ചൈന എന്നും ദുശ്ശകുനം
കമ്മ്യൂണിസ്റ്റ് വിമത ബുദ്ധിജീവിയായ മോഹിത് സെന്നിൻറെ ' പഥികനും പാതയും: ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ യാത്ര' (The Traveller and the Road: The Journey of an Indian Communist) എന്ന മനോഹരമായ ആത്മകഥയിൽ, 'ചൈനീസ് ആക്രമണം' എന്ന അധ്യായം, 1962 ലെ ചൈനാ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പടല പിണക്കങ്ങളുടെ കഥ പറയുന്നു.
അക്കാലത്തെപ്പറ്റിയുള്ള വിവരണങ്ങൾ നെഹ്‌റുവിനെ വിമർശിക്കുന്നവയാണ്. അദ്ദേഹം ചൈനയെ വല്ലാതെ വിശ്വസിച്ചു; ചൈനയെ അദ്ദേഹം പ്രകോപിപ്പിച്ചു എന്നിങ്ങനെയാണ്, വിമർശനം. രണ്ടും അത്ര ശരിയല്ല എന്നാണ് മോഹിത് സെൻ പറയുന്നത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ ജനറൽ സെക്രട്ടറി അജയ് ഘോഷ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോവിയറ്റ് പാർട്ടിക്കും രഹസ്യ കത്തുകൾ എഴുതിയിരുന്നു. ചൈന, ടിബറ്റിനെ ആക്രമിച്ചപ്പോൾ, 1958 ൽ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. ഇന്ത്യ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടു വരികയായിരുന്നു എന്ന് ചൈന കരുതി. ഇത്, ചൈനാ നേതൃത്വത്തെ ചൊടിപ്പിച്ചു. ഇന്ത്യ അഭയം കൊടുത്തില്ലെങ്കിൽ, ലാമ അമേരിക്കയിൽ എത്തുമായിരുന്നു. ഇന്ത്യ അതിന് അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് വിചാരിക്കാം - അങ്ങനെ ആയിരുന്നെങ്കിൽ, ലാമ അമേരിക്കയിൽ പോയി ചൈനക്കെതിരെ ആഞ്ഞടിച്ചു കൊണ്ടിരുന്നേനെ. ഇവിടെ ശാന്തനായി. ചൈന ടിബറ്റിൽ ഇടപെട്ടപ്പോൾ, ബുദ്ധമതം അടിസ്ഥാനമാക്കി, മൊറാർജി ദേശായ്, ഗോവിന്ദ് വല്ലഭ് പന്ത് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ, നെഹ്‌റുവിന്റെ ചൈനാ പ്രീണനത്തെ വിമർശിച്ചു. അങ്ങനെയാണ് നെഹ്‌റു വിപത്തിൽ പെട്ടത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയെ അനുകൂലിച്ചു.
മോഹിത് സെൻ പറയാത്ത ഒന്നുണ്ട്: ചൈനയിൽ സ്ഥാനപതിയായി നെഹ്‌റു ആദ്യം അയച്ചത്, സർദാർ കെ എം പണിക്കരെ (ചൈനയിൽ 1948- 1952) ആയിരുന്നു. അദ്ദേഹത്തിൻറെ മകൾ ദേവകി കേരളത്തിലെ പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായരുടെ ഭാര്യ ആയിരുന്നു. അവർ ചൈനയിൽ പോയി തിരിച്ചു വന്ന് ഒരു സ്തുതി പുസ്തകം എഴുതിയിരുന്നു. (1) പണിക്കർ ചില അതിക്രമങ്ങൾ കാട്ടിയതിനാൽ, സർദാർ പട്ടേൽ ഇടപെട്ട് പുറത്താക്കി. പണിക്കരെ ഈജിപ്തിലേക്ക് സ്ഥലം മാറ്റി നെഹ്‌റു സംരക്ഷിച്ചു.
ചൈന ടിബറ്റിൽ നടത്തിയ അധിനിവേശത്തെ പണിക്കർ അനുകൂലിച്ചു. ഇന്ത്യൻ സർക്കാരിൻറെ നയം അറിയാൻ നിൽക്കാതെ, വ്യക്തിപരമായാണ്, പണിക്കർ നിലപാട് എടുത്തത്. ചൈനീസ് വിദേശ മന്ത്രി ഷു എൻ ലായിയെ കണ്ട്, ചൈന ടിബറ്റ് മോചിപ്പിച്ചാൽ ഇന്ത്യ ഇടപെടില്ലെന്ന് പണിക്കർ ഉറപ്പ് നൽകി.
ചൈന രണ്ട് അതിക്രമങ്ങൾ കാട്ടി. ഇന്ത്യയുടെ വടക്കു കിഴക്കും വടക്കു പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ തങ്ങളുടേതാക്കി ചൈന ഭൂപടങ്ങൾ ഇറക്കി. പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോൻ ഇത് സി പി ഐ നേതൃത്വത്തിൻറെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇത് ഉഭയ കക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈനയെ അറിയിക്കാൻ മേനോൻ ആവശ്യപ്പെട്ടു. ഇടതു പക്ഷത്തുള്ള ഫിറോസ് ഗാന്ധി, എടത്തട്ട നാരായണൻ, ഡോ കെ എൻ രാജ് തുടങ്ങിയവരോടും മേനോൻ സംസാരിച്ചു. അവർ സി പി ഐ നേതൃത്വത്തെ കണ്ടു. കെ എൻ രാജ് ചൈനീസ് നീക്കത്തിൽ ക്ഷുഭിതനായെന്ന് മോഹിത് സെൻ എഴുതുന്നു. ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം വരും മുൻപുള്ള ഭൂപടങ്ങളാണെന്ന് ചൈന ഇവിടത്തെ പാർട്ടിയോട് വിശദീകരിച്ചു. എന്നിട്ടും, ഭൂപടങ്ങൾ പിൻവലിച്ചില്ല.
തുടർന്ന്, ഭൂപടത്തിൽ കാണിച്ച പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അത്, ബ്രിട്ടൻ കൂട്ടിച്ചേർത്തതാണ്. 1914 ൽ അതിർത്തിയായ വടക്കുകിഴക്ക് ബ്രിട്ടൻ വരച്ച മക് മഹോൻ രേഖ അംഗീകരിക്കില്ലെന്നും ചൈന നിലപാട് എടുത്തു. ഈ മേഖലയിലാണ് തങ്ങളുടെ പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ എന്ന് ചൈന അവകാശപ്പെട്ടു. ഈ അവകാശവാദം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും അമ്പരപ്പിച്ചു.
പ്രശ്‍നം നെഹ്‌റു കാര്യമാക്കിയില്ല. വടക്കു പടിഞ്ഞാറൻ മേഖല മിക്കവാറും തരിശാണെന്ന് നെഹ്‌റു പറഞ്ഞു. അവിടെ പുല്ലു പോലും കിളിർക്കില്ല. ഈ പ്രസ്താവനയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെയുള്ളവർ എതിർത്തു. എങ്കിലും കമ്മ്യൂണിസ്റ്റ് പക്ഷപാതിത്വത്തിൽ നെഹ്‌റു ഉറച്ചു നിന്നു. ചൈനീസ് പാർട്ടി നേതൃത്വം, ഒരു പരിധിക്കപ്പുറം പോകില്ലെന്ന് നെഹ്‌റു കരുതി.
ചൈന കാട്ടിയ രണ്ടാമത്തെ അതിക്രമം, പരസ്യമായി നെഹ്‌റുവിനെ എതിർത്തു എന്നതാണ്. 'പീപ്പിൾസ് ഡെയ്‌ലി' രണ്ടു മുഖപ്രസംഗങ്ങളിലാണ് ഇത് ചെയ്തത്. ടിബറ്റും നെഹ്‌റുവിന്റെ തത്വദീക്ഷയും ആയിരുന്നു വിഷയം. 1959 ആദ്യം വന്ന ഈ മുഖപ്രസംഗങ്ങൾ ചെയർമാൻ മാവോ അംഗീകരിച്ചതാണെന്ന് ചൈന ഇന്ത്യൻ പാർട്ടിയെ അറിയിച്ചു. നെഹ്‌റു, ചൈനീസ് മേഖല കയ്യടക്കാനുള്ള സാമ്രാജ്യത്വ കളിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ചൈന വിമർശിച്ചു. നെഹ്‌റു, സാമ്രാജ്യത്വത്തിന് ഒത്താശ ചെയ്യുന്ന ബൂർഷ്വ പ്രതിവിപ്ലവകാരികളുടെയും ഭൂപ്രഭുക്കളുടെയും പ്രതിനിധിയാണെന്ന് അവർ പരിഹസിച്ചു. ഈ ചൈനീസ് നിലപാട് ഇന്ത്യൻ പാർട്ടിയുടെയും സോവിയറ്റ് പാർട്ടിയുടെയും നിലപാടിന് വിരുദ്ധമായിരുന്നു. അതേ സമയം, കോൺഗ്രസിനെതിരെ ഇന്ത്യൻ പാർട്ടി പ്രതിപക്ഷത്തിരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് 1957 ൽ ചൈനീസ് പാർട്ടി ഇന്ത്യൻ പാർട്ടിയോട് പറയുകയും ചെയ്തിരുന്നു. 1956 ലെ എട്ടാം കോൺഗ്രസിൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ സഹകരണത്തിന് ചൈന തീരുമാനിച്ചിരുന്നു. അതായത്, ചൈന, ടിബറ്റ് പ്രശ്നത്തിന് ശേഷം, നിലപാട് മാറ്റുകയായിരുന്നു. ഈ കോൺഗ്രസിൽ ഇ എം എസും പി സുന്ദരയ്യയും പങ്കെടുത്തു.
ചൈനീസ് നിലപാട് മാറ്റം ചർച്ച ചെയ്യാൻ അജയ് ഘോഷ്, ഭൂപേശ് ഗുപ്ത എന്നിവരെ മോസ്‌കോയ്ക്ക് അയച്ചു. ചൈനീസ് നേതൃത്വവുമായി സംസാരിക്കാൻ ഉപദേശം കിട്ടി. ഘോഷും ഗുപ്തയും ചൈനയിൽ പോയി. ചൈന നിലപാടിൽ ഉറച്ചു നിന്നു. ഇന്ത്യയുമായുള്ള സൗഹൃദത്തെക്കാൾ പൂർവികരുടെ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതിലാണ് ചൈനയ്ക്ക് താൽപര്യമെന്ന് ഇരുവരും മടങ്ങി എത്തിയ ശേഷം, സഖാക്കളോട് പറഞ്ഞു. മാവോ ഇത്തിരി അയഞ്ഞതായി അദ്ദേഹത്തെ കണ്ടപ്പോൾ അവർക്ക് തോന്നി.
|
അജയ് ഘോഷ് |
മടങ്ങി വന്ന ഘോഷ് പാർട്ടി വാരിക 'ന്യൂ ഏജ്' ന് ഒരു അഭിമുഖം നൽകി. അഭിമുഖം നടത്തിയത്, മോഹിത് സെൻ ആയിരുന്നു. ഗംഗയും യാങ്‌ടിസികിയങ്ങും ഒഴുകുവോളം സൗഹൃദം തുടരുമെന്ന് മാവോ പറഞ്ഞെന്ന് ഘോഷ് വിവരിച്ചു. വാരിക ഇറങ്ങിയ വെള്ളിയാഴ്ച രാവിലെ 19 ഇന്ത്യൻ സൈനികരെ കൊങ്ക ചുരത്തിൽ ചൈനീസ് പട്ടാളം കൊന്നു. ഘോഷും പാർട്ടിയും മരവിച്ചു. ഇന്ത്യൻ പാർട്ടി ചൈനീസ് പാർട്ടിയോട് വിശദീകരണം ചോദിച്ചു. മറുപടി കിട്ടിയില്ല. സംഭവത്തെപ്പറ്റി ചൈനീസ് വാർത്താ ഏജൻസി സിൻഹുവ ഇറക്കിയ വാർത്ത മാത്രം അയച്ചു കൊടുത്തു.
ചൈനീസ് പാർട്ടി എട്ടാം കോൺഗ്രസിൽ ഇ എം എസും സുന്ദരയ്യയും പങ്കെടുക്കുമ്പോൾ, മാവോയുടെ ഏകാധിപത്യം, വ്യക്തി സ്തുതി എന്നിവക്കെതിരെ പാർട്ടി നീങ്ങിയിരുന്നത്, അവർ അറിഞ്ഞിരുന്നില്ല. ''നൂറു പൂക്കൾ വിരിയട്ടെ, നൂറാശയങ്ങൾ പോരടിക്കട്ടെ'' എന്ന മുദ്രാവാക്യം നിലച്ചിരുന്നു. മാവോ പ്രസിഡൻറ് അല്ലാതായി; ചെയർമാൻ സ്ഥാനത്ത് ഒതുക്കപ്പെട്ടു. അധികാരം പോയ മാവോയെയാണ് ഘോഷും ഗുപ്തയും കണ്ടതെന്ന് അവരും അറിഞ്ഞില്ല. ചൈനീസ് പാർട്ടി, എട്ടാം കോൺഗ്രസ് തീരുമാനങ്ങൾ വലിച്ചെറിഞ്ഞ്, 1958 ൽ 'മുന്നോട്ടുള്ള കുതിപ്പ്' (Great Leap Forward) നയമായി സ്വീകരിച്ചു. സോവിയറ്റ് യൂണിയനെക്കാൾ വ്യവസായവൽക്കരണത്തിൽ മുന്നേറുക ആയി, ലക്ഷ്യം. അതിൻറെ ഉന്മാദത്തിൽ ആയിരുന്നു, ചൈന.
ഈ നയം ദുരന്തമായിരുന്നു. ആരോഗ്യകാരണങ്ങളാൽ, പാർട്ടി മാവോയ്ക്ക് വിശ്രമം വിധിച്ചു.
ആഗോള വിപ്ലവം സംബന്ധിച്ച ചൈനീസ് കാഴ്ചപ്പാട് മാറി. 1960 ഏപ്രിൽ 22 ന്, ലെനിൻറെ ജന്മദിനത്തിൽ, ചൈന, 'ലെനിനിസം നീണാൾ വാഴട്ടെ' എന്ന ലഘുലേഖ ഇറക്കി. ലെനിൻ പറഞ്ഞതൊക്കെ ശരി, അതിൽ നിന്ന് മാറുന്നത് പ്രതിവിപ്ലവം, സാമ്രാജ്യത്വം നിലനിൽക്കുവോളം ലോകയുദ്ധം അനിവാര്യം എന്നൊക്കെ ആയിരുന്നു, ഉള്ളടക്കം. ഇതേ തുടർന്ന് സോവിയറ്റ് പാർട്ടിക്കെതിരെ ചൈന ആക്രമണം തുടങ്ങി. ബെയ്‌ജിങിൽ, യുവാക്കളുടെയും തൊഴിലാളി യൂണിയനുകളുടെയും ലോക സമ്മേളനത്തിൽ എസ് എ ഡാങ്കെ പങ്കെടുത്തു. അവിടെ ചൈനീസ് നയത്തെ അദ്ദേഹം വിമർശിച്ചു. മാവോയിസത്തിനെതിരെ ജാഗരൂകരായിരിക്കാൻ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ പാർട്ടിയോട് ആഹ്വാനം ചെയ്തു. മാവോ ബുദ്ധനാകാൻ ശ്രമിക്കുന്നുവെന്ന് ഡാങ്കെ പരിഹസിച്ചു. ഡാങ്കെയും എസ് ജി സർദേശായിയും ചൈനീസ് പാർട്ടിക്കെതിരെ നീങ്ങി. അവർ നെഹ്‌റുവിനൊപ്പം നിന്നു. ഡാങ്കെ പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ, പാർട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു.
പ്രശ്‍നം, ഇന്ത്യൻ പാർട്ടിയെ ഉലച്ചു. ചൈനീസ് പാർട്ടി തെറ്റ് ചെയ്തതായി സുന്ദരയ്യയുടെ നേതൃത്വം അംഗീകരിച്ചില്ല. ഭൂപടങ്ങളും പുരാരേഖകളുമായി പാർട്ടി യോഗത്തിൽ എത്തി സുന്ദരയ്യ ചൈനയുടെ അവകാശ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് വാദിച്ചു. ചൈന ഭൂമി കയ്യടക്കില്ല, ഇന്ത്യൻ ബൂർഷ്വ ഭരണകൂടം അത് ചെയ്യും എന്നായി സുന്ദരയ്യ. ആഗോള തൊഴിലാളി വർഗ കടമ. ചൈനയ്‌ക്കൊപ്പം നിൽക്കുക എന്നതാണ് ! ഡാങ്കെ പ്രതിനിധീകരിക്കുന്ന റിവിഷനിസ്റ്റ് ബൂർഷ്വ ദേശീയതയ്ക്ക് കീഴടങ്ങരുതെന്ന് സുന്ദരയ്യ ഗ്രൂപ്പ് ശഠിച്ചു. സുന്ദരയ്യയെ ബി ടി രണദിവെ, എം ബസവപുന്നയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, ഹർകിഷൻ സിങ് സുർജിത്, സി എച്ച് കണാരൻ തുടങ്ങിയവർ അനുകൂലിച്ചു. ജനറൽ സെക്രട്ടറി അജയ് ഘോഷ് ഡാങ്കെയുടെ നിലപാടിനെ അനുകൂലിക്കുകയും പ്രവൃത്തിയെ തള്ളുകയും ചെയ്തു. ഭൂപടങ്ങളും പുരാരേഖകളുമല്ല പ്രധാനമെന്ന് സുന്ദരയ്യയെയും വിമർശിച്ചു. സോവിയറ്റ് പാർട്ടിയെ ചൈനീസ് പാർട്ടി എതിർക്കുന്നത്, ആഗോള കമ്യൂണിസത്തിന് നന്നല്ല എന്ന് ഇന്ത്യൻ പാർട്ടി അവർക്ക് എഴുതാൻ ഘോഷ് നിർദേശിച്ചു. ഘോഷിനെ സി രാജേശ്വര റാവു, ഭവാനി സെൻ, ഭൂപേശ് ഗുപ്ത, സെഡ് എ അഹമ്മദ്, എൻ കെ കൃഷ്ണൻ, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ പിന്താങ്ങി. ഇ എം എസ്, എ കെ ഗോപാലൻ, ജ്യോതി ബസു എന്നിവർ ഒരു പക്ഷത്തും ചേർന്നില്ല.
മീററ്റിൽ ദേശീയ സമിതി യോഗം കലുഷമായി. യോഗത്തിനെത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നു. ഘോഷ് പറഞ്ഞ നിലപാട് വച്ച് യോഗം പ്രമേയം പാസാക്കി. നെഹ്‌റുവിന് സപ്തതി ആശംസ നേർന്ന് മറ്റൊരു പ്രമേയവും പാസാക്കി.
ഘോഷും ഡാങ്കെയും നെഹ്‌റുവിനെ വെവ്വേറെ കണ്ടു. നെഹ്‌റു അമ്പരപ്പ് പ്രകടമാക്കി. ചൈന ഭൂതർക്കം ഉയർത്തിയത് മറ്റെന്തിനോ വേണ്ടിയാണെന്ന് അദ്ദേഹം ശങ്കിച്ചു. ഇന്ത്യൻ പ്രശ്‍നം ഘോഷ് 1960 ൽ മോസ്‌കോയിൽ, ആഗോള കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ചു. അൽബേനിയൻ പാർട്ടി ഒഴികെയുള്ളവർ പിന്താങ്ങി. 1957 ലെ സമ്മേളനം അംഗീകരിച്ച ആഗോള കമ്മ്യൂണിസ്റ്റ് നിലപാടിൽ നിന്ന് ചൈന വ്യതിചലിച്ചതായി ആരോപണമുണ്ടായി. ചൗ എൻ ലായിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സംഘം ഉറച്ചു നിന്നു. അദ്ദേഹത്തിൻറെ കൂടെ എത്തിയ ഡെങ് സിയാവോ പിങ് തെമ്മാടിയെപ്പോലെ പെരുമാറി. ചൗ എൻ ലായ് ഇന്ത്യയിൽ ചെന്ന് പ്രശ്‍നം തീർക്കാൻ സമ്മേളനം നിർദേശിച്ചു. അത് നടന്നു. പ്രയോജനം ഉണ്ടായില്ല.
തുടർന്നുള്ള രണ്ടു വർഷങ്ങളിൽ, ഇന്ത്യൻ പാർട്ടിയിലെ തീവ്ര പക്ഷവുമായി ചൈന രഹസ്യ ബന്ധത്തിൽ ഏർപ്പെട്ടു. വിഭാഗീയതയിൽ പെട്ട് ദേശീയ സമിതിയിൽ ചർച്ച നടക്കാതായി. 1961 ആദ്യം നടക്കേണ്ട വിജയവാഡ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഘോഷിനായിരുന്നു. ഇടതു പക്ഷം സഹകരിച്ചില്ല. വലതുപക്ഷം റിപ്പോർട്ട് പരിശോധിക്കാൻ ഡാങ്കെയെ ചുമതലപ്പെടുത്തി. പാർട്ടി കോൺഗ്രസിന് തലേന്ന് റിപ്പോർട്ടിന്റെ ഒരു കോപ്പി മാത്രം തയ്യാറാക്കി ഘോഷ് പോക്കറ്റിലിട്ടു.
ഇന്ത്യൻ നാഷനൽ കോൺഗ്രസും സി പി ഐ യും തമ്മിലുള്ള ബന്ധമായിരുന്നു, ചർച്ച. കോൺഗ്രസിനെ മുച്ചൂടും എതിർക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. ജനവിരുദ്ധമായ നയങ്ങളെ എതിർത്ത് കോൺഗ്രസുമായി സഖ്യം വേണമെന്ന് പി സി ജോഷിയും ഡാങ്കെയും വാദിച്ചു. ഘോഷ് ഒപ്പം നിൽക്കുമെന്ന് ഡാങ്കെ ഗ്രൂപ്പ് പ്രതീക്ഷിച്ചു. എന്നാൽ ഘോഷ് അവതരിപ്പിച്ച റിപ്പോർട്ട് അവരെ നിരാശപ്പെടുത്തി. ഘോഷ് മദ്ധ്യ നിലപാട് എടുത്തു. ജനറൽ സെക്രട്ടറി ഡാങ്കെ -ജോഷി പക്ഷത്തു ചേരാതിരുന്നതിൽ, ഇടതുപക്ഷം സന്തോഷിച്ചു. അതിനാൽ, അവർ ഘോഷിൻറെ റിപ്പോർട്ടിനെ അനുകൂലിച്ചും രാഷ്ട്രീയ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്യാൻ തീരുമാനിച്ചു. പ്രതിനിധി ചർച്ചകളിൽ രോഷം അണ പൊട്ടി. ചെറിയ ഹൃദയാഘാതം വന്ന് ഘോഷ് രണ്ടു ദിവസം കിടപ്പിലായി.
ഒരു രാത്രി പ്രതിനിധികളോട് ഉടൻ സമ്മേളിക്കാൻ നിർദേശം വന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി, സോവിയറ്റ് പ്രതിനിധി സുസ്ലോവ്, യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ചതായി അറിയിച്ചു.
ഘോഷിൻറെ പ്രസംഗം ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പ്രമേയം അതനുസരിച്ചു ഭേദഗതി ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടർന്ന് ദേശീയ സമിതി തിരഞ്ഞെടുപ്പായിരുന്നു . സമിതിയിൽ അംഗങ്ങൾ 101. ഔദ്യോഗിക പാനൽ അവതരിപ്പിച്ചപ്പോൾ ബഹളമായി. ഇടതിന് മേൽക്കൈ ഉള്ള ബംഗാളിൽ നിന്ന് ഡാങ്കെ -ജോഷി പക്ഷത്തെ വെട്ടി നിരത്തിയിരുന്നു. പുതിയ ദേശീയ സമിതിയിൽ മൂന്നിലൊന്ന് ഇടതു പക്ഷം അഥവാ ചൈനാ പക്ഷം. തൃപ്തി ഇല്ലാതെ ഇടതുപക്ഷം ഇറങ്ങിപ്പോയി. അവർ പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് ശ്രുതി പരന്നു. പാതിരയ്ക്ക് സുഖമില്ലാത്ത ഘോഷ് ഹാളിൽ എത്തി. ദേശീയസമിതി അംഗങ്ങളുടെ എണ്ണം 110 ആക്കി പ്രമേയം പാസാക്കി. ഒരു ഒത്തുതീർപ്പ് പട്ടിക പാസാക്കി. തൽക്കാലം പിളർപ്പ് ഒഴിവായി.കേന്ദ്ര എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തിൽ സമ്മതം ഉണ്ടായില്ല. അതിനാൽ, ഘോഷിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുക മാത്രം ചെയ്തു.
ഒരു മാസം കഴിഞ്ഞ് ആ സമിതികളിലും തിരഞ്ഞെടുപ്പ് നടന്നു. പഴയ ബലാബലം തന്നെ. ഇരു ഗ്രൂപ്പുകളും വെവ്വേറെ പ്രവർത്തിച്ചു. മദ്ധ്യ പക്ഷത്ത് ഭൂപേശ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത, ജ്യോതി ബസു, ഇ എം എസ്, എ കെ ഗോപാലൻ, സോഹൻ സിങ് ജോഷ്, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ അണി നിരന്നു.
ചൈന, ഇന്ത്യൻ അതിർത്തിയിൽ അതിക്രമം തുടർന്നു കൊണ്ടിരുന്നു. ഇത് പാർട്ടിയിലെ ഇടതു പക്ഷത്തെ പാർട്ടിക്കകത്ത് മറ്റൊരു പാർട്ടിയായി വളരാൻ സഹായിച്ചു. ബെയ്‌ജിങിലെ മാവോവാദികളുമായി അവർ ബന്ധം സ്ഥാപിച്ചു. കോൺഗ്രസിനോടും നെഹ്‌റുവിനോടും പുച്ഛം എന്ന നയത്തിൽ യോജിച്ചു. പാർട്ടി പിടിച്ചടക്കുകയായി ലക്ഷ്യം. സി പി ഐ ആസ്ഥാനത്ത് ഘോഷ് അവസാനം നടത്തിയ പത്ര സമ്മേളനത്തിൽ, ചൈനയ്ക്ക് മാർക്സിസത്തിൻറെ കുത്തകയില്ലെന്ന് തുറന്നടിച്ചു.നെഹ്‌റു സാമ്രാജ്യത്വത്തിൻറെ വളർത്തു പട്ടിയാണെന്ന ചൈനീസ് വിമർശത്തോട് ഘോഷ് വിയോജിച്ചു. അങ്ങനെ സി പി ഐ ഔദ്യോഗികമായി ചൈനീസ് വിരുദ്ധമായി.
|
ഡാങ്കെ |
ഇടതുപക്ഷം ഘോഷിനെതിരെ വൻ പ്രചാര വേല അഴിച്ചു വിട്ടു. ഇടക്കിടെ മോസ്‌കോയ്ക്ക് പോകാൻ ഘോഷ് അസുഖം ഭാവിക്കുകയാണ് എന്നത് വരെ മനുഷ്യത്വ രഹിതമായ പ്രചാരണം എത്തി. 1961 സെപ്റ്റംബർ -ഒക്ടോബറിൽ മോസ്കോയിൽ ചികിത്സയ്ക്ക് പോകാൻ ഘോഷ് അവധി എടുത്തു. എന്നാൽ, ആക്ടിങ് ജനറൽ സെക്രട്ടറിയായ ഇ എം എസ് ആ അവധി റദ്ദാക്കി. മാത്രമല്ല, ഇത് പരിഗണിക്കാതെ റഷ്യയിൽ പോയി മടങ്ങി വന്ന് ഘോഷ് എന്തെങ്കിലും പറഞ്ഞാൽ, അത് സോവിയറ്റ് യൂണിയൻറെ വീക്ഷണമായേ കണക്കിൽ എടുക്കൂ എന്നും ഇ എം എസ് ഘോഷിനെ അറിയിച്ചു. ഘോഷിന് പാർട്ടി സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവ വിളിച്ച് ഇ എം എസിൻറെ നിർദേശം തള്ളാൻ കഴിയുമായിരുന്നു; അത് ചെയ്തില്ല. വിജയവാഡ കോൺഗ്രസിന് ശേഷം, ഇ എം എസ് ഇടതു പക്ഷത്ത്, അഥവാ ചൈനാ ചേരിയിൽ എത്തിയിരുന്നു. ഘോഷ് മോസ്‌കോയ്ക്ക് പോയില്ല. ജനറൽ സെക്രട്ടറിയായി തിരികെ പ്രവേശിച്ചു. 1962 ജനുവരി 13 ന് അദ്ദേഹം മരിച്ചു. പലരും വിലാപയാത്രയിൽ പങ്കെടുത്തില്ല.
1962 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം, ഡാങ്കെ ജനറൽ സെക്രട്ടറി ആകുമെന്ന നിലയിൽ, ഇടതു പക്ഷം, ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി ഇ എം എസിനെ നിർദേശിച്ചു. ഡാങ്കെ ജനറൽ സെക്രട്ടറി ആയാൽ പാർട്ടി പിളരുമെന്ന ഭീഷണി ഉണ്ടായി. ഈ സാഹചര്യത്തിൽ, ഡാങ്കെ ചെയർമാൻ, ഇ എം എസ് ജനറൽ സെക്രട്ടറി എന്ന ഒത്തുതീർപ്പിൽ പാർട്ടി എത്തി.
ചൈനയുടെ നുഴഞ്ഞു കയറ്റം കാരണം, വടക്കു പടിഞ്ഞാറ് ഇന്ത്യൻ സൈനിക പോസ്റ്റുകൾ മാറ്റി. ഒരു ആക്രമണം ആരും പ്രതീക്ഷിച്ചില്ല. വി കെ കൃഷ്ണ മേനോൻ ചൈനീസ് വിദേശ മന്ത്രി മാർഷൽ ചെൻ യി യെ ജനീവയിൽ കണ്ടു. തങ്ങൾ മക് മഹോൻ രേഖ കടക്കില്ലെന്ന് ചെൻ ഉറപ്പ് നൽകി. ആഗോള രാഷ്ട്രീയമാകട്ടെ, അമേരിക്കയുമായി ബന്ധപ്പെട്ട ക്യൂബൻ മിസൈൽ പ്രതിസന്ധിയിൽ വട്ടമിട്ടു. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ ചൈന ഈ അവസരം തിരഞ്ഞെടുത്തു. താജില മലയിലെ ഒരു ഏറ്റുമുട്ടൽ അവർ മുതലെടുത്തു. ശ്രീലങ്കൻ സന്ദർശനത്തിൽ ആയിരുന്ന നെഹ്‌റു, "ഞാൻ ചൈനക്കാരെ തൂത്തെറിയാൻ ഉത്തരവ് കൊടുത്തു" എന്നു പറഞ്ഞത്, എരിവ് കൂട്ടി. ചൈന സകല ശക്തിയുമെടുത്ത് ഇന്ത്യയെ ആക്രമിച്ചു.വടക്കു പടിഞ്ഞാറ് ഇന്ത്യൻ സേനയെ തുരത്തിയ ചൈനയുടെ വൻ ആക്രമണം, വടക്കു കിഴക്കായിരുന്നു. മക് മഹോൻ രേഖ കടന്ന് അസമിലെ തേസ് പൂർ വരെ ചൈനീസ് പട്ടാളം എത്തി.
സി പി ഐ നേതൃത്വം വെട്ടിലായി. വലതു പക്ഷം ആഹ്ളാദിച്ചു. തർക്കം സംസാരിച്ചു തീർക്കാൻ ഇരു രാജ്യങ്ങളോടും സോവിയറ്റ് 'പ്രവദ' മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു. ചൈനയോട് പിൻവാങ്ങാൻ പറഞ്ഞില്ല. ചൈന സഹോദര രാജ്യമാണെന്നും ഇന്ത്യ സൗഹൃദ രാജ്യമാണെന്നും 'പ്രവദ' പറഞ്ഞത്, നില വഷളാക്കി. ഇതേ നിലപാട് സ്വീകരിക്കാൻ സോവിയറ്റ് പാർട്ടി ഇന്ത്യൻ പാർട്ടിയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ പാർട്ടിയിലെ ഇരു പക്ഷവും മുഖ പ്രസംഗത്തെ സ്വാഗതം ചെയ്‌തു. ഈ മുഖപ്രസംഗം ചെറിയ മാറ്റങ്ങളോടെ പ്രമേയമാക്കാൻ ഇടതു പക്ഷം ദേശീയ സമിതിയിൽ നിർദേശിച്ചു. അമേരിക്കയുടെ മമതയ്ക്കായി നെഹ്‌റു, ചൈനയെ ആക്രമിക്കാൻ സൈന്യത്തോട് നിർദേശിച്ചെന്ന് ഇടതുപക്ഷം പറഞ്ഞു പരത്തി.
ദേശീയ സമിതി യോഗത്തിന് മുൻപ്, ഇ എം എസ് പത്ര സമ്മേളനം വിളിച്ചു. വിവരം ഡാങ്കെയോട് പറഞ്ഞില്ല. ഓഫിസിലെ ചില സഖാക്കൾ അദ്ദേഹത്തെ അറിയിച്ചു. ചൈനയാണോ ആക്രമണം നടത്തിയതെന്ന് ഇ എം എസിനോട് പത്ര ലേഖകർ ചോദിച്ചു. അപ്പോഴാണ്, ഇ എം എസിൻറെ കുപ്രസിദ്ധമായ പ്രതികരണം ഉണ്ടായത്: "ചൈന അവരുടേതെന്ന് കരുതുന്ന പ്രദേശത്താണ് കയറിയത്, അതിനാൽ, അവരെ സംബന്ധിച്ചിടത്തോളം, അത് അതിക്രമം അല്ല. ഇന്ത്യക്കാർ അവരുടേതെന്ന് കരുതുന്ന പ്രദേശമാണ് പ്രതിരോധിക്കുന്നത്; അതിനാൽ അവരുടേതും അതിക്രമം അല്ല ."
അപ്പോൾ പത്ര സമ്മേളനം നടക്കുന്ന സ്ഥലത്തെത്തിയ ഡാങ്കെ, ഇ എം എസിനോട് പുച്ഛത്തോടെ ചോദിച്ചു: " അപ്പോൾ, ആ സ്ഥലത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ് ?'.
വിറളി പിടിച്ച ഇ എം എസ് ഉത്തരത്തിനായി വിക്കുമ്പോൾ, ഡാങ്കെ പ്രഖ്യാപിച്ചു: " ചൈനയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇന്ത്യയുടെ പ്രദേശത്ത് അധിനിവേശം നടത്തി. രാഷ്ട്രം സ്വയം പ്രതിരോധിക്കാനും ചൈനയെ തുരത്താനുമുള്ള നെഹ്രുവിന്റെ ആഹ്വാനത്തിന് ഒപ്പമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി."
മക് മഹോൻ രേഖ കടക്കില്ലെന്ന് ആഗോള തൊഴിലാളി വർഗത്തിന് നൽകിയ ഉറപ്പ് ചൈന ലംഘിച്ചെന്ന് ഡാങ്കെ പറഞ്ഞു. ചൈന കമ്മ്യൂണിസത്തെ വഞ്ചിച്ചു.
ഡാങ്കെയുടെ പ്രഖ്യാപനം കോളിളക്കമുണ്ടാക്കി. സോവിയറ്റ് യൂണിയനെ പ്രതിരോധിക്കുന്നതാണ് കടമ എന്ന കാരണത്താൽ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റിയ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മറ്റൊരു ഒറ്റിലേക്ക് നയിക്കുകയായിരുന്നു, ഇ എം എസും കൂട്ടരും. ദേശീയ സമിതി യോഗത്തിന് മുൻപ്, ഡാങ്കെ സോവിയറ്റ് പാർട്ടിയോടും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളോടും സംസാരിച്ച് ചൈനീസ് പാർട്ടിക്ക് എതിരെ ഒരു ചരിത്രപരമായ വിമർശം തയ്യാറാക്കി. 'പ്രവദ' മുഖപ്രസംഗത്തോടുള്ള വിയോജിപ്പ് അറിയിച്ചു. പ്രതിലോമപരമായ നെഹ്‌റു സർക്കാരിനെ പുറത്താക്കാൻ ചൈന 'യഥാർത്ഥ' കമ്മ്യൂണിസ്റ്റുകളോട് ആഹ്വാനം ചെയ്തു.
ദേശീയ സമിതി ഡാങ്കെയുടെ നിലപാടിനെ അംഗീകരിച്ചു. എന്നാൽ, ആ നിലപാടിനെ സുന്ദരയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, രണദിവെ തുടങ്ങിയവർ എതിർത്തു. മദ്ധ്യ മാർഗ്ഗത്തിൽ ആയിരുന്നു, ഇ എം എസ്, ഭൂപേശ് ഗുപ്‌ത തുടങ്ങിയവർ. ക്രൂഷ്ചേവ് മാവോയുമായി സംസാരിച്ചെന്ന് സോവിയറ്റ് പാർട്ടി ഇന്ത്യൻ പാർട്ടിയെ അറിയിച്ചു, ചൈനീസ് സൈന്യം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ, ചൈനയ്ക്കുള്ള എണ്ണ വിതരണം വിച്ഛേദിക്കുമെന്ന് സോവിയറ്റ് യൂണിയൻ ചൈനയെ അറിയിച്ചു. 'പ്രവദ' അടുത്ത മുഖ പ്രസംഗത്തിൽ, ചൈനയെ വിമർശിച്ചു. ഇടതു പക്ഷത്തിൻറെ ഓമനപ്പുത്രനായ കൃഷ്ണ മേനോന് മന്ത്രി സ്ഥാനം പോയി. രാജ്യത്തെ ഒറ്റിയ ഇടതു പക്ഷത്തിന് മുഖം നഷ്ടപ്പെട്ടു. ആഗോള തലത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ധാർമ്മികതയുടെ മുഖം മൂടിയും അഴിച്ചു വക്കേണ്ടി വന്നു.
|
രണദിവെയും ഇ എം എസും |
സ്റ്റാലിന്റെ ക്രൂരതകൾ ക്രൂഷ്ചേവ് വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ ധാർമ്മിക തകർച്ചയ്ക്കപ്പുറമായി, ഇടതു പക്ഷത്തിനുണ്ടായ വിശ്വാസ തകർച്ച. ഏതാനും വർഷം കഴിഞ്ഞ് ചൈന നക്സലൈറ്റുകളെ തുണച്ചപ്പോൾ, പാർട്ടിയിലെ ഇടതുപക്ഷം കൂടുതൽ ഇളിഭ്യരായി.
ഇന്ത്യൻ ഭൂപ്രദേശമോ പൂർവികരുടെ ഭൗതികാവശിഷ്ടമോ ഒന്നുമല്ലായിരുന്നു, ചൈനയുടെ പ്രശ്‍നം; നെഹ്‌റുവിന് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമുണ്ടായിരുന്ന തലയെടുപ്പ് തകർക്കേണ്ടിയിരുന്നു. അതിന്, ഇടതുപക്ഷം നിന്നു കൊടുത്തു.
ചൈനീസ് ആക്രമണം, ഇന്ത്യൻ പാർട്ടിയിലെ ഒരു പക്ഷത്തെ നേരിയ തോതിൽ ദേശീയ വാദികളാക്കി' മറു പക്ഷത്തെ മുരടൻ വരട്ടു വാദികളാക്കി. ജനിക്കാത്ത ഭ്രൂണവും മരിച്ച ജഡവും മാത്രമേ തെറ്റ് ചെയ്യാതെയുള്ളൂ എന്ന് ലെനിൻ ഒരിക്കൽ പറഞ്ഞു; ഏറ്റവും കൂടുതൽ തെറ്റുകൾ ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന് ലെനിനും സ്റ്റാലിനും ചൈനയും തെളിയിച്ചു.
കോൺഗ്രസിനോടുള്ള ബന്ധം പറഞ്ഞാണ് സി പി ഐ 1964 ൽ പിളർന്നതെന്ന് പരക്കെ ധാരണയുണ്ട്. എന്നാൽ, ആ പിളർപ്പിന് യഥാർത്ഥ കാരണം, ചൈനീസ് ആക്രമണവും ചൈനയെ ചൊല്ലി പാർട്ടിയിൽ ഉണ്ടായ ആഭ്യന്തര കാരണവുമാണ് എന്ന് ഇവിടെ വിവരിച്ച സംഭവങ്ങളിൽ നിന്ന് തെളിയുന്നു.
പാർട്ടി പിളർപ്പിന് ശേഷം, സി പി ഐ (എം) നേതാക്കളെ ചൈനീസ് ചാരന്മാരായി കണ്ട് അറസ്റ്റ് ചെയ്തു. ഇ എം എസും ജ്യോതി ബസുവും അതിൽ പെട്ടില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ, വി എസ് അച്യുതാനന്ദൻ പക്ഷവും ഒ ജെ ജോസഫ് നേതൃത്വം നൽകിയ സി ഐ ടി യു പക്ഷവും കായികമായി ഏറ്റുമുട്ടി. രാഷ്ട്രീയ തടവുകാർക്ക് ഭക്ഷണം പാചകം ചെയ്യാൻ ആഹാര സാധനങ്ങൾ ജയിൽ അധികാരികൾ അവരെ തന്നെ ഏൽപ്പിച്ചിരുന്നു. ഇതിൽ മിച്ചം വന്ന സാധനങ്ങൾ അതിർത്തിയിലെ ഇന്ത്യൻ പട്ടാളത്തിന് സംഭാവന ചെയ്യണമെന്നും ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യണമെന്നും അച്യുതാനന്ദൻ വാദിച്ചു. ഇതിനെ ചൊല്ലിയായിരുന്നു, അടി. വലതു പക്ഷത്ത് അല്ലാത്ത അച്യുതാനന്ദന് ദേശാഭിമാനം ഉണർന്നത് എങ്ങനെ എന്ന് വ്യക്തമല്ല.
ഇവർ ജയിൽ മുക്തരായ ശേഷം, തലശ്ശേരിയിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗം അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജോസഫിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് നീക്കി. ആ യോഗത്തിൽ അധ്യക്ഷത വഹിച്ചത്, കെ ആർ ഗൗരിയമ്മ ആയിരുന്നു. അതായിരുന്നു, അച്യുതാനന്ദൻ നേരിട്ട ആദ്യ നടപടി.
ചൈനയെ തൊട്ടാൽ പ്രശ്നമാണ്. അത്, എസ് രാമചന്ദ്രൻ പിള്ളയ്ക്ക് മനസ്സിലാകാത്തത്, 'ചുരുളി' യുടെ ഇക്കാലത്തും അദ്ദേഹത്തിൻറെ മനസ്സിൽ 'ജീവിതനൗക' ഓടുന്നത് കൊണ്ടാണ്.
_____________________________
1. ഓക്സ്ഫഡിൽ പഠിച്ച ദേവകി പണിക്കർ, വിവാഹത്തിന് മുൻപ്, പണിക്കർ ചൈനയിൽ സ്ഥാനപതി ആയിരിക്കെയാണ്, അവിടെ പോയത്. കമ്മ്യൂണിസത്തിൽ ആകൃഷ്ടയായി കേരളത്തിൽ പ്രവർത്തിക്കാൻ താല്പര്യപ്പെട്ട ദേവകിയെ, അതിനായി പണിക്കർ, ഡൽഹിയിൽ എ കെ ഗോപാലനെ ഏൽപിച്ചു. എ കെ ജി ക്കൊപ്പം കേരളത്തിൽ എത്തി, എം എൻ ഗോവിന്ദൻ നായരുമായി പ്രണയത്തിലായി. 1952 ഫെബ്രുവരി 29 നായിരുന്നു, വിവാഹം.
© Ramachandran