തട്ടില്‍ എസ്റ്റേറ്റ് കേസ് നടക്കുന്ന കാലം. മാനുവല്‍ പൈകട വക്കീല്‍ കേസ് നടത്തുന്നു. കേസ് വാദിക്കുന്നത്, ജസ്റ്റിസ് മാധവന്‍ നായരുടെ മുന്നിലാണ്. ഇരുവരും അയല്‍ക്കാരാണ്. ഒരു വാദത്തിന് തലേന്ന്, പൈകട വക്കീലിന്റെ ഭാര്യ, മാധവന്‍ നായരുടെ ഭാര്യ പാറുക്കുട്ടിയോട് കേസിനെപ്പറ്റി പറഞ്ഞു.
രാവിലെ കോടതിയില്‍ മാധവന്‍ നായര്‍ വക്കീലിനോട് ചോദിച്ചു: നമ്മുടെ ഭാര്യമാര്‍ കൂട്ടുകാരികളാണ്; പക്ഷേ, അവരെന്തിനാണ് കേസിന്റെ കാര്യം സംസാരിക്കുന്നത്?
അപ്പോള്‍ തന്നെ, മാധവന്‍ നായര്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞതായി, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു; നീതിയില്‍നിന്ന്, മൂല്യങ്ങളില്‍നിന്ന് മാധവന്‍ നായര്‍ അണുവിട മാറിയില്ല.
പത്തുകൊല്ലം, 1960 ജൂണ്‍ 22 മുതല്‍, 1970 നവംബര്‍ ഒന്നുവരെയാണ്, മാധവന്‍ നായര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നത്.
ആ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, ഹൈക്കോടതിയിലെ വിപുലമായ ലൈബ്രറി കൂടി ഉപയോഗപ്പെടുത്തിയും സംസ്‌കൃതം പഠിച്ചുമാണ്, മാധവന്‍ നായര്‍ ഈ പുസ്തകം,All about Soul, എഴുതിയത്.
മാധവൻ നായർ,പാറുക്കുട്ടി 'അമ്മ,മക്കൾ മധു,കൃഷ്ണ കുമാർ ,ഗോപ കുമാർ |
തക്കല കാഞ്ഞിരോട് വലിയ വീട്ടില്‍ മാധവന്‍ പിള്ളയുടെയും പൈങ്കുളം ഗൗരി പിള്ളയുടെയും മകനായിരുന്നു, മാധവന്‍ നായര്‍. 1908 നവംബര്‍ ഒന്നിന് ജനിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന കെ.എം.ബാലശങ്കരന്‍ നായര്‍, അനുജന്‍. കൃഷിക്കാരനായ മാധവന്‍ പിള്ളയ്ക്ക് രണ്ട് ആണ്‍മക്കളേ ഉണ്ടായിരുന്നുള്ളൂ. തക്കലയിലും നാഗര്‍കോവിലിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്, തിരുവനന്തപുരം ലോ കോളജിലാണ്, മാധവന്‍ നായര്‍ പഠിച്ചത്; ഗണിതത്തിലായിരുന്നു ബിരുദം. ലോ കോളജില്‍ പഠിപ്പിച്ചുകൊണ്ട്, വക്കീല്‍ പണിയില്‍ ഏര്‍പ്പെട്ടു. മാധവന്‍ നായര്‍, പുരാതന നിയമങ്ങളെപ്പറ്റി തയ്യാറാക്കിയ കുറിപ്പുകളില്‍നിന്ന് പില്‍ക്കാലത്ത്, ഗൈഡുകള്‍ ഉണ്ടായി.
തിരുവനന്തപുരത്ത് വിശ്വനാഥയ്യരുടെ ജൂനിയറായിരുന്നു; തൈക്കാട് സുബ്രഹ്മണ്യയ്യര്‍, കെ.എസ്.പരിപൂര്‍ണന്‍ എന്നിവരുമായി സൗഹൃദത്തിലായിരുന്നു. തന്നെക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ, വഴുതക്കാട് പള്ളിവിളാകത്ത് രാമന്‍പിള്ളയുടെ മകള്‍ പാറുക്കുട്ടിയെ 28-ാം വയസ്സില്‍ വിവാഹം ചെയ്തു. എന്നുവച്ചാല്‍, പാറുക്കുട്ടിക്ക് അന്ന് 14 വയസ്. 1923 ജനുവരി ഏഴാണ് അവരുടെ ജനനത്തീയതി. രാമന്‍ പിള്ളയ്ക്ക് ചാലയില്‍ തടിക്കച്ചവടമായിരുന്നു.
തിരു-കൊച്ചി സംയോജനം നടന്നപ്പോള്‍, മാധവന്‍ നായര്‍ കൊച്ചിയിലെത്തി. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ട്, ലോകോളജില്‍ പഠിപ്പിച്ചു. സിവില്‍ കേസുകളാണ് പ്രധാനമായും നടത്തിയത്. മാധവന്‍ നായരുടെ വിധികള്‍, സുപ്രീംകോടതി അപ്പീലില്‍, ഒരിക്കലും തള്ളപ്പെട്ടിട്ടില്ല.
തിരുവനന്തപുരത്ത് മേയര്‍ ബാലകൃഷ്ണന്‍ നായരുടെയും, കൊച്ചിയില്‍ എ.എം.എന്‍. ചാക്യാരുടെയും വാടകവീടുകളിലായിരുന്നു, താമസം. അതുകഴിഞ്ഞ് പുല്ലേപ്പടിയില്‍ താമസിച്ചു. റിട്ടയര്‍ ചെയ്തശേഷമാണ്, ഇരുമ്പനത്ത്, സ്വന്തം വീടുവച്ചത്; ഇന്തോനേഷ്യയിലെ ഭാരത സ്ഥാനപതിയായിരുന്ന കെ.എം.കണ്ണേമ്പിള്ളിയുടെ വീടിനടുത്ത്. റിട്ടയര്‍ ചെയ്തശേഷം, കമ്മിഷന്‍ നിയമനത്തോട് വിമുഖത കാട്ടി.
അന്തര്‍മുഖനായ മാധവന്‍ നായര്‍ക്ക് കുറച്ചുസുഹൃത്തുക്കളെ ഉണ്ടായിരുന്നുള്ളൂ: ജസ്റ്റിസുമാരായ ടി.കെ.ജോസഫ്, പി.നാരായണ പിള്ള, ഹോമിയോ ഡോക്ടര്‍ പടിയാര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടും. ആത്മീയതിലായിരുന്നു താല്‍പര്യം-മാധവന്‍ നായരുടെ അച്ഛനും മാധവന്‍നായരുടെ സഹോദരന്‍ ബാലശങ്കരന്‍ നായരും ദീക്ഷ സ്വീകരിച്ചവരായിരുന്നു. കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ 1966-1998 ല്‍ മഠാധിപതിയായിരുന്ന സ്വാമി ഗണാനന്ദയുമായാണ്, ഈ പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്തത്. പുസ്തകം ഇംഗ്ലീഷില്‍ വായിച്ച ഫാ.ആന്റണി ഇലഞ്ഞിമറ്റം 1994 ഒക്‌ടോബര്‍ 18 ന് ഗണാനന്ദയ്ക്ക്, ഇറ്റലിയിലെ അസീസിയില്‍നിന്ന് എഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”അദ്വൈതത്തെപ്പറ്റിയുള്ള ഏറ്റവും ശാസ്ത്രീയവും മനോവിജ്ഞാനീയം വച്ച് സാധൂകരിക്കാവുന്നതുമായ രേഖയാണ്, ഇത്. എന്റെ വിദ്യാര്‍ത്ഥികള്‍ ഈ പുസ്തകത്തിന് കാക്കുന്നു.”
അനുജന്‍ ബാലശങ്കരന്‍ നായരുമായി, മാധവന്‍ നായര്‍ ആത്മീയത ചര്‍ച്ച ചെയ്തിരുന്നുവെന്ന്, മാധവന്‍ നായരുടെ മൂത്തമകന്‍ ഗോപകുമാര്‍ നായര്‍ ഓര്‍ക്കുന്നു. കുറിച്ചിയിലെ സ്വാമി ആതുരദാസിന്റെ ശിഷ്യന്‍ ഗോപാലാനന്ദ തീര്‍ത്ഥ വീട്ടില്‍ വന്നിരുന്നു; അദ്ദേഹം ബന്ധുവായിരുന്നു. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു; ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.
വിരമിച്ചശേഷം, നായര്‍ സമുദായത്തിന്, മാധവന്‍ നായര്‍ കല്യാണക്രമവും മരണാനന്തരക്രമവുമുണ്ടാക്കി; അത് എന്‍എസ്എസ് പ്രസിഡന്റ് കളത്തില്‍ വേലായുധന്‍ നായര്‍ക്ക് അയച്ചുകൊടുത്തു. മൂത്തമകന്‍, മദ്രാസ് ഐഐടിയില്‍നിന്ന് എന്‍ജിനീയറായ ഗോപകുമാര്‍ നായരുടെ വിവാഹം, അതനുസരിച്ച്, ഒരു ബ്രാഹ്മണ വാധ്യാരുടെ കാര്‍മികത്വത്തിലായിരുന്നു. പുടവകൊടുക്കല്‍ അല്ലാതെ കാര്യമായി ചടങ്ങുകളില്ലാതിരുന്ന നായര്‍ വിവാഹം, മന്ത്രോച്ചരാണങ്ങളോടെ, ഒരു മണിക്കൂര്‍ നീളുന്നതായി. അതിന് സമൂഹത്തില്‍ പിന്തുണയുണ്ടായില്ല.
കല്യാണക്രമം അനുസരിച്ച് നടന്ന വിവാഹം |
ഒരാള്‍ മരിച്ചാല്‍ 16 ദിവസം പുല എന്നത്, 12 ആയി ചുരുക്കിയത്, സമുദായം ചെറിയ തോതിലെങ്കിലും, ഏറ്റെടുത്തു. താന്‍ മരിച്ചാല്‍ ഐസ് പെട്ടിയിലിടരുതെന്ന് മാധവന്‍ നായര്‍ നിഷ്‌കര്‍ഷിച്ചു; മൂന്നു മണിക്കൂറിനകം ശവദാഹം നടത്തണമെന്ന് മകനോട് നിര്‍ദ്ദേശിച്ചു; ഒരാള്‍ക്ക് വേണ്ടിയും കാക്കരുത്.
ഗ്ലൂക്കോമ വന്ന് ഇടതുകണ്ണിന്റെ കാഴ്ചയെ ബാധിക്കുംവരെ, സ്വയം കാറോടിച്ചു. രാഹുകാലം തുടങ്ങിയ അന്ധവിശ്വാസങ്ങളെ അദ്ദേഹം അകറ്റിനിര്‍ത്തി; ജഡ്ജി പദവിയില്‍ നിന്നുള്ള യാത്രയയപ്പിന് കുടുംബത്തില്‍നിന്നാരും വരേണ്ട എന്നു നിര്‍ദ്ദേശിച്ചു; രണ്ടാമത്തെ മകന്‍ കൃഷ്ണകുമാര്‍, യാത്രയയപ്പിനുശേഷം കാറോടിച്ച് അച്ഛനെ വീട്ടിലെത്തിച്ചു. 93-ാം വയസില്‍, 2001 ഡിസംബര്‍ 21 ന്, അനായാസേന മരണം. മരുന്നിനോട് വിരോധിച്ചു; കുട്ടികള്‍, അച്ഛന്‍ എഴുതിയ മരണാനന്തരക്രമം പാലിച്ചു.
അഞ്ചു കുട്ടികള്‍: ഗോപനും ബാങ്ക് ഓഫ് അമേരിക്കയില്‍ വൈസ് പ്രസിഡന്റായിരുന്ന കൃഷ്ണ കുമാറിനും പുറമെ, കമല (യുഎസ്), വിമല,മധു (എന്‍ജിനിയര്‍, മേയോ ക്ലിനിക്).
പരിഭാഷയെപ്പറ്റി രാമചന്ദ്രൻ :
ആത്മീയത കാച്ചിക്കുറുക്കിയതാണ്, സന്ത് ജ്ഞാനേശ്വറിന്റെ ‘അമൃതാനുഭവം’ എന്ന പുസ്തകം എന്നതാണ് എന്റെ അനുഭവം; അദ്ദേഹത്തിന്റെ ഭഗവദ്ഗീതാ വ്യാഖ്യാനമായ ‘ജ്ഞാനേശ്വരി’യാണ് ജനപ്രിയം.
അദ്ദേഹം ജീവിച്ചത് 16-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലങ്ങളില്‍ നടന്ന ശാസ്ത്ര ഗവേഷണ ഫലങ്ങളുടെ വെളിച്ചത്തില്‍, ഭാരതീയ ആത്മീയത വാറ്റിയെടുത്തതാണ് ജസ്റ്റിസ് മാധവന്‍ നായരുടെ ഈ രചന. അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജി പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ വയസ്സ് 62. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ അപാരത ഈ രചനയില്‍ കാണാം.
കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായ ജഗദീശ് ചന്ദ്രന്‍ നായര്‍ ഇതിന്റെ പരിഭാഷ എന്നെ ഏല്‍പ്പിച്ചത് ആത്മീയതയെപ്പറ്റി ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണത്തിനു ശേഷമാണ്. ഒരു ജഡ്ജി ആ ജോലി തീര്‍ത്ത് വാനപ്രസ്ഥത്തിലേക്ക് നടന്നത്, എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മാധവന്‍ നായരുടെ മകന്‍ ഗോപകുമാര്‍ എം. നായരില്‍നിന്ന് ഇംഗ്ലീഷ് പുസ്തകം വാങ്ങി ഈ കര്‍മം എന്നെ ഏല്‍പ്പിക്കുമ്പോള്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ക്ക് വയസ്സ് 81.
ഇംഗ്ലീഷ് വാക്കുകള്‍ പരമാവധി ഇതില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ന്യൂക്ലിയസ്, ആറ്റം, റേഡിയോ, ഫോണ്‍ എന്നിവപോലെ അഞ്ചാറു വാക്കുകള്‍ കാണും. സംസ്‌കൃതവും ജന്തുശാസ്ത്രവും ഇംഗ്ലീഷുമാണ് ഞാന്‍ പഠിച്ചത്. 62-ാം വയസ്സിനുശേഷം, ഈ പുസ്തകമെഴുതാന്‍ വേണ്ടിയാണ് മാധവന്‍ നായര്‍ സംസ്‌കൃതം പഠിച്ചത്. ജന്തുശാസ്ത്രം ഞാന്‍ ഇഷ്ടപ്പെട്ടെങ്കിലും, അതിലെ ജനിതക ശാസ്ത്രം എനിക്ക് പ്രിയപ്പെട്ടതായി. അത്, ഇപ്പോള്‍ മാത്രമാണ് ഗുണം ചെയ്തത്.
ഭഗവദ്ഗീതാ ശ്ലോകങ്ങളുടെ പരിഭാഷ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേതാണ്. പ്രപഞ്ച സത്യങ്ങളെപ്പറ്റി പറയുമ്പോഴുള്ള ഭാഷയുടെ പരിമിതിയെപ്പറ്റി രണ്ടിടത്തു മാധവന്‍ നായര്‍ വിശദീകരിക്കുന്നുണ്ട്. ഭാഷയെ കഴിയുന്നത്ര പൂര്‍ണതയോട് അടുപ്പിക്കാന്‍ അദ്ദേഹത്തെപ്പോലെ ഞാനും ശ്രമിച്ചിട്ടുണ്ട്; നിഘണ്ടു മിക്കവാറും വേണ്ടെന്ന് വച്ചു. വളര്‍ന്നത് തമിഴിലായതിനാല്‍, വാക്കുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ലെന്നു കരുതി. എല്ലാം അതീത ഇച്ഛയ്ക്ക് വിട്ടായിരുന്നു കര്‍മം.
മാധവന്‍ നായര്‍ എന്റെ ജീവിതത്തിലേക്ക് വന്നത് ആ ഇച്ഛ അനുസരിച്ചായിരിക്കണമല്ലോ. അദ്ദേഹവും ജഗദീശ് ചന്ദ്രന്‍ നായരും ഞാനും ഒരു കര്‍മപരമ്പരയിലെ കണ്ണികള്‍ മാത്രം.
No comments:
Post a Comment