Wednesday, 18 September 2019

ഇന്ത്യ:ഇതാ മഹിമയാർന്ന ഭൂത കാലം

അന്ധനായ മാർക്‌സ് 16
ന്ത്യയ്ക്ക് മഹിമയാർന്ന ഭൂതകാലം ഉണ്ടായിരുന്നില്ലെന്നും,ചരിത്രമേ ഉണ്ടായിരുന്നില്ലെന്നും മാർക്‌സ് പറഞ്ഞ വിഡ്ഢിത്തത്തിന് മറുപടിയായി,മാർക്‌സിസ്റ്റ് ചരിത്രകാരൻ ഡി ഡി കോസംബി ഇന്ത്യൻ പ്രാചീന ചരിത്രത്തിലെ മഹിമയാർന്ന മൂന്ന് ഘട്ടങ്ങൾ എടുത്തു കാട്ടി:മൗര്യ,ശതവാഹന,ഗുപ്‌ത സാമ്രാജ്യങ്ങൾ.

മാർക്‌സിസ്റ്റ്‌ ചരിത്ര കാരണവരായ കോസംബി (1907 -1966 ) ചരിത്രകാരന് പുറമെ,ഗണിത ശാസ്ത്രജ്ഞനും ഭാഷാ പണ്ഡിതനുമായിരുന്നു.ബുദ്ധമത,പാലി ഭാഷാ പണ്ഡിതനും ഹാർവാഡ് പ്രൊഫസറുമായിരുന്ന ധര്മാനന്ദ്‌ കോസംബി ( 1876 -1947 ) യുടെ മകൻ.മാർക്സിനെ,ലെനിൻഗ്രാഡ് സർവകലാശാലയിൽ പാലി പഠിപ്പിച്ച പിതാവ് വഴിയാണ് കിട്ടിയത്.അച്ഛൻറെ സ്വാധീനത്തിലാണ്,അംബേദ്ക്കർ ബുദ്ധമതത്തിൽ ചേർന്നത്.കോസംബി കുടുംബം,ഗൗഡ സാരസ്വത ബ്രാഹ്മണരായിരുന്നു.ഗാന്ധിയുടെ സുഹൃത്തായിരുന്ന അച്ഛൻ മോസ്‌കോയിൽ നിന്ന് മടങ്ങി ഗുജറാത്ത് സർവകലാശാലയിൽ വേതനം പറ്റാതെ പഠിപ്പിച്ചു.മകൻ ദാമോദർ ജനാധിപത്യ സോഷ്യലിസം എന്ന പേരിൽ നെഹ്‌റു മുതലാളിത്തം പ്രോത്സാഹിപ്പിച്ചതായി വിമർശിച്ചു.ദാമോദറും ആർ എസ് ശർമയും ഡാനിയൽ തോർണറുമാണ്,ഇന്ത്യൻ ചരിത്രത്തിലേക്ക് കര്ഷകരെ കൊണ്ട് വന്നത്.അമേരിക്കയിൽ ജനിച്ച തോർണർ,അമ്പതുകളിൽ ജോസഫ് മക് കാർത്തി ഇടതു പക്ഷത്തെ വേട്ടയാടിയപ്പോൾ,ഇന്ത്യയിൽ എത്തി ആസൂത്രണ കമ്മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.നെഹ്രുവിന്റെ ആസൂത്രണത്തിൽ മാർക്‌സിസ്റ്റ് ഉണ്ടായിരുന്നു എന്നർത്ഥം.
മൗര്യ സാമ്രാജ്യം 
മാർക്‌സിന്റെ വിഢിത്തം പൊളിക്കാൻ,ഇന്ത്യയുടെ മഹദ് പൈതൃകം,ആ മൂന്ന് സാമ്രാജ്യങ്ങളിലേക്ക് പോകാം.

മൗര്യ സാമ്രാജ്യം

ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച മൗര്യ സാമ്രാജ്യം നില നിന്നത്,ക്രിസ്തുവിന് മുൻപ് 322 -180 ലാണ്.പാടലീ പുത്രം ( പാറ്റ്ന ) തലസ്ഥാനമായ സാമ്രാജ്യം,ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നില നിന്ന എക്കാലത്തെയും വലിയ സാമ്രാജ്യമായിരുന്നു.കിഴക്കനേഷ്യയിലെ ഭൂരിഭാഗവും വരുന്ന സാമ്രാജ്യത്തിൻറെ വിസ്‌തൃതി,50 ലക്ഷം ചതുരശ്ര കിലോമീറ്റർ ( 19 ലക്ഷം ചതുരശ്ര മൈൽ ).-അശോകൻ ഭരിച്ച സുവർണ ഘട്ടത്തിൽ.
കൗടില്യൻറെ സഹായത്തോടെ,സൈന്യം രൂപവൽക്കരിച്ചാണ്.,ചന്ദ്ര ഗുപ്തൻ നന്ദ സാമ്രാജ്യത്തെ അട്ടിമറിച്ചത്.അലക്‌സാണ്ടർ ചക്രവർത്തി സ്പർശിക്കാതെ രാജാക്കന്മാരെ കീഴടക്കിയ അദ്ദേഹം,മധ്യ,പശ്ചിമ ഇന്ത്യയിലേക്ക് അധികാരം പടർത്തി.317 ആയപ്പോൾ,വടക്കു പടിഞ്ഞാറൻ ഇന്ത്യ മുഴുവൻ അധീനതയിലായി.സെല്യൂക്കസ് ഒന്നാമനെ തോൽപിച്ച്,സിന്ധു നദിയുടെ പടിഞ്ഞാറൻ മേഖലയും പിടിച്ചു.ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി.വടക്ക് ഹിമാലയം,കിഴക്ക് ആസാം,പടിഞ്ഞാറ് ബലൂചിസ്ഥാൻ,അഫ്ഗാനിസ്ഥാൻ എന്നിവ അതിരുകൾ.ചന്ദ്ര ഗുപ്തനും ബിന്ദുസാരനും അതിനെ മധ്യ,ദക്ഷിണ പ്രദേശത്തു കൂടി വ്യാപിപ്പിച്ചു എങ്കിലും,കലിംഗം ( ഒഡീഷ ) വന്നത്,അശോകൻറെ കാലത്താണ്.അശോകൻറെ ഭരണത്തിന് 50 വർഷത്തിന് ശേഷം,ശുംഗ വംശം വന്നതോടെ,മൗര്യ സാമ്രാജ്യം പതനം കണ്ടു.

ചന്ദ്ര ഗുപ്തൻ ജൈന മതത്തിലും അശോകൻ ബുദ്ധ മതത്തിലും ചേർന്നത്,സാമൂഹ്യ പരിഷ്‌കരണ ഘട്ടങ്ങൾ കൂടി ആയിരുന്നു.അശോകൻ ശ്രീലങ്ക,കിഴക്കനേഷ്യ,പശ്ചിമേഷ്യ,ഉത്തരാഫ്രിക്ക,മെഡിറ്ററേനിയൻ യൂറോപ് എന്നിവിടങ്ങളിലേക്ക് മിഷനറിമാരെ അയച്ചു.
സാമ്രാജ്യത്തിലെ ജനസംഖ്യ ആറു കോടിക്ക് അടുത്തായിരുന്നു.'അർത്ഥശാസ്ത്ര'വും അശോകൻറെ ശിലാ ലിഖിതങ്ങളും ആ സാമ്രാജ്യത്തിൻറെ ഈടു വയ്‌പുകളാണ്.ചന്ദ്ര ഗുപ്തൻ,കൗടില്യ സഹായത്തോടെ,സാമ്രാജ്യം സ്ഥാപിച്ചത്,തക്ഷ ശിലയിൽ ആയിരുന്നു.കൗടില്യൻ ശക്തമായ മഗധയ്ക്ക് പോയപ്പോൾ,രാജാവ് ധന നന്ദൻ അപമാനിച്ചെന്നും അപ്പോൾ കൗടില്യൻ നന്ദ സാമ്രാജ്യത്തെ  നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്‌തെന്നും ആണ് കഥ.അലക്‌സാണ്ടറുടെ സൈന്യം ബിയാസ് നദി കടക്കാതെ,ബാബിലോണിലേക്ക് മടങ്ങി.ഗ്രീക്ക് സൈന്യാധിപരായ യുഡീമസും പെയ്തൊണും 317 വരെ സിന്ധു തടം ഭരിച്ചു.ഈ ഗ്രീക്ക് ഗവർണർമാരെ തുരത്തി,മഗധ പിടിച്ച് ചന്ദ്ര ഗുപ്തൻ തലസ്ഥാനമാക്കി.വിശാഖ ദത്തൻറെ സംസ്‌കൃത നാടകമായ 'മുദ്രാ രാക്ഷസ'ത്തിൽ,ചന്ദ്ര ഗുപ്തനെ നന്ദ കുടുംബത്തിൽ പെട്ടതായി ചിത്രീകരിക്കുന്നു.'മൗര്യ' എന്നൊരു ക്ഷത്രിയ ഗോത്രത്തെ പ്രാചീന ബുദ്ധ ഗ്രന്ഥമായ 'മഹാ പരിബാണ സൂത്ര'ത്തിൽ പരാമർശിക്കുന്നു.പ്ലൂട്ടാർക്കിൻറെ ചരിത്രത്തിൽ അലക്‌സാണ്ടറും ചന്ദ്ര ഗുപ്തനും കാണുന്നുണ്ട്.ഹിമാലയ രാജാവായ പർവതകനുമായി ( Porus ) ചന്ദ്ര ഗുപ്തൻ സഖ്യത്തിൽ ഏർപ്പെട്ടതായി,'മുദ്രാ രാക്ഷസ'ത്തിലും ജൈന ഗ്രന്ഥമായ 'പരിശിഷ്ട പർവ'ത്തിലും പറയുന്നു.ഈ സഖ്യമാകട്ടെ,ഗ്രീക്കുകാരും പേർഷ്യക്കാരും ബാക്ട്രിയക്കാരും സ്കിത്തിയാക്കാരുമൊക്കെ ഉൾപ്പെട്ട ഒരു സൈന്യം കെട്ടിപ്പടുത്താണ്,പാടലീപുത്രം പിടിച്ചത്.
കുമ്രാഹാർ കൊട്ടാരത്തിൻറെ ശിഷ്ട തൂൺ 
സെല്യൂക്കസ് ഒന്നാമൻറെ സ്ഥാനപതി ആയി ചന്ദ്ര ഗുപ്തൻറെ പാടലീപുത്രം കൊട്ടാരത്തിൽ ഉണ്ടായിരുന്ന മെഗസ്തനീസ് അന്നത്തെ ഭരണം,'ഇൻഡിക്ക'യിൽ വിവരിക്കുന്നു.ഇന്നത്തെ ഖാണ്ഡഹാറിനടുത്ത് താമസിച്ചാണ്,മെഗസ്തനീസ് പാടലീപുത്രത്തിൽ എത്തിയത്.64 കവാടങ്ങളും 570 ഗോപുരങ്ങളും ഉള്ളതായിരുന്നു,കൊട്ടാരം.

ബിന്ദുസാരൻറെ കാലത്ത്,മൗര്യ സാമ്രാജ്യം തെക്കേ ഇന്ത്യയിലേക്ക് വ്യാപിച്ചതായി സംഘകാല കവി മാമൂലനാർ വിവരിക്കുന്നു.ചന്ദ്രഗുപ്തൻ സിംഹാസനം വെടിഞ്ഞ് ജൈനാചാര്യൻ ഭദ്ര ബാഹുവിൻറെ അനുയായി ആയി,ശ്രാവണബല ഗോളയിൽ സന്യാസിയായി വസിച്ചു.ഉപവസിച്ചു മരിച്ചു -ജൈന പാരമ്പര്യത്തിൽ,സല്ലേഖനം;തിരുവിതാംകൂറിൽ,പ്രായോപവേശം.
ചന്ദ്രഗുപ്തൻറെയും ദുർധരയുടെയും മകനാണ് ബിന്ദുസാരൻ.297 നടുത്താണ് സിംഹാസനമേറിയത്.22 വയസ്.സാമ്രാജ്യം കർണാടകം വരെ എത്തി.പുതുതായി 16 രാജ്യങ്ങൾ കീഴടക്കി.തമിഴ് രാജ്യങ്ങൾ തൊട്ടില്ല.ബിന്ദുസാരൻറെ കാലത്തും കൗടില്യൻ പ്രധാന മന്ത്രി ആയിരുന്നു.

മധ്യ കാല തിബത്തൻ പണ്ഡിതൻ താരാനാഥന്റെ വിവരണത്തിൽ ബിന്ദുസാരനുണ്ട്.ബിന്ദുസാരൻറെ മൂത്തമകൻ സുഷിമന്റെ ദുർ ഭരണത്തിൽ ക്ഷുഭിതരായി,തക്ഷശിലയിലെ ജനം കലാപം നടത്തി.ബിന്ദുസാരൻറെ സദസിൽ ഗ്രീക്ക് ചക്രവർത്തി അന്തോഖ്യസ്‌ ഒന്നാമൻറെ സ്ഥാനപതി ഡെമക്കസ് ആയിരുന്നു.ഗ്രീക്ക് എഴുത്തുകാരൻ ജംബുലസ് അന്ന് പാടലീപുത്രത്തിൽ എത്തി.സൂര്യ ദ്വീപിലെ അന്തേവാസികളെപ്പറ്റി നോവലെഴുതിയ വണികനാണ് ജംബുലസ്.ഈജിപ്ഷ്യൻ രാജാവ് ഫിലാഡൽഫസ്,സ്ഥാനപതി ആയി ഡയനീഷ്യസിനെ അയച്ചു.

ചന്ദ്രഗുപ്തൻ ജൈനമതത്തിൽ ചേർന്ന പോലെ,ബിന്ദുസാരൻ,അജീവിക മതത്തിൽ ചേർന്നു.ക്രിസ്തുവിന് മുൻപ് അഞ്ചാം നൂറ്റാണ്ടിൽ മഖാലി ഗോസാല സ്ഥാപിച്ച നാസ്തിക മതം.ആദ്യകാല ബുദ്ധമതത്തിനും ജൈനമതത്തിനും എതിരായി വന്ന ശ്രമണ പ്രസ്ഥാനം.ബിന്ദുസാരൻറെ ഗുരു,പിംഗള വത്സൻ,ബ്രാഹ്മണനായിരുന്നു.-അജീവിക മത വിശ്വാസി.ബിന്ദുസാരൻറെ ഭാര്യ സുഭദ്രാംഗിയും ബ്രാഹ്മണ സ്ത്രീ ആയിരുന്നു -അജീവിക മത വിശ്വാസി.ഇന്നത്തെ ഭഗൽപൂർ ജില്ലയായ അന്നത്തെ ചമ്പക്കാരി.ബ്രാഹ്മണാശ്രമങ്ങൾക്ക് ബിന്ദുസാരൻ സംഭാവന നൽകി.273 -272 ൽ മരിച്ചു.നാലു വർഷത്തെ പിൻഗാമി തർക്കത്തിനൊടുവിൽ മകൻ അശോകൻ ചക്രവർത്തി ആയി.
ഭദ്ര ബാഹു ഗുഹ 
അശോകൻറെ കലിംഗ യുദ്ധത്തിൽ,ഒരു ലക്ഷം സൈനികരും പൗരന്മാരും കൊല്ലപ്പെട്ടെന്നാണ് കണക്ക്.വേട്ട,മൃഗങ്ങളോട് ക്രൂരത,നിര്ബന്ധ അടിമത്തം എന്നിവ നിരോധിച്ചു അഹിംസ നടപ്പാക്കി.ഏഷ്യയിലെയും യൂറോപ്പിലെയും അയൽ രാജ്യങ്ങളുമായി,നല്ല ബന്ധം സൂക്ഷിച്ചു.പൊതുമരാമത്ത് പണി രാജ്യമാകെ നടത്തി.40 വർഷത്തെ സമാധാന ഭരണം,ആധുനിക ഇന്ത്യയ്ക്ക് പ്രചോദനമേകി.അഫ്ഗാനിസ്ഥാൻ മുതൽ ആന്ധ്രയിലെ നെല്ലൂർ വരെ,അശോകൻറെ ശിലാശാസനങ്ങളുണ്ട്.അതനുസരിച്ച് ഗ്രീസ് '600 യോജന' അകലെ.ഒരു 'യോജന' ഏഴു മൈൽ.ഇന്ത്യയുടെ നടുവിൽ നിന്ന് ഗ്രീസിലേക്ക് 4000 മൈൽപാടലീപുത്രം തലസ്ഥാനമായി,സാമ്രാജ്യം നാല് പ്രവിശ്യകൾ ആയി തിരിച്ചിരുന്നു.ഇവയുടെ തലസ്ഥാനങ്ങൾ,തോസലി ( ഒഡീഷ -കിഴക്ക് ൦,ഉജ്ജയിനി ( പടിഞ്ഞാറ് ),സുവർണ ഗിരി ( കർണാടകയിലെ കൊപ്പൽ -തെക്ക് ),തക്ഷശില ( റാവൽപിണ്ടി -വടക്ക് ).പ്രവിശ്യാ ഭരണം രാജകുമാരന്.കുമാരനെ മന്ത്രിസഭ സഹായിച്ചു.കേന്ദ്രത്തിൽ ഇവയെ ചക്രവർത്തിയും മന്ത്രി പരിഷത്തും ഏകോപിപ്പിച്ചു.ഈ ക്രമീകരണം,കൗടില്യൻറെ 'അർത്ഥ ശാസ്ത്രം' ആധാരമാക്കി ആയിരുന്നു.പട്ടണ ആരോഗ്യ പരിരക്ഷ മുതൽ രാജ്യാന്തര വാണിജ്യം വരെ,ഉദ്യോഗസ്ഥ വൃന്ദം നിയന്ത്രിച്ചു.ലോകത്തിലെ ഏറ്റവും വലിയ സൈന്യമായിരുന്നു ആറു ലക്ഷം കാലാൾപ്പട,30,000 കവചിത സേന,8000 രഥം,9000 ആന.
ബീഹാർ ബാരാബർ ഗുഹ 
കേന്ദ്ര ഭരണത്തിന് കീഴിൽ അർത്ഥശാസ്ത്രം നിർദേശിച്ച പോലെ,ന്യായമായ നികുതി.രാജ്യമൊട്ടാകെ ഒരേ കറൻസി.കച്ചവടക്കാർക്കും കൃഷിക്കാർക്കും സുരക്ഷിതത്വം പകർന്ന്,പ്രാദേശിക ഗവർണർമാരുടെയും ഉദ്യോഗസ്ഥരുടെയും ശൃംഖല.ഉൽപാദനം കൂട്ടാൻ പൊതുമരാമത്ത്,ജല സേചനം.രാഷ്ട്രീയ ഐക്യവും സമാധാനവും ആഭ്യന്തര വാണിജ്യം വളർത്തി.ഇന്ത്യ -ഗ്രീക്ക് ഉടമ്പടി അശോകൻറെ കാലത്തുണ്ടായി;ഖൈബർ ചുരമായിരുന്നു വാണിജ്യ താവളം.ഗ്രീക്ക് രാജ്യങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളും ആയിരുന്നു,വാണിജ്യ പങ്കാളികൾ.മലയ ഉപദ്വീപ് വഴി,തെക്കു കിഴക്കൻ ഏഷ്യയുമായി,വാണിജ്യം വികസിച്ചു.തുണിയും സുഗന്ധ വ്യഞ്ജനങ്ങളും ഭക്ഷ്യ വസ്‌തുക്കളും ആയിരുന്നു,കയറ്റുമതി.ലോകം,പുത്തൻ ശാസ്ത്ര,സാങ്കേതിക ജ്ഞാനവുമായി ബന്ധപ്പെട്ടു.റോഡുകൾ,ജല പാതകൾ,കനാലുകൾ,ആതുരാലയങ്ങൾ,സത്രങ്ങൾ എന്നിവയുണ്ടായി.നികുതിയും വിള ശേഖരണവും സംബന്ധിച്ച കർക്കശ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെ,ഉൽപാദനവും കച്ചവടവും കൂടി.നൂറ്റാണ്ടുകൾ കഴിഞ്ഞാണ്,റോമാ സാമ്രാജ്യം ഈ നില കൈവരിച്ചത്.

പാറ്റ്ന റയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ കിഴക്ക് ഖനനം ചെയ്തെടുത്ത കുമ്രാഹാർ ആണ് അക്ക;അക്കാലത്തെ വലിയ സ്‌മാരകം -പഴയ കൊട്ടാരം.സാഞ്ചി,ബാർഹുട്ട് ( സത്ന,മധ്യപ്രദേശ് ),അമരാവതി,ബോധ് ഗയ,നാഗാർജുന കൊണ്ട എന്നിവിടങ്ങളിൽ സ്‌തൂപങ്ങളുണ്ട്.

ശതവാഹന സാമ്രാജ്യം

ഡക്കാനിൽ ബി സി ഒന്നാം നൂറ്റാണ്ട് മുതൽ എ ഡി രണ്ടാം നൂറ്റാണ്ട് വരെ നില നിന്നതാണ്,ഇത്.ബി സി മൂന്നാം ശതകവും തുടക്കമായി കാണുന്നവരുണ്ട്.തെലങ്കാന,ആന്ധ്ര,മഹാരാഷ്ട്ര എന്നിവ ചേർന്ന മേഖല.ഇന്നത്തെ ഗുജറാത്ത്,മധ്യപ്രദേശ്,കർണാടക മേഖലയിലേക്കും ചില ഘട്ടങ്ങളിൽ പടർന്നു.ഇന്നത്തെ ഔറംഗ ബാദ് അന്നത്തെ പ്രതിഷ്ഠാനവും ആന്ധ്രയിലെ അമരാവതിയും ( ധരണിക്കോട്ട ) തലസ്ഥാനങ്ങളായി.

ശുംഗ വംശത്തിന് ശേഷം വന്ന ബ്രാഹ്മണ രാജ വംശമായ കൺവമാരെ അട്ടിമറിച്ചാണ്,ശതവാഹനർ വന്നതെന്ന് കരുതുന്നു.ഗൗതമീ പുത്ര ശതകർണി,പിൻഗാമി വസിഷ്ഠ പുത്ര പുലമാവി എന്നിവരുടെ കാലത്ത് സാമ്രാജ്യം കൊടുമുടിയിൽ എത്തി.രാജാക്കന്മാരുടെ ചിത്രം മുദ്രണം ചെയ്‌ത നാണയങ്ങൾ ഇന്ത്യയിൽ ഇറക്കിയത്,ശതവാഹനരാണ്.ഗംഗാ സമതലത്തിൽ നിന്ന് രാജ്യത്തിൻറെ തെക്കേ അറ്റത്തേക്ക് സാംസ്‌കാരിക വിനിമയവും കച്ചവടവും നടന്നു;ഹിന്ദു,ബുദ്ധ മതങ്ങളെ തുണച്ചു.

ഏറ്റവും പഴയ ശതവാഹന ലിഖിതങ്ങൾ നാസിക്കിലെ പാണ്ഡവലേനി ഗുഹയിലാണ്.ബി സി 100 -70 ൽ കൻഹൻറെ ഭരണ കാലത്തെത്താണ്.ശതകർണി ഒന്നാമൻറെ വിധവ നയനികയുടേതാണ്,നാനേ ഘട്ടിലേത് .പശ്ചിമ ഘട്ടത്തിൽ,കൊങ്കൺ തീരത്തിനും പ്രാചീന നഗരമായ ജൂനാറിനും ഇടയ്ക്കാണ് ഈ ചുരം.ശതകർണി രണ്ടാമൻറെ കാലത്തേത്,സാഞ്ചിയിൽ.പാണ്ഡവ ലേനി ലിഖിതത്തിൽ,മഹാ -മാത്ര ( ചുമതലക്കാരൻ ) കാണുന്നതിനാൽ,ശതവാഹനർ,മൗര്യ ഭരണ മാതൃക പിന്തുടർന്നതായി കരുതുന്നു.ശതവാഹനരെ 'ആന്ധ്രക്കാർ'എന്ന് വിളിച്ചതിനെപ്പറ്റി പാഠഭേദങ്ങളുണ്ട്.പുണെയിലെ ഭണ്ഡാർക്കർ ഇൻസ്റ്റിട്യൂട്ട് ഇറക്കിയ 'മഹാഭാരത'ത്തിൻറെ എഡിറ്ററും സംസ്‌കൃത പണ്ഡിതനുമായ വി എസ് സുഖ് ത്താങ്കർ,ശതവാഹന മൂല സ്ഥാനം ബെല്ലാരിയാണെന്ന് വാദിച്ചു.നാനേ ഘട്ടിലെ പട്ടികയിൽ,ആദ്യ ശതവാഹന രാജാവ്,വിമുകൻ ആണ്.ശിശുക,സിന്ധുക,ചിസ്‌മക,ഷിപ്രക എന്നിങ്ങനെ നാമഭേദങ്ങൾ കാണാം.
കൻഹൻറെ നാസിക് ഗുഹ 
മെഗസ്തനീസിൻറെ 'ഇൻഡിക്ക'യിൽ,ഒരു ലക്ഷം പേരുടെ കാലാൾപ്പടയുള്ള 'ആന്ദ്രേ'എന്ന ഗോത്രത്തെപ്പറ്റി പറയുന്നു.വിമുക സഹോദരനാണ്,കൻഹൻ.കൃഷ്ണൻ എന്നും പേര്.ഇദ്ദേഹം പടിഞ്ഞാറ് നാസിക് വരെയും,പിൻഗാമി ശതകർണി ഒന്നാമൻ മാൾവ,നർമദ തടം,വിദർഭ വരെയും സാമ്രാജ്യം വളർത്തി.ശതകർണി,അശ്വമേധ,രാജസൂയ യാഗങ്ങൾ നടത്തി.ബുദ്ധ മതക്കാരെ വിട്ട് ബ്രാഹ്മണരെ സംരക്ഷിച്ചു.ശതകർണി രണ്ടാമൻ 56 വർഷം ഭരിച്ചു.പിൻഗാമി ലംബോദരന് ശേഷം,മകൻ അപിലക വന്നു.അക്കാലത്തെ നാണയങ്ങൾ കിഴക്കൻ മധ്യ പ്രദേശിൽ നിന്ന് കിട്ടി.അടുത്ത പ്രമുഖ രാജാവ് ഹാലൻ,'ഗാഹ സത്തസായ്' എന്ന പ്രയകവിതാ സമാഹാരം പ്രാകൃത ഭാഷയിൽ രചിച്ചു.

ഗൗതമീപുത്ര ശതകർണി,ക്ഷയിച്ച ശതവാഹന ശക്തി വീണ്ടെടുത്തു ( 103 -127 ).അദ്ദേഹത്തിൻറെ അവസാന കാലത്ത്,അമ്മ ബാലശ്രീ ഭരിച്ചു.പാണ്ഡവ ലേനി ഗുഹയിൽ,ഇവരുടെ ലിഖിതമുണ്ട്.ഗൗതമീ പുത്രൻറെ മകൻ വസിഷ്ഠ പുത്ര പുലമാവിയുടെ ( 96 -119 ) പേര് പല ലിഖിതങ്ങളിലുമുണ്ട്.അക്കാലത്തെ പായ്ക്കപ്പലിൻറെ ചിത്രം കൊത്തിയ നാണയങ്ങൾ,നാവിക ശക്തിയെയും കടൽ വഴിയുള്ള കച്ചവടത്തെയും സൂചിപ്പിക്കുന്നു.പുലമാവിയുടെ പിൻഗാമി സഹോദരൻ വസിഷ്ഠ പുത്ര ശതകർണി,ജുനഗഡിലെ രാജാവ് രുദ്ര ധമൻ ഒന്നാമൻറെ മകളെ പരിണയിച്ചു.അവസാന ശതവാഹന രാജാവ് ശ്രീയജ്ഞ ശതകർണി ( 170 -199 ) യുടെ കാലത്ത്,ഭരണം
ക്ഷയിച്ചു.താമസിയാതെ സാമ്രാജ്യം അഞ്ചായി വിഘടിച്ചു.

ശതവാഹന ലിഖിതങ്ങൾ മൂന്നു തരം ജനപദങ്ങളെ വിവരിക്കുന്നു:നഗര,നിഗമ ( ചന്ത ),  ഗമ ( ഗ്രാമം ).ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിനപ്പുറവും ചരക്ക് കയറ്റുമതി നടന്നു.നദീ തടങ്ങളിൽ പട്ടണങ്ങൾ ഉയർന്നു.വനം വെട്ടിയും ജലസംഭരണികൾ പണിതും കൃഷി സ്ഥലങ്ങൾ വിസ്‌തൃതമാക്കി.ഇക്കാലത്തെ പിഞ്ഞാണപാത്രങ്ങൾ ഖനനം വഴി കിട്ടി.റോമാ സാമ്രാജ്യവുമായി കടൽ വഴി കച്ചവടം നടന്നു.പ്രതിഷ്ഠാന,ടാഗാര എന്നീ ശതവാഹന വാണിജ്യ കേന്ദ്രങ്ങൾ പെരിപ്ലസ് പരാമർശിക്കുന്നുണ്ട്.കൊണ്ടപ്പുർ,ബനവാസി,മാധവ്പുർ എന്നിവയും നഗര കേന്ദ്രങ്ങൾ ആയിരുന്നു.നാനേ ഘട്ട്,പ്രതിഷ്ഠാനത്തെ കടലുമായി ബന്ധിപ്പിച്ചു.

ഹലന്റെ മന്ത്രി ഗുണാഢ്യൻ പൈശാചി ഭാഷയിൽ എഴുതിയ 'ബ്രിഹദ് കഥ'യിൽ നിന്നാണ്,സംസ്‌കൃതത്തിൽ 'കഥാ സരിത്സാഗരം' ഉണ്ടായത്.കല്ലിലും ലോഹത്തിലും കൊത്തിയ നിരവധി ശിൽപങ്ങളും സ്‌തൂപങ്ങളും ശതവാഹന കാലത്തു നിന്ന് നില നിൽക്കുന്നു;അജന്തയിലെ ചിത്രങ്ങൾ അക്കാലത്തേതാണ്.

ഗുപ്‌ത സാമ്രാജ്യം

ഇന്ത്യയ്ക്ക്  സുവര്ണകാലം നൽകിയ ഗുപ്തസാമ്രാജ്യം നില നിന്നത്,എ ഡി മൂന്നാം നൂറ്റാണ്ട് മദ്ധ്യം മുതൽ 543 വരെ നിലനിന്നു  319 -543 ഉച്ച ഘട്ടം..ഇന്ത്യൻ ഉപഭൂഖണ്ഡം,മുഴുവൻ വ്യാപിച്ച സാമ്രാജ്യം സ്ഥാപിച്ചത്,ശ്രീഗുപ്തൻ. പ്രധാന ഭരണാധികാരികൾ ചന്ദ്ര ഗുപ്തൻ ഒന്നാമൻ,സമുദ്ര ഗുപ്തൻ,ചന്ദ്ര ഗുപ്തൻ രണ്ടാമൻ 21 രാജ്യങ്ങൾ ഗുപ്തന്മാർ കീഴടക്കിയെന്ന് കവി കാളിദാസൻ രേഖപ്പെടുത്തുന്നു.

ചന്ദ്ര ഗുപ്തൻ രണ്ടാമന്റേത് സാംസ്‌കാരിക മുന്നേറ്റ കാലമായിരുന്നു.ഇക്കാലത്ത് രാമായണവും മഹാഭാരതവും ഉണ്ടായി.കാളിദാസൻ,ആര്യഭടൻ,വരാഹ മിഹിരൻ,വിഷ്‌ണു ശർമ,വാൽസ്യായനൻ തുടങ്ങിയ പ്രതിഭകൾ ജീവിച്ചു.ശാസ്ത്രവും രാഷ്ട്ര ഭരണവും ഉന്നതിയിൽ എത്തി.ഇന്ത്യയ്ക്കും പുറത്തും പിൽക്കാല വാസ്‌തു ശിൽപ,ചിത്ര കലകൾക്ക് വലിയ മാതൃകകൾ ഉണ്ടായി.ബർമ,ശ്രീലങ്ക,തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളുമായി ഉറച്ച വാണിജ്യ ബന്ധം നില നിന്നു.വാമൊഴിക്ക് ലിഖിത രൂപം വന്നു.മധ്യേഷ്യയിൽ നിന്ന് ഹൂണന്മാർ ആക്രമിച്ചായിരുന്നു,പതനം.ഗുപ്തന്മാരുടെ ചെറിയ ശാഖ മഗധ തുടർന്നും ഭരിച്ചു;അവരെ വർദ്ധമാന ഹർഷൻ ഏഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ അട്ടിമറിച്ചു.
ദശാവതാര ക്ഷേത്രം 
വൈശ്യരായിരുന്നു ഗുപ്തന്മാർ.ചാതുർ വർണ്യത്തെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളെ ലംഘിക്കുന്ന യാഥാർഥ്യം.ഡക്കാനിൽ നിന്ന് പിറവിയെടുത്ത് ഗുജറാത്തിലെ മാൾവ വരെ വ്യാപിച്ച വാകടക സാമ്രാജ്യവുമായി ഗുപ്തർക്ക് വിവാഹ ബന്ധം ഉണ്ടായിരുന്നത് വച്ച്,അശ്വിനി അഗർവാൾ Rise and Fall of the Imperial Guptas ( 1989 ) എന്ന പുസ്തകത്തിൽ,ഗുപ്തർ ബ്രാഹ്മണർ ആയിരിക്കാമെന്ന് വാദിച്ചു.എന്നാൽ,പാഞ്ചോഭ് ചെമ്പ് ലിഖിതത്തിൽ,ഗുപ്തർ തന്നെ തങ്ങൾ വൈശ്യരെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

പ്രയാഗ ( അലഹബാദ് ),മുർഷിദാബാദ് ( ബംഗാൾ ),മഗധ ( ബീഹാർ ) എന്നിങ്ങനെ ഗുപ്ത സാമ്രാജ്യത്തിൻറെ ജന്മദേശത്തെപ്പറ്റി വാദങ്ങൾ പലതാണ്.ചന്ദ്ര ഗുപ്തൻ ഒന്നാമൻ 320 -335,സമുദ്ര ഗുപ്തൻ 335 മുതൽ 45 വർഷം.ചരിത്രകാരൻ വിൻസൻറ് സ്മിത്ത്,സമുദ്ര ഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിളിച്ചു.20 രാജ്യം വെട്ടിപ്പിടിച്ചു.അശ്വമേധവും നടത്തി.ആ കുതിരയുടെ ശിൽപം ലക്‌നൗ മ്യൂസിയത്തിലുണ്ട്.അലഹാബാദിലെ അക്ബർ കോട്ടയിലെ അശോക സ്‌തൂപത്തിൽ,സമുദ്ര ഗുപ്ത പ്രശസ്തി കൊത്തിയിട്ടുണ്ട്.കവിയും സംഗീതജ്ഞനും ആയിരുന്ന സമുദ്ര ഗുപ്തൻറെ സദസിൽ ഉണ്ടായിരുന്നവരാണ്,ഹരിസേന,വസു ബന്ധു,അർദ്ധ സഹോദരൻ അസംഗൻ എന്നിവർ.യോഗ പ്രയോക്താവായ അസംഗൻ,അഭീധർമ തത്വ ചിന്തയുടെ പ്രണേതാവായിരുന്നു.ഹിന്ദുമതാനുയായി ആയ സമുദ്ര ഗുപ്തൻ വിഷ്ണുവിനെ ആരാധിച്ചു.ബോധഗയയിൽ,ശ്രീലങ്കയിലെ ബുദ്ധ രാജാവ് സിരി മേഘ വണ്ണന്  വിഹാരം പണിയാൻ അനുവാദം കൊടുത്തു.ബോധിവൃക്ഷത്തിന് അദ്ദേഹം സ്വർണം കൊണ്ട് വേലി തീർത്തു.
സമുദ്ര ഗുപ്ത നാണയം 
സമുദ്ര ഗുപ്തൻറെ മകൻ ചന്ദ്ര ഗുപ്തൻ രണ്ടാമനാണ്,വിക്രമാദിത്യൻ,375 -415. ഭാര്യ കുബേർ നാഗ കുന്തള രാജകുമാരി.മകൾ പ്രഭാവതിയെ  ഡക്കാനിലെ വകടക രാജാവ് രുദ്ര സേനൻ പരിണയിച്ചു.സമുദ്ര ഗുപ്തൻ രാജ്യം വിസ്‌തൃതമാക്കി,ഉജ്ജയിനി രണ്ടാം തലസ്ഥാനം ആക്കിയിരുന്നു.ദിയോഗഡ്  ദശാവതാര ക്ഷേത്രത്തിലെ കലാരൂപങ്ങൾക്കും സാഹിത്യത്തിനും വിക്രമാദിത്യൻ അറിയപ്പെടുന്നു.കാളിദാസനുൾപ്പെടെ ഒൻപത് പണ്ഡിതർ,നവരത്നങ്ങൾ ആ സദസിൽ ഉണ്ടായിരുന്നു.കാളിദാസൻറെ എഴുത്തിലും കശ്മീർ എഴുത്തുകാരൻ ക്ഷേമേന്ദ്രൻറെ 'ബൃഹദ് കഥാ മഞ്ജരി'യിലും വിക്രമാദിത്യ യുദ്ധ മുന്നേറ്റങ്ങളുണ്ട്.ചൈനീസ് ബുദ്ധമത സഞ്ചാരി ഫാഹിയാൻ 405 -411 ൽ ഇന്ത്യയിൽ താമസിച്ച് ഗുപ്ത സാമ്രാജ്യ ഭരണം വിവരിച്ചു.ഹൻ വംശത്തിനൊപ്പം ചൈനയും റോമും തമ്മിലെ കച്ചവട അച്ചുതണ്ട് കരുത്താർജിച്ചതിന് സമാന്തരമായി,ഗുപ്ത സാമ്രാജ്യവും സമൃദ്ധിയിൽ നില കൊണ്ടു.ഹൂണരുടെ ആക്രമണം,ഇന്ത്യ -റോം വാണിജ്യ ബന്ധത്തെ തകർത്തു.സിൽക്ക്,തോൽ,രോമം,ഇരുമ്പ്,ദന്തം,മുത്ത് ഉൽപന്നങ്ങളും കുരുമുളകും നാസിക്,പാടലീപുത്രം,പൈതൻ,കാശി എന്നിവിടങ്ങളിൽ നിന്ന് കയറ്റുമതി ചെയ്‌തു.ഇതിൽ നിന്നുള്ള നികുതിയെ ആക്രമണം ബാധിച്ചു.ശൈവ മതക്കാരനായ മിഹിര കുലൻ,ബുദ്ധ വിഹാരങ്ങൾ തകർത്തു.സന്യാസിമാരെ കൊന്നൊടുക്കി.ബുദ്ധമതം പതനത്തിലെത്തി.തക്ഷ ശില,ചിന്നി ചിതറി.60 കൊല്ലത്തെ ഹൂണ ഭരണം ചാതുർ വർണ്യത്തിന് പരുക്കേൽപിച്ചു.രജപുത്ര മുൻഗാമികൾ ഇവർ എന്ന് വിശ്വാസമുണ്ട്.

സുഘടിത ഭരണം ഗുപ്ത കാലത്തുണ്ടായി.26 പ്രവിശ്യ.ഇവ 'വിഷയ'ആയി വിഭജിച്ച് ഓരോന്നും വിഷയ പതി ഭരിച്ചു.അദ്ദേഹത്തിന് 'അധികാരണ ' എന്ന പ്രതിനിധി സഭ ഉണ്ടായിരുന്നു.പ്രതിനിധികൾ നാല്-നഗര ശ്രേഷ്ഠി,സാർത്ഥ വാഹൻ,പ്രഥമ കുലികൻ,പ്രഥമ കായസ്ഥൻ.'വിഷയ'ഭാഗമായിരുന്നു,'വീഥി'.
കുമാരഗുപ്തനാണ് ( 414 -455 ) നളന്ദ സർവകലാശാല സ്ഥാപിച്ചത്.'സുശ്രുത സംഹിത' ഗുപ്ത കാലത്തേതാണ്.ചതുരംഗം,ഇന്ത്യൻ അക്കങ്ങൾ,'കാമസൂത്രം ' എന്നിവ ഉണ്ടായി.ഭൂമി ഉരുണ്ടതാണെന്നും ആര്യഭടൻ പ്രഖ്യാപിച്ചു.

ഗുപ്ത കാലത്തു നിന്ന് അവശേഷിക്കുന്ന കലാരൂപങ്ങൾ മതാത്മകങ്ങളാണ്.ഹിന്ദു,ബുദ്ധ,ജൈന മതങ്ങൾക്ക്,ശിലാ വിഗ്രഹങ്ങൾ ഉണ്ടായി.മഥുരയും ഗാന്ധാരവും ശിൽപ കലാ കേന്ദ്രങ്ങളായി.രാജാക്കന്മാരുടെ മുദ്ര കലകളിൽ പതിഞ്ഞില്ല.അജന്ത,എല്ലോറ.എലഫന്റ കലാ രൂപങ്ങളുടെ മാതൃക ഗുപ്ത കാലത്തു നിന്നാണ്.മധ്യ പ്രദേശിൽ വിദിശയ്ക്ക് അടുത്ത ഉദയഗിരി ഗുഹാ ചിത്രങ്ങൾ,അഞ്ചാം നൂറ്റാണ്ടിലേതാണ്;ഉത്തർപ്രദേശിൽ ദിയോഗഡിലെ ദശാവതാര ക്ഷേത്രമാണ്,മികച്ച സ്‌മാരകം.

മാർക്‌സ് അന്ധൻ എന്നതിൽ ഇനി തർക്കമുണ്ടോ ?
--------------------------------------
Reference:
John Keay/India,A History,R C Majumdar/Ancient History,Vidya Dhar Mahajan/ A History of India,H C Roychaudhuri/ Political History of Ancient India,Romila Thapar/ Early India: from the Origins to AD 1300,Burton Sten/A History of India,Radhakumar Mookerji/ Chadragupta Maurya and his Times,A L Basham/ History and Doctrine of Ajivikas,DD Kosambi/An Intruduction to the Study of Indian History,Carla Sinopoli/ On the Edge of the Empire,S Chattopadhyaya/ Some Early Dynasties of South India,SN Sen/ Ancient Indian History and Civiliszation,Upinder Singh/ A History of Ancient and Early Medieval India.

See https://hamletram.blogspot.com/2019/09/blog-post_18.html


ഹിന്ദു:അർത്ഥവും അർത്ഥ ശാസ്ത്രവും

അന്ധനായ മാർക്‌സ് 15 

പ്രാഗ് ഗ്രാമ സമൂഹങ്ങളിൽ നില നിന്ന ഒന്നാണ് ഹിന്ദു മതം എന്ന് മാർക്‌സ് കാണുന്നു.അദ്ദേഹത്തിന് അത് നാടൻ മതം മാത്രമാണ്.ആ സമൂഹത്തിലെ ഒരു ചുമതലക്കാരൻ മാത്രമാണ് ബ്രാഹ്മണൻ.

'ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം' എന്ന ലേഖനത്തിൽ പറയുന്നു:

"അതിർത്തി കാവലാൾ ഗ്രാമത്തിന് അതിരുകൾ നിശ്ചയിക്കുന്നു.തർക്കങ്ങളിൽ ആവശ്യമായ തെളിവ് നൽകുന്നു.കുളങ്ങളുടെയും മറ്റ് ജലാശയങ്ങളുടെയും മേൽനോട്ടക്കാരൻ കൃഷിക്ക് ജലവിതരണം ചെയ്യുന്നു.ബ്രാഹ്മണൻ ഗ്രാമത്തിൽ ആരാധന നടത്തുന്നു.അധ്യാപകൻ കുട്ടികളെ വായിക്കാനും മണ്ണിൽ എഴുതാനും പഠിപ്പിക്കുന്നു.കലണ്ടർ ബ്രാഹ്മണൻ അഥവാ ജ്യോതിഷി തുടങ്ങിയവരും സേവകരും ഗ്രാമത്തിലെ പൊതു സംവിധാനം നിർണയിക്കുന്നു....അനാദി കാലം മുതൽ,രാജ്യത്തെ ജനം ജീവിച്ചത്,ഈ ലളിതമായ ഈ നഗര ഭരണകൂട രൂപത്തിനുള്ളിലാണ്."

'കലണ്ടർ ബ്രാഹ്മണൻ' എന്ന പ്രയോഗത്തിൽ നിന്ന് ഇന്ത്യയെ പുച്ഛത്തോടെ കാണുന്ന ഉറവിടത്തെയാണ് ആശ്രയിച്ചത് എന്ന് വ്യക്തം.ജ്യോതിഷി ബ്രാഹ്മണൻ ആയിരിക്കണം എന്ന് നിർബന്ധമില്ല.ബ്രാഹ്മണന് മാർക്‌സ് നൽകുന്ന തൊഴിൽ വിഭജനം,ഗ്രാമ പൂജാരിയുടേത്.'മനുസ്‌മൃതി' വായിച്ച മാർക്‌സ്,ബ്രാഹ്മണനായ മനുവിനെ പ്രാചീന നിയമസംഹിതാകാരൻ എന്ന നിലയിൽ അറിയാമായിരുന്നിട്ടും രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ല.സർ ചാൾസ് വുഡിനെ ആധുനിക മനു എന്ന് വിശേഷിപ്പിച്ച മാർക്‌സ്,'മനുസ്‌മൃതി യെപ്പറ്റി എംഗൽസിനുള്ള ഒരു കത്തിൽ പറയുന്നുണ്ട് വിഗ് കക്ഷി നേതാവും എം പി യും ആയിരുന്ന വുഡ് ( 1800 -1885 ),1846 -'52 ൽ ബ്രിട്ടീഷ് ധനമന്ത്രി ആയിരുന്നു.
റോബർട്ട് റെഡ് ഫീൽഡ് 
വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സ്രഷ്ടാവായ ബ്രാഹ്മണൻ,പുരോഹിതൻ മാത്രമല്ല,മഹാ പൈതൃക പ്രതിനിധി കൂടിയാണ് -ആ സമൂഹത്തിലെ കര കൗശല തൊഴിലാളിയെ പോലെ തന്നെ.റോബർട്ട് റെഡ് ഫീൽഡ് ( 1897 -1958 ) ഈ പൈതൃകം അംഗീകരിച്ചാണ് ഇന്ത്യയിലെ ജാതിയെ തരം തിരിച്ചത്.അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ അദ്ദേഹം Topozilian,A Mexican Village ( 1930 )  എഴുതി.

റെഡ് ഫീൽഡിന്റെ തരം തിരിവ് അനുസരിച്ച്,മഹാബ്രാഹ്മണ പൈതൃകത്തിന് കീഴിലാണ് മറ്റ് ചെറു പൈതൃകങ്ങൾ വരുന്നത്.ഓരോ ഗ്രാമത്തിലും,വേറിട്ട നാടോടി പാരമ്പര്യം കാണും.മെക്സിക്കൻ മാതൃകയിൽ,ഒരു മഹാ പൈതൃകത്തെ വച്ചുള്ള ഈ ഇന്ത്യൻ മാതൃകയോട് വിയോജിപ്പുള്ളവർ ഉണ്ടാകാം.ഇസ്ലാമിക,ക്രിസ്ത്യൻ പാരമ്പര്യങ്ങളും ഇന്ത്യയിൽ ഉണ്ടല്ലോ.ഇന്ത്യൻ സമൂഹത്തെ,മാർക്‌സിനെപ്പോലെ ലളിതവൽക്കരിച്ചു കാണാനും റെഡ് ഫീൽഡ് മാതൃക ഉപയോഗിക്കാം.ഇന്ത്യൻ സമൂഹത്തിലെ ബ്രാഹ്മണൻ,ഒരു ഗ്രാമാതീത,സമൂഹാതീത പ്രത്യയ ശാസ്ത്ര പ്രതിനിധിയാണ്.
മഹർഷിമാർ കാതിൽ നിന്ന് കാതിലേക്ക് പകർന്ന ശ്രുതി ആയ വേദം,ദൈവ കൽപിതം എന്നാണ് വിശ്വാസം.അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും അബ്രാഹ്മണർക്ക് അതിൽ അവകാശമില്ലെന്നും ജാതി കുത്തക വന്ന ശേഷം വിശ്വാസമുണ്ടായി.വേദ കാലത്ത് ജാതിയില്ല.മനുഷ്യ ജീവിതത്തിൻറെയും സമൂഹത്തിൻറെയും നിലനിൽപിന് ആവശ്യമായ ആചാരങ്ങൾ വേദ നിഷ്ഠമായി ബ്രാഹ്മണർ ആവിഷ്‌കരിച്ചു. വഴി ബ്രാഹ്മണന് സവിശേഷ അവകാശങ്ങൾ കിട്ടി.കർമ്മത്തെ ആധാരമാക്കി ജീവിത പ്രത്യാഘാതങ്ങൾ വിശദീകരിച്ചു.അങ്ങനെ ചാതുർവർണ്യം ഉണ്ടായി.ബ്രാഹ്മണർ ജ്ഞാനി കുലം ആയതിനാൽ അവരുടെ കഴിവുകൾ ഉപയോഗിക്കാവുന്ന മേഖലകൾ വിസ്‌തൃതമായി.

ഹിന്ദു മതത്തിൽ പ്രേഷിത പ്രവർത്തനം ഇല്ലെന്നാണ് പാശ്ചാത്യർ കരുതിയത്.മിഷനറി സൊസൈറ്റികളൊന്നും ഹിന്ദു മതത്തിൽ കണ്ടില്ല.ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞൻ എം എൻ ശ്രീനിവാസ് നിരീക്ഷിച്ച പോലെ,സഭയുടെ സഹായമില്ലാതെ ബ്രാഹ്മണർ വഴി ആയിരുന്നു നൂറ്റാണ്ടുകളായി തെക്കൻ ഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ഹിന്ദുമതം പ്രചരിച്ചത് ( M N Sreenivas / Religion and Society among the Coorgs of South India,1952,Page 212 ).ബുദ്ധ മത പ്രചാരണത്തിന് അശോകൻ സന്യാസിമാരെ അയച്ച പാരമ്പര്യവുമുണ്ട്.മറ്റ് സമൂഹങ്ങളിൽ നിന്ന് ഹിന്ദു പൈതൃകത്തിലേക്ക് ബ്രാഹ്മണർ വ്യക്തികളെ സ്വീകരിച്ചു.ശ്രീനിവാസ് ഇതിനെ Sanskritisation എന്നാണ് വിളിച്ചത്.ബ്രാഹ്മണൻ ഏറ്റവും മുകളിൽ ഇരിക്കുകയും കീഴ് ജാതികൾ സമൂഹത്തിലെ സ്ഥാനം ഉയർത്താൻ തമ്മിൽ മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ.'മനുസ്‌മൃതി' അനുസരിച്ച്,ഉന്നത കുലത്തിൽ പെട്ടവർ കീഴ് ജാതി ജോലികൾ ചെയ്‌ത്‌ സ്വയം താഴരുത്.കീഴ് ജാതി ഉന്നതൻറെ ജോലിയിൽ അതിക്രമിച്ചു കയറുകയും അരുത്.അത്യാവശ്യം വന്നാൽ മാത്രം ഉന്നതനു കീഴ് വേല ചെയ്യാം.കൈത്തൊഴിൽ കീഴ് ജാതി ചെയ്യുന്നത്,സാംസ്‌കാരിക സത്തയുടെ ഭാഗമാണ്.
എം എൻ ശ്രീനിവാസ് 
ഹിന്ദുമതം ഇസ്ലാം അധിനിവേശത്തിന് മുൻപാണ് സവിശേഷ പ്രാമാണ്യത്തിൽ വാണത്.ഇസ്ലാമും ക്രിസ്ത്യൻ അധിനിവേശവും അതിനെ പരിഷ്‌കരിച്ചു.എ ഡി നാലാം നൂറ്റാണ്ടിലെ ഗുപ്‌ത ഭരണ കാലത്ത്,ബ്രാഹ്മണ പ്രാമാണ്യം ഉച്ചത്തിൽ എത്തി.ഇത് ഹിന്ദു സംസ്‌കാരത്തിന്റെ സുവർണ കാലമാണ്.ആധുനിക ഇന്ത്യൻ ചരിത്ര ഗവേഷണം,ബി സി മൂന്നാം നൂറ്റാണ്ടിലെ മൗര്യ സാമ്രാജ്യം തന്നെ രാഷ്ട്രീയമായി സുഘടിതമായ ഹിന്ദു സംസ്‌കാരം ആയിരുന്നു എന്ന് തെളിയിച്ചു.ഉത്തര,മധ്യ ഭാരതത്തിൽ പറന്നുകിടന്ന മൗര്യ സാമ്രാജ്യത്തിൽ,ബ്രാഹ്മണർക്ക് വിപുല അധികാരങ്ങൾ ഉണ്ടായിരുന്നു.അക്കാലത്താണ് 'ശുദ്ധ'ബ്രാഹ്മണനെ കാണുന്നത്.മൗര്യ സാമ്രാജ്യത്തിൻറെ ഈടു വയ്പാണ്,ഭരണ സമ്പ്രദായ ശാസ്ത്രമായ,കൗടില്യൻറെ 'അർത്ഥ ശാസ്ത്രം'.കൗടില്യൻ അഥവാ ചാണക്യൻ,മന്ത്രിയായ ബ്രാഹ്മണ പുരോഹിതൻ ആയിരുന്നു.രാജാവിൻറെ ജീവിതം,ഭരണ ക്രമം,അയൽ രാജ്യ ബന്ധം,എന്നിവയെല്ലാം അതിലുണ്ട്.അങ്ങനൊന്ന് ഇന്ത്യയിലുണ്ട് എന്നത് കൊണ്ട് കൂടിയാണ് കോസംബി,മാർക്‌സ് കണ്ടതല്ല യഥാർത്ഥ ഇന്ത്യ എന്ന് വിളിച്ചു പറഞ്ഞത്.അജ്ഞാതനായ ഒരു ബ്രാഹ്മണൻ മൈസൂർ ഓറിയന്റൽ ലൈബ്രറിക്ക് സംഭാവന ചെയ്‌ത താളിയോലകൾ അടുക്കി പെറുക്കുമ്പോൾ 1905 ൽ പണ്ഡിതൻ രുദ്ര പട്ടണം ശ്യാമ ശാസ്ത്രിയാണ് എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന 'അർത്ഥശാസ്ത്രം' സമ്പൂർണം അക്കൂട്ടത്തിൽ കണ്ടത്.

'അർത്ഥ ശാസ്ത്ര'ത്തിൽ ഉള്ളത്:

മന്ത്രിമാർ എങ്ങനെ ഏതൊക്കെ വകുപ്പുകളിൽ.രാജാവിൻറെ ചുമതലകൾ.മന്ത്രി സഭാ യോഗ ചട്ടങ്ങൾ.സാമ്പത്തിക ഘടന.ഗ്രാമ നടത്തിപ്പ്,ഭൂമി വിഭജനം,കോട്ട നിർമിതി,നികുതി പിരിവ്.രാജ്യത്ത് ഉണ്ടാകേണ്ട ഭരണ വകുപ്പുകൾ,അതിൻറെ ചുമതലക്കാർ,വാണിജ്യം,കൃഷി,നെയ്ത്ത്,ലോഹം,വനം,വാറ്റ്‌ തുടങ്ങിയ വകുപ്പുകൾ.നിയമ കാര്യങ്ങൾ -ഉടമ്പടി,വിവാഹം,കടം,വാങ്ങൽ -വിൽക്കൽ.വിചാരണയും ശിക്ഷയും.വിദേശ കാര്യം.സൈനിക നടപടി വഴി കൂടുതൽ ദേശങ്ങൾ കൂട്ടിച്ചേർക്കൽ.യുദ്ധ,സമാധാന നയങ്ങൾ.ശത്രുക്കളോടുള്ള പെരുമാറ്റം.സൈന്യം കെട്ടിപ്പടുക്കൽ.ആയുധ സംഭരണം,തമ്പടിക്കൽ,നിറയൊഴിക്കൽ,സുരക്ഷ,യുദ്ധ നിയമങ്ങൾ,സിദ്ധാന്തങ്ങൾ,സൈനിക വിശ്വാസം,കാലാൾപ്പട,കവചിത സേന,ചുമതലകൾ.രഥം,ആന നീക്കം,ശത്രു സേനയിൽ നിന്ന് കാലുമാറ്റം,ചാരവൃത്തി.'മനുസ്‌മൃതി'യിൽ ,''ബ്രാഹ്മണനാണ് മനുഷ്യകുല മേധാവി;ശൂദ്ര സ്വത്ത് യാഗത്തിനായി,ഭയമില്ലാതെ,ശിക്ഷയില്ലാതെ,ഏറ്റെടുക്കാം" എന്നുണ്ട്.രാജാവ്,കുറ്റം ഏതായാലും,ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിക്കില്ല.
'അർത്ഥ ശാസ്ത്രം' താളിയോല 

ഈ നിയാമക ഗ്രന്ഥങ്ങൾ വെറുതെയെഴുതി പൂട്ടി വയ്ക്കുകയായിരുന്നു എന്ന് കരുതാൻ ആവില്ല.ബ്രാഹ്മണ മേധാവിത്തം,നില നിന്ന സത്യമാണ്.കൗടില്യൻ രാജാവിനെ സൃഷ്ടിക്കുക മാത്രമല്ല,മൗര്യ വംശ സ്രഷ്ടാവും ആയിരുന്നു.'അർത്ഥ ശാസ്ത്രം' അനുസരിച്ചാണ് ഭരണകൂടം പ്രവർത്തിച്ചതെന്ന് അന്നത്തെ ഗ്രീക്ക് നയതന്ത്രജ്ഞൻ മെഗസ്തനീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചന്ദ്ര ഗുപ്ത സദസ്സിലേക്ക് ഗ്രീസിലെ സെല്യൂക്കസ് ഒന്നാമൻ അയച്ച പ്രതിനിധിയാണ് അദ്ദേഹം.മൗര്യ,ഗുപ്ത കാലത്ത് ഹിന്ദു സംസ്‌കാരം പടുത്തുയർത്തിയത് ബ്രാഹ്മണനാണ്.അതോടൊപ്പം,അവർ തങ്ങളുടെ സവിശേഷ സ്ഥാനം,സങ്കീർണമായ തത്വങ്ങൾ വഴി സംരക്ഷിച്ചു.എ ഡി ഒന്നാം നൂറ്റാണ്ടിൽ,ഈ ഭരണ സമ്പ്രദായം,ഇന്ത്യയുടെ കിഴക്ക് ഭാഗത്തേക്ക്,ഏഷ്യയിലേക്ക് പടർന്നു.കംബോഡിയയിലെ അംഗോർ വാട്ട് ( Angkor Watt ),ജാവയിലെ ബോറോബുദൂർ ( Borobudur ) എന്നീ മഹാക്ഷേത്ര അവശിഷ്ടങ്ങൾ.വിഷ്ണു,ശിവ വിഗ്രഹ അവശിഷ്ടങ്ങൾ,സംസ്‌കൃത സ്ഥല നാമങ്ങൾ,മനുഷ്യ നാമങ്ങൾ.ഭാഷ,ഹിന്ദു തച്ചു ശാസ്ത്രം അനുസരിച്ച കൊട്ടാരങ്ങൾ,തലസ്ഥാനങ്ങൾ എല്ലാം ഉദാഹരണങ്ങൾ.
ബുദ്ധമതത്തെ ഇന്ത്യയിൽ നിന്ന് നാട് കടത്തിയതും ബ്രാഹ്മണർ തന്നെ.വേദം അംഗീകരിക്കാത്തവനെ നാട് കടത്തണമെന്ന് 'മനുസ്‌മൃതി' യിൽ പറയുന്നു (The Laws of Manu / Trans .By Buhler ,VII,37 -38 ):

"രാജാവ് രാവിലെ നേരത്തെ എഴുന്നേറ്റ്,ജ്ഞാനികളായ ബ്രാഹ്മണരെ വണങ്ങി,ഉപദേശം കേൾക്കണം.വേദമറിയുന്ന വൃദ്ധ ബ്രാഹ്മണരെ ആരാധിക്കണം ...ചൂതാട്ടക്കാർ,നർത്തകർ,ഗായകർ,ക്രൂരന്മാർ,അവിശ്വാസ മതത്തിൽ പെട്ടവർ,വിലക്കപ്പെട്ട ജോലികളിലും മദ്യ വിൽപ്പനയിലും പെട്ടവർ എന്നിവരെ ഉടൻ നഗരത്തിൽ നിന്ന് പുറത്താക്കണം ."
പ്ളേറ്റോയുടെ 'റിപ്പബ്ലിക്കി'ലും കവികൾക്കും കലാകാരന്മാർക്കും സ്ഥാനമില്ലായിരുന്നു;'മനുസ്‌മൃതി'യിൽ ഉണ്ടെന്നു വച്ച് അക്കാര്യം ഇന്ത്യയിൽ പാലിച്ചിട്ടില്ല.

ബ്രാഹ്മണർ ബുദ്ധ സംഘങ്ങളെ ഉന്മൂലനം ചെയ്‌ത്‌ സംഘാംഗങ്ങളെ ഹിന്ദു ജാതിയിലേക്ക് കൊണ്ട് വന്നു.ബുദ്ധമതം നേടിയ ജനപ്രിയതയിൽ ബ്രാഹ്മണർക്ക് അസൂയ തോന്നിയിട്ടുണ്ടാകാം.രാജ്യം ശക്തമായി നിന്നാലേ,ബ്രാഹ്മണ സ്വാധീനവും നില നിൽക്കൂ.പന്ത്രണ്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണർ നേടിയ വിജയം,അധിക കാലം നീണ്ടില്ല.അധിനിവേശ മുസ്ലിംകൾ അതിവേഗം സ്വാധീനം വിപുലമാക്കി.ഹിന്ദുരാജാക്കന്മാർ ആനപ്പുറത്ത് ആയിരുന്നെങ്കിൽ ഇവർ കുതിരപ്പുറത്തായിരുന്നു.വെടിമരുന്ന് പ്രയോഗത്തിൽ മിടുക്ക് കാട്ടി.ഉത്തരേന്ത്യയിലെ ഹിന്ദുരാജ്യങ്ങൾ ഐക്യപ്പെട്ട് അധിനിവേശത്തെ നേരിട്ടില്ല.ഉത്തരേന്ത്യ മാത്രമല്ല,മധ്യ ഇന്ത്യയും ഉപ ദ്വീപും മുസ്ലിം സ്വാധീനത്തിലായി.ദക്ഷിണേന്ത്യയിൽ വിജയ നഗരം ശേഷിച്ചു.പന്ത്രണ്ടാം നൂറ്റാണ്ടിൻറെ അന്ത്യം മുതൽ പതിനെട്ടാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ,മുസ്ലിം ഭരണം തുടർന്നു;ഹിന്ദു സംസ്‌കാരം ഗ്രഹണത്തിലായി.ബ്രാഹ്മണർ പുറത്തായി.യാഥാസ്ഥിതികർ അല്ലാത്ത ഗുരുക്കന്മാർക്ക് മേൽ ബ്രാഹ്മണ സ്വാധീനം നഷ്ടമായി.ഈ ഗുരുക്കന്മാരെയാണ് വെബർ,നിർഭാഗ്യവശാൽ,പ്രാമാണ്യത്തിൽ കണ്ടത്.ബംഗാളിൽ വൻ തോതിൽ ഇസ്ലാമിലേക്ക് മതം മാറ്റം ഉണ്ടായി.

മുസ്ലിം ഭരണാധികാരികളും ബ്രാഹ്മണരും തമ്മിലായിരുന്നു,സംഘർഷം.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലെ ഹുസ്സൈൻ ഷായ്ക്കും ഇത് നേരിടേണ്ടി വന്നു.പതിനഞ്ചാം നൂറ്റാണ്ടിൽ ഇടക്കാലത്തേക്ക് ഗണേശ രാജാവ് വന്ന പോലെ,ഒരു നാൾ ബ്രാഹ്മണർ അധികാരം പിടിക്കുമെന്ന് ബംഗാളിലെ ഹിന്ദുക്കൾ കരുതി.1414 -15,1416 -18 ൽ ഇല്യാസ് ഷാഹി വംശത്തിന്റെ ദൗർബല്യം മുതലെടുത്താണ്,ഗണേശ രാജാവുണ്ടായതും 1435 വരെ ഗണേശ രാജ വംശം നിന്നതും.ബട്ടൂരിയയിലെ ജന്മിയായ ഗണേശ,ദിനജ് പൂരിലെ ഹക്കിം ( ഗവർണർ ) ആയിരുന്നു.പാണ്ഡുവയിലെ ഇല്യാസ് ഷാഹി വംശത്തിൽ ഭരണ മേധാവിയായ ഗണേശ,ഷഹാബുദിൻ ബയാസിദ് ഷായെ ( 1413 -14 ) സ്ഥാന ഭ്രഷ്ടനാക്കി അധികാരം പിടിച്ചു.ഗണേശയുടെ മകൻ മതം മാറി,ജലാലുദിൻ മുഹമ്മദ് ഷാ എന്ന സുൽത്താൻ ആയി 16 കൊല്ലം ഭരിച്ചു.

മുസ്ലിം ഭരണാധികാരികൾ ബ്രാഹ്മണരെ ഭരണത്തിൽ പങ്കെടുപ്പിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്‌തു എന്നത് വേറെ കാര്യം.ബ്രാഹ്മണർക്ക് ഭരണ പരിചയമുണ്ട്.ജീവിക്കാൻ വേറെ വഴിയില്ല.സാധ്യമായ ഇടത്തെല്ലാം ബ്രാഹ്മണരെ ഒഴിവാക്കി,കായസ്ഥരെയാണ് മുസ്ലിംകൾ വച്ചത്.അവർ വിദ്യാ സമ്പന്നരും ഭൂവുടമകളും ആയിരുന്നു.ഇക്കാലത്താണ്  ബംഗാളിൽ എഴുത്തുകാരായത്.ദക്ഷിണേന്ത്യയിൽ ടിപ്പു സുൽത്താൻ ബ്രാഹ്മണ മന്ത്രിയെ വച്ചതും ശൃംഗേരി മഠത്തെ സഹായിച്ചതും അപവാദമാണ്;കേരളത്തിൽ ടിപ്പു,ബ്രാഹ്മണർക്കെതിരെ കടന്നു കയറി.നായന്മാർക്കെതിരെ വിളംബരം തന്നെ ഇറക്കി.
ജോൺ വുഡ്രോഫ് 
പ്രാചീന ഇന്ത്യയിൽ ബ്രാഹ്മണ കേന്ദ്രിതമായ ഹിന്ദു സാംസ്‌കാരിക കേന്ദ്രങ്ങൾ ഉണ്ടാവുകയും അവിടെ നിന്ന് ആ സംസ്‌കാരം പുറത്തേക്ക് പടരുകയും ചെയ്‌ത പോലെ,ഇസ്ലാം ഭരണ കാലത്തുണ്ടായില്ല.ബ്രിട്ടീഷ് ഭരണ തുടക്കത്തിൽ,ഹിന്ദു സംസ്‌കാരം തീരെ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടായിരുന്നു.ജോൺ വുഡ്രോഫിൻറെ 'ശക്തി ആൻഡ് ശക്ത' ( 1918 ) എന്ന ശാക്തിക ഗ്രന്ഥത്തിൽ,പലമാവുവിലെ കാഴ്ച അദ്ദേഹം വിവരിക്കുന്നു:
" ദൂരെ,പ്രാചീന കോളേറിയൻ ഗോത്രക്കാരുടെ കാവ് കാണാം.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പൂർവ്വഗാമികൾ ആരാധിച്ചിരുന്ന ഒരു തുണ്ട് ഭൂമി.ബ്രാഹ്മണ മതത്തിൻറെയോ ആര്യൻ വിശ്വാസത്തിന്റെയോ ഒരു സൂചനയും ഇല്ല".

ബംഗാൾ ചീഫ് ജസ്റ്റിസ് ആയിരുന്ന സർ ജോൺ വുഡ്രോഫ് ( 1865 -1936) ഛോട്ടാ നാഗ്പ്പൂർ കാഴ്ചയാണ് വിവരിച്ചത്.ആർതർ അവലോൺ എന്ന തൂലികാ നാമത്തിൽ,'മഹാ നിർവാണ തന്ത്രം'ഉൾപ്പെടെ 20 സംസ്‌കൃത ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.പിതാവ് ബംഗാൾ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു.
കിഴക്കൻ ബംഗാളിലും പഞ്ചാബിലും മുസ്ലിംകൾ ആയിരുന്നു,ഭൂരിപക്ഷം.ബ്രിട്ടീഷ്,ഫ്രഞ്ച് ഇന്തോളജിസ്റ്റുകൾ ആയ സർ വില്യം ജോൺസ്,ഹെൻറി കോൾബ്രുക്,അബ്ബെ ദുബോയ്‌സ് എന്നിവർ ഹിന്ദു മതത്തെ അന്വേഷിച്ചത്,പുസ്തകങ്ങളിലാണ്.ഫ്രാൻസിസ് ബുക്കാനൻറെ യാത്രാ വിവരണത്തിലും,ബ്രാഹ്മണ സ്പർശമില്ലാത്ത സ്ഥലങ്ങളുണ്ട്.ഇവ അപവാദങ്ങൾ ആണെന്നായിരുന്നു,പൊതു വിലയിരുത്തൽ.ജോൺ ഹോൾവെൽ,അലക്‌സാണ്ടർ ഡോ എന്നിവരും സംസ്‌കൃത പാരമ്പര്യത്തെ കൊണ്ടാടി.ജോൺ സെഫാനിയ ഹോൾവെൽ ( 1711 -1798 ) ബംഗാളിൽ താൽക്കാലിക ഗവർണറായിരുന്നു.1756 ജൂണിൽ കൊൽക്കത്തയിലെ ചെറിയ മുറിയിൽ ബ്രിട്ടീഷുകാരെ കുത്തിനിറച്ച് കൂട്ടക്കൊല ചെയ്‌തതായി പറയുന്ന വ്യാജ സംഭവത്തിൽ അനുഭവ സാക്ഷ്യം പറഞ്ഞു. ഡോ ( 1735 / 36 -1779 ) നാടക കൃത്തായ കമ്പനി ഓഫിസർ.Tales translated from the Persian of Inatulla of Delhi ( 1768 ) എഴുതി.

ഈ പൈതൃകം മാർക്‌സ് കണ്ടില്ല.ഇന്ത്യ മാറിക്കൊണ്ടിരുന്നതും അറിഞ്ഞില്ല.മതം ഇന്ത്യയിൽ പ്രവർത്തിച്ച ആഴങ്ങൾ അറിഞ്ഞില്ല.

See https://hamletram.blogspot.com/2019/09/blog-post_17.html








FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...