Friday 30 August 2019

ജിലാസ് എന്ന ഒറ്റ മരം

കമ്മ്യൂണിസം ഒരു അധികാര ക്രമമാണ് 

മിലോവൻ ജിലാസിന്റെ ആത്മകഥ Land without Justice ( 1958 ) തുടങ്ങുന്നത്,ഒരു രാജ്യത്തിൻറെ ആത്മാവ് ഒരു കുടുംബ കഥയിൽ നിന്ന് തന്നെ കണ്ടെത്താൻ കഴിയും എന്ന് പറഞ്ഞുകൊണ്ടാണ്.കുടുംബത്തിലെ അനുഭവങ്ങളിൽ നിന്ന് തന്നെ,പിന്നീട് കമ്മ്യൂണിസത്തിലെ അനീതി മനസിലാക്കാനായി എന്ന സൂചന ഇതിലുണ്ട്.യുഗോസ്ലാവിയയിൽ പത്തു കൊല്ലം നീണ്ട തടവ് ആ പഴയ പി ബി അംഗത്തിന് പാർട്ടി വിധിച്ചപ്പോഴും അദ്ദേഹം വിമർശനത്തിൽ ഉറച്ചു നിന്നു.

അദ്ദേഹം ജനിച്ച മോണ്ടെനെഗ്രോയിലെ കുടുംബങ്ങൾ പിതൃദായക ക്രമം ( Patriarchal ) പിന്തുടരുന്നവ ആയിരുന്നു.പുരുഷൻ പറയുന്നതാണ്,കുടുംബത്തിൽ അവസാന വാക്ക്.കുടുംബത്തിൽ ഇത് സംഘർഷങ്ങൾ സൃഷ്ടിച്ചപ്പോൾ കുട്ടികൾ അമ്മയ്‌ക്കൊപ്പം നിന്നു.കലാപകാരികൾക്ക് പിതാവ് എതിര് നിന്നപ്പോൾ അമ്മ അവർക്ക് അഭയം കൊടുത്തു.പിതാവ് ഇത് കണ്ടു പിടിച്ചു.ഒച്ചയുണ്ടാക്കി,നിലത്ത് ബൂട്ടടിച്ചു നടന്നു.അമ്മയെ വീട്ടിൽ നിന്ന് അടിച്ചിറക്കി.കുട്ടികൾ അവർക്കൊപ്പം ചേർന്നു.ഗറിലകൾ അതീവ രഹസ്യമായി ചെന്ന് കൊണ്ടിരുന്നു.അത് അമ്മയുമായി കരാറുണ്ടാക്കി കുട്ടികൾ പിതാവിൽ നിന്ന് ഒളിപ്പിച്ചു.
മിലോവൻ ജിലാസ് 
ജിലാസ് പിതാവിനെയും പാർട്ടി അധികാരികളെയും ഒരു പോലെയാണ് കാണുന്നത്.
ജിലാസിനൊപ്പം ചാര മേധാവി അലക്‌സാണ്ടർ റാങ്കോവിക്കും തടവിൽ ആയിരുന്നു.ടിറ്റോ കഴിഞ്ഞാൽ അധികാരത്തിൽ എത്തേണ്ട അവർ ഇരുവരും നീരസത്തിൽ ആയിരുന്നു;ജിലാസ് വൈസ് പ്രസിഡന്റും ആയിരുന്നു.ഹിറ്റ്‌ലർ യുഗോസ്ലാവിയ ആക്രമിക്കുമ്പോൾ ചെറിയ സംഘം മാത്രമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി.ക്രോയേഷ്യൻ പിതാവും സ്ലോവേനിയൻ അമ്മയുമുള്ള ജോസിപ് ബ്രോസ് എന്ന ടിറ്റോ അഞ്ചു വർഷം മോസ്‌കോയിൽ സേവനം ചെയ്‌തിരുന്നു.ദേശീയത വച്ചു നാസികളെ എതിർക്കുക വിപ്ലവത്തിന് അവസരമായി ടിറ്റോ കണ്ടു.സ്റ്റാലിനുമായുള്ള രഹസ്യ ദൗത്യങ്ങൾക്ക് ജിലാസിനെ നിയോഗിച്ച ടിറ്റോ,ജിലാസിൽ വിശ്വസ്തനെ കണ്ടു.ജർമനിക്കെതിരെ പാർട്ടിസാൻ ഗറില്ല പ്രസ്ഥാനം പാർട്ടി ഉണ്ടാക്കിയതും ഒപ്പം രാജകുടുംബത്തോടുള്ള പോരാട്ടവും ജിലാസ് പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്.ഉന്മൂലനം വഴിയും നാട് കടത്തൽ വഴിയും രാജകുടുംബം ഇല്ലാതായി."ടിറ്റോ മിടുക്കനാണ്;അയാൾക്ക് ശത്രുക്കളില്ല .എല്ലാറ്റിനെയും ശരിപ്പെടുത്തി",സ്റ്റാലിൻ ജിലാസിനോട് പറഞ്ഞു.

ഈ ചോര ചിന്തലിനെ ജിലാസ് എതിർത്തില്ല.യൂഗോസ്ലാവ് പാർട്ടിയിൽ മാർക്സിനെയും ലെനിനെയും ഇത് പോലെ പഠിച്ച വേറൊരാൾ ഉണ്ടായിരുന്നില്ല.അതിൽ അക്രമത്തിന് ന്യായങ്ങൾ ഉണ്ടായിരുന്നു.ആദ്യകാല പ്രബന്ധങ്ങൾ വ്യക്തിയല്ല,പാർട്ടിയാണ് എഴുതിയത് എന്ന് തോന്നും.
സ്റ്റാലിൻ 1945 ന് ശേഷം മധ്യ,കിഴക്കൻ യൂറോപ്പിൽ പിടിമുറുക്കി,ബാൽക്കൻ രാജ്യങ്ങളെയെല്ലാം സോവിയറ്റ് പക്ഷത്ത് കൊണ്ട് വരാൻ ആഗ്രഹിച്ചു.സ്റ്റാലിന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്യാൻ ഓരോയിടത്തും ആളുകൾ ഏറെയായിരുന്നു.ദേശീയത പറഞ്ഞ് ജര്മനിക്കെതിരെ പോരാട്ടം നടത്തിയ യുഗോസ്ലാവിയയ്ക്ക് സ്വാതന്ത്ര്യം സ്റ്റാലിന്റെ കാൽകീഴിൽ അടിയറവ് വയ്ക്കാനാവുമായിരുന്നില്ല.ബലം പ്രയോഗിച്ച് അനുസരിപ്പിക്കാം എന്ന് സ്റ്റാലിൻ കരുതി.

സ്റ്റാലിനുമായി 1948 ൽ യുഗോസ്ലാവിയ വേർ പിരിഞ്ഞത്,പുതിയ കമ്മ്യൂണിസ്റ്റ് അധ്യായം രചിച്ചു.കമ്മ്യൂണിസ്റ്റ് ലോകം ഒന്നല്ലെന്നും വേറെ നിൽക്കാൻ ദേശീയത മതിയെന്നും ടിറ്റോ തെളിയിച്ചു.ചൈനയും അൽബേനിയയും ഇത് പിന്തുടർന്ന് സോവിയറ്റ് കമ്മ്യൂണിസം വേറെയാണെന്ന് പഠിപ്പിച്ചു.പ്രത്യയശാസ്ത്ര മറവിൽ വരുന്ന സാമ്രാജ്യത്വമാണ് റഷ്യൻ കമ്മ്യൂണിസം എന്ന് ജിലാസ് തിരിച്ചറിഞ്ഞു.ഒരു കമ്മ്യൂണിസ്റ്റിന് ഈ ഘട്ടത്തിൽ എന്ത് ചെയ്യാൻ കഴിയും ?എതിർപ്പിന് പാർട്ടി നൽകുന്ന മറുപടി ഭീഷണിയും ശിക്ഷയുമാണ്.ചോദ്യം ചെയ്യൽ വിഭാഗീയതയാണ്.പൊറുക്കാനാകാത്ത പാപം ഇതാണെന്ന് ലെനിൻ പഠിപ്പിച്ചിരുന്നു.സ്വന്തം അഭിപ്രായമുള്ളവനെ പ്രഹസന വിചാരണ നടത്തി കൊല്ലുകയാണ് മുപ്പതുകളിൽ സ്റ്റാലിൻ ചെയ്‌തത്‌.പീഡനങ്ങൾ വഴി കുറ്റസമ്മതങ്ങൾ എഴുതി വാങ്ങി.മാനവും ജീവിതവും സഖാവിന് നഷ്ടപ്പെടുന്ന നില.വിരലിലെണ്ണാവുന്നവർ സോവിയറ്റ് യൂണിയനിൽ നിന്ന് രക്ഷ നേടി.ട്രോട് സ്‌കിയെ പോലുള്ളവരെ പുറത്താക്കി.ഇവരെയൊക്കെ ചാരന്മാർ കൊന്നു.ഒരാളും സഹായിച്ചില്ല.കൊല്ലപ്പെട്ടവർ കുറ്റം ചെയ്തവർ ആണെന്ന ആരവം പാശ്ചാത്യ ബുദ്ധിജീവികൾ ഉയർത്തി.

യുഗോസ്ലാവിയയുടെ ഇടച്ചിൽ ഭരണകൂട വിഭാഗീയതയായി സ്റ്റാലിൻ കണ്ടു. ഹംഗറി,ചെക്കോസ്ലോവാക്യ,പോളണ്ട് ബൾഗേറിയ എന്നിവിടങ്ങളിലും പ്രഹസന വിചാരണകൾ നടന്നു;സ്റ്റാലിൻ വിരുദ്ധരെ കൊന്നു.ഇവരും മരിക്കാൻ അർഹരാണെന്ന് ബുദ്ധിജീവികൾ വിധിച്ചു.ലണ്ടൻ ടൈംസിലെ ഒരു അജ്ഞാത ലേഖകൻ തന്നെ ഇവർ കമ്മ്യൂണിസത്തെ വഞ്ചിച്ചവരാണെന്ന് എഴുതി.

ഇവരിൽ നിന്ന് ഭിന്നനായിരുന്നു ജിലാസ്.ഒരു ഒറ്റമരം.ദേശീയ സ്വാതന്ത്ര്യത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കണമെന്ന് അദ്ദേഹം വാദിച്ചു.അതിൽ സന്ധിയില്ല.അത് നിശ്ചയ ദാർഢ്യത്തിൻറെ പ്രശ്നമായിരുന്നു.ഇവിടെ വച്ച്,പാർട്ടി പത്രത്തിൽ തന്നെ കമ്മ്യൂണിസത്തിൻറെ അപൂർണതയെ ചോദ്യം ചെയ്‌ത്‌ ജിലാസ് ലേഖന പരമ്പര എഴുതി.അതാണ് ജിലാസിനെ ചരിത്ര പുരുഷനാക്കിയത്.1954 ആദ്യം യൂഗോസ്ലാവ് പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചു.യോഗത്തിൽ പഴയ സുഹൃത്തിനെ ടിറ്റോ പുച്ഛിച്ചു.ജിലാസ് പാർട്ടിക്ക് സമർപ്പിച്ച ജീവിതം അപ്രസക്തമായി.വിഭാഗീയത ആരോപിക്കപ്പെട്ടപ്പോൾ പാതി തെറ്റ് ജിലാസ് സമ്മതിച്ചു.അന്നത്തെ മാപ്പു പറച്ചിലിന് ഒരിക്കലും ജിലാസ് സ്വയം മാപ്പു കൊടുത്തില്ല.പറഞ്ഞതിൽ നിന്ന് പരസ്യമായി പിൻവാങ്ങിയുമില്ല.നാലാം പാർട്ടി കാർഡ് ആയിരുന്നു അദ്ദേഹത്തിന്റേത്.ആ നിമിഷം മുതൽ അദ്ദേഹം ഇരയാകാൻ തീരുമാനിച്ചു.

അത് വരെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും ചെയ്യാത്ത ഒന്ന് ജിലാസ് ചെയ്‌തു -ന്യൂയോർക് ടൈംസി ന് അഭിമുഖം.അതൊരു രക്ഷയുമാകാം.ഈ മാതൃക പിന്നെ പലരും പിന്തുടർന്നു.കമ്മ്യൂണിസത്തെ തുണച്ച പാശ്ചാത്യ ബുദ്ധിജീവികൾ അപമാനിതരായി.അഭിമുഖം പ്രഹസന വിചാരണയ്ക്ക് കാരണമാകാം.അത് തെളിവായി തന്നെ പാർട്ടി എടുത്തു.ശിക്ഷ മുന്നിൽ നിൽക്കെ New Class എന്ന പുസ്തകത്തിൻറെ കയ്യെഴുത്തു പ്രതി അദ്ദേഹം വിദേശത്തേക്ക് കടത്തി.സോഷ്യലിസം എന്ന ആശയത്തെ തന്നെ ജിലാസ് അട്ടിമറിക്കാൻ ശ്രമിച്ചതായി പാർട്ടി കുറ്റപ്പെടുത്തി.1957 ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചതോടൊപ്പം,ഒൻപത് വർഷത്തെ ശിക്ഷ തടവിൽ ജിലാസ് അനുഭവിക്കാൻ തുടങ്ങി.

ആ പുസ്തകം ഇന്ന് ക്ലാസ്സിക് ആണ് -കമ്മ്യൂണിസം സമത്വം ഉറപ്പാക്കുന്ന സാമൂഹിക ക്രമം അല്ലെന്ന് മാത്രമല്ല,ചെറിയൊരു സംഘം ക്രൂരന്മാരും വൈതാളികരും പ്രത്യേക അവകാശങ്ങൾ പിടിച്ചു പറിക്കുന്ന സംവിധാനം മാത്രമാണ്.പാർട്ടിയെയും ഭരണ കൂടത്തെയും നിയന്ത്രിക്കുന്നവർ അധികാരം ആസ്വദിക്കുക മാത്രമല്ല,അവർ അട്ടിമറിച്ച രാജാക്കന്മാരെയും പ്രഭുക്കളെയുംകാൾ കൂടുതൽ അധികാരം പ്രയോഗിക്കുകയും വംശാധിപത്യ പ്രവണതകൾ പ്രകടമാക്കുകയും ചെയ്യുന്നു.25 കൊല്ലം കഴിഞ്ഞ് റഷ്യക്കാരനായ മൈക്കിൾ വോസെൻസ്‌കി Nomenklatura ( 1980 ) എഴുതി -സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസം തുടക്കം മുതൽ ആദർശവാദം എന്ന് ഭവിക്കുകയും ഫലത്തിൽ സംഘടിത അഴിമതി മാത്രമായി തീരുകയും ചെയ്‌തു.ഗുണം കിട്ടുന്നവർ അത് സ്വീകരിച്ചു നടപ്പാക്കാനുള്ള ക്രമം ഉണ്ടാക്കി.

തടവിലായിരിക്കെയാണ്,ജിലാസിന്റെ Conversations with Stalin എന്ന പുസ്തകം 1962 ൽ പുറത്ത് പ്രസിദ്ധീകരിച്ച് കോളിളക്കമായത്.ചർച്ചിലിനെ പോലുള്ളവർ സ്റ്റാലിനെപ്പറ്റി വിവരിച്ചിട്ടുണ്ടെങ്കിലും അവർ സ്റ്റാലിന്റെ ശത്രുക്കളായിരുന്നു;അങ്ങിങ്ങ്‌ ആരാധന കലർന്നിട്ടുമുണ്ട്.എന്നാൽ സ്റ്റാലിന്റെ അടുത്ത് വിശ്വാസപൂർവം തീർത്ഥയാത്ര നടത്തിയ ഒരാളുടെ നൈരാശ്യം ആദ്യമായി ലോകം കണ്ടു.ഒരു ത്രില്ലർ പോലെ വായിക്കാം.വില്ലൻ തമാശകൾ പൊട്ടിക്കുന്നുമുണ്ട്.പറയുന്ന സത്യങ്ങൾ യുക്തിരഹിതവുമാണ്.ഭക്ഷണ സമയത്തെ വക്രതയും മഞ്ഞക്കണ്ണുകളിലെ ക്രൗര്യവും ചുറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഭാവിയിൽ നിൽക്കുന്ന സ്റ്റാലിന്റെ ഏക ചിത്രം.

അപകടം മണത്ത ടിറ്റോ സ്റ്റാലിന്റെ പിൻഗാമികളുമായി അടുപ്പത്തിൽ പോയി.ജീവിതവസാനത്തിൽ ടിറ്റോ കമ്മ്യൂണിസ്റ്റുകാരന്റെ ഭാവഹാവാദികൾ അണിഞ്ഞില്ല.കൊട്ടാരങ്ങളിൽ ജീവിച്ചു.കുതിരസവാരികൾ നടത്തി.വേഷത്തിൽ പട്ടാള ചിഹ്നങ്ങൾ നിരത്തി.ഉല്ലാസ നൗകകൾ വാങ്ങി.ഈ അഴിമതിയും പൊങ്ങച്ചവും ജിലാസ് വെറുത്തു.ദേശീയതയുടെ വിലയിരുത്തൽ കൂടി ടിറ്റോയുമായുള്ള വിച്ഛേദത്തിൽ ഉണ്ടായിരുന്നു.ദേശീയതയെക്കാൾ കമ്മ്യൂണിസം യുഗോസ്ലാവിയയ്ക്ക് സമഗ്രത നൽകി എന്ന് സ്റ്റാലിനെപ്പോലെ ടിറ്റോയും കരുതി.ലെനിൻ ഭിന്ന ദേശീയതകളെ അംഗീകരിച്ചു.ടിറ്റോ ഈ കമ്മ്യൂണിസ്റ്റ് സ്വത്വം നില നിർത്തിയത് റാങ്കോവിക്കിനെയും രഹസ്യ പൊലീസിനെയും ഉപയോഗിച്ചായിരുന്നു.ദേശീയതയുടെ ഈ കൃത്രിമത്വം നിലനിൽക്കില്ലെന്ന് ജിലാസ് കണ്ടു.ഇത് ചോരയിലും യുദ്ധത്തിലുമേ കലാശിക്കൂ.അതിനാൽ ജിലാസ് 1956 ൽ ഹംഗറിയിലും 1968 ൽ ചെക്കോസ്ലോവാക്യയിലും ഒടുവിൽ പോളണ്ടിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് എതിരെ നടന്ന വിപ്ലവങ്ങളെ അനുകൂലിച്ചു.
കർഥേൽജ് 
ടിറ്റോ,എഡ്‌വേഡ്‌ കാർഥേൽജ്,റാങ്കോവിക് എന്നിവർ കഴിഞ്ഞാൽ അടുത്തയാൾ ആയിരുന്നു,ജിലാസ്.അലക്‌സാണ്ടർ റാങ്കോവിക് ( 1909 -1983 ) വികേന്ദ്രീകരണ ആശയങ്ങളെ എക്കാലവും എതിർത്തു.സെർബിയക്കാരനായ റാങ്കോവിക്,കൊസോവോയിലെ വിഘടനവാദികളെ ചെറുത്തു.ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയും ആയി.ചാര സംഘടനയുണ്ടാക്കിയ റാങ്കോവിക് പാർട്ടിയിൽ നിന്ന് പുറത്തായത്,ടിറ്റോയുടെ കിടപ്പറയിലെ വിവരങ്ങൾ ചോർത്തി ( bugging ) എന്ന ആരോപണത്തെ തുടർന്നായിരുന്നു.ഇയാളുടെ പതനം വികേന്ദ്രീകരണത്തിനും ക്രൊയേഷ്യൻ വസന്തത്തിനും വഴിവച്ചു.ഉപപ്രധാനമന്ത്രി ആയിരുന്ന കാർഥേൽജിനെ 1959 ൽ കൊല്ലാൻ ശ്രമമുണ്ടായി;വെടിയേറ്റു എങ്കിലും രക്ഷപ്പെട്ടു.ആസൂത്രകൻ റാങ്കോവിക് ആയിരുന്നു എന്ന് പറയപ്പെടുന്നു.സെർബിയൻ പ്രസിഡന്റായിരുന്ന ജൊവാൻ വെസെലിനോവ്‌ ഒരു കരടിയെ വെടി വച്ചപ്പോൾ അബദ്ധത്തിൽ റാങ്കോവിക്കിനു കൊള്ളുകയായിരുന്നു എന്ന് ഔദ്യോഗിക ഭാഷ്യമുണ്ടായി.അറുപതുകളിൽ കർഥേൽജിൻറെ നിറം മങ്ങിയത് എന്ത് കൊണ്ട് എന്ന് ഇന്നും വ്യക്തമല്ല.1973 ൽ വീണ്ടും പൊങ്ങി വന്നു.ജിലാസ് പോയപ്പോൾ മുഖ്യ സൈദ്ധാന്തികനായി.1971 ൽ ആത്മഹത്യ ചെയ്‌ത കവി ബോരുത് കർഥേൽജ്,മകനായിരുന്നു.

ചിലപ്പോൾ ജിലാസിന്റെ പ്രശസ്തി ടിറ്റോ ചൂഷണം ചെയ്‌തു;മറ്റു ചിലപ്പോൾ വീണ്ടും തടവിലിടുമെന്ന് ഭീഷണിപ്പെടുത്തി.ഇരുവരും തമ്മിൽ കണ്ടില്ല.ടിറ്റോ 1980 ൽ മരിച്ച ശേഷം ജിലാസ് ടിറ്റോയുടെ ജീവചരിത്രം എഴുതി.അത് നല്ലതല്ല.വലിയ ഒരു ബന്ധത്തിലെ ആന്റി ക്ളൈമാക്സ്.

ജയിലിൽ ജിലാസിന് പുസ്തകങ്ങളും കടലാസും അനുവദിച്ചിരുന്നു;അമേരിക്കൻ പ്രസാധകൻ അയച്ചു കൊടുത്ത അടിവസ്ത്രങ്ങളും.ജയിലിൽ വലിയ നോവൽ ജിലാസ് എഴുതി;മിൽട്ടൻറെ പാരഡൈസ് ലോസ്റ്റ് സെർബിയനിലേക്ക് പരിഭാഷ ചെയ്‌തു."രണ്ടു കൊല്ലം ജയിലിൽ ചിന്തിക്കാൻ കഴിയും;മൂന്നായാൽ ഞരമ്പുകളെ ബാധിക്കു",ജിലാസ് ,പത്ര പ്രവർത്തകൻ ഡേവിഡ് പ്രൈസ് ജോൺസിനോട് പറഞ്ഞു.
റാങ്കോവിക് 
സ്വയം എഴുത്തുകാരനായാണ് ജിലാസ് കണ്ടത്;രാഷ്ട്രീയക്കാരനായത് സാഹചര്യങ്ങളുടെ സമ്മർദം കാരണമാണ്.ജിലാസ് രാഷ്ട്രീയത്തിൽ ഇല്ലായിരുന്നെങ്കിൽ,വലിയ എഴുത്തുകാരൻ ആകുമായിരുന്നു -അയലത്തെ കുന്ദേരയെ പോലെ.അദ്ദേഹം എഴുതിയ നോവലുകളും കഥകളും സോഷ്യൽ റിയലിസത്തിൻറെ മണ്ഡരി ബാധിച്ചതാണ്.ആത്മ കഥയിൽ സാഹിത്യത്തിൻറെ വീണ്ടെടുപ്പുണ്ടായി.1911 ൽ ജനിച്ച ഒറ്റപ്പെട്ട ഗ്രാമത്തിൻറെ കഥയിൽ മൂപ്പന്മാരും മാടമ്പികളും കലാപങ്ങളും ഒക്കെ സ്നേഹത്തോടെ എഴുതിയിരിക്കുന്നു.പൊടുന്നനെയുണ്ടാകുന്ന കൊലകൾ പതിവായിരുന്നു.രണ്ടു മുത്തച്ഛന്മാരും ഒരു പിതാമഹനും കൊല്ലപ്പെടുകയായിരുന്നു.പട്ടാള ഓഫീസറായ പിതാവിനെ അട്ടിമറിക്കാരനായി രാജകുടുംബം സംശയിച്ചു.യൂറോപ്പിൽ സമത്വ ആശയം ആളുകളെ കമ്മ്യൂണിസ്റ്റുകളാക്കി.നീതിയിലെ വിശ്വാസമാണ് ജിലാസിനെ കമ്മ്യൂണിസ്റ്റ് ആക്കിയത്.മലയിൽ നിന്ന് കമ്മ്യൂണിസത്തിൽ ഇറങ്ങിയ ജിലാസ് The God that Failed ( 1950 ) എന്ന പുസ്തകത്തിൽ എഴുതിയ ബുദ്ധിജീവികളെ  പോലെ ,പാർട്ടി വിട്ടതിൽ ദുഃഖിച്ചില്ല.പാർട്ടി വിട്ട ശേഷവും വീട്ടിൽ ലെനിൻറെ രൂപം സ്വീകരണ മുറിയിൽ ഉണ്ടായിരുന്നു.എഴുത്തിൽ വിപ്ലവാവേശം നിറഞ്ഞിരുന്നു.അനുഭവം നിരാശപ്പെടുത്തി.നീതി കണ്ടില്ല.തൊഴിലാളികളുടെ സ്വയംഭരണം കമ്യൂണിസത്തിന് ജിലാസിന്റെ സംഭാവനയാണ്.ആശയങ്ങൾ വിപുലമാക്കി ഒടുവിൽ Fall of the New Class എഴുതി.

കമ്മ്യൂണിസം അധികാരത്തെ വലയം ചെയ്‌തു നിൽക്കുന്ന ഒന്നല്ലാതെ മറ്റൊന്നുമല്ല എന്ന് ജീവിതം പഠിപ്പിച്ചു.ഭീകരത,കൂട്ടക്കൊല,വ്യക്തിപൂജ -സമഗ്രാധിപത്യമാണ് അതുണ്ടാക്കിയത്.മാനവരാശിയെ വെട്ടിച്ചുരുകുന്ന ലെനിൻറെ പദ്ധതി വിപുലമായി നടപ്പാക്കിയ എളിയ ശിഷ്യനായിരുന്ന,സ്റ്റാലിൻ.പാരിതോഷികം കൊടുത്താലേ ഇത് നടപ്പാക്കാൻ ആളെ കിട്ടൂ.സോൾഷെനിത് സിൻറെ ഗുലാഗ് ആര്കിപെലഗോ ( 1974 ) നിരവധി വ്യക്തികൾ അനുഭവിച്ച ക്രൂരതയാണ്.ജിലാസ് ഒരു ജയിൽ ഡയറി എഴുതിയിരുന്നു.ഏകാന്ത തടവായതിനാൽ,അമൂർത്ത വിചാരങ്ങളാണ് അതിൽ.സ്വതന്ത്രൻ വിലപിക്കരുത്;സഹനത്തിൻറെ മാതൃകയാകണം.

ജീവിതാവസാനം സ്വതന്ത്രമായി യാത്രയ്ക്ക് അനുവാദം കിട്ടി.ലെനിനും അയാളുടെ ഇസവും വരാനിരിക്കുന്ന വിപത്തുകളുടെ വേരാണെന്ന് ബോധ്യം വന്നു.കമ്മ്യൂണിസ്റ്റ് ചരിത്രം ആർകൈവ്‌കൾ തുറന്ന് എഴുതാൻ അനുവാദം കിട്ടിയ സോവിയറ്റ് ജനറൽ ദിമിത്രി വോൾക്കോഗോനോവും ഈ നിഗമനത്തിൽ എത്തി.എങ്കിലും ജിലാസിനും ഗോര്ബച്ചേവിൻറെ വരവ് പ്രവചിക്കാൻ കഴിഞ്ഞില്ല.ഗോർബച്ചേവ് സത്യസന്ധനാണെങ്കിലും,വലിയ കാഴ്ചപ്പാടുള്ളയാൾ ആണെന്ന് ജിലാസിന് തോന്നിയില്ല.ഒരു ലെനിനിസ്റ്റ് തന്നെ.അഴിമതിയും പാർട്ടി അധികാരവും ഒരേ നാണയത്തിൻറെ രണ്ടു വശങ്ങളാണെന്ന് അയാൾ കണ്ടില്ല.അവസാനം ജിലാസ് പറഞ്ഞു:"Communism overthrew itself.”
കമ്മ്യൂണിസം അതിനെ തന്നെ അട്ടിമറിച്ചു.

See https://hamletram.blogspot.com/2019/08/blog-post_10.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...