എന്താണ് കൃഷ്ണ ദൗത്യം?
ജീവിതത്തിൽ സ്വസ്ഥത എന്തെന്നറിയാത്ത മഹാപുരുഷന്മാരുമായി ജനം പെട്ടെന്ന് അടുക്കും. അങ്ങനെ രണ്ടു ജീവിതങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും. തടവിൽ ജനിച്ച് വേടന്റെ അമ്പേറ്റ് ജീവൻ വെടിഞ്ഞ കൃഷ്ണൻ നേരിട്ട അഗ്നിപരീക്ഷകൾക്ക് സമാന്തരങ്ങൾ ഇല്ല.
എന്തായിരുന്നു ആ അവതാര ദൗത്യം? എന്താണ് കൃഷ്ണ തത്വം?
ഭഗവദ് ഗീതയിൽ അദ്ദേഹം തന്നെ പറയുന്നു:
ഭക്ത്യാ മാമഭിജാനാതി യാവാന്യശ്ചാസ്മി തത്ത്വത: ।
തതോ മാം തത്ത്വതോ ജ്ഞാനത്വാ വിശതേ തദനന്തരം II 18:55
(ഭക്തിയിലൂടെ മാത്രമാണ് പരമാത്മാവായ എന്നെ യഥാർത്ഥത്തിൽ അറിയാൻ കഴിയുന്നത്. ഞാൻ ആരാണെന്നും എങ്ങനെയുള്ളവനാണെന്നും ഭക്തൻ സത്യമായി അറിയുന്നു. അങ്ങനെ എന്നെ യഥാർത്ഥത്തിൽ അറിയുന്നവൻ ഉടൻ തന്നെ എന്നിൽ ലയിക്കുന്നു.)
ഗീതാ ഭാഷ്യത്തിൽ ശങ്കരാചാര്യർ വിശദീകരിക്കുന്നു:
ഭക്തി കൊണ്ട് ഭഗവാനെ അറിയുന്നത് സോപാധിക ബ്രഹ്മം ആണ്. നിരുപാധികമായി അദ്ദേഹത്തെ 'ഞാൻ' ആയി അറിയുമ്പോൾ അതാണ് ശുദ്ധബോധം. അതാണ് അദ്വൈതം.
എന്താണ് കൃഷ്ണൻ എന്ന് ആചാര്യർ പറയുന്നു:
കൃഷ്ണ ഇതി കൃഷതേ: വിലേഖനാർഥസ്യ രൂപം
ഭക്തജന പാപാദിദോഷാകർഷണാത് കൃഷ്ണ,
തസ്യ സംബുദ്ധി ഹേ കൃഷ്ണ II 6:4
കൃസ് എന്ന ധാതുവിന് അർത്ഥം, നീക്കൽ (uproot). ഭക്തരുടെ പാപദോഷങ്ങൾ നീക്കുന്നവൻ.
ഗോപാലതാപിന്യോപനിഷത്തിൽ നിരീക്ഷിക്കുന്നത്, കൃസ് എന്നാൽ സത് അഥവാ അസ്തിത്വം എന്നാണ്. ന എന്നാൽ ആനന്ദം (bliss). അതായത്, പരബ്രഹ്മം.
മഹാഭാരതത്തിലെ ശിവസഹസ്രനാമത്തിലും കൃഷ്ണനുണ്ട്. മഹാഭാരതത്തിലെ സ്കന്ദോപനിഷത്തിൽ ഇങ്ങനെ കാണാം:
ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ II
കൃഷ്‌ണതത്വ ഹൃദയമാണ് ശിവൻ. കൃഷ്ണൻ മഹാഭാരതത്തിൽ പറയുന്നത്, "ഞാൻ എന്റെ ആത്മത്തെ, ശിവനെ ആരാധിക്കുന്നു എന്നാണ്. കൃഷ്ണന്റെ ആത്മതത്വമാണ് ശിവൻ. സ്കന്ദോപനിഷത്തിൽ ഇങ്ങനെ:
ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ
ശിവസ്യ ഹൃദയം വിഷ്ണു വിഷ്ണോസ്യ ഹൃദയം ശിവ II
ശിവന്റെ ഹൃദയം വിഷ്ണുവാണെന്ന് കൂടി പറയുമ്പോൾ അദ്വൈതമായി.
© Ramachandran

No comments:
Post a Comment