Showing posts with label സബ്യസാചി മുക്കർജി. Show all posts
Showing posts with label സബ്യസാചി മുക്കർജി. Show all posts

Sunday, 22 March 2026

ടഗോറിൻ്റെ വന്ദേമാതരം

ടഗോറും എഴുതി, വന്ദേമാതരം

ബങ്കിംചന്ദ്ര ചാറ്റർജിയും അദ്ദേഹം എഴുതിയ ‘വന്ദേമാതര’വും അടുത്തിടെ പാർലമെൻറിൽ ചർച്ച ചെയ്തപ്പോഴും ഒരു വസ്തുത ആരും ഓർത്തില്ല -രബീന്ദ്രനാഥ ടഗോറും ഒരു ‘വന്ദേമാതരം’ എഴുതിയിട്ടുണ്ട്. ബങ്കിംചന്ദ്രൻ്റെ ദേശീയഗാനം ഉള്ളപ്പോൾ ടഗോർ മറ്റൊന്ന് എഴുതിയത് എന്തിന്?

ബങ്കിംചന്ദ്ര അത് എഴുതിയത് 1875 -ലാണ്. ടഗോർ അത് 1896 ലെ കോൺഗ്രസ് സമ്മേളനത്തിൽ പാടി. എന്നാൽ, ടഗോർ എഴുതിയ ‘വന്ദേമാതരം’ 1905 ൽ കഴ്സൺ ബംഗാൾ വിഭജിച്ചപ്പോൾ അതിനെതിരെ ബംഗാൾ തെരുവുകളിൽ പ്രകമ്പനമായി. അത് തുടങ്ങുന്നത് ഇങ്ങനെ: 


ഏക് സൂത്രേ ബന്ധി അച്ചി സഹസ്രതി മൻ 

ഏക് കജെ സമ്പിയാച്ചി സഹസ്ര ജീവൻ 

വന്ദേമാതരം 


(ഒറ്റ നൂലിൽ നാം ആയിരം മനസ്സുകളെ തുന്നിച്ചേർത്തു, ആയിരം ജന്മങ്ങളെ നാം ഒരു കർമ്മത്തിൽ ബന്ധിച്ചു, വന്ദേമാതരം.)


‘ബംഗ്‌ളാർ മതി’, ‘ബംഗ്‌ളാർ ജോൽ’, ‘അമർ സോനാർ ബംഗ്ലാ’ തുടങ്ങിയ ടഗോർ ഗാനങ്ങളും അന്ന് തെരുവുകളിൽ മുഴങ്ങി. അന്നത്തെ രക്ഷാബന്ധൻ നാളിൽ ടഗോർ ജനപ്രക്ഷോഭത്തെ നയിച്ചു. ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം രാഖികളാൽ ബന്ധിതരായി. 


ദുർഗാ വിരോധം 


സുദീപ്ത കവിരാജ് എഴുതുന്നത്, ബങ്കിംചന്ദ്ര പ്രകൃതി, ശാന്തി, ദേശം മാതൃത്വം എന്നിവയെ മത നൂൽ കൊണ്ട് കെട്ടിയപ്പോൾ ടഗോർ ദേശത്തെ മനസ്സുകളെ ഒന്നിപ്പിക്കാൻ മതരഹിതമായ ഐക്യം ഉദ്ഘോഷിച്ചു എന്നാണ്. അത് കോളനിവിരുദ്ധമായിരുന്നു.


സബ്യസാചി മുക്കർജി Vandemataram: The Biography of a Song ൽ പറയുന്നത്, ബങ്കിംചന്ദ്ര എഴുതിയ ഗീതം 1930 ലെ ഹിന്ദു -മുസ്ലിം കലാപകാലത്തും ടഗോർ ഗീതം വിഭജനകാലത്തും മുഴങ്ങി എന്നാണ്. നെഹ്‌റു -ടഗോർ കത്തിടപാടിൽ ബങ്കിംചന്ദ്ര ഗാനത്തിലെ ആദ്യ ഈരടികൾ കഴിഞ്ഞ്, ദുർഗ്ഗയോട് മാതൃഭൂമിയെ ഉപമിക്കുന്ന ഭാഗത്തോട് ടഗോറിനും യോജിപ്പില്ലായിരുന്നു എന്നാണ്. 


‘വന്ദേമാതരം’ ദേശീയഗാനം ആക്കുന്നതിനെ നെഹ്രുവും എതിർത്തു -അതാണ് ഇപ്പോൾ രാജ്യത്ത് വലിയ ചർച്ച. 1937- ൽ കോൺഗ്രസ്, അതിൽ ദുർഗയെ പരാമർശിക്കുന്ന ഭാഗം വെട്ടിനീക്കി ഇന്നത്തെ പരുവത്തിലാക്കി. മൂലഗീതത്തിൽ ഇങ്ങനെയുണ്ട്:


ത്വം ഹി ദുർഗാ ദശപ്രഹരണ ധാരിണീ 

കമലാ കമലദള വിഹാരിണീ 

വാണി വിദ്യാദായിനീ നമാമി ത്വം 

നമാമി കമലാം അമലാം അതുലാം 

സുജലാം സുഫലാം മാതരം 

വന്ദേ മാതരം.


ബങ്കിംചന്ദ്രയെ പ്രചോദിപ്പിച്ച രണ്ടു സംഭവങ്ങൾ 1857 ലെ സ്വാതന്ത്ര്യ സമരവും 1763 -1800 ൽ ബ്രിട്ടനെതിരെ ബംഗാളിൽ നടന്ന സന്യാസി കലാപവുമാണ്. ആ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ 1882 ൽ എഴുതിയ ‘ആനന്ദമഠം’ എന്ന നോവലിൽ, നേരത്തെ എഴുതിയ ‘വന്ദേമാതരം’ ചേർത്തു. 


കൊൽക്കത്ത സർവകലാശാലയിലെ ആദ്യ ബിരുദധാരികളിൽ ഒരാളായ ബങ്കിംചന്ദ്ര ബ്രിട്ടീഷ് ഭരണത്തിൽ ഡപ്യുട്ടി കലക്ടറായിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് ഭരണം God save the king ഇന്ത്യയുടെ ദേശീയഗാനമാക്കാൻ ശ്രമിക്കുകയായിരുന്നു. അങ്ങനയാണ് വന്ദേമാതരം ആശയം അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് വന്നത്. ജോറാ ഘട്ടിനടുത്ത് ചിൻസൂറയിൽ അധ്യ കുടുംബത്തിൻ്റെ വെളുത്ത വീട്ടിൽ അദ്ദേഹം ആ നിത്യഹരിത ഗീതം എഴുതി. ജാദുനാഥ് ഭട്ടാചാര്യ അതിന് ഈണം നൽകി.


ടഗോർ അത് 1896 ൽ പാടിയ ശേഷം 1901 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ദഖിന ചരൺ സെന്നും 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിൽ കവയിത്രി സരളാദേവി ചൗധുരാണിയുംആലപിച്ചു. ലാലാ ലജ്‌പത്‌ റായ് ‘വന്ദേമാതരം’ എന്ന മാസിക തുടങ്ങി. 1905 ൽ ഹീരാലാൽ സെൻ എടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രീയ സിനിമ അവസാനിച്ചത്, വന്ദേമാതരം എന്ന് പറഞ്ഞാണ്. 1907 ൽ ഭിക്കാജി കാമ ആദ്യ ഇന്ത്യൻ പതാക സൃഷ്ടിച്ചപ്പോൾ അതിൽ വന്ദേമാതരം എന്നെഴുതി. 


ദുർഗയെ നീക്കിയ ‘വന്ദേമാതര’മാണ് 1937 ൽ നെഹ്‌റു, ആസാദ്, ബോസ്, ടഗോർ എന്നിവർ അടങ്ങിയ കോൺഗ്രസ് കമ്മിറ്റി സ്വീകരിച്ചത്. ജിന്നയും മുസ്ലിം ലീഗും ‘വന്ദേമാതര’ത്തെ എതിർത്തത് അവരെ സമ്മർദ്ദത്തിലാക്കി. 1937 ൽ കോൺഗ്രസ് പ്രസിഡന്റായ ബോസ്, ടഗോറിനോട് ‘വന്ദേമാതര’ത്തെപ്പറ്റി ചോദിച്ചപ്പോൾ, ടഗോർ എഴുതി: “ആനന്ദമഠം സാഹിത്യകൃതി ആയതിനാൽ അതിൽ ഇത് കുഴപ്പമില്ല. പാർലമെൻറിൽ സകല മതക്കാരും ഉള്ളതിനാൽ ഇത് കുഴപ്പമാണ്.”


മുസ്ലിം സമ്മർദ്ദം 


ഗാന്ധിയും ഇതിനോട് യോജിച്ചു. നെഹ്‌റുവിന് ‘വന്ദേമാതര’ത്തോട് സവിശേഷ എതിർപ്പുണ്ടായിരുന്നു എന്ന് കാണാം. 1922 വരെ ഓരോ കോൺഗ്രസ് സമ്മേളനവും തുടങ്ങിയത്, ദുർഗയെ പരാമർശിക്കുന്ന ഭാഗമുള്ള പൂർണ ‘വന്ദേമാതരം’ പാടിക്കൊണ്ടാണ്. ആദ്യം ടഗോർ പാടിയതും അതാണ്. 1920 -1921 ലെ ഖിലാഫത്ത് കാലത്തും അങ്ങനെയായിരുന്നു. 


ജിന്ന കോൺഗ്രസിൽ നിന്നകന്ന് ഗാന്ധി അലി സഹോദരന്മാരുടെ കീശയിലായ സമയം മുതൽ സംഗതി മാറി. 1923 ലെ കോൺഗ്രസ് സമ്മേളനത്തിൽ മൗലാനാ മുഹമ്മദ് അലിയായിരുന്നു അധ്യക്ഷൻ. ‘വന്ദേമാതരം’ പാടുന്നത് ഇക്ക വിലക്കി. പ്രതിനിധികൾ ക്ഷോഭിച്ചപ്പോൾ അയാൾ ഇറങ്ങിപ്പോയി. വന്ദേമാതരം പാടിയ ശേഷം അയാൾ വേദിയിൽ തിരിച്ചെത്തി. അലിയെ അനുകൂലിച്ച ഗാന്ധി ‘വന്ദേമാതരം’ വെട്ടുന്നതിന് തുടക്കമിട്ടു.


മുസ്ലിം വിഘടനവാദികൾ പാക്കിസ്ഥാൻ വാദം ഉന്നയിച്ചതിനോടൊപ്പം ‘വന്ദേമാതര’ വിരോധവും കൂടി വന്നു. ഹിന്ദുക്കൾ അത് ദേശീയഗാനമാക്കണം എന്ന ആവശ്യം ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ഡോ രാജേന്ദ്രപ്രസാദിൻ്റെ മുന്നിൽ വച്ചു. 1947 ഓഗസ്റ്റ് ഏഴിന് അദ്ദേഹം നെഹ്‌റുവിന് എഴുതിയ കത്തിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചു. ഒന്ന്: സ്വാതന്ത്ര്യ ദിനത്തിൽ ഗോവധ നിരോധനം പ്രഖ്യാപിക്കണം. രണ്ട്: ‘വന്ദേമാതരം’ ദേശീയഗാനം ആക്കണം.


നെഹ്രു എഴുതിയ മറുപടി Selected Works, Second Series, Vol III, പേജ് 189 -192 ൽ കാണാം.  രണ്ടും നെഹ്‌റു നിരസിച്ചു. ‘വന്ദേമാതര’ത്തെപ്പറ്റി നെഹ്‌റു ഇങ്ങനെ എഴുതി: “ഓഗസ്റ്റ് 14 രാത്രിയോ 15 പുലർച്ചെയോ അത് പാടേണ്ട എന്നാണ് എൻ്റെ അഭിപ്രായം. സഭയിൽ കുഴപ്പം ഒന്നും ഉണ്ടാകരുത്. ഇക്കാര്യത്തിൽ പാർട്ടിയിൽ വലിയ ചർച്ച നടന്നതാണ്. അധ്യക്ഷൻ എന്ന നിലയിൽ അങ്ങേക്ക് തീരുമാനിക്കാം. അങ്ങേയ്ക്ക് വേണ്ടെന്നും വേണമെന്നും വയ്ക്കാം. 14 രാവിലെയോ ഉച്ചയ്‌ക്കോ പാർട്ടി യോഗത്തിൽ ചർച്ച ചെയ്യാം. തീരുമാനം എന്തായാലും അംഗീകരിക്കണം.”


അങ്ങനെ ഓഗസ്റ്റ് 14 പാതിരയ്ക്ക് വെട്ടിമുറിച്ച ‘വന്ദേമാതരം’ പാടി. 1950 ജനുവരി 26 ന് ‘ജനഗണമന’ ദേശീയഗാനമായും (anthem) ‘വന്ദേമാതരം’ ദേശീയഗീതമായും (national song) അംഗീകരിച്ചു. ‘വന്ദേമാതരം’ പട്ടാള ബാൻഡിന് ചേരില്ലെന്ന് നെഹ്‌റു നിലപാട് എടുത്തു.


‘ജനഗണമന’ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് ആറാമനെ ആദരിക്കുന്ന ചടങ്ങിൽ ടഗോർ ആദ്യമായി പാടി എന്ന പറച്ചിൽ ശരിയല്ല. 1911 ഡിസംബർ 27 ന് കോൺഗ്രസ് സമ്മേളനത്തിലാണ് ടഗോർ പാടിയത്. ആ നേരത്ത് ചക്രവർത്തി ഇന്ത്യയിൽ ഉണ്ടായിരുന്നു. 


നെഹ്‌റു ‘വന്ദേമാതര’ത്തെ എതിർത്തത് നമുക്ക് മനസ്സിലാകും -മുസ്ലിം പ്രീണനമാണ് മതേതരത്വം. ടഗോറോ? ‘ജനഗണമന’യും ‘വന്ദേമാതര’വും തമ്മിൽ മത്സരം വന്നാൽ ടഗോർ എവിടെ നിൽക്കണം? 


© Ramachandran








FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...