Showing posts with label Ettumanoor. Show all posts
Showing posts with label Ettumanoor. Show all posts

Wednesday, 2 September 2026

ബ്രഹ്മഹത്യയ്ക്ക് ശേഷം ഏഴരപ്പൊന്നാന

പ്രായശ്ചിത്തമായി മഹാദേവൻ്റെ നടയ്ക്കൽ

റ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയിൽ പൊതിഞ്ഞ സ്വർണം ഉരുക്കിയോ എന്ന അന്വേഷണം ഹൈക്കോടതി നിർദേശ പ്രകാരം നടക്കുന്നു. അപ്പോൾ  എന്താണ് ഏഴരപ്പൊന്നാന എന്ന് ഞാനും അന്വേഷിച്ചു. അഷ്ട ദിഗ്ഗജങ്ങൾ ആണ് അവ. ഒന്ന് വാമനൻ ആയതിനാൽ, അര. 

തിരുവിതാംകൂർ എന്ന ചെറിയ രാജ്യത്തെ മറ്റ് രാജ്യങ്ങൾ പിടിച്ചും ബ്രാഹ്മണഹത്യ ഉൾപ്പെടെ ഹിംസകൾ നടത്തിയും മാർത്താണ്ഡവർമ്മ വിസ്‌തൃതമാക്കി. ഒടുവിൽ ചില വർഷങ്ങൾ തളർന്ന് കിടക്കപ്പായിൽ അധികാരം വറ്റിക്കിടന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ, അധികാരത്തിൻ്റെ മൂർദ്ധന്യത്തിൽ ചെയ്ത ബ്രഹ്മഹത്യാ പാപത്തിന് പ്രായശ്ചിത്തമായി മഹാദേവൻ്റെ നടയ്ക്കൽ വച്ചതാണ് ഏഴരപ്പൊന്നാന. സമീപകാല കഥനങ്ങളിൽ ബ്രഹ്മഹത്യ ഒഴിവാക്കിക്കാണുന്നത് മനഃപൂർവമാകാൻ വഴിയില്ല!


വടക്കുംകൂർ രാജ്യം പിടിക്കാൻ 1753-1754-ൽ ഏറ്റുമാനൂരിൽ എത്തിയ വർമ്മ മാധവിപ്പള്ളി മഠത്തിൽ താമസിച്ച് മഠങ്ങളും വൃക്ഷങ്ങളും നശിപ്പിച്ചു.അതിന് മുൻപ് ചങ്ങനാശ്ശേരി യുദ്ധത്തിന് ശേഷം പത്തില്ലപ്പോറ്റിമാരെ വധിച്ചു. അതിനാൽ സ്വന്തം ജീവിതത്തിൽ ഉണ്ടായ അനിഷ്ടങ്ങൾക്ക് ആയിരുന്നു, പ്രായശ്ചിത്തം. മഹാദേവൻ്റെ അനിഷ്ടത്തിന് പാത്രമായി എന്ന് പ്രശ്നവശാൽ കണ്ടു.


നിർണായകമായ കുരുമുളക് കച്ചവടപ്പാതകളിൽ കുത്തക സ്ഥാപിക്കാനാണ്, വർമ്മ വടക്കുംകൂർ ആക്രമിച്ചത്. അതുവഴി ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഒതുക്കാം എന്നതായിരുന്നു, തന്ത്രം. വർമ്മയെ നേരിടാൻ കായംകുളം, അമ്പലപ്പുഴ, കൊച്ചി എന്നിവയുടെ മുന്നണി വടക്കുംകൂർ ഉണ്ടാക്കി. വർമ്മയുടെ വടക്കൻ ലക്ഷ്യത്തെ തുരങ്കം വയ്ക്കാൻ വടക്കുംകൂർ മുന്നണിക്ക് ഡച്ച് സഹായം കിട്ടി.


വേമ്പനാട് തടാകത്തിലെ ചതുപ്പിൽ വർമ്മയ്ക് ആദ്യം അടി തെറ്റി. കരയിലും വെള്ളത്തിലും സേനയെ നയിക്കാൻ ആലുമ്മൂട്ടിൽ സംഘത്തെ വർമ്മ ആശ്രയിച്ചു. 1749 സെപ്റ്റംബർ 11-ന് ചങ്ങനാശ്ശേരി യുദ്ധത്തിൽ ജയിച്ചും അമ്പലപ്പുഴയെ (ചെമ്പകശ്ശേരി) വീഴ്ത്തിയും വടക്കൻ രാജ്യങ്ങളുടെ നട്ടെല്ല് ഒടിച്ചു. 1750-ൽ വടക്കുംകൂർ വീണു. പെരിയാറിന് തെക്ക് വർമ്മ കോട്ട കെട്ടി. 1746-ൽ തന്നെ കായംകുളം തറ പറ്റി. അമ്പലപ്പുഴ വീണപ്പോൾ തിരുവിതാംകൂർ മധ്യ കേരളത്തിലേക്ക് കടന്നു. 


ബ്രഹ്മഹത്യകൾ 


ചങ്ങനാശ്ശേരി യുദ്ധത്തിൽ തോറ്റ തെക്കുംകൂർ ആദിത്യ വർമ്മ മണികണ്ഠന് തുണയായി നിന്ന വാഴപ്പള്ളി മഹാ ശിവക്ഷേത്രം അധികാരികളായ പത്തില്ലത്തിൽ പോറ്റിമാർ അദ്ദേഹത്തെ ചങ്ങനാശ്ശേരി നീരാഴി കൊട്ടാരത്തിൽ നിന്ന് കോട്ടയം നട്ടാശ്ശേരിക്ക് മാറ്റി. തിരുവിതാംകൂർ സേന പിന്തുടരാതിരിക്കാൻ കണ്ണമ്പേരൂർ മരപ്പാലം പൊളിച്ചു. ഒടുവിൽ ആദിത്യ വർമ്മ കോഴിക്കോട്ട് സാമൂതിരിക്ക് മുന്നിൽ അഭയം തേടി. തെക്കുംകൂർ സേനാധിപൻ വാഴപ്പാടത്ത് പണിക്കരെ പാട്ടിലാക്കി രാമയ്യൻ ദളവ പോറ്റിമാരുടെ രഹസ്യ നീക്കം മനസ്സിലാക്കി. വർമ്മ ബ്രാഹ്മണഹത്യയ്ക്ക് മുതിരുമെന്ന് പോറ്റിമാർ കരുതിയിരുന്നില്ല. അത് തെറ്റി. പത്ത് ഇല്ലങ്ങളിലെ പുരുഷന്മാരെ കൊല്ലുകയോ നാട് കടത്തുകയോ ചെയ്തു. ഇല്ലങ്ങളുടെ അസ്തിവാരം കുളം തോണ്ടി. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യം വാഴപ്പള്ളി ഗ്രാമത്തിൽ ഒരു ഇല്ലം മാത്രം ശേഷിച്ചു.

എട്ടില്ലങ്ങളുടെ വകയായിരുന്ന ക്ഷേത്രം 1753-54-ൽ തിരുവിതാംകൂർ ഏറ്റെടുത്തു. എട്ടുമനയൂർ ആണ് ഏറ്റുമാനൂർ ആയത്. പത്തില്ലപ്പോറ്റിമാരെ കൈകാര്യം ചെയ്ത പോലെ എട്ടില്ലങ്ങളെ വർമ്മ കാലപുരിക്ക് വിട്ടോ എന്ന് ചരിത്രത്തിൽ ഇല്ല. എന്നാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള മഠങ്ങൾ 1753-54-ൽ നശിപ്പിച്ചതായി വിവരമുണ്ട്. 


ഈ പടയോട്ടത്തിലാണ്, വർമ്മയും രാമയ്യൻ ദളവയും അടങ്ങിയ സേന ഏറ്റുമാനൂരിൽ എത്തിയത്. മാധവിപ്പള്ളി മഠം താവളമാക്കിയ അവർ ക്ഷേത്രത്തിന് സമീപത്തെ മഠങ്ങളും വൃക്ഷങ്ങളും നശിപ്പിച്ചു. ഈ യുദ്ധത്തിലെ ബ്രഹ്മഹത്യകൾക്ക് പ്രായശ്ചിത്തമായിരുന്നു, ഏഴരപ്പൊന്നാന. കുംഭത്തിലെ രോഹിണി നാളിൽ പാതിരയ്ക്ക് ഭഗവാൻ ശരഭ മൂർത്തിയായി എത്തി ഇന്ദ്രൻ്റെ ബ്രഹ്മഹത്യാ പാപം തീർത്തു എന്നാണ് വിശ്വാസം. ശരഭ മൂർത്തിയെന്നാൽ, എട്ടു കാലുകളും ചിറകുകളും ഒക്കെയുള്ള സിംഹവും കഴുകനും ചേർന്ന ശിവൻ്റെ തീക്ഷ്ണ രൂപം. നരസിംഹത്തെ ശാന്തമാക്കാൻ എടുത്ത ഭീകര രൂപം. 


ഇന്ദ്രൻ ബ്രാഹ്മണശ്രേഷ്ഠരായ ത്രിശിരസ്സ് (വിശ്വരൂപൻ), വൃത്രാസുരൻ എന്നിവരെ വധിച്ചാണ്, ബ്രഹ്മഹത്യാ പാപത്തിൽ മുങ്ങിയത്. ദേവാസുര യുദ്ധത്തിൽ ജയിക്കാൻ ദേവന്മാർ വിശ്വരൂപനെ പുരോഹിതനാക്കി. വിശ്വരൂപൻ രഹസ്യമായി അമ്മയുടെ ബന്ധുക്കളായ അസുരന്മാർക്കും യാഗഭാഗങ്ങൾ നൽകി. അപ്പോഴായിരുന്നു, വധം. വൃത്രാസുരനെ കൊല്ലാൻ ഇന്ദ്രൻ ദധീചി മഹർഷിയുടെ നട്ടെല്ല് കൊണ്ടുണ്ടാക്കിയ വജ്രായുധം പ്രയോഗിച്ചു. 


ബ്രഹ്മഹത്യയ്ക്ക് ശേഷം ഇന്ദ്രൻ മാനസസരോവരത്തിലെ താമര നൂലിൽ ഒളിച്ചു. ബ്രഹ്മഹത്യയെ തുടർന്നുള്ള ശാപം ഭൂമിയിലെ നാല് ഘടകങ്ങളായ മരങ്ങൾ, മണ്ണ്, ജലം, സ്ത്രീകൾ എന്നിവ ഏറ്റെടുത്തു. ഓരോരുത്തർക്കും വരം കിട്ടി. അങ്ങനെയാണ്, മരങ്ങൾ മുറിഞ്ഞാലും വളരുന്നത്. അശ്വമേധ യാഗം നടത്തി ഇന്ദ്രൻ പാപ മുക്തി നേടി.


പടിഞ്ഞാറേക്ക് ദർശനമായി വസിക്കുന്ന അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പൻ പാപങ്ങൾ കേൾക്കുകയും പൊറുക്കുകയും ചെയ്യും. കെടാ വിളക്കും ഏഴരപ്പൊന്നാനയും ഇല്ലാതെ ഈ മൂർത്തിയില്ല.


ഏഴരപ്പൊന്നാന 


എട്ടു മാറ്റിൽ 7143 അരയ്ക്കാൽ കഴഞ്ച് സ്വർണം ആണ് ഏഴരപ്പൊന്നാനയ്ക്ക്  ഉപയോഗിച്ചത്. ഒരു കഴഞ്ച് അഞ്ച് ഗ്രാം. ഏഴു കഴഞ്ച് സ്വർണം കൊണ്ട് തോട്ടി, വളർ. തൊണ്ണൂറ്റാറര കഴഞ്ച് കൊണ്ട് പഴുക്കാക്കുല. 


വർമ്മ 1758-ൽ നാട് നീങ്ങിയെങ്കിലും പ്രായശ്ചിത്ത ചാർത്ത് 1759-ൽ ആണ്.(സമർപ്പിച്ച ദിവസം കൊല്ലവർഷം 934 ഇടവം 12).  അന്ന് ഭരണം ധർമ്മരാജയാണ്. മാർത്താണ്ഡ വർമ്മയുടെ ഹിംസയ്ക്ക് ധാർമ്മികതയുടെ പ്രായശ്ചിത്തം ധർമ്മരാജയ്ക്ക് കൈവന്നു, ഏഴരപ്പൊന്നാന മാർത്താണ്ഡവർമ്മ തീർപ്പിച്ചിരുന്നെങ്കിലും സമർപ്പിക്കാൻ കഴിഞ്ഞില്ല. 


ഏഴരപ്പൊന്നാനകളെ വർമ്മ വൈക്കത്ത് നടക്കിരുത്താനാണ് നേർന്നത് എന്ന് പാഠഭേദമുണ്ട്. അങ്ങോട്ടുള്ള യാത്രക്കിടയിൽ ഏറ്റുമാനൂരിൽ സൂക്ഷിച്ചു. പിറ്റേന്ന് ശേവുകക്കാർ എടുക്കാൻ ചെന്നപ്പോൾ ആനപ്പുറത്ത് സർപ്പങ്ങളെക്കണ്ട് ഭയന്നു. ആനകളെ ഏറ്റുമാനൂരപ്പന് ബോധിച്ചെന്ന് പ്രശ്നത്തിൽ കണ്ടു. വൈക്കത്ത് ധർമ്മരാജ സഹസ്രകലശം നടത്തി സ്വർണ നെറ്റിപ്പട്ടം സമർപ്പിച്ചു. 


ഏഴരപ്പൊന്നാനകളെ കയറ്റിയ തോണി കരുമാടി കഴിഞ്ഞ് അമ്പലപ്പുഴക്കടവിൽ അടുത്തപ്പോൾ പൊടുന്നനെ ഒരു തുരുത്ത് കണ്ടു. അത് ശ്രീകൃഷ്ണൻ്റെ മായയായിരുന്നെന്ന് പ്രശ്നത്തിൽ കണ്ടു. അതിനാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ ധർമ്മരാജ രത്ന പതക്കം സമർപ്പിച്ചു. 


ഏറ്റുമാനൂരിൽ കുംഭത്തിലെ ചതയത്തിൽ കൊടിയേറി തിരുവാതിരയിൽ തീരുന്ന പത്ത് ദിവസ ഉത്സവത്തിൽ എട്ടാം ദിനം രോഹിണിയിലെ പാതിരയ്ക്കാണ് ഏഴരപ്പൊന്നാന ദർശനം. ശ്രീകോവിലിൽ നിന്ന് ഭഗവാനെ പടിഞ്ഞാറേ മൂലയിലെ ആസ്ഥാന മണ്ഡപത്തിലേക്ക് ആനയിക്കും. തിടമ്പിന് ഇരു വശവുമായി ഇടത്ത് നാലും വലത്ത് മൂന്നും പൊന്നാനനകൾ. തിടമ്പിന് താഴെ മുന്നിൽ അരപ്പൊന്നാന. അതിന് പുറത്താണ് ഭഗവാൻ്റെ എഴുന്നള്ളത്ത്. 


ഇവ അഷ്ടദിഗ്ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം (കിഴക്ക്), പുണ്ഡരീകൻ  (തെക്ക് കിഴക്ക്), കുമുദൻ (തെക്ക് പടിഞ്ഞാറ്), അഞ്ജനൻ (പടിഞ്ഞാറ്), പുഷ്പദന്തൻ  (വടക്ക് പടിഞ്ഞാറ്), സുപ്രദീകൻ (വടക്ക് കിഴക്ക്), സാർവ്വഭൗമൻ (വടക്ക്), വാമനൻ (വടക്കു കിഴക്ക്). വരിക്ക പ്ലാവിൻ്റെ തടിയിൽ ആനയെ കൊത്തിയെടുത്ത് സ്വർണപ്പാളികൾ പൊതിഞ്ഞതാണ്. ഏഴ് ആനകൾ രണ്ടടി, അരപ്പൊന്നൻ ഒരടി. 


അഷ്ടദിഗ്ഗജങ്ങൾ പുരാണങ്ങളിൽ ദമ്പതിമാർ ആയാണ് കാണുന്നത്: ഐരാവതം, അഭ്രാമു (കിഴക്ക്), പുണ്ഡരീകൻ, കപില (തെക്ക് കിഴക്ക്), വാമനൻ, പിങ്ഗള (തെക്ക്), കുമുദൻ, അനുപമ (തെക്ക് പടിഞ്ഞാറ്), അഞ്ജനൻ, താമ്രകർണി (പടിഞ്ഞാറ്), പുഷ്പദന്തൻ, ശുഭ്രദന്തി (വടക്ക് പടിഞ്ഞാറ്), സാർവ്വഭൗമൻ, അങ്കണ (വടക്ക്), സുപ്രദീകൻ, അഞ്ജനാവതി (വടക്ക് കിഴക്ക്). പ്രപഞ്ചത്തെ താങ്ങി നിർത്തുന്ന തൂണുകൾ ആണ്, അവ. ആനകളെ അവയുടെ ഇണകൾക്കൊപ്പമാണ് ഭാവന ചെയ്തത്. 


പതിനാറ് ആനകളും ഒരു സ്വർണ മുട്ടയും ആണ് പുരാണങ്ങളിൽ. 


സ്വർണ മുട്ട അഞ്ഞൂറ് വർഷത്തിന് ശേഷമാണ്, വിരിഞ്ഞത്. അതിൽ നിന്ന് ഗരുഡൻ ഉണ്ടായി. മുട്ടയുടെ രണ്ടു പാതികൾ എടുത്ത് ബ്രഹ്മാവ് ഏഴ് മന്ത്രങ്ങൾ ഓതി. വലത്തേ പാതിയിൽ നിന്ന് ഐരാവതം പിറന്നു. പിന്നാലെ ഏഴ് പുരുഷ ആനകൾ. മറ്റേ പാതിയിൽ നിന്ന് എട്ട് പിടിയാനകൾ. ബ്രഹ്മാണ്ഡ പുരാണത്തിലെ ഈ കഥ ആനശാസ്ത്രമായ ‘മാതംഗ ലീല’യിൽ ഭിന്നമാണ്. സൂര്യൻ ജനിച്ച പ്രാപഞ്ചിക അണ്ഡത്തിൻ്റെ രണ്ടു പാതികൾ കൈയിലെടുത്ത് ബ്രഹ്മാവ് ഒരേ സമയം ഏഴ് മന്ത്രങ്ങൾ ഓതി. ഒന്നിൽ നിന്ന് ഐരാവതവും ഏഴ് ദിഗ്ഗജങ്ങളും ഉണ്ടായി. 


ഗജരാജാവായ ഐരാവതത്തിൻ്റെ നാല് മക്കളും പുരാണങ്ങളിലുണ്ട് -ഹിമപാണ്ഡൂരൻ (വടക്ക്), മഹാപത്മാസമൻ (തെക്ക്), വിരൂപാക്ഷൻ (കിഴക്ക്), സുമനസൻ (പടിഞ്ഞാറ്). ഇത് പ്രക്ഷിപ്തമായി കരുതുന്നു. ആദ്യം നാല്. പിന്നെ സന്ധികളിൽ നാല്. അതിന് ശേഷം ഇണകൾ, സന്താനങ്ങൾ എന്നിങ്ങനെ കൂട്ടിച്ചേർക്കലുകൾ ഉണ്ടായി.  അഷ്ടദിഗ്ഗജങ്ങൾക്ക് ചിറകുകളുണ്ട്, നിറം മാറാം. അവയാണ് മേഘങ്ങൾ. അഷ്ടദിഗ്ഗജങ്ങൾ പ്രാപഞ്ചിക ആമയുടെ തോടിലാണ് നിൽക്കുന്നത്. അതാണ്, കൂർമ്മാവതാരം. 


എന്തൊരു മനസ്സും ഭാവനയുമാണ് പൗരാണിക ഭാരതത്തിന് ഉണ്ടായിരുന്നത്! കുളച്ചൽ, ചങ്ങനാശ്ശേരി യുദ്ധങ്ങളൊക്കെ പഠിക്കേണ്ടിടത്താണ് പ്ലാസികൾ നമ്മുടെ മനസ്സുകളിൽ അധിനിവേശം നടത്തുന്നത്. 


© Ramachandran








FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...