമാക്കിയാണ്, ആൽബ്രെഷ്റ്റ് ഡൂറർ, റൈനോസെറോസ് എന്ന ചിത്ര പരമ്പര മരത്തിൽ ചെയ്തത്. കാണ്ടാമൃഗം ചത്തതിനാൽ, മാനുവൽ രാജാവിന് തൊലിക്കട്ടിയിൽ മത്സരിക്കേണ്ടി വന്നില്ല.

പോർച്ചുഗലിന് ഒരു ഇന്ത്യൻ ആനക്കഥ കൂടിയുണ്ട് -ജൊവാവോ മൂന്നാമൻ രാജാവ് 1555 ൽ ആർച്ച് ഡ്യൂക് മാക്സിമില്യന് കൊടുത്ത വിവാഹ സമ്മാനം സോളമൻ അഥവാ സുലൈമാൻ എന്ന ആനയെ ആയിരുന്നു. പേരിൽ മതമൈത്രിയുണ്ട്. ഇതിൻ്റെ ലിസ്ബണിൽ നിന്ന് വിയന്നയിലേക്കുള്ള യാത്രയാണ്, കേരളത്തിൽ അറിയപ്പെടുന്ന പോർച്ചുഗീസ് നോവലിസ്റ്റ് ഹോസെ സരമാഗുവിൻ്റെ The Elephant's Journey എന്ന നോവലിലെ വിഷയം. ഇതിൽ പാപ്പാന് പേരുണ്ട് -സുബ്‌റോ. ഹന്നോയുടെ പാപ്പാന് പേരില്ല. പാവം പാപ്പാൻ്റെ ജീവിതം കൊലച്ചോറാണ്.  


© Ramachandran 










Monday, 5 October 2020

അന്ധൻ കാണുന്ന കാഴ്‌ചകൾ

ഹോമർ മുതൽ ബോർഹസ് വരെ 

At the far end of my years I am surrounded
by a persistent, luminous, fine mist
which reduces all things to a single thing
with neither form nor colour.

-On His Blindness / Jorge Luis Borges,1985


കക്കാഴ്ചയാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്.എന്നാൽ,ഒരെഴുത്തുകാരൻ ഏറ്റവും ഭയക്കുന്നത് സ്വന്തം കാഴ്ച നശിക്കുന്നതിനെയാണ്.കാഴ്ച നശിച്ചാൽ അയാൾ ഒരു വായനക്കാരനും നിരീക്ഷകനും അല്ലാതാകും.അക്ഷരങ്ങളുടെ ഒഴുക്കിന് വിഘാതമുണ്ടാകും.

അന്ധത ശാരീരിക വൈകല്യം മാത്രമല്ല,സാഹിത്യ സിദ്ധാന്തങ്ങളുടെയും ഭാഗമാണ്.അന്ധ കഥാപാത്രങ്ങൾ ഭാരതീയ സാഹിത്യത്തിലും വിശ്വ സാഹിത്യത്തിലുമുണ്ട്.ധൃതരാഷ്ട്രർ അന്ധനായിരുന്നു.ഗ്രീക്ക് നാടകത്തിലെ പ്രവാചകൻ തൈറേഷ്യസ് അന്ധനായിരുന്നു.പഴയ നിയമത്തിലെ തോബിത് അന്ധനായിരുന്നു.

ജെയിംസ് ജോയ്‌സിന് അന്ധത വിഘ്നമായിരുന്നു.മറ്റു ചിലർക്ക് അത് എഴുത്തിൻറെ അവിഭാജ്യ ഘടകമായി മാറി.

ഹോമർ അന്ധനായിരുന്നു എന്നറിയാമെങ്കിലും അദ്ദേഹം എവിടെ ജീവിച്ചു തുടങ്ങിയ വിവരങ്ങൾ ഒന്നും അറിയില്ല.അദ്ദേഹം ജീവിച്ചതായി നാല് നൂറ്റാണ്ടുകൾ പണ്ഡിതർ നിരത്തി.അദ്ദേഹത്തിൻറെ അന്ധത എഴുത്തുകാരെ അലട്ടി.ഓസ്കാർ വൈൽഡ് എഴുതി:

" ഏതോ പ്രതിസന്ധിയിൽ സൃഷ്ടിക്കപ്പെട്ട കാൽപനിക കഥ ആയിരിക്കാം ഹോമറുടെ അന്ധത എന്നെനിക്ക് തോന്നിയിട്ടുണ്ട്.മഹാകവികൾ വലിയ കാഴ്ചകൾ കാണുന്നവരാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കാനാകണം അത്.ശരീരത്തിലെ കണ്ണ് കൊണ്ടല്ല,ആത്മാവിൻറെ കണ്ണ് കൊണ്ടാണ് അയാൾ കാണുന്നത്.അയാൾ ഗായകനുമാണ്.ഓരോ വരിയും ആവർത്തിച്ചു കൊണ്ട് മഹാലയത്തിൻറെ രഹസ്യം പിടിച്ചെടുക്കുന്നവൻ.പ്രകാശ ചിറകുകളുള്ള വാക്കുകൾ അയാൾ ഇരുളിൽ ഉരുവിടുന്നു."

കവിത ആദ്യം വാമൊഴി ആയിരുന്നു.ഹോമറുടെ ഇലിയഡ് വരമൊഴി ആയത് ഏറെക്കാലം കഴിഞ്ഞാണ്.പത്താം നൂറ്റാണ്ടിൽ എഴുതിയെടുത്ത കയ്യെഴുത്തു പ്രതിയാണ് ഉള്ളതിൽ പഴയത്.അന്ധത ഹോമറിൻറെ അകക്കണ്ണിനെ തുറപ്പിക്കുകയും ഉൾക്കാഴ്ച പതിന്മടങ്ങാകുകയും ചെയ്തു.വാക്കുകൾ ബിംബങ്ങളായി.അന്ധത എഴുത്തിന് ഗുണവുമാകുമെന്ന് ലോകം പഠിച്ചു.

ഹോമർ 

ഈ പാഠം നന്നായി ഉൾക്കൊണ്ട അന്ധകവിയാണ് ജോൺ മിൽട്ടൺ.പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച അദ്ദേഹത്തിന് ഹോമറുടെ വാമൊഴി പാരമ്പര്യമോ 1824 ൽ മാത്രമുണ്ടായ ബ്രെയ്‌ലിയോ തുണയായില്ല.പറുദീസാ നഷ്ടം എഴുതാൻ തീരുമാനിച്ചപ്പോൾ വരികൾ മനസ്സിൽ ഉറപ്പിച്ച് സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു.അവർ എഴുതിയെടുത്തു.

മിൽട്ടന് കാഴ്ച പോയത് എഴുത്തുകാരനായി അറിയപ്പെട്ട ശേഷം 1651 -52 ലാണ്.മഹാകാവ്യം എഴുതും മുൻപ് വലിയ കാവ്യജീവിതം ഉണ്ടായിക്കഴിഞ്ഞിരുന്നു.യൂറോപ്പിൽ സഞ്ചരിച്ച് ഗലീലിയോ ഉൾപ്പെടെ ധിഷണാശാലികളെ കണ്ടിരുന്നു.ആദ്യ കവിത,ഷേക്‌സ്പിയറെപ്പറ്റി ആയിരുന്നു.പത്ര സ്വാതന്ത്ര്യത്തിന് വാദിക്കുന്ന Areopagatica എഴുതി.പണ്ഡിതനായിരുന്നു.ബഹുഭാഷാ പണ്ഡിതൻ എന്ന നിലയിൽ വിദേശ ഭാഷാ സെക്രട്ടറിയായി നിയമിതനായി.രാജ്യാന്തര രേഖകൾ ലാറ്റിനിലേക്ക് പരിഭാഷ ചെയ്തു.സർക്കാരിനായി പ്രചാരണ സാഹിത്യം എഴുതി.

മിൽട്ടൺ ജോലി ചെയ്തത് രാജാവിന് വേണ്ടി ആയിരുന്നില്ല.1649 -1660 ൽ രാജാവായ ചാൾസ് ഒന്നാമനെ കൊന്ന ശേഷം വന്ന കോമൺവെൽത് റിപ്പബ്ലിക്കിന് വേണ്ടിയാണ് പ്രവർത്തിച്ചത്.രാത്രി വൈകിയും വായിക്കുകയും എഴുതുകയും ചെയ്തിരുന്നു.

കാഴ്ച പോയപ്പോൾ,എഴുത്തുകാരനെന്ന നിലയിൽ ദൈവ സേവനം ഇല്ലാതാകുമോ എന്ന് ശങ്കിച്ചു.പ്രൊട്ടസ്റ്റൻറ് മതത്തിൽ ഉറച്ചു നിന്നയാൾ ആയിരുന്നു.രാജാവിനെ വിമർശിച്ചതിന് കിട്ടിയ ശിക്ഷയാണ് അന്ധത എന്ന് ശത്രുക്കൾ പറഞ്ഞു.ലോകത്ത് തൻറെ ദൗത്യം എന്ത് എന്നതിനെപ്പറ്റി വീണ്ടു വിചാരം നടത്തി.അതാണ് 'അന്ധതയെപ്പറ്റി ' എന്ന കവിത.അന്ധത ശിക്ഷയോ വിഘ്‌നമോ ആയി മിൽട്ടൺ കരുതിയില്ല.നിർഭാഗ്യത്തെ അനുഗ്രഹമായി മാറ്റാൻ പരിശ്രമിച്ചു.ബാഹ്യമായ വൈകല്യത്തെ ദൈവാനുഗ്രഹമായി കണ്ടു.അന്ധത സമ്മാനിച്ച ദൈവം തന്നിൽ നിന്ന് ദൈനംദിന വ്യവഹാരങ്ങളുടെ പൊങ്ങച്ച സഞ്ചി എടുത്തു നീക്കിയെന്ന് അദ്ദേഹം കണ്ടു.ഉൾക്കാഴ്ചയിൽ നിന്ന് അദ്ദേഹം ഏറ്റവും വലിയ ഇംഗ്ലീഷ് കവി ആയി.

'അന്ധതയെപ്പറ്റി'  എന്ന കവിത,പെട്രാർക്കൻ സോണറ്റ് ആണ് ;പ്രണയം വിവരിക്കാൻ ഉപയോഗിക്കുന്ന ഈ കവിതാ ശൈലിയാണ് ദുഃഖം എഴുതാൻ ഉപയോഗിച്ചത് എന്നത് വഴി മാറ്റം ആയിരുന്നു.എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അവസാന വരി:They also serve who only stand and wait.വെറുതെ ഇരിക്കുന്നവരും ദൈവ സേവനം ചെയ്യുന്നു.ഒരു പണിയും ചെയ്യാത്ത ചില സഹപ്രവർത്തകരെ ഞാൻ സഹിച്ചത് ഈ വരികൾ ഓർത്താണ്.

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച ഇറ്റാലിയൻ കവി ഫ്രാൻസെസ്കോ പെട്രാർകയാണ് പ്രണയ കവിതയ്ക്ക് ഈ ശൈലി കൊണ്ട് വന്നത്.

ജെയിംസ് ജോയ്‌സിന്റെ ജീവിതത്തിൻറെ രണ്ടാം പകുതി അന്ധതയുമായുള്ള സംഘർഷം ആയിരുന്നു.സിഫിലിസ് കാരണമാണ് ജോയ്‌സ് അന്ധനായതെന്ന് കെവിൻ ബർമിങ്ങാം യുളീസസ് ചരിത്രത്തിൽ എഴുതി.കാഴ്ച കിട്ടാൻ നടത്തിയ ശസ്ത്രക്രിയകൾ സ്ഥിതി വഷളാക്കി.മിൽട്ടനെപ്പോലെ പറഞ്ഞു കൊടുത്ത് എഴുതിക്കാൻ ജോയ്‌സ് ഇഷ്ടപ്പെട്ടില്ല.അന്ധതയെ സംബന്ധിച്ച ഭയം അദ്ദേഹത്തിൻറെ എഴുത്തിൽ ഉടനീളമുണ്ട്.യുളീസസിൽ ലിയോപോൾഡ് ബ്ലൂം ഒരു അന്ധനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നുണ്ട്.ആഖ്യാതാവായ ഈ കുട്ടി പലവട്ടം ലക്ഷ്യമില്ലാതെ റോഡ് മുറിച്ചു കടക്കുന്നു.

യുളീസസിൽ ജോയ്‌സ് എഴുതി:"സിഫിലിസിനെയും ഒപ്പം മറ്റ് പ്രേതങ്ങളെയും നരകത്തിലേക്ക് ചവിട്ടി താഴ്ത്തുക ".

ഡബ്ലിൻ രാത്രികളും കുപ്രസിദ്ധ സ്ത്രീകളും യുവാക്കൾക്ക് മരണക്കെണിയാണെന്നും ജോയ്‌സ് അതിൽ എഴുതി.

A Portrait of the Artist as a Young Man എന്ന നോവലിൽ കണ്ണുകൾ നീതിക്കു വേണ്ടിയുള്ള യുദ്ധ രംഗമായി വർണിക്കപ്പെടുന്നു.സ്റ്റീഫൻ ഡെഡാലസ് എന്ന കുട്ടിക്ക് പാപം ചെയ്താൽ കഴുകന്മാർ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന മുന്നറിയിപ്പ് കിട്ടുന്നുണ്ട്.ആന്തരികോർജ്ജത്തെ വറ്റിക്കുന്ന ഈ അന്ധത ജോയ്‌സിന് വലിയ വിഴുപ്പായിരുന്നു.യുളീസസ് വന്ന് 20 കൊല്ലം കഴിഞ്ഞാണ് Finnegan's Wake ഉണ്ടായത്.സ്വന്തം കാഴ്ചയുടെ പ്രശ്നങ്ങളും മകളുടെ മാനസിക പ്രശ്നങ്ങളുമായിരുന്നു ഈ വിടവിന് കാരണം.ഈ അവസാന നോവൽ എഴുതാൻ 17 വർഷം എടുത്തു.കാഴ്ചയുടെ നേരിയ വിളുമ്പിലൂടെ എഴുതി.വലിയ അക്ഷരങ്ങൾ ക്രയോണുകൾ കൊണ്ട് എഴുതി.

Dubliners ൻറെ ഭാഗമായ The Sisters -ൽ ഒരു വൈദികൻ മരിക്കുന്നത്,"അയാളുടെ മനസ്സിനെ ബാധിച്ച അസുഖം " മൂലമാണ്."ഓരോ ദിവസവും ജാലകത്തിനടുത്തു ചെന്ന് paralysis എന്ന വാക്ക് ഞാൻ ഉരുവിട്ടു ",ആഖ്യാതാവായ ബാലൻ പറയുന്നു."പക്ഷെ ,ഇപ്പോൾ ആ വാക്ക് പാപ പങ്കിലമായ ഒരു രൂപത്തിന്റേത് പോലെ തോന്നി.അത് എന്നിൽ ബി ഭയം വിതച്ചു.എങ്കിലും അതിന് സമീപമിരുന്ന് അതിൻറെ മാരക ദൗത്യം കാണാൻ ആഗ്രഹിച്ചു."

ഏറ്റവും നല്ല കാഴ്ചയുള്ള എഴുത്തുകാർക്ക് കണ്ണിൻറെ കാഴ്ച വിഷയമല്ലെന്ന് അന്ധനായ ജോർജ് ലൂയി ബോർഹസും തെളിയിച്ചു.ലാറ്റിനമേരിക്കൻ സാഹിത്യത്തിൻറെ പ്രകാശ ഗോപുരമായി അദ്ദേഹം.

ജോയ്‌സിന് അന്ധതയ്ക്ക് പുറമെ,അൾസറും തലവേദനയുമൊക്കെ ഉണ്ടായിരുന്നു.ഐറിഷ് പിടിവാശിയും -ഇങ്ങനെ അന്ധത തടസ്സമായി.അന്ധരായ മറ്റ് എഴുത്തുകാർക്ക് അതുണ്ടായില്ല.പാരമ്പര്യമായി കിട്ടിയ കാഴ്ചക്കുറവാണ് ബോർഹസിനെ അന്ധനാക്കിയത്.പിതാവിനും അദ്ദേഹത്തിൻറെ അമ്മയ്ക്കും അവരുടെ അമ്മയ്ക്കും അന്ധത ഉണ്ടായിരുന്നു.1977 ൽ അന്ധത സംബന്ധിച്ച പ്രഭാഷണത്തിൽ,തൻറെ അന്ധത നാടകീയം ആയിരുന്നില്ലെന്ന്  അദ്ദേഹം ഓർമിച്ചു :

"പെട്ടെന്ന് കാഴ്ച പോകുന്നതാണ് നാടകീയം.എൻറെ കാര്യത്തിൽ,രാവിൻറെ ആ പതിയെ വരവ്,കാഴ്ചയുടെ സാവധാനമുള്ള കൊഴിയൽ,ഞാൻ കാണാൻ ആരംഭിച്ച അന്ന് തന്നെ തുടങ്ങിയിരുന്നു.1899 മുതൽ ( ജനിച്ച വർഷം ) നാടകീയതയില്ലാതെ പതിയെ ആ ഇരുൾ പെയ്ത്ത് 75 വർഷം ഉണ്ടായി.1955 ൽ പൂർണമായും അന്ധനായെന്ന് ഒരു ദുഃഖ നിമിഷത്തിൽ വ്യക്തമായി.എനിക്ക് വായനക്കാരനെയും എഴുത്തുകാരനെയും കാണാതായി."

തൊണ്ണൂറ് വയസിനപ്പുറം ജീവിച്ച അമ്മയാണ് ബോർഹസിനെ നോക്കിയത്.എഴുത്ത് പ്രയാസമായപ്പോൾ അദ്ദേഹം അധ്യാപനത്തിലും പ്രഭാഷണത്തിലും തിളങ്ങി.

തൻറെ അന്ധത മിതമാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു കണ്ണിന് തീരെ കാഴ്ചയില്ല.മറ്റേ കണ്ണിന് ഭാഗികമാണ്.നീലയും പച്ചയും മഞ്ഞയും തിരിച്ചറിയാം.ചുവപ്പും കറുപ്പും കാണില്ല." അന്ധർക്ക് കാണാവുന്ന ഇരുളിലേക്ക് നോക്കി " ( Looking on darkness which the blind do see” ) എന്ന് ഷേക്സ്‌പിയർ എഴുതിയത് തെറ്റാണെന്ന് ബോർഹസ് പറഞ്ഞു:

" അന്ധർ,കുറഞ്ഞ പക്ഷം ഞാൻ കാണാത്ത നിറമാണ് കറുപ്പ്.മറ്റൊന്ന് ചുവപ്പ്.കറുത്ത ഇരുളിൽ ഉറങ്ങാൻ ശീലിച്ച എനിക്ക് ഈ മൂടലിനോട് ചേർന്ന് പോകാൻ പ്രയാസമായിരുന്നു.പച്ചയും നീലയും കലർന്ന മൂടൽ മഞ്ഞ്.നേരിയ പ്രകാശം.അതാണ് അന്ധന്റെ ലോകം.എനിക്ക് ഇരുട്ടിലാണ് ഉറങ്ങേണ്ടിയിരുന്നത്.മനുഷ്യർ കരുതുന്നതല്ല അന്ധന്റെ ലോകം."

സ്വർഗം ഒരു ഗ്രന്ഥ ശാലയായി താൻ കൽപന ചെയ്തിരുന്നുവെന്ന് ബോർഹസ് പറഞ്ഞത് ഈ പ്രഭാഷണത്തിലാണ്.അർജന്റീനയിലെ ദേശീയ ലൈബ്രറി ഡയറക്‌ടർ ആയത് തൻറെ വലിയ നേട്ടമായി അദ്ദേഹം കണ്ടു .1955 ൽ കാഴ്ച പോയപ്പോഴാണ് ആ ജോലി കിട്ടിയത്.അക്ഷരം കൊണ്ട് പണിയെടുക്കുക,അന്ധനായിരിക്കുക എന്നതിലെ വിധി വിപര്യയം ബോർഹസ് പറയുന്നുണ്ട്." വിവിധ ഭാഷകളിലെ 9000 പുസ്തകങ്ങളുടെ നടുവിൽ ഞാൻ.ശീർഷകങ്ങളും പുസ്തകത്തിൻറെ വാരിയെല്ലും കാണാൻ പ്രയാസപ്പെട്ടു."

പിന്നെയും 20 കൊല്ലം കഴിഞ്ഞ് ബോർഹസ് ന്യൂയോർക്കിൽ സ്ട്രാൻഡ് പുസ്തകശാലയിൽ ബർട്ട് ബ്രിട്ടന് വേണ്ടി സെൽഫ് പോർട്രെയ്റ്റ് വരച്ചു.പേന ഒരു കൈയിൽ പിടിച്ച്,മറു കൈയിലെ ഒരു വിരൽ കൊണ്ടായിരുന്നു,വര.
ഏറ്റവും അടിയിൽ TANGLEWOOD എന്നോ മറ്റോ എഴുതിയിട്ടുണ്ട്.

ലൈബ്രറിയുടെ മറ്റു രണ്ടു ഡയറക്ടർമാരും എഴുത്തുകാരുമായ പോൾ ഗ്രുസാക്,ജോസ് മാർമോൽ എന്നിവരും അന്ധരായിരുന്നു.മൂന്നു പേരും അന്ധരായത് ആകസ്മികതയ്ക്കും അപ്പുറമാണെന്ന് അദ്ദേഹം എഴുതി.ഹോമറിനെ ഉദാഹരിച്ച്,എഴുത്തും അന്ധതയും തമ്മിൽ ഒരു ലയമുണ്ടെന്ന ഓസ്കാർ വൈൽഡിൻറെ വാദത്തോട് അദ്ദേഹം യോജിച്ചു.ബോർഹസ് ആ പ്രബന്ധം അവസാനിപ്പിക്കുന്നത് ഇങ്ങനെ:"അന്ധത എനിക്ക് വലിയ നിർഭാഗ്യം ആയിരുന്നില്ല.അതിനെ സഹതാപത്തോടെ കാണേണ്ടതില്ല.അതൊരു ജീവിത രീതിയായി കണ്ടാൽ മതി-ഒരു ജീവിത ശൈലി ."

ഓരോ എഴുത്തുകാരനും മനുഷ്യനും തനിക്ക് സംഭവിക്കുന്നതെല്ലാം ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അദ്ദേഹം എഴുതി:

"കലാകാരൻറെ കാര്യത്തിൽ ഇത് കൂടുതൽ സത്യമാണ്.അപമാനവും നിർഭാഗ്യവും അവഹേളനവും എല്ലാം കളി മണ്ണാണ്.അത് സ്വീകരിക്കണം.ഒരു അന്ധൻ ഇങ്ങനെ ചിന്തിച്ചാൽ അവൻ രക്ഷപ്പെടും.അന്ധത സമ്മാനമാണ്.അത് നൽകിയ സമ്മാനങ്ങൾ കൊണ്ട് ഞാൻ നിങ്ങളെ മൂടിക്കഴിഞ്ഞു.അത് എനിക്കിത്തിരി ഇംഗ്ലീഷും സ്കാൻഡിനേവിയനും തന്നു.അത് വരെ അറിയാത്ത മധ്യകാല സാഹിത്യത്തെ അറിയാൻ കഴിഞ്ഞു.നല്ലതോ ചീത്തയോ ആയ  പുസ്തകങ്ങൾ തന്നു.എഴുതിയ സമയത്ത് നല്ലതായിരുന്നു.അന്ധത എനിക്ക് ചുറ്റുമുള്ളവരുടെ കാരുണ്യം തന്നു.അന്ധരോട് മനുഷ്യർക്ക് മതിപ്പാണ്."

ഗലീലിയോ അന്ധനായത് ടെലസ്കോപ്പിലൂടെ സൂര്യനെ നോക്കിയിട്ടാണെന്നത് കെട്ടുകഥയാണ്.എഴുപതാം വയസ്സിലാണ് അദ്ദേഹം അന്ധനായത്.തിമിരം ആയിരിക്കാം.

ബോർഹസ് 

ഹെലൻ കെല്ലറുടേത് പോലെ മറ്റൊരു അന്ധ ഇതിഹാസം വേറെയില്ല.19 മാസമായപ്പോൾ മുതൽ ബധിരയും അന്ധയുമായ ഹെലൻ എഴുതാനും വായിക്കാനും പഠിച്ചു;ആത്മകഥ എഴുതി.തൊഴിലാളികളുടെ അവകാശങ്ങൾക്കും സ്ത്രീ വോട്ടവകാശത്തിനും പോരാടി.

ചിത്രകലയിലെ ക്യൂബിസം പ്രചോദിപ്പിച്ച ബ്രിട്ടീഷ് കലയിലെയും കവിതയിലെയും വോർട്ടിസിസം എന്ന ചെറിയ പ്രസ്ഥാനത്തിൻറെ പ്രണേതാക്കളിൽ ഒരാളായ വിൻധം ലൂയിസ് അന്ധനായത് ജീവിത സായാഹ്നത്തിലാണ്.ബ്ലാസ്റ്റ് എന്ന മാസികയുടെ പത്രാധിപരായിരുന്നു.ജെയിംസ് തർബറുടെ ഒരു കണ്ണിൻറെ കാഴ്ച പോയത് ബാല്യത്തിൽ സഹോദരൻറെ കളിത്തോക്കിൽ നിന്ന് വെടിയേറ്റിട്ടാണ്.വില്യം ടെൽ കഥ അഭിനയിച്ചതായിരുന്നു,ദുരന്തം.മറ്റേ കണ്ണിന്റെയും ശേഷിയെ ബാധിച്ചു.യൗവനം വീട്ടിനകത്തു തന്നെയായിരുന്നു.തർബറിന് ചാൾസ് ബോണറ്റ് സിൻഡ്രോം ഉണ്ടായിരുന്നതായി വാദമുണ്ട്.കാഴ്ചക്കുറവിനോട് തലച്ചോർ സമരസപ്പെടുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ് ഇത്.

കളർ പർപ്പിൾ എഴുതിയ ആലീസ് വാക്കറുടെ ഒരു കണ്ണിൻറെ കാഴ്ച കുട്ടിക്കാലത്ത് പോയതും സഹോദരൻ കളിത്തോക്കിൽ നിന്ന് വെടി വച്ചിട്ടാണ്.Beauty: When the Other Dance is the Self എന്ന പ്രബന്ധത്തിൽ അവർ ഈ കഥ പറഞ്ഞിട്ടുണ്ട്.

സ്യു ടൗൺസെൻഡ്‌, അഡ്രിയാൻ മോൾ പരമ്പരയിലെ ഒൻപത് നോവലുകളിൽ അവസാന മൂന്നെണ്ണം എഴുതിയത് അന്ധയായ ശേഷമാണ്.പ്രമേഹം മൂലമായിരുന്നു അന്ധത.നോവലിൽ അഡ്രിയാൻറെ സുഹൃത്ത് നിഗൽ അന്ധനാകുന്നുണ്ട്.വോയ്‌സ് റെക്കോർഡർ ഉപയോഗിച്ചായിരുന്നു എഴുത്ത്."അന്ധത അവേശകരമാണ്",അവർ പറഞ്ഞു ," ഞാൻ അത് കൊണ്ട് ഗുണമുണ്ടാക്കും ".

ന്യൂറോളജിസ്റ്റ് ആയ ബ്രിട്ടീഷ് എഴുത്തുകാരൻ ഒലിവർ സാക്‌സ് ട്യൂമർ വഴി അന്ധനായതിനെപ്പറ്റി എഴുതിയിട്ടുണ്ട്.Mind's Eye എന്ന പുസ്തകം കാഴ്ച നഷ്ടപ്പെട്ടവരുടെ അനുഭവങ്ങളാണ്.മലയാളി ന്യൂറോളജിസ്റ്റ് ഡോ കെ രാജശേഖരൻ നായരുടെ സുഹൃത്തായിരുന്നു .

അന്ധരായ ഇന്ത്യൻ എഴുത്തുകാരുണ്ടോ ? വേദ് മേത്തയെ ആണ് ഓർമ്മ വരുന്നത്.അദ്ദേഹത്തിൻറെ രണ്ടു പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്:ഫേസ് ടു ഫേസ് എന്ന ആത്മകഥയും Mahatma Gandhi and his Apostles എന്ന ചരിത്രവും.ആത്മകഥ,ലോകത്തിലെ ഏറ്റവും മികച്ച ആത്മ കഥകളിൽ ഒന്നായതിനാൽ,ബൈൻഡ് ചെയ്ത ഒരു സെക്കൻഡ് ഹാൻഡ് പുസ്തകം പിന്നീട് ഞാൻ സ്വന്തമാക്കി.

നോവലിസ്റ്റായ വേദ് പ്രകാശ് മേത്ത 1934 ൽ ലഹോറിലാണ് ജനിച്ചത്.മസ്തിഷ്‌ക ജ്വരത്താൽ മൂന്നാം വയസിൽ കാഴ്ച പോയി.അച്ഛൻ അമോലകും അമ്മ ശാന്തിയും മകനെ 1300 മൈൽ അകലെ മുംബൈയിലെ ദാദർ ബ്ലൈൻഡ് സ്‌കൂളിൽ അയച്ചു.1949 മുതൽ ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചു;ഓക്സ്ഫഡിലും ഹാർവാഡിലും ചരിത്രം പഠിച്ചു.1975 ൽ അമേരിക്കൻ പൗരനായി.ആദ്യ പുസ്തകം 1957 ൽ ഇറങ്ങിയ ആത്മകഥ ആയിരുന്നു.ദി ന്യൂയോർക്കറിൽ 1961 -94 ൽ സ്റ്റാഫ് റൈറ്റർ ആയിരുന്നു.അദ്ദേഹം സ്ത്രീ സഹായികളോട് ക്രൂരമായി പെരുമാറുന്നു എന്ന് വിമർശിക്കുന്ന ഒരു ലേഖനം സ്പൈ മാസികയിൽ വന്നു.എഡിറ്റർ ടിന ബ്രൗൺ അദ്ദേഹത്തെ പിരിച്ചു വിട്ടു.വിഖ്യാത പത്രപ്രവർത്തകൻ ഹാരോൾഡ്‌ ഇവാൻസിന്റെ ഭാര്യയാണ് ടിന.അമേരിക്കൻ എഴുത്തുകാരൻ ജെയിംസ് ഫെനിമൂർ കൂപ്പറുടെ കുടുംബത്തിൽ പെട്ട ലിൻ ആണ് മേത്തയുടെ ഭാര്യ.

വേദ് മേത്ത 

മേത്തയുടെ ആത്മകഥയുടെ സത്ത നഷ്ടബോധമാണ് -കാഴ്ചയുടെ,ബാല്യത്തിൻറെ,വീടിൻറെ,രാജ്യത്തിൻറെ നഷ്ടം.1940 കളിൽ ഇന്ത്യയിൽ ഒരു അന്ധൻറെ അവസ്ഥ എന്തായിരുന്നുവെന്ന് The Ledge Between the Streams ൽ അദ്ദേഹം വിവരിക്കുന്നു.ആഹാരത്തിന് പിച്ച തെണ്ടുക തന്നെ വേണ്ടിയിരുന്നു.സ്വന്തം കുടുംബം സമ്പന്നമായിരുന്നു;എന്നാൽ,സമൂഹം അന്ധനായ കുട്ടിയെ നാണം കെടുത്തി.

"അന്ധത ഭീകരമായ ഒരു വൈകല്യമായി എനിക്ക് തോന്നി",മേത്ത എഴുതുന്നു,"എൻറെ മൂത്ത സഹോദരന്മാരും സഹോദരിമാരും ചെയ്യുന്നതൊക്കെ ഞാനും ചെയ്താലേ രക്ഷപ്പെടാനാവൂ എന്ന് മനസ്സിലായി.ഞാൻ എങ്ങനെയോ അത്ര വരെ എത്തി".

അന്ധനായ കുട്ടി ലഹോറിലെ ഗലികളിൽ പട്ടം പറത്തി;മേൽക്കൂരകളിൽ ചാടിക്കയറി.വഴിയിൽ ബൈക്ക് ഓടിച്ചു.ഹിമാലയം കയറി.കുതിരസവാരി ചെയ്തു.ആ ഇച്ഛയ്ക്ക് മുന്നിൽ ശരീരത്തിലെ മുറിവുകൾ തോറ്റു.
അഞ്ചാം വയസിൽ മുംബൈയ്ക്ക് തീവണ്ടി കയറ്റും മുൻപ് മേത്തയെ എടുത്തുയർത്തി,കരച്ചിലടക്കി അച്ഛൻ പറഞ്ഞു:"ഇപ്പോൾ നീ ഒരു മുതിർന്ന പുരുഷനാണ്".

ആ നിമിഷമാണ് മേത്തയുടെ ബോധത്തിലെ ആദ്യ ഓർമ്മ.വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് ഭൂകമ്പം പോലെ തോന്നി."ശിരസ്സിൽ കരഞ്ഞു കൊണ്ടേ എനിക്കിന്നും തീവണ്ടിയുടെ ശബ്ദം കേൾക്കാൻ കഴിയൂ",അദ്ദേഹം ഓർത്തു.

കൗമാരത്തിൽ,അമേരിക്കയിലെയും യൂറോപ്പിലെയും 30 സ്‌കൂളുകളിലേക്ക് മേത്ത അപേക്ഷ അയച്ചു.ഡോക്റ്ററായ അച്ഛൻ ഒപ്പം നിന്നു.അർകാൻസസ് ബ്ലൈൻഡ് സ്‌കൂളിൽ പ്രവേശനം കിട്ടി.അവിടത്തെ മികച്ച പ്രകടനം ഓക്സ്ഫഡിലേക്ക് വഴി തുറന്നു.അമേരിക്കയിൽ 15 വയസിൽ എത്തുമ്പോൾ ഇംഗ്ലീഷ് കാര്യമായി അറിഞ്ഞിരുന്നില്ല.കൈകൊണ്ട് മാത്രം ഭക്ഷണം കഴിച്ചു ശീലിച്ചതിനാൽ വിമാനത്തിൽ 48 മണിക്കൂർ ഉപവാസമായിരുന്നു.

ഏകാന്തതയിൽ നിന്ന് എഴുത്തുണ്ടായി.പോമോന കോളജിലെ ഏറ്റവും സുന്ദരിയായ പെണ്ണിനോട് പ്രണയം തോന്നി.തുറന്നു പറയാൻ ധൈര്യം വന്നില്ല.ആത്മകഥയുടെ കേട്ടെഴുത്തുകാരിയാക്കി.പ്രണയം പൂത്തില്ല.വേനലിൽ ഇറങ്ങിയ ഫേസ് ടു ഫേസ് 45000 കോപ്പി വിറ്റു.ഓക്സ്ഫഡിൽ പോകുമ്പോൾ എഴുത്തുകാരനായിരുന്നു.ഓക്സ്ഫഡ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.എല്ലാത്തരം ആളുകളും നിറഞ്ഞ അവിടെ അന്ധത വിഷയമായില്ല."അവിടെ നിങ്ങൾ നന്നായി ചിന്തിക്കുന്നുണ്ടോ എന്നത് മാത്രമായിരുന്നു പ്രശ്‍നം;അത് നല്ല മരുന്നായിരുന്നു",മേത്ത ഓർമിച്ചു.

ഇന്ത്യയിലേക്ക് മടങ്ങി ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ കേട്ട് പട്ടുസാരി അണിഞ്ഞ പഞ്ചാബി പെണ്ണിനെ കല്യാണം കഴിക്കുന്നതും ഇരുവരും മലനിരകളിൽ മാതളം തിന്നുന്നതും സ്വപ്നം കണ്ടു.ജവഹർ ലാൽ നെഹ്‌റുവിനെ കണ്ടു.പുറത്ത് എം എ ചെയ്ത് എഴുത്തുകാരനാകാൻ ഉപദേശം കിട്ടി.അന്ധനെ ഇന്ത്യ സ്വീകരിക്കില്ലെന്ന് മെത്തയും തിരിച്ചറിഞ്ഞു.ദി ഒബ്‌സർവറിന്റെ എഡിറ്റർ ഡേവിഡ് ആസ്റ്ററിനെ വിളിച്ച് മേത്ത ഇന്ത്യൻ യാത്രയെപ്പറ്റി 14000 വാക്ക് എഴുതട്ടെ എന്ന് ചോദിച്ചു." അത് നീണ്ട ബോറായിരിക്കും;ന്യൂയോർക്കറിന് പറ്റും",ആസ്റ്റർ ഒഴിഞ്ഞു.ഹാർവാഡിന് പോകും വഴി മേത്തയെ ന്യൂയോർക്കർ എഡിറ്റർ ഷോൺ പ്രോത്സാഹിപ്പിച്ചു.ഒരു കൊല്ലം കഴിഞ്ഞ് അവിടെ ജോലി നേടി.

എഴുത്തുകാർ പ്രവാസികളാണ്.എവിടെ ജീവിക്കുന്നു എന്നത് പ്രധാനമല്ല.അന്ധൻ മാത്രമായാലാണ് പ്രശ്‍നം.മേത്തയുടെ ജീവിതത്തിൽ അന്ധതയുടെ ശേഷിപ്പ് മുൻവശത്തെ സ്വർണം കെട്ടിയ പല്ല് മാത്രമായി;പഴയൊരു കാഴ്ചയില്ലാത്ത ചാട്ടത്തിൻറെ നീക്കി ബാക്കി.400 ജീവചരിത്രങ്ങളും ഗാന്ധി സാഹിത്യം 80 വാല്യവും വായിച്ചാണ് മേത്ത ഗാന്ധി പുസ്തകം എഴുതിയത്.ഫേസ് ടു ഫേസ് ഇറങ്ങി 20 കൊല്ലം താൻ അന്ധനാണെന്ന് പുസ്തക ജാക്കറ്റിൽ പ്രസാധകൻ എഴുതുന്നത് തന്നെ മേത്ത വിലക്കി.

ഹീറ്റ് ആൻഡ് ഡസ്റ്റ് സിനിമ ഒന്നിച്ചു കണ്ട ശേഷമാണ് ലിൻ,വേദ് മേത്തയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.അമ്മായി ഒരു ഇന്ത്യൻ രാജകുമാരനെ പ്രണയിച്ച കഥ ഗവേഷണം ചെയ്യാൻ ഇന്ത്യയ്ക്ക് പോയ മദാമ്മയുടെ കഥയാണ്,അത്.മേത്തയ്ക്ക് സിനിമ കാണാൻ കഴിയാത്തതിനാൽ പ്രണയ രംഗങ്ങൾ ചെവിയിൽ വിവരിച്ചു കൊടുത്തു.അത്തരം വിവരണം വല്ലാത്ത അടുപ്പമുണ്ടാക്കും.ലിന്നിനെ 12 വയസ് മുതൽ മേത്തയ്ക്ക് അറിയാമായിരുന്നു.

അന്ധത രാഷ്ട്രീയവുമാണ്.ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും തോന്ന്യാസങ്ങൾ മടുത്താണ് 1975 ൽ മേത്ത ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

"ഞാൻ ചെയ്തത് അന്ധനായ മറ്റൊരു എഴുത്തുകാരനും ചെയ്തതായി തോന്നുന്നില്ല",മേത്ത പറയുന്നു.മേത്തയുടെ എഴുത്തിൽ നിറമുണ്ട്.ആകൃതിയുണ്ട്.കാണുന്നവൻ കാണുന്നതൊക്കെയുണ്ട്.ഈ കാഴ്ചാ വിശേഷങ്ങൾ എവിടന്നു കിട്ടുന്നു എന്ന് അദ്ദേഹം പറയുന്നില്ല."ചരിത്രകാരൻ നെപ്പോളിയനെ കാണാതെ അദ്ദേഹം ധരിച്ച വേഷം പറയുന്നത് പോലെ തന്നെ".

ഓർമ്മയാണ് എഴുത്തിൻറെ ആയുധം.അന്ധൻറെ ഓർമ്മ കൂടുതൽ മൂർച്ചയുള്ളതായിരിക്കും.

പേരുപറയാത്തൊരു നഗരത്തില്‍ അന്ധത മഹാമാരിപോലെ പടരുന്നതിന്റെ കഥയാണ് ഷൂസെ സരമാഗുവിന്റെ 1995ല്‍ പുറത്തുവന്ന 'അന്ധത' (Blindness) എന്ന നോവല്‍. 'അന്ധത'യുടെ തുടർച്ചയായി 2004 ല്‍ 'കാഴ്ച' (Seeing) പുറത്ത് വന്നു. നഗരത്തില്‍ വെളുത്ത അന്ധത എന്ന രോഗം പടരുന്നതോടെ രൂപപ്പെടുന്ന സംഭവങ്ങളാണ് അന്ധതയുടെ പ്രമേയം.

ഒരുപാട് രൂപകങ്ങള്‍ ജ്വലിക്കുന്ന  അന്യാപദേശ കഥയാണ് 'അന്ധത'. ഇതില്ലെ   രോഗാവസ്ഥ, മാനവരാശി എത്തിനില്‍ക്കുന്ന അവസ്ഥാവിശേഷമാകുന്നു. ലോകത്തെ മുഴുവൻ  ബാധിക്കുന്ന വെളുത്ത തിന്മ (white evil). വിപുല മാനങ്ങളുള്ള രൂപകമായി ഇത് വികസിക്കുന്നു. മനുഷ്യര്‍ പാര്‍ക്കുന്ന എല്ലായിടത്തും പടരുന്ന ഒന്ന്. വേഗത്തിലാണ്  വ്യാപിക്കുന്നത്. ക്വാറന്റൈന്‍ കേന്ദ്രം നിറഞ്ഞുകവിയുന്നു. നാടാകെ  വെളുത്ത കാഴ്ചകള്‍ മാത്രമുള്ളവരാകുന്നു. ലോകക്രമവും ധര്‍മ്മനീതികളും  മൂക്കുകുത്തി വീഴുന്നു. ഡോക്ടറുടെ ഭാര്യയ്ക്കു മാത്രമാണ് കാഴ്ചയുള്ളത്. സരമാഗോ ധര്‍മ്മച്യുതിയുയുടെ ആഖ്യാനം നടത്തുമ്പോഴും, പുതിയ ധര്‍മ്മക്രമം രൂപപ്പെടുന്നതായി ‌ശുഭാപ്തി പുലർത്തുന്നു.

സരമാഗോയുടെ ജീവിതത്തിന്റെ നല്ല പങ്കും പോർച്ചുഗൽ ഭരിച്ചിരുന്നത് അന്റോണിയോ ഡി  ഒലിവേറിയ സലാസര്‍ (Antonio de Oliveira Salazar) എന്ന ഏകാധിപതി ആയിരുന്നു. ഹിറ്റ്‌ലറേയും മുസോളിനിയേയും അനുകരിക്കാന്‍ ശ്രമിച്ച ഭരണാധികാരി. അയാളുടെ  വാഴ്ചക്കാലത്ത് ജീവിച്ചിരിക്കേണ്ടി വന്ന എഴുത്തുകാരന്റെ സര്‍ഗ പ്രതികരണമാണ് 'അന്ധത'.

കത്തോലിക്ക സഭയെയും ഏകാധിപത്യ ഭരണകൂടങ്ങളെയും വിമര്‍ശിക്കുന്ന രചനകളാണ് സരമാഗോയുടേത്.വെളുത്ത അന്ധത സമ്മാനിച്ച ലോകത്തെപ്പോലെ തന്നെ പള്ളിയും കാഴ്ചയില്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു. ദൈവവവും പള്ളിയും ഇരകളുടെ വേദനകള്‍ കേള്‍ക്കുകയില്ല.അധികാരമാണ് അന്ധത.


© Ramachandran 



















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...