Wednesday, 19 June 2019

മുഖ്യധാരാ മാധ്യമ നക്‌സലിസം

മ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ മാധ്യമ നക്‌സലിസം കാണുമ്പോള്‍, ഞാന്‍ എപ്പോഴും ഓര്‍ക്കുക, തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ഡോഗനെയാണ്. ചൈന കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവുമധികം പത്രപ്രവര്‍ത്തകരെ തടവിലിട്ടിരിക്കുന്ന രാജ്യമാണ്, തുര്‍ക്കി. ജൂലൈ മുതല്‍ ഇന്നുവരെ 120 പത്രപ്രവര്‍ത്തകരെയാണ്, അടിച്ചമര്‍ത്തിയ അട്ടിമറിശ്രമത്തിനുശേഷം, എര്‍ഡോഗന്‍ തടവിലാക്കിയത്. സിഗററ്റുകളെ വെറുക്കുന്നയാളാണ് എര്‍ഡോഗനെന്ന്, കദ്രി ഗുര്‍സേല്‍ എന്ന പംക്തികാരന്‍ എഴുതി. എര്‍ഡോഗന്‍ തന്റെ അനുയായികളില്‍ നിന്ന് സിഗററ്റ് പാക്കറ്റുകള്‍ പിടിച്ചെടുത്ത്, പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് പ്രഭാഷണം നടത്താറുണ്ട്. എര്‍ഡോഗന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ, ഒരു സിഗററ്റ് കത്തിച്ച്, അതു കത്തിത്തീരും വരെ ഉയര്‍ത്തിപ്പിടിക്കാന്‍, വായനക്കാരോട് കദ്രി ആഹ്വാനം ചെയ്തു. അങ്ങനെ, അറസ്റ്റിലായ 120 പേരില്‍ കദ്രിയും ഉള്‍പ്പെട്ടു.

ഭീകരവാദി എന്ന മുദ്ര കുത്തിയാണ്, അയാളെ പൊലിസ് പിടിച്ചത്. ജയിലില്‍, കദ്രിക്ക് തന്റെ പത്രമായ 'കുംഹുരിയേത്തി'ല്‍ നിന്നുള്ള പത്ത് സഹപ്രവര്‍ത്തകര്‍ കൂട്ടുണ്ട്. രാജ്യത്തെ അവസാനത്തെ പ്രധാന സ്വതന്ത്ര പത്രമാണ്, ഇത്. ജയിലില്‍, പത്രത്തിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമുണ്ട്. മൂന്നുവര്‍ഷം മുന്‍പു നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്നാണ്, എര്‍ഡോഗന്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. 12 വര്‍ഷത്തെ എര്‍ഡോഗന്‍ ഭരണത്തില്‍, 1863 പത്രപ്രവര്‍ത്തകര്‍ക്ക് ജോലി പോയി. സ്വകാര്യ പത്രസ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുന്ന പദ്ധതി തുടങ്ങി. സര്‍ക്കാര്‍ പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് സിഹാന്‍ ന്യൂസ് ഏജന്‍സി, 'ഗുലേനിസ്റ്റ് സമന്‍' പത്രം എന്നിവയോട് നിര്‍ദേശിച്ചു. സോണര്‍ യാല്‍സിനെപ്പോലുള്ള പ്രതിപക്ഷ പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാധ്യമ നിരോധനം 2013 ല്‍ കണ്ടത്, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി മൂന്നു ദിവസവും, മുഖ്യധാരാ മാധ്യമങ്ങള്‍ അവയെപ്പറ്റി ഒരക്ഷരംപോലും എഴുതാതിരുന്നപ്പോഴാണ്. 


എർദോഗൻ 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വെട്ടുകിളി ശല്യത്തെപ്പറ്റി നമ്മുടെ മുഖ്യധാരാ മാധ്യമം മുഖപ്രസംഗം എഴുതിയെന്നു പറയുംപോലെ, പ്രതിഷേധകാലത്ത്, സിഎന്‍എന്‍ സംപ്രേഷണം ചെയ്തത്, പെന്‍ഗ്വിനുകളെപ്പറ്റിയുള്ള ഡോക്യുമെന്ററിയാണ്. റേഡിയോ, ടിവി സുപ്രീം കൗണ്‍സില്‍, പ്രതിപക്ഷാനുകൂല ചാനലുകാര്‍ക്ക് പിഴയിട്ടു. 2014 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത്, 'ദ ഇക്കണോമിസ്റ്റി'ന്റെ അംബേരിന്‍ സമന്‍ എന്ന ലേഖികയെ എര്‍ഡോഗന്‍ നാണമില്ലാത്ത ഭീകരവാദി എന്നുവിളിച്ചു. തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടന്നിട്ടും, എര്‍ഡോഗനു തന്നെ മാധ്യമ മുന്‍തൂക്കം കിട്ടി. ജൂലൈ രണ്ടിനും നാലിനുമിടയില്‍, ഭരണകൂട ചാനലായ ടിആര്‍ടി 204 മിനുട്ട് എര്‍ഡോഗനും വെറും മൂന്ന് മിനുട്ട് എതിരാളികള്‍ക്കും നല്‍കി. കോടതി ഉത്തരവുകളില്ലാതെ തന്നെ വെബ്‌സൈറ്റുകള്‍ തടയുന്ന ഉത്തരവ് 2014 സെപ്റ്റംബര്‍ 12 ന് നടന്നു. ട്വിറ്ററും യൂ ട്യൂബും 2014 മാര്‍ച്ച് അവസാനം തന്നെ തടഞ്ഞിരുന്നു. 2013 അഴിമതി കുംഭകോണത്തിനിടയില്‍, മകന്‍ ബിലാലിനോട്, വീട്ടിലെ പണം മുഴുവന്‍ കടത്തിക്കളയും എന്ന് എര്‍ഡോഗന്‍ പറയുന്ന സംഭാഷണ ശകലം ഇന്റര്‍നെറ്റില്‍ വന്നതായിരുന്നു, കാരണം. പിശുക്കി ജീവിക്കുന്ന ലാളിത്യ കുടുംബമാണു തന്റേതെന്നു എര്‍ഡോഗന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പ്രതിമാസ വൈദ്യുതി ബില്‍ 500,000 ഡോളര്‍ ( 3 .4 കോടി  രൂപ ) മാത്രമേ വന്നിരുന്നുള്ളൂ. ഗാന്ധിക്ക് ലളിത ജീവിതം നയിക്കാന്‍ ദിവസം അന്നത്തെക്കാലത്ത് 300 രൂപ വരുമായിരുന്നുവെന്ന്, സരോജിനി നായിഡു പറഞ്ഞതാണ്, ഓര്‍മവരുന്നത്. 

പത്രമാരണമുണ്ടായിട്ടും, ലോകത്തില്‍ ഏറ്റവും പുച്ഛിക്കപ്പെട്ട പ്രസിഡന്റാണ്, എര്‍ഡോഗന്‍. അദ്ദേഹത്തെ പുച്ഛിച്ച മിസ് തുര്‍ക്കി, മെര്‍വെ ബുയുകസറാക്കിനെ ഒരു വര്‍ഷം തടവിലിട്ടു. ഈ വര്‍ഷം 'ബ്ലൂം ബര്‍ഗ്' പുറത്തുവിട്ട വാര്‍ത്ത പ്രകാരം, രണ്ടായിരത്തിലധികം കേസുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷം, പത്രപ്രവര്‍ത്തകര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ എടുത്തു. ഈ മാസം, തുര്‍ക്കിയില്‍ സാമൂഹ്യ മാധ്യമങ്ങളെല്ലാം നിരോധിക്കപ്പെട്ടു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു. ഒര്‍ഹാന്‍ പാമുക്കിനെപ്പോലെ, നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച, നൊബേല്‍ സമ്മാനിതനായ എഴുത്തുകാരന്റെ നാട്ടിലാണ്, എര്‍ഡോഗന്‍ ജീവിക്കുന്നത്, എന്നോര്‍ക്കണം. ഫുട്‌ബോള്‍ കളിക്കാരനായ എര്‍ഡോഗന്‍ ഇസ്ലാമിസ്റ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനായി 1994 ല്‍ ഇസ്താംബുള്‍ മേയറായി; വര്‍ഗീയത തുപ്പി പത്തുമാസം ജയിലില്‍ കിടന്നു; അവിടത്തെ മ അദനി. 2001 ല്‍ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെപി)യുണ്ടാക്കി, മൂന്ന് പൊതുതെരഞ്ഞെടുപ്പുകള്‍ ജയിച്ചു-2002, 2007, 2011. 2003 മുതല്‍ 2014 വരെ പ്രധാനമന്ത്രി. രണ്ടുവര്‍ഷം മുന്‍പ്, പ്രസിഡന്റായി. 

എര്‍ഡോഗനെപ്പോലെ, അധികാരത്തിലിരിക്കുന്നവരാണ്, മാധ്യമമാരണത്തിന് തുനിയാറ്; എന്നാല്‍ കേരളത്തില്‍, തിരിച്ചാണ്. കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷത്തില്‍ ഈ മാസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ പങ്കെടുത്തപ്പോള്‍, ഒരു പത്ര പ്രവര്‍ത്തകനും അത് റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നില്ല. ഇത്, മാധ്യമ നക്‌സലിസമാണ്; വായനക്കാരന് അറിയാനുള്ള അവകാശം നിഷേധിക്കലാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമ ഉടമകളാണ്, സംഘര്‍ഷഭരിതമായ ചില നാളുകള്‍ക്കൊടുവില്‍, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഇങ്ങനെ ബഹിഷ്‌കരിച്ചത്. എന്തു കുറ്റമാണ് ചീഫ് ജസ്റ്റിസ്, ഇവരോട് ചെയ്തത്? പഴയ രാമസ്വാമി ജഡ്ജിയെപ്പോലെ, എന്തെങ്കിലും പെരുമാറ്റ ദൂഷ്യം താക്കൂറിനുണ്ടോ? അദ്ദേഹം ഏതെങ്കിലും പത്രം അടച്ചുപൂട്ടാന്‍ കല്‍പിച്ചോ? മാധ്യമമാരണ തിട്ടൂരത്തില്‍ ഒപ്പിട്ടോ?

 എം.കെ. ദാമോദരനെ നിയമോപദേഷ്ടാവു സ്ഥാനത്തുനിന്ന് പിണറായി വിജയന്, ഒഴിവാക്കേണ്ടി വന്നത്, മാധ്യമ വിമര്‍ശനങ്ങള്‍ കാരണമാണ്. അക്കാലം മുതലാണ്, മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരുടെ തല്ലുകൊണ്ട് തുടങ്ങിയത്; തല്ലുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്ന അഭിഭാഷകര്‍ സ്ഥിരവേഷക്കാരാണെന്നും അവര്‍ ചിലരുടെ പാവകളാണെന്നും ഇരുകൂട്ടര്‍ക്കും അറിയാം. ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരിഗണനാ വേളയിലെ ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ കാരണമാണ്; പല രാഷ്ട്രീയ നേതാക്കള്‍ക്കും രാജിവയ്‌ക്കേണ്ടിവന്നിട്ടുള്ളത്. ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്പോള്‍, പത്രലേഖകര്‍ കോടതി മുറിയിലുണ്ടാകരുത്; പരാമര്‍ശം വന്നാല്‍ കേള്‍ക്കരുത്. അതിനാല്‍, ലാവ്‌ലിന്‍ കേസില്‍ ഉത്തരവു വരുംവരെയെങ്കിലും, മാധ്യമപ്രവര്‍ത്തകര്‍ തല്ലുകൊണ്ടിരിക്കും. അപ്പോള്‍, ആരാണ് മാധ്യമ സ്വാതന്ത്ര്യത്തിനു തടസ്സം? ഏതെങ്കിലും ചര്‍ച്ചയ്ക്ക് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനെ വിളിച്ചോ? ഈ ചെറിയ ആനുകൂല്യംപോലും കാട്ടാതെ, പ്രണബ് മുഖര്‍ജിയെ കണ്ടും, സായിപ്പന്മാരുടെ പ്രസ്താവനകള്‍ വച്ചും, ഗവര്‍ണറെ കണ്ടും, ചീഫ് ജസ്റ്റിസിനെ കണ്ടും, അഭിഭാഷകരെ പേടിപ്പിക്കാന്‍ നോക്കുകയാണ്, മുഖ്യധാരാ മാധ്യമ ഉടമകള്‍ക്കുള്ളിലെ കുറുമുന്നണി. പ്രശ്‌നം പരിഹരിക്കണമെന്നല്ല താല്‍പര്യം; പിണറായി വിജയന്റെയും ദാമോദരന്റെയും അജന്‍ഡ നടപ്പാക്കുകയാണ്, ഉന്നം. പത്രമുടമയുടെ സ്വകാര്യ കച്ചവടം വിജയന്‍ അനുവദിക്കുവോളം, സ്വകാര്യ അജന്‍ഡകള്‍ ഒത്തുപോകുവോളം, സംഘര്‍ഷം നിലനില്‍ക്കണമെന്നതാണ്, ആവശ്യം. അപ്പോള്‍, ചീഫ് ജസ്റ്റിസിനെയും ബഹിഷ്‌കരിക്കും; പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന രണ്ടു സ്വകാര്യ പത്രമുടമകളെക്കാള്‍ ഒട്ടും മഹിമ കുറഞ്ഞയാളല്ല, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. 


ബി ജി വർഗീസ് 
നമ്മുടെ ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍, നമ്മുടെ സ്വപ്‌നങ്ങള്‍ തകരുമ്പോള്‍, നാം നീതിപീഠത്തെയാണ്, ഉറ്റുനോക്കുന്നത്. ആ നീതിപീഠത്തെ മാധ്യമങ്ങള്‍ കൊഞ്ഞനം കുത്തരുത്. അടിയന്തരാവസ്ഥക്കാലത്ത്, ആ നിയമത്തില്‍, കസ്റ്റഡി മരണങ്ങള്‍ പോലും ന്യായമാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചപ്പോള്‍, ഒരു ജഡ്ജി എഴുന്നേറ്റുനിന്നു-എച്ച്.ആര്‍.ഖന്ന. അദ്ദേഹമാണ്, അന്ന് ഹേബിയസ് കോര്‍പസ് അനുവദിച്ചത്. 'സ്വതന്ത്ര ജുഡീഷ്യറി, ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍' എന്ന ലേഖനത്തില്‍, വലിയ പത്രാധിപന്മാരിലൊരാളായ ബി.ജി. വര്‍ഗീസ് എഴുതി: 

''ഗ്രീഷമിന്റെ നിയമത്തില്‍ ചീത്തപ്പണം നന്മയെ ആട്ടിപ്പായിക്കുംപോലെ (മാധ്യമലോകത്ത്), ദുരാരോപണങ്ങള്‍ വസ്തുതകളെ മൂടുകയും പക്വമായ വ്യാഖ്യാനങ്ങളെ നിസ്സാരത വലയം ചെയ്യുകയും ചെയ്യും. നൈതികതയും ആശയവിനിമയത്തിന്റെ പൊതു ട്രസ്റ്റികളായി നില്‍ക്കണമെന്ന ബാധ്യതയും പല പ്രസാധകരുടെയും മനസ്സില്‍നിന്ന് മാഞ്ഞിരിക്കുന്നു. ലാഭക്കൊതിയാണ് പ്രധാനം.''

ഒന്നാം എലിസബത്ത് രാജ്ഞിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഗ്രീഷം പതിനാറാം നൂറ്റാണ്ടിലാണ്, ഇത് പറഞ്ഞത്. അയര്‍ലന്‍ഡില്‍ ജനിച്ച ബ്രിട്ടീഷ് എംപി എഡ്മണ്ട് ബര്‍ക്ക് മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നുവിളിച്ചത് 18-ാം നൂറ്റാണ്ടിലാണ്. പുരോഹിതര്‍, പ്രഭുക്കള്‍, സാധാരണക്കാര്‍ എന്നിവര്‍ ആദ്യ തൂണുകളും പത്രങ്ങള്‍ നാലാമത്തേതുമായിരുന്നു. പിന്നീടാണ്, ലജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്കുശേഷം മാധ്യമങ്ങള്‍ എന്ന നിലയുണ്ടായത്. വര്‍ഗീസ് കണ്ട അപകടം, ഫോര്‍ത്ത് എസ്റ്റേറ്റ്, ഫസ്റ്റ് എസ്റ്റേറ്റ് ആകാന്‍ നോക്കുന്നു എന്നതാണ്. മാധ്യമലോകത്തിന്റെ എഫ്‌ഐആറിനോട് ഓച്ഛാനിച്ച് മറ്റെല്ലാം നില്‍ക്കണം എന്ന് ആ അപായഘട്ടത്തില്‍ മാധ്യമങ്ങള്‍ വാശിപിടിക്കുന്നു. ആ അപായഘട്ടമാണ് മുഖ്യധാരാ മാധ്യമങ്ങള്‍, ചീഫ് ജസ്റ്റിസിനോട് ആജ്ഞാപിക്കുമ്പോള്‍, കേരളം കണ്ടത്; അതാണ്, മാധ്യമ നക്‌സലിസം.

തപസ്യ ചർച്ചയിൽ തിരുവനന്ത പുരത്ത് നടത്തിയ പ്രഭാഷണം 

നവംബർ 22,2016 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...