Sunday 4 October 2020

തേലക്കാട്ട്:ബലിയും കാഴ്ചയും

 മോറിസ് ബ്ലാഞ്ചോയ്ക്ക് ഒരാമുഖം 

ഫ്രഞ്ച് തത്വ ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ മോറിസ് ബ്ലാൻചോ കേരളത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ട ആളല്ല.എന്നാൽ ഉത്തരാധുനിക സൈദ്ധാന്തികരായ ഴാക്വസ് ദെറീദ,മൈക്കിൾ ഫൂക്കോ,റൊളാങ് ബാർത്,ഗിലസ് ദെൽയൂസ് എന്നിവർ ഇവിടത്തെ സാഹിത്യ വിമർശനങ്ങളിൽ കടന്നു വരാറുമുണ്ട്.ഇവരെയൊക്കെ സ്വാധീനിച്ച ചിന്തകനാണ് ബ്ലാൻചോ.ദെറീദ പലവട്ടം അദ്ദേഹത്തെ പ്രബന്ധങ്ങളിൽ പരാമർശിക്കുന്നുമുണ്ട്.

എന്തുകൊണ്ട് ബ്ലാൻചോ ഇവിടെ വന്നില്ല എന്ന ചോദ്യത്തിന് ഉത്തരം,കേരളത്തിൽ ആധുനിക കാലത്ത് ചിന്തകന്മാർ ജനിക്കാറില്ല എന്നത് തന്നെ;സാഹിത്യ വിമർശനമാകട്ടെ,മരണത്തിൻറെ വക്കിലുമാണ്.ഇത്രയും പറയാൻ കാരണം,ഒടുവിൽ ബ്ലാൻചോ ഇവിടെ വന്നു എന്നത് കൊണ്ടാണ്.നമ്മുടെ വിരലിൽ എണ്ണാവുന്ന ചിന്തകരിൽ ഒരാളായ പോൾ തേലക്കാട്ട് എഴുതിയ 'സാഹിത്യത്തിൻറെ താത്വികാഖ്യാനങ്ങൾ' എന്ന പുസ്തകത്തിൽ,ബ്ലാൻചോയുടെനിരീക്ഷണങ്ങൾ പലപ്പോഴും കടന്നു വരുന്നു.എഴുത്തിനെ ബലിയായും അന്ധതയിലെ ഉൾക്കാഴ്ചയായും കാണുന്ന തേലക്കാട്ട് എഴുതിയ പുസ്തകം വായിച്ചു തീരുമ്പോൾ,എഴുതുന്ന മുഹൂർത്തങ്ങളിൽ എഴുത്തുകാരൻ സ്വയം ദൈവമായി മാറുന്ന അദ്വൈതം വെളിപ്പെടും.
മോറിസ് ബ്ലാൻചോ 

ഞാൻ സാഹിത്യം പഠിക്കുമ്പോൾ,ഇവിടെ ഉത്തരാധുനിക സിദ്ധാന്തങ്ങൾ പ്രചരിച്ചിട്ടില്ല.സാഹിത്യത്തെ അറിയാൻ ഞാൻ പിൻപറ്റിയിരുന്നത് ക്ലീന്ത് ബ്രൂക്ക്സ്,ഫ്രാങ്ക് കെർമോട്,നോർത്രോപ് ഫ്രൈ,ബാലചന്ദ്ര രാജൻ,ജോർജ് സ്റ്റെയ്‌നർ തുടങ്ങിയ ഒന്നാന്തരം വിമർശകരെ ആയിരുന്നു.വിദേശത്ത് ജീവിച്ച ഇന്ത്യക്കാരനായ ബാലചന്ദ്ര രാജൻ ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടില്ല;അദ്ദേഹത്തിൻറെ സാഹിത്യ പ്രബന്ധങ്ങൾ അഗാധത കൊണ്ട് ഒന്നാം നിരയിൽ നിൽക്കുന്നതാണ്.ഇക്കൂട്ടത്തിൽ സ്റ്റെയ്‌നർ തേലക്കാട്ടിന്റെ പുസ്തകത്തിൽ കടന്നു വന്നത് ഗൃഹാതുര സ്മരണയാവുകയും ഞാൻ സ്റ്റെയ്‌നറുടെ Language and Silence വായിച്ച് നമിച്ച യൗവനം ഓർക്കുകയും ചെയ്തു.

ബെൽജിയത്തിലെ ലുവെയ്ൻ സർവകലാശാലയിൽ തത്വശാസ്ത്രം പഠിച്ച തേലക്കാട്ട് പഠനകാലത്ത് ഫ്രഞ്ച് തത്വ ചിന്തകൻ എമ്മാനുവൽ ലെവിനാസിനെ അവിടത്തെ കഫെയിൽ ഒരിക്കൽ കണ്ടുമുട്ടിയതായി സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്;ലെവിനാസ് സ്വാഭാവികമായും അദ്ദേഹത്തിൻറെ രചനകളിൽ സ്ഥാനം പിടിക്കുന്നുണ്ട്.ഇത് പോലെ വരുന്ന മറ്റൊരു ചിന്തകൻ മാർട്ടിൻ ഹൈഡഗറാണ്.ഹൈഡഗറുടെ സംഘർഷ ഭരിതമായ ജീവിതം സമീപ കാലത്തിറങ്ങിയ The Existential Cafe എന്ന പുസ്തകത്തിൽ കാണാം.ഹിറ്റ്ലറുടെ നാസിസത്തോടൊപ്പം നിന്ന് പദവികൾ നേടുകയും അവ പിന്നെ വേണ്ടെന്ന് വയ്ക്കുകയും സാർത്രിനോട് കലഹിക്കുകയും നിരന്തരം എഴുതുകയും ചെയ്തു കൊണ്ടിരുന്ന ഹൈഡഗർ ഒരു പ്രഹേളിക തന്നെയാണ്.മാക്സ് മുള്ളർ അദ്ദേഹത്തിൻറെ സഹായി ആയിരുന്നു എന്നും വായിച്ചതോർക്കുന്നു.

സാഹിത്യ രഹസ്യങ്ങൾ ചുരുളഴിക്കാൻ ബലി പോലെ,തേലക്കാട്ടിന്റെ പ്രിയ വിഷയമാണ്,അന്ധതയും കാഴ്ചയും.'കാവ്യം കേട്ടെഴുത്തോ കണ്ടെഴുത്തോ' എന്ന പ്രബന്ധം തുടങ്ങുന്നത് പഴയ നിയമത്തിലെ അന്ധനായ തോബിത്തിൻറെ കഥയിലാണ്.ആ അന്ധത പ്രവാസത്തിൻറെയും ശിക്ഷയുടെയും ഫലമായിരുന്നു.അന്ത്യ ശുശ്രൂഷകളാണ് അയാളുടെ ദൗത്യം.കാഴ്ചയുടെ ശുശ്രൂഷയല്ല,കേൾവിയുടെ ശുശ്രൂഷയാണ് അയാളുടേത്.തേലക്കാട്ട് എഴുതുന്നു:

"ഈ അന്ധതയാണ് കവികൾക്ക് ഉണ്ടായിരിക്കുന്നത്.ടി എസ് എലിയറ്റും ജോർജ് ബോർഹെസും അന്ധരായിരുന്നു.എലിയറ്റ് പറയുന്നതനുസരിച്ച് ഹോമർ അന്ധനായിരുന്നു.കാഴ്ചയല്ല,കേൾവിയാണ് കാവ്യത്തിൻറെ ഉറവിടം.അന്ധനായി മാറിയ മിൽട്ടൻ എഴുതി,'എൻറെ വിധി സാഹിത്യത്തിൻറെ വിധിയാണ്.ഇത് കവികൾക്ക് സംഭവിച്ചിട്ടുണ്ട്.മോശമായതും നല്ലതും അവർക്ക് സംഭവിക്കുന്നു-സാവധാനം അവയൊക്കെ വാക്കുകളായി മാറും'.അത് സാംസൻറെ വിധി പോലെ അദ്ദേഹം കണ്ടു.ജെയിംസ് ജോയ്‌സ് പറയുന്നു:'എനിക്ക് സംഭവിച്ച കാര്യങ്ങളിൽ ഏറ്റവും അപ്രധാനമായത് ഞാൻ അന്ധനായതാണ്.'.അദ്ദേഹത്തിൻറെ പ്രധാന കൃതികളൊക്കെ അന്ധതയിൽ എഴുതപ്പെട്ടു.ഓർമയിൽ നിന്ന് വാചകങ്ങൾ ചെത്തി മിനുക്കി.യാഥാർഥ്യത്തിന്റെ കാഴ്ചകൾ കണ്ട് അന്ധനാകാതിരിക്കാൻ വേണ്ടി കണ്ണുകൾ ഡെമോക്രിറ്റസ് കുത്തിപ്പൊട്ടിച്ചതായി പറയുന്നു.ഈഡിപ്പസ് രാജാവിൻറെ ദുരന്ത രാജ്യത്തെ പ്രവാചകൻ തീരേബിയസ് അന്ധനായിരുന്നു.സോഫോക്ലിസിൻറെ നാടകത്തിൽ അദ്ദേഹമാണ് കാര്യങ്ങൾ അറിയുന്നത് ".

കവി റെയ്‌നർ റിൽക്കെ നക്ഷത്രങ്ങളാണ് മനുഷ്യൻറെ കണ്ണുകൾ എന്ന് പറയുന്നിടത്താണ് തേലക്കാട്ട് ചെന്ന് നിൽക്കുന്നത്.എലിയറ്റും റിൽക്കെയും തേലക്കാട്ട് എഴുതും പോലെ അന്ധർ ആയിരുന്നില്ല.Going Blind എന്ന കവിത എഴുതിയ റിൽക്കെയ്ക്ക് പത്തു കൊല്ലം എഴുതാൻ കഴിയാതെ വന്നിട്ടുണ്ട്.ലുക്കീമിയ വന്നായിരുന്നു മരണം.എലിയറ്റിന്റെ The Wasteland ൽ അന്ധനായ പ്രവാചകൻ തൈറേഷ്യസ് ഉണ്ട്;എലിയറ്റ് ബ്രെയ്‌ലിയെപ്പറ്റി ലേഖനം എഴുതിയിട്ടുമുണ്ട്.Blindness എന്ന നോവൽ തന്നെ എഴുതി,അന്ധൻ അല്ലാത്ത സരമാഗു.ജെയിംസ് ജോയ്‌സ് അന്ധനായത് സിഫിലിസ് കാരണമാണ്.

അന്ധതയെപ്പറ്റി ബ്ലാഞ്ചോയും എഴുതി.ഇരുപതാം നൂറ്റാണ്ടിലെ നിർണായക ചിന്തകനായ അദ്ദേഹം,സാഹിത്യത്തെ തന്നെ തത്വ ചിന്താ പ്രശ്നമായി കണ്ടു.അദ്ദേഹത്തെ ശിഷ്യന്മാരിൽ നിന്ന് വേറിട്ട് നിർത്തുന്നത്,അദ്ദേഹം എഴുതിയത് മനസ്സിലാകുന്നു എന്നതിലാണ്.Post Structuralism എന്ന ആംഗ്ലോ അമേരിക്കൻ വിമർശ സിദ്ധാന്തം ബ്ലാൻചോ ഇല്ലാതെ പൂർണമാവില്ല.രാഷ്ട്രീയ പത്രപ്രവർത്തനം കൂടി കൈകാര്യം ചെയ്തതിനാലാണ് ഘടനവാദം ഇഷ്ടമില്ലാത്ത ഞാൻ ബ്ലാഞ്ചോയെ ശ്രദ്ധിച്ചത്.ബ്ലാൻചോയ്ക്ക് പൂർവസൂരികളായ വിമർശകർ വിഷയമായില്ല.ഹെഗൽ,ഹൈഡഗർ,ലെവിനാസ് തുടങ്ങിയ  ചിന്തകരും കാഫ്‌ക,സ്റ്റീഫൻ മലർമെ തുടങ്ങിയ എഴുത്തുകാരുമൊക്ക അടങ്ങിയതാണ് ബ്ലാൻചോയുടെ ലോകം.സാഹിത്യ കൃതി ഒരു സത്യം മുന്നോട്ട് വയ്ക്കുന്നു.ആ സത്യം എന്തെന്ന് വെളിവാക്കുകയാണ് സാഹിത്യ വിമർശത്തിന്റെ കർമം എന്ന് പൊതു വിശ്വാസമുണ്ട്.ഈ സത്യത്തെ ചോദ്യം ചെയ്യുകയാണ് സാഹിത്യത്തിൻറെ കടമ എന്ന് ബ്ലാൻചോ കണ്ടു.


കിഴക്കൻ ഫ്രാൻസിൽ 1907 ൽ ജനിച്ച ബ്ലാൻചോ ( Maurice Blanchot ) മുപ്പതുകളിൽ വലതുപക്ഷ പത്രങ്ങളിൽ എഴുതി.ഇക്കാലത്തെ എഴുത്തിൽ ജൂത വിരുദ്ധതയുണ്ടെന്ന് വിമർശകർ പറയുന്നു.1927 ൽ സ്ട്രാസ്ബർഗ് സർവകലാശാലയിൽ പരിചയപ്പെട്ട ജൂതനായ ലെവിനാസുമായുള്ള ബ്ലാഞ്ചോയുടെ സൗഹൃദം ഈ വാദത്തെ തിരസ്കരിക്കുന്നു.അതേ സമയം ബ്ലാൻചോ ജോലി ചെയ്ത പത്രങ്ങൾ ജൂത വിരുദ്ധമായിരുന്നു;അത് അദ്ദേഹത്തിന് അറിയാമായിരുന്നു.അത് കൊണ്ട് അദ്ദേഹം പിൽക്കാലത്ത് എഴുതിയതെല്ലാം റദ്ദാകുമെന്ന് കമ്മ്യൂണിസ്റ്റുകൾ വാദിക്കുന്നത് ബാലിശമാണ്.ലെവിനാസ് -ൻറെ കുടുംബത്തെ യുദ്ധ കാലത്ത് ഉന്മൂലന ക്യാമ്പിലേക്ക് കൊണ്ടു പോകുന്നതിൽ നിന്ന് രക്ഷിച്ചത് ബ്ലാഞ്ചോയാണ്.ജോർജ് ബതായിയുടെ സുഹൃത്തായിരുന്നു ബ്ലാൻചോ -അദ്ദേഹവും എഴുത്തിനെ സ്വാധീനിച്ചു.The Instant of My Death എന്ന വിവരണത്തിൽ ഒരു ജർമൻ ഉന്മൂലന സ്‌ക്വാഡിന് മുന്നിൽ നിഴൽ വിചാരണ നേരിടേണ്ടി വന്ന ഒരു ദസ്തയേവ്‌സ്കിയൻ മരണ മുഹൂർത്തം ബ്ലാൻചോ രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധ ശേഷം ആന്ദ്രേ ഴീദ് പത്രാധിപരായിരുന്ന സ്വതന്ത്ര മാസികയിലും സാർത്രും മെർലോ പോണ്ടിയിലും ഇറക്കിയിരുന്ന മാസികയിലും എഴുതി.1940 മുതൽ പത്തു കൊല്ലം നോവലുകൾ എഴുതി.1968 വരെ പുസ്തക നിരൂപണങ്ങളിൽ ശ്രദ്ധിച്ചു.അൻപതുകളിലും അറുപതുകളിലും ഇടതു പക്ഷത്തു നിന്നു.1968 ൽ പൊതുരംഗത്തു നിന്ന് അപ്രത്യക്ഷനായി.2003 ൽ ആയിരുന്നു മരണം.

ബ്ലാഞ്ചോയുടെ സാഹിത്യ സിദ്ധാന്തം എന്താണെന്ന് ലളിതമായി പറയാൻ ശ്രമിക്കാം:

സാഹിത്യം ചിന്തയുടെ ഒരു ലോകം ആവശ്യപ്പെടുന്നുണ്ട്.ചിന്ത കേവല പരിധിക്കപ്പുറം പോകുന്നു എന്നിരിക്കട്ടെ -അപ്പോൾ നാം അസാദ്ധ്യത്തെ അഭിമുഖീകരിക്കുന്നു;അത് ഏകമാണ്,ബാഹ്യമാണ്.വർണിക്കാനാകാത്ത തീവ്ര ലോകം.ഇതാണ് ആത്യന്തികമായി സാഹിത്യത്തിൻറെ ലോകം.ദൈനംദിന ഭാഷയാൽ ഈ ലോകത്തെ ആവിഷ്‌കരിക്കാൻ ശ്രമിക്കുകയാണ്.അവിടെ തത്വ ചിന്തയുടെ ഭാഷ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു.ഈ ബാധ്യത സാഹിത്യ ഭാഷക്കില്ല.ആ ഉത്തരവാദിത്തം ഇല്ലാത്ത അട്ടിമറിയുടെ ഭാഷയാണ് സാഹിത്യം.സാഹിത്യത്തിൽ വാക്കുകൾക്ക് സ്വയം തിരിച്ചറിവില്ല.അത് നിൽക്കുന്നത് അനിശ്ചിതത്ത്വത്തിൻറെ അന്തരീക്ഷത്തിലാണ്.

ഇത്രയും മനസ്സിൽ വച്ചാലേ ബ്ലാൻചോ പറയുന്ന ബാക്കി കാര്യങ്ങൾ മനസ്സിലാകൂ.മലർമെ,റിൽകെ തുടങ്ങിയ സർറിയലിസ്റ്റ് കവികളെയും കാഫ്‌ക,പ്രൂസ്ത്,ബെക്കറ്റ് തുടങ്ങിയ നോവലിസ്റ്റുകളെയും ഒക്കെയാണ് ബ്ലാൻചോ പഠിക്കുന്നത് -ബെക്കറ്റ് നാടക കൃത്ത് മാത്രമല്ല.സാഹിത്യം നിരവധി തത്വ ചിന്താ പ്രശ്നങ്ങൾ ഉന്നയിക്കുന്നു.അതിന് ഉത്തരം തേടി കീർക്കെഗാദ്,ഹെഗൽ,നീഷെ,ഹൈഡഗർ തുടങ്ങിയ തത്വ ചിന്തകരെ ആനയിക്കുന്നു.ലെവിനാസ് സിദ്ധാന്തിച്ച 'അപരനി'ൽ,ബ്ലാൻചോ സാഹിത്യത്തിൻറെ രാഷ്ട്രീയവും നൈതികവുമായ പ്രചോദനം കാണുന്നു.സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ ജോർജ് ബതായിയുടെ വിചാരങ്ങളും ഈ വഴിക്കായിരുന്നു.ബതായി 1927 ൽ എഴുതിയ ലൈംഗിക നോവൽ Story of the Eye ഞാൻ വായിച്ചിട്ടുണ്ട്.ബതായി മരിച്ച 1962 ൽ ബതായി എഡിറ്ററായ മാസികയിൽ Metaphor of the Eye എന്ന പ്രബന്ധം റൊളാങ് ബാർത് എഴുതുകയുണ്ടായി.ബതായിയുടെ നോവൽ ദുർഗ്രഹതയുടെ പരിധിക്കകത്താണ് എന്നാണ് എൻറെ അനുഭവം.

ഘടനാവാദത്തിൽ പൊതുവെ ഈ പ്രശ്നമുണ്ട്.സംസ്കാരം വിഘടിക്കുന്ന രണ്ടാം ലോകയുദ്ധത്തിന്റെ അനുഭവമാകാം ദുർഗ്രഹതയ്ക്ക് കാരണം.ദൈവം മരിച്ചെന്ന് വിശ്വസിച്ച ഒരു സംഘമാണ്,ഇത്.

സാഹിത്യത്തെ അറിയാൻ ഘടനാ വാദികളായ വിമർശകർ സഹായിക്കുകയില്ല.ഏപ്രിലാണ് ക്രൂരമായ മാസം എന്ന് എലിയറ്റ് Waste Land ൽ എഴുതിയത് വായിച്ച കാലത്ത്,എന്ത് കൊണ്ട് ഏപ്രിൽ എന്നതിന് ഉത്തരം കിട്ടിയിരുന്നില്ല.പിന്നീട് യേശുവിൻറെ ജീവിതം അറിഞ്ഞപ്പോഴാണ്  അദ്ദേഹത്തെ കുരിശിൽ തറച്ച മാസമാണ് ഏപ്രിൽ എന്നറിഞ്ഞത്.യേശുവിൻറെ പേര് എലിയറ്റിന്റെ കവിതയിൽ ഇല്ല.ആത്മനിഷ്ഠമായ ആ വാചകം,മതത്തിൽ വിശ്വസിച്ച എലിയറ്റിൽ നിന്നുണ്ടായത് മനസ്സിലാകുന്നത് വെളിപാടിൻറെ ഒരു നിമിഷത്തിലാണ്;അത്തരം നിമിഷങ്ങളുടെ ആകെത്തുകയാണ് എഴുത്ത്.ആ ലോകം വെളിവാക്കാൻ ഘടനാ വാദികൾ അല്ലാത്ത ഇംഗ്ലീഷ് വിമർശകരാണ് എന്നെ സഹായിച്ചത്.

തേലക്കാട്ടിന്റെ പുസ്തകം എന്നെ പ്രേരിപ്പിച്ചത് ബ്ലാൻചോയിലേക്ക് മടങ്ങാൻ കൂടിയാണ് -ഘടനാവാദത്തെ ദുർഗ്രഹതയിൽ നിന്ന് മോചിപ്പിക്കാൻ മൂലത്തിലേക്കുള്ള മടക്കം സഹായിച്ചേക്കാം.വേരുകൾ തേടുന്നതും സർഗ്ഗ പ്രക്രിയ ആണല്ലോ.

----------------------------------------------------------

സാഹിത്യത്തിൻറെ താത്വികാഖ്യാനങ്ങൾ 

പോൾ തേലക്കാട്ട്,മാളു ബെൻ പബ്ലിക്കേഷൻസ് 

197 പേജ്,200 രൂപ

© Ramachandran 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...