Thursday, 26 September 2019

ബുദ്ധനെ ആക്രമിച്ച നാടകങ്ങൾ

പ്രളയ കാലത്തെ മൺവണ്ടി 6

ആനന്ദ,ശിശിരത്തിൽ ഇലകൾ കൊഴിയുന്നു.പൊഴിയുന്ന ഇലകളുടെ എണ്ണം തിട്ടപ്പെടുത്തുക പ്രയാസം.എണ്ണാവുന്നതിനും കൈയിൽ ഒതുക്കാവുന്നതിനും പരിധിയുണ്ട്.പക്ഷെ,പൊഴിയുന്ന ഇലകൾക്ക് കണക്കില്ല.അത് പോലെ,ഒരുപിടി സത്യങ്ങൾ ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു.സത്യങ്ങൾക്ക് പരിധിയില്ല.ആകയാൽ,ഞാൻ പകർന്ന ആശയങ്ങളെ അന്ധമായി വിശ്വസിക്കാതെ,മറ്റ് സത്യങ്ങളെ സ്വയം അന്വേഷിക്കുക,സ്വയം വെളിച്ചമാവുക.
-ശ്രീബുദ്ധൻ ( മരണശയ്യയിൽ ആനന്ദനോട് )

കേരളത്തിൽ ബി സി 300 മുതൽ എ ഡി 900 വരെ,വലിയ ചാലകശക്തി ആയിരുന്നു,ബുദ്ധ മതം.ചേര,ദ്രാവിഡ,ബൗദ്ധ സംസ്‌കൃതിയിലാണ്,മഴുവെറിഞ്ഞ് ചാതുർവർണ്യ കേരളം ഉണ്ടായത്.
ഇവിടെ പല മതക്കാരുടെയും ആരാധനാലയത്തിന് പള്ളി എന്ന് പറയും.പള്ളി,പാലി ഭാഷയിൽ ബുദ്ധ മത ദേവാലയം.പള്ളി എന്ന് അവസാനം വരുന്ന സ്ഥലനാമങ്ങൾ നിരവധി;കരുനാഗപ്പള്ളി മുതൽ കാർത്തികപ്പള്ളി വരെ.ഇവ ബുദ്ധമത വിഹാരങ്ങൾ ആയിരുന്നു.അവ പൊളിച്ച് ക്ഷേത്രങ്ങൾ ഉണ്ടായി.അവിടെ കീഴാളന് പ്രവേശനം നിഷേധിച്ചു.കടൽ,കുമരം,മംഗലം,കിണ്ടി,പത്തനം,വട്ടം മുതലായ സ്ഥല വിശേഷണങ്ങളും ബുദ്ധ ബന്ധം ഉള്ളത്.തെക്കേ ഇന്ത്യയ്ക്ക് പേര് പണ്ട് പണ്ട് ഈഴം എന്നായിരുന്നു.ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ബുദ്ധ സന്യാസി സംഘങ്ങൾ ഇവിടെ വന്നു.കണ്ണൂരിലെ ധർമ്മടം പോലുള്ളിടങ്ങളിൽ ബുദ്ധ ധർമ്മ സ്ഥാപനങ്ങൾ ഉണ്ടായി.

കേരളത്തിൽ ആര്യൻ വന്നത് ജർമനിയിൽ നിന്നല്ല.ബുദ്ധൻറെ സംസ്‌കൃത സംജ്ഞയാണ് ആര്യൻ.ഇവിടെ വന്ന ബുദ്ധമതത്തിലെ ഫേര വാദികൾ,ബുദ്ധനെ പാലി പ്രാകൃതത്തിൽ അയ്യൻ എന്നും മഹായാനികൾ കൊണ്ട് വന്ന മഹാരാഷ്ട്രി പ്രാകൃതത്തിൽ അജ്ജൻ എന്നും വജ്രയാനികൾ പൈശാചി പ്രാകൃതത്തിൽ ആര്യൻ എന്നും വിളിച്ചു.ശബരിമലയിൽ ഇരിക്കുന്നയാൾ ഇങ്ങനെ ഒരാൾ ആകാം.അയ്യനും അച്ചനും ആര്യനും ചേർന്ന സ്ഥല നാമങ്ങൾ അനവധി.മലയാളിയുടെ 'അച്ചോ','അച്ചോ' ശരണം വിളിയാണ്.ശരണം തന്നെ,ബുദ്ധം ശരണം ഗച്ചാമിയിൽ നിന്നാണ്.'അമ്മ' അങ്ങനെ തന്നെ പാലിയിൽ ഉണ്ട്.
വോൾഗയിൽ നിന്ന് ഗംഗ വരെ യാത്ര ചെയ്‌തു വന്നവർക്ക് ആര്യന്മാർ എന്ന് പേരിട്ടിട്ട് അധികമായില്ല.അതിനും എത്രയോ മുൻപ് ഇവിടെ ആര്യശാലയും ആര്യനാടും ആര്യാടും ആര്യ വൈദ്യ ശാലയുമുണ്ട്.ബുദ്ധമതക്കാരാണ്,ആയുർവേദം കൊണ്ട് വന്നത്.അവർ കൊണ്ട് വന്നതാണ്,ആര്യവേപ്പ്.ഈഴവരിൽ വൈദ്യന്മാർ ധാരാളം.ബുദ്ധമത ആധാരമായ നാല് സത്യ ദർശനങ്ങൾക്ക് ആര്യ സത്യങ്ങൾ എന്ന് പറയും.മാക്‌സ് മുള്ളറുടെ സിദ്ധാന്തം അവിടെ ഇരിക്കട്ടെ.

അരയാലാണ് നമ്മുടെ ആത്മീയ വൃക്ഷം -ബോധി വൃക്ഷം.തെങ്ങ് വെട്ടാം;ആൽമരം വെട്ടിയാൽ വിവരമറിയും.ആൽത്തറ കെട്ടി,അവിടെ സഭ കൂടുന്ന വെളിമ്പറമ്പായിരുന്നു,പാലിയിൽ,അംബലം.മരണശയ്യയിൽ ബുദ്ധൻ ആനന്ദനോട് പറഞ്ഞു:
"ആനന്ദാ,എൻറെ മരണശേഷം,അസ്ഥിയും ഭസ്‌മവും അടക്കിയ സ്‌തൂപങ്ങൾ നാട്ടുക".

അങ്ങനെ സ്‌തൂപങ്ങൾ വന്നു.സ്തംഭങ്ങൾ ഉണ്ടായി.ഒരു സ്തൂപമാണ്,തുളസിത്തറ.ശ്രാവണം ലോപിച്ചതാണ്,ഓണം.ശ്രാവണോത്സവം.കർക്കടകത്തിൽ ഭജനം ആയിരുന്നു;രാമായണ മാസം അല്ലായിരുന്നു.പൂക്കളത്തിന് നടുവിലെ സ്‌തൂപം,ഓണത്തപ്പൻ,ബുദ്ധനാണ്.അവസാന പെരുമാൾ മക്കയിലേക്ക് അല്ല,ബുദ്ധമതത്തിലേക്കാണ് പോയത്.

നമ്പൂതിരിമാർ ബ്രാഹ്മണർ ആയിരുന്നില്ല,ബുദ്ധമത പുരോഹിതർ ആയിരുന്നു.ബുദ്ധമത രാജ്യമായ ചൈനയിൽ നമ്പൂതിരിമാർക്കുള്ള പോലെ മക്കത്തായമാണ്.മൂത്ത പുത്രനിലേക്ക് സ്വത്ത് പോകുന്നു.

ചരകനും സുശ്രുതനും ഒപ്പം തലയെടുപ്പുള്ള ആയുർവേദ കുലപതി വാഗ്ഭടൻ ബുദ്ധമതത്തിൽ ആയിരുന്നു.പഞ്ചാബിൽ നിന്ന് വന്ന് ചേർത്തല തിരുവിഴ ക്ഷേത്രത്തിൽ താമസിച്ച് എഴുതിയതാണ്,'അഷ്ടാംഗ ഹൃദയം'.ഇപ്പോഴും ആ ക്ഷേത്രത്തിൽ വമന ചികിത്സയുണ്ട്.മരുത്തോർ വട്ടം ക്ഷേത്രത്തിൽ കാട്ടു ചേമ്പ് കൊണ്ട് കറിയുണ്ടാക്കി സേവിപ്പിച്ച്,ഉദര രോഗം ചികിൽസിക്കുന്നു.ധന്വന്തരിയാണ്,പ്രതിഷ്ഠ.
'നമ്പ് ' എന്നാൽ വിശ്വാസം.ബുദ്ധമതക്കാർ നായക സ്ഥാനങ്ങൾക്കൊപ്പം 'നമ്പ്' ചേർത്തു.നമ്പി,നമ്പ്യാർ,നമ്പ്യാതിരി,നമ്പൂതിരി.

ബുദ്ധന് അച്ഛൻ വഴി വംശനാമം ശാക്യൻ.അമ്മ വഴി,കോലിയൻ.പിതൃദായ ക്രമം തുടർന്ന് ശാക്യൻ എന്നറിയപ്പെട്ടു.സാക്കിയൻ എന്ന് പാലിയിൽ.ചാക്കിയൻ എന്ന് മലയാളം.ബഹുമാനത്തോടെ,ചാക്കിയാർ.ബുദ്ധമതം കേരളത്തിൽ വന്നപ്പോൾ,അവർക്കൊപ്പം വന്ന സൂതന്മാരാണ്,ചാക്യാർമാർ.ഗോവയിൽ നിന്ന് കൊങ്കണികൾ വന്നപ്പോൾ കൂടെ കുടുംബികൾ വന്ന പോലെ.അവരും കലാകാരന്മാരാണ്;പപ്പടം കൊണ്ട് വന്നു.
ഭഗവദജ്ജുകം കൂടിയാട്ടം / ചെറുതുരുത്തി,2013 
ബുദ്ധമതത്തിന്,ജൈന,ശൈവ,വൈഷ്ണവ,ഹിന്ദു മതങ്ങളിൽ നിന്ന് ആക്രമണമുണ്ടായി.ബുദ്ധമതത്തിൽ ദൈവം ഇല്ല.അത് മനഃശാസ്ത്രവും തർക്ക ശാസ്ത്രവും ധർമ്മ ശാസ്ത്രവുമാണ്.ജൈനമതം ഉണ്ടാക്കിയ മഹാവീരനും ബുദ്ധമതം സൃഷ്‌ടിച്ച ഗൗതമനും ക്ഷത്രിയർ ആയിരുന്നു.കർമ്മ മേന്മയാൽ ചണ്ഡാളനും ബ്രാഹ്മണനാകാം എന്ന് ബുദ്ധമതം വിശ്വസിച്ചു.ബ്രാഹ്മണ്യം,ജന്മസിദ്ധമല്ല,കർമ്മ സിദ്ധമാണ്.'ദശാവതാര കീർത്തന'ത്തിൽ ശങ്കരാചാര്യരും 'ഗീതാ ഗോവിന്ദ'ത്തിൽ ജയദേവനും ബുദ്ധനെ സ്‌തുതിച്ചു-അപ്പോൾ ശങ്കരൻ ബുദ്ധമതക്കാരെ കൂട്ടക്കൊല ചെയ്‌തു എന്ന പരദൂഷണം ശരിയല്ല.ഭഗവദ് ഗീതയിൽ ബുദ്ധ പരാമർശം ഇല്ല.വാല്‌മീകി രാമായണത്തിൽ,ശ്രീരാമ ജാബാലീ സംവാദത്തിൽ ബുദ്ധസിദ്ധാന്തം തെറ്റാണെന്ന്,രാമൻ പറയുന്നു.''ഈ കാണുന്ന ദൃശ്യ പ്രപഞ്ചമല്ലാതെ പരലോകമുണ്ടെന്നുള്ള ധാരണ ശുദ്ധ ഭോഷ്‌കാണ്" എന്ന് മഹർഷി ജാബാലി ചരിത്രപരമായ ഭൗതിക വാദം പറയുമ്പോഴാണ്,രാമൻ ബുദ്ധനെ വിമർശിക്കുന്നത്.

ബുദ്ധൻ ജീവിച്ചിരുന്നപ്പോൾ ഉപദേശങ്ങൾ പുസ്തകങ്ങൾ ആയില്ല.നിർവാണ ശേഷം,ശിഷ്യർ ബിഹാറിലെ രാജഗൃഹത്തിൽ സമ്മേളിച്ച്,അവ പുസ്തകങ്ങളാക്കി.പിടകങ്ങൾ അഥവാ സംഹിതകൾ.അത് മൂന്ന് -ത്രിപിടകം.ദാർശനിക തത്വങ്ങൾ സുത്ത ( സൂത്ര ) പിടകമായി.ആചാരം,വിനയ പിടകം.മാനസിക പരിശീലനം,അഭിധർമ പിടകം.26 വർഗങ്ങളിലായി 423 ഗാഥകളുള്ള മത ഗ്രന്ഥമാണ്,'ധർമ പദം.'

ബുദ്ധ മതത്തെ ശൈവ മതം ആക്രമിച്ചപ്പോൾ,അതിനെ അവലംബിച്ച് ബുദ്ധ മതത്തിനെതിരെ രണ്ട് നാടകങ്ങൾ ഉണ്ടായി:'ഭഗവദജ്ജുക'വും 'മത്ത വിലാസ'വും.രണ്ടും കാവാലം നാരായണപ്പണിക്കർ പരിഭാഷ ചെയ്‌തു.രണ്ടും പ്രഹസനങ്ങൾ അഥവാ ഹാസ്യ നാടകങ്ങൾ.രണ്ടും കൂടിയാട്ടത്തിലുണ്ട്.
പ്രഹസനം മൂന്ന് വിധം:ശുദ്ധം,വികൃതം,സങ്കീർണം.പല വേഷവും ഭാഷയും ചേർന്ന,ഹാസ്യ ഭാഷണങ്ങൾ കലർന്ന ചണ്ഡാളൻ,ബ്രാഹ്മണൻ,ഭൃത്യൻ,ഭൃത്യ,വിടൻ എന്നിവരടങ്ങിയ പ്രഹസനം,ശുദ്ധം.കാമുകർ തുടങ്ങിയവരുടെ വാക്കും വേഷവുമുള്ള ഷണ്ഡൻ,കഞ്ചുകി,സന്യാസി എന്നിവരുള്ളത് വികൃതം.ധൂർത്തർ നിറഞ്ഞ തെരുവ് നാടകം,സങ്കീർണം.

'ദശരൂപകം' എന്ന സംസ്‌കൃത നാടക ലക്ഷണ ഗ്രന്ഥത്തിൽ ധനഞ്ജയൻ ഇത് വിവരിച്ചിട്ടുണ്ട്.ബോധായനൻ എഴുതിയ 'ഭഗവദജ്ജുക'വും മഹേന്ദ്രവിക്രമ വർമൻ എഴുതിയ 'മത്ത വിലാസ'വും സംസ്‌കൃതത്തിലെ ആദ്യ പ്രഹസനങ്ങളിൽ പെടും.ഒരങ്കത്തിൽ ഒതുങ്ങിയ,വികൃത ഗണത്തിൽ പെടുന്നതാണ്,രണ്ടും.ഇത്രയും മികച്ച കൃതികൾ പിന്നീട് ഉണ്ടായില്ല.വത്സരാജൻ എഴുതിയ 'ഹാസ്യ ചൂഡാമണി' രണ്ടങ്കങ്ങൾ ഉള്ള പ്രഹസനാംശങ്ങൾ അടങ്ങിയതാണ്.വിശ്വനാഥ കവിരാജൻ 'സാഹിത്യ ദർപ്പണ'ത്തിൽ പറഞ്ഞ വികൃത ഗണത്തിൽ ഇത് വരും.
സൂത്രധാരൻ,വിദൂഷകൻ,സന്യാസി,ശാണ്ഡില്യൻ,വസന്ത സേന,പരഭൃതിക,മധുകരിക,യമ ദൂതൻ,വൈദ്യൻ,അമ്മ,രാമിലകൻ എന്നിവരാണ്,'ഭഗവദജ്ജുക'കഥാപാത്രങ്ങൾ.
സൂത്രധാരനും വിദൂഷകനും രംഗത്ത് വന്ന് ലക്ഷണ ഗ്രന്ഥം എഴുതിയ ബ്രാഹ്മണർ പറഞ്ഞ പ്രകാരം നാടകം അഭിനയിക്കുകയാണ് എന്ന് പറയുന്നു.സന്യാസി ( ഭഗവാൻ ) യും വേശ്യയും ( അജ്ജുക ) ചേർന്ന ഭഗവദജ്ജുകം.പ്രഹസനം എന്തെന്നറിയില്ല എന്ന് വിദൂഷകൻ പറയുമ്പോൾ സന്യാസി,ഗുരു,പ്രവേശിക്കുന്നു.ശിഷ്യൻ ശാണ്ഡില്യനെ തിരക്കി നടക്കുകയാണ്.വിഷയ നദിയുടെ തീരത്ത് നിൽക്കുന്ന വൃക്ഷമാണ് ദേഹം -അയാൾ പറയുന്നു.

ബലിക്കാക്കയുടെ ഉച്ചിഷ്ടം മാത്രം ആഹാരമായുള്ള ദരിദ്ര തറവാട്ടിലെ അംഗമാണ് താൻ എന്ന് ശാണ്ഡില്യൻ.മതമാണ് പരാമർശം.ഇല്ലത്ത് ആർക്കും അക്ഷര ജ്ഞാനമില്ല.പൂണുള്ളതിനാൽ ബ്രാഹ്മണൻ.ആഹാരമില്ലാതെ മിക്കവാറും ഉപവാസം.അത് കിട്ടും എന്ന് കരുതി ജൈന മതത്തിൽ ചേർന്നു.എല്ലാം ഒരിക്കൽ ഊണുകാരാണെന്ന് മനസ്സിലായി.ആത്മാവിൻറെ ജ്ഞാനം അടക്കാൻ വേണ്ടതൊന്നും ഇത് വരെ കണ്ട മതങ്ങളിൽ ഇല്ല എന്ന് ധ്വനി.

"ആരും കാണാതെ അങ്ങേക്ക് മറ്റൊരുവൻറെ വീട്ടിൽ കയറാൻ ആകുമോ?" എന്ന് ശാണ്ഡില്യൻ ഗുരുവിനോട് ചോദിക്കുന്നു.അങ്ങനെ ചെയ്താൽ ബുദ്ധ സന്യാസികൾക്ക് ഒരുക്കിയ ഭക്ഷണം തട്ടിയെടുക്കാം.ആഹാരം കഴിക്കാതിരിക്കുന്നത് തെറ്റാണ് എന്നുപദേശിച്ച ബുദ്ധനോടാണ്,തനിക്ക് ബഹുമാനം.ആഹാരത്തിനു വേണ്ടിയാണ് ബുദ്ധ മതത്തിൽ ചേർന്നത്.
ബുദ്ധമതത്തിൽ നിന്ന് എന്ത് കിട്ടി എന്ന് ഗുരു ആരാഞ്ഞു.

ശാണ്ഡില്യൻ:"പ്രകൃതികൾ എട്ട്,വികൃതികൾ പതിനാറ്,ആത്മാവ്.വായുക്കൾ അഞ്ച്.ഗുണങ്ങൾ മൂന്ന്,മനസ്സ്.സഞ്ചാരം,പ്രതി സഞ്ചാരം.ഇങ്ങനെയാണ് ജിന ദേവൻ പറഞ്ഞത്."

ഇവ ബുദ്ധമത തത്വങ്ങൾ അല്ല,സാംഖ്യ തത്വങ്ങളാണെന്ന് ഗുരു.ബുദ്ധമതത്തെപ്പറ്റി ചോദിച്ചപ്പോൾ,അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ ശാണ്ഡില്യൻ,ബുദ്ധനെ ജിനദേവൻ എന്ന് പരാമർശിക്കുകയും ചെയ്യുന്നു.മതം മാറ്റത്തിൽ അത്രയേയുള്ളൂ,മത ജ്ഞാനം.സാംഖ്യം അന്നത്തെ ഭൗതിക വാദമാണ്.ചാർവാക മതം."നീ ചാർവാകന്മാരെ മാനിക്കുന്നില്ലേ" എന്ന് ഭരതനോട് ശ്രീരാമൻ രാമായണത്തിൽ ചോദിക്കുന്നുണ്ട്.ജനാധിപത്യ ബോധം.

വിശന്നപ്പോൾ തല മന്ദിച്ചതാണ് എന്ന് ശാണ്ഡില്യ ന്യായം.ബുദ്ധ തത്വം വീണ്ടും അയാൾ പറയുന്നു:
വിരമിക്കുക,
പ്രാണാതിപാദത്തിൽ നിന്ന്,അദത്ത ദാനത്തിൽ നിന്ന്,അബ്രഹ്മചര്യത്തിൽ നിന്ന്,മുധ വാദത്തിൽ നിന്ന്,വികാല ഭോജനത്തിൽ നിന്ന്.ബുദ്ധം ശരണം ഗച്ഛാമി,ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി.
ഇത്രയുമാണ് നാടകത്തിലെ മത വിമർശം;ഇനി സന്യാസിയുടെ ആത്മാവ് വേശ്യയുടേയും വേശ്യയുടേത് സന്യാസിയുടെയും ശരീരത്തിൽ കയറുന്നതിനെ തുടർന്നുള്ള പുകിലുകൾ.മിതമാണ് ഇതിൽ ജൈന,ബുദ്ധ മതങ്ങൾക്ക് എതിരായ ആക്രമണം.കോളജിൽ പഠിക്കുമ്പോൾ ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചു -മത പരാമർശങ്ങൾ അപ്രസക്തം ആകയാൽ ഒഴിവാക്കി.
ബുദ്ധ(ഇടത് ),ശാക്യമുനി ,ബ്രഹ്മി ലിപിയിൽ /ലുംബിനി 
'മത്തവിലാസ'ത്തിൽ,ബുദ്ധമതത്തിന് എതിരെ രൂക്ഷമാണ്,ആക്രമണം.
സൂത്രധാരൻ,നടി,കപാലി ( സത്യസോമൻ ),ദേവസോമ,ബുദ്ധ ഭിക്ഷു ( നാഗസേനൻ ),പാശുപതൻ ( ബദ്രു കൽപൻ ),ഭ്രാന്തൻ എന്നിവർ കഥാപാത്രങ്ങൾ.മദ്യപനായ കപാലിയുടെ ഭാര്യയാണ്, ദേവസോമ.കപാലി,ഭാര്യയോട് ബുദ്ധ മതത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
അവർ മിഥ്യാ ദർശനക്കാരാണ്.എന്തെന്നാൽ,

കാര്യത്തിന് നിസ്സംശയമായ്
കരണത്തോട് ബന്ധമുണ്ടെന്ന തത്വത്തിൽ
വേദന കൊണ്ടത്രേ സുഖമുണ്ടാവതെന്ന്
നിരൂപിക്കും
വിശ്വാസ ഘാതകർ അവർ.

ആ പാപികൾ ബ്രഹ്മചര്യത്തിന് പ്രേരിപ്പിക്കുന്നു.തലമുണ്ഡനം ചെയ്യിക്കുന്നു.മലിന വേഷം ധരിപ്പിക്കുന്നു.ആഹാരത്തിന് നേരം നിശ്ചയിക്കുന്നു.ക്ലേശിപ്പിക്കുന്നു.അവരെപ്പറ്റി മലിനമായ നാക്ക് മദ്യത്തിൽ കഴുകാൻ അയാൾ ആഗ്രഹിക്കുന്നു.ഭാര്യയും ഭർത്താവും മദ്യ കടയിൽ പോകുന്നു.നാടകകൃത്ത് മഹേന്ദ്ര വർമൻ ഭരിച്ചിരുന്ന കാഞ്ചീപുരത്താണ്,കട.അവിടെ കപാലം അഥവാ മനുഷ്യ തലയോട്ടി ആയ ഭിക്ഷാപാത്രം നഷ്ടമാകുന്നു.മദ്യവും മാംസവും സ്വീകരിച്ചിരുന്ന ഭിക്ഷാപാത്രം.അയാൾക്ക് മദ്യ കുംഭങ്ങൾ യാഗപ്പാത്രങ്ങൾ.മാംസക്കറി വിശിഷ്ട ഹവിസ്സ്.ലക്കില്ലാത്ത വാക്കുകൾ,ഋഗ്വേദ മന്ത്രങ്ങൾ.ഏതു പാട്ടും സാമം.മദ്യക്കോപ്പ,യാഗത്തവി.മദ്യപ ദാഹം,യാഗാഗ്നി.മദ്യക്കട ഉടമ,യാഗ യ ജമാനൻ.

നഷ്‌ടമായ കപാലം,ഒരു പട്ടിയോ ബുദ്ധ ഭിക്ഷുവോ ആയിരിക്കാം എടുത്തത് എന്ന് കപാലി പരിഹസിക്കുന്നു.കാരണം,അതിൽ മാംസാഹാരം ഉണ്ടായിരുന്നു ( ബുദ്ധമതക്കാർ സസ്യാഹാരികൾ ആയിരുന്നു ).പട്ടിയെയും ബുദ്ധ മതക്കാരനെയും ഒരു പോലെ കാണുകയാണ്.
കപാലം കിട്ടിയ ബുദ്ധ ഭിക്ഷു ശുദ്ധ ബുദ്ധ മതാനുയായി അല്ല.അയാൾ ആത്മഗതം ചെയ്യുന്നു:

"അഹോ !ധന ദാന ശ്രേഷ്ഠനായ ആ ഉപാസകൻറെ ദാന മഹിമ ! എൻറെ ഇ ഷ്ടത്തിനൊത്ത വർണ ഗന്ധ രസങ്ങളുള്ള മൽസ്യ മാംസാഹാരങ്ങൾ നിറഞ്ഞ ഈ ഭിക്ഷാപാത്രം അദ്ദേഹത്തിൽ നിന്നാണ് എനിക്ക് കിട്ടിയത്.ഇനി രാജവിഹാരത്തിലേക്ക് പോകുക തന്നെ.ഹാ,മാളിക മുകളിൽ വസിക്കാനും സുഖ ശയ്യ മേലുറങ്ങാനും ഉച്ചയ്ക്ക് മുൻപുറങ്ങാനും ഉച്ച തിരിഞ്ഞ് മധുര പാനീയങ്ങൾ കഴിക്കാനും പഞ്ചസുഗന്ധം ചേർന്ന വെറ്റില പാക്ക് തിന്നാനും മൃദു വസനം ധരിക്കാനും ഭിക്ഷു സംഘത്തെ ഉപദേശിച്ചനുഗ്രഹിച്ച പരമ കാരുണികനായ ഭഗവാൻ ബുദ്ധൻ,സ്ത്രീ പരിഗ്രഹവും മദ്യപാനവും എന്തുകൊണ്ട് അനുവദിച്ചില്ല ? സർവജ്ഞനായ അദ്ദേഹം അതും അനുവദിച്ചിരിക്കും.വിശുദ്ധ പിടക പുസ്തകത്തിൽ നിന്ന് സ്ത്രീ മദ്യ വിഷയങ്ങളായ ഉപദേശങ്ങളെല്ലാം,ചെറുപ്പക്കാരോടുള്ള മത്സര ബുദ്ധിയാൽ,ദുഷ്ടരും മടിയരുമായ വയസ്സന്മാർ കീറിക്കളഞ്ഞിരിക്കും.നഷ്ടപ്പെട്ട ആ മൂലപാഠം എവിടന്ന് കിട്ടും ?"
മഹേന്ദ്ര വർമ്മൻ 
സമ്പൂർണ ബുദ്ധവചനങ്ങൾ പ്രകാശനം ചെയ്‌ത്‌ ബുദ്ധഭിക്ഷു സംഘത്തിന് താൻ കൈമാറുമെന്ന് അയാൾ പ്രതിജ്ഞ ചെയ്യുന്നു.ബുദ്ധമതത്തിൽ ചേരുന്നവർ കപടന്മാർ എന്ന് ധ്വനി.ഭിക്ഷുവിനെ കപാലി കാണുന്നതും കള്ളനായാണ്.അയാൾ വൽക്കലങ്ങൾ കൊണ്ട് കപാലം മൂടി.അനേകം വൽക്കലങ്ങൾ ധരിക്കണമെന്ന് ബുദ്ധൻ ഉപദേശിച്ചത്,ഇങ്ങനെ ഓരോന്ന് മൂടാനാണ്.മോഷണശാസ്ത്രം ഉണ്ടാക്കിയ ഖര പടനെ നമിക്കണം.ബുദ്ധനായിരിക്കും അതിൽ ഖര പടനേക്കാൾ മിടുക്കൻ.ബുദ്ധൻ വേദാന്തവും മഹാഭാരതവും മോഷ്ടിച്ചാണ്,സ്വന്തം മതമുണ്ടാക്കിയത്.

മൂടിവച്ച കപാലം കണ്ടെത്താൻ ഭിക്ഷുവിൻറെ മുടിയിൽ പിടിക്കാൻ കപാലി ആയുന്നു;താഴെ വീഴുന്നു.ഭിക്ഷു ആശ്വസിക്കുന്നു:
"ബുദ്ധൻറെ ബുദ്ധി ! അദ്ദേഹമല്ലേ,തല മുണ്ഡനം ചെയ്യണമെന്ന് വിധിച്ചത് ?"

മധ്യസ്ഥതയ്ക്ക് എത്തിയ പാശുപതനോട് ഭിക്ഷു കള്ളം പറയുന്നു:
"ഭാഗം തരാത്ത മുതലിൽ,ആശ വയ്ക്കാതിരിക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അസത്യം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അബ്രഹ്മചര്യത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം.അകാല ഭോജനത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം".

പ്രഹസനത്തിന് ഒടുവിൽ,ഭ്രാന്തൻ വരുന്നു.സമനിലയുള്ള ഏക കഥാപാത്രം.വരുന്ന വഴി,ഒരു പട്ടി ചണ്ഡാളനിൽ നിന്ന് റാഞ്ചിയ പിച്ചപ്പാത്രം അയ് അയാൾക്ക് കിട്ടിയിരുന്നു.അത് കപാലിക്ക് ദാനം ചെയ്യാം.അത് അയാൾക്ക് സ്വർണപാത്രമാണ്.സ്വര്ണപ്പണിക്കാരൻറെ അളിയൻ സ്വർണകുപ്പായം അണിഞ്ഞുണ്ടാക്കിയ സ്വർണ കപാലമാണ്.
കപാലം അഥവാ ഭിക്ഷാപാത്രം പ്രതീകമാകുന്നു -പിച്ച തെണ്ടുന്ന മതത്തിൻറെ പ്രതീകം.
മത്തവിലാസം കപാലി / ചെമ്മാണിയോട് 
എ ഡി ഒന്നാം നൂറ്റാണ്ടിലാണ് 'ഭഗവദജ്ജുക' രചന എന്നാണ് നിഗമനം.'മത്തവിലാസ' കർത്താവ് മഹേന്ദ്ര വർമൻ പല്ലവ രാജാവ് ആയിരുന്നു.എ ഡി 580 -630.'ഭഗവദജ്ജുക'വും അദ്ദേഹത്തിന്റേതാണെന്ന് വാദമുണ്ട്.അദ്ദേഹത്തിന്റെ തിരുവണ്ണാമലൈ മാമണ്ടൂർ ശാസനത്തിൽ രണ്ട് പ്രഹസനങ്ങളെയും പരാമർശിക്കുന്നു.കൃഷ്ണ -കാവേരി നദികൾക്കിടയിലെ മേഖല ഭരിച്ച പല്ലവ വംശ സ്ഥാപകൻ സിംഹ വിഷ്‌ണു വർമന്റെ മകൻ.തെക്കേ ഇന്ത്യയിൽ പലയിടത്തും കാണുന്ന ശിലാ ഗുഹകളും ക്ഷേത്രങ്ങളും ശാസനങ്ങളും അദ്ദേഹത്തെ കവി, പടയാളി,ഗായകൻ,വാസ്‌തു ശിൽപി,മതോദ്ധാരകൻ എന്നീ നിലകളിൽ വിശേഷിപ്പിക്കുന്നു.തമിഴ് സാഹിത്യം അദ്ദേഹത്തിൻറെ കാലത്ത് സമൃദ്ധമായി.അപ്പരുടെയും സംബന്ധരുടെയും 'തേവാരം' പ്രസിദ്ധമായി.മഹാബലിപുരം ശിൽപങ്ങൾ അക്കാലത്തേതാണ്. അദ്ദേഹം ആദ്യം ജൈന മതാനുയായി ആയിരുന്നു; ശൈവ സിദ്ധൻ അപ്പർ ആണ് ശൈവ മതത്തിൽ ചേർത്തത്.മതങ്ങളോട് സമഭാവന കാട്ടിയെന്ന് ശാസനങ്ങളിലുണ്ട്.അത് നാടകത്തിൽ ഇല്ല.
ഏഴാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിൽ ശൈവ ആചാരത്തിന് അനുകൂലമായ ഹിന്ദു മത പരിഷ്കരണത്തിന് മുന്നിൽ നിന്ന് ഗുഹാ ക്ഷേത്രങ്ങൾ പണിത മഹേന്ദ്ര വർമ്മൻ,ആ രാഷ്ട്രീയം ആവിഷ്‌കരിച്ച നാടകമാണ്,'മത്ത വിലാസം' ( മദ്യ കേളി ).ശൈവ മത ശാഖകൾ ആയിരുന്നു,കപാലികയും പാശുപതവും.ഇവയ്ക്ക് എതിരായ വിമർശനം നാടകത്തിലുണ്ട്.ഇവയിൽ ആധാരമായ താന്ത്രിക ആചാരങ്ങളിൽ മദ്യവും മൈഥുനവും ഉൾപ്പെട്ടു.

അന്നത്തെ രാഷ്ട്രീയം മത രാഷ്ട്രീയമായിരുന്നു. മതസംഘർഷമാണ്,നാടക പശ്ചാത്തലം.'ഭഗവദജ്ജുക'ത്തിലെ ശാണ്ഡില്യൻ മതങ്ങൾ കയറിയിറങ്ങി."അങ്ങിവിടിരുന്ന് യോഗധ്യാനം നടത്തുക ;ഞാൻ അൽപം ഭോഗധ്യാനം ആകാം" എന്ന് ഗുരുവിനോട് അയാൾ പറയുന്നുണ്ട്.ഗുരുവും ശിഷ്യനും ആത്മീയ ലോകത്തിന് ചേർന്നവരല്ല.ബുദ്ധമത ജീർണതയാണ് ചർച്ച.മതപ്രമാണികൾ ഭ്രാന്തന്മാരെക്കാൾ ഉന്മാദികളാവുകയാണ്,'മത്തവിലാസ'ത്തിൽ.ശൈവമതത്തിലെ കപടനാണ് കപാലി.ഭിക്ഷു ബുദ്ധൻ ഉപദേശിച്ചതിന് വിരുദ്ധമായി മാത്രം ജീവിതത്തെ കാണുന്നു.കപാലി,ബുദ്ധനെ വേദാന്തം മോഷ്ടിച്ചവൻ എന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്.

ഈ രണ്ടു പ്രഹസനങ്ങളും കേരളത്തിൽ കൂടിയാട്ടത്തിൻറെ  ഭാഗമാകയാൽ,ബുദ്ധമത വിരുദ്ധ പ്രചാരണത്തിന് നാടകം ഉപയോഗിച്ചു എന്ന് തെളിയുന്നു.സംസ്കൃതത്തിലെ ആദ്യ രാഷ്ട്രീയ നാടകങ്ങൾ.കൊട്ടിയൂർ ചെറുമന്നം ക്ഷേത്രത്തിൽ ഇന്നും 'മത്ത വിലാസം' നടക്കുന്നു.'മുഴുവനില്ല.കപാലി പുറപ്പാട് മാത്രം ചെയ്യുന്നു ശിവനാണ് കപാലി.സന്താന ലാഭ വഴിപാടാണ് ,ആ കൂത്ത്.മാണി ദാമോദര ചാക്യാർ ഇത് കൂടിയാട്ടമായി അവതരിപ്പിച്ചു;മലപ്പുറം ചെമ്മാണിയോട് പുതിയേടം ശിവക്ഷേത്രത്തിലും അരങ്ങേറി.'ഭഗവദജ്ജുകം'കൂടിയാട്ടം കുറെക്കാലം അരങ്ങേറാതെ കിടന്നു.36 ദിവസമെടുത്ത് ആടുന്ന കൂടിയാട്ടം ,മൂന്ന് മണിക്കൂറായി പൈങ്കുളം രാമചാക്യാർ ചുരുക്കി.
-----------------------------------
See https://hamletram.blogspot.com/2019/09/blog-post_25.html

Wednesday, 25 September 2019

കേരള നാടകം കൊടുമൺ വരെ

പ്രളയകാലത്തെ മൺ വണ്ടി 5

വേദ പണ്ഡിതർക്കും യാഗം ചെയ്യുന്നവർക്കുo ദാനം ചെയ്യുന്നവർക്കുമുള്ള ഔന്നത്യമാണ് കലാകാരനുള്ളത്.
-ഭരത മുനി / നാട്യ ശാസ്ത്രം

ചില സംസ്‌കൃത നാടകങ്ങൾ വായിക്കാനും പഠിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. ഓർമ്മയിൽ പരതിയാൽ കിട്ടുന്നത്:

കാളിദാസൻ: അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം, മേഘസന്ദേശം, ഋതു സംഹാരം, കുമാര സംഭവം, രഘു വംശം,മാളവികാഗ്നി മിത്രം.
ഭാസൻ:മധ്യമവ്യായോഗം, ദൂത വാക്യം, കർണ ഭാരം, ഊരു ഭംഗം, സ്വപ്ന വാസവ ദത്തം.

ശക്തി ഭദ്രൻ: ആശ്ചര്യ ചൂഡാമണി, വിശാഖ ദത്തൻ: മുദ്രാരാക്ഷസം, ഭവഭൂതി: ഉത്തര രാമ ചരിതം, ബോധായനൻ: ഭഗവദജ്ജുകം, മഹേന്ദ്രവിക്രമ പല്ലവൻ: മത്ത വിലാസം.

കോളജിൽ നിന്ന് സർവകലാശാല നാടകോത്സവത്തിൽ പങ്കെടുത്തപ്പോൾ, ഏകോപന ചുമതല എനിക്കായിരുന്നു. അവതരിപ്പിച്ചത് 'ഭഗവദജ്ജുകം'. കാവാലം നാരായണ പണിക്കർ പരിഭാഷ ചെയ്തത്. അതിൽ അന്ന് അഭിനയിച്ച നടിയാണ്, കൊച്ചിയിലെ അഭിഭാഷക എച്ച് സുബ്ബ ലക്ഷ്‌മി. സന്യാസിയുടെ ആത്മാവ് വസന്ത സേന എന്ന ഗണികയിലും ഗണികയുടെ ആത്മാവ് സന്യാസിയിലും പ്രവേശിക്കുന്നതിനെ തുടർന്നുള്ള കുഴപ്പങ്ങളാണ്, ആ നാടകം. വസന്ത സേന ചരിത്രകാരൻ പി എ സെയ്‌ത്‌ മുഹമ്മദിൻറെ മകൾ ജാസ്‌മിൻ. സന്യാസി, സി ഗൗരിദാസൻ നായർ. സൂത്രധാരൻ, രമേശ് വർമ്മ.

അറുനൂറിൽ അധികം സംസ്‌കൃത നാടകങ്ങളുണ്ട്. മലയാളിയായ സുകുമാരൻ എഴുതിയ 'ശ്രീകൃഷ്ണ വിലാസം' ഉൾപ്പെടെ കുറെ മഹാകാവ്യങ്ങൾ വായിച്ചു. സുകുമാരൻ കുത്തുള്ളി ഇല്ലത്തെ നമ്പൂതിരി ആയിരുന്നു എന്ന് ഡോ കെ കുഞ്ചുണ്ണി രാജ എഴുതിയിട്ടുണ്ട്. വായിച്ച കാവ്യങ്ങളിൽ, ബാണൻറെ 'കാദംബരി' യും ദണ്ഡിയുടെ 'ദശകുമാര ചരിത'വും പെടും.

ഷേക്സ്പിയറിൻറെ 'ഹാംലെറ്റ്' പരിഭാഷ ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെ, മലയാളിയായ ശക്തിഭദ്രൻ എഴുതിയ സംസ്‌കൃത നാടകം, 'ആശ്ചര്യ ചൂഡാമണി' മലയാളത്തിലാക്കി. 'ഹാംലെറ്റി'ൽ, Exactly like the dead father എന്ന് പ്രേതത്തെ കണ്ടു പറയുന്നതിന്, തമ്പുരാൻറെ പരിഭാഷ, 'തീപ്പെട്ട തമ്പുരാൻറെ തൽസ്വരൂപം'.


ഭരത മുനിയുടെ 'നാട്യ ശാസ്ത്ര'ത്തിന് മുൻപും ഇന്ത്യയിൽ നാടകങ്ങൾ ഉണ്ട്.നാട്യ വേദം തന്നെയുണ്ട് -ഋഗ്വേദത്തിൽ നിന്ന് സംവാദം, യജുർവേദത്തിൽ നിന്ന് അഭിനയം, സാമ വേദത്തിൽ നിന്ന് ഗീതം, അഥർവ്വത്തിൽ നിന്ന് രസം എന്നിവ സ്വംശീകരിച്ചത്. വിശ്വാമിത്രൻ നദികളുമായും പുരൂരവസ്‌ ഉർവ്വശിയുമായും ഒക്കെ നാടകീയ സംഭാഷണങ്ങൾ നടക്കുന്നു. മത ചടങ്ങുകൾക്കിടയിൽ, യജ്ഞം പോലുള്ള അവസരങ്ങളിൽ, സൂത,ശൈലൂഷകന്മാർ ഇത്തരം രംഗങ്ങൾ അരങ്ങേറി.

യവനിക ഉള്ളതിനാൽ, നാടകം യവനന്മാരിൽ നിന്ന് വന്നു എന്ന വാദത്തിൽ കഴമ്പില്ല. സംസ്‌കൃത നാടകങ്ങളിൽ കാണുന്ന തിരസ്കരണി,കഥകളിയിലെ തിരനോട്ടത്തിൽ എന്ന പോലെ,കഥാപാത്രങ്ങളെ ഒളിപ്പിക്കുന്ന മറ മാത്രം ആയിരുന്നു. ആ തുണി യവന (Greece) നിർമ്മിതം ആയിരുന്നു. രാമായണം, മഹാഭാരതം, അർത്ഥ ശാസ്ത്രം, കാമശാസ്ത്രം എന്നിവയിൽ നാടക പരാമർശങ്ങൾ ഉണ്ട്. നട സൂത്ര ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നതായി 'പാണിനീയം'.ഭരത മുനിക്ക് മുൻപുള്ള നാട്യ ശാസ്ത്രകാരന്മാരായ ശിലാലി, കൃശാശ്വൻ എന്നിവരെ 'പാണിനീയ'ത്തിൽ സ്‌മരിക്കുന്നു. 'കംസ വധം', 'ബലി ബന്ധനം' എന്നീ നാടകങ്ങളെയും പരാമർശിക്കുന്നു. 12000 ശ്ലോകങ്ങളുള്ള നാട്യ വേദത്തെ, 'ഭാവ പ്രകാശം' എന്ന ലക്ഷണ ഗ്രന്ഥത്തിൽ, ശാരദാ തനയൻ എടുത്തു പറയുന്നു. നമുക്ക് സ്വന്തം നാടക ശാല തന്നെ ഉണ്ടായിരുന്നു. ബി സി രണ്ടിലേത് എന്ന് കരുതുന്ന പുരാതന നാടക ശാലയുടെ അവശിഷ്ടങ്ങൾ, ഛോട്ടാ നാഗ് പൂരിലെ രാംഗഡ് മലനിരയിൽ ഖനനം ചെയ്‌ത്‌ കണ്ടെത്തി.

സംസ്‌കൃത നാടകത്തിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ശൃംഗാരം, വീരം, കരുണം എന്നീ രസങ്ങളിൽ ഒന്ന് അംഗിയാകാം. ധീരോ ധാത്തൻ, ധീരോദ്ധതൻ, ധീര ശാന്തൻ, ധീര ലളിതൻ എന്നീ നാലുതരം നായകന്മാരാകാം. ദുഷ്യന്തൻ (ശാകുന്തളം), ഭീമൻ (ഊരുഭംഗം), ചാരുദത്തൻ (മൃച്ഛ കടികം), ഉദയനൻ (ഉദയന നാടകം) എന്നിവർ ക്രമത്തിൽ മാതൃകകൾ.

പഞ്ച സന്ധികളും ഉപസന്ധികളും ചേർന്നതാണ് സംസ്‌കൃത നാടകം. മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവഹണം എന്നിവ സന്ധികൾ. ഗ്രീക്ക് നാടകങ്ങളിലെ സംഘർഷാരംഭമായ സംഭവം (Exposition) മുഖവും സംഘർഷ വികാസം (Complication) പ്രതിമുഖവും സംഘർഷ പാരമ്യം (Climax) ഗർഭവും സംഘർഷാവരോഹം (Resolution) വിമർശവും പൂർത്തീകരണം (Conclusion) നിർവഹണവുമായി കാണാം. നാന്ദി, പ്രസ്താവന, കഥാസൂചന, ഭരത വാക്യം എന്നിവ നിർബന്ധം.

അവതരണ ഗാനമാണ്, നാന്ദി. അത് കഴിഞ്ഞ് സൂത്ര ധാരൻ വരുന്നു. നടിയെയോ നടനെയോ കൂട്ടിയാണ് വരവ്. നാടകത്തിൻറെയും നാടകകൃത്തിൻറെയും പേര് വിവരം പറഞ്ഞ് രംഗം സജീവമാക്കി, സൂത്രധാരൻ (Stage Manager) മടങ്ങും.

ഭരതമുനി കഥ എഴുതി സംവിധാനം ചെയ്ത ആദ്യ നാടകം 'ദേവാസുര യുദ്ധം'. ഇന്ദ്രൻറെ ധ്വജോത്സവത്തിന് അത് അവതരിപ്പിക്കാൻ ബ്രഹ്മാവ് ഉപദേശിച്ചു:

മഹാനയം പ്രയോഗസ്യ
സമയ : സമുപസ്ഥിത
അയം,ധ്വജ മന : ശ്രീമാൻ
അത്രേ ദാനീം,അയം വേദോ
നാട്യസംജ്ഞ: പ്രയുജ്യതാം

(നാടകത്തിന് നല്ല സമയം വന്നിരിക്കുന്നു; ദേവേന്ദ്ര ധ്വജോത്സവം. അവിടെ ഈ നാട്യ വേദം അവതരിപ്പിക്കാം ).

നാടകം തുടങ്ങിയപ്പോൾ, സദസ്സിൽ ഉണ്ടായിരുന്ന അസുരന്മാർ കൂവി. ചേരി തിരിഞ്ഞ് തല്ലി. ഉദ്‌ഘാടന നാടകം കലങ്ങി:

അഥാ പശ്യത് സദാ വിഘ് നൈ :
സമന്താത് പരിവാരിതം
സഹേതരൈ: സൂത്രധാരം
നഷ്ടസംജ്ഞം ജഡീകൃതം

(അഭിനേതാക്കളെ വിഘ്നകാരികൾ വളഞ്ഞു;സൂത്രധാരനെയും കൂട്ടരെയും ബോധം കെടുത്തി).

ഇന്ദ്രൻ 'ജർജരം' എന്ന ആയുധവുമായി, അസുരൻമാരെ നേരിട്ടു. അവരെ തല്ലി പപ്പടമാക്കി. നാടകം മുടങ്ങിയത് തന്നെ. അസുരന്മാർ,വിരൂപാക്ഷ നേതൃത്വത്തിൽ, ബ്രഹ്മാവിനോട് പരാതിപ്പെട്ടു. ബ്രഹ്മാവ് പറഞ്ഞു:

നൈകന്തതോ,അത്ര ഭവതാം,
ദേവാനാഞ്ചാനു ഭാവനം
ത്രൈലോക്യസ്യാസ്യ, സർവസ്യ
നാട്യം ഭാവാനുകീർത്തനം

( നാടകം നിങ്ങൾക്കോ ദേവന്മാർക്കോ മാത്രം അനുഭൂതി ഉണ്ടാക്കാൻ ഉള്ളതല്ല. ത്രിലോകങ്ങളിലുമുള്ള സകലരുടെയും സ്വഭാവം വർണിച്ചു രസാസ്വാദനം ആണുണ്ടാകുന്നത് ).

നാനാഭാവോപ സമ്പന്നം
നാനാവസ്ഥാന്തരാത്മകം
ലോകവൃത്താന്താനുകരണം
നാട്യമേതന്മയാകൃതം

( നാനാഭാവങ്ങൾ കൊണ്ട് സമ്പന്നവും സകല അവസ്ഥാ വിശേഷങ്ങളും ഉൾകൊള്ളുന്ന ലോക വൃത്താന്ത അനുകരണമാണ്, നാടകം ).

ഛോട്ടാ നാഗ് പൂർ 

ചേരി തിരിഞ്ഞ് തല്ലിയതിൽ നിന്നുള്ള പാഠം,പ്രേക്ഷകനിൽ നിന്നകന്ന്,നാട്യ മണ്ഡപം ഉണ്ടാക്കണം എന്നതായിരുന്നു. അപ്പോൾ,അന്യവൽക്കരണം ആദ്യം ബ്രെഹ്തിൻറെ എപിക് തിയറ്ററിൽ അല്ല, വന്നത്. നാട്യ ശാസ്ത്രത്തിൻറെ രണ്ടാം അധ്യായം, നാട്യ മണ്ഡപ തച്ചു ശാസ്ത്രമാണ്.

നാട്യ മണ്ഡപത്തിന് 64 കോൽ നീളം, 32 കോൽ വീതി.നേർ പകുതിയാണ് വേദിക്ക് വേണ്ടത് -32 കോൽ സമചതുര സ്ഥലം സദസ്സിന്. ഇതിന് കാരണം:

മണ്ഡപേ വിപ്രകൃഷ്ടെ തു,
പാഠ്യമുച്ചാരിത സ്വരം 
അനഭിവ്യക്ത വർണ്ണത്വ 
ദ്വിസ്വരത്വം, ദൃശം ഭവേത് 

(സദസ്യർ വേദിയിൽ നിന്നകന്നിരുന്നാൽ,ദൂരെയുള്ളവർക്ക് കേൾക്കാൻ അഭിനേതാക്കൾ ഉച്ചത്തിൽ സംസാരിക്കും,അത്  വ്യക്തതയില്ലാത്ത അപസ്വരമാകും).

ഏഴ് സ്വര വ്യവസ്ഥകൾ, സംഗീതത്തിൽ എന്ന പോലെ, സംഭാഷണത്തിനുമുണ്ട്: ഷഡ്‌ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം. മൂന്ന് സ്വര സ്ഥാനങ്ങൾ: നെഞ്ച്, തല, തൊണ്ട. വിച്ഛേദം, അർപ്പണം, വിസർഗം, അനുബന്ധം, ദീപനം, പ്രശമനം എന്നിവ ഉച്ചാരണ രീതികൾ. വികാര പ്രകടനത്തിന് യോജ്യമായി പറയണം. അതിങ്ങനെ:

ഹാസ്യ, ശൃംഗാരയോ: കാരയൗ 
സ്വരൗ, മധ്യമ, പഞ്ചമൗ 
ഷഡ്ജര്ഷഭൗ, തഥാ ചൈവ 
വീര, രൗദ്രാദ്ഭൂതേഷ്വഥ 
ഗാന്ധാരശ്ച, നിഷാദശ്ച 
കർത്തവ്യയൗ കരുണേ രസേ '
ധൈവതസ്ചൈവ കർതവ്യോ 
ബീഭൽസേ, സ ഭയാനക:

(മധ്യ പഞ്ചമ സ്വരങ്ങൾ ഹാസ്യത്തിനും ശൃംഗാരത്തിനും; വീരം, രൗദ്രം, അദ്‌ഭുതം എന്നിവയ്ക്ക് ഷഡ്ജ ഋഷഭങ്ങൾ. കരുണത്തിന് ഗാന്ധാര നിഷാദങ്ങൾ. ധൈവതം, ബീഭത്സത്തിനും ഭയാനകത്തിനും.)

ഓരോ അക്ഷരത്തിനുമുണ്ട് ഉച്ചാരണ ക്രമം. ഇതൊക്കെ പാലിക്കുന്ന കലാകാരൻ മഹാൻ:

യാഗതി:വേദ വിദുഷാം 
യാഗതി:യാജ്ഞകാരിണാം 
യാഗതി:ദാന ശീലാനാം 
താം ഗതിം പ്രാപ് നുയാദ്ധി, സ :

(വേദ പണ്ഡിതർക്കും യാഗം ചെയ്യുന്നവർക്കും ദാനം ചെയ്യുന്നവർക്കുമുള്ള ഔന്നത്യമാണ്,കലാകാരനുള്ളത് ).
ഗാന്ധർവം ചേന നാട്യം ച 

യ:സമ്യക് പരിപാലയേത് 
ലഭതേ സദ്ഗതിം പുണ്യാo 
സമം ബ്രഹ്മർഷൗഭിർന്നര:

(സംഗീതത്തെയും നാട്യത്തേയും വേണ്ട വിധം പരിപാലിക്കുന്നവന്, ബ്രഹ്മർഷികളെപ്പോലെ പുണ്യ സദ് ഗതി കിട്ടും).

'നാട്യ ശാസ്ത്രം' 36 അധ്യായത്തിൽ 6000 ശ്ലോകം, കുറച്ചു ഗദ്യം. സംഗീതം, ശിൽപം, നൃത്ത നൃത്യങ്ങൾ എന്നിവയുമുണ്ട്.

'വിഭാവനുഭാവ സഞ്ചാരീ ഭാവാത് രസ നിഷ്‌പത്തി:' എന്നതാണ്, ഭരത സൂത്രം. ബി സി മുന്നിലാണ് ഭരതൻ ജീവിച്ചത് എന്ന് കരുതപ്പെടുന്നു. 'നാട്യ ശാസ്ത്ര'ത്തെ പിന്തുടർന്ന ലക്ഷണ ഗ്രന്ഥങ്ങൾ, അതിലെ അധ്യായങ്ങളെ വിപുലീകരിച്ചതാണ്. ഇവയാണ് പ്രധാന നാട്യശാസ്ത്ര ഗ്രന്ഥങ്ങൾ:
നാട്യ ദർപ്പണം / രാമചന്ദ്ര. ഗുണ ചന്ദ്രൻ, നാടക മീമാംസ / രുയ്യകൻ, ഭാവപ്രകാശം / ശാരദാ തനയൻ, ശൃംഗാര പ്രകാശം / ഭോജൻ, നാട്യ പരിഭാഷ / ശിംശ ഭൂപാലൻ, നാടക ചന്ദ്രിക / രൂപ ഗോപ സ്വാമി, പ്രതാപ രുദ്രീയ യശോ ഭൂഷണം / വിദ്യാ നാഥൻ, സാഹിത്യ ദർപ്പണം / വിശ്വനാഥ കവി രാജൻ.


നാടകത്തെ പൊതുവെ രൂപകം എന്നാണ് സംസ്‌കൃതത്തിൽ വിളിക്കുക. പത്തു രൂപകങ്ങളും ഉപരൂപകങ്ങളും ഉണ്ട്.ഇതിൽ ഒരു രൂപകം മാത്രമാണ്, നാടകം. ഇതിന് പുറമെ, പ്രകരണം, ഈഹാമൃഗം, ഡിമം, സമവകാരം, വ്യായോഗം, അങ്കം, ഭാണം, പ്രഹസനം, വീഥി എന്നിവ രൂപകങ്ങൾ. ഒരു പകൽ നീളുന്ന വീര രസ രൂപകങ്ങൾ ആണ്, നാടകവും വ്യയോഗവും. ഹാസ്യ നാടകം,mപ്രഹസനം. ഭാണം ഏക പാത്ര നാടകം. ഹാസ്യവും ഭാണവും സാമൂഹ്യ വിമർശനം ആകാം. താഴേക്കിടയിലെ ജനമാണ് ഇതിൽ. ജനകീയ ബൃഹദ് കഥകൾ, പ്രകരണം.നാടകത്തിന് വീരേതിഹാസങ്ങൾ വേണം. ഭാണം, വീഥി, അങ്കം, വ്യായോഗം, പ്രഹസനം എന്നിവ ഏകാങ്കങ്ങൾ. ഭാണം ധൂർത്തനും മിടുക്കനുമായ വിടൻ മാത്രമുള്ള ആത്മഭാഷണം -ഇതാണ്, കൂത്ത്.

ഉപരൂപകങ്ങൾ 18: താടിക, ത്രോടകം, ഗോഷ്ഠി, സട്ടകം, നാട്യ രാസകം, പ്രസ്ഥാനകം, ഉല്ലാപ്യം, കാസ്യം, പ്രേങ്ഖണം, രാസകം, സല്ലാപകം, ശ്രീഗദിതം, ശിൽപകം, വിലാസിക, ദുർമല്ലിക, പ്രകരണിക, ഹല്ലീശം, ഭാണിക.

സംസ്‌കൃതത്തിൽ, ദുരന്ത നാടകങ്ങൾ, ഭാസൻറെ 'ഊരു ഭംഗം' പോലെ, വിരളം. വധവും യുദ്ധവും വേദിയിൽ പറ്റില്ല; കുളി, വസ്ത്രാക്ഷേപം, രതിക്രീഡ എന്നിവയും വയ്യ.

കഥാപാത്രങ്ങൾ സമൂഹത്തിലെ സ്ഥാനം അനുസരിച്ചു വേണം ഭാഷ പറയാൻ. ഉത്തമ ശ്രേണിക്കാർ സംസ്‌കൃതം. സ്ത്രീകൾക്കും പിന്നാക്കക്കാർക്കും മഹാരാഷ്ട്രി, ശൗരസേനി, മാഗധി തുടങ്ങിയ പ്രാകൃതങ്ങൾ. നീചർക്ക് അപഭ്രംശം. അതാണ് 'ബാഹുബലി'യിൽ കേട്ട ഒന്നും മനസിലാകാത്ത പിച്ചും പേയും.

സ്ഥലകാല ബന്ധം നിർബന്ധമല്ല -ഭവഭൂതിയുടെ 'ഉത്തര രാമ ചരിതം' 12 കൊല്ലം നീണ്ട കഥയാണ്.

സംസ്‌കൃത നാടകത്തെ സമ്പന്നമാക്കിയ മലയാളികളിൽ പ്രധാനികൾ ഭാസനും ശക്തി ഭദ്രനും. ഭാസൻറെ 'സ്വപ്ന വാസവദത്തം' 1909 ൽ മൈസൂർ ആർക്കിയോളജിക്കൽ സർവേയിലെ പണ്ഡിറ്റ് ആനന്ദാൽവാർ കണ്ടെടുത്തു. 1912 ൽ ഭാസൻറെ 13 നാടകങ്ങൾ കണ്ടെത്തിയത്, തിരുവനന്തപുരം പ്രാചീന ഗ്രന്ഥ പ്രകാശന കാര്യാലയം സൂപ്രണ്ട് ടി ഗണപതി ശാസ്ത്രികൾ. 

ജ്വലന മിത്രൻ എന്നും ഭാസന് പേര്. നിയമ വിരുദ്ധമായി, നാന്ദിക്ക് ശേഷമാണ്, ഇവയിൽ സൂത്ര ധാര പ്രവേശം. ഇതിന് 'മത്ത വിലാസ പ്രഹസന'വുമായി സാമ്യമുള്ളതിനാൽ, 'സ്വപ്ന വാസവ ദത്തം' ഒഴിച്ചുള്ളവ ഭാസ കൃതികൾ ആകണം എന്നില്ല എന്ന് വാദമുണ്ട്. 

ശാസ്ത്രി കണ്ടെത്തിയവയുടെ കൂട്ടത്തിൽ 'സ്വപ്നവാസവദത്തം' കൂടി ഉണ്ടായിരുന്നതിനാൽ എല്ലാം ഭാസന്റേത് എന്നായിരുന്നു നിഗമനം. ഭാസ നാടകങ്ങൾ കണ്ടെത്തിയപ്പോൾ, കേരളത്തിലെ ആദ്യ സംസ്‌കൃത നാടക കൃത്ത് എന്ന സ്ഥാനം ശക്തി ഭദ്രന് നഷ്ടമായി. ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിലാണ് ഭാസൻ ജീവിച്ചത് എന്ന ശാസ്ത്രിയുടെ നിഗമനം ഭാവനയായി കൊളംബിയ സർവകലാശാലയിലെ സംസ്‌കൃത പണ്ഡിതൻ ഷെൽഡൺ പൊള്ളോക് തള്ളി. എ ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച കാളിദാസൻറെ ഭാഷയോട് സാമ്യമുള്ളതിനാൽ, ഭാസൻ മൂന്നും നാലും നൂറ്റാണ്ടിനിടയിൽ ജീവിച്ചു എന്ന് കരുതുന്നു .ശക്തിഭദ്രൻ ശങ്കരാചാര്യ കാലത്താകാം. എ ഡി ഏഴും പതിനൊന്നും നൂറ്റാണ്ടുകൾക്കിടയിൽ കാലം കണക്കാക്കുന്നു എങ്കിലും, ശങ്കരാചാര്യരുമായി ഒരു കൂടിക്കാഴ്ചയുടെ കഥയുണ്ട്. എട്ടാം നൂറ്റാണ്ടിലാണ് ശങ്കരൻ ജീവിച്ചത്.

കാളിദാസൻ 'മാളവികാഗ്നി മിത്ര' പ്രസ്താവനയിൽ ഇങ്ങനെ ചോദിക്കുന്നു: "ഭാസൻ, സൗമിളൻ, കവിപുത്രൻ എന്നീ പ്രതിഭാശാലികളുടെ രചനകൾ നമുക്ക് മറക്കാനാവുമോ? ആധുനിക കവി കാളിദാസനോട് പ്രേക്ഷകർക്ക് ആദരവ് തോന്നുമോ?'

ഭാരതീയ സംസ്‌കൃത നാടകങ്ങൾ ബി സി അഞ്ചോ നാലോ നൂറ്റാണ്ടുകളിലേക്ക് വേരാഴ്ത്തി നിൽക്കുന്നു. 'അർത്ഥശാസ്ത്ര'ത്തിൽ 'കുശീലവ' എന്ന് പറയുന്നത് എന്താണെന്ന് വ്യക്തമല്ല. പതഞ്ജലിയുടെ 'മഹാഭാഷ്യ'ത്തിൽ 'കംസ വധം', ബാലി ബന്ധനം ' എന്നീ നാടകങ്ങളെ പരാമർശിക്കുന്നു. 'ഹരിവംശ'ത്തിൽ കൃഷ്ണൻറെ പിന്മുറക്കാർ ഒരു നാടകം അവതരിപ്പിക്കുന്നതായി പറയുന്നു. മഹാഭാരതത്തിൽ മരം കൊണ്ടുള്ള ഒരു സ്ത്രീ[പ്രതിമ പരാമർശിക്കുന്നു. ഇവ മൂകാഭിനയ സംഭവങ്ങളായി (Pantomime) A History of Sanskrit Literature ൽ  A Berriedale Keith തള്ളിക്കളയുന്നു. അശ്വഘോഷനും ഭാസനും മുൻപ് ഭാരതീയ നാടകം ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കുന്നു. യൂറോപ്യൻ പണ്ഡിതർ അംഗീകരിക്കുന്ന ആദ്യത്തെ സമ്പൂർണ സംസ്‌കൃത നാടകം, അശ്വഘോഷൻറെ 'ശാരീപുത്ര പ്രകരണം' ആണ്. ബുദ്ധ സന്യാസിയായ അശ്വഘോഷൻ ജീവിച്ചത്, എ ഡി 80 -150 ൽ ആണെന്നാണ് നിഗമനം. അശ്വഘോഷ നാടകം കിട്ടിയത്, ചൈനയിൽ ഷിൻജിയാങ്ങിലെ ടുർഫാനിൽ നിന്നാണ്.

കാളിദാസൻ മാത്രമല്ല, ബാണനും 'കാവ്യമീമാംസ' എഴുതിയ രാജശേഖരനും ഭാസനെപ്പറ്റി പറയുന്നുണ്ട്.

ആശ്ചര്യ ചൂഡാമണി/ നിനാസം,ഹേഗ്ഗോഡു,കർണാടക 

ഭാസ നടകങ്ങളെ നാലായി തിരിക്കാം:

രാമായണകഥ: പ്രതിമാ നാടകം, അഭിഷേക നാടകം.

ഭാരതകഥ: പഞ്ചരാത്രം, മധ്യമ വ്യായോഗം, ദൂത വാക്യം, ദൂത ഘടോൽക്കചo, കർണ ഭാരം, ഊരുഭംഗം, nബല ചരിതം.

ലോക കഥ: അവിമാരകം, ചാരുദത്തൻ 

ഉദയന കഥ: പ്രതിജ്ഞാ യൗഗന്ധരായണം, സ്വപ്ന വാസവദത്തം.

'മാളവികാഗ്നി മിത്ര' സൂത്രധാര പ്രസ്താവനയിൽ കാളിദാസൻ ഭാസനെ പരാമർശിക്കുന്നു. 'ഊരു ഭംഗ'ത്തിലും 'അഭിഷേക നാടക'ത്തിലും യുദ്ധവും മരണവും ചിത്രീകരിച്ചതിനാൽ, ഭരത മുനിക്ക് മുൻപ് ജീവിച്ചയാൾ ആകണം എന്നൊരു വാദമുണ്ട്. ബി സി രണ്ട് -എ ഡി രണ്ട് നൂറ്റാണ്ടിനിടയിലാണ് 'നാട്യ ശാസ്ത്രം' എങ്കിലും, അത് അറിയപ്പെടുന്നത് ഏഴാം നൂറ്റാണ്ടിൽ എന്ന് മറു വാദം.

ആശ്ചര്യ ചൂഡാമണി' എഴുതിയ ശക്തി ഭദ്രൻ, പത്തനം തിട്ട കുന്നത്തൂർ കൊടുമൺ ചെന്നീർക്കര സ്വരൂപമെന്ന നമ്പൂതിരി കുടുംബത്തിൽപെട്ട ആളായിരുന്നുവെന്നും അത് ചെങ്ങന്നൂർ ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നുമാണ് വിശ്വാസം. പരശുരാമൻ സ്ഥാപിച്ചതായി പറയുന്ന 64 ഗ്രാമത്തിൽ ഒടുവിലത്തേതാണ് ചെങ്ങന്നൂർ. അതിന് തെക്ക് നമ്പൂതിരി ഗ്രാമങ്ങൾ ഇല്ല.

കൊടുമണ്ണിലെ ചിലന്തി അമ്പലമായിരുന്നു അങ്ങാടിക്കൽ കേന്ദ്രമായി നാടുവാഴി ആയ ശക്തി ഭദ്രൻറെ പരദേവതാ ക്ഷേത്രം.കൊല്ലം 956 -) മാണ്ടിനിടയ്ക്ക് (1781) അദ്ദേഹത്തിൻറെ കുടുംബത്തിൽ പെട്ട ശക്തി ഭദ്രരു സാവിത്രി,ശക്തി ഭദ്രരു ശ്രീദേവി എന്നീ അന്തർജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966 ൽ (1791) വാക്കവഞ്ഞിപുഴ മഠത്തിൽ നിന്ന് ദത്തെടുക്കുകയും ചെയ്‌തുവെന്ന്‌ ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതുന്നു.

ഒരിക്കൽ ചെങ്ങന്നൂരെത്തിയ ശങ്കരാചാര്യരെ ശക്തി ഭദ്രൻ, 'ആശ്ചര്യ ചൂഡാമണി' നാടകം വായിച്ചു കേൾപ്പിച്ചു. മൗന വ്രതത്തിൽ ആയിരുന്ന ശങ്കരാചാര്യർ പ്രതികരിച്ചില്ല. നിരാശനായ ശക്തി ഭദ്രൻ, നാടകം തീയിട്ടു. പിന്നൊരിക്കൽ ആ നാടകത്തെപ്പറ്റി ശങ്കരൻ ചോദിച്ചപ്പോൾ,കത്തിച്ചു കളഞ്ഞതായി ശക്തി ഭദ്രൻ ബോധിപ്പിച്ചു. നാടകത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:

ത്രിഭുവന പുരസ്യാ രാവണ: പുരവജസ്ചേ -
ദസുലഭ ഇതിനൂനം വിശ്രമ: കാർമുകസ്യ 
രജനിചര നിബദ്ധം പ്രായശോ വൈരമേതദ് 
ഭവതു ഭുവന ഭൂത്യയ് ഭൂരിരക്ഷോ വധേന 

ഇതോർമിച്ച് , 'നിൻറെ ഭുവന ഭൂതി എവിടെ?' എന്ന് ശങ്കരൻ ചോദിച്ചു. നാടകം മുഴുവൻ ഓർമയിൽ നിന്ന് ശങ്കരൻ പറഞ്ഞു കൊടുത്തു; ശക്തി ഭദ്രൻ എഴുതി എടുത്തു.

'ആശ്ചര്യ ചൂഡാമണി' എഴുതിയത് മലയാളിയാണെന്ന് പറയുന്നത്  അതിൻറെ പ്രസ്താവനയിലാണ്:

ഭാരദ്വാജ ഗ്രാമവാസീ കുമാരില മതാനുഗ:
വിപ്ര:കശ്ചിത് ശക്തി ഭദ്ര കൃതം വ്യാകൃത നാടകം 

കുമാരില ഭട്ടൻറെ മീമാംസാ പദ്ധതിയിൽ വിശ്വസിച്ചിരുന്ന മലയാളി ബ്രാഹ്മണൻ,ശക്തി ഭദ്രൻ.ശങ്കരാചാര്യരും കുമാരില ഭട്ടനും സംവാദം നടത്തിയ കഥയുണ്ട്.



ആശ്ചര്യ ചൂഡാമണി കൂടിയാട്ടം / ചിത്രം :ദീപു എസ് ജി 

തെക്ക് നിന്ന് ഒരു നാടകം ഉണ്ടാകുന്നത്,മണ്ണിൽ നിന്ന് എണ്ണ വരും പോലെയാണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. അതിന് മുൻപ് തെക്കേ ഇന്ത്യയിൽ നിന്നുണ്ടായത്, മഹേന്ദ്ര വിക്രമ പല്ലവൻറെ 'മത്ത വിലാസ'വും ബോധായനൻറെ 'ഭഗവദജ്ജുക'വും -രണ്ടും പ്രഹസനം. പിൽക്കാലത്ത്, 'തപതീ സംവരണം', 'സുഭദ്രാ ധനഞ്ജയം' നാടകങ്ങൾ എഴുതിയ കേരള ചക്രവർത്തി കുലശേഖര വർമൻ, 'ആശ്ചര്യ ചൂഡാമണി' പരാമർശിച്ചില്ല. ശക്തി ഭദ്രനോടുള്ള പുച്ഛം, മറവി ഒക്കെയാകാം.15 നൂറ്റാണ്ടിൽ അജ്ഞാത മലയാളി എഴുതിയ 'അഭിജ്ഞാന ശകുന്തള ചർച്ച' എന്ന വിമർശനത്തിൽ, ശക്തി ഭദ്രൻ എന്ന പേരില്ലാതെ,നാടകത്തെ പരാമർശിക്കുന്നു. തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥ വരിയിൽ,195 നമ്പറായി 'ശാകുന്തള ചർച്ച'യുണ്ട്.

'നടാങ്കുശം' എഴുതിയ അജ്ഞാത മലയാളിയും  ശക്തി ഭദ്രനെ പരാമർശിക്കുന്നു:

അസ്മാകം പ്രബന്ധകൃദപി മഹാനേവ 
യത് കൃതം നാടകം ചൂഡാമണിശ് ചൂഡാമണി:സതാം 
സകസ്യൈവ ന മാന്യോയം ശക്തിഭദ്രോ മഹാകവി

കൂടിയാട്ട സമ്പ്രദായത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ,പ്രധാനമാണ്,' ആശ്ചര്യ ചൂഡാമണി'. പർണ ശാലാങ്കo,ശൂർപ്പണഖാങ്കം, മായാസീതാങ്കം ,ജടായു വധാങ്കം, അശോക വനികാങ്കം, അംഗുലീയാങ്കം എന്നിവ അങ്കങ്ങൾ. ഏഴാം അങ്കത്തിന് പേരില്ല. ഓരോ അങ്കവും ആറോ ഏഴോ ദിവസം എടുക്കും, അവതരണത്തിൽ. ശക്തി ഭദ്രൻ എന്ന പേര് സൂത്രധാരൻ പറയുന്നതാണ്. ശങ്കരൻ എന്നും രാമഭദ്രൻ എന്നും പാഠ ഭേദമുണ്ട്. 'ഉന്മാദ വാസവദത്തം' ശക്തി ഭദ്രൻ എഴുതിയതായി സൂത്രധാരൻ പറയുന്നു; കിട്ടിയിട്ടില്ല.

'ആശ്ചര്യ ചൂഡാമണി', ഭാസൻറെ 'പ്രതിമാ നാടകം', 'അഭിഷേക നാടകം' എന്നിവയിലെ അങ്കങ്ങൾ ചേർത്ത്, 21 അങ്കങ്ങളിലായി, 'രാമായണ നാടകം' കൂടിയാട്ടത്തിൽ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ചിരുന്നു. ഇതിന് ചാക്യാന്മാർ ഒരു വർഷം എടുക്കും. നടന്മാർക്ക് 3500 പഴയ പണവും ചെലവും രാജാവും പ്രഭുക്കളും കൊടുക്കും. നടത്തിപ്പുകാർ ബ്രാഹ്മണർ എങ്കിൽ, 1500 പണവും ചെലവും മതി.

ചെന്നൈ അടയാറിൽ നിന്ന് 'ആശ്ചര്യ ചൂഡാമണി' കണ്ടെടുത്ത കുപ്പു സ്വാമി ശാസ്ത്രി പറഞ്ഞത്, പ്രതിമാ, അഭിഷേക നാടകങ്ങൾ ഭാസന്റേത് അല്ലെന്നും അവ ശക്തി ഭദ്രന്റേത് ആയിരിക്കാം എന്നുമാണ്. കേരള സർവകലാശാല ഹസ്ത ലിഖിത ഗ്രന്ഥ ശേഖരത്തിൽ ഇവ മൂന്നും തുടർച്ചയായി പകർത്തിയ ഇരുപത്തഞ്ചോളം മാതൃകകളുണ്ട്.

ശക്തി ഭദ്രൻറെ കുടുംബം അന്യം നിന്നുവെന്നാണ് ഉള്ളൂർ പറഞ്ഞതിൽ നിന്ന് കിട്ടുന്നത്. അതിൽ പറയുന്ന ദത്ത് വർഷങ്ങൾ 1781,1791 എന്നിവയാണ്. ഭാസൻ മുതൽ ശക്തി ഭദ്രൻ വരെയുള്ള ചരിത്രം ചികഞ്ഞാൽ കിട്ടുന്നത്, എ ഡി 400 മുതൽ, കാളിദാസന് മുൻപ് മുതൽ, കേരളത്തിൽ നില നിന്ന സംസ്‌കൃത നാടക (കൂടിയാട്ട) പാരമ്പര്യമാണ്; ഇങ്ങനെ ഒന്ന് ഇന്ത്യയിൽ മറ്റൊരു ദേശത്തുമില്ല.

------------------------------------------------

Tuesday, 24 September 2019

കുഞ്ചൻ നമ്പ്യാർ തൃപ്പൂണിത്തുറയിൽ

വന്നത് ഇട്ടിയമ്മൻ ചാക്യാർക്കൊപ്പം

ൻറെ നാടായ തൃപ്പൂണിത്തുറയിൽ കുഞ്ചൻ നമ്പ്യാർ എത്തിയ കഥ അറിഞ്ഞപ്പോൾ,കവിതയിൽ അല്ലാതെ വലിയൊരു പ്രാവീണ്യം കൂടി അദ്ദേഹത്തിന് ഉണ്ടെന്ന് വ്യക്തമായി.അത് 'പറക്കും കൂത്ത്'എന്ന പ്രാചീന കൂടിയാട്ട ഖണ്ഡത്തിൽ മറ്റൊരാൾക്കും അന്ന് കേരളത്തിൽ ഇല്ലാതിരുന്ന വിരുതാണ്‌.'പറക്കും കൂത്തി'ൽ നായകനായ അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാർക്കൊപ്പം നമ്പ്യാർ തൃപ്പൂണിത്തുറയിൽ 1745 ൽ നടത്തിയത്,ചരിത്രത്തിലെ അവസാനത്തെ 'പറക്കും കൂത്ത്'ആയിരുന്നു.

എന്താണ് പറക്കും കൂത്ത്?

അത്  കൂത്തല്ല,കൂടിയാട്ട ഖണ്ഡമാണ്.ഹർഷ ദേവൻറെ 'നാഗാനന്ദ'ത്തിൽ,ഗരുഡൻ ജീമൂത വാഹനനെ മലയ ശിഖരത്തിലേക്ക് കൊത്തിക്കൊണ്ട് പറക്കുന്ന ഖണ്ഡം. ഇട്ടിയമ്മൻ ചാക്യാരും മഹാകവി കുഞ്ചൻ നമ്പ്യാരും ചേർന്ന് ഒടുവിൽ അരങ്ങേറിയത്  കുരീക്കാട്ട് തീപ്പെട്ട രാമവർമ്മ ആറാമന്റെ കാലത്ത്.കുഞ്ചൻ നമ്പ്യാർക്ക് ( 1705 -1770 ) അന്ന് 40 വയസ്സ് .ഇട്ടിയമ്മൻ അത് അവതരിപ്പിച്ചതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്:

മഞ്ചാനത്യാർത്ഥ സമ്പന്നാൽ 
ധ്രുവ നിത്യമ്മനാം നടൻ 
പറന്ന നേരം നഷ്ടാസ്തേ 
നാഗാ: പ്രീതി വരാം യയുഃ ?

'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 മെയ് ആദ്യവാരം .അന്ന് നക്ഷത്രം രേവതി.
കുഞ്ചൻ നമ്പ്യാരുടെ മിഴാവ് ,അമ്പലപ്പുഴ 
'നാഗാനന്ദം' നാടകത്തിലെ നാലാമങ്കത്തിൽ ഗരുഡൻ കുന്നിന്മേൽ നിന്ന് പറന്നു വന്ന്,താഴെ ഉറങ്ങുന്ന ജീമൂത വാഹനനെ കൊത്തിയെടുത്ത് വീണ്ടും കുന്നിന്മേലേക്ക് പോകുന്ന രംഗം.ഇതാണ് 'പറക്കും കൂത്ത്'.സാധാരണ കൂടിയാട്ടം അരങ്ങിന് പുറമെ,64 കോൽ ഉയരത്തിൽ ( 44 .88 മീറ്റർ ) മറ്റൊരു അരങ്ങ് കെട്ടി ഉണ്ടാക്കും.ആ ഉയരത്തിലുള്ള അരങ്ങിലും നിലവിളക്കും മിഴാവും നമ്പ്യാരും നങ്യാരും ഉണ്ടാകും.നാടകത്തിലെ കുന്നിൻറെ പ്രതീകമാണ് ഉയരത്തിലെ ഈ അരങ്ങ്.അവിടെയാണ് ഗരുഡ വേഷം ധരിച്ച ചാക്യാരുടെ രംഗ പ്രവേശം.ഗരുഡ വേഷത്തിൽ,കൊക്ക്,ചിറക്,വാല് എന്നിങ്ങനെ 64 സ്ഥാനങ്ങളിൽ നീളവും ഉറപ്പുമുള്ള 1001ചരടുകൾ ബന്ധിച്ചിരിക്കും.ഗരുഡ പ്രവേശവും അനുബന്ധ ക്രിയകളും കഴിഞ്ഞാണ്,പറക്കൽ.താഴെ ജീമൂത വാഹനൻ,ചുവന്ന പട്ടു കൊണ്ട് ശരീരം മൂടി തലയിൽ ചെത്തി മാല ചാർത്തി കിടക്കും.ഗരുഡൻ പറക്കുമ്പോൾ,ശരീരത്തിൽ ബന്ധിച്ച ചരടുകൾ വൈദഗ്ധ്യത്തോടെ,നമ്പ്യാർ,യഥാവസരം അയയ്ക്കുകയും മുറുക്കുകയും ചെയ്യും.ഗരുഡൻ പറന്നു വരുന്നത് കണക്കെ ചാക്യാരെ തട്ടിൽ നിന്ന് താഴേക്ക് എത്തിച്ച്,കൊക്ക് പൊളിപ്പിച്ച് ആളെയെടുപ്പിച്ച് മുകളിലേക്ക് കൊണ്ട് വരും.ചരടുകൾ യഥാ സ്ഥാനത്ത് കെട്ടുന്നതും വേണ്ടവണ്ണം പിടിച്ചു പറപ്പിക്കുന്നതും വിരുത് വേണ്ട കലയാണ്.അയാൾക്ക് പിഴച്ചാൽ,ചാക്യാർ അപകടത്തിലാകും.അങ്ങനെ ചാക്യാർമാർ മരിച്ചിട്ടുണ്ട്:

കുട്ടഞ്ചേരി ചാക്യാര് 
കൊടുങ്ങല്ലൂർ പറന്നനാള് 
തദാ വന്ന തരക്കേട്‌:
തല തൂങ്ങി കിടന്നു പോയ് 

ഗരുഡൻ ചാക്യാർ,വട്ടമിട്ടു പറന്ന് താഴെയുള്ള അരങ്ങിൽ എത്തും.ജീമൂത വാഹനൻറെ തലയിലെ ചെത്തി മാല കൊത്തിയെടുക്കും.വീണ്ടും വട്ടത്തിൽ കറങ്ങി,ഉയരത്തിലെ അരങ്ങിൽ എത്തും.
അഭിനയത്തിൻറെ കൊടുമുടി.ജീവൻ പണയം വച്ചുള്ള നടനം.
ഇത് നേർച്ചയായി നടത്തുമ്പോൾ,നേർന്നയാൾ നായകനായി കിടക്കും.
തൃപ്പൂണിത്തുറ രാജ കുടുംബത്തിലെ പുരുഷന്മാർക്ക് പൂർണത്രയീശ ക്ഷേത്രത്തിൽ ഇടനാഴി വിട്ട് അകത്തേക്ക് കടക്കാൻ ആവില്ല.പറക്കo കൂത്ത് നടക്കുന്ന ദിവസം,അരിയിട്ട് പാട്ട് കഴിച്ചാൽ,ജീവിച്ചിരിക്കുന്നവരും ഗർഭസ്ഥരായവരുമായ പുരുഷന്മാർക്ക് ആയുഷ്‌കാലം സോപാനത്തിൽ കയറി തൊഴാം.ആ ദിവസം രാജാവിന് പണ്ട് പെരുമാക്കന്മാർ ധരിച്ചിരുന്ന കിരീടവും ഉടവാളും ധരിക്കാം.

പറക്കും കൂത്ത് നടന്നിരുന്ന സ്ഥലമാണ്,കണ്ണൂരിലെ കൂത്ത് പറമ്പ്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നിൽക്കുന്ന സ്ഥലം കൂത്ത് പറമ്പായിരുന്നു.തൃപ്പൂണിത്തുറയിലെ കൂത്തു പറമ്പ് എനിക്കറിയില്ല.പൂർണത്രയീശ ക്ഷേത്രത്തിനകത്ത് വേണ്ട സ്ഥലമുണ്ട്.ക്ഷേത്രത്തിൽ നിന്ന് അകലെയല്ലാതെയുള്ള ക്രിക്കറ്റ് മൈതാനം മാത്രമാണ്,അടുത്തൊരു വലിയ പറമ്പ്.

ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രീകളിൽ ജനിച്ച സൂതന്മാർ ചിലർ കേരളത്തിൽ വന്നാണ് ചാക്യാർ കുലം ഉണ്ടായത് എന്നാണ് വിശ്വാസം.കേരള വരേണ്യർക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരെയും ഇതിൽ ചേർത്തു.അവരാണ് നാടകങ്ങളിൽ അഭിനയിക്കേണ്ടത് എന്ന് വ്യവസ്ഥ ചെയ്‌തു.-1803 കൊച്ചി കാനേഷുമാരി രേഖ.'കൊച്ചിയിലെ ജാതിയും മതങ്ങളും' എന്ന എൽ കെ അനന്ത കൃഷ്ണയ്യരുടെ പുസ്തകത്തിലും ഇത് പറയുന്നു.അതിനാൽ കൂത്തും കൂടിയാട്ടവും അനാചാരമാണെന്ന് ഗുണ്ടർട്ട് വിലയിരുത്തി !
ബുദ്ധ മതാനുയായി എന്നർത്ഥമുള്ള ശാക്യൻ എന്ന വാക്കിൽ നിന്നാണ് ചാക്യാർ ഉണ്ടായതെന്ന് വാദമുണ്ട്;ബുദ്ധ മതത്തിൽ നിന്ന്,വൈദിക മതത്തിലേക്കുള്ള മാറ്റം.യാത്ര കളിയുടെ ആര്യവൽക്കരണമാണ് കൂടിയാട്ടത്തിൽ കലാശിച്ചത് എന്നും നിഗമനമുണ്ട്.

അമ്മന്നൂർ കുടുംബത്തിലെ ഒരു ശാഖ ഇരിങ്ങാലക്കുടയിൽ എത്തുന്നത്,1874 ലാണ്.മൂല കുടുംബം പാലക്കാട് കൊപ്പം.അവിടന്ന് തിരുവിതാംകൂറിലെ മൂഴിക്കുളത്ത് എത്തിയത് ഒരു പലായന കഥയാണ്.വള്ളുവനാട് രാജാവ് ഒരു നമ്പൂതിരിയുമായി വലിയ ശണ്ഠ കൂടി ക്ഷുഭിതനായി,നമ്പൂതിരിയെ ക്ഷേത്ര ഊട്ടുപുരയിലെ അടുപ്പിൽ ചുട്ടു കൊന്നു -ഡൽഹി തന്തൂരി അടുപ്പിൽ കോൺഗ്രസ് നേതാവ് കാമുകിയെ കൊന്നതിന് മുൻപ് ചരിത്രമുണ്ട് എന്നർത്ഥം.ഇത് അതീവ രഹസ്യമായിരുന്നു.ഒരു കൂത്തിനിടയിൽ കൊപ്പം അമ്മന്നൂർ ചാക്യാർ സംഭവം വളഞ്ഞ വഴിയിൽ പുറത്തു വിട്ടു.ചാക്യാരെ പിടിച്ച് ഹാജരാക്കാൻ രാജാവ് ഉത്തരവിട്ടു.വിവരമറിഞ്ഞ ചാക്യാർ കുടുംബം തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു.

മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കാലത്ത് ( 1560 -1646 / 1666 )  ജീവിച്ച പരമേശ്വര ചാക്യാർക്ക് ശേഷം ഉണ്ടായ പ്രതിഭയാണ്,ഇട്ടിയമ്മൻ.കുഞ്ഞായിരുന്നപ്പോൾ,അച്ഛൻ നമ്പൂതിരി ഓത്ത് ചൊല്ലി നമസ്കരിക്കുമ്പോൾ,''അമ്മന്നൂരിട്ടിയമ്മ നാടായ് വരേണം' എന്ന് ജപിച്ചിരുന്നു.ഇട്ടിയമ്മൻറെ പ്രശസ്തി കൂടിയപ്പോൾ നാട്യ ശാസ്ത്ര പണ്ഡിതനായ പരദേശി ബ്രാഹ്മണൻ അദ്ദേഹത്തെ കാണാൻ മൂഴിക്കുളത്ത് എത്തി.രാത്രി ക്ഷേത്രത്തിൽ കഴിഞ്ഞ് രാവിലെ പുഴയിൽ കുളിക്കാൻ എത്തി.കുളി കഴിഞ്ഞ് ജപിക്കുമ്പോൾ,കുളിക്കാൻ എത്തിയ മറ്റെയാളെ പണ്ഡിതൻ ശ്രദ്ധിച്ചില്ല.മറ്റെയാൾ മുങ്ങി പൊങ്ങി ഈറൻ കുടുമ പിഴിഞ്ഞ് പിന്നിലേക്ക് ആക്കിയപ്പോൾ വെള്ളം ശരീരത്തിൽ തെറിച്ചെന്ന് പണ്ഡിതന് തോന്നി.രോഷത്തോടെ നോക്കിയപ്പോൾ കണ്ടത്,മൊട്ട തല.മുടി പിഴിഞ്ഞതും പിന്നിലേക്ക് ആക്കിയതും ഇട്ടിയമ്മൻറെ അഭിനയം ആയിരുന്നു.
നമ്പ്യാരുടെ കലക്കത്ത് വീട് 
പറക്കും കൂത്ത് പിന്നെ അരങ്ങേറാത്തതിന് ഒരു കാരണം 1748 ൽ കുഞ്ചൻ നമ്പ്യാർ,മാർത്താണ്ഡവർമ്മയുടെ സദസ്സിൽ അംഗമായി എന്നതാകാം.കൂത്തിന് മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിപ്പോയതിന് ചാക്യാർ പരിഹസിച്ചപ്പോൾ,മറുപടിയായി നമ്പ്യാർ ഓട്ടൻ തുള്ളൽ ആവിഷ്‌കരിച്ചു എന്നാണ് വിശ്വാസം.ആ ചാക്യാർ ഇട്ടിയമ്മൻ ആയിരിക്കുമോ ?
അതിന് ശേഷം ധർമ്മരാജാവിന്റെ സദസ്സിലും ഉണ്ടായിരുന്നു.ചാക്യാർ പരിഹസിച്ചതോടെ നമ്പ്യാർ പിന്മാറി എന്നതാകും നല്ല നിഗമനം.ഒരു പരിഹാസം ഒരു കലയുടെ മരണമായി.

1705 മെയ് അഞ്ചിന് നമ്പ്യാർ പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്ത് കിടങ്ങന്നൂർ കല്ലമ്പള്ളി നമ്പുതിരിക്കും ഒരു നമ്പ്യാർക്കും ജനിച്ചു എന്നാണ് നിഗമനം.ബാല്യം കുടമാളൂരും യൗവനം അമ്പലപ്പുഴയും.മാത്തൂർ പണിക്കർ,ദ്രോണബല്ലി നായ്ക്കർ,നന്നിക്കോട് ഉണ്ണിരവി കുറുപ്പ് എന്നിവരിൽ നിന്ന് കളരിയും സംസ്‌കൃതവും പഠിച്ചു.ധർമ്മ രാജാവിൻറെ സദസിൽ കുഞ്ചൻ നമ്പ്യാർക്കൊപ്പം ഉണ്ടായിരുന്നവർ:കോഴിക്കോട് മനോരമ തമ്പുരാട്ടി,പുതിയിക്കൽ തമ്പാൻ,മാണ്ഡവപള്ളി ഇട്ടി രാരിശ്ശ മേനോൻ,സദാശിവ ദീക്ഷിതർ,കല്യാണ സുബ്രമണ്യ കവി,പന്തളം സുബ്രമണ്യ ശാസ്ത്രി,ഇടവെട്ടിക്കാട്ട് നമ്പൂതിരി,നീലകണ്ഠ ദീക്ഷിതർ,രാമേശ്വരം യാത്ര തുള്ളൽ എഴുതിയ ഏറ്റുമാനൂർ മാരാർ,'ചാതക സന്ദേശം'എഴുതിയ നമ്പൂതിരി.1782 മേയിൽ മരിച്ച അമ്മയുടെ ചിതാ ഭസ്‌മ നിമജ്ജനത്തിന് 1784 നവംബറിൽ ധർമ്മരാജ രാമവർമ്മ നടത്തിയ യാത്രയാണ്,ഏറ്റുമാനൂർ മാരാർ തുള്ളൽ ആക്കിയത്.

ക്ഷേത്രങ്ങളിൽ നിന്ന്  നൽകുന്ന കൃഷി സ്ഥലം പാട്ടത്തിന് കൊടുത്ത് ജീവിച്ചവരാണ് ചാക്യാർമാർ.സ്ഥലം നൽകിയത്,ക്ഷേത്രത്തിൽ കൂത്തും കൂടിയാട്ടവും നടത്താനാണ്.കൊടുത്ത സ്ഥലത്തിന് 'കൂത്ത് വിരുത്തി'എന്നായിരുന്നു പേർ.കലയില്ലെങ്കിൽ സ്ഥലം തിരിച്ചെടുക്കും.ഇത് തന്നെ മിഴാവ് കൊട്ടുന്ന നമ്പ്യാരുടെയും കഥ.

കൂടിയാട്ടത്തിൽ കാളിദാസന് ഭ്രഷ്ട് എന്ത് കൊണ്ട് എന്നറിയില്ല.അമ്മന്നൂർ മാധവ ചാക്യാർ പറഞ്ഞത്,ഭാസ നാടകങ്ങൾ ആടാനും കാളിദാസൻ വായിക്കാനും ഉള്ളതാണ് എന്നാണ്.ഭാസൻ മലയാളി ആയതിനാൽ,കേരളീയ കലയിൽ കാളിദാസൻ ഇല്ലാതെ വന്നതും,പെരുമാക്കന്മാർ ഒഴിവാക്കിയതും ആകാം.കേരള ചക്രവർത്തി കുലശേഖരനാണ് കൂടിയാട്ടം,അദ്ദേഹത്തിൻറെ  സദസ്സിലെ പണ്ഡിതൻ തോലൻറെ സഹായത്തോടെ പരിഷ്കരിച്ചത്. -കുലശേഖരൻ തൻറെ 'സുഭദ്രാ ധനഞ്ജയം' നാടകം സദസ്സിൽ വായിച്ചു.തോലൻ വിലപിച്ചു:

"ഞാൻ ശകുന്തളയുടെ പ്രേതമാണ്;എന്നെ ഇദ്ദേഹം വിരൂപയാക്കുന്നു".
ഇത് കേട്ട കുലശേഖരൻ കാളിദാസനെ ഒഴിവാക്കി എന്നാണ് കഥ.ഒരു ചാക്യാർ കാളിദാസൻറെ 'ശാകുന്തളം' ആദ്യ രംഗം അഭിനയിക്കുമ്പോൾ വന്ന പിഴവും അപകടവുമാണ് കാളിദാസനെ ഒഴിവാക്കാൻ കാരണമെന്നും പറയുന്നു-സൂതൻറെ 'കൃഷ്‌ണ സാരേ ദദ ചക്ഷു' എന്ന ശ്ലോകം അഭിനയിക്കേ,ചാക്യാർ,ഒരു കണ്ണുകൊണ്ട് മാനിനെയും മറ്റേതു കൊണ്ട് ശരം തൊടുത്ത് വില്ലു ധരിച്ച രാജാവിനെയും കാട്ടാൻ ശ്രമിച്ചപ്പോൾ,കാഴ്ച പോയി.

ഭ്രഷ്‌ടും ചാക്യാരുമായി ജന്മബന്ധം തന്നെയുണ്ട്.18 വയസ്സ് വരെ നമ്പൂതിരിയായിരുന്ന ആളാണ് 'അവസാനത്തെ സ്മാർത്ത വിചാരം' എഴുതിയ എ എം എൻ ചാക്യാർ;കേരളസർവകലാശാല റജിസ്ട്രാർ ആയിരുന്ന അദ്ദേഹം പിതാവിന് 1918 ലെ സ്മാർത്ത വിചാരത്തിൽ ഭ്രഷ്ടുണ്ടായപ്പോൾ സമുദായത്തിൽ നിന്ന് പുറത്തായി.മുതുകുളങ്ങര ക്ഷേത്രത്തിൽ കൂത്ത് അരങ്ങേറ്റം നടത്തി.28 വയസ്സ് വരെ നമ്പൂതിരി ആയിരുന്നയാളാണ്,കുട്ടഞ്ചേരി മൂത്ത ചാക്യാർ.അദ്ദേഹത്തിൻറെ അമ്മയ്ക്കാണ് അടുക്കള ദോഷം ഉണ്ടായത്.ദോഷം ഉണ്ടാക്കിയ നമ്പൂതിരിക്ക് മുന്നിൽ,വടക്കുന്നാഥ ക്ഷേത്ര കൂത്തമ്പലത്തിൽ ചാക്യാർക്ക് കൂത്ത് ചൊല്ലേണ്ടി വന്നു.

പൈങ്കുളം രാമചാക്യാരാണ് കൂത്തിനെ  ക്ഷേത്ര മതിൽക്കകത്തു നിന്ന് പുറത്ത് എത്തിച്ചത്.കൊട്ടാരക്കരയ്ക്കടുത്ത് ഒരു നമ്പൂതിരി ഇല്ലത്തിൽ 1949 ൽ അദ്ദേഹം കൂത്ത് അവതരിപ്പിച്ചു.എന്നിട്ടും കലാമണ്ഡലത്തിൽ കൂടിയാട്ടം പഠിപ്പിക്കാൻ പല തവണ വള്ളത്തോൾ നിർബന്ധിച്ചിട്ടും ചാക്യാർ മടിച്ചു.വള്ളത്തോൾ മരിച്ച ശേഷമാണ്,അത് നടന്നത്.പല ജാതിയിൽ പെട്ടവരെ പൊതു സ്ഥലത്ത് പഠിപ്പിക്കുന്നതിന് എതിരെ യാഥാസ്ഥിതികർ മിഴാവ് കൊട്ടി.കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം തുടങ്ങിയപ്പോൾ മിഴാവിൽ ചാക്യാരെ സഹായിക്കാൻ മാണി മാധവ ചാക്യാരുടെ മകൻ നാരായണൻ നമ്പ്യാരെത്തി.രാമ ചാക്യാരുടെ മരുമകളുടെ മകൻ ചെറിയ രാമ ചാക്യാർ,അമ്മങ്കോട് ശിവൻ നമ്പൂതിരി,രുഗ്മിണി നങ്യാരും അധ്യാപകരായി.ചാക്യാർ സമുദായത്തിന് പുറത്തു നിന്ന് ആദ്യമായി കൂത്ത് പഠിച്ചയാൾ ആയിരുന്നു,ശിവൻ നമ്പൂതിരി.പല ചാക്യാർമാരും നമ്പൂതിരിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനും ഭ്രഷ്ട് കൽപിച്ചു.ഇരിങ്ങാലക്കുട കൂടൽ മാണിക്യ കൂത്തമ്പലത്തിൻറെ ഉയർന്ന തറയിൽ ബ്രാഹ്മണരെ ഇരിക്കാവൂ എന്ന വ്യവസ്ഥ നീങ്ങിയത്,ഒന്നാം കൂടിയാട്ട മഹോത്സവം വന്നപ്പോഴാണ്.

സർദാർ കെ എം പണിക്കർ 1956 ൽ ആദ്യ സാഹിത്യ അക്കാദമി പ്രസിഡൻറ് ആയപ്പോൾ,അക്കാദമിയിൽ നടത്തിയ കൂടിയാട്ടത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മിഴാവ് കൊണ്ട് പോയി,ക്ഷേത്ര മതിൽക്കകത്തു നിന്ന് അത് പുറത്തേക്ക് കൊണ്ട് പോയി,തിരിച്ചെത്തിയപ്പോൾ നടത്തിയ ശുദ്ധി പുണ്യാഹത്തിന് തുക അക്കാദമി മുൻ‌കൂർ കെട്ടി വച്ചു.

ഇരിങ്ങാലക്കുട കൂത്തമ്പലത്തിൽ അമ്മന്നൂർ ചാക്യാന്മാർക്ക് മാത്രമേ അഭിനയ അനുവാദമുള്ളൂ;ഇരിങ്ങാലക്കുട,തൃശൂർ ഗുരുകുലങ്ങളിൽ മറ്റ് സമുദായക്കാർക്ക് ഇപ്പോഴും പ്രവേശനം ഉണ്ടെന്ന് തോന്നുന്നില്ല.മധു എന്നൊരു വിദ്യാർത്ഥി കൂടിയാട്ട പഠനം അയിത്തം കാരണം ഉപേക്ഷിച്ചതായി വായിച്ചത് ഓർക്കുന്നു.മൂഴിക്കുളം,കിടങ്ങൂർ കൂത്തമ്പലങ്ങളിലും തഥൈവ.ഇത്തരം അയിത്തങ്ങൾ നിലനിൽക്കെയാണ്,വലിയ ക്ഷേത്രങ്ങളിൽ ആചാരങ്ങൾ മാറ്റാൻ തുനിയുന്നത്.'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്ന് ചോദിച്ചത്,കുഞ്ചൻ നമ്പ്യാരാണ്.

നടിക്കാൻ ജനിച്ചവൻ

പ്രളയകാലത്തെ മൺവണ്ടി 3

മലയാള നാടകത്തെ സമൃദ്ധമാക്കിയ കൂടിയാട്ട കുലപതികളുടെ ജീവിതത്തിൽ നിന്ന് ചില മിന്നായങ്ങൾ 

ഒന്ന് 

'ശ്ചര്യ ചൂഡാമണി'എഴുതിയ ശക്തി ഭദ്രൻ,പത്തനം തിട്ട കുന്നത്തൂർ കൊടുമൺ ചെന്നീർക്കര സ്വരൂപമെന്ന നമ്പൂതിരി കുടുംബത്തിൽപെട്ട ആളായിരുന്നുവെന്നും അത് ചെങ്ങന്നൂർ ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നുമാണ് വിശ്വാസം.പരശുരാമൻ സ്ഥാപിച്ചതായി പറയുന്ന 64 ഗ്രാമത്തിൽ ഒടുവിലത്തേതാണ് ചെങ്ങന്നൂർ.അതിന് തെക്ക് നമ്പൂതിരി ഗ്രാമങ്ങൾ ഇല്ല.

കൊടുമണ്ണിലെ ചിലന്തി അമ്പലമായിരുന്നു അങ്ങാടിക്കൽ കേന്ദ്രമായി നാടുവാഴി ആയ ശക്തി ഭദ്രൻറെ പരദേവതാ ക്ഷേത്രം.കൊല്ലം 956 -) മാണ്ടിനിടയ്ക്ക് ( 1781 ) അദ്ദേഹത്തിൻറെ കുടുംബത്തിൽ പെട്ട ശക്തി ഭദ്രരു സാവിത്രി,ശക്തി ഭദ്രരു ശ്രീദേവി എന്നീ അന്തർജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966 ൽ ( 1791 ) വാക്കവഞ്ഞിപുഴ മഠത്തിൽ നിന്ന് ദത്തെടുക്കുകയും ചെയ്‌തുവെന്ന്‌ ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതുന്നു.

ഒരിക്കൽ ചെങ്ങന്നൂരെത്തിയ ശങ്കരാചാര്യരെ ശക്തി ഭദ്രൻ,'ആശ്ചര്യ ചൂഡാമണി' നാടകം വായിച്ചു കേൾപ്പിച്ചു.മൗന വ്രതത്തിൽ ആയിരുന്ന ശങ്കരാചാര്യർ പ്രതികരിച്ചില്ല.നിരാശനായ ശക്തി ഭദ്രൻ,നാടകം തീയിട്ടു.പിന്നൊരിക്കൽ ആ നാടകത്തെപ്പറ്റി ശങ്കരൻ ചോദിച്ചപ്പോൾ,കത്തിച്ചു കളഞ്ഞതായി ശക്തി ഭദ്രൻ ബോധിപ്പിച്ചു.നാടകത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:

ത്രിഭുവന പുരസ്യാ രാവണ: പുരവജസ്ചേ -
ദസുലഭ ഇതിനൂനം വിശ്രമ: കാർമുകസ്യ 
രജനിചര നിബദ്ധം പ്രായശോ വൈരമേതദ് 
ഭവതു ഭുവന ഭൂത്യയ് ഭൂരിരക്ഷോ വധേന 

ഇതോർമിച്ച് ,'നിൻറെ ഭുവന ഭൂതി എവിടെ?' എന്ന് ശങ്കരൻ ചോദിച്ചു.നാടകം മുഴുവൻ ഓർമയിൽ നിന്ന് ശങ്കരൻ പറഞ്ഞു കൊടുത്തു;ശക്തി ഭദ്രൻ എഴുതി എടുത്തു.
ശങ്കരാചാര്യർ 
'ആശ്ചര്യ ചൂഡാമണി',ഭാസൻറെ 'പ്രതിമാ നാടകം','അഭിഷേക നാടകം' എന്നിവയിലെ അങ്കങ്ങൾ ചേർത്ത്,21 അങ്കങ്ങളിലായി,'രാമായണ നാടകം' കൂടിയാട്ടത്തിൽ,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ചിരുന്നു. ഇതിന് ചാക്യാന്മാർ ഒരു വർഷം എടുക്കും.നടന്മാർക്ക് 3500 പഴയ പണവും ചെലവും രാജാവും പ്രഭുക്കളും കൊടുക്കും.നടത്തിപ്പുകാർ ബ്രാഹ്മണർ എങ്കിൽ,1500 പണവും ചെലവും മതി.ചെന്നൈ അടയാറിൽ നിന്ന് 'ആശ്ചര്യ ചൂഡാമണി' കണ്ടെടുത്ത കുപ്പു സ്വാമി ശാസ്ത്രി പറഞ്ഞത്,പ്രതിമാ,അഭിഷേക നാടകങ്ങൾ ഭാസന്റേത് അല്ലെന്നും അവ ശക്തി ഭദ്രന്റേത് ആയിരിക്കാം എന്നുമാണ്.കേരള സർവകലാശാല ഹസ്ത ലിഖിത ഗ്രന്ഥ ശേഖരത്തിൽ ഇവ മൂന്നും തുടർച്ചയായി പകർത്തിയ ഇരുപത്തഞ്ചോളം മാതൃകകളുണ്ട്.

'ആശ്ചര്യ ചൂഡാമണി' എഴുതിയത് മലയാളിയാണെന്ന് പറയുന്നത്  അതിൻറെ പ്രസ്താവനയിലാണ്:

ഭാരദ്വാജ ഗ്രാമവാസീ കുമാരില മതാനുഗ:
വിപ്ര:കശ്ചിത് ശക്തി ഭദ്ര കൃതം വ്യാകൃത നാടകം 

കുമാരില ഭട്ടൻറെ മീമാംസാ പദ്ധതിയിൽ വിശ്വസിച്ചിരുന്ന മലയാളി ബ്രാഹ്മണൻ,ശക്തി ഭദ്രൻ.ശങ്കരാചാര്യരും കുമാരില ഭട്ടനും സംവാദം നടത്തിയ കഥയുണ്ട്.

തെക്ക് നിന്ന് ഒരു നാടകം ഉണ്ടാകുന്നത്,മണ്ണിൽ നിന്ന് എണ്ണ വരും പോലെയാണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.ഭാസ നാടകങ്ങൾ കണ്ടെടുക്കും വരെ ഇതാണ് കേരളത്തിൽ നിന്നുള്ള ആദ്യ സംസ്‌കൃത നാടകം എന്ന് കരുതിയിരുന്നു .അതിന് മുൻപ് തെക്കേ ഇന്ത്യയിൽ നിന്നുണ്ടായത്,മഹേന്ദ്ര വിക്രമ പല്ലവൻറെ 'മത്ത വിലാസ'വും ബോധായനൻറെ 'ഭഗവദജ്ജുക'വും -രണ്ടും പ്രഹസനം.പിൽക്കാലത്ത്,'തപതീ സംവരണം','സുഭദ്രാ ധനഞ്ജയം' നാടകങ്ങൾ എഴുതിയ കേരള ചക്രവർത്തി കുലശേഖര വർമൻ,'ആശ്ചര്യ ചൂഡാമണി' പരാമർശിച്ചില്ല.ശക്തി ഭദ്രനോടുള്ള പുച്ഛം,മറവി ഒക്കെയാകാം.15 നൂറ്റാണ്ടിൽ അജ്ഞാത മലയാളി എഴുതിയ 'അഭിജ്ഞാന ശകുന്തള ചർച്ച' എന്ന വിമർശനത്തിൽ,ശക്തി ഭദ്രൻ എന്ന പേരില്ലാതെ,നാടകത്തെ പരാമർശിക്കുന്ന തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥ വരിയിൽ,195 നമ്പറായി 'ശാകുന്തള ചർച്ച'യുണ്ട്.
'നടാങ്കുശം' എഴുതിയ അജ്ഞാത മലയാളിൽ ശക്തി ഭദ്രനെ പരാമർശിക്കുന്നു:

അസ്മാകം പ്രബന്ധകൃദപി മഹാനേവ 
യത് കൃതം നാടകം ചൂഡാമണിശ് ചൂഡാമണി:സതാം 
സകസ്യൈവ ന മാന്യോയം ശക്തിഭദ്രോ മഹാകവി

കൂടിയാട്ട സമ്പ്രദായത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ,പ്രധാനമാണ്,'ആശ്ചര്യ ചൂഡാമണി'.പർണ ശാലാങ്കo,ശൂർപ്പണഖാങ്കം,മായാസീതാങ്കം,ജടായു വധാങ്കം,അശോക വനികാങ്കം,അംഗുലീയാങ്കം എന്നിവ അങ്കങ്ങൾ.ഏഴാം അങ്കത്തിന് പേരില്ല.ഓരോ അങ്കവും ആറോ ഏഴോ ദിവസം എടുക്കും,അവതരണത്തിൽ.
ചാക്യാന്മാർ 'ശൂർപ്പണഖാങ്കം' അവതരിപ്പിക്കുമ്പോൾ,മൂക്കും മുലയും അരിഞ്ഞ് ആന്ത്ര മാലയും കെട്ടി നിണവും അണിഞ്ഞ്,തെള്ളിയും പന്തവുമായി,കൂത്തമ്പലത്തിൻറെ ഒരറ്റത്ത് നിന്ന് അരങ്ങിലേക്ക് പ്രവേശിക്കണം എന്നാണ് ആട്ട പ്രകാരം.ഇത് ശക്തി ഭദ്രൻറെ നാടകത്തിൽ നിന്നുള്ള വ്യതിയാനമാണെന്ന് 'നാടാങ്കുശ' കർത്താവ് പറയുന്നു.മുല, ശക്തി ഭദ്രൻ പറഞ്ഞില്ല.ചെവിയും മൂക്കും അരിഞ്ഞാൽ മതി:" ന്യസ്തമസ്ത്രം നിശാചര്യം കഴഞ്ചിൽ കർണ നാസികേ".

ശക്തി ഭദ്രൻ എന്ന പേര് സൂത്രധാരൻ പറയുന്നതാണ്.ശങ്കരൻ എന്നും രാമഭദ്രൻ എന്നും പാഠ ഭേദമുണ്ട്.'ഉന്മാദ വാസവദത്തം' ശക്തി ഭദ്രൻ എഴുതിയതായി സൂത്രധാരൻ പറയുന്നു;കിട്ടിയിട്ടില്ല.

ഗംഭീരമായ നാടക മാറ്റമാണ്,'സീതാപഹരണത്തി'ലുള്ളത്.രാവണൻ സീതയെ അപഹരിക്കുന്നത്,രാമൻറെ രൂപത്തിലാണ്.സീതയ്ക്ക് തോന്നാതിരിക്കാൻ,സൂതൻ ലക്ഷ്‌മണ വേഷം ധരിക്കുന്നു.ഭരതന് ശത്രു ഭീഷണി ഉണ്ടായതിനാൽ വേഗം അയോധ്യയ്ക്ക് പോകണം എന്ന് പറഞ്ഞാണ്,സീതയെ രഥത്തിൽ കയറ്റുന്നത്.ശൂർപ്പണഖ,യഥാർത്ഥ രാമനെ വഴിയിൽ തടഞ്ഞ്,രാവണന് സീതാപഹരണം എളുപ്പമാക്കാൻ,സീതയുടെ രൂപം സ്വീകരിക്കുന്നു.യഥാർത്ഥ സീതയും രാമ രൂപിയായ രാവണനും മുകളിൽ വിമാനത്തിൽ.യഥാർത്ഥ രാമനും സീതാ രൂപ ശൂർപ്പണഖയും ഭൂമിയിൽ.
ജടായു വധം 
കൂടിയാട്ടം,സംസ്‌കൃത നാടകാഭിനയമാണ്.അതിൻറെ ക്രമവും വിധിയുമുള്ള 'ക്രമ ദീപിക','ആട്ട പ്രകാരം' എന്നിവയിൽ,'ആശ്ചര്യ ചൂഡാമണി'യുണ്ട്.ഇതിലെ ശൂർപ്പണഖാങ്കം ,അംഗുലീയാങ്കം,അശോക വനികാങ്കം എന്നിവ കൂടിയാട്ടത്തിൽ ഒഴിച്ച് കൂടാനാവില്ല.

ഭാസൻറെ രൂപകങ്ങളിൽ പ്രധാനപ്പെട്ട,ഉദയന രാജാവിൻറെ കഥയായ 'പ്രതിജ്ഞാ യൗഗന്ധ രായണം' ,മുഴുവനായി കൂടിയാട്ടത്തിൽ അഭിനയിച്ചു വന്നിരുന്നു.ഇന്ന് അതിൻറെ മൂന്നാമങ്കം മാത്രമാണ് അഭിനയിക്കുന്നത് -മന്ത്രാങ്കം.മന്ത്രം അഥവാ കാര്യാലോചന വർണിക്കുന്നതിനാൽ,മന്ത്രാങ്കം.
യൗഗന്ധ രായണൻ,വാസന്തകൻ,രുമണ്വാൻ,വിഷ്‌ണു ത്രാതൻ എന്നീ മന്ത്രിമാരുടെ സഹായത്തോടെ,രാജ്യം ഭരിച്ച വത്സ രാജാവ്,ഉദയനൻറെ പക്കൽ സർപ്പ രാജാവ് നൽകിയ നാലു രത്നങ്ങൾ -നീല കുവലയം ആന,സുന്ദര പാടലം കുതിര,ഘോഷവതി വീണ,അഗുണം മാല.ഉജ്ജയിനി രാജാവ് മഹാ സേനൻ,മകൾ വാസവ ദത്തയ്ക്ക് ഉദയനനെ ആലോചിക്കാൻ മന്ത്രിമാരായ ഭരത രോഹൻ,ശാലങ്കായൻ എന്നിവരെ അയച്ചു.വാസവ ദത്തയുടെ ജാതക ദോഷം പറഞ്ഞ് നിരാകരിച്ചു.ഉദയനനെ വശത്താക്കാൻ മഹാസേനൻ ഉറച്ചു.

ഒരു നാൾ പുരാണ പാരായണം കേൾക്കെ,അഭിമന്യു വധം കേട്ട് ബോധം കെട്ടു.പരിചരണം കിട്ടാതെ,നീല കുവലയം ചങ്ങല പൊട്ടിച്ചോടി.ബോധം തെളിഞ്ഞ ഉദയനൻ,ഭരണം യൗഗന്ധ രായണനെ ഏൽപിച്ച് ആനയെ തേടിയിറങ്ങി.ഗജ വനത്തിൽ ആനപ്പുറത്തായ ഉദയനനെ പിടിക്കാൻ മഹാ സേനൻ സൂത്രം പ്രയോഗിച്ചു.നീല കുവലയ ഛായയിൽ മണ്ണ് കൊണ്ട് അനായേ ഉണ്ടാക്കി അതിനകത്തും സമീപ ദേശത്തും ആയുധ ധാരികളെ ഇരുത്തി.ആ കൃത്രിമ ജീവിക്ക് പുറത്തു കയറി വീണ വായിച്ച ഉദയനനെ ആനയ്ക്കുള്ളിലെ ഭടന്മാർ തളച്ച് തടവിലാക്കി.വിഷ്‌ണു ത്രാതൻ ആത്മഹത്യ ചെയ്‌തു.വസന്തകൻ തപസ്സ് അനുഷ്ഠിച്ചു.രുമണ്വാൻ തലസ്ഥാനമായ കൗശo ബിയിലേക്ക് പോയി.യൗഗന്ധ രായണൻ,വ്യാസന്റെ ഉപദേശ പ്രകാരം,ഉന്മത്തകൻറെ വേഷമിട്ടു.രുമണ്വാൻ,ശ്രമണകന്റെയും,വസന്തകൻ ഡിണ്ടികൻറെയും.മൂവരും ഉദയനനെ രക്ഷിക്കാൻ നടത്തുന്ന ആലോചനയാണ്,നാടകം.ബൃഹസ്പതിയുടെ ആത്മോദയ നീതിയോ ശുക്രാചാര്യരുടെ പരജ്യാനി നീതിയോ എന്നാലോചിച്ച്,ആത്മോദയം നടപ്പാക്കാൻ തീരുമാനിക്കുന്നു.അഭേദോക്തി സമയം നല്ലത് -അതിൽ പ്രച്ഛന്ന ബാർഹസ്പത്യം നടപ്പാക്കാം.വേഷ പ്രച്ഛന്ന ഭടന്മാർ ഉജ്ജയിനിയിൽ പോയി കാര്യമറിഞ്ഞ്  വന്ന ശേഷം,നേരം പ്രഭാതമാകയാൽ.കാര്യാലോചന തൽക്കാലം നിര്ത്തുന്നു.

'മന്ത്രാങ്കം',ചാക്യാരുടെ വലിയ പരീക്ഷണമാണ്.വേണ്ടവിധം പറയാറായാൽ,വേറെ വിദൂഷക ഭാഗമൊന്നും വേണ്ട.പെരുവനം മഹാ ക്ഷേത്രത്തിൽ,കുട്ടഞ്ചേരി,മാണി,മേക്കാട് ചാക്യാർ കുടുംബങ്ങൾ വർഷങ്ങളായി 'മന്ത്രാങ്കം' നടത്തുന്നു.

നാളികേര കദളീ ഗുളമിശ്രാ -
ണ്യദ്‌ഭുതാനി ഘൃത ഭാര്ജനഭാജി 
മോദകാനി രസവന്തി ബൃഹന്തി 
പ്രീണിതാഖില ജഗന്തി ജയന്തി 

എന്ന ശ്ലോകത്തിൻറെ അർത്ഥം,നാളികേരം,കദളിപ്പഴം,ശർക്കര മുതലായവ വാട്ടിയ ഇലയിൽ വച്ച് വെള്ളം കടക്കാതെ മടക്കി വേവിച്ച് ഇല പൊളിച്ച് നെയ്യിൽ മൂപ്പിച്ച വലിയ അട എല്ലാവരെയും രസിപ്പിക്കുന്നു എന്നാണ്.കൂടിയാട്ടത്തിൽ മുദ്ര കാട്ടുന്നത്,നാല് മന്ത്രിമാർക്കൊപ്പം ഉദയനൻ ഐശ്വര്യത്തോടെ കഴിയുന്നു എന്നും.ഈ ഡയലക്റ്റിക്സ് അറിഞ്ഞാൽ സംഗതി ഉഷാറാവും.

പെരുവനത്തിന് പുറമെ,തളിപ്പറമ്പ്,അവിട്ടത്തുർ,അന്നമ നട തുടങ്ങിയ ക്ഷേത്രങ്ങളിലും ആണ്ടു തോറും 'മന്ത്രാങ്കം' നടന്നിരുന്നു.ഒരു മണ്ഡലം അഥവാ 41 ദിവസം കൊണ്ടാണ് ആട്ടപ്രകാരം അനുസരിച്ച്,ഇത് പൂർത്തിയാവുക.കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കിടങ്ങുർ ചാക്യാർമാർ നടത്തുന്നതിന് മാറ്റമുണ്ട്.

രംഗത്ത് ആടാനും ചൊല്ലാനും വാക്യങ്ങൾ കുറവായ കഥാപാത്രങ്ങളെ കൂടിയാട്ടത്തിൽ പ്രവേശിപ്പിക്കില്ല.ആ ഭാഗം മൂടിച്ചൊല്ലും അല്ലെങ്കിൽ കിംബ്ര വീഷിയായി നടത്തും.കിംബ്ര വീഷി എന്നാൽ,സൂത്ര വഴി.വസന്തകൻറെ ഡിണ്ടികനും യൗഗന്ധരായണൻറെ ഭ്രാന്തനും തമ്മിലുള്ള സംഭാഷണം മുഴുവൻ വിഡ്ഢിത്തമാണ് -അസംബന്ധ നാടകം !മൊത്തത്തിൽ ഈ കൂടിയാട്ടത്തിൽ ദൃഷ്ടാന്ത കഥകളും പേക്കഥകളുമാണ്.പല അർത്ഥ തലങ്ങൾ.ഡിണ്ടികൻ എന്നാൽ പ്രച്ഛന്നൻ.

രണ്ട് 

ചാക്യാർ കുലങ്ങൾ അഞ്ച്.പ്രധാനം മൂന്ന്:അമ്മന്നൂർ -ഇരിങ്ങാലക്കുടയും മൂഴിക്കുളത്തും കിടങ്ങൂരും ശാഖകൾ.കുട്ടഞ്ചേരി ഭവനം:തലപ്പിള്ളി നെല്ലുവായിൽ.മൂന്ന് പൊതിയിൽ ഭവനം.ചൊവ്വരയ്ക്കടുത്ത് വെള്ളാരപ്പിള്ളിയിൽ മൂലം;കോട്ടയത്ത് ശാഖ.

ഈ മൂന്നിനാണ് പ്രധാന ക്ഷേത്രങ്ങളിൽ അവകാശം.കൂടിയാട്ടത്തിലെ പുറപ്പാട്,ഉത്സവകാല കൂത്ത് എന്നിവ.ഓരോ കുലത്തിനും പ്രത്യേക നമ്പ്യാർ ഭവനങ്ങൾ മിഴാവ് കൊട്ടാനുണ്ട്.മൂന്നിന് പുറമെ,രണ്ടെണ്ണം മാണി ഭവനവും പൈങ്കുളം കൊയ്‌പ ഭവനവും.മാണിക്ക് പെരുവനത്തും വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലും അവകാശം.'അമ്മന്നൂർ നാട്യം,പൊതിയിൽ വാക്കു,കുട്ടഞ്ചേരി ഫലിതം' എന്ന് ചൊല്ല്.കുട്ടഞ്ചേരിക്ക് മാത്രം 'ഇട്ട്യാറാണൻ' കഥ പ്രബന്ധം പോലെ പറയാം.മറ്റുള്ളവർക്ക് 'മന്ത്രാങ്ക'ത്തിൽ ആ സന്ദർഭം വരുമ്പോൾ മാത്രം. പൊതിയിൽ ചാക്യാർക്ക്,'ഉദ്യാന പ്രവേശം' ഒറ്റ ദിവസം കൊണ്ട് ആടാം.മറ്റുള്ളവർക്ക് മൂന്ന് ദിവസം.
പറക്കും കൂത്ത് ക്രയിൻ വഴി,2013,തൃശൂർ 
ആദ്യം പറയേണ്ടത് അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരുടെ പേരാണ്.കുഞ്ഞായിരുന്നപ്പോൾ,അച്ഛൻ നമ്പൂതിരി ഓത്ത് ചൊല്ലി നമസ്കരിക്കുമ്പോൾ,''അമ്മന്നൂരിട്ടിയമ്മ നാടായ് വരേണം' എന്ന് ജപിച്ചിരുന്നു.ഇപ്പോൾ ഇല്ലാത്ത 'പറക്കും  കൂത്തി'ൽ,വിദഗ്ദ്ധനായിരുന്നു,ഇട്ടിയമ്മൻ. 1745 ൽ   എൻറെ നാടായ തൃപ്പൂണിത്തുറയിൽ ആയിരുന്നു,അവസാനത്തെ
'പറക്കും കൂത്ത്.'അത് കൂത്തല്ല,കൂടിയാട്ട ഖണ്ഡമാണ്.ഹർഷ ദേവൻറെ 'നാഗാനന്ദ'ത്തിൽ,ഗരുഡൻ ജീമൂത വാഹനനെ മലയ ശിഖരത്തിലേക്ക് കൊത്തിക്കൊണ്ട് പറക്കുന്ന ഖണ്ഡം.അവതരിപ്പിച്ചത്,അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരും മഹാകവി കുഞ്ചൻ നമ്പ്യാരും ചേർന്നായിരുന്നു.കുരീക്കാട്ട് തീപ്പെട്ട രാമവർമ്മ ആറാമന്റെ കാലത്ത്.കുഞ്ചൻ നമ്പ്യാർക്ക് ( 1705 -1770 ) അന്ന് 40 വയസ്സ് .ഇട്ടിയമ്മൻ അത് അവതരിപ്പിച്ചതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്:

മഞ്ചാനത്യാർത്ഥ സമ്പന്നാൽ 
ധ്രുവ നിത്യമ്മനാം നടൻ 
പറന്ന നേരം നഷ്ടാസ്തേ 
നാഗാ: പ്രീതി വരാം യയുഃ ?

'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 .അന്ന് നക്ഷത്രം രേവതി.


കൂടിയാട്ടത്തിലെ ഒരു ഖണ്ഡമാണ്,ഹർഷന്റെ 'നാഗാനന്ദം' നാടകത്തിലെ നാലാമങ്കത്തിൽ ഗരുഡൻ കുന്നിന്മേൽ നിന്ന് പറന്നു വന്ന്,താഴെ ഉറങ്ങുന്ന ജീമൂത വാഹനനെ കൊത്തിയെടുത്ത് വീണ്ടും കുന്നിന്മേലേക്ക് പോകുന്ന രംഗം.ഇതാണ് 'പറക്കും കൂത്ത്'.സാധാരണ കൂടിയാട്ടം അരങ്ങിന് പുറമെ,64 കോൽ ഉയരത്തിൽ ( 44 .88 മീറ്റർ ) മറ്റൊരു അരങ്ങ് കെട്ടി ഉണ്ടാക്കും.ആ ഉയരത്തിലുള്ള അരങ്ങിലും നിലവിളക്കും മിഴാവും നമ്പ്യാരും നങ്യാരും ഉണ്ടാകും.നാടകത്തിലെ കുന്നിൻറെ പ്രതീകമാണ് ഉയരത്തിലെ ഈ അരങ്ങ്.അവിടെയാണ് ഗരുഡ വേഷം ധരിച്ച ചാക്യാരുടെ രംഗ പ്രവേശം.ഗരുഡ വേഷത്തിൽ,കൊക്ക്,ചിറക്,വാല് എന്നിങ്ങനെ 64 സ്ഥാനങ്ങളിൽ നീളവും ഉറപ്പുമുള്ള 1001ചരടുകൾ ബന്ധിച്ചിരിക്കും.ഗരുഡ പ്രവേശവും അനുബന്ധ ക്രിയകളും കഴിഞ്ഞാണ്,പറക്കൽ.താഴെ ജീമൂത വാഹനൻ,ചുവന്ന പട്ടു കൊണ്ട് ശരീരം മൂടി തലയിൽ ചെത്തി മാല ചാർത്തി കിടക്കും.ഗരുഡൻ പറക്കുമ്പോൾ,ശരീരത്തിൽ ബന്ധിച്ച ചരടുകൾ വൈദഗ്ധ്യത്തോടെ,നമ്പ്യാർ,യഥാവസരം അയയ്ക്കുകയും മുറുക്കുകയും ചെയ്യും.ഗരുഡൻ പറന്നു വരുന്നത് കണക്കെ ചാക്യാരെ തട്ടിൽ നിന്ന് താഴേക്ക് എത്തിച്ച്,കൊക്ക് പൊളിപ്പിച്ച് ആളെയെടുപ്പിച്ച് മുകളിലേക്ക് കൊണ്ട് വരും.ചരടുകൾ യഥാ സ്ഥാനത്ത് കെട്ടുന്നതും വേണ്ടവണ്ണം പിടിച്ചു പറപ്പിക്കുന്നതും വിരുത് വേണ്ട കലയാണ്.അയാൾക്ക് പിഴച്ചാൽ,ചാക്യാർ അപകടത്തിലാകും.അങ്ങനെ ചാക്യാർമാർ മരിച്ചിട്ടുണ്ട്:

കുട്ടഞ്ചേരി ചാക്യാര് 
കൊടുങ്ങല്ലൂർ പറന്നനാള് 
തദാ വന്ന തരക്കേട്‌:
തല തൂങ്ങി കിടന്നു പോയ് 

ഗരുഡൻ ചാക്യാർ,വട്ടമിട്ടു പറന്ന് താഴെയുള്ള അരങ്ങിൽ എത്തും.ജീമൂത വാഹനൻറെ തലയിലെ ചെത്തി മാല കൊത്തിയെടുക്കും.വീണ്ടും വട്ടത്തിൽ കറങ്ങി,ഉയരത്തിലെ അരങ്ങിൽ എത്തും.
അഭിനയത്തിൻറെ കൊടുമുടി.ജീവൻ പണയം വച്ചുള്ള നടനം.

ഇത് നേർച്ചയായി നടത്തുമ്പോൾ,നേർന്നയാൾ നായകനായി കിടക്കും.
തൃപ്പൂണിത്തുറ രാജ കുടുംബത്തിലെ പുരുഷന്മാർക്ക് പൂർണത്രയീശ ക്ഷേത്രത്തിൽ ഇടനാഴി വിട്ട് അകത്തേക്ക് കടക്കാൻ ആവില്ല.പറക്കo കൂത്ത് നടക്കുന്ന ദിവസം,അരിയിട്ട് പാട്ട് കഴിച്ചാൽ,ജീവിച്ചിരിക്കുന്നവരും ഗർഭസ്ഥരായവരുമായ പുരുഷന്മാർക്ക് ആയുഷ്‌കാലം സോപാനത്തിൽ കയറി തൊഴാം.ആ ദിവസം രാജാവിന് പണ്ട് പെരുമാക്കന്മാർ ധരിച്ചിരുന്ന കിരീടവും ഉടവാളും ധരിക്കാം.

ഇട്ടിയമ്മൻറെ വാർധക്യത്തിൽ,കുട്ടഞ്ചേരി മൂത്ത ചാക്യാർ ഉണ്ടായി.അന്തർജനങ്ങൾക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരും മക്കളും ചാക്യാർമാരാകും.ഈ കുട്ടഞ്ചേരിച്ചാക്യാർ 28 വയസ്സ് വരെ നമ്പൂതിരി ആയിരുന്നു.ആ പ്രായത്തിൽ മണ്ഡപത്തിൽ ഓത്ത് ഘോഷിച്ചു കൊണ്ടിരിക്കെ,ഒരാളെത്തി,"അമ്മയ്ക്ക് ദോഷമുണ്ട്;താൻ കാലത്തിൽ പെട്ടിരിക്കുന്നു എന്നറിയിച്ചു.അദ്ദേഹം മണ്ഡപത്തിൽ നിന്നിറങ്ങി,"എന്നാലിനി ഓത്തമ്പലത്തിൽ നിന്ന് കൂത്തമ്പലത്തിൽ കാണാം എന്ന് പറഞ്ഞു വിട വാങ്ങി.മനുഷ്യൻറെ ആത്മാവ് നീറുമല്ലോ -അദ്ദേഹം വാഗ്മിയും വല്ലഭനുമായി.

മൂത്ത ചാക്യാർ ഒരിക്കൽ പാദുക പട്ടാഭിഷേകം കഥ പറയുമ്പോൾ,കൂത്ത് കേൾക്കാൻ,അമ്മയ്ക്ക് ദോഷം വരുത്തിയ നമ്പൂതിരി സദസ്സിൽ;താൻ ഭരതനും നമ്പൂതിരി ശ്രീരാമനുമായി സങ്കൽപിച്ച്,ചാക്യാർ നമ്പൂതിരിക്ക് അടുത്തെത്തി പറഞ്ഞു:
"ജ്യേഷ്ഠ ! എനിക്ക് മാപ്പ് തരണേ ! ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല;എല്ലാം എൻറെ അമ്മയുടെ ദോഷമാണ്;അത് ഞാൻ ഇല്ലാത്തപ്പോൾ ചെയ്‌തതുമാണ്".

മികച്ച ഫലിതം കണ്ണീരിൽ കുതിരും.

മരണം എന്നർത്ഥമുള്ള 'ചാക്ക്' എന്ന വാക്കിൽ നിന്നാണ് ചാക്കിയാർ ഉണ്ടായത് എന്ന് പറയുന്നത് വെറുതെയല്ല.കൂത്തമ്പലത്തിൽ അയാൾ പ്രജാപതിയാണ്.തറയിൽ ഇരിക്കുന്ന ബ്രാഹ്മണർക്കിടയിൽ,ഇരിക്കാൻ പീഠമുള്ള ഒരേ ഒരാൾ.

കൂടിയാട്ടം പുനരുദ്ധരിച്ച കുലശേഖര പെരുമാൾ സദസ്സിലെ തോലൻ വിലക്കിയതിനാൽ,നായരെ കണ്ടാൽ,ചാക്യാർ കളിയാക്കുക പതിവില്ലായിരുന്നു.ബ്രാഹ്മണനും ക്ഷത്രിയനും അമ്പല വാസിയും ആയിരുന്നു,ഇര.നായരെ ഭരിച്ചത് നായർ തന്നെ എന്നതായിരുന്നു,കാരണം.ആദ്യമായി നായരെയും കൂട്ടിപ്പിടിച്ചത് പരമേശ്വര ചാക്യാരാണ്.അദ്ദേഹം താടകയുടെ ഉപജീവന മാർഗം വിവരിച്ചപ്പോൾ,പാറപ്പുറത്ത് നമ്പൂതിരിയും ഒരു നായർ സ്ത്രീയും തല കുനിച്ച് കൂത്തമ്പലത്തിൽ നിന്നിറങ്ങി.

ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രീകളിൽ ജനിച്ച സൂതന്മാർ ചിലർ കേരളത്തിൽ വന്നാണ് ചാക്യാർ കുലം ഉണ്ടായത് എന്നാണ് വിശ്വാസം.കേരള വരേണ്യർക്ക് വ്യഭിചാര ദോഷം ഉണ്ടായാൽ,അവരെയും ഇതിൽ ചേർത്തു.അവരാണ് നാടകങ്ങളിൽ അഭിനയിക്കേണ്ടത് എന്ന് വ്യവസ്ഥ ചെയ്‌തു.-1803 കൊച്ചി കാനേഷുമാരി രേഖ.'കൊച്ചിയിലെ ജാതിയും മതങ്ങളും' എന്ന എൽ കെ അനന്ത കൃഷ്ണയ്യരുടെ പുസ്തകത്തിലും ഇത് പറയുന്നു.അതിനാൽ കൂത്തും കൂടിയാട്ടവും അനാചാരമാണെന്ന് ഗുണ്ടർട്ട് വിലയിരുത്തി !
ബുദ്ധ മതാനുയായി എന്നർത്ഥമുള്ള ശാക്യൻ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് വാദമുണ്ട്;ബുദ്ധ മതത്തിൽ നിന്ന്,വൈദിക മതത്തിലേക്കുള്ള മാറ്റം.യാത്ര കളിയുടെ ആര്യവൽക്കരണമാണ് കൂടിയാട്ടത്തിൽ കലാശിച്ചത് എന്നും നിഗമനമുണ്ട്.

കുലശേഖരൻ കൊണ്ട് വന്ന പരിഷ്‌കാരങ്ങൾ:

  • വിദൂഷകനും മറ്റ് ചില പാത്രങ്ങളും പ്രാകൃത സംസ്‌കൃതത്തിൽ അല്ലാതെ മലയാളത്തിൽ സംസാരിച്ച്,സംസ്‌കൃതം അറിയാത്തവർക്ക് കൂടി സംസ്‌കൃത നാടകാഭിനയം മനസിലാക്കി കൊടുക്കണം.
  • നാടകത്തിന്റെ ഏത് പ്രധാന അംഗത്തിനും അവതാരികാ രൂപേണ നാന്ദി വേണം.
  • നായകനും മറ്റു പാത്രങ്ങളും പറയുന്ന സംസ്‌കൃത വാക്കുകൾക്ക് ഉത്തരമായി,യോജിച്ച മണിപ്രവാള ശ്ലോകങ്ങൾ ചൊല്ലണം.ഇതിന് പ്രതിശ്ലോകം എന്ന് പറയും.
ഉദാഹരണം:
ശ്ലോകം:
സൗന്ദര്യം സുകുമാരതാ മധുരതാ 
കാന്തിര മനോഹാരിതാ 
ശ്രീമത്താ മഹിമേതി സർഗ്ഗ വിഭവാൻ 
നിശ്ശേഷ നാരീ ഗുണാൻ 
ഏതസ്യാമുപയുജ്യ ദുർവിതയാ 
ദീന: പരാം പത്മഭൂ -
സ്രഷ്ടും വാഞ്ചതി ചേൽ കമോതു പുനര -
പ്യത്രൈവ ഭിക്ഷാടനം/  ( ധനഞ്ജയം )
പ്രതിശ്ലോകം 
വായ്നാറ്റം കവർനാറ്റമീറ പൊടിയും
ഭാവം കൊടും ക്രൂരമാം
വാക്കും നോക്കുമിതാദി സർഗ്ഗ വിഭവാൻ
നിശ്ശേഷ ചക്കീ ഗുണാൻ
ഇച്ചക്യാം ഉപയുജ്യ  പത്മജനഹോ!
ചക്യാണ ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വ -
ന്നെല്ലാമിരന്നീടണം.

  • നായകനും മറ്റു പാത്രങ്ങളും അവർ ചൊല്ലുന്ന ശ്ലോകത്തിൻറെ അർത്ഥം സൂചിപ്പിക്കുന്ന സ്വരത്തിലും രീതിയിലും ഉച്ചരിക്കണം.ഓരോ പദവുമെടുത്ത്,അഭിനയം,സ്തോഭം,ഹസ്തമുദ്ര എന്നിവ വഴി അർത്ഥം വിശദീകരിക്കണം.
ഇതൊക്കെ പറഞ്ഞ് എഴുതിയതാണ്,'ക്രമ ദീപിക'യും ആട്ട പ്രകാരവും.
മെക്കയിലേക്കോ സ്വർഗ്ഗത്തേക്കോ പോയ അവസാന പെരുമാളാണ്,വിദൂഷകന് പ്രാധാന്യം നൽകിയത് .പണ്ഡിതർ മാത്രമല്ല,ജനം മുഴുവൻ രസിക്കണമെന്ന് അദ്ദേഹം കരുതി.
\കൂത്തമ്പലം 
തച്ചു ശാസ്ത്രം അനുസരിച്ചാണ് കൂത്തമ്പലം.സദസ്യർക്ക് ഒരു തറ.അഭിനയത്തിന് അൽപം ഉയർന്ന തറ-രംഗം.അതിന് പിന്നിൽ അണിയറ.രംഗത്തെ മൂന്നായി തിരിച്ചു:അഭിനയ സ്ഥാനം,മൃദംഗ പദം ( മിഴാവ് / വാദ്യ സ്ഥാനം ),നേപഥ്യo ( അണിയറ ).മിഴാവ് കൊട്ടുന്നത് നമ്പ്യാർ,അതിന് വലത്ത്,കുറച്ചു മുൻപിൽ വിരിച്ച മുണ്ടിൽ ഇരുന്ന് കുഴിത്താളം കൊണ്ട് കൊട്ടിന് അനുസരിച്ച് താളം പിടിക്കുന്നു നങ്യാർ.
ചാക്യാർ അണിയറയിലിരുന്ന് കാൽ കഴുകി,ആചമിച്ച് തലയിൽ ചുവപ്പ് തുണി കെട്ടും.മുഖത്ത് നെയ്യ് തേച്ച് അരി,മഞ്ഞൾ,കരി എന്നിവ കൊണ്ട് മുഖമണിഞ്ഞ്,ഒരു കാതിൽ കുണ്ഡലമിട്ട്,മറ്റേതിൽ വെറ്റില തെറുത്ത് തിരുകി ചെത്തിപ്പൂ തൂക്കി,വസ്ത്രം ( മാറ്റ് ) ഞൊറിഞ്ഞുടുത്ത്,വസ്ത്രം കൊണ്ട് ആസനം പിന്നിൽ വച്ച് കെട്ടി,കൈയിൽ കടകം,അരയിൽ കടി സൂത്രം,തലയിൽ കുടുമ്മ,ചുവപ്പ് തുണി,പീലിപ്പട്ടം,വാസുകീയം എന്നിവ ധരിച്ച് രംഗ പ്രവേശത്തിന് ഒരുങ്ങും.മിഴാവ് ഒച്ചപ്പെടുത്തിയാൽ,രംഗ പ്രവേശം.

മൂന്ന് 

പാളയും പട്ടും ചെത്തിപ്പൂവുമുണ്ടെങ്കിൽ,കൂടിയാട്ടത്തിൽ മറ്റ് അണിയലം ഒന്നും വേണ്ട എന്ന് പറയും.ചെത്തി കിട്ടാതെ പട്ടു നൂലിട്ടിട്ടുണ്ട്.'ആടാ ചാക്യാർക്ക് അണിയലം മുഖ്യം' എന്നും 'ആടും ചാക്യാർക്ക് അണിയലം വേണ്ട' എന്നും പറയും.പണ്ടൊരു പീറ ചാക്യാർ,പ്രഗത്ഭനോട് അണിയലം ചോദിച്ചു.ഉള്ളതിൽ നല്ലതു തന്നെ തരാം എന്ന് പറഞ്ഞപ്പോൾ,അയാൾ,കഴിവാണ് മുഖ്യം എന്ന് പിടി കിട്ടി സ്ഥലം വിട്ടു.

അമ്മന്നൂർ മാധവ ചാക്യാരുടെ അരങ്ങേറ്റം 1928 ൽ പരദേവത കുടി കൊള്ളുന്ന തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ.
പ്രതിഭാ ശാലി ചാച്ചു ചാക്യാരാണ്,മരുമകൻ അമ്മന്നൂർ മാധവ ചാക്യാർക്ക്,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ,'ജടായു വധ'ത്തിലെ സൂത വേഷത്തിന് മുഖത്തെഴുത്ത് നിശ്ചയിച്ചത്.11 വയസിൽ തലയിൽ ചുവപ്പ് തുണിയും പീലിപ്പട്ടവും കെട്ടി,കണ്ണും പുരികവും എഴുതി,ചുണ്ട് ചുവപ്പിച്ച്,മുഖത്ത് നെയ് തേച്ച് നെറ്റിയിൽ പൊട്ടിട്ട് അദ്ദേഹം സൂത വേഷത്തിൽ ഷഷ്ടി പൂർത്തിക്ക് ശേഷമാണ്, ക്ഷേത്രതിന് പുറത്ത് വന്നത്.2001 ഒക്ടോബർ 16 ന് പാരിസിലെ യുനെസ്‌കോ വേദിയിൽ 84 വയസിൽ നടത്തിയ പ്രകടനം അഭിനയ പാരമ്യമായി.കൈലാസം കാണുമ്പോൾ,ഉയർച്ചയെ താഴ്ച കൊണ്ട് പെരുപ്പിക്കുന്ന ശരീര ഭാവവും ദൃഷ്ടി മുകളിലേക്ക് ചലിപ്പിച്ച് അനന്തതയെ എത്തിപ്പിടിക്കുന്നതിലെ ഒതുക്കവും കണ്ടു.കൃഷ്ണ മണിക്കാണ് സൗന്ദര്യം എന്ന ധാരണ തിരുത്തി,ശ്വാസ ഗതി നിയന്ത്രിച്ച്,മുഖത്ത് നിറ മാറ്റം വരുത്തി,അദ്ദേഹം.കൊടുങ്ങല്ലൂർ കളരിയിൽ നിന്നായിരുന്നു,ഈ സമ്പാദ്യം.ആരും ഏതു വേഷവും കെട്ടണം എന്ന വ്യവസ്ഥ കൂടിയാട്ടത്തിൽ ഉണ്ട്.അത് ലോക നാടക വേദിക്ക് പാഠമാണ്.

കൂടിയാട്ടം അനുഷ്ഠാനമായി അമ്പലത്തിൽ നിൽക്കണമെന്ന ആചാരം അമ്പതുകളിൽ തന്നെ മാറി.സർദാർ കെ എം പണിക്കർ പ്രസിഡന്റും പി കെ ശിവശങ്കര പിള്ള സെക്രട്ടറിയും ആയിരിക്കെ,സാഹിത്യ അക്കാദമിയിൽ കൂടിയാട്ടം നടന്നു.വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മിഴാവ് കൊണ്ട് വന്നു.ക്ഷേത്ര മതിൽകെട്ടിന് പുറത്ത്  കൊണ്ട് പോയതിന് മിഴാവ് പുണ്യാഹം വഴി ശുദ്ധീകരിച്ചു.അതിന് തുക അക്കാദമി ക്ഷേത്രത്തിൽ ആദ്യമേ കെട്ടി വച്ചു.പിന്നീട് പോളണ്ടുകാരൻ ക്രിസ്തോഫ് ബിർസ്‌കി,മാണി മാധവ ചാക്യാരുടെ ശിഷ്യനായി,'നാഗാനന്ദ'ത്തിൽ ജീമൂത വാഹനൻ ആയി.

മാധവ ചാക്യാർമാർ രണ്ടുണ്ട്:അമ്മന്നൂരും മാണിയും.ലക്കിടിയിൽ താമസിച്ച മാണി,കണ്ണുകളിൽ വായു ഉൾക്കൊണ്ട് അതിൻറെ വലിപ്പം കൂട്ടിയിരുന്നു.ദൃഷ്ടികൾ കൊണ്ട് അക്ഷരങ്ങൾ എഴുതി.

അമ്മന്നൂരിൻറെ രാവണനെപ്പോലെ,കൂടിയാട്ടം അരങ്ങിൽ നിറഞ്ഞ വേഷമാണ്,പൈങ്കുളം രാമ ചാക്യാരുടെ കപാലി.കലാമണ്ഡലത്തിൽ അധ്യാപകൻ ആയിരുന്നു.പൈങ്കുളo രാമ ചാക്യാരെ,ചാച്ചു ചാക്യാർ,ഏഴു കൂടിയാട്ടങ്ങളും 'ദൂത  വാക്യം','രാജ സൂയം' മുതലായ പ്രബന്ധങ്ങളും അശനം മുതലായ പുരുഷാർത്ഥങ്ങളും പഠിപ്പിച്ചു.അഞ്ചു കൊല്ലം മഴക്കാലത്ത് മൂന്നു മാസം ചവിട്ടി ഉഴിച്ചിൽ നടത്തി.രാമ ചാക്യാരാണ് കൂത്തിനെ  ക്ഷേത്ര മതിൽക്കകത്തു നിന്ന് പുറത്ത് എത്തിച്ചത്.കൊട്ടാരക്കരയ്ക്കടുത്ത് ഒരു നമ്പൂതിരി ഇല്ലത്തിൽ 1949 ൽ അദ്ദേഹം കൂത്ത് അവതരിപ്പിച്ചു.എന്നിട്ടും കലാമണ്ഡലത്തിൽ കൂടിയാട്ടം പഠിപ്പിക്കാൻ പല തവണ വള്ളത്തോൾ നിർബന്ധിച്ചിട്ടും ചാക്യാർ മടിച്ചു.വള്ളത്തോൾ മരിച്ച ശേഷമാണ്,അത് നടന്നത്.പല ജാതിയിൽ പെട്ടവരെ പൊതു സ്ഥലത്ത് പഠിപ്പിക്കുന്നതിന് എതിരെ യാഥാസ്ഥിതികർ മിഴാവ് കൊട്ടി.കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം തുടങ്ങിയപ്പോൾ മിഴാവിൽ ചാക്യാരെ സഹായിക്കാൻ മാണി മാധവ ചാക്യാരുടെ മകൻ നാരായണൻ നമ്പ്യാരെത്തി.രാമ ചാക്യാരുടെ മരുമകളുടെ മകൻ ചെറിയ രാമ ചാക്യാർ,അമ്മങ്കോട് ശിവൻ നമ്പൂതിരി,രുഗ്മിണി നങ്യാരും അധ്യാപകരായി.ചാക്യാർ സമുദായത്തിന് പുറത്തു നിന്ന് ആദ്യമായി കൂത്ത് പഠിച്ചയാൾ ആയിരുന്നു,ശിവൻ നമ്പൂതിരി.പല ചാക്യാർമാരും നമ്പൂതിരിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനും ഭ്രഷ്ട് കൽപിച്ചു.ഇരിങ്ങാലക്കുട കൂടൽ മാണിക്യ കൂത്തമ്പലത്തിൻറെ ഉയർന്ന തറയിൽ ബ്രാഹ്മണരെ ഇരിക്കാവൂ എന്ന വ്യവസ്ഥ നീങ്ങിയത്,ഒന്നാം കൂടിയാട്ട മഹോത്സവം വന്നപ്പോഴാണ്.
അമ്മന്നൂർ മാധവ ചാക്യാർ 
\ഇരിങ്ങാലക്കുട അമ്മന്നൂർ മഠത്തിൽ,ചാച്ചു ചാക്യാർ നില നിർത്തിയ കളരിയിലാണ്,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ,പരമേശ്വര ചാക്യാർ എന്നിവർ പഠിച്ചത്.കേരളം ആദരിക്കാതിരുന്ന മാധവ ചാക്യാർക്ക്,62 വയസിൽ 1979 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം കിട്ടി.അന്യ നാട്ടിൽ പോകുന്നത് അരുതായ്‌ക ആണെന്ന് പഠിച്ചിരുന്ന ചാക്യാർ അത് വാങ്ങാൻ പോയി നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞു.ഡൽഹിയിൽ ഒരു നിലവിളക്കും പീഠവും യവനികയും വച്ച് അദ്ദേഹം വിസ്മയം തീർത്തു.-'തോരണ യുദ്ധ'ത്തിലെ രാവണൻ.ഈ രംഗ സാമഗ്രികൾ മുഴുവൻ വച്ചാണ്,ത്രിലോക സംഭവങ്ങൾ ചിത്രീകരിക്കേണ്ടത്.ആ നടൻറെ കണ്ണുകളിലാണ്,പർവ്വതവും ഗുഹയും വൃക്ഷങ്ങളും വെള്ളച്ചാട്ടവും പാറക്കൂട്ടവുമൊക്ക വിരിഞ്ഞത്.'പർവത വർണന'യും 'പാർവതീ വിരഹ'ത്തിൽ പകർന്നാട്ടവും ഉണ്ടായി.

സ്വന്തം നിലയ്ക്ക് ഒരു അണിയലം,അമ്മന്നൂർ ഉണ്ടാക്കി-കഥാ പാത്ര വേഷം ഇല്ലാതെ കൂടിയാട്ടത്തിലെ ഏതു ഭാഗവും അവതരിപ്പിക്കാൻ വേണ്ടി.പൊയ് തകം,മാറ്റ്,ഉത്തരീയം എന്നിവ മാത്രം.കണ്ണും പുരികവും മഷി എഴുതി.ചുണ്ട് ചുവപ്പിച്ചു.മുഖത്ത് അൽപം നെയ്യ്.തലയിൽ ചുവപ്പ് തുണി,പീലിപ്പട്ടം.ഇങ്ങനെ മുഖത്തെ ഭാവ വ്യത്യാസം കാണാം.മനയോല തേച്ചാൽ പറ്റില്ല.നെയ് തേച്ചാൽ ഭാവ മാറ്റം കൂടുതൽ കാണും.നെയ് തേച്ച സൂത്രധാരൻ എന്ന വേഷം തന്നെയുണ്ട്.

ഭാസൻറെ 'അഭിഷേക നാടകം' ഒന്നാം അങ്കമാണ്,'ബാലി വധം' കൂടിയാട്ടം.ശ്രീരാമൻ,ലക്ഷ്മണൻ,സുഗ്രീവൻ,ബാലി,താര,ഹനുമാൻ,അംഗദൻ കഥാപാത്രങ്ങൾ.വടക്കുന്നാഥ ക്ഷേത്രത്തിൽ കാലങ്ങളായി ഇത് അവതരിപ്പിക്കുമ്പോൾ,ബാലിയും സുഗ്രീവനും മാത്രമാണ് രംഗത്ത്.മറ്റിടങ്ങളിൽ താര ഒഴികെയുള്ളവർ ഉണ്ടായിരുന്നു എന്ന് 'ക്രമ ദീപിക'യിൽ കാണാം.1948 ൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ കിടങ്ങുർ രാമ ചാക്യാരും അമ്മന്നൂർ ചാച്ചു ചാക്യാരും നേതൃത്വം നൽകി 'ബാലി വധം'അങ്ങനെയാണ് അവതരിപ്പിച്ചത്.പൈങ്കുളം രാമചാക്യാർ വഴി താര ആദ്യമായി അരങ്ങിൽ എത്തി.സുഗ്രീവൻറെ പൂർവ കഥാ വിവരണത്തിൽ,ബാലിയെ ഭയന്ന സുഗ്രീവൻറെ മനോ വിചാരങ്ങൾ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്ന അഭിനയ ഭാഗവും രാമ ചാക്യാർ ചേർത്തു.ഇത് പിന്നീട് അമ്മന്നൂരും എടുത്തു.'ബാലി വധ'ത്തിൽ 15 മിനിറ്റ് അമ്മന്നൂർ ബാലിയുടെ മരണ രംഗം അഭിനയിക്കുന്നത്,ലോകോത്തര നടന്മാരുടെ ഉള്ളുലയ്ക്കും വിധം ആയിരുന്നു.

അമ്മന്നൂർ കുടുംബത്തിലെ ഒരു ശാഖ ഇരിങ്ങാലക്കുടയിൽ എത്തുന്നത്,1874 ലാണ്.മൂല കുടുംബം പാലക്കാട് കൊപ്പം.അവിടന്ന് മൂഴിക്കുളത്ത്.മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കാലത്ത് ( 1560 -1646 / 1666 )  ജീവിച്ച പരമേശ്വര ചാക്യാർക്ക് ശേഷം ഉണ്ടായ പ്രതിഭയാണ്,ഇട്ടിയമ്മൻ.അദ്ദേഹത്തിൻറെ പ്രശസ്തി കൂടിയപ്പോൾ നാട്യ പണ്ഡിതനായ പരദേശി ബ്രാഹ്മണൻ അദ്ദേഹത്തെ കാണാൻ മൂഴിക്കുളത്ത് എത്തി.രാത്രി ക്ഷേത്രത്തിൽ കഴിഞ്ഞ് രാവിലെ പുഴയിൽ കുളിക്കാൻ എത്തി.കുളി കഴിഞ്ഞ് ജപിക്കുമ്പോൾ,കുളിക്കാൻ എത്തിയ മറ്റെയാളെ പണ്ഡിതൻ ശ്രദ്ധിച്ചില്ല.മറ്റെയാൾ മുങ്ങി പൊങ്ങി ഈറൻ കുടുമ പിഴിഞ്ഞ് പിന്നിലേക്ക് ആക്കിയപ്പോൾ വെള്ളം ശരീരത്തിൽ തെറിച്ചെന്ന് പണ്ഡിതന് തോന്നി.രോഷത്തോടെ നോക്കിയപ്പോൾ കണ്ടത്,മൊട്ട തല.മുടി പിഴിഞ്ഞതും പിന്നിലേക്ക് ആക്കിയതും ഇട്ടിയമ്മൻറെ അഭിനയം ആയിരുന്നു.

പിന്നീട് പ്രശസ്തനായ അമ്മന്നൂർ വലിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും മരുമകനുമായ ചെറിയ പരമേശ്വര ചാക്യാരെപ്പറ്റി പ്രസിദ്ധമായ കഥ:
തിരുവിതാംകൂർ -കൊച്ചി റെസിഡൻറ് കൊല്ലം റെസിഡൻസിയിൽ താമസം.റെസിഡന്റിൻറെ കാവൽ നായ  പ്രസരിപ്പോടെ പുറത്തേക്ക് പോയി,ഉടൻ പിൻ കാലുകളിൽ ഒന്ന് മടക്കി നിലവിളിച്ച് പാഞ്ഞെത്തി.പ്രിയ പട്ടിയെ വേദനിപ്പിച്ച കശ്മലനെ ഹാജരാക്കാൻ റെസിഡൻറ് ഉത്തരവായി.മധ്യ വയസ്‌കനായ വഴി പോക്കനെ ഹാജരാക്കി.തൊഴു കൈയോടെ വിറച്ചു വിറച്ച് അയാൾ കെഞ്ചി.നായയെ എറിഞ്ഞു കാൽ ഒടിച്ചില്ല.കടിക്കാൻ വന്നപ്പോൾ,കരിങ്കൽ തുണ്ടെടുത്തു എറിഞ്ഞതായി നടിച്ചേയുള്ളു.നാട്യ വിദ്യ കൊണ്ട് ജീവിക്കുകയാണ്.

അഭിനയം കണ്ട് നൊന്ത് നായ നിലവിളിക്കുമോ എന്നായി റെസിഡൻറ്.അതൊന്നു കണ്ടാൽ കൊള്ളാം.

വഴി പോക്കൻ,വാനര യൂഥം കല്ലുകളും തടികളും പർവ്വതങ്ങളും മറ്റും ഏറ്റി കൊണ്ട് വന്ന് സേതു ബന്ധനം നടത്തുന്ന രംഗം മനസ്സിൽ കണ്ട് ചില ചുവടുകൾ വച്ചു.റെസിഡൻസിയുടെ മുന്നിൽ കിടന്ന കരിങ്കൽ പലക പൊക്കി എടുത്തു.അയാൾ കൈലാസം പൊക്കുന്ന രാവണൻ ആയി.പർവതത്തെ അയാൾ റെസിഡന്റിന് നേരെ എറിഞ്ഞു.തലയിൽ കൈ വച്ച് ആർത്ത നാദത്തോടെ റെസിഡൻറ് കസേരയോട് കൂടി മറിഞ്ഞു വീണു.

കരിങ്കല്ല് അതിൻറെ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.വഴിപോക്കൻ ചെറിയ പരമേശ്വര ചാക്യാർ.ഉത്രം തിരുനാൾ മാർത്താണ്ഡ വർമയുടെ ( 1814 -1860 ) കഥകളി യോഗത്തിലെ പ്രധാന നടൻ ആയിരുന്ന ഈശ്വര പിള്ള വിചാരിപ്പുകാരുടെ ( 1815 -1874 ) ഗുരു ആയിരുന്നു അദ്ദേഹം.ചെറിയ പരമേശ്വര ചാക്യാരുടെ മുഖ്യ ശിഷ്യൻ കിടങ്ങുർ ചെറു പരിഷ മാധവ ചാക്യാർ ആയിരുന്നു.ഈ ചാക്യാരുടെ മരുമകനാണ്,കിടങ്ങുർ രാമ ചാക്യാർ.കഥയുടെ കാലം അനുസരിച്ചു വില്യം കല്ലൻ ആയിരുന്നിരിക്കാം റെസിഡൻറ്.1840 മുതൽ 20 കൊല്ലം റെസിഡൻറ് ആയിരുന്നു.
മാണി മാധവ ചാക്യാർ 
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കൂടിയാട്ടം ആചാര്യൻ 1881 ൽ പിറന്ന അമ്മന്നൂർ ചാച്ചു ചാക്യാർ തന്നെ.ശരിപ്പേര് പരമേശ്വര ചാക്യാർ.അദ്ദേഹത്തിൻറെ കളരിയിൽ പഠിച്ചവരാണ്,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ,അമ്മന്നൂർ പരമേശ്വര ചാക്യാർ,പൊതിയിൽ പരമേശ്വര ചാക്യാർ,നാരായണ ചാക്യാർ എന്നിവർ.

താത്രിക്കുട്ടിയെ 1905 ൽ സ്മാർത്ത വിചാരം ചെയ്യുന്നതിന് ഉത്തരവിട്ട രാജർഷി രാമവർമ രാജാവ് ഒന്നാം ലോകയുദ്ധ കാലത്ത്,ജർമൻ ഓഫീസർമാരെ കപ്പലിൽ പോയി കണ്ട് ബ്രിട്ടിഷ് അതൃപ്തി നേടി വാഴ്ച ഒഴിഞ്ഞു.'വാഴ്ച ഒഴിഞ്ഞ തമ്പുരാൻ' എന്നറിയപ്പെട്ടു.വാഴ്ചയൊഴിഞ്ഞ് താമസിക്കാൻ പണി കഴിപ്പിച്ച കൊട്ടാരമാണ്,ഇന്നത്തെ കേരള വർമ്മ കോളജ്.

അക്കാലത്ത്,വടക്കുന്നാഥ ക്ഷേത്ര കൂത്തു സദസിൽ സ്ഥിരക്കാരനായിരുന്നു അദ്ദേഹം.ഒരിക്കൽ അദ്ദേഹം ചാച്ചു ചാക്യാരോട് പറഞ്ഞു :
"ശ്ലോകത്തിന് അർത്ഥം പറയാൻ ഞങ്ങൾക്കും അറിയാം.അതിനല്ല കൂത്ത് കേൾക്കാൻ വരുന്നത്.ചാക്യാർ ആണെങ്കിൽ ശകാരം വേണം.എന്നെ ശകാരിച്ചോളൂ".

'രാമായണ പ്രബന്ധ'ത്തിൽ രാവണനും രാമനും തമ്മിൽ നേരിട്ടുള്ള യുദ്ധ ഭാഗമാണ്,അന്ന് ചാച്ചു ചാക്യാർ എടുത്തത്.യുദ്ധത്തിനിടെ രാവണൻ,രാമനെ ചീത്ത വിളിക്കുന്നു.'സ്ത്രീ വിപ്രേണ  വനൗകസാം' എന്നാരംഭിക്കുന്ന ശ്ലോകം.അതിൽ രാമനെതിരായ വിശേഷണങ്ങൾ രാജാവിനും ചേരുന്നതായിരുന്നു:
"ഹേ രാഘവ ( രാമ ) സ്ത്രീയെയും ( താടക ) ബ്രാഹ്മണനെയും ( പരശു രാമൻ ) ഏണത്തെയും ( മാൻ ചമഞ്ഞ മാരീചൻ ) വനൗകസ്സിനെയും ( കുരങ്ങൻ- ബാലി ) ആണ് നീ ജയിച്ചത്.അതെനിക്കറിയാം.പിന്നെയോ ?പൈതൃകമായി കിട്ടിയ രാജ്യത്തിൽ നിന്ന് ഭ്രഷ്ടനാക്കപ്പെട്ട് കാട്ടിൽ കിഴങ്ങുകളും കായ്‌കളും തിന്ന് ജീവിക്കുന്നവനാണ്,നീ".
ചാച്ചു ചാക്യാർ ശ്ലോകാർത്ഥം വിശദീകരിച്ചു:
അദ്ദേഹം ഒരു സ്ത്രീയെ ജയിച്ചു ( താത്രി ).ഒരു ബ്രാഹ്മണനുമായി നടന്ന കേസിൽ ( കുറൂർ ഉണ്ണി നമ്പൂതിരിപ്പാട് ) ബ്രാഹ്മണനെ തോൽപിച്ചു.രാജാവിന് ഇഷ്ടം കിഴങ്ങുകളും കായ്‌കളും.അടുത്ത കാലത്താണ്,അധികാരം ഒഴിയേണ്ടി വന്നത്.ഇഷ്ട പ്രകാരം സ്ഥാനത്യാഗം ചെയ്‌തു എന്നാണ് പുറമെ പറഞ്ഞത്;സത്യം അതല്ല.ഒഴിപ്പിക്കുക ആയിരുന്നു.
ഒന്ന് നിർത്തി,ചാച്ചു ചാക്യാർ,ഒഴിഞ്ഞ രാജാവിനോട് ചോദിച്ചു:
"ഒഴിയേ,ഒഴിപ്പിക്കേ?"
ചോദിച്ചു വാങ്ങിയ പ്രഹരം.
ചാച്ചു ചാക്യാർ 
ചാച്ചു പണ്ഡിതനായിരുന്നു.തർക്കവും വ്യാകരണവും പഠിപ്പിച്ചത്,കരിങ്ങമ്പിള്ളി നമ്പൂതിരിപ്പാട്.അദ്ദേഹത്തിൻറെ മന ക്ഷേത്രത്തിലാണ്,ചാച്ചു ഒറ്റയ്ക്ക് 24 വയസ്സിൽ 'മന്ത്രാങ്കം'നടത്തിയത്.41 ദിവസം.അവസാനനാൾ 'വലിയ കൂടിയാട്ട'മാണ്.15 മണിക്കൂർ നീളുന്നതാണ്,വിദൂഷകൻറെ ആട്ടം.ഉച്ചയ്ക്ക് രണ്ടിന് അരങ്ങിലെത്തി പിറ്റേന്ന് വെളുപ്പിന് അഞ്ചു വരെ.ഇങ്ങനെ ഒന്ന് ലോക നാടക വേദിയിൽ വേറെയില്ല.15 മണിക്കൂർ തോരാത്ത വാഗ് ധാര.ചാച്ചു വെളുപ്പിന് നാലിന് വിദൂഷകൻറെ അവസാന വന്ദന ശ്ലോകങ്ങൾ ഉരുവിടാൻ തുടങ്ങിയപ്പോൾ,അത് കണ്ടിരുന്ന കരിങ്ങമ്പിള്ളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവസാന വന്ദന ശ്ലോകവും ഉരുവിട്ട് മുടിയഴിച്ച് ചാച്ചു അരങ്ങത്തു തിരിച്ചു വന്ന് നമ്പൂതിരിപ്പാടിന് മുന്നിൽ സാഷ്ടംഗം പ്രണമിച്ചു.കാൽക്കൽ കിടക്കുന്ന ശിഷ്യൻറെ തലയിൽ കൈ വച്ച് കണ്ണീരൊഴുക്കി,ഗുരു ഏറെ നേരം അങ്ങനെ ഇരുന്നു.

അരങ്ങ് വിട്ട ശേഷം ചാച്ചു ചാക്യാർ പറഞ്ഞു:"എല്ലാ പ്രബന്ധങ്ങളും അവതരിപ്പിക്കാൻ കഴിവുള്ളവനായി,ഞാൻ മാത്രമേ ഉണ്ടായിട്ടുള്ളൂ ".ഷഷ്ടി പൂർത്തി കഴിഞ്ഞാണ് അരങ്ങ് വിട്ടത്.മൂഴിക്കുളത്തെ കൂടിയാട്ടത്തിന്,അമ്മന്നൂരിലെ കാരണവർ വേണം.മരണത്തിന് തലേ കൊല്ലം വരെ ചാച്ചു ചാക്യാർ,ആ വേഷം കെട്ടി.അരങ്ങു വിട്ടിട്ടും,പൈങ്കുളം രാമ ചാക്യാർ,അമ്മന്നൂർ മാധവ ചാക്യാർ തുടങ്ങിയ ശിഷ്യർ അരങ്ങു നടത്തുന്നത് കാണാൻ പോയി.അരങ്ങിൻറെ തൂണിന്മേൽ ആരും അറിയാതെ,മുഖത്ത് കുറ്റി രോമങ്ങളുമായി,ആ മെലിഞ്ഞ വൃദ്ധൻ നിന്നു.

ചാച്ചു ചാക്യാരുടെ പ്രിയ വേഷം 'ശൂർപ്പണഖാങ്ക'ത്തിലെ നിണമണിഞ്ഞ ശൂർപ്പണഖ.അതിന് അത് പോലെ വേറെ ആളുണ്ടായില്ല.പൈങ്കുളം രാമ ചാക്യാരുടെ സഹോദരി ആയിരുന്നു,ഭാര്യ.

അവസാന കാലം മഠത്തിലെ താളിയോലകളിലെ ആട്ട ക്രമങ്ങൾ കടലാസിലേക്ക് പകർത്തിച്ചു1966 ആദ്യം പക്ഷ വാതം മൂലം കാലുകൾ തളർന്നു.തലച്ചോറിനും അസുഖമായി.നെയ്യ്,ശർക്കര എന്നിവയോട് ഭ്രമമായി.ഒരു കാലത്ത് കൂടിയാട്ട കളരി ഇരുന്നിടത്ത്,വരാന്തയിൽ നിലത്തു വിരിച്ച പായ മേൽ കാലും നീട്ടിയിരുന്നു.ഊണ് നേരത്ത് നിരങ്ങി അടുക്കളയിലേക്ക് നീങ്ങി ഉച്ചത്തിൽ യാചിച്ചു:
"ഇത്തിരി ചോറ് തരണേ !"
വിളമ്പിയാൽ പിന്നെയും യാചന:
"ഇത്തിരി നെയ് തരണേ,ശർക്കര തരണേ !"

അത് ബുദ്ധി കലമ്പിയ വൃദ്ധ വിലാപമായി പലരും കരുതി.'സുഭദ്രാ ധനഞ്ജയ'ത്തിലെ വിദൂഷകൻറെ ഭിക്ഷ യാചിച്ചു കൊണ്ടുള്ള രംഗപ്രവേശത്തിൽ ഓർമ്മ ഉടക്കി നിന്നതായിരുന്നു,അത്.ബുദ്ധി മരവിച്ചപ്പോഴും,നടൻ ഉണർന്നിരുന്നു.1967 ൽ 86 വയസിൽ നടൻ ജീവിത വേദിയും വിട്ടു.

ചെറിയ പരമേശ്വര ചാക്യാരുടെ കാലത്ത്,അമ്മന്നൂർ കുടുംബത്തിൽ നിന്ന് ഒരു സ്ത്രീയെ കിടങ്ങുർ ചെറിയ പരിഷ കുടുംബത്തിലേക്ക് ദത്തെടുത്തു.രണ്ടു കുടുംബങ്ങൾ ഒന്നായി.ചെറു പരിഷ കുടുംബത്തിലെ മരുമകനായ മാധവ ചാക്യാർ,ചെറിയ പരമേശ്വര ചാക്യാരുടെ ശിഷ്യനും നടനെന്ന നിലയിൽ,ഇതിഹാസവുമായി.മാധവ ചാക്യാരെ കണ്ടാണ്,മഹാ കഥകളി നടൻ കേശവക്കുറുപ്പ് അഭിനയം പഠിച്ചത്.രാവിലെ നാലിന് എഴുന്നേറ്റ് കണ്ണ് സാധകം അരങ്ങൊഴിഞ്ഞ വാർധക്യത്തിലും തുടർന്നു."പടയാളികൾ നിത്യവും വാൾ മുതലായ ആയുധങ്ങൾക്ക് മൂർച്ച പിടിപ്പിക്കാറുണ്ടല്ലോ.എന്തിനാണത്?മൂർച്ച പിടിപ്പിച്ചില്ലെങ്കിൽ,ആയുധം തുരുമ്പു പിടിക്കും.എൻറെ ആയുധം കണ്ണാണ്.അതിന് ഞാൻ നിത്യം മൂർച്ച പിടിപ്പിക്കുന്നു,"അദ്ദേഹം പറഞ്ഞു.
പൈങ്കുളം രാമ ചാക്യാർ 
ശക്തൻ തമ്പുരാന് ശേഷം,ഭരണമേറ്റ അനന്തരവന്മാർ രാമവര്മയും വീര കേരളവർമയും ദുർബലരായിരുന്നു.ബാല്യം മുതൽ വാത രോഗി ആയിരുന്നു വീര കേരളവർമ്മ.തൃപ്പൂണിത്തുറ കണ്ണെഴുത്തു മഠത്തിലെ ചേച്ചിയും അനിയത്തിയും,ലക്ഷ്മിയും കുഞ്ഞിക്കാവും ഭാര്യമാർ.മാധ്വ മതം സ്വീകരിച്ച് ഉഡുപ്പി സ്വാമിയാരുടെ അനുയായി ആയിരുന്നു.അദ്ദേഹം ഒരിക്കൽ കൂത്ത് കണ്ടു കൊണ്ടിരിക്കെ,ചാക്യാർ ഇരിപ്പിടത്തിനടുത്തേക്ക് കുനിഞ്ഞ്‍ ചോദിച്ചു:"എന്താ! ഉടുപ്പും കണ്ണെഴുത്തുമായി കഴിഞ്ഞാൽ മതിയോ ?"
ഇത് ചാച്ചു ചാക്യാർക്ക് മുൻപായിരുന്നു.ഗ്രീസിലെപ്പോലെ നാടകം ഇവിടെയും ജനാധിപത്യ ബോധം വളർത്തി.

കൂടിയാട്ടത്തിൽ കാളിദാസന് ഭ്രഷ്ട് എന്ത് കൊണ്ട് എന്നറിയില്ല.അമ്മന്നൂർ മാധവ ചാക്യാർ പറഞ്ഞത്,ഭാസ നാടകങ്ങൾ ആടാനും കാളിദാസൻ വായിക്കാനും ഉള്ളതാണ് എന്നാണ്.ഭാസൻ മലയാളി ആയതിനാൽ,കേരളീയ കലയിൽ കാളിദാസൻ ഇല്ലാതെ വന്നതും,പെരുമാക്കന്മാർ ഒഴിവാക്കിയതും ആകാം.കേരള ചക്രവർത്തി കുലശേഖരനാണ് കൂടിയാട്ടം സദസ്സിലെ പണ്ഡിതൻ തോലൻറെ സഹായത്തോടെ പരിഷ്കരിച്ചത് എന്ന്]പറഞ്ഞല്ലോ -കുലശേഖരൻ തൻറെ 'സുഭദ്രാ ധനഞ്ജയം' നാടകം സദസ്സിൽ വായിച്ചു.തോലൻ വിലപിച്ചു:
"ഞാൻ ശകുന്തളയുടെ പ്രേതമാണ്;എന്നെ ഇദ്ദേഹം വിരൂപയാക്കുന്നു".
ഇത് കേട്ട കുലശേഖരൻ കാളിദാസനെ ഒഴിവാക്കി എന്നാണ് കഥ.
ഒരു ചാക്യാർ കാളിദാസൻറെ 'ശാകുന്തളം' ആദ്യ രംഗം അഭിനയിക്കുമ്പോൾ വന്ന പിഴവും അപകടവുമാണ് കാളിദാസനെ ഒഴിവാക്കാൻ കാരണമെന്നും പറയുന്നു-സൂതൻറെ 'കൃഷ്‌ണ സാരേ ദദ ചക്ഷു' എന്ന ശ്ലോകം അഭിനയിക്കേ,ചാക്യാർ,ഒരു കണ്ണുകൊണ്ട് മാനിനെയും മറ്റേതു കൊണ്ട് ശരം തൊടുത്ത് വില്ലു ധരിച്ച രാജാവിനെയും കാട്ടാൻ ശ്രമിച്ചപ്പോൾ,കാഴ്ച പോയി.

കൊടുങ്ങല്ലൂർ വഴി പോകുമ്പോൾ ഞാൻ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ കയറും.ആ ക്ഷേത്ര മണ്ഡപത്തിൽ നോക്കും.അവസാനത്തെ ചാക്യാർ,കൂടിയാട്ടം മരിക്കുമ്പോൾ,തൻറെ അണിയലം അഥവാ ആടയാഭരണങ്ങൾ ഭാണ്ഡമാക്കി,മണ്ഡപത്തിൻറെ ഉത്തരത്തിൽ വച്ച് കാശിക്ക് പോകണം എന്നാണ് വിധി.അണിയലം അടുത്തൊന്നും ഉത്തരത്തിൽ കയറില്ല.ഇതുവരെ ഈ ക്ഷേത്രത്തിൽ കൂടിയാട്ടം നടന്നിട്ടുമില്ല.ആ അയിത്തം കൂടി ഒരു ചാക്യാർ പൊളിച്ച്,അവസാനത്തെ ചാക്യാർ എന്നൊന്നില്ലെന്നും ചാക്യാർ ചിരഞ്ജീവി ആണെന്നും സ്ഥാപിക്കേണ്ടതുണ്ട്.
---------------------------
റഫറൻസ്:
പ്രബന്ധ പൂർണിമ / ടി പി ബാലകൃഷ്ണൻ നായർ,ആശ്ചര്യ ചൂഡാമണി വ്യാഖ്യാനം / എൻ വി നമ്പ്യാതിരി,മന്ത്രാങ്കം / പി കെ നാരായണൻ നമ്പ്യാർ,അമ്മന്നൂർ മാധവ ചാക്യാർ / വേണു ജി,അമ്മന്നൂർ ചാച്ചു ചാക്യാർ / ഡോ കെ ടി രാമവർമ്മ,കൂത്തും കൂടിയാട്ടവും / അമ്മാമൻ തമ്പുരാൻ 
കുറിപ്പ് :തൃശൂരിൽ 'മൃണ്മയ'ക്രയിൻ ഉപയോഗിച്ച് 2013 ൽ പറക്കും കൂത്ത് അവതരിപ്പിച്ചു.

See https://hamletram.blogspot.com/2019/09/o.html



















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...