Wednesday, 19 June 2019

അൾത്താര ബാലൻ ആഫ്രിക്കൻ വീരപ്പൻ

വൈകിട്ട്, പ്രമുഖ ഡന്റിസ്റ്റ് ജെ.ഐ. ചാക്കോയെ കാത്തിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ റിസപ്ഷനിലാണ്, 1985 സെപ്തംബറിലെ 'നാഷനല്‍ ജ്യോഗ്രഫിക്' കണ്ടത്. ആനക്കൊമ്പ് അഥവാ ദന്തം (Ivory)) ആയിരുന്നു, മുഖലേഖനം. ഡന്റിസ്റ്റിനെ കാത്തിരിക്കെ, മറ്റൊരു ദന്തം കൈയില്‍ വരിക-ഇത്തരം നിമിഷങ്ങളാണ്, ദൈവിക നിമിഷങ്ങള്‍. 

ഇങ്ങനെ, കുറെ അനുഭവങ്ങള്‍ ഒ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍, ബ്രിട്ടീഷ് രാഷ്ട്രീയ ചിന്തകനായ ഡേവിഡ് സെല്‍ബോണുമൊരുമിച്ച് ഡല്‍ഹിയിലെ മുഗളായ് റസ്റ്ററന്റില്‍ വിജയന്‍ അത്താഴത്തിന് പോയി. അവരിരുന്നപ്പോള്‍ നേരെ എതിര്‍വശത്തെ മേശയില്‍, അന്ന്, 'റോ'യില്‍ ഉദ്യോഗസ്ഥനായ ഹോര്‍മിസ് തരകന്‍; ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും സെല്‍ബോണും വിജയനും അതേ റസ്റ്ററന്റില്‍ പോയി; അപ്പോഴും എതിര്‍വശത്തെ മേശയില്‍, ഹോര്‍മിസ് തരകന്‍! ഇക്കാര്യം, തരകന്‍ ഡ ല്‍ഹി ഏഷ്യാഡ് വില്ലേജിലെ വസതിയില്‍ വച്ച്, എന്നോട് സ്ഥിരീകരിച്ചു. സെല്‍ബോണും വിജയനും ഒന്നിച്ചു നടന്നത് അടിയന്തരാവസ്ഥക്കാലത്താണെന്ന് തോന്നുന്നു. ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്ന 'ആന്‍ ഐ ടു ഇന്ത്യ' എന്ന പുസ്തകം, ഇന്ദിര പോയ 1977 ല്‍ സെല്‍ബോണ്‍ പുറത്തിറക്കിയിരുന്നു. 

നല്ല ഉറപ്പുള്ളതെങ്കിലും, ആവശ്യമില്ലാത്ത പല്ല്, ഡോ. ചാക്കോയുടെ കൊടിലിനു വഴങ്ങാത്തതിനാല്‍, എല്ലുമുറിച്ചാണ് കടപുഴക്കിയത്. നീചന്മാരെ പല്ലും നഖവും ഉപയോഗിച്ചാണ് എതിര്‍ക്കേണ്ടത്; കുറച്ചുനാള്‍ അതിന്, ഒരു പല്ല് കുറവായിരിക്കും. പുതിയ പല്ലുകള്‍ വച്ചുതരാമെന്ന് ചാക്കോ ഏറ്റിട്ടുണ്ട്. എന്റെ മകള്‍ ബിഡിഎസ് അവസാന വര്‍ഷമാണ്. അവളെ അതിന് ചേര്‍ക്കും മുന്‍പ് ജോസഫ് മുണ്ടശ്ശേരിയുടെ മകള്‍ ഡോ. മേരി സത്യദാസിനെ കോട്ടയത്തു ഞാന്‍ കാണുകയുണ്ടായി. അവര്‍ പറഞ്ഞു: ''ബിഡിഎസ് നല്ലതാണ്; ഒരു രോഗിക്ക് 32 പല്ലാണ്; ഒരു രോഗിയെ കിട്ടുമ്പോള്‍ 32 രോഗികളെയാണ് കിട്ടുന്നത്!'' കോട്ടയത്ത് എന്റെ ഭാര്യ കണ്ടിരുന്നത് ഡോ. മാണിയെ ആണ്; 90-ാം വയസ്സിലും പ്രാക്ടീസ് ചെയ്ത് റേക്കോഡ് പുസ്തകങ്ങളില്‍ കയറിയ ഡന്റിസ്റ്റ്. 90-ാം വയസില്‍ എം.കെ. സാനു, സി. ജെ. തോമസിന്റെ ജീവചരിത്രം എഴുതിയിരിക്കുന്നു- 'ഇരുട്ടു കീറുന്ന വജ്രസൂചി.' 90-ാം വയസില്‍ പുസ്തകമഴുതിയവര്‍ ലോകത്തില്‍ തന്നെ അപൂര്‍വമാണ്. ഡോറിസ് ലെസിങ് 89-ാം വയസില്‍ 'ആല്‍ഫ്രഡ് ആന്‍ഡ് എമിലി' എന്ന നൊവെല്ല പ്രസിദ്ധീകരിച്ചു; ഹെര്‍മന്‍ വോക്കിന്റെ 'ദ ലോ ഗിവര്‍' നോവല്‍ കഴിഞ്ഞകൊല്ലം 94-ാം വയസിലാണ് വന്നത്. ആനക്കൊമ്പെന്ന് പറഞ്ഞാല്‍, തൃപ്പൂണിത്തുറയില്‍ നിന്ന് മോഹന്‍ലാലിന് കിട്ടിയ ആനക്കൊമ്പുകളാണ് എപ്പോഴും ഓര്‍മയില്‍ വരിക. അവ ബാലചന്ദ്രമേനോന്റെ 'ശേഷം കാഴ്ചയില്‍' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നു തോന്നുന്നു. തൃപ്പൂണിത്തുറക്കാരനായ  നിര്‍മാതാവിന്റെ വീടാണ് അതില്‍ കാണുന്നത്; ചുമരില്‍ ഈ കൊമ്പുകള്‍ കാണാം. ഇപ്പോള്‍ ആ വീടില്ല.

 'നാഷനല്‍ ജ്യോഗ്രഫികി'ന്റെ ദന്തലേഖനം, ലോകമാകെ നടക്കുന്ന ആനക്കൊമ്പു വേട്ടയെപ്പറ്റിയാണ്. എന്നെ ഞെട്ടിച്ച കാര്യം, ആഫ്രിക്കയില്‍, ആനകളെ വെടിവച്ചുകൊന്ന്, ഭീകരര്‍ ആനക്കൊമ്പുകള്‍ വിറ്റ് ഭീകരപ്രവര്‍ത്തനത്തിന് പണമുണ്ടാക്കുന്നു എന്നതാണ്. ആനക്കൊമ്പ് വേട്ടക്കാരനായ ആഫ്രിക്കയിലെ ഭീകരനേതാവാണ്, ഉഗാണ്ടയിലെ ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി (എല്‍ആര്‍എ) സ്ഥാപകന്‍ ജോസഫ് കോണി; പിടികിട്ടാപുള്ളി. കോണിയുടെ സംഘടനയുടെ പേര് മലയാളീകരിച്ചാല്‍, 'കര്‍ത്താവിന്റെ പട്ടാളം' എന്നു തന്നെ. റോമന്‍ കത്തോലിക്കനായ അയാള്‍, പണ്ട് അള്‍ത്താര ബാലനായിരുന്നു. ഉഗാണ്ടയെ കര്‍ത്താവിന്റെ പത്തു കല്‍പനകള്‍ വച്ച്, മോചിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭീകരന്‍. ഉത്തര ഉഗാണ്ടയിലെ ഗുലുവിന് കിഴക്ക് ഒഡേക്കില്‍ 1961 ലാണ് കോണി കര്‍ഷകരായ ലൂയിസിക്കും നോറയ്ക്കും ജനിച്ചത്. അക്കോളി ഗോത്രവര്‍ഗം. സഹോദരങ്ങളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍, വഴക്കുണ്ടായാല്‍, ആക്രമണകാരിയായിരുന്നു. ഉപദേശിയായിരുന്നു അച്ഛന്‍; 1976 വരെ കോണി അള്‍ത്താര ബാലനും. 15-ാം വയസില്‍ പള്ളിക്കൂടത്തില്‍ പോക്ക് നിര്‍ത്തി. 



ഉത്തര ഉഗാണ്ടയിലെ ഏഴു പ്രവിശ്യകള്‍ ചേര്‍ന്നതാണ്, അക്കോളി ലാന്‍ഡ്. ആലിസ് ഔമയുടെ 'പരിശുദ്ധാത്മാവു പ്രസ്ഥാനം' ശക്തമായ 1995 ലാണ്, കോണി ശ്രദ്ധിക്കപ്പെട്ടത്. ലക്‌വീന എന്ന ഇരട്ടപ്പേരുള്ള ഔമയുടെ ബന്ധുവാണ്, കോണി. അക്കോളി പ്രസിഡന്റ്ടിറ്റോ ഒകെല്ലോയെ, യൊവേരി മുസവേനിയുടെ നാഷനല്‍ റസിസ്റ്റന്‍സ് ആര്‍മി അട്ടിമറിച്ചു കഴിഞ്ഞിരുന്നു (1981-1986). മുസവേനിയുടെ പട്ടാളം കന്നുകാലികളെ മോഷ്ടിച്ചു; സ്ത്രീകളെ ബലാത്സംഗം ചെയ്തു. വീടുകള്‍ കത്തിച്ചു. വംശഹത്യ നടത്തി. ഈ അതിക്രമങ്ങള്‍ക്കെതിരെയാണ്, കോണി എല്‍ആര്‍എ ഉണ്ടാക്കിയത്. കോണിയുടെ പട്ടാളം സ്ത്രീകളെ പിടിച്ച് ചുണ്ടുകളും മുലകളും ചെവികളും ഛേദിച്ചു. കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തു. സൈക്കിളില്‍ പോകുന്നവരുടെ കാലുകള്‍ തല്ലിയൊടിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ പട്ടാളമുണ്ടാക്കി. അവര്‍ മുതിര്‍ന്ന്, കൊലയാളികളായി. 1994 ല്‍ കോണി ഉഗാണ്ട വിട്ടു.

 അയാള്‍ ആദ്യമെത്തിയത്, സുഡാനിലാണ്. വടക്കും തെക്കും ആഭ്യന്തര യുദ്ധത്തിലായിരുന്നു. തെക്കന്‍ സുഡാനെ തരിപ്പണമാക്കാന്‍, ഖാര്‍ട്ടൂമിലെ സുഡാന്‍ ഭരണകൂടത്തിനു കോണി, സഹായം വാഗ്ദാനം ചെയ്തു. പത്തുകൊല്ലം ഭരണകൂടം കോണിക്ക് ഭക്ഷണവും മരുന്നും ആയുധങ്ങളും നല്‍കി. 'കോണി 2012' എന്ന വീഡിയോ പടിഞ്ഞാറ് തരംഗമായി; അയാള്‍ ലോക കുപ്രസിദ്ധനായി. 2005 ല്‍ ഉത്തര, ദക്ഷിണ സുഡാന്‍ ഭരണകൂടങ്ങള്‍ സന്ധിയില്‍ ഒപ്പിട്ടപ്പോള്‍ കോണിക്ക് താവളം പോയി. 2006 മാര്‍ച്ചില്‍ അയാള്‍ കോംഗോയിലെത്തി, ഗരാംബ നാഷനല്‍ പാര്‍ക്കില്‍ താവളം ഉറപ്പിച്ചു. കോണി എത്തുമ്പോള്‍ അവിടെ 4000 ആനകളുണ്ടായിരുന്നു. ഗരാംബയില്‍ നിന്ന്, ഉഗാണ്ടയിലേക്ക് അയാള്‍ സന്ധിസന്ദേശങ്ങള്‍ അയച്ചു. തെക്കന്‍ സുഡാനിലെ ജൂബ മധ്യവര്‍ത്തിയായി. കോണിയും അയാളുടെ പട്ടാളവും വെടിനിര്‍ത്തല്‍ കരാറിന്റെ പിന്‍ബലത്തില്‍, പാര്‍ക്കില്‍ വിഹരിച്ചു. പച്ചക്കറി കൃഷി ചെയ്തു. വിദേശവാര്‍ത്താ ഏജന്‍സികളെ ക്ഷണിച്ച് അഭിമുഖങ്ങള്‍ നല്‍കി. വെടിനിര്‍ത്തല്‍ ലംഘിച്ച് അയാളുടെ പട്ടാളം, മധ്യ ആഫ്രിക്കയിലേക്ക് കയറി നൂറുകണക്കിന് കുട്ടികളെ റാഞ്ചി; പെണ്ണുങ്ങളെ തട്ടിയെടുത്ത് ലൈംഗിക അടിമകളാക്കി. കോണിയുടെ കൈയില്‍നിന്നു രക്ഷപ്പെട്ട സ്ത്രീകളാണ്, അയാളുടെ ആനവേട്ടയെപ്പറ്റി ലോകത്തോടു പറഞ്ഞത്. ഗരാംബ പാര്‍ക്കില്‍ കോണിക്കായി ആനവേട്ട നടത്തിയത്, മകന്‍ സലിം ഉള്‍പ്പെടെ 41 അംഗ സംഘമായിരുന്നു. 2008 ല്‍ അമേരിക്കന്‍ സഹായത്തോടെ ഉഗാണ്ടന്‍ പട്ടാളം കോണിയുടെ ഗരാംബ ക്യാമ്പുകളില്‍ ബോംബിട്ടു. രോഷാകുലനായ കോണി, ക്രിസ്മസ് തലേന്ന് നാട്ടുകാരുടെ തലകള്‍ വെട്ടി. മൂന്നാഴ്ചകൊണ്ട് 800പേരെ കശാപ്പു ചെയ്തു. 160 കുട്ടികളെ റാഞ്ചി. 2009 ജനുവരി രണ്ടിന് പാര്‍ക്കിന്റെ പ്രധാനമന്ദിരം തീവച്ചു. റേഞ്ചര്‍മാരെ കൊന്നു. ഇതുകഴിഞ്ഞും ആനക്കൊമ്പ് സുഡാനില്‍ കോണിക്കു കിട്ടിക്കൊണ്ടിരുന്നു. സുഡാന്‍ പട്ടാളത്തിന് ആനക്കൊമ്പ് കൊടുത്ത്, ഉപ്പും പഞ്ചസാരയും ആയുധങ്ങളും വാങ്ങി. കോണി ഉപേക്ഷിച്ച ആനവേട്ട സംഘം, ഗരാംബയില്‍നിന്ന് മധ്യ ആഫ്രിക്ക വഴി ദന്തം സുഡാനിലെത്തിക്കുന്നു. ഒരു വര്‍ഷം 132 ആനകളെ കൊന്ന ചരിത്രമുണ്ട്. പാര്‍ക്കിലിപ്പോള്‍ 1500 ആനകളെ കാണൂ. 

ലോകത്തില്‍, ദന്തം കലാരൂപങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ടു പ്രധാന രാജ്യങ്ങളാണ് ചൈനയും ജപ്പാനും. 700 ആനകളെ കൊന്നാല്‍, 40 ടണ്‍ ദന്തം കിട്ടും. ബില്യാര്‍ഡ്‌സ് പന്തുകള്‍, പിയാനോ കീകള്‍ തുടങ്ങിയവയ്ക്ക് ദന്തം ഉപയോഗിച്ചിരുന്നു. എഴുപതുകളില്‍, പിയാനോയ്ക്കുവേണ്ടി ദന്തം ഉപയോഗിക്കുന്നതു നിര്‍ത്തി. എണ്‍പതുകളില്‍, പത്തുവര്‍ഷംകൊണ്ട് ആഫ്രിക്കന്‍ ആനകളുടെ എണ്ണം 13 ലക്ഷത്തില്‍ നിന്ന് ആറുലക്ഷമായി കുറഞ്ഞു. കൃത്രിമപ്പല്ലിന്, ഹിപ്പൊപ്പൊട്ടാമസിന്റെ ദന്തമാണ് ഉപയോഗിക്കാറ്. 1989 ല്‍ ആഫ്രിക്കന്‍ ദന്ത കയറ്റുമതി നിരോധിച്ചു. ദന്തം ശില്‍പങ്ങള്‍ക്കുപയോഗിച്ച പ്രമുഖര്‍ ആധുനിക കാലത്ത് രണ്ടുപേരാണ്: ജര്‍മന്‍ ശില്‍പി ഫെര്‍ഡിനാന്റ് പ്രെയ്‌സും (1882-1943) ബല്‍ജിയത്തില്‍നിന്ന് ഫ്രാന്‍സില്‍ കുടിയേറിയ കലാകാരി ക്ലെയര്‍ കോളിനെറ്റും (1880-1950). ഫ്രെയ്‌സിന്റെ ശില്‍പശാല രണ്ടാംലോക യുദ്ധം അവസാനിക്കും മുന്‍പ് ബോംബിംഗില്‍ തകര്‍ന്നു. നൃത്തശില്‍പങ്ങളാണ്, ക്ലെയര്‍ ചെയ്തത്. ദന്തം ശില്‍പിയില്‍നിന്ന് ഭീകരനിലെത്തുന്നത്, ദുരന്തമാണ്; കോണിയെ പരാമര്‍ശിക്കാതെ, ഇന്ന്, ഒരു ദന്തകഥ എഴുതാനാവില്ല. ഇപ്പോള്‍, അയാള്‍ എവിടെ? 

കോണിയെപ്പറ്റി ഒരു പുസ്തകം കഴിഞ്ഞ മാസം പുറത്തുവന്നു: ലീഡിയോ കാക്കോങ് എഴുതിയ 'വെന്‍ ദ വാക്കിംഗ് ഡിഫീറ്റ്‌സ് യു.' കോണിയുടെ അംഗരക്ഷകനായിരുന്ന ജോര്‍ജ് ഒമോന പറഞ്ഞ വിവരങ്ങളാണ്, ഇതില്‍. മധ്യ ആഫ്രിക്കന്‍ ഭരണകൂടത്തെ 2013 മാര്‍ച്ച് 24 ന് അട്ടിമറിച്ച സെലീക്ക ഭീകരസംഘത്തോടൊപ്പം കോണി ചേര്‍ന്നു. മധ്യ ആഫ്രിക്കയെ നിയമവാഴ്ചയില്ലാത്ത രാജ്യമാക്കി സെലീക്ക മാറ്റി. നാട്ടുകാരെ കത്തിച്ച് പാലങ്ങളില്‍ നിന്നെറിഞ്ഞു. കണ്ണില്‍ കണ്ടവരെയൊക്കെ വെടിവച്ചുകൊന്നു. 2013 മേയില്‍ സെലീക്കയുടെ പിന്തുണയുള്ള സുഡാനീസ് ആനവേട്ടക്കാര്‍ ത്‌സാങ്ക നാഷണല്‍ പാര്‍ക്ക് ആക്രമിച്ച് 26 ആനകളെ കൊന്നു. വേണ്ടത്ര ആനക്കൊമ്പു ശേഖരിക്കുകയാണ്, കോണിയുടെ ലക്ഷ്യം. അത് വിറ്റു വേണം, ഉഗാണ്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍. നൈജീരിയയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്ന ഭീകര സംഘടനയായ ബൊക്കോ ഹറാമുമായി ബന്ധപ്പെടാനും കോണി ശ്രമിക്കുന്നു. നൈജീരിയയിലെ സംബിസ വനം ബൊക്കോ ഹറാമിന് താവളമാണ്. അതിന്റെ നേതാവ് അബൂബക്കര്‍ ഷെക്കാവു ഐഎസുമായി സഖ്യത്തിലാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നകന്നുകഴിയുന്ന കോണിയില്‍ നിരവധി ബാധകള്‍ കൂടിയിട്ടുണ്ടെന്ന് അനുയായികളും ശത്രുക്കളും വിശ്വസിക്കുന്നു. തന്റെ കുട്ടി സൈന്യത്തിനോട് അയാള്‍ പറഞ്ഞിരിക്കുന്നത്, നെഞ്ചത്ത് എണ്ണകൊണ്ട് കുരിശുവരച്ചാല്‍, വെടിയുണ്ടകളെ തടുക്കാം എന്നാണ്. നിരവധി ഭാര്യമാരിലായി 42 കുട്ടികള്‍ അയാള്‍ക്കുള്ളതായി കണക്കാക്കുന്നു. 
പത്തു കല്‍പനകളെ വ്യാഖ്യാനിച്ച് അയാള്‍ തന്റെ ദുഷ്‌കര്‍മങ്ങളെ ന്യായീകരിക്കുന്നു: ''ഞാന്‍ ചെയ്യുന്നതു തെറ്റോ? ഞാന്‍ ചെയ്യുന്നത് മനുഷ്യാവകാശങ്ങള്‍ക്ക് എതിരല്ല. എനിക്ക് കല്‍പനകള്‍ തന്നത് ജോസഫോ എല്‍ആര്‍എയോ അല്ല; എനിക്ക് കല്‍പനകള്‍ തന്നത്, കര്‍ത്താവാകുന്നു.'' ആനവേട്ടകൊണ്ട് ജീവിച്ചുപോകുന്ന പാവം സത്യക്രിസ്ത്യാനി; ആഫ്രിക്കന്‍ കാനന വീരപ്പന്‍. ദന്തമേയുള്ളൂ, ചന്ദനം ഇല്ല. ഉന്‍മാദത്തിനെന്തിനാണ്, ചന്ദനക്കുറി? 

ഡിസംബർ 27,2016   

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...