Saturday, 22 June 2019

ഡാവിഞ്ചി -കണ്ണും മുടിയും ശിൽപവും

ഡാവിഞ്ചിയുടെ ഒരു കണ്ണ് വലുതായിരുന്നു 


വെറും പരന്ന ഉപരിതലത്തിൽ ഡാവിഞ്ചി കൃത്യതയോടെ ദൂരവും വസ്തുക്കളുടെ അഗാധതയും വരച്ചത് അപൂർവമായ ഒരു കണ്ണവസ്ഥ മൂലമായിരുന്നു എന്ന് ഗവേഷണ ഫലം. Exotropia എന്ന ഈ അവസ്ഥയിൽ, ഒരു കണ്ണ് വല്ലാതെ പുറത്തേക്ക് തുറിച്ചിരിക്കും. ആധുനികകാലത്ത് ഈ അവസ്ഥയുണ്ടായിരുന്നയാളാണ്, ഇരുപതാം നൂറ്റാണ്ടിനെ ചിന്ത കൊണ്ട് ഇളക്കി മറിച്ച ഴാങ് പോൾ സാർത്ര്. ജെ എ എം എ ഓഫ്‍താൽമോളജിയിലാണ് ഫലം വന്നത്. അദ്ദേഹത്തിൻറെ ചിത്രങ്ങളിലെല്ലാം വരച്ച ആളുടെ കണ്ണുകൾ വ്യത്യസ്ത ദിശകളിൽ സഞ്ചരിച്ചത് കാണാമെന്ന് ലണ്ടൻ സർവകലാശാല പ്രൊഫസർ ക്രിസ്റ്റഫർ ടൈലർ പറയുന്നു. സാൻഫ്രാൻസിസ്കോ ഐ ഇൻസ്റ്റിട്യൂട്ടിലും പ്രൊഫസറാണ്.
സാൽവറ്റോർ മുണ്ടിയിലെ കണ്ണ് -Exotropia 

ഡാവിഞ്ചിയെ കാണിക്കുന്നതായി കരുതുന്ന ആറ് ചിത്ര/ശില്പങ്ങൾ ഉണ്ട്. രണ്ട് ശിൽപ്പം, രണ്ട് എണ്ണച്ചായ ചിത്രങ്ങൾ, രണ്ട് രേഖാ ചിത്രങ്ങൾ. ഇവയിൽ കണ്ണുകൾ പുറത്തേക്ക് തള്ളി നില്കുന്നത് കാണാം. ഇവ സെൽഫ് പോർട്രെയ്റ്റുകൾ അല്ല..എന്നാൽ ഏതു പോർട്രെയ്റ്റും സ്വന്തം ചിത്രം കൂടി ആയിരിക്കണമെന്ന് ഡാവിഞ്ചി എഴുതി. ഓരോന്നിലും കൃഷ്ണമണി, മിഴി പടലം, കൺ പോള എന്നിവയിൽ വൃത്തങ്ങൾ വരച്ച് പ്രൊഫസർ അവയുടെ സ്ഥാനം രേഖപ്പെടുത്തി. അളവുകൾ കോണുകളാക്കി മാറ്റി. വിശ്രമിക്കുമ്പോൾ ഒരു കണ്ണ് -10 .3 ഡിഗ്രി പുറത്തേക്ക് തുറിച്ചിരിക്കുന്നു. ഫോക്കസ് ചെയ്യുമ്പോൾ ഡാവിഞ്ചിക്ക് അത് നേരെ കൊണ്ട് വരാം. ഇടതു കണ്ണിനായിരുന്നു ഈ നില എന്ന് പ്രൊഫസർ കരുതുന്നു. ലോക ജനസംഖ്യയിൽ ഒരു ശതമാനത്തിലേ ഇത് കാണാറുള്ളു.

ഡേവിഡ് ശില്പത്തിൻറെ കണ്ണ് 
ഡാവിഞ്ചിയെ ഇത് ലോകത്തെ വേറിട്ട് കാണാൻ സഹായിച്ചു. നാം ത്രിമാനമെന്നു കാണുന്നത് ഡാവിഞ്ചിക്ക് പര ന്നതായിരുന്നു. ഇത് വസ്തുക്കളെ കാൻവാസിൽ കൂടുതൽ കൃത്യതയുള്ളതാക്കി. ഷെയ്‌ഡിങ് അപാരമാക്കി. റെംബ്രാൻഡ്, എഡ്‌ഗാർ ദേഗാസ്, പിക്കാസോ എന്നിവർക്കും രണ്ടു കണ്ണുകളും തമ്മിൽ പൊരുത്തപ്പെടൽ പ്രശ്‍നം ഉണ്ടായിരുന്നു. ഡാവിഞ്ചിയുടെ ചിത്രങ്ങളിലെ കൃഷ്ണമണികളുടെ വ്യത്യസ്ത ദിശയും വലിപ്പവും anisocoria ആണെന്ന് വ്യാഖ്യാനിക്കപ്പെടാമെങ്കിലും സാധ്യത കുറവാണെന്ന് പ്രൊഫസർ കാണുന്നു. തൻറെ ഒരു കണ്ണ് കൂടുതൽ കാണുന്നു എന്ന് ഡാവിഞ്ചി കാണിച്ചതാകാം.

ബോധം കെട്ട്  ഡാവിഞ്ചിയുടെ ഒരു കൈ മടങ്ങി 

ജീവിതാ വസാനത്തിൽ ബോധരഹിതനായി വീണ് വലതു  കണങ്കൈ മടങ്ങിയത് കൊണ്ടാണ്  ഡാവിഞ്ചിക്ക് മൊണാലിസ എന്ന മാസ്റ്റർ പീസ് പൂർത്തിയാക്കാൻ ആകാതിരുന്നതെന്ന് പുതിയ ഗവേഷണ പ്രബന്ധം വെളിവാക്കുന്നു. ഇതുകൊണ്ട് അദ്ദേഹത്തിന് പാലറ്റും ബ്രഷും പിടിക്കാനാകാതെയായി. ഇതുവരെ കരുതിയിരുന്നത് അദ്ദഹത്തിന് പക്ഷാഘാതമുണ്ടായി വലതുവശം തളർന്നതാണ് കാരണം എന്നാണ്. രണ്ടു കൈയും ഉപയോഗിക്കാൻ കഴിയുന്നയാളായിരുന്നു, ഡാവിഞ്ചി. ഇടതുകൈ കൊണ്ട് എഴുതുകയും വരയ്ക്കുകയും ചെയ്യുമെങ്കിലും, പെയിന്റ് ചെയ്തിരുന്നത് വലതു കൈ കൊണ്ടാണ്. ചുവന്ന ചോക്ക് കൊണ്ട് ജിയോവാനി അംബ്രോഗ്യോ ഫിജിനോ വരച്ച ഡാവിഞ്ചിയുടെ ചിത്രമാണ്, റോമിലെ പ്ലാസ്റ്റിക് സർജൻ ഡേവിഡ് ലാസെറി, ന്യൂറോ സ്പെഷ്യലിസ്റ്റ് കാർലോ റോസ്സി എന്നിവർ പഠനത്തിനെടുത്തത്. ഇതിൽ വലതു കൈ ഒരു സ്ലിങിൽ ഇട്ട പോലെ കാണാം. പ്രബന്ധം , റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ചു.


(ഈ ചിത്രം ഡാവിഞ്ചിയുടെ പോർട്രെയ്റ്റ് ആയി കരുതാത്തവരുമുണ്ട് ). ഈ ചിത്രവും ഡാവിഞ്ചിയുടെ ജീവിതവും ഒത്തുനോക്കുകയാണ് ഗവേഷകർ ചെയ്തത്.
ഒരു ബാൻഡേജ് പോലെ തുണിയിൽ പൊതിഞ്ഞിരിക്കുകയാണ്, ഡാവിഞ്ചിയുടെ കൈ.അത് ഉൾവലിഞ്ഞ് മുറുക്കത്തിലാണ്. Right hemiparesis എന്ന, ആഘാതം കൊണ്ടുണ്ടാകുന്ന തളർച്ചയാണ് ഇതെന്ന് കരുതിപ്പോന്നു. ഡാവിഞ്ചി സസ്യഭുക്ക് ആയതിനാൽ കൊളസ്‌ട്രോൾ കൂടിയിട്ടായിരിക്കും ആഘാതം വന്നിരിക്കുക എന്നും കരുതി.സസ്യഭുക്കുക ക്ഷീരോല്പന്നങ്ങൾ കൂടുതൽ കഴിച്ചേക്കാം. Dupuytren’s disease ആണിതെന്ന് വേറൊരു കൂട്ടം വാദിച്ചു. കൈയിന്റെ തൊലിക്കടിയിലെ അസ്ഥികോശങ്ങൾ കട്ടികൂടി മുറുകുന്ന അവസ്ഥ. എന്നാൽ ചുവന്ന ചോക്ക് ചിത്രത്തിൽ കൈ ചുരുട്ടിയ നിലയിൽ അല്ല. ആഘാതത്തിനു ശേഷമുള്ള തളർച്ചയിൽ ചുരുണ്ടു പോകും. കൈത്തണ്ടയും തള്ളവിരലും മടങ്ങിയിരിക്കുകയാണെന്ന് പ്രബന്ധം നിരീക്ഷിച്ചു. ഇത് 1505 ൽ മാർക്കന്റോണിയോ റെയ്മണ്ടി കൊത്തിയ ഡാവിഞ്ചി ചിത്രവുമായി താരതമ്യം ചെയ്തു. സ്വയം ഉണ്ടാക്കിയ ലിറ ഡി ബ്രേക്കിയോ എന്ന തന്ത്രി വാദ്യം വായിക്കുകയാണ് ഡാവിഞ്ചി. ഇതും വാസാരി ഡാവിഞ്ചിയെപ്പറ്റി എഴുതിയതും വച്ച്, Dupuytren’s disease അല്ല. അതിനാൽ ഒരു ബോധക്കേട് വലിയ വേദനയും ഞരമ്പിന് കേടും ഉണ്ടാക്കിയിരിക്കാം. തോളിൽ നിന്ന് ചെറുവിരൽ വരെയെത്തുന്ന ഉൾനാർ ഞരമ്പ് ആണ് കൈയിലെ പേശീ ചലനങ്ങൾക്കും പ്രതി ചലനങ്ങൾക്കും കാരണം. ഈ ഞരമ്പിന് തകരാർ വരുമ്പോഴാണ്, കൈ മടങ്ങുന്നത്.
അവസാന അഞ്ചു വർഷം അദ്ദേഹം പഠിപ്പിക്കുകയും ഇടതുകൈ കൊണ്ട് വരയ്ക്കുകയും ചെയ്തു; വലതു കൈ കൊണ്ട് ചിത്രം എഴുതിയില്ല – മൊണാലിസ അപൂര്ണമായി.

ഡാവിഞ്ചിയുടെ മുടി ഡി എൻ എ പരിശോധനയ്ക്ക് 

മേരിക്കയിലെ സ്വകാര്യ ശേഖരത്തിൽ നിന്ന് കിട്ടിയ  ഡാവിഞ്ചിയുടേത് എന്ന് കരുതുന്ന മുടിയിഴയിലെ ഡി എൻ എ  ഫ്രാൻസിലെ ഒരു ശവക്കല്ലറയിലെ അവശിഷ്ടങ്ങളുടേതുമായി ഒത്തു നോക്കും. മുടിച്ചുരുൾ 2019 മെയ് രണ്ടിന് ഡാവിഞ്ചിയുടെ 500 ചരമ വാർഷികത്തിൽ ടസ്കനിയിലെ നഗരമായ വിഞ്ചിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു .മുടിച്ചുരുൾ സൂക്ഷിച്ചിടത്ത് ഡാവിഞ്ചിയുടേത് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് വച്ചു ഡി എൻ എ പഠിക്കാൻ പോകുന്നുവെന്ന് മ്യൂസിയം ഡയറക്ടർ അലസാൻഡ്രോ വെസോസി, ഡാവിഞ്ചി ഫൗണ്ടേഷൻ പ്രസിഡൻറ് അഗ്‌നീസ് സബാറ്റോ എന്നിവർ പറഞ്ഞു. ഡാവിഞ്ചിയുടെ അർധസഹോദരൻ ഡൊമിനിക്കോയുടെ 35 പുരുഷ പിൻഗാമികളുടെ വംശപരമ്പര ഇവർ 2016 ൽ ടസ്കനിയിൽ കണ്ടെത്തിയിരുന്നു. ഡാവിഞ്ചിയുടെ ഫ്രഞ്ച് കല്ലറയിൽ നിന്ന് എല്ലുകൾ കിട്ടിയിട്ടുണ്ട്. ഫ്രാൻസിലെ അംബോയ്‌സിലുള്ള ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റേതാണോ എന്നും അറിയാം.

ഫ്രാൻസിലെ ലോയർ വാലിയിലെ അംബോയിസ് സെയിന്റ് ഫ്ലോറെൻറ്റൈൻ ചാപ്പലിലാണ് ഡാവിഞ്ചിയെ അടക്കം ചെയ്തിരുന്നത്. ചാപ്പൽ ഫ്രഞ്ച് വിപ്ലവത്തിൽ നശിച്ചിരുന്നു. എല്ലുകൾ അവിടന്ന് മാറ്റി അതേ വളപ്പിലെ സെയിന്റ് ഹുബെർട് എന്ന ചെറിയ ചാപ്പലിൽ അടക്കി. ഇവ ഡാവിഞ്ചിയുടേതാണെന്ന് ഊഹം മാത്രമേയുള്ളു. അവിവാഹിതനായ വക്കീലിൻറെ അവിഹിത സന്തതിയായിരുന്നു ഡാവിഞ്ചി. 64  വയസിൽ ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമൻറെ സേവനത്തിന് അങ്ങോട്ട് പോവുകയായിരുന്നു.

ഡാവിഞ്ചിയുടെ രണ്ടാം ചിത്രം കിട്ടി 



ഡാവിഞ്ചി വിഷാദവാനും ചിന്താമഗ്നനുമായിരിക്കുന്ന പോർട്രെയ്റ്റ് കിട്ടി. അദ്ദേഹത്തിൻറെ ജീവിതകാലത്തെ അദ്ദേഹത്തിൻറെ രണ്ടാം ചിത്രം സ്റ്റുഡിയോ  സഹായിമാരിൽ ഒരാൾ വരച്ചതായിരിക്കാം. തിടുക്കത്തിൽ വരച്ച ചിത്രം രണ്ടാം എലിസബത്ത് രാജ്ഞിയുടെ വിപുലമായ ഡാവിഞ്ചി ശേഖരത്തിൽ ഉള്ളതാണ്. ആദ്യമായി ഇത്, ബക്കിങ്ങാം കൊട്ടാരത്തിൽ പ്രദർശിപ്പിച്ചു.
ഡാവിഞ്ചിയുടെ ഇതുവരെ കണ്ട ചിത്രം അദ്ദേഹത്തിൻറെ ജീവിതാന്ത്യത്തിൽ ശിഷ്യൻ ഫ്രാൻസിസ്‌കോ മെൽസി വരച്ചതാണ്. ഡാവിഞ്ചിയുടെ 500 ചരമവാർഷികം ലോകമാകെ ആചരിക്കുകയാണ്. ഇങ്ങനെ ഒരാൾ ലോകത്തുണ്ടായിട്ടില്ല – കലാകാരൻ,ശാസ്ത്രജ്ഞൻ, എഞ്ചിനീയർ, ഗണിതജ്ഞൻ, വാസ്‌തു ശിൽപി, വൈദ്യൻ, കാർട്ടോഗ്രാഫർ…. അങ്ങനെ അങ്ങനെ. 200 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. ഡാവിഞ്ചിയുടെ മുഖം വരച്ചിരിക്കുന്നത്, ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമൻ രാജാവിന്  ഒരു കുതിരസ്മാരകം പണിയാൻ വേണ്ടി,കുതിരയുടെ കാൽ ഡാവിഞ്ചി വരച്ച കടലാസിൻറെ പുറത്താണ്. ഇതിനൊപ്പം ഒരു യുവാവിൻറെ ചിത്രവും സഹായി വരച്ചിട്ടുണ്ട്. 1517 -18 ൽ ഇത്തരം താടി സാധാരണമായിരുന്നില്ല. മെൽസി ചിത്രത്തിലെ താടിയും ഇത് പോലെ തന്നെ. അന്ന് 65 വയസുള്ള ഡാവിഞ്ചിക്ക് മരിക്കും എന്നറിയാമായിരുന്നു. വിഷാദമാകാം. ഇടതു കൈ തളർന്നതിനാൽ വരയ്ക്കാൻ കഴിയില്ലായിരുന്നു.

ഡാവിഞ്ചിയുടെ ഏക ശിൽപം ഇതാകാം 

റ്റലിയിലെ ഫ്ലോറൻസിൽ 2019 ൽ പ്രദർശിപ്പിച്ച  ‘കന്യയും ചിരിക്കുന്ന കുട്ടിയും’ (Virgin with the Laughing Child) എന്ന ടെറാക്കോട്ട ശിൽപം, ഡാവിഞ്ചിയുടെ അവശേഷിക്കുന്ന ഏക ശിൽപമാണെന്ന് നേപ്പിൾസിലെ ഫെഡറികോ സർവ കലാശാലാ കലാ ചരിത്ര പ്രൊഫസർ ഫ്രാൻസെസ്‌കോ കാഗ്ലിയോട്ടി അഭിപ്രായപ്പെട്ടു. ഇപ്പോൾ ഇവിടെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലുള്ള ശിൽപം, അന്റോണിയോ റോസ്‌സെലിനോ ചെയ്‌തതാണെന്നാണ് കരുതിയിരുന്നത്.


ഡാവിഞ്ചി 1503ൽ ‘കന്യയും കുട്ടിയും വിശുദ്ധ ആനി  നൊപ്പം’ (The Virgin and the  Child with St Anne) എന്ന ചിത്രം വരച്ചിരുന്നു. അതിലെ ആനിന്റെ രൂപവുമായി ശിൽപത്തിനുള്ള സാമ്യം പോലെ ഒരുപാട് സൂക്ഷ്‌മ കാര്യങ്ങൾ ശിൽപം ഡാവിഞ്ചിയുടേതാണെന്ന് വിശദമാക്കുന്നുവെന്ന് കാഗ്ലിയോട്ടി’ലാ റിപ്പബ്ലിക്ക’യുമായുള്ള അഭിമുഖത്തിൽ നിരീക്ഷിച്ചു. വസ്ത്രങ്ങളും സൂചകങ്ങളാണ്.
വിശുദ്ധ ആനിയും മകൾ മേരിയും ഉണ്ണി യേശുവുമാണ് ചിത്രത്തിൽ.യേശു ,ബലിക്കുള്ള കുഞ്ഞാടിനെ പിടിച്ചിരിക്കുന്നു.ഫ്ലോറൻസ് പള്ളി അൾത്താരയ്ക്കുള്ള ചിത്രമായിരുന്നു,ഇത്.

Virgin and the Child with St Anne 
ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമൻ,മകൾ ക്ലോദ് 1499ൽ പിറന്നപ്പോൾ ഡാവിഞ്ചിയോട് പറഞ്ഞു വരപ്പിച്ച ചിത്രമാണെന്നും കേൾവിയുണ്ട്.പക്ഷേ,അത് രാജാവിന് കൊടുത്തില്ല.ഇപ്പോൾ ഫ്രാൻസിലെ ലൂവ്രേ മ്യൂസിയത്തിലുള്ള ചിത്രത്തിൻറെ പിന്നിൽ 2008ൽ,ചില സ്‌കെച്ചുകൾ കണ്ടെത്തി.ഇങ്ങനെ ഒന്ന് ആദ്യമായിരുന്നു

മോഷ്‌ടിച്ച മൊണാലിസ 

ത്രയൊന്നും അറിയപ്പെടാതെ കിടന്ന ഡാവിഞ്ചിയുടെ മൊണാലിസ ചിത്രം,1911 ൽ വിൻസെൻസോ പെറു ഗിയ മോഷ്ടിച്ചതോടെയാണ് ലോക പ്രസിദ്ധമായത്.ലിയനാഡോ ഡാവിഞ്ചി 1507 ൽ വരച്ച 30 x 21 ഇഞ്ച് ചിത്രം,1860 കളിൽ ഫ്രഞ്ച് കലാവിമര്ശകർ പ്രകീർത്തിച്ചതോടെയാണ് അറിയപ്പെട്ടു തുടങ്ങിയത്.ലൂവ്രേ ഗാലറിയിൽ നിന്ന് ചിത്രം കാണാതായപ്പോൾ,അന്വേഷകർ വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയെ വരെ ചോദ്യം ചെയ്തു. പെറു ഗിയ  ഇറ്റലിക്കാരനായിരുന്നു . ഫ്രാൻസിലെ ലൂവ്രേ മ്യൂസിയത്തിൽ നിന്ന് , ‘മൊണാലിസ  മോഷ്ടിച്ചതാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കലാ പാതകം. ദേശാഭിമാന പ്രേരിതമായിരുന്നു ആ മോഷണമെന്ന് സിദ്ധാന്തമുണ്ട്. ഡാവിഞ്ചി ഇറ്റലിക്കാരനായിരുന്നല്ലോ.
എന്നാൽ, അതായിരുന്നോ കാരണം?

മൊണാലിസ, പെറുഗിയ 
ലൂവ്രേ യിൽ മുൻപ് ജോലി ചെയ്തിരുന്ന പെറു ഗിയ, 1911 ഓഗസ്റ്റ് 21 നാണ് ചിത്രം മോഷ്ടിച്ചത്. ചിത്രകാരന്മാർ അവർ ധരിക്കുന്ന വസ്ത്രത്തിനു പുറത്തായി ഇടുന്ന വെളുത്ത, ലൂസായ നീളൻ സ്മോക് അണിഞ്ഞാണ്, അയാൾ ജീവനക്കാർ കയറുന്ന വാതിലിലൂടെ, രാവിലെ ഏഴിന് കടന്നത്. ഇതായിരുന്നു ജീവനക്കാരുടെ യൂണിഫോം.
മൊണാലിസ ചിത്രമുണ്ടായിരുന്ന സലോൺ കാരെ യിൽ ആളൊഴിഞ്ഞപ്പോൾ അയാൾ ചിത്രം നാലു ഇരുമ്പു പെഗ് കളിൽ നിന്ന് അടർത്തി മാറ്റി, അടുത്ത കോവണിപ്പടിയിലേക്ക് കൊണ്ടു പോയി, അതിൻറെ ആവരണവും ഫ്രെയിമും നീക്കി. ഡാവിഞ്ചി മരത്തിൽ ചെയ്ത ചിത്രം, പെറു ഗിയ അയാളുടെ നീളൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു എന്നു പറഞ്ഞവരുണ്ട്. അയാൾക്ക് അഞ്ചടി മൂന്ന് ഇഞ്ചായിരുന്നു ഉയരം. ചിത്രം 21 x 30 ഇഞ്ച് ആണ്. അതു കൊണ്ട് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ സാധ്യമല്ല. താൻ നീളം വസ്ത്രമഴിച്ചു അതു കൊണ്ടു ചിത്രം മൂടുകയായിരുന്നു എന്നാണ്, പെറു ഗിയ പറഞ്ഞത്. കക്ഷത്തിനടിയിൽ ചിത്രം  വച്ചു വന്ന വാതിലിലൂടെ അയാൾ പുറത്തു കടന്നു. പാരിസിലെ ഫ്ലാറ്റിൽ ചിത്രം സൂക്ഷിച്ചു. അവിടെയും പൊലീസ് എത്തിയിരുന്നു. മോഷണം നടന്ന നാൾ താൻ മറ്റൊരിടത്തായിരുന്നു എന്ന് അയാൾ പറഞ്ഞത്, പൊലീസ് വിശ്വസിച്ചു. രണ്ടു കൊല്ലം ട്രങ്കിൽ സൂക്ഷിച്ച ശേഷം ചിത്രം അയാൾ ഇറ്റലിയിലേക്ക് കടത്തി, ഫ്ലോറെൻസിലെ ഫ്ലാറ്റിൽ വച്ചു. അവിടത്തെ ആർട് ഗാലറി ഉടമയായ ആൽഫ്രഡോ ഗെറിയെ കണ്ടു.

ആൽഫ്രഡോ ഗെറി 
ചിത്രം ജന്മനാടിനു തിരികെ നൽകുന്നതിന് അയാൾ പാരിതോഷികം പ്രതീക്ഷിച്ചു. ഗെറി, ഉഫിസി ഗാലറി ഡയറക്ടർ ജിയോവാനി പോഗിയെ വിളിച്ചു വരുത്തി. ചിത്രം ഒറിജിനൽ ആണെന്ന് പോഗി സാക്ഷ്യപ്പെടുത്തി. ചിത്രം സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്‌ദാനം നൽകിയ അവർ പൊലീസിനെ വിളിച്ചു. ഹോട്ടൽ മുറിയിൽ പെറു ഗിയ അറസ്റ്റിലായി.
ചിത്രം ആഘോഷത്തോടെ ഇറ്റലി മുഴുവൻ പ്രദർശിപ്പിച്ച ശേഷം, 1913 ൽ ലൂവ്രേ ക്ക് തിരിച്ചു കൊടുത്തു. ചിത്രം വിഖ്യാതമായി.
ചെറിയ കാലം ജയിലിൽ കിടന്ന പെറു ഗിയ ഒന്നാം ലോക യുദ്ധത്തിൽ ഇറ്റാലിയൻ പട്ടാളത്തിൽ ചേർന്നു. വിവാഹിതനായ അയാൾ ഫ്രാൻസിലേക്കു മടങ്ങി, ചിത്രകാരനായി ജീവിച്ചു. അപ്പോൾ പേര് ജന്മ നാമമായ പീത്രോ പെറു ഗിയ എന്നായിരുന്നു.
1925 ഒക്ടോബർ എട്ടിന് അയാൾ മരിച്ചപ്പോൾ കാര്യമായി വാർത്ത വന്നില്ല. 1947 ൽ മറ്റൊരു വിൻസെൻസോ പെറു ഗിയ മരിച്ചപ്പോൾ തെറ്റായി വാർത്ത വന്നു.
നെപ്പോളിയൻ ചിത്രം മോഷ്ടിച്ചു എന്നാണത്രെ പെറു ഗിയ കരുതിയിരുന്നത്. അദ്ദേഹം ജനിക്കുന്നതിന് 250 വർഷം മുൻപ്, ഡാവിഞ്ചി ഫ്രഞ്ച് രാജാവ് ഫ്രാൻസിസ് ഒന്നാമന്റെ സദസിൽ അംഗമായപ്പോൾ, രാജാവിന് സമ്മാനമായി നൽകിയതാണ്, ചിത്രം.
ദേശാഭിമാന സിദ്ധാന്തം ഇപ്പോൾ ആരും വിശ്വസിക്കുന്നില്ല.അങ്ങനെയായിരുന്നെങ്കിൽ, ചിത്രം മ്യൂസിയത്തിന് സംഭാവന നൽകാമായിരുന്നു. മോഷണ ശേഷം, താൻ കോടീശ്വരനാകുമെന്ന് പെറു ഗിയ പിതാവിന് കത്തെഴുതിയിരുന്നു.
കോടതി ദേശാഭിമാന സിദ്ധാന്തം വിഴുങ്ങി ഒരു വർഷത്തെ തടവേ വിധിച്ചുള്ളൂ. അതിനു ശേഷം അയാൾ ദേശാഭിമാനി ആണെന്ന ആരവം ഇറ്റലി യിൽ മുഴങ്ങി. ഏഴു മാസത്തിനു ശേഷം അയാൾ പുറത്തിറങ്ങി.
പത്രപ്രവർത്തകൻ കാൾ ഡക്കർ 1932 ൽ എഴുതിയ ലേഖനത്തിൽ വേറൊരു തിയറി വന്നു: എഡ്വേർഡോ ഡി വാൽഫെർണോ ആസൂത്രണം ചെയ്തതായിരുന്നു മോഷണം.ചിത്രം പൊക്കിയ പെറു ഗിയയുടെ കൈയിൽ രണ്ടു കൊല്ലം ഇരുന്നു.ആ രണ്ടു വർഷം കൊണ്ട് എല്ലാ മനുഷ്യർക്കും അതു കണ്ടാൽ അറിയാമെന്നായി.
ചിത്രത്തിൻറെ 1962 ലെ ഇൻഷുറൻസ് മൂല്യം 100 മില്യൺ ഡോളർ (713 കോടി രൂപ )ആയിരുന്നു.ഇന്നത്തെ നിലയിൽ,822 മില്യൺ ഡോളർ (5863 കോടി രൂപ ).

കാണാതായ ഡാവിഞ്ചി സൗദി നൗകയിൽ 

ലോകത്തിലെ ഏറ്റവും വിലയുള്ള ചിത്രമായ ഡാവിഞ്ചിയുടെ സാൽവറ്റോർ മുണ്ടി സൗദി കിരീടാവകാശിയുടെ ഉല്ലാസ നൗകയായ സെറീനിൽ ഉണ്ടെന്ന് ഇവിടത്തെ ചിത്ര വ്യാപാരി കെന്നി ഷാക്റ്റർ കലാ വെബ് സൈറ്റ് ആയ ആർട്ട് ന്യൂസിൽ എഴുതി.2017 ൽ കിരീടാവകാശി സൽമാന് വേണ്ടി ഇടനിലക്കാർ വാങ്ങിയെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അതിനു ശേഷം ഇത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതി വിശാലമാണ് നൗക.യേശു ഒരു കൈ കൊണ്ട് ലോകത്തെ അനുഗ്രഹിച്ച് മറു കൈയിൽ ഭൂഗോളം വഹിക്കുന്നതാണ്, ചിത്രം.സൗദി രാജകുമാരൻ ബദർ ബിൻ അബ്ദുല്ല ഇടനില നിന്ന് വാങ്ങി സൽമാന് നൽകുകയായിരുന്നു.പാരിസിലെ ലൂവ്രേ മ്യൂസിയം 2018 ഒക്ടോബറിൽ ഡാവിഞ്ചിയുടെ 500-ാo ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിൻറെ ചിത്രങ്ങളുടെ പ്രദർശനത്തിന് ഇത് വായ്പ ചോദിച്ചെങ്കിലും കിട്ടിയില്ല.


ചിത്രം 450 മില്യൺ ഡോളറിന് (3196 കോടി) ക്രിസ്റ്റീസ് ലേലത്തിൽ വിറ്റിരുന്നു. അത് വാങ്ങിച്ചയാളോട് ലൂവ്രേ, പ്രദർശനത്തിന് കടം ചോദിച്ചിട്ടുണ്ട്, ഉത്തരം കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട് അന്ന് വന്നത്.വാങ്ങിച്ചയാൾ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണെന്ന് കരുതപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു ലേലത്തിനു ശേഷം, അബുദാബി സാംസ്‌കാരിക വകുപ്പ് വാങ്ങിയതായി അവകാശപ്പെട്ടിരുന്നു. അബുദാബി ലൂവ്രേ ഇതുവരെ അത് പ്രദർശിപ്പിച്ചിട്ടില്ല.
സെറീൻ നൗക 
ലേലം കഴിഞ്ഞ പാതിരയ്ക്ക് സൽമാൻറെ വിമാനത്തിൽ ഇത് കൊണ്ട് പോയി നൗകയിൽ എത്തിച്ചെന്നാണ്, കെന്നി എഴുതുന്നത്. കച്ചവടത്തിൽ ഇടപെട്ട രണ്ടു പേരെ ഉദ്ധരിച്ചാണ് ലേഖനം. കേടു വന്ന ചിത്രം ലേലത്തിന് മുൻപ് നന്നാക്കേണ്ടി വന്നുവെന്ന് കെന്നി പറയുന്നു.സൗദിയിലെ പൈതൃക കേന്ദ്രമായ അൽ ഉലയിലെ വികസന പദ്ധതി പൂർത്തിയാകുമ്പോൾ അങ്ങോട്ട് മാറ്റും.നൗക മെയ് 26 ന് ഈജിപ്തിലെ വിനോദ നഗരമായ ഷരം അൽ ഷെയ്ഖ് തീരം വിട്ട് ചെങ്കടലിൽ ആയിരുന്നു. കടൽകാറ്റ് ചിത്രത്തിന് പറ്റിയതല്ലെങ്കിലും സമ്പന്നർ നൗകകൾ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കാറുണ്ട്. ബ്രിട്ടീഷ് വ്യവസായി ജോ ലൂയിസ് അദ്ദേഹത്തിൻറെ അവിവഎന്ന നൗകയിൽ ഫ്രാൻസിസ് ബേക്കന്റെ ട്രിപ്റ്റിക്ക് 1974 -77 വച്ചിരുന്നു. അതിന് വില 70 മില്യൺ ഡോളർ ( 485 കോടി ). 439 അടിയാണ് 500 മില്യൺ ഡോളറിന് ( 3466 കോടി ) വാങ്ങിയ സെറീൻ..

പിയറി ചെൻ 
ഒരു പൈസ പോലും മുടക്കാതെ,സാൽവറ്റോർ മുണ്ടി  ലേലത്തിന് ഇടനില നിന്ന തായ്‌വാൻ കോടീശ്വരൻ പിയറി ചെന്നിന് 135 മില്യൺ ഡോളർ ( 939 കോടി രൂപ ) കിട്ടി.ലോകത്തെ ഏറ്റവും വലിയ നോക്കു കൂലി.ലേലത്തിന് മുൻപ് ചിത്രത്തിന് നിശ്ചിത തുക വാഗ്‌ദാനം ചെയ്ത ഗ്യാരന്ററുടെ വേഷമായിരുന്നു,ചെന്നിന്;ലേലത്തുക അതിൽ കൂടിയാൽ,അതിൻറെ നിശ്ചിത ശതമാനം കിട്ടും എന്നാണ് വ്യവസ്ഥ.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...