മാമാങ്കം സാമൂതിരി പിടിച്ച വിധം
സാമൂതിരി ‘മതേതരവാദി’യായിരുന്നുവെന്നും അതിനാൽ ഓരോ മുക്കുവൻ്റെ വീട്ടിലും ഒരാൾ ഇസ്ലാമിൽ ചേരണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും നമുക്കറിയാം. അങ്ങനെയാണ് മലബാറിൽ ഇത്രയും മുസ്ലിംകൾ ഉണ്ടായത്. സാമൂതിരിയെ “നമ്മുടെ സുൽത്താൻ” എന്നാണ് സൈനുദീൻ മഖ്ദൂം രണ്ടാമൻ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ‘തുഹ്ഫത്തുൽ മുജാഹിദീനി’ൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടന്ന് യുദ്ധക്കപ്പലുകളിൽ നാവികരെ അയച്ചു കൊടുത്ത് ബിജാപ്പൂർ സുൽത്താനെ സാമൂതിരി സഹായിച്ചതും ഇസ്ലാമികവൽക്കരണത്തെ തുണച്ചതും ഒക്കെയാണ് സാമൂതിരിയെ അങ്ങനെ മുസ്ലിംകൾ പരിഗണിക്കാൻ കാരണം.
മതേതരവാദിയായ സാമൂതിരി, ഹൈദരാലി അധിനിവേശം നടത്തിയപ്പോൾ കൊട്ടാരത്തിന് തീവച്ച് ആത്മാഹുതി ചെയ്തു. ഇസ്ലാമിനെ തുണച്ചപ്പോൾ കിട്ടിയ പ്രതിഫലമാണ് ആത്മാഹുതി. അതിനു വളരെ മുൻപാണ് സാമൂതിരി, മാമാങ്കത്തിൽ കോഴിക്കോട്ടെ ബന്തർ കോയയെ തനിക്കൊപ്പം നിർത്തിയത്. കോഴിക്കോട് തുറമുഖ അധികാരി ആയിരുന്നു ബന്തർ കോയ.
ഐക്യത്തിനായി പുഴ അപേക്ഷിച്ചത് ഹിന്ദുക്കൾ കേൾക്കാതിരുന്നത് കൊണ്ടാണ് നിള വറ്റിയത് എന്ന് മനസ്സിലായപ്പോൾ ഹിന്ദു ഉണർന്നു; മാമാങ്ക കുംഭമേള പുനരുജ്ജീവിച്ചു. ഇനി പുഴയും ഉണരുമായിരിക്കും. സരസ്വതിയും ഭൂഗർഭത്തിൽ ഉണ്ട്. ഇന്ത്യ ഒട്ടാകെ ഹിന്ദു ഉണരുമ്പോൾ സരസ്വതിയും ഉണർന്നു വരും. തമിഴ്നാട്ടിൽ പൂംപുഹാർ എന്ന തുറമുഖ നഗരം നിന്ന നദിയും വറ്റിപ്പോയി.
അഭിഷേകം, അധിനിവേശം
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രോത്സവം എന്ന നിലയിൽ തുടങ്ങിയ മാമാങ്കം അന്നത്തെ വാൾ നമ്പിമാരിൽ നിന്ന് രക്ഷാപുരുഷനിലേക്കും പെരുമാളിൻ്റെ അഭിഷേകത്തിലേക്കും ഒഴിയലിലേക്കും സാമൂതിരിയുടെ അധിനിവേശത്തിലേക്കും പരിണമിച്ച ചരിത്രമാണ് മാമാങ്കത്തിന്റേത്.
ഉജ്ജയിനി, പ്രയാഗ, ഹരിദ്വാർ, കുംഭകോണം കുംഭമേളകൾ പോലൊന്ന് തിരുന്നാവായയിലും പണ്ട് നടന്നിരുന്നു. 12 വർഷത്തിലൊരിക്കൽ കുംഭകോണത്ത് മഹാമഹം നടക്കുന്നത് മാർക്സിസത്തിൽ സ്നാനം ചെയ്യുന്നതിനിടയിൽ മലയാളി കണ്ടില്ല. ഗംഗ, യമുന, സരസ്വതി, നർമ്മദ, ഗോദാവരി, കൃഷ്ണ, കാവേരി, സരയൂ, മഹാനദി എന്നീ ഒൻപത് പുണ്യ നദികൾ കുംഭകോണത്തെ ആറേക്കർ ജലാശയത്തിൽ സംഗമിക്കുന്നു എന്നാണ് വിശ്വാസം. പത്തു ദിവസത്തെ മേളയിൽ 20 മിനിറ്റ് നേരത്തെ തീർത്ഥവാരിയാണ് പ്രധാനം. ഇതിന് ചുറ്റും 16 മണ്ഡപങ്ങളും 21 കിണറുകളുമുണ്ട്. കുംഭേശ്വർ ക്ഷേത്രം ഉൾപ്പെടെ 12 ശിവക്ഷേത്രങ്ങളും അഞ്ച് വിഷ്ണുക്ഷേത്രങ്ങളും മേളയുടെ ഭാഗമാണ്.
![]() |
| നിലപാട് തറ |
കുംഭകോണത്ത് നദിയല്ല, തീർത്ഥമാണ്. ഒരുകാലത്ത് നദി ആയിരുന്നിരിക്കാം. തമിഴ്നാട്ടിൽ നദികൾ വറ്റിയപ്പോഴാണ് തിരുവഞ്ചിക്കുളം ചേര തലസ്ഥാനമായത്. കുംഭകോണത്ത് ഒടുവിൽ കുംഭമേള നടന്നത്, 2016 ഫെബ്രുവരി 22 നാണ്. ഇനി 2028 ൽ.
ഗംഗ ഭാരതപ്പുഴയിലേക്ക് കുംഭമേളക്കാലത്ത് ഒഴുകിയെത്തുന്നു എന്നാണ് വിശ്വാസം. ബാർബോസയെപ്പോലുള്ള യാത്രികർ എഴുതിയ വിവരണങ്ങളിലും കേരളോൽപത്തി, കേരളമാഹാത്മ്യം, കോഴിക്കോട് ഗ്രന്ഥവരി, മാമാങ്കം കിളിപ്പാട്ട്, കണ്ടർ മേനോൻ പടപ്പാട്ട് എന്നിവയിലും എല്ലാം മാമാങ്കം ഉണ്ട്.
കൊടുങ്ങല്ലൂരിൽ ചേരന്മാർ ഭരിക്കുന്നത് സി ഇ 800-1124 കാലത്താണ്. അതിന് മുൻപേ മാമാങ്കം നടക്കുന്നുണ്ട്. തിരുന്നാവായയ്ക്ക് ബ്രിഹന്നടി, മഹായോഗി പുരം എന്നൊക്കെ പറഞ്ഞിരുന്നു. നിളയുടെ വലത്ത് വിഷ്ണു, ഇടത്ത് ബ്രഹ്മാവ്, ശിവൻ. പഴയ ബ്രാഹ്മണ വാസകേന്ദ്രമാണ് ഈ ഗ്രാമം.
പെരിയാറിന് ശേഷം അടുത്ത വലിയ നദിയായ ഭാരതപ്പുഴ അന്ന് പേരാർ എന്നറിയപ്പെട്ടിരുന്നു. ലോഗൻ പറയുന്നത് മഹാമഘം എന്നാൽ മഹാത്യാഗം എന്നാണ്. സാമൂതിരി ചരിത്രം എഴുതിയ കെ വി കൃഷ്ണയ്യർക്ക് അത് മഹാമാഘം. ഇളംകുളം കുഞ്ഞൻ പിള്ളയ്ക്ക് മാഘ മകം.
ആദ്യം ഇത് നടത്തിയത് നാല് കഴകങ്ങളിലെ മാടമ്പിമാർ. അതിൽ നിന്നൊരാൾ മൂന്ന് വർഷത്തേക്ക് രക്ഷാപുരുഷൻ. ഒരിക്കൽ ഇത് ആരായിരിക്കണം എന്ന് തർക്കമുണ്ടായി. നാല് കഴകങ്ങൾക്ക് പുറത്ത് നിന്നൊരാൾ വരട്ടെ എന്ന് തീരുമാനിച്ചു. പശ്ചിമഘട്ടത്തിന് അപ്പുറം നിന്ന് രാജകുമാരനെ വരുത്തി പേരാറിൻ്റെ തീരത്തെ മാമാങ്കത്തിൽ പെരുമാളായി വാഴിച്ചു. 12 വർഷം ഭരണകാലം എന്ന് തീരുമാനിച്ചു. മാഘമാസത്തിലെ കർക്കടക വ്യാഴത്തിലെ പുഷ്യ ദിനമായിരുന്നു അന്ന്. അന്നത്തെ സദ്യയിൽ ബ്രാഹ്മണരും മാടമ്പിമാരും പങ്കെടുത്തു പോന്നു.
പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് 28 ദിവസമാകുമ്പോൾ ബ്രാഹ്മണർക്ക് മുന്നിൽ പെരുമാൾ വാൾ അടിയറ വയ്ക്കും. അടുത്ത പെരുമാളിനെ തിരഞ്ഞെടുക്കും. ഈ ദിനം തമിഴിൽ മഹാ മാഘം. കൃഷ്ണയ്യർ ആണ് ശരി.
സ്ഥാനം ഒഴിയുന്ന പെരുമാൾ സ്വയം കഴുത്ത് വാൾ കൊണ്ട് മുറിച്ചിരുന്നെന്ന് അലക്സാണ്ടർ ഹാമിൽട്ടൺ എഴുതുന്നു. പണ്ഡിതസഭയ്ക്ക് മുന്നിൽ ഉയർത്തിയ പീഠത്തിലാണ് ഈ നിണമൊഴുകിയത്. പുഴയിലെ സ്നാനത്തിന് ശേഷമാണ് പെരുമാൾ ഇത് ചെയ്തിരുന്നതെന്ന് ബാർബോസ പറയുന്നു. ആൾക്കൂട്ട അകമ്പടിയോടെ സ്നാനത്തിന് പോയി വിഗ്രഹത്തെ തൊഴുത ശേഷമായിരുന്നു ദേഹത്യാഗം. പിൻഗാമി ഇതിന് സാക്ഷിയായിരിക്കും.
അധികാരം സുഖമായപ്പോൾ 12 വർഷം കഴിഞ്ഞ് ഒഴിയാൻ പെരുമാക്കൾ വിസമ്മതിച്ചു. കിരീടത്തിനായി പോരാട്ടം തുടങ്ങി. ചാവേറുകൾക്കിടയിലൂടെ നടന്ന് പെരുമാളിനെ തീർക്കുന്നവൻ അടുത്ത പെരുമാൾ. അത് നടന്നില്ലെങ്കിൽ പെരുമാൾ തുടരും. അവസാന പെരുമാൾ രാമവർമ്മ കുലശേഖരൻ (1089-1124) മൂന്ന് മാമാങ്കങ്ങളെ അതിജീവിച്ചു. എന്നിട്ട് വള്ളുവനാട് രാജാവിനെ രക്ഷാപുരുഷനാക്കി മാമാങ്കം നടത്താൻ ഏൽപിച്ചു. രാജാവിന് ആയിരം നായർ ഭടന്മാർ ഉണ്ടായിരുന്നു. തിരുമാന്ധാംകുന്ന് ഭഗവതി പരദേവത. കേരളത്തെ പെരുമാൾ അന്ന് വിഭജിച്ചത് തിരുന്നാവായയിൽ ആണെന്നാണ് വിശ്വാസം. ആവർത്തിക്കട്ടെ, അവസാന പെരുമാൾ ഇസ്ലാമിൽ ചേർന്നില്ല.
കോയയുടെ കുതന്ത്രം
വള്ളുവനാട് രാജാവിനെ വെള്ളാട്ടിരി എന്ന് വിളിച്ചു. അദ്ദേഹത്തെ അട്ടിമറിച്ചു ഭരണം പിടിച്ച് മാമാങ്കത്തിൻ്റെ രക്ഷാപുരുഷനാകാൻ സാമൂതിരിയെ പ്രേരിപ്പിച്ചത് ബന്തർ കോയ ആയിരുന്നെന്ന് പറയപ്പെടുന്നു. പോർച്ചുഗീസുകാർ ഉൾപ്പെടെയുള്ള ശത്രുക്കളിൽ നിന്ന് കോഴിക്കോട് തുറമുഖം സംരക്ഷിക്കുക, സാമൂതിരിയുടെ കച്ചവടക്കപ്പലുകൾക്ക് സംരക്ഷണം നൽകുക, മുസ്ലിം നാവികരെ കണ്ടെത്തുക തുടങ്ങിയ സുപ്രധാന ജോലികൾ കോയ നിർവഹിച്ചു. കച്ചവടം നടത്തി ലാഭമുണ്ടാക്കൽ രാജാവിൻ്റെ പണിയല്ല എന്ന സത്യം സാമൂതിരിക്ക് വിഷയം ആയിരുന്നില്ല. സ്വന്തം കപ്പലുകൾക്ക് നാവികരാകാൻ മുസ്ലിംകളെ വേണ്ടിയിരുന്നു എന്ന ഗതികേടും സാമൂതിരിയെ മതേതരനാകാൻ പ്രേരിപ്പിച്ചു.
കോയയുടെ സേന കടൽ വഴിയും സാമൂതിരിയുടെ സേന കര വഴിയും പോയാണ് വള്ളുവനാട് പിടിച്ചത് എന്ന് പറയപ്പെടുന്നു. തിരുന്നാവായ പിടിച്ചതിന് പ്രത്യുപകാരമായി കോയയെ സാമൂതിരി സമ്പത്തു കൊണ്ട് മൂടിയെന്നും അയാൾക്ക് മാമാങ്കത്തിൽ തൻ്റെ വലതു വശത്തു നിൽക്കാൻ അവകാശം നൽകിയെന്നും കൃഷ്ണയ്യർ എഴുതുന്നു. Zamorins of Calicut എന്ന പ്രൊഫസർ കൃഷ്ണയ്യരുടെ പുസ്തകം സാമൂതിരി കുടുംബം എഴുതിപ്പിച്ച ചരിത്രം കൂടിയാണ്.
കോയ കുതന്ത്രം വഴിയാണ് ഈ സ്ഥാനം നേടിയത് എന്നൊരു ഭാഷ്യമുണ്ട്. കോയയ്ക്ക് സാമൂതിരിയുമായി മാത്രമല്ല, വള്ളുവനാട് രാജാവുമായും നല്ല ബന്ധമായിരുന്നു. ഒരു മാമാങ്കത്തിൽ സാമൂതിരിയുടെ ഭടന്മാർ വള്ളുവനാട് രാജാവിൻ്റെ സേനാവ്യൂഹത്തെ ഭേദിച്ച് രാജാവിനെ വാകയൂർ മണിത്തറയിൽ കൊന്നു. സംഗതി വിജയിച്ചാൽ കോയയുടെ മകളെ നിക്കാഹ് ചെയ്യാമെന്ന് സാമൂതിരി വാക്ക് നൽകിയിരുന്നത്രെ. സംഭവം നടന്നപ്പോൾ മുന്നാലോചനയില്ലാതെ അങ്ങനെ പറഞ്ഞതിൽ സാമൂതിരി പരിതപിച്ചു. നിക്കാഹ് നടന്നാൽ അങ്ങേര് ജാതിഭ്രഷ്ടനാകും. വള്ളുവനാട് പിടിച്ചു കല്ലായിപ്പുഴ കടന്ന സാമൂതിരിയെ വ്യാജ ബീവി സ്വീകരിച്ച് പ്രശ്നം പരിഹരിച്ചു. ബീവിയുടെ വേഷം ധരിച്ച ഒരു പുരുഷനിൽ നിന്ന് സാമൂതിരി താംബൂലവും പുകയിലയും സ്വീകരിച്ചു. ഇത് കൃഷ്ണയ്യരുടെ പുസ്തകത്തിലുണ്ട്.
പന്നിയൂർ, ചൊവ്വാരം ബ്രാഹ്മണ ഗ്രാമങ്ങൾ തമ്മിലുള്ള തർക്കവും വള്ളുവനാട് രാജാവിനെ ആക്രമിക്കാൻ സാമൂതിരിക്ക് ന്യായം നൽകിയെന്ന് വിഷറുടെ Letters from Malabar -ൽ കാണാം.
![]() |
| മരുന്നറ |
തിരുമനശ്ശേരിയിലെ നമ്പൂതിരി നാടുവാഴിയെ അയലത്തെ വള്ളുവനാടും പെരുമ്പടപ്പും കീഴടക്കിയപ്പോഴാണ് സാമൂതിരി ഇടപെട്ടത്. പേരാറിൻ്റെ മുനമ്പിലായിരുന്നു തിരുമനശ്ശേരി. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ട വള്ളുവനാടിൻ്റെ സാമന്തനായ തിരുമനശ്ശേരിക്ക് പൊന്നാനി തുറമുഖം കൈവശമുണ്ടായിരുന്നു. വടക്ക് നിള. അദ്ദേഹമാണ് പെരിഞ്ചല്ലൂരിനും ചെങ്ങന്നൂരിനും ഇടയ്ക്കുള്ള 64 നമ്പൂതിരി ഗ്രാമങ്ങളുടെ നേതൃത്വം വഹിച്ച പന്നിയൂർ ചേരിയുടെ വിധാതാവ്. തളിപ്പറമ്പ് ഉൾപ്പെടെ 13 ക്ഷേത്രങ്ങളുടെ കോയ്മ. 3000 നായർ ഭടന്മാരുടെ സേന. പൊന്നാനി തുറമുഖം വിട്ടുകൊടുത്ത് തിരുമനശ്ശേരി, സാമൂതിരിയുടെ സഹായം തേടി.
സാമൂതിരി വടക്ക് നിന്ന് തിരുന്നാവായയിൽ എത്തി. പൊന്നാനിയും തിരുമനശ്ശേരിയും പിടിച്ചു. പടിഞ്ഞാറു നിന്ന് വെള്ളാട്ടിരിയെ ആക്രമിച്ചു. വെള്ളാട്ടിരിയുടെ പരദേവതയായ വളയനാട്ട് ഭഗവതിയെ പ്രസാദിപ്പിച്ച ശേഷമാണ് സാമൂതിരി മുന്നേറിയത്. യുദ്ധത്തിൽ രണ്ടു വെള്ളാട്ടിരി രാജകുമാരന്മാർ മയ്യത്തായി.
കോയയ്ക്ക് സാമൂതിരി, ഷാ ബന്തർ എന്ന പദവി നൽകി. നായർ മാടമ്പിയുടെ അവകാശങ്ങൾ കിട്ടി. കോഴിക്കോട് ബസാറിലെ മുസ്ലിംകളുടെ ഉടയോനായി. ഇല്ലുവർ, കമ്മാളൻമാർ, മുക്കുവർ എന്നിവരിൽ നിന്ന് കോയയ്ക്ക് സമ്മാനങ്ങൾ വാങ്ങാം. കോഴിക്കോട് അടുക്കുന്ന വിദേശ കപ്പലുകളിൽ നിന്ന് 10 പണവും പണ്ടാരക്കടവിൽ നിന്ന് ആളൊന്നിന് 16 പണവും ബേപ്പൂരിൽ നിന്ന് ആളൊന്നിന് 12 പണവും നികുതി പിരിക്കാം. വിവാഹത്തിനും കളിയാട്ടിനും മാപ്പിള കൊട്ടുകാരെ അയയ്ക്കാം. മാമാങ്കത്തിൽ വെടിക്കെട്ട് അവകാശം കോയയ്ക്ക്. മാമാങ്കത്തിൻ്റെ അവസാന ദിവസം വാകയൂർ നിലപാട് തറയിൽ കോയയ്ക്ക് സാമൂതിരിയുടെ വലതുവശം നിൽക്കാം.
ഇങ്ങനെ മലബാറിൽ മതേതരത്വം പൂത്തു. അതിഷ്ടപ്പെടാത്ത വള്ളുവനാട് മാടമ്പിമാർ സാമൂതിരിയെ തട്ടാൻ ചാവേറുകളെ നിയോഗിക്കാൻ തുടങ്ങി. 1755 ൽ ഹൈദരാലി കോഴിക്കോട് പിടിച്ചപ്പോൾ മാമാങ്കം നിന്നു. അവശിഷ്ട മതേതരത്വത്തിൽ ചാവേറുകൾക്ക് വിലയില്ലാതായി. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടിയുടെ മലബാർ ഇംഗ്ലീഷ് ഭരണത്തിലായി.
ഞാൻ മതേതരവാദിയല്ല. ജോർജ് ജേക്കബ് ഹോളിയൊക്കെ എന്നൊരു ക്രിമിനൽ മാപ്ര 1851 ൽ ഉണ്ടാക്കിയ വാക്കാണ് സെക്കുലറിസം എന്ന സത്യം എനിക്കറിയാം. വെറും 250 കോപ്പി അടിച്ചിരുന്ന പത്ര ഉടമയായ അയാളെ ക്രിമിനൽ എന്ന നിലയിൽ ശിക്ഷിച്ചിട്ടുമുണ്ട്. ധാർമ്മിക നിലവാരമില്ലാത്ത ഒരു അരാജകവാദിയുടെ ആശയം കൈക്കൊള്ളേണ്ട ഒരു ബാധ്യതയും എനിക്കില്ല. ഇറക്കുമതി ചരക്കുകൾ വർജിക്കുകയാണ് അഭികാമ്യം.മോദി ഈയിടെ യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ ഇന്ത്യ തീരുവ ഗണ്യമായി കുറച്ചിട്ടുണ്ടെങ്കിലും മാർക്സിസം ഉൾപ്പെടെയുള്ള ഇറക്കുമതി ചരക്കുകൾ എനിക്ക് വേണ്ട.
© Ramachandran

