Monday, 8 July 2019

റോയിയുടെ മെക്‌സിക്കോ നിധി

മാനവേന്ദ്ര നാഥ് റോയ് മെക്സിക്കോയിൽ എത്തുമ്പോൾ,ആ സ്ഥലം അപരിചിതമായി തന്നെ തോന്നി.അയാൾ ഹോട്ടൽ ഡി ജനീവയിൽ മുറിയെടുത്തു.ഒരാളെപ്പോലും പരിചയം ഉണ്ടായിരുന്നില്ല.അവിടെ ആരുമായും ബന്ധം സ്ഥാപിച്ചിരുന്നില്ല.യുകാട്ടാൻ പ്രവിശ്യാ ഗവർണർ, ജനറൽ സാൽവദോർ അൽവറാഡോയ്ക്ക് കൊടുക്കാൻ കൈയിൽ ഒരു കത്തുണ്ടായിരുന്നു.യുകാട്ടാൻ പ്രവിശ്യ നഗരത്തിൽ നിന്ന് ആയിരം മൈൽ ദൂരെയായിരുന്നു.തബാസ്കോ,ചിയാപാസ് പ്രവിശ്യകളിലൂടെ കടന്നു പോകണമായിരുന്നു.അങ്ങോട്ട് തീവണ്ടി ഉണ്ടായിരുന്നില്ല.മെക്സിക്കോ ഉൾക്കടൽ വഴി പോകാൻ അമേരിക്കൻ കപ്പലുകളേ ഉണ്ടായിരുന്നുള്ളു.വേറാക്രൂസ്‌ തുറമുഖം കഴിഞ്ഞാൽ അവ നങ്കൂരമിട്ടിരുന്നത്,അമേരിക്കൻ തുറമുഖത്തായിരുന്നു.
അപ്പോൾ,അൽവറാഡോയെ കാണാൻ കഴിയില്ല.
റോയ് എങ്ങനെയോ വിദേശകാര്യ മന്ത്രി കാൻഡിഡോ ആഗിലാറിനെ  കണ്ടു.അയാൾ മെക്സിക്കോ പ്രസിഡൻറ് ജനറൽ ഡോൺ വെനുസ്‌തിയാനോ  കരൻസയുടെ മരുമകൻ ആയിരുന്നു.അൽവറാഡോയ്ക്കുള്ള കത്ത് റോയ് മന്ത്രിക്ക് കൊടുത്തു.അത് വായിച്ച് മന്ത്രി റോയിക്ക് സുരക്ഷിതത്വം വാഗ്‌ദാനം ചെയ്‌തു.പ്രസിഡൻറ് എത്തിയാൽ അറിയിക്കാം.1917 ജൂലൈയിൽ ആയിരുന്നു,ഇത്.റോയിക്കൊപ്പം, സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് പാസായ ഭാര്യ എവ്‌ലിൻ ലിയനോറ ട്രെന്റും ഉണ്ടായിരുന്നു.കറൻസ മെക്‌സിക്കോയുടെ ആദ്യ പ്രസിഡൻറ് ആയി അധികം ആയിരുന്നില്ല.
എം എൻ റോയ് രണ്ടാം ഭാര്യ എല്ലനൊപ്പം ( 1937 ) 
ഈ നീക്കം റോയിയിൽ ഹോട്ടലിലും മറ്റും മതിപ്പുണ്ടാക്കി.എൽ പ്യുബ്ലോ പത്രത്തിൻറെ എഡിറ്ററിൽ നിന്ന് അടുത്ത നാൾ റോയിക്ക് ,ഓഫിസിലേക്ക് ക്ഷണിച്ച് കത്തു കിട്ടി.തമ്മിൽ കണ്ടപ്പോൾ,റോയ് താമസിക്കുന്ന ഹോട്ടൽ സുരക്ഷിതമല്ലെന്ന് എഡിറ്റർ പറഞ്ഞു.എന്നാൽ റോയിക്ക് ഒരു നിധി കിടക്കുന്നത് ആ ഹോട്ടലിൽ ആണെന്ന് എഡിറ്റർക്ക് അറിയുമായിരുന്നില്ല.റോയ് ഹോട്ടൽ വിടും മുൻപ് അവിടെ കുറെ ജർമൻകാരെ ഭാഗ്യം കൊണ്ട് കണ്ടു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വിദൂര പൂർവ ദേശങ്ങളിൽ നിന്നോ അമേരിക്കയിൽ നിന്നോ രക്ഷപ്പെട്ടവർ ആയിരിക്കാം.ഒരു ദിവസം രാവിലെ ഒരു ജർമൻകാരൻ റോയിയുടെ മുറിയിൽ എത്തി.മുൻപ് ബറ്റേവിയയിൽ റോയ് കണ്ടുമുട്ടിയ രണ്ടു ജർമൻകാർ ഹോട്ടലിൽ ഉണ്ടെന്ന വിവരം അയാൾ കൈമാറി.അവർക്ക് റോയിയെ കാണണം.വിപ്ലവാഭിലാഷം തണുത്തിരുന്ന റോയ്,സമ്മതിച്ചു.റോയ് അവർക്കു മുന്നിൽ ചൈനാ പദ്ധതി വച്ചു.അത് നടപ്പാക്കാൻ സാമ്പത്തിക സഹായം ജർമൻകാർ വാഗ്‌ദാനം ചെയ്‌തു.അമേരിക്കയിൽ നിന്ന് റോയ് കൊണ്ട് വന്ന പണം കാലിയായിരുന്നു.അടുത്ത ഊണിന് പണം ഉണ്ടായിരുന്നില്ല.ഒറ്റ നിമിഷം കൊണ്ട് സമ്പന്നൻ ആവുകയാണ്.അവർ ആദ്യ ഗഡുവായി 10000 സ്വർണ പീസോ റോയിക്ക് കൊടുത്തു.മെക്സിക്കൻ കറൻസി ആയിരുന്നു അത്.അന്ന് അമേരിക്കൻ ഡോളറിൻറെ പകുതി.
റോയ് താമസിച്ച വീട് 
കൊളോണിയ റോമ എന്ന വിശിഷ്ട മേഖലയിലെ ഒരു വീട്ടിലേക്ക് റോയ് താമസം മാറി.ഒരു അത്താഴ വിരുന്നിന് ജർമൻകാർ അദ്ദേഹത്തെ വിളിച്ചു.വിവാഹിതനായ റോയ് ഇനിയും അനിശ്ചിതത്വത്തിൽ കഴിയാൻ ആഗ്രഹിച്ചില്ല.ഒരു കപ്പൽ നിറയെ ആയുധങ്ങൾ വന്നാൽ ഇന്ത്യയിൽ വിപ്ലവം ഉണ്ടാവില്ലെന്ന് അതിനകം ബോധ്യപ്പെട്ടിരുന്നു.സ്വന്തം ആവശ്യത്തിന് 10000 പീസോ ചെലവാക്കാൻ തീരുമാനിച്ച റോയ് എന്ന അവസരവാദി വിരുന്നിനുള്ള ക്ഷണം സ്വീകരിച്ചു.ഒരു ചടങ്ങിൻറെ മറവിൽ,പദ്ധതി സംസാരിക്കാനായിരുന്നു,വിരുന്ന്.അവർ റോയിയോട് പദ്ധതിയുടെ പുരോഗതി ചോദിച്ചു.റോയ് വിജയകരമായ ചിത്രം അവർക്ക് മുന്നിൽ വച്ചു.സ്വന്തം നിലയിൽ ചൈനയ്ക്ക് പോയെന്നും വരും.ഒരാഴ്ചയ്ക്കകം റോയിയുടെ നിധി 50000 പീസോ ആയി;താമസിയാതെ 50000 കൂടി എത്തി.
റോയിയുടെ കൈയിൽ കൈസറിൻറെ പണമെത്തിയെന്ന വിവരം,അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികളെ ചുമതലാ ബോധമുള്ളവരാക്കി.അവർക്കും നിധിയിൽ പങ്കുണ്ടെന്നു ധരിച്ച് ചിലർ മെക്സിക്കോയ്ക്ക് വച്ച് പിടിച്ചു.ചിലരെ ഒഴിവാക്കിയാൽ,ഭൂരിപക്ഷത്തെയും ചില്ലിക്കാശ് കൊണ്ട് റോയ് പറ്റിച്ചു.ജർമൻകാരെ താൻ ചൈനയ്ക്ക് പോയെന്നു ബോധ്യപ്പെടുത്താൻ,റോയ് മെക്‌സിക്കോ വിട്ടു.
റോയിക്ക് അർദ്ധ നയതന്ത്ര പാസ്‌പോർട്ട് കിട്ടിയിരുന്നു."ഹൃദയത്തിൽ സാഹസികത ഉണ്ടായിരുന്നില്ല;നിശ്ചയ ദാർഢ്യം ഉണ്ടായിരുന്നില്ല.ശീലം കൊണ്ടാണ്,ആ തീരുമാനം എടുത്തത്",റോയ് ജീവിത കഥയിൽ ( Memoirs) തുറന്ന് എഴുതി.
കറൻസ 
ഗ്വാദൽ ജാറ,മന്സാനില്ലൊ വഴി പസഫിക് തീരത്തെ ചെറു തുറമുഖ പട്ടണമായ സലീന ക്രൂസിൽ റോയ് എത്തി.പ്രതീക്ഷിച്ച കപ്പൽ തുറമുഖത്ത് വരില്ല.ഒരു മാസം കഴിഞ്ഞേ അടുത്ത കപ്പൽ ഉള്ളു.യാത്ര ചെയ്‌തത്‌ ജർമൻകാരെ പറ്റിക്കാൻ മാത്രം ആയിരുന്നതിനാൽ,റോയിക്ക് നിരാശ തോന്നിയില്ല.അയാൾ മെക്‌സിക്കോയിൽ വേറാക്രൂസ്‌ വഴി തിരിച്ചെത്തി.അവിടെ സ്വാധീനമുണ്ട്.ഇപ്പോൾ സ്വർണ നിധിയുമുണ്ട്.ജീവിതം ലളിതം ആയിരുന്നില്ലെന്ന് റോയ് ഏറ്റു പറയുന്നു.കൊളോണ റോമയിലെ വീട്ടിൽ,പച്ച സാറ്റിൻ മൂടിയ ലൂയി 15 ഫർണിച്ചറുകളായിരുന്നു.സ്‌പാനിഷ്‌ അധ്യാപകനെ വച്ചു.ചെസ് പഠിച്ചു.ആഡംബര കഫെകളിൽ പോയി.ഉന്നതങ്ങളിൽ വിഹരിച്ചു.രാവിലെ കുതിര സവാരി നടത്തുമ്പോൾ രണ്ട് അൽസേഷ്യനുകൾ പിന്നാലെ ഓടി.
റോയ് മെക്‌സിക്കോയിൽ എത്തുമ്പോൾ അവിടെ സോഷ്യലിസം പറയുന്ന ഒരു പാർട്ടിയും ഉണ്ടായിരുന്നില്ല.വിപ്ലവം പറയുന്ന നിരവധി സംഘങ്ങൾ പ്രയാസപ്പെടുകയായിരുന്നു.മധ്യ വർഗം സമാധാനം ആഗ്രഹിച്ചിരുന്നു.കൃഷിയായിരുന്നു ഭൂരിപക്ഷത്തിനും ആശ്രയം എന്നതിനാൽ,കാർഷിക പരിഷ്‌കാരം ദാരിദ്ര്യം നീക്കുമെന്ന തോന്നൽ ഉണ്ടായിരുന്നു.ഇടതു പക്ഷം ചിതറിക്കിടന്നു.അവരെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് റോയിക്ക് തോന്നി.ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പിനെ മുതിർന്ന അഭിഭാഷകൻ ഇഗ്നാസിയോ സാൻഡ്രിബാനെസ് ആണ് നയിച്ചിരുന്നത്.അദ്ദേഹത്തെ കാണും മുൻപ് റോയ്,എൽ പ്യുബ്ലോ പത്രത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെപ്പറ്റി ഒരു പരമ്പര എഴുതി.എഴുത്തിൽ രണ്ടാം പരീക്ഷണം.അമേരിക്കയിൽ ആയിരിക്കെ യുദ്ധം,കൊളോണിയലിസം എന്നിവയെപ്പറ്റി എഴുതിയ,The Way of Double Peace മെക്സിക്കോയിൽ എത്തിയ ശേഷം,പ്രസിദ്ധീകരിച്ചിരുന്നു.
അൽവറാഡോ 
പരമ്പര താനും പാർട്ടിക്കാരും വായിച്ചെന്ന് ആദ്യ കൂടിക്കാഴ്ചയിൽ സാൻഡ്രിബാനെസ് പറഞ്ഞു.പാർട്ടി യോഗത്തിലേക്ക്‌ വിളിക്കണമെന്ന് കരുതിയിരുന്നു.അപ്പോൾ പ്രസിഡന്റ് കരൻസയും അയാളെ പട്ടാള അട്ടിമറി വഴി ഭരണത്തിൽ എത്തിച്ച ജനറൽ ഒബ്രഗോണും തമ്മിൽ സംഘർഷത്തിൽ ആയിരുന്നു.വില്ലയ്ക്കും സപ്പട്ടയ്ക്കും എതിരായ പോർ നയിച്ചത് സൈനിക മേധാവിയായ ഒബ്രഗോൺ ആയിരുന്നു.അമേരിക്ക കരൻസയെ അംഗീകരിച്ചു;1915 ഒക്ടോബറിൽ അയാളുടെ നില ഭദ്രമായി.എന്നാൽ ഒരു മാറ്റത്തിനും മുതിരാതെ അഴിമതിയിൽ മുങ്ങിയ ഭരണത്തിന് ജനം എതിരായി.ജനശ്രദ്ധ തിരിക്കാൻ,ആഭ്യന്തര സംഘർഷം മറയ്ക്കാൻ, കാരൻസയ്ക്ക് എന്തെങ്കിലും വേണമായിരുന്നു.പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നയാളായിരുന്നു,ജനറൽ അൽവറാഡോ.യുകാട്ടാൻ അനുഭവം വച്ച് സോഷ്യലിസം പറയുന്ന ഒരു പ്രബന്ധം അയാൾ കൊണ്ട് വന്നു.പക്ഷെ അമേരിക്കൻ പിന്തുണ വേണം.സാമ്രാജ്യത്വ പിന്തുണ സോഷ്യലിസത്തിന് കിട്ടുകയില്ല.റോയ് ഉത്തരവാദിത്തം ഏറ്റ് El Heraldo de Mexico പത്രം തുടങ്ങി.അൽവറാഡോയെക്കാൾ തനിക്ക് ഗുണമാകുന്ന ലേഖനങ്ങൾ റോയ് എഴുതി.സാൻഡ്രിബാനെസിനെ കണ്ട് സോഷ്യലിസ്റ്റ് പാർട്ടി അംഗമാകാനുള്ള ആഗ്രഹം അറിയിച്ചു'.മെക്സിക്കോയിലെ മാർക്സ്' എന്നാണ് അയാളെ റോയ് വിശേഷിപ്പിച്ചിരുന്നത്.അയാൾ ആവേശ ഭരിതനായി.പണമില്ലാത്തതിനാൽ അയാളുടെ പാർട്ടി നാലു പേജ് വാരികയാണ്  ഇറക്കിയിരുന്നത്.റോയ് വന്നാൽ സാമ്പത്തിക പ്രശ്‍നം തീരും.ധനികനായ ഇന്ത്യൻ രാജകുമാരൻ എന്നാണ് റോയിയെ പാർട്ടി കരുതിയത്.റോയിയുടെ സഹായത്തോടെ പ്രസ് വാങ്ങി Class Struggle എട്ട് പേജാക്കി.
രാഷ്ട്രീയ സാഹചര്യം കരൻസയ്ക്ക് എതിരായിരുന്നു.റോയിയിൽ അയാൾ ഒരു സുഹൃത്തിനെയും ബലിയാടിനെയും കണ്ടു.റോയിയെ വച്ച് അമേരിക്കൻ വിരോധം കൂട്ടി സോഷ്യലിസ്റ്റുകളെ കൂടെ നിർത്താം.സാഹചര്യം മോശമായാൽ,റോയിയെ കുറ്റക്കാരനാക്കി  ഒഴിവാക്കാം.റോയി അല്ലാതെ തന്നെ സോഷ്യലിസ്റ്റുകളെ കാരൻസയ്ക്ക് അനുകൂലമായി തിരിക്കുകയായിരുന്നു.മൺറോ സിദ്ധാന്തത്തെ എതിർത്ത് മെക്സിക്കോ ദേശീയത റോയ് ഉയർത്തിപ്പിടിച്ചു.ഒരു ഗ്ലാസ് വൈൻ ഉയർത്തി പ്രസിഡൻറ്,റോയിയെ അഭിനന്ദിച്ചു.രണ്ട് അവസര വാദികൾ ഒന്നിച്ചു.റോയിയുടെ സിദ്ധാന്തം പിടിച്ചില്ലെങ്കിലും,സോഷ്യലിസ്റ്റുകൾക്ക് ഇന്ത്യൻ രാജകുമാരനെ വിടാൻ വയ്യായിരുന്നു.റോയിയുടെ കൈയിലെ പണം കണ്ട് അവസരവാദ സിദ്ധാന്തം അവർ കൊണ്ടു നടന്നു.ഭരണ കൂടത്തിന് അനുകൂലമായ പ്രഥമ സോഷ്യലിസ്റ്റ് പാർട്ടി സമ്മേളനം റോയ് സംഘടിപ്പിച്ചു.അത് വൻ വിജയമായി.റോയ് പാർട്ടി ജനറൽ സെക്രട്ടറി ആയി.പ്രസിഡൻറിനെ നിരന്തരം കാണുന്നവനായി.പ്രസിഡന്റിന്റെ അനൗദ്യോഗിക ഉപദേഷ്ടാവ് എന്ന് റോയ് എഴുതുന്നത് സ്ഥിരീകരിക്കാൻ വഴിയില്ല.
ബൊറോഡിൻ 
സമ്മേളനം വിജയിച്ചപ്പോൾമെക്സിക്കോയിൽ അപ്രതീക്ഷിത സന്ദർശകൻ എത്തി.ബൂർഷ്വയെപ്പോലെ ഇരുന്ന ആ റഷ്യക്കാരൻ El Heraldo ഓഫിസിൽ എത്തി,റോയിയെ തിരക്കി.റോയ് ഉണ്ടായിരുന്നില്ല,ബ്രാൻഡ്‌വെയിൻ ആണ് താനെന്ന് സന്ദർശകൻ പറഞ്ഞു.അതായിരുന്നു,മിഖയിൽ ബൊറോഡിൻ.റഷ്യയിൽ 1905 ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ,അമേരിക്കയിൽ കുടിയേറിയ അയാൾ,സാർ ചക്രവർത്തിയെ 1917 ൽ അട്ടിമറിക്കും വരെ അവിടെ തുടർന്നു.വിപ്ലവം കഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തി,ലെനിനുമായുള്ള സൗഹൃദം മുതലാക്കി.മിഖയിൽ മാർകോവിച്ച് ബൊറോഡിൻ ( 1884 -1951 ) റഷ്യയിലെ യാനോവിച്ചിലാണ് ജനിച്ചത് -ഇന്ന് ബെലാറസ്.ശരിപ്പേര് മിഖയിൽ ഗ്രൂസൻബെർഗ്.ഇരുപതുകളിൽ ചീഫ് കോമിന്റേൺ ഏജൻറ് ആയി ചൈനയിൽ പോയി,സംഘടിതമല്ലാതെ കിടന്ന സൺയാത് സെന്നിൻറെ നാഷനലിസ്റ്റ് പാർട്ടി ( കുമിന്താങ് ) യെ കേന്ദ്രീകൃത ലെനിനിസ്റ്റ് പാർട്ടിയാക്കി മാറ്റി.1903 ൽ ബോൾഷെവിക് പാർട്ടിയിൽ ചേർന്ന അയാളെ രണ്ടു കൊല്ലം കഴിഞ്ഞ് അറസ്റ്റ് ചെയ്‌തു നാട് കടത്തി.അമേരിക്കയിലേക്ക് കുടിയേറി,ഇൻഡ്യാന വാൾപരൈസോ സർവകലാശാലയിൽ പഠിച്ച്,ഷിക്കാഗോയിൽ കുടിയേറ്റക്കാർക്ക് സ്‌കൂൾ തുടങ്ങി. വിപ്ലവം കഴിഞ്ഞ് തിരിച്ചെത്തിയ അയാളെ സ്കാൻഡിനേവിയ,മെക്സിക്കോ,സ്പെയിൻ,തുർക്കി,ബ്രിട്ടൻ എന്നിവിടങ്ങളിൽ കമ്മ്യുണിസ്റ്റ് ഏജൻറ് ആയി അയച്ചു.1923 ലാണ് സൺയാത് സെന്നിൻറെ ഉപദേഷ്ടാവ് ആയത്.1925 ൽ സൺയാത് സെൻ മരിക്കുകയും ചിയാങ് കൈഷക് പകരം വരികയും ചെയ്‌തു.ചിയാങ് കമ്മ്യുണിസ്റ്റുകളുമായി തെറ്റി;ബൊറോഡിൻ 1927 ൽ ചൈന വിട്ടു.മോസ്കോയിലെത്തി അയാൾ തൊഴിൽ കമ്മിസാർ,ടാസ് ഡെപ്യൂട്ടി ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1932 ൽ മോസ്‌കോ ഡെയിലി ന്യൂസ് എഡിറ്ററായി.സ്റ്റാലിൻ ജൂത ബുദ്ധിജീവികളെ ഉന്മൂലനം ചെയ്യുന്ന വേളയിൽ 1949 ൽ അപ്രത്യക്ഷനായ അയാൾ,1951 ൽ സൈബീരിയയിലെ ലേബർ ക്യാമ്പിൽ മരിച്ചു.
എവ്‌ലിൻ 
1918 ൽ ഒരത്യാവശ്യഘട്ടത്തിൽ രാജ കുടുംബത്തിലെ ആഭരണങ്ങൾ അമേരിക്കയിലേക്ക് കടത്താൻ ലെനിൻ ബൊറോഡിനെ തിരഞ്ഞെടുത്തു.1918 ൽ ഒരു വാണിജ്യ പ്രതിനിധി സംഘത്തെ സ്വീകരിച്ച അമേരിക്ക സംഘത്തിന് രാജ്യാന്തര ബാങ്കിങ് നിഷേധിച്ചു.ഇത് സംഘത്തെ സാമ്പത്തിക പ്രയാസത്തിൽ ആഴ്ത്തി.രാജ ആഭരണങ്ങൾ വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കാൻ ബൊറോഡിന് നിർദേശം കിട്ടി.വഴിയിൽ ഈ അമൂല്യ ചരക്ക് കാണാതായതിനാൽ,കാലി കീശയുമായാണ് അയാൾ ന്യൂയോർക്കിൽ എത്തിയത്.അപകടകാരിയായ അപരിചിതൻ എന്ന നിലയിൽ അറസ്റ്റിലാവുന്ന ഘട്ടത്തിൽ അയാൾ ദരിദ്രനായി  മെക്സിക്കോയ്ക്ക് രക്ഷപ്പെട്ടു.അവിടെ Gales Magazine ൽ പാർട്ടി ജനറൽ സെക്രട്ടറി റോയിയുടെ പേരു കണ്ട് സഹായം ചോദിച്ച് വന്നതാണ്.റോയ് അയാളെ കൂടെ താമസിപ്പിച്ച് സഹായിച്ചു.
ബൊറോഡിൻ പിൽക്കാലത്ത് റോയിയെ സഹായിച്ചതിന് കണക്കില്ല.റോയിയുടെ സൈദ്ധാന്തികമായ അജ്ഞത മാറ്റിയത് തന്നെ അയാളാണ്.ഇന്ത്യയെപ്പറ്റി മാർക്സിനെ വെല്ലുന്ന മണ്ടത്തരം റോയ് ബൊറോഡിനെ കാണും മുൻപ് 189 പേജുള്ള La India എന്ന സ്‌പാനിഷ്‌ പുസ്തകത്തിൽ എഴുതിയിരുന്നു:
History teaches us that the Indian people under the Hindu monarchs were universally literate and educated.Daily reading of selections from the Holy Scripture was a welcome obligation for the Hindus.So illiteracy  was an almost unknown phenomenon among the Indian people during the period.Institution was always free in India.
ഹിന്ദു രാജാക്കന്മാരുടെ കാലത്ത് ഹിന്ദുക്കൾ എല്ലാവരും സാക്ഷരർ ആയിരുന്നുവെന്നാണ്,റോയ് വച്ച് കാച്ചിയിരിക്കുന്നത് !
ബൊറോഡിൻ റോയിയെ യൂറോപ്യൻ സാംസ്‌കാരിക ചരിത്രവും ഹെഗലിൻറെ തത്വ ചിന്തയും പഠിപ്പിച്ചു.ബൊറോഡിൻ റോയിയുടെ വീട്ടിലേക്ക് ഹോട്ടലിൽ നിന്ന് മാറിയത് പാർട്ടി അംഗങ്ങൾ ശ്രദ്ധിച്ചു.അവർ പാർട്ടി അടിയന്തര യോഗം വിളിച്ച് റോയിയുടെ രാജ്യാന്തര ബന്ധങ്ങൾ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു.ഇതൊരു അവസരമായി കണ്ട റോയ് ബൊറോഡിനെ പാർട്ടി എക്‌സിക്യൂട്ടീവിൽ  പരിചയപ്പെടുത്തി.സോഷ്യലിസ്റ്റ് പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറ്റണമെന്ന നിർദേശം റോയ് വച്ചു.ഇത് അംഗീകരിച്ചു.സമാന പാർട്ടികളുടെ കൂടി സമ്മേളനം 1919 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെ ചേർന്നു.റോയിയും ഭാര്യ എവ്ലിനും ആയിരുന്നു മിക്കവാറും സമ്മേളനങ്ങളിൽ അധ്യക്ഷ സ്ഥാനത്ത്.ലിൻ ഗെയിലിൻറെ ഇടതു പക്ഷവും ലൂയി മൊറോനസിന്റെ വലതു പക്ഷവും തർക്കമുണ്ടായി.റോയ് മൊറോനസിനെ തുണച്ചു .ബൊറോഡിന്റെ സഹായത്തോടെ എല്ലാം നിയന്ത്രിച്ച റോയ്,സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ആയെന്ന് പ്രഖ്യാപിച്ചു.അത് കോമിന്റേണിന്റെ ഭാഗമായി.
വിവരം ഉടൻ ലെനിനെ അറിയിക്കാൻ മുട്ടിയ ബൊറോഡിന് വാർത്താ വിനിമയ അസൗകര്യം കീറാമുട്ടിയായി.മെക്സിക്കോ സർക്കാർ സഹായിച്ചാൽ നടക്കും എന്നതിനാൽ,അയാൾ റോയിയുടെ സഹായം തേടി.ഒബ്രെഗോണ് അമേരിക്കയുടെ സഹായം കിട്ടിയ നേരത്ത് കാരൻസയ്ക്ക് ഒരു തുണ വേണ്ടിയിരുന്നു.തൻറെ വീട്ടിലേക്ക് കാരൻസയെ വിരുന്നിനു വിളിച്ച് റോയ്,ബൊറോഡിനെ പരിചയപ്പെടുത്തി.അർദ്ധ നയതന്ത്ര പദവിയിൽ ബൊറോഡിൻ റഷ്യയുമായി ബന്ധപ്പെട്ടു.റോയ്, ലെനിന് പരിചിതനായി.റോയിക്ക് മോസ്‌കോ സന്ദർശിക്കാനുള്ള ക്ഷണം ദിവസങ്ങൾക്കകം എത്തി.മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷലിൻറെ രണ്ടാം കോൺഗ്രസിനായിരുന്നു,ക്ഷണം.റോയ്,ഭാര്യ,സുഹൃത്ത് ചാൾസ് ഫിലിപ്‌സ്,El Heraldo എഡിറ്റർ എന്നിവർ പോയി.
രണ്ടര കൊല്ലം മാത്രമാണ് റോയ് മെക്സിക്കോയിൽ താമസിച്ചത്.കറൻസയോട് യാത്ര പറയാൻ ചെന്നപ്പോൾ,ഖേദപൂർവ്വം അയാൾ റോയിയെ ഉപദേശിച്ചു:Dont gamble with fate,വിധിയുമായി ചൂതാട്ടം വേണ്ട.
നൈറ്റ് ക്ലബ് ബോർഡ് റോയിയുടെ പേരിൽ 
ബൊറോഡിൻ ആയിരുന്നു,മോസ്‌കോയിൽ റോയിയുടെ തുറുപ്പ് ശീട്ട്.അത് വച്ച് അയാൾ മറ്റെല്ലാ ഇന്ത്യൻ വിപ്ലവകാരികളെയും വെട്ടി.എന്നിട്ടും,കുറെ മലയാളി വിഡ്ഢികൾ  അയാൾ മഹാനാണെന്നു ധരിച്ചു -അവരിൽ പ്രധാനി ആയിരുന്നു,എം ഗോവിന്ദൻ.ഗോവിന്ദൻ  ഒൻപതാം ക്‌ളാസ് വരെയാണ് പഠിച്ചത്;റോയ് പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ്,കൽക്കട്ട ടെക്‌നിക്കൽ ഇൻസ്റ്റിട്യൂട്ടിൽ പഠനം പൂർത്തിയാക്കാതെ പുറത്തു പോകേണ്ടി വന്നു  -വിദ്യാഭ്യാസത്തിൻറെ അഭാവം തെറ്റല്ലെങ്കിലും,പരസ്‌പരം തിരിച്ചറിയാൻ  അത് കാരണമാകാം.
മെക്‌സിക്കോയിൽ റോയ് താമസിച്ച വീട്,കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനം,ഇന്ന് നൈറ്റ് ക്ലബ് ആണ് -റോയിയുടെ പേരിൽ തന്നെയാണ്,ക്ലബ്.യൂറോപ്പിൽ പള്ളികൾ ബാറുകൾ ആകും പോലെ.

See https://hamletram.blogspot.com/


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...