Sunday, 17 November 2019

ഖാനെ ഖിലാഫത്ത് കമ്മ്യൂണിസ്റ്റാക്കി

മുഹമ്മദലിയുടെ റിവോൾവറുകൾ 

മാപ്പിള ലഹള എന്ന മലബാർ ജിഹാദിനെപ്പറ്റി അബനി മുക്കർജി ലെനിന് വേണ്ടി എഴുതിയത്, യാദൃച്ചികം ആകാനിടയില്ല.ഇന്ത്യയിൽ വിപ്ലവം നടത്താൻ താൽപര്യമുള്ള ഏത് വിദേശ ശക്തിയും സംഘടനയുമായും അന്ന് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത് ബംഗാളിലെ അനുശീലൻ സമിതിയായിരുന്നു.ഇതുമായി ബന്ധപ്പെടാത്ത ഒരു ബംഗാൾ വിപ്ലവകാരിയും ഇല്ല.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി താഷ്കെന്റിൽ സ്ഥാപിച്ച എം എൻ റോയിയും അബനി മുക്കർജിയും ബന്ധപ്പെട്ടിരുന്നു.

 പി കൃഷ്ണ പിള്ളയും ഇ എം എസും ഈ ഗ്രുപ്പിൽ പെട്ടവരെ കണ്ണൂർ ജയിലിൽ 1932 ൽ കണ്ടിരുന്നു.:കമൽ തിവാരി,ജയദേവ്,യതീന്ദ്ര ദാസിൻറെ സഹോദരൻ കിരൺ എന്നിവരെ .മാപ്പിള ലഹള നടക്കുമ്പോൾ ഇ എം എസിന് 12 വയസേയുള്ളു;പിള്ളയ്ക്ക് 15.

1902 മുതൽ 1935 വരെ നിലനിന്ന തീവ്രവാദി സംഘമാണ്,അനുശീലൻ സമിതി.മൂന്ന് സ്വതന്ത്ര ശാഖകൾ ഇതിനുണ്ടായിരുന്നു:കിഴക്കൻ ബംഗാൾ,പശ്ചിമ ബംഗാൾ,മധ്യ ബംഗാളിൽ ജുഗന്തർ.ഗുസ്തിക്കാരായ നാടൻ യുവാക്കളായിരുന്നു,ഇതിൽ.ബോംബാക്രമണങ്ങളും കൊലകളും വഴി ബ്രിട്ടനെ വെല്ലുവിളിച്ചു.ഇന്ത്യയിലും പുറത്തുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു.അരവിന്ദ ഘോഷ്,സഹോദരൻ ബരിന്ദ ഘോഷ് എന്നിവർക്കായിരുന്നു നേതൃത്വം.ഹിന്ദു ശാക്തേയ തത്വ ചിന്ത, ബങ്കിം ചന്ദ്ര,സ്വാമി വിവേകാനന്ദൻ,ഇറ്റാലിയൻ ദേശീയ പ്രസ്ഥാനം, വിശാല ഏഷ്യനിസം,ജപ്പാൻ എഴുത്തുകാരൻ കാക്കുസോ ഒക്കക്കുറയും സ്വാധീനിച്ചു.1912 ൽ വൈസ്രോയ്ക്ക് എതിരായ വധശ്രമവും ഒന്നാം ലോക യുദ്ധ കാലത്ത് റാഷ് ബിഹാരി ബോസ്,ജതീന്ദ്രനാഥ് മുക്കർജി എന്നിവരുടെ ഗൂഢാലോചനയും സമിതിയുടെ പേരിലായിരുന്നു.
അനുശീലൻ ചിഹ്നം 
ഇരുപതുകളിൽ ഗാന്ധിയുടെ അഹിംസ വഴി സമിതി പൊതുവെ അക്രമങ്ങൾ വിട്ടെങ്കിലും സചീന്ദ്രനാഥ് സന്യാൽ സമിതി വിട്ട് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ തുടങ്ങി.സുഭാഷ് ചന്ദ്ര ബോസ് ഇതുമായി ബന്ധപ്പെട്ടു.മുപ്പതുകളിൽ സമിതി ഹിംസയിലേക്ക് മടങ്ങി.കാക്കോരി ഗൂഢാലോചന,ചിറ്റഗോങ് കലാപം എന്നിവ അങ്ങനെയുണ്ടായി.1907 ൽ ബംഗാൾ ഗവർണർ ആൻഡ്രൂ ഫ്രേസർ കയറിയ ട്രെയിൻ അട്ടിമറിച്ചതും ധാക്ക ജില്ലാ മജിസ്‌ട്രേറ്റ് ഡി സി അലനെ കൊന്നതും സമിതി ആയിരുന്നു.

പാരിസിൽ പ്രവാസിയായ റഷ്യൻ വിപ്ലവകാരി നിക്കോളാസ് സഫ്രൻസ്കിയിൽ നിന്ന് ബോംബ് നിർമാണം പഠിക്കാൻ സമിതി,1907 ൽ ഹേമചന്ദ്ര കനുൻഗോയെ അയച്ചു.പാരിസിൽ ജീവിച്ച മാഡം കാമയ്ക്ക് വി ഡി സവർക്കറെ അറിയാമായിരുന്നു.ഇന്ത്യ ഹൗസ് വഴി സവർക്കർ ബോംബ് നിർമാണ മാനുവൽ പ്രസിദ്ധീകരിച്ചു.ഖുദിറാം ബോസ്,പ്രഫുല്ല ചക്കി എന്നിവരെ 1908 ൽ മുസഫർ പൂരിൽ മജിസ്‌ട്രേറ്റ് ഡി ജി കിങ്‌സ്‌ഫോഡിനെ വധിക്കാൻ അയച്ചു.അവർ ബോംബ് വച്ച് തകർത്ത വാഹനം മാറിപ്പോയി.രണ്ട് ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു.ചക്കി ആത്മഹത്യ ചെയ്തു.ബോസ് പിടിയിലായി തൂക്കിലേറി.ഖുദിറാമിനെ പിടിച്ച നന്ദലാൽ ബാനർജിയെ വെടിവച്ചു കൊന്നു.
റാഷ് ബിഹാരി ബോസ് 
അരവിന്ദ ഘോഷ് സന്യാസിയായി.ജതീന്ദ്രനാഥ് മുക്കർജി വന്നു.ജുഗന്തർ എന്ന് പേര് മാറി.റാഷ് ബിഹാരി ബോസ് സമിതിയുടെ പ്രവർത്തനം ഉത്തരേന്ത്യയിൽ വ്യാപിപ്പിച്ചു.ഒന്നാം ലോകയുദ്ധ കാലത്ത് വിദേശത്ത് ലാലാ ഹർദയാലും ഗദർ പാർട്ടിയും ഗൂഢാലോചനകളിൽ പങ്കു കൊണ്ടു.1912 ൽ കൊൽക്കത്തയിലെത്തിയ ജർമൻ കിരീടാവകാശി ജതിന് ആയുധങ്ങൾ നൽകാമെന്നേറ്റു.1914 ൽ കൊൽക്കത്ത ആയുധ വ്യാപാരി റോഡാ കമ്പനി കൊള്ള ചെയ്‌തു.ബാലസോറിലെ ഏറ്റുമുട്ടലിൽ ജതിൻ കൊല്ലപ്പെട്ടു.

നിസ്സഹകരണ പ്രസ്ഥാനകാലത്ത് 1919 -22 ൽ കോൺഗ്രസ് നേതാവ് ചിത്തരഞ്ജൻ ദാസിൻറെ അപേക്ഷ മാനിച്ച് സമിതി അക്രമം വിട്ടു.
ജതിൻ അവസാനം 
ഈ ഘട്ടത്തിലാണ്,എം എൻ റോയിയും അബനി മുക്കർജിയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്.റാഷ് ബിഹാരി ബോസിൻറെ സഹപ്രവർത്തകൻ ആയിക്കഴിഞ്ഞാണ്,മുക്കർജി 1918 ൽ സോവിയറ്റ് പാർട്ടി അംഗമാകുന്നത്.അതിന് മുൻപ് ഇന്ത്യയിൽ വിപ്ലവം നടത്താനുള്ള ഇൻഡോ -ജർമൻ ഗൂഢാലോചന പൊളിഞ്ഞിരുന്നു.റോയ് അമേരിക്ക വിട്ടിരുന്നു.ജർമൻ വിപ്ലവകാരികൾ കാബൂളിൽ തുടങ്ങിയ ഇന്ത്യൻ പ്രവാസി ഭരണകൂടം പോയിരുന്നു.

ഇന്ത്യൻ പാർട്ടി ഉണ്ടായത്,തുർക്കിയിൽ വിശുദ്ധയുദ്ധത്തിന് പുറപ്പെട്ട ഇന്ത്യൻ മുഹാജിറുകളെ താഷ്കെന്റിൽ കണ്ട് പ്രീണിപ്പിച്ചാണ്.അവരെ ഇന്ത്യൻ വിപ്ലവത്തിന് സജ്ജരാക്കാൻ സോവിയറ്റ് പാർട്ടി താഷ്കെന്റിൽ സ്ഥാപിച്ച പട്ടാള സ്‌കൂൾ മേധാവി ആയിരുന്നു മുക്കർജി.അവിടെ പരിശീനം നേടിയ മുസ്ലിംകൾ ഇന്ത്യൻ ഖിലാഫത്ത് പ്രസ്ഥാന പോരാളികളായി.അവരിൽ കുറെപ്പേർ മലബാറിൽ എത്തിയിരുന്നിരിക്കാം.

മാപ്പിള കലാപത്തിൻറെ തുടക്കത്തിൽ ബ്രിട്ടീഷ് പട്ടാളവും പൊലീസും പിൻവാങ്ങിയെങ്കിലും ഓഗസ്റ്റ് ഒടുവിൽ കൂടുതൽ ബ്രിട്ടീഷ്‌സേനയും ഗൂർഖ റെജിമെന്റും എത്തി.പൂക്കോട്ടൂർ പോരാട്ടത്തിൽ നിരവധി പട്ടാളക്കാർ കൊല്ലപ്പെട്ടു.പട്ടാളം തോറ്റ് പിന്മാറി.ബംഗളുരുവിൽ നിന്നെത്തിയ രണ്ടാം ഡോർസെറ്റ്സ് റെജിമെന്റിലെ കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുകൾ കൊത്തിയ ഫലകം ബംഗളുരു സെൻറ് മേരീസ് കത്തീഡ്രലിലുണ്ട്.

മലപ്പുറം കത്തി കൊണ്ട് ഇത്രയും പട്ടാളക്കാരെ കൊല്ലാനാവില്ല.മലപ്പുറം ആയുധ ഡിപ്പോ മാപ്പിളമാർ കൊള്ളയടിച്ചതായി മുക്കർജി എഴുതുന്നുണ്ട്.അതിനും പുറമെ,ആയുധം പുറത്ത് നിന്ന് വന്നിരിക്കണം.ഇവിടെയാണ്,ഖിലാഫത്ത് നേതാവായ മൗലാനാ മുഹമ്മദാലി,അനുശീലൻ സമിതി നേതാവ് സചീന്ദ്രനാഥ് സന്യാലിന് റിവോൾവറുകൾ നൽകി എന്ന വിവരം പ്രധാനമാകുന്നത് ( 1 ).തനിക്ക് വ്യക്തിപരമായി അറിയാവുന്ന സ്ഥലമാണ് മലബാർ എന്ന് മുക്കർജി എഴുതിയിട്ടുണ്ട്.1922 ൽ അദ്ദേഹം ചെന്നൈയിലെത്തി രഹസ്യമായി ശിങ്കാരവേലു ചെട്ട്യാരെയും മണിലാലിനെയും കണ്ടിരുന്നു.ചെട്ട്യാരാണ് സി പി ഐ അംഗീകരിക്കുന്ന കാൺപൂർ പാർട്ടി സ്ഥാപക സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചത്.

സചീന്ദ്രനാഥ് ( 1893 -1942 ) ബംഗാളിയെങ്കിലും കാശിയിലാണ് ജനിച്ചത്.അനുശീലൻ സമിതിയുടെ ശാഖ 1913 ൽ സന്യാൽ പട്നയിൽ തുടങ്ങി.ഗദർ ഗൂഢാലോചനയിൽ പങ്കെടുത്ത് ഒളിവിൽ പോയി.റാഷ് ബിഹാരി ബോസിൻറെ സഹപ്രവർത്തകനായിരുന്നു.ബോസ് ജപ്പാനിലേക്ക് രക്ഷപെട്ടപ്പോൾ,സന്യാൽ ആയി ഇന്ത്യയിൽ നേതാവ്.ആൻഡമാനിൽ തടവിലായി.'തടവിലെ ജീവിതം' എന്ന പുസ്തകം എഴുതി.മോചനശേഷം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനം തുടർന്നു.വീണ്ടും തടവിലായി.കാശിയിലെ സ്വത്ത് കണ്ടുകെട്ടി.
സചീന്ദ്രനാഥ് സന്യാൽ 
നിസ്സഹകരണ പ്രസ്ഥാനത്തിന് ഒടുവിൽ 1922 ലാണ് സമിതി വിട്ട് സ്വന്തം വിപ്ലവ പ്രസ്ഥാനം തുടങ്ങിയത്.

സന്യാൽ ഗാന്ധിക്ക് എതിരായിരുന്നു.1925 ഫെബ്രുവരി 12 ന് അയാൾ ഗാന്ധിക്ക് തുറന്ന കത്ത് എഴുതി ( 2 ):
"താങ്കൾ വിപ്ലവകാരികളെ നിർദ്ദയം വിമർശിക്കുകയും അവർ രാജ്യ ശത്രുക്കളാണെന്ന് പറയുകയും ചെയ്തു.അവർ നിങ്ങളുടെ സമീപനങ്ങൾ അംഗീകരിക്കുന്നില്ല എന്നത് മാത്രമാണ് കാരണം.താങ്കൾ സഹിഷ്ണുത പ്രസംഗിക്കുകയും വിപ്ലവകാരികളെ വിമർശിക്കുന്നതിൽ ഹിംസാത്മകമായ അസഹിഷ്ണുത പുലർത്തുകയും ചെയ്യുന്നു.മാതൃഭൂമിക്കായി എല്ലാം ത്യജിച്ചവരാണ് വിപ്ലവകാരികൾ.സഹായിക്കാൻ കഴിയില്ലെങ്കിൽ സഹിഷ്ണുതയെങ്കിലും കാണിക്കൂ ".

ഗാന്ധി പ്രതികരിച്ചു ( 3 ):
"എല്ലാ വിമർശനവും അസഹിഷ്ണുതയല്ല.അനുതാപം കാരണമാണ് വിമർശനം.അയാൾ തെറ്റുകാരനാണെന്ന് ഞാൻ പറയും പോലെ ഞാൻ തെറ്റുകാരനാണെന്ന് അയാൾക്കും പറയാം."

ഖിലാഫത്തുമായി മറ്റ് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനങ്ങൾ മുഹമ്മദാലി വഴി ബന്ധപ്പെട്ടിരിക്കാം.ലെനിന് തുർക്കിയിൽ ഖലീഫ വരണം എന്നുണ്ടായിരുന്നെങ്കിൽ,പരിശീലനം കിട്ടിയ മുഹാജിറുകളെ അങ്ങോട്ട് പോകാൻ അനുവദിക്കാമായിരുന്നു.പകരം ഇന്ത്യയിലേക്കാണ് വിട്ടത്.''ഉപയോഗിക്കുക,വലിച്ചെറിയുക " എന്ന നയം.തുർക്കിക്ക് ഒപ്പം നിന്ന സോവിയറ്റ്പാർട്ടി മുസ്ലിം നേതാവ് സുൽത്താൻ ഗലിയേവിനെ 1923 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കി 1937 ലെ ശുദ്ധീകരണത്തിൽ കൊന്നിരുന്നു.

തുർക്കി സുൽത്താനെ പുറത്താക്കിയെന്ന് കേട്ട് ബ്രിട്ടീഷ് മെർച്ചൻറ് നേവി കപ്പലിൽ നിന്ന് ജോലി വിട്ട്,ഒരു തുറമുഖത്ത് അമേരിക്കൻ കപ്പലിലേക്ക് ചാടി കമ്മ്യൂണിസ്റ്റായ ദാദ അമീർ ഹൈദർ ഖാൻ ആൺ ഇന്ത്യയിലെത്തി പി സുന്ദരയ്യയെ പാർട്ടി അംഗമാക്കിയത്.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തെക്കേ ഇന്ത്യയുടെ ചുമതലയുണ്ടായിരുന്ന ഖാന് ആ സമയത്ത് ഇ എം എസിനെ തേടിപ്പിടിക്കാനാകാത്തതിനാൽ ആന്ധ്രയിൽ ആദ്യം പാർട്ടി ഉണ്ടായി.തെക്കേ ഇന്ത്യയിൽ പാർട്ടി ഉണ്ടാക്കിയത് ഖാൻ ആണ്.വിഭജനത്തിന് ശേഷം ഖാൻ ( 1900 -1989 ) പാക്കിസ്ഥാനിൽ ജീവിച്ചു.

റാവൽപിണ്ടിയിൽ അനാഥനായി മദ്രസയിൽ വളർന്നു.മുംബൈയിൽ 1914 ൽ ബ്രിട്ടീഷ് മെർച്ചൻറ് നേവിയിൽ ചേർന്നു.നാലു വർഷം കഴിഞ്ഞ് അമേരിക്കൻ മെർച്ചൻറ് മറീനായ ഖാനെ ഐറിഷ് ദേശീയവാദി ജോസഫ് മുൽകാനെ ബ്രിട്ടീഷ് വിരുദ്ധനാക്കി.1918 ജൂലൈ മൂന്നിന് തുർക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമനെ ബ്രിട്ടൻ പുറത്താക്കിയതിനാലാണ്,ഖാൻ ബ്രിട്ടീഷ് കപ്പൽ വിട്ടത്.ന്യൂയോർക്കിൽ 1920 ൽ ഗദർ പാർട്ടി നേതാക്കളെ കണ്ടു.ലോകമാകെ തുറമുഖങ്ങളിൽ ഗദർ ലഘുലേഖകൾ വിതരണം ചെയ്തു.അദ്ദേഹത്തെ കപ്പലിൽ നിന്ന് പുറത്താക്കി.
ഹൈദർ ഖാൻ 
കമ്മ്യൂണിസ്റ്റായി ചെറിയ വണ്ടികൾ ഓടിച്ചു -അമേരിക്കൻ പാർട്ടി ഖാനെ സോവിയറ്റ് യൂണിയനിലേക്ക് വിട്ടു.കിഴക്കൻ തൊഴിലാളി സർവകലാശാലയിൽ പഠിച്ചു.അതിനു ശേഷം 1928 ൽ സോവിയറ്റ് പാർട്ടി ഖാനെ മുംബൈയ്ക്ക് അയച്ചു.എസ് വി ഘാട്ടെ,എസ് എ ഡാങ്കെ,പി സി ജോഷി,ബി ടി]രണ ദിവെ തുടങ്ങിയവരെ കണ്ടു.മീററ്റ് ഗൂഢാലോചന കേസിൽപെട്ട് അടുത്ത കൊല്ലം മോസ്‌കോയ്ക്ക് രക്ഷപെട്ടു.കോമിന്റേണെ വിവരമറിയിച്ച് സഹായം ചോദിച്ചു.1930 ൽ പതിനാറാം കോൺഗ്രസിൽ പങ്കെടുത്തായിരുന്നു,മടക്കം.മുംബൈയിൽ അറസ്റ്റിൽ നിന്ന് രക്ഷ നേടാൻ മദ്രാസിലേക്ക് അയച്ചു.ശങ്കർ എന്ന പേരിൽ തെക്കേ ഇന്ത്യയിൽ പ്രവർത്തിച്ചു.യങ് വർക്കേഴ്സ് ലീഗ് ഉണ്ടാക്കി.

ഭഗത് സിംഗിനെ വാഴ്ത്തുന്ന ലഖുലേഖയുമായി പൊലീസ് പിടികൂടി ഖാനെ മുസഫർ നഗർ ജയിലിലാക്കി.അംബാല ജയിലിലേക്ക് മാറ്റി 1938 ൽ വിട്ടു.കോൺഗ്രസിലെ ഇടതുപക്ഷം അദ്ദേഹത്തെ മുംബൈ കമ്മിറ്റിയിൽ എടുത്തു.രാംഗഡ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു.രണ്ടാം ലോക യുദ്ധം തുടങ്ങിയ 1939 ൽ തടവിലായി.നാസിക് ജയിലിൽ ഓർമ്മക്കുറിപ്പുകൾ എഴുതി.1942 ൽക്വിറ്റ് ഇന്ത്യയെ ഒറ്റി പാർട്ടി ബ്രിട്ടീഷ് പക്ഷം ചേർന്നപ്പോൾ വിട്ടയച്ച അവസാന കമ്മ്യൂണിസ്റ്റുകളിൽ ഒരാളായി.

പാക്കിസ്ഥാൻ ഉണ്ടാകും മുൻപ് പാർട്ടി പ്രവർത്തനത്തിന് റാവൽപിണ്ടിയിലെത്തി. 1949 ൽ പിടിയിലായി.മുക്തനായി ഗ്രാമത്തിൽ പട്ടാളക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചത് വഴി റാവല്പിണ്ടിക്ക് തന്നെ മാറേണ്ടി വന്നു.സ്വത്ത് വിറ്റ് ഗ്രാമത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്‌കൂളുണ്ടാക്കി.സൂഫി സന്യാസി ഹുസ്സൈൻ ബക്ഷ് മലങ് ആയിരുന്നു,ആത്മ സുഹൃത്ത്.ഇ എം എസ് ജനറൽ സെക്രട്ടറി ആയപ്പോൾ ഖാൻ ഡൽഹിയിലെത്തി കണ്ടിരുന്നു.

ഖിലാഫത്ത്,കമ്മ്യൂണിസ്റ്റുകളെയും സൃഷ്ടിച്ചു.

ഗാന്ധിയും ലെനിനും പരസ്പരം യോജിക്കാത്ത ദർശനങ്ങളുടെ,അഹിംസയുടെയും ഹിംസയുടെയും  വക്താക്കളായിരുന്നു.എങ്കിലും,അവർ ഒരു കാര്യത്തിൽ യോജിച്ചു:മുസ്ലിംകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ മതത്തിൻറെ വഴിയേയുള്ളു.

---------------------------------------------------
1.Ali Brothers ' Fraught Relationship with Gandhi / Syed Saad Ahmed / The Outlook,26 September ,2019.
2.A Revolutionary's Defense,Young India,12 February,1925
3.To Another Revolutionary,12 March 1925

See  https://hamletram.blogspot.com/2019/11/blog-post.html






No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...