Wednesday, 18 September 2019

ഹിന്ദു:അർത്ഥവും അർത്ഥ ശാസ്ത്രവും

അന്ധനായ മാർക്‌സ് 15 

പ്രാഗ് ഗ്രാമ സമൂഹങ്ങളിൽ നില നിന്ന ഒന്നാണ് ഹിന്ദു മതം എന്ന് മാർക്‌സ് കാണുന്നു.അദ്ദേഹത്തിന് അത് നാടൻ മതം മാത്രമാണ്.ആ സമൂഹത്തിലെ ഒരു ചുമതലക്കാരൻ മാത്രമാണ് ബ്രാഹ്മണൻ.

'ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം' എന്ന ലേഖനത്തിൽ പറയുന്നു:

"അതിർത്തി കാവലാൾ ഗ്രാമത്തിന് അതിരുകൾ നിശ്ചയിക്കുന്നു.തർക്കങ്ങളിൽ ആവശ്യമായ തെളിവ് നൽകുന്നു.കുളങ്ങളുടെയും മറ്റ് ജലാശയങ്ങളുടെയും മേൽനോട്ടക്കാരൻ കൃഷിക്ക് ജലവിതരണം ചെയ്യുന്നു.ബ്രാഹ്മണൻ ഗ്രാമത്തിൽ ആരാധന നടത്തുന്നു.അധ്യാപകൻ കുട്ടികളെ വായിക്കാനും മണ്ണിൽ എഴുതാനും പഠിപ്പിക്കുന്നു.കലണ്ടർ ബ്രാഹ്മണൻ അഥവാ ജ്യോതിഷി തുടങ്ങിയവരും സേവകരും ഗ്രാമത്തിലെ പൊതു സംവിധാനം നിർണയിക്കുന്നു....അനാദി കാലം മുതൽ,രാജ്യത്തെ ജനം ജീവിച്ചത്,ഈ ലളിതമായ ഈ നഗര ഭരണകൂട രൂപത്തിനുള്ളിലാണ്."

'കലണ്ടർ ബ്രാഹ്മണൻ' എന്ന പ്രയോഗത്തിൽ നിന്ന് ഇന്ത്യയെ പുച്ഛത്തോടെ കാണുന്ന ഉറവിടത്തെയാണ് ആശ്രയിച്ചത് എന്ന് വ്യക്തം.ജ്യോതിഷി ബ്രാഹ്മണൻ ആയിരിക്കണം എന്ന് നിർബന്ധമില്ല.ബ്രാഹ്മണന് മാർക്‌സ് നൽകുന്ന തൊഴിൽ വിഭജനം,ഗ്രാമ പൂജാരിയുടേത്.'മനുസ്‌മൃതി' വായിച്ച മാർക്‌സ്,ബ്രാഹ്മണനായ മനുവിനെ പ്രാചീന നിയമസംഹിതാകാരൻ എന്ന നിലയിൽ അറിയാമായിരുന്നിട്ടും രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ല.സർ ചാൾസ് വുഡിനെ ആധുനിക മനു എന്ന് വിശേഷിപ്പിച്ച മാർക്‌സ്,'മനുസ്‌മൃതി യെപ്പറ്റി എംഗൽസിനുള്ള ഒരു കത്തിൽ പറയുന്നുണ്ട് വിഗ് കക്ഷി നേതാവും എം പി യും ആയിരുന്ന വുഡ് ( 1800 -1885 ),1846 -'52 ൽ ബ്രിട്ടീഷ് ധനമന്ത്രി ആയിരുന്നു.
റോബർട്ട് റെഡ് ഫീൽഡ് 
വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സ്രഷ്ടാവായ ബ്രാഹ്മണൻ,പുരോഹിതൻ മാത്രമല്ല,മഹാ പൈതൃക പ്രതിനിധി കൂടിയാണ് -ആ സമൂഹത്തിലെ കര കൗശല തൊഴിലാളിയെ പോലെ തന്നെ.റോബർട്ട് റെഡ് ഫീൽഡ് ( 1897 -1958 ) ഈ പൈതൃകം അംഗീകരിച്ചാണ് ഇന്ത്യയിലെ ജാതിയെ തരം തിരിച്ചത്.അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ അദ്ദേഹം Topozilian,A Mexican Village ( 1930 )  എഴുതി.

റെഡ് ഫീൽഡിന്റെ തരം തിരിവ് അനുസരിച്ച്,മഹാബ്രാഹ്മണ പൈതൃകത്തിന് കീഴിലാണ് മറ്റ് ചെറു പൈതൃകങ്ങൾ വരുന്നത്.ഓരോ ഗ്രാമത്തിലും,വേറിട്ട നാടോടി പാരമ്പര്യം കാണും.മെക്സിക്കൻ മാതൃകയിൽ,ഒരു മഹാ പൈതൃകത്തെ വച്ചുള്ള ഈ ഇന്ത്യൻ മാതൃകയോട് വിയോജിപ്പുള്ളവർ ഉണ്ടാകാം.ഇസ്ലാമിക,ക്രിസ്ത്യൻ പാരമ്പര്യങ്ങളും ഇന്ത്യയിൽ ഉണ്ടല്ലോ.ഇന്ത്യൻ സമൂഹത്തെ,മാർക്‌സിനെപ്പോലെ ലളിതവൽക്കരിച്ചു കാണാനും റെഡ് ഫീൽഡ് മാതൃക ഉപയോഗിക്കാം.ഇന്ത്യൻ സമൂഹത്തിലെ ബ്രാഹ്മണൻ,ഒരു ഗ്രാമാതീത,സമൂഹാതീത പ്രത്യയ ശാസ്ത്ര പ്രതിനിധിയാണ്.
മഹർഷിമാർ കാതിൽ നിന്ന് കാതിലേക്ക് പകർന്ന ശ്രുതി ആയ വേദം,ദൈവ കൽപിതം എന്നാണ് വിശ്വാസം.അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും അബ്രാഹ്മണർക്ക് അതിൽ അവകാശമില്ലെന്നും ജാതി കുത്തക വന്ന ശേഷം വിശ്വാസമുണ്ടായി.വേദ കാലത്ത് ജാതിയില്ല.മനുഷ്യ ജീവിതത്തിൻറെയും സമൂഹത്തിൻറെയും നിലനിൽപിന് ആവശ്യമായ ആചാരങ്ങൾ വേദ നിഷ്ഠമായി ബ്രാഹ്മണർ ആവിഷ്‌കരിച്ചു. വഴി ബ്രാഹ്മണന് സവിശേഷ അവകാശങ്ങൾ കിട്ടി.കർമ്മത്തെ ആധാരമാക്കി ജീവിത പ്രത്യാഘാതങ്ങൾ വിശദീകരിച്ചു.അങ്ങനെ ചാതുർവർണ്യം ഉണ്ടായി.ബ്രാഹ്മണർ ജ്ഞാനി കുലം ആയതിനാൽ അവരുടെ കഴിവുകൾ ഉപയോഗിക്കാവുന്ന മേഖലകൾ വിസ്‌തൃതമായി.

ഹിന്ദു മതത്തിൽ പ്രേഷിത പ്രവർത്തനം ഇല്ലെന്നാണ് പാശ്ചാത്യർ കരുതിയത്.മിഷനറി സൊസൈറ്റികളൊന്നും ഹിന്ദു മതത്തിൽ കണ്ടില്ല.ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞൻ എം എൻ ശ്രീനിവാസ് നിരീക്ഷിച്ച പോലെ,സഭയുടെ സഹായമില്ലാതെ ബ്രാഹ്മണർ വഴി ആയിരുന്നു നൂറ്റാണ്ടുകളായി തെക്കൻ ഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ഹിന്ദുമതം പ്രചരിച്ചത് ( M N Sreenivas / Religion and Society among the Coorgs of South India,1952,Page 212 ).ബുദ്ധ മത പ്രചാരണത്തിന് അശോകൻ സന്യാസിമാരെ അയച്ച പാരമ്പര്യവുമുണ്ട്.മറ്റ് സമൂഹങ്ങളിൽ നിന്ന് ഹിന്ദു പൈതൃകത്തിലേക്ക് ബ്രാഹ്മണർ വ്യക്തികളെ സ്വീകരിച്ചു.ശ്രീനിവാസ് ഇതിനെ Sanskritisation എന്നാണ് വിളിച്ചത്.ബ്രാഹ്മണൻ ഏറ്റവും മുകളിൽ ഇരിക്കുകയും കീഴ് ജാതികൾ സമൂഹത്തിലെ സ്ഥാനം ഉയർത്താൻ തമ്മിൽ മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ.'മനുസ്‌മൃതി' അനുസരിച്ച്,ഉന്നത കുലത്തിൽ പെട്ടവർ കീഴ് ജാതി ജോലികൾ ചെയ്‌ത്‌ സ്വയം താഴരുത്.കീഴ് ജാതി ഉന്നതൻറെ ജോലിയിൽ അതിക്രമിച്ചു കയറുകയും അരുത്.അത്യാവശ്യം വന്നാൽ മാത്രം ഉന്നതനു കീഴ് വേല ചെയ്യാം.കൈത്തൊഴിൽ കീഴ് ജാതി ചെയ്യുന്നത്,സാംസ്‌കാരിക സത്തയുടെ ഭാഗമാണ്.
എം എൻ ശ്രീനിവാസ് 
ഹിന്ദുമതം ഇസ്ലാം അധിനിവേശത്തിന് മുൻപാണ് സവിശേഷ പ്രാമാണ്യത്തിൽ വാണത്.ഇസ്ലാമും ക്രിസ്ത്യൻ അധിനിവേശവും അതിനെ പരിഷ്‌കരിച്ചു.എ ഡി നാലാം നൂറ്റാണ്ടിലെ ഗുപ്‌ത ഭരണ കാലത്ത്,ബ്രാഹ്മണ പ്രാമാണ്യം ഉച്ചത്തിൽ എത്തി.ഇത് ഹിന്ദു സംസ്‌കാരത്തിന്റെ സുവർണ കാലമാണ്.ആധുനിക ഇന്ത്യൻ ചരിത്ര ഗവേഷണം,ബി സി മൂന്നാം നൂറ്റാണ്ടിലെ മൗര്യ സാമ്രാജ്യം തന്നെ രാഷ്ട്രീയമായി സുഘടിതമായ ഹിന്ദു സംസ്‌കാരം ആയിരുന്നു എന്ന് തെളിയിച്ചു.ഉത്തര,മധ്യ ഭാരതത്തിൽ പറന്നുകിടന്ന മൗര്യ സാമ്രാജ്യത്തിൽ,ബ്രാഹ്മണർക്ക് വിപുല അധികാരങ്ങൾ ഉണ്ടായിരുന്നു.അക്കാലത്താണ് 'ശുദ്ധ'ബ്രാഹ്മണനെ കാണുന്നത്.മൗര്യ സാമ്രാജ്യത്തിൻറെ ഈടു വയ്പാണ്,ഭരണ സമ്പ്രദായ ശാസ്ത്രമായ,കൗടില്യൻറെ 'അർത്ഥ ശാസ്ത്രം'.കൗടില്യൻ അഥവാ ചാണക്യൻ,മന്ത്രിയായ ബ്രാഹ്മണ പുരോഹിതൻ ആയിരുന്നു.രാജാവിൻറെ ജീവിതം,ഭരണ ക്രമം,അയൽ രാജ്യ ബന്ധം,എന്നിവയെല്ലാം അതിലുണ്ട്.അങ്ങനൊന്ന് ഇന്ത്യയിലുണ്ട് എന്നത് കൊണ്ട് കൂടിയാണ് കോസംബി,മാർക്‌സ് കണ്ടതല്ല യഥാർത്ഥ ഇന്ത്യ എന്ന് വിളിച്ചു പറഞ്ഞത്.അജ്ഞാതനായ ഒരു ബ്രാഹ്മണൻ മൈസൂർ ഓറിയന്റൽ ലൈബ്രറിക്ക് സംഭാവന ചെയ്‌ത താളിയോലകൾ അടുക്കി പെറുക്കുമ്പോൾ 1905 ൽ പണ്ഡിതൻ രുദ്ര പട്ടണം ശ്യാമ ശാസ്ത്രിയാണ് എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന 'അർത്ഥശാസ്ത്രം' സമ്പൂർണം അക്കൂട്ടത്തിൽ കണ്ടത്.

'അർത്ഥ ശാസ്ത്ര'ത്തിൽ ഉള്ളത്:

മന്ത്രിമാർ എങ്ങനെ ഏതൊക്കെ വകുപ്പുകളിൽ.രാജാവിൻറെ ചുമതലകൾ.മന്ത്രി സഭാ യോഗ ചട്ടങ്ങൾ.സാമ്പത്തിക ഘടന.ഗ്രാമ നടത്തിപ്പ്,ഭൂമി വിഭജനം,കോട്ട നിർമിതി,നികുതി പിരിവ്.രാജ്യത്ത് ഉണ്ടാകേണ്ട ഭരണ വകുപ്പുകൾ,അതിൻറെ ചുമതലക്കാർ,വാണിജ്യം,കൃഷി,നെയ്ത്ത്,ലോഹം,വനം,വാറ്റ്‌ തുടങ്ങിയ വകുപ്പുകൾ.നിയമ കാര്യങ്ങൾ -ഉടമ്പടി,വിവാഹം,കടം,വാങ്ങൽ -വിൽക്കൽ.വിചാരണയും ശിക്ഷയും.വിദേശ കാര്യം.സൈനിക നടപടി വഴി കൂടുതൽ ദേശങ്ങൾ കൂട്ടിച്ചേർക്കൽ.യുദ്ധ,സമാധാന നയങ്ങൾ.ശത്രുക്കളോടുള്ള പെരുമാറ്റം.സൈന്യം കെട്ടിപ്പടുക്കൽ.ആയുധ സംഭരണം,തമ്പടിക്കൽ,നിറയൊഴിക്കൽ,സുരക്ഷ,യുദ്ധ നിയമങ്ങൾ,സിദ്ധാന്തങ്ങൾ,സൈനിക വിശ്വാസം,കാലാൾപ്പട,കവചിത സേന,ചുമതലകൾ.രഥം,ആന നീക്കം,ശത്രു സേനയിൽ നിന്ന് കാലുമാറ്റം,ചാരവൃത്തി.'മനുസ്‌മൃതി'യിൽ ,''ബ്രാഹ്മണനാണ് മനുഷ്യകുല മേധാവി;ശൂദ്ര സ്വത്ത് യാഗത്തിനായി,ഭയമില്ലാതെ,ശിക്ഷയില്ലാതെ,ഏറ്റെടുക്കാം" എന്നുണ്ട്.രാജാവ്,കുറ്റം ഏതായാലും,ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിക്കില്ല.
'അർത്ഥ ശാസ്ത്രം' താളിയോല 

ഈ നിയാമക ഗ്രന്ഥങ്ങൾ വെറുതെയെഴുതി പൂട്ടി വയ്ക്കുകയായിരുന്നു എന്ന് കരുതാൻ ആവില്ല.ബ്രാഹ്മണ മേധാവിത്തം,നില നിന്ന സത്യമാണ്.കൗടില്യൻ രാജാവിനെ സൃഷ്ടിക്കുക മാത്രമല്ല,മൗര്യ വംശ സ്രഷ്ടാവും ആയിരുന്നു.'അർത്ഥ ശാസ്ത്രം' അനുസരിച്ചാണ് ഭരണകൂടം പ്രവർത്തിച്ചതെന്ന് അന്നത്തെ ഗ്രീക്ക് നയതന്ത്രജ്ഞൻ മെഗസ്തനീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചന്ദ്ര ഗുപ്ത സദസ്സിലേക്ക് ഗ്രീസിലെ സെല്യൂക്കസ് ഒന്നാമൻ അയച്ച പ്രതിനിധിയാണ് അദ്ദേഹം.മൗര്യ,ഗുപ്ത കാലത്ത് ഹിന്ദു സംസ്‌കാരം പടുത്തുയർത്തിയത് ബ്രാഹ്മണനാണ്.അതോടൊപ്പം,അവർ തങ്ങളുടെ സവിശേഷ സ്ഥാനം,സങ്കീർണമായ തത്വങ്ങൾ വഴി സംരക്ഷിച്ചു.എ ഡി ഒന്നാം നൂറ്റാണ്ടിൽ,ഈ ഭരണ സമ്പ്രദായം,ഇന്ത്യയുടെ കിഴക്ക് ഭാഗത്തേക്ക്,ഏഷ്യയിലേക്ക് പടർന്നു.കംബോഡിയയിലെ അംഗോർ വാട്ട് ( Angkor Watt ),ജാവയിലെ ബോറോബുദൂർ ( Borobudur ) എന്നീ മഹാക്ഷേത്ര അവശിഷ്ടങ്ങൾ.വിഷ്ണു,ശിവ വിഗ്രഹ അവശിഷ്ടങ്ങൾ,സംസ്‌കൃത സ്ഥല നാമങ്ങൾ,മനുഷ്യ നാമങ്ങൾ.ഭാഷ,ഹിന്ദു തച്ചു ശാസ്ത്രം അനുസരിച്ച കൊട്ടാരങ്ങൾ,തലസ്ഥാനങ്ങൾ എല്ലാം ഉദാഹരണങ്ങൾ.
ബുദ്ധമതത്തെ ഇന്ത്യയിൽ നിന്ന് നാട് കടത്തിയതും ബ്രാഹ്മണർ തന്നെ.വേദം അംഗീകരിക്കാത്തവനെ നാട് കടത്തണമെന്ന് 'മനുസ്‌മൃതി' യിൽ പറയുന്നു (The Laws of Manu / Trans .By Buhler ,VII,37 -38 ):

"രാജാവ് രാവിലെ നേരത്തെ എഴുന്നേറ്റ്,ജ്ഞാനികളായ ബ്രാഹ്മണരെ വണങ്ങി,ഉപദേശം കേൾക്കണം.വേദമറിയുന്ന വൃദ്ധ ബ്രാഹ്മണരെ ആരാധിക്കണം ...ചൂതാട്ടക്കാർ,നർത്തകർ,ഗായകർ,ക്രൂരന്മാർ,അവിശ്വാസ മതത്തിൽ പെട്ടവർ,വിലക്കപ്പെട്ട ജോലികളിലും മദ്യ വിൽപ്പനയിലും പെട്ടവർ എന്നിവരെ ഉടൻ നഗരത്തിൽ നിന്ന് പുറത്താക്കണം ."
പ്ളേറ്റോയുടെ 'റിപ്പബ്ലിക്കി'ലും കവികൾക്കും കലാകാരന്മാർക്കും സ്ഥാനമില്ലായിരുന്നു;'മനുസ്‌മൃതി'യിൽ ഉണ്ടെന്നു വച്ച് അക്കാര്യം ഇന്ത്യയിൽ പാലിച്ചിട്ടില്ല.

ബ്രാഹ്മണർ ബുദ്ധ സംഘങ്ങളെ ഉന്മൂലനം ചെയ്‌ത്‌ സംഘാംഗങ്ങളെ ഹിന്ദു ജാതിയിലേക്ക് കൊണ്ട് വന്നു.ബുദ്ധമതം നേടിയ ജനപ്രിയതയിൽ ബ്രാഹ്മണർക്ക് അസൂയ തോന്നിയിട്ടുണ്ടാകാം.രാജ്യം ശക്തമായി നിന്നാലേ,ബ്രാഹ്മണ സ്വാധീനവും നില നിൽക്കൂ.പന്ത്രണ്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണർ നേടിയ വിജയം,അധിക കാലം നീണ്ടില്ല.അധിനിവേശ മുസ്ലിംകൾ അതിവേഗം സ്വാധീനം വിപുലമാക്കി.ഹിന്ദുരാജാക്കന്മാർ ആനപ്പുറത്ത് ആയിരുന്നെങ്കിൽ ഇവർ കുതിരപ്പുറത്തായിരുന്നു.വെടിമരുന്ന് പ്രയോഗത്തിൽ മിടുക്ക് കാട്ടി.ഉത്തരേന്ത്യയിലെ ഹിന്ദുരാജ്യങ്ങൾ ഐക്യപ്പെട്ട് അധിനിവേശത്തെ നേരിട്ടില്ല.ഉത്തരേന്ത്യ മാത്രമല്ല,മധ്യ ഇന്ത്യയും ഉപ ദ്വീപും മുസ്ലിം സ്വാധീനത്തിലായി.ദക്ഷിണേന്ത്യയിൽ വിജയ നഗരം ശേഷിച്ചു.പന്ത്രണ്ടാം നൂറ്റാണ്ടിൻറെ അന്ത്യം മുതൽ പതിനെട്ടാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ,മുസ്ലിം ഭരണം തുടർന്നു;ഹിന്ദു സംസ്‌കാരം ഗ്രഹണത്തിലായി.ബ്രാഹ്മണർ പുറത്തായി.യാഥാസ്ഥിതികർ അല്ലാത്ത ഗുരുക്കന്മാർക്ക് മേൽ ബ്രാഹ്മണ സ്വാധീനം നഷ്ടമായി.ഈ ഗുരുക്കന്മാരെയാണ് വെബർ,നിർഭാഗ്യവശാൽ,പ്രാമാണ്യത്തിൽ കണ്ടത്.ബംഗാളിൽ വൻ തോതിൽ ഇസ്ലാമിലേക്ക് മതം മാറ്റം ഉണ്ടായി.

മുസ്ലിം ഭരണാധികാരികളും ബ്രാഹ്മണരും തമ്മിലായിരുന്നു,സംഘർഷം.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലെ ഹുസ്സൈൻ ഷായ്ക്കും ഇത് നേരിടേണ്ടി വന്നു.പതിനഞ്ചാം നൂറ്റാണ്ടിൽ ഇടക്കാലത്തേക്ക് ഗണേശ രാജാവ് വന്ന പോലെ,ഒരു നാൾ ബ്രാഹ്മണർ അധികാരം പിടിക്കുമെന്ന് ബംഗാളിലെ ഹിന്ദുക്കൾ കരുതി.1414 -15,1416 -18 ൽ ഇല്യാസ് ഷാഹി വംശത്തിന്റെ ദൗർബല്യം മുതലെടുത്താണ്,ഗണേശ രാജാവുണ്ടായതും 1435 വരെ ഗണേശ രാജ വംശം നിന്നതും.ബട്ടൂരിയയിലെ ജന്മിയായ ഗണേശ,ദിനജ് പൂരിലെ ഹക്കിം ( ഗവർണർ ) ആയിരുന്നു.പാണ്ഡുവയിലെ ഇല്യാസ് ഷാഹി വംശത്തിൽ ഭരണ മേധാവിയായ ഗണേശ,ഷഹാബുദിൻ ബയാസിദ് ഷായെ ( 1413 -14 ) സ്ഥാന ഭ്രഷ്ടനാക്കി അധികാരം പിടിച്ചു.ഗണേശയുടെ മകൻ മതം മാറി,ജലാലുദിൻ മുഹമ്മദ് ഷാ എന്ന സുൽത്താൻ ആയി 16 കൊല്ലം ഭരിച്ചു.

മുസ്ലിം ഭരണാധികാരികൾ ബ്രാഹ്മണരെ ഭരണത്തിൽ പങ്കെടുപ്പിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്‌തു എന്നത് വേറെ കാര്യം.ബ്രാഹ്മണർക്ക് ഭരണ പരിചയമുണ്ട്.ജീവിക്കാൻ വേറെ വഴിയില്ല.സാധ്യമായ ഇടത്തെല്ലാം ബ്രാഹ്മണരെ ഒഴിവാക്കി,കായസ്ഥരെയാണ് മുസ്ലിംകൾ വച്ചത്.അവർ വിദ്യാ സമ്പന്നരും ഭൂവുടമകളും ആയിരുന്നു.ഇക്കാലത്താണ്  ബംഗാളിൽ എഴുത്തുകാരായത്.ദക്ഷിണേന്ത്യയിൽ ടിപ്പു സുൽത്താൻ ബ്രാഹ്മണ മന്ത്രിയെ വച്ചതും ശൃംഗേരി മഠത്തെ സഹായിച്ചതും അപവാദമാണ്;കേരളത്തിൽ ടിപ്പു,ബ്രാഹ്മണർക്കെതിരെ കടന്നു കയറി.നായന്മാർക്കെതിരെ വിളംബരം തന്നെ ഇറക്കി.
ജോൺ വുഡ്രോഫ് 
പ്രാചീന ഇന്ത്യയിൽ ബ്രാഹ്മണ കേന്ദ്രിതമായ ഹിന്ദു സാംസ്‌കാരിക കേന്ദ്രങ്ങൾ ഉണ്ടാവുകയും അവിടെ നിന്ന് ആ സംസ്‌കാരം പുറത്തേക്ക് പടരുകയും ചെയ്‌ത പോലെ,ഇസ്ലാം ഭരണ കാലത്തുണ്ടായില്ല.ബ്രിട്ടീഷ് ഭരണ തുടക്കത്തിൽ,ഹിന്ദു സംസ്‌കാരം തീരെ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടായിരുന്നു.ജോൺ വുഡ്രോഫിൻറെ 'ശക്തി ആൻഡ് ശക്ത' ( 1918 ) എന്ന ശാക്തിക ഗ്രന്ഥത്തിൽ,പലമാവുവിലെ കാഴ്ച അദ്ദേഹം വിവരിക്കുന്നു:
" ദൂരെ,പ്രാചീന കോളേറിയൻ ഗോത്രക്കാരുടെ കാവ് കാണാം.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പൂർവ്വഗാമികൾ ആരാധിച്ചിരുന്ന ഒരു തുണ്ട് ഭൂമി.ബ്രാഹ്മണ മതത്തിൻറെയോ ആര്യൻ വിശ്വാസത്തിന്റെയോ ഒരു സൂചനയും ഇല്ല".

ബംഗാൾ ചീഫ് ജസ്റ്റിസ് ആയിരുന്ന സർ ജോൺ വുഡ്രോഫ് ( 1865 -1936) ഛോട്ടാ നാഗ്പ്പൂർ കാഴ്ചയാണ് വിവരിച്ചത്.ആർതർ അവലോൺ എന്ന തൂലികാ നാമത്തിൽ,'മഹാ നിർവാണ തന്ത്രം'ഉൾപ്പെടെ 20 സംസ്‌കൃത ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.പിതാവ് ബംഗാൾ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു.
കിഴക്കൻ ബംഗാളിലും പഞ്ചാബിലും മുസ്ലിംകൾ ആയിരുന്നു,ഭൂരിപക്ഷം.ബ്രിട്ടീഷ്,ഫ്രഞ്ച് ഇന്തോളജിസ്റ്റുകൾ ആയ സർ വില്യം ജോൺസ്,ഹെൻറി കോൾബ്രുക്,അബ്ബെ ദുബോയ്‌സ് എന്നിവർ ഹിന്ദു മതത്തെ അന്വേഷിച്ചത്,പുസ്തകങ്ങളിലാണ്.ഫ്രാൻസിസ് ബുക്കാനൻറെ യാത്രാ വിവരണത്തിലും,ബ്രാഹ്മണ സ്പർശമില്ലാത്ത സ്ഥലങ്ങളുണ്ട്.ഇവ അപവാദങ്ങൾ ആണെന്നായിരുന്നു,പൊതു വിലയിരുത്തൽ.ജോൺ ഹോൾവെൽ,അലക്‌സാണ്ടർ ഡോ എന്നിവരും സംസ്‌കൃത പാരമ്പര്യത്തെ കൊണ്ടാടി.ജോൺ സെഫാനിയ ഹോൾവെൽ ( 1711 -1798 ) ബംഗാളിൽ താൽക്കാലിക ഗവർണറായിരുന്നു.1756 ജൂണിൽ കൊൽക്കത്തയിലെ ചെറിയ മുറിയിൽ ബ്രിട്ടീഷുകാരെ കുത്തിനിറച്ച് കൂട്ടക്കൊല ചെയ്‌തതായി പറയുന്ന വ്യാജ സംഭവത്തിൽ അനുഭവ സാക്ഷ്യം പറഞ്ഞു. ഡോ ( 1735 / 36 -1779 ) നാടക കൃത്തായ കമ്പനി ഓഫിസർ.Tales translated from the Persian of Inatulla of Delhi ( 1768 ) എഴുതി.

ഈ പൈതൃകം മാർക്‌സ് കണ്ടില്ല.ഇന്ത്യ മാറിക്കൊണ്ടിരുന്നതും അറിഞ്ഞില്ല.മതം ഇന്ത്യയിൽ പ്രവർത്തിച്ച ആഴങ്ങൾ അറിഞ്ഞില്ല.

See https://hamletram.blogspot.com/2019/09/blog-post_17.html








No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...