ഒ വി ഉഷയുടെ ഗുരു ഗാഥ -വായനാനുഭവം
ഏതോ ജന്മപാശമാണ് ഒ.വി. ഉഷയെയും എന്നെയും ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ദില്ലി ചാണക്യപുരിയിലെ വസതിയില്‍ ഒ.വി. വിജയനെ ഒരിക്കല്‍ കണ്ടു മടങ്ങിയതിനു പിന്നാലെയാണ് എന്നെ അന്വേഷിച്ച് ഉഷയുടെ കത്ത് വന്നത്. വിജയന്റെ വീട്ടില്‍ ഉഷയുണ്ടായിരുന്നില്ല.
കരുണാകരഗുരുവിനെപ്പറ്റി താനെഴുതിയ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കാനാവുമോ എന്നാരാഞ്ഞായിരുന്നു ഉഷയുടെ കത്ത്. മലയാളമനോരമയില്‍ വാര്‍ത്തകളുടെ ഏകോപനത്തോടൊപ്പം ഞായറാഴ്ചപ്പതിപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്നു എനിക്ക്.
മനോരമയുടെ സണ്‍ഡേ സപ്ലിമെന്റ് , ഞായറാഴ്ചയായി ഉള്ളടക്കത്തിലും രൂപകല്‍പ്പനയിലും എൻറെ കൂടി പങ്കാളിത്തത്തിൽ മാറ്റിയെടുത്ത സമ യമായിരുന്നു അത്. ക്രിസ്ത്യന്‍ അടിത്തറയുള്ള ഇന്നത്തെ ചിന്താവിഷയം ഒന്നാംപുറത്തുനിന്ന് അകത്തേക്കു പോയി. ഞായറാഴ്ചയായി മാറ്റിയപ്പോള്‍ ആദ്യകഥ ഒ.വി. വിജയന്റേതായിരിക്കണമെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. വിജയന്‍ പറഞ്ഞു, ചെറുതായിരിക്കും. രണ്ടായിരം രൂപ തരണം.
ഈ സംഭാഷണം ഓര്‍ക്കുന്നതിനു കാരണം 30 വര്‍ഷത്തിനുശേഷവും കഥാകൃത്തിന് പത്രമാധ്യമങ്ങള്‍ നല്‍കുന്നത് ഈ തുക തന്നെയോ അതിലും കുറവോ ആണ് എന്നതിനാലാണ്.അങ്ങനെ വിജയന്‍ എഴുതിയ കഥയാണ് ഇടിമിന്നലിന്റെ നീളം. ഗുരുവിനെപ്പറ്റി എഴുതാന്‍ അങ്ങോട്ട് ആവശ്യപ്പെടാനിരിക്കുകയായിരുന്നു വെന്ന് ഞാന്‍ ഉഷക്കെഴുതി. ഉഷ നേരിട്ടുവന്നു. ഗുരുസ്മൃതികള്‍ അഞ്ച് അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയതുമായിട്ടാണ് വന്നത്. അഞ്ചാം അദ്ധ്യായം തത്വചിന്തകളായിരുന്നു. ഞാന്‍ പറഞ്ഞു, തത്വചിന്ത ഒഴിവാക്കാം. ഉഷയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രം എടുക്കാം. അങ്ങനെയാണ് പോത്തന്‍കോട്ടെ കരുണാകരഗുരുവിനെ ബാഹ്യലോകം അറിയുന്നത്.
നാരായണ ഗുരു |
പിന്നീട് തിരുവനന്തപുരത്തു ചെന്നപ്പോള്‍ ഗുരുവിനെ കാണാന്‍ പോയി. ഒട്ടും കാത്തുനില്‍ക്കാതെ കണ്ടു. ശ്രീലങ്കയിലെയും പഞ്ചാബിലെയും ഭീകരതകള്‍ അന്നു സംസാരിച്ചു എന്നാണ് ഓര്‍മ്മ. തിരുവനന്തപുരത്തേക്കു പുറപ്പെടും മുന്‍പ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.ആര്‍. ചുമ്മാറിനെ വിളിച്ച് ഗുരുവിനെപ്പറ്റി ചോദിച്ചു. ചുമ്മാറിന്റെ വര്‍ക്കലയിലെ ഒളിവുകാലത്ത് അവിടെ കരുണാകരശാന്തിയായിരുന്ന ഗുരു അദ്ദേഹത്തിനു ഭക്ഷണം പാകംചെയ്തു കൊടുത്തിരുന്നു. "അന്നും അയാളുടെ കണ്ണുകള്‍ക്ക് തീക്ഷണതയുണ്ടായിരുന്നു", ചുമ്മാര്‍ പറഞ്ഞു . മടങ്ങുമ്പോള്‍ ഗുരു ഒരു ആപ്പിള്‍ തന്നു.
ആ പത്രപ്രവര്‍ത്തകാലം വിട്ട് നീണ്ട ഇടവേള കഴിഞ്ഞാണ് ജന്മഭൂമി യുടെ ചീഫ് എഡിറ്ററാകാന്‍ എന്നെ ക്ഷണിച്ചത്. മനോരമയില്‍ പറ്റാതിരുന്ന തത്വചിന്താ ഖണ്ഡം ജന്മഭൂമിയിലെ പൈതൃകം എന്ന പേജില്‍ പറ്റുമെന്ന് തോന്നി, ഉഷയെ വിളിച്ചു. പാലക്കാട്ട് പനിക്കിടക്കയിലായിരുന്ന ഉഷ ഉണര്‍ന്നു. അങ്ങനെ തുടങ്ങിയ ഗുരുവരം എന്ന പംക്തിയില്‍ വന്ന കുറിപ്പുകളാണ്, ഗുരു ഗാഥ എന്ന ഈ പുസ്തകം. പത്രാധിപ സമിതിയുമായി ബന്ധമില്ലാത്ത ഒരാള്‍ തന്റെ വ്യക്തിതാല്പര്യങ്ങള്‍ക്ക് പത്രത്തെ കരുവാക്കുന്നതു മടുത്ത് അഞ്ചുമാസം മാത്രമേ ആ പത്രത്തിലുണ്ടായിരുന്നുള്ളൂ. പിരിയുമ്പോള്‍ പംക്തി തുടരാന്‍ ഉഷയെ ഉപദേശിച്ചു. ആദ്യത്തെ ചില കുറിപ്പുകള്‍ക്കു ശേഷം വന്നവയില്‍ എന്റെ കൈ പതിഞ്ഞില്ല. പംക്തി അവസാനിപ്പിച്ചശേഷം പുസ്തകം ആക്കും മുന്‍പ് കുറിപ്പുകള്‍ ഉഷ എന്നെ ഏല്‍പ്പിച്ചു. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും തന്നു. അപൂര്‍വ്വം സ്ഥലങ്ങളിലേ അത് പ്രയോഗിക്കുകയുണ്ടായുള്ളൂ. കാരണം ഗുരുവായി ഞാന്‍ കാണുന്നത് രമണമഹര്‍ഷിയെയാണ്. ഞാന്‍ ജനിക്കുന്നതിനും പത്തുകൊല്ലം മുന്‍പേ അദ്ദേഹം സമാധിയായി. ഉഷയ്ക്കാകട്ടെ, താന്‍ കണ്ടെത്തിയ ഗുരുവിനെ അടുത്തുനിന്നു ശുശ്രൂഷിക്കാനും അനുഭവിക്കാനും കഴിഞ്ഞു. ഗുരുവരം എന്നെക്കാള്‍ ഉള്ളത് ഉഷയ്ക്കാണ്. ഗുരുക്കന്മാര്‍ നൈരന്തര്യമാകയാല്‍ എല്ലാ ഗുരുക്കന്മാരും ഒന്നാണ്. അജ്ഞത കൊണ്ടാണ് ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണന്റെ ഗുരുവായിരുന്നു എന്നു പറയുമ്പോള്‍ ചിലര്‍ വാളെടുക്കുന്നത്. ശ്രീനാരായണന്‍, രമണമഹര്‍ഷിയെ തിരുവണ്ണാമലയില്‍ പോയിക്കണ്ടതും അതേപ്പറ്റി ശ്ലോകം എഴുതിയതും ആ മനസ്സുകള്‍ പരസ്പരം അറി ഞ്ഞതുകൊണ്ടാണ്. ഗുരുക്കളില്‍ ആരാണ് കേമന്‍ എന്ന ചര്‍ച്ച മൗഢ്യമാണ്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും രമണമഹര്‍ഷിയും അരവിന്ദമഹര്‍ഷിയും ഗാന്ധിയും ഒരേ കാലത്താണ് ഇവിടെ ജീവിച്ചത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രവാചകന്മാര്‍ ഏഷ്യയിലേ ഉണ്ടായിട്ടുള്ളൂ എന്ന വാസ്തവം വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിക്കുമ്പോഴാണ് അമ്പരപ്പോടെ തിരിച്ചറിഞ്ഞത്.
ഇതിന്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം:കോ നാമ ദേശഃ കാ ജാതിഃപ്രവൃത്തിഃ കാ കിയദ്വയഃഇത്യാദി വാദോപരതിര്‍ -യസ്യ തസ്യൈവ നിര്‍വൃതിഃ 1
ആഗച്ഛ ഗച്ഛ മാ ഗച്ഛപ്രവിശ ക്വ നു ഗച്ഛസിഇത്യാദി വാദോപരതിര്‍ -യസ്യ തസ്യൈവ നിര്‍വൃതിഃ 2
ക്വ യാസ്യാസി കദായാതഃകുത ആയാസി കോസി വൈഇത്യാദി വാദോപരതിര്‍ -യസ്യ തസ്യൈവ നിര്‍വൃതിഃ 3
അഹം ത്വം സോയമന്തര്ഹിബഹിരസ്തി ന വാസ്തി വാഇത്യാദി വാദോപരതിര്‍ -യസ്യ തസ്യൈവ നിര്‍വൃതിഃ 4
ജ്ഞാതജ്ഞാതസമഃ സ്വാന്യ-ഭേദശൂന്യഃ കുതോ ഭിദാഇത്യാദി വാദോപരതിര്‍ -യസ്യ തസ്യൈവ നിര്‍വൃതിഃ 5
ശ്രീനാരായണഗുരു 1928 ല്‍ ശിവഗിരിയില്‍ അസുഖ ബാധിതനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ രമണമഹര്‍ഷി പഴനിസ്വാമിയെയും കുഞ്ചു സ്വാമിയെയും അയച്ചു. നാരായണഗുരുവിന്റെ പരമ്പരയിലെ സേലം ശാന്തിലിംഗസ്വാമികള്‍, സ്വാമി അച്യുതാനന്ദ, നടരാജഗുരു, സ്വാമി മംഗളാനന്ദ, നിത്യചൈതന്യയതി, സ്വാമി ജ്ഞാനാനന്ദ തുടങ്ങിയവരും രമണമഹര്‍ഷിയെ കണ്ടു. നാരായണഗുരു ശിഷ്യരായ സ്വാമി ഗോവിന്ദാനന്ദയും ആത്മാനന്ദയും കാഞ്ചീപുരത്തെ ആശ്രമത്തില്‍ നിന്ന് രമണമഹര്‍ഷിക്ക് ഔഷധങ്ങള്‍ അയച്ചുകൊടുത്തു. നാരായണഗുരുവിന്റെ 1916 ലെ സന്ദര്‍ശനത്തെപ്പറ്റി കൂടുതലറിയാന്‍ മംഗളാനന്ദ പിന്നീട് രമണമഹര്‍ഷിയെ കണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു; "ഗുരു മഹാനാണ്. അദ്ദേഹം എന്നോട് ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു".എന്താണ് നിങ്ങളുടെ പേര്? എവിടന്നാണ്? എന്താണ് ജാതി? എന്താ ജോലി? എത്രയാണ് വയസ്സ്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവനാണ് നിര്‍വൃതി.
വരൂ! പോകരുത്! വരൂ! എങ്ങോട്ടു പോകുന്നു? ഇത്തരം ഭാഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
എപ്പോഴാണ് പോയത്? എപ്പോഴാണ് വന്നത്? എവിടന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? ഇത്തരം ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
നീ, ഞാന്‍, അവന്‍, ഇവന്‍, അകത്ത്, പുറത്ത് എന്നീ അന്വേഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
ജ്ഞാതത്തോടും അജ്ഞാതത്തോടും സമദൂരം. അവനവനോടും അന്യരോടും സമഭാവന. എന്നിട്ടും എന്തേ ഈ വൈജാത്യം? എന്നീ ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
രമണമഹര്‍ഷിയുടെ ഭക്തനായ സ്വാമി ബാലാനന്ദ ഒരിക്കല്‍ ഗുരുദേവന്‍ എഴുതിയ ആത്മോപദേശ ശതകം മഹര്‍ഷിയെ വായിച്ചു കേള്‍പ്പിച്ചു. വായന മുന്നേറിയപ്പോള്‍ മഹര്‍ഷി തുടകളില്‍ താളം പിടിച്ച്, 'അപ്പടി താന്‍, അപ്പടി താന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആത്മസാക്ഷാത്കാരത്തിന്റെ ഭാഗമെത്തിയപ്പോള്‍ മഹര്‍ഷി നിരീക്ഷിച്ചു: 'എല്ലാം തെരിഞ്ചവര്‍, എല്ലാം തെരിഞ്ചവര്‍'. മധ്യഭാഗമെത്തിയപ്പോള്‍ മഹര്‍ഷി എഴുന്നേറ്റ് ഉദ്‌ഘോഷിച്ചു, 'പെരിയോര്‍കള്‍, പെരിയോര്‍കള്‍'.ഗുരുക്കന്മാര്‍ തമ്മില്‍ കണ്ടപ്പോള്‍ ഒന്നും സംസാരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആത്മാക്കള്‍ പരസ്പരം തിരിച്ചറിയുകയാണ്.
സ്‌കന്ദപുരാണത്തിലെ ഗുരുഗീത ആധാരമാക്കി, ഭാരതീയ ഗുരുപരമ്പരയിലൂടെ ഉഷ നടത്തുന്ന യാത്രയാണ് 'ഗുരുഗാഥ'. ഗുരുവിനെ കണ്ടെത്തലിലേക്കു നയിച്ച സാഹചര്യങ്ങളും ജ്ഞാനാന്വേഷണവും പുസ്തകങ്ങളും ആചാര്യന്മാരും അനുഭവങ്ങളുമൊക്കെ ഉഷ പങ്കു വയ്ക്കുന്നു.
ഇന്ത്യയുടെ ഗുരുപാമ്പര്യം ആ രാജ്യത്തെ മുരടിപ്പിച്ചു എന്ന് രണ്ടു ജര്‍മ്മന്‍ തത്വചിന്തകര്‍; കാള്‍മാര്‍ക്‌സും, മാക്‌സ് വെബറും അപഹസിച്ചതിനുള്ള മറുപടി കൂടിയാണ് ഈ പുസ്തകം. ഇന്ത്യയുടേത് അലസ ഗ്രാമ്യ സമ്പദ്‌വ്യവസ്ഥയും അതിനു കാരണം ഹിന്ദുമതവുമാണെന്നാണ് മാര്‍ക്‌സ് 1853 ല്‍ 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണി'ലെ ലേഖനങ്ങളില്‍ എഴുതിയത്. ഇതിനു കാരണം ഇന്ത്യയുടെ ഗുരുക്കന്മാരിലാണ് വെബര്‍, 'ഇന്ത്യയുടെ മതം' എന്ന പുസ്തകത്തില്‍ കണ്ടെത്തിയത്. ഇന്ത്യ മുരടിച്ചത് ബ്രിട്ടീഷ് ഭരണം നിലനിന്ന 1900-1946 കാലത്താണെന്ന് കണക്കുകള്‍ തെളിയിച്ചതോടെ ഇവരുടെ ഭൗതികവാദം തറപറ്റി.
മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ 33 ലേഖനങ്ങളില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍ എന്നിവയാണ് കുപ്രസിദ്ധം. ബ്രിട്ടന്‍ ഇന്ത്യയില്‍ സാമൂഹ്യവിപ്ലവം നടപ്പാക്കിയ ചരിത്രത്തിന്റെ അബോധാത്മക ഉപകരണമായിരുന്നുവെന്ന വിഡ്ഢിത്തം വിളമ്പിയതായിരുന്നു ആദ്യ ലേഖനം. ഹനുമാന്‍ എന്ന കുരങ്ങിന്റെയും കാമധേനു എന്ന പശുവിന്റെയും മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാര്‍ക്‌സ് പരിഹസിച്ചു. ഇതേപ്പറ്റി മാര്‍ക്‌സ് എഴുതി:
താന്‍ ഭാരതത്തിനൊരു സുവര്‍ണ്ണയുഗമുണ്ടായിരുന്നതായി വിശ്വസിക്കുന്നില്ലെന്നും മാര്‍ക്‌സ് എഴുതി.'പൗരസ്ത്യദേശത്തെ അയര്‍ലന്റാണ് അത്. ഇറ്റലിയുടെയും അയര്‍ലന്റിന്റെയും കൂടിയുള്ള വിചിത്രമായ ഈ സംലയനം സുഖഭോഗങ്ങളുടെ ലോകവും കഷ്ടപ്പാടുകളുടെ ലോകവും തമ്മിലുള്ള ഈ ചേരുവ ഹിന്ദുസ്ഥാനിലെ പ്രാചീന മതപാരമ്പര്യം വിഭാവനം ചെയ്തിട്ടുള്ള ഒന്നാണ്. അതിനുകടന്ന കാമാസക്തിയുടെയും ആത്മപീഡനത്തോളമെത്തുന്ന സര്‍വ്വസംഗ പരിത്യാഗത്തിന്റെയും മതമാണ് അത്. ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ് അത്. ഭിക്ഷുവിന്റെയും അതേസമയം ദേവദാസിയുടെയും മതമാണ് അത്.'
ഇന്ത്യയുടെ മതം എന്ന പുസ്തകത്തില്‍ വെബര്‍ എഴുതിയത് മുസ്ലിംകളുടെ സൈനികാധിപത്യവും രാഷ്ട്രീയാധീശത്വവും ഇന്ത്യയിലെ ഹിന്ദു വരേണ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയാധികാരത്തെ അട്ടിമറിച്ചുവെന്നാണ്'. ഈ രാഷ്ട്രീയാധികാരം ഗുരു സ്വാധീനത്തിന് സ്വതന്ത്രാധികാരം നല്‍കുകയും അതിനെ ബീഭത്സമായ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു. വെബര്‍ നിരീക്ഷിക്കുന്നു. ഈ ഗുരുപരമ്പര ജീവിതത്തിന്റെ യുക്തിവിചാരത്തെ ഹനിക്കുകയാല്‍ ഇന്ത്യയ്ക്ക് മുതലാളിത്തത്തിന്റെ സത്തയിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല എന്നാണ് വെബറുടെ കണ്ടെത്തല്‍.
വെബർ |
മുസ്ലിം അധിനിവേശത്തോടെ ബ്രാഹ്മണാധിപത്യം തകര്‍ന്നപ്പോഴാണ് ഇന്ത്യയില്‍ ഗുരുക്കന്മാര്‍ക്ക് പ്രാധാന്യം കൈവന്നത് എന്നത് മാര്‍ക്‌സോ വെബറോ അറിഞ്ഞിട്ടില്ല. അവര്‍ണ്ണരും അങ്ങനെ ഗുരുക്കന്മാരായി. ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത് എന്ന് ശ്രീനാരായണഗുരു പറഞ്ഞതും ഓര്‍ക്കാം. ഇന്ത്യയില്‍ മതവും ഗുരുപരമ്പരയും നിര്‍വ്വഹിച്ച ദൗത്യം മനുഷ്യന്റെ ആന്തരിക ശുദ്ധീകരണമായിരുന്നുവെന്ന് ഉഷയുടെ പുസ്തകം വെളിവാക്കുകയും അങ്ങനെ അത് പാശ്ചാത്യ ഭൗതികവാദത്തിന് മറുപടിയാവുകയും ചെയ്യുന്നു. കരുണാകരഗുരു പ്ലാവിലക്കുമ്പിളില്‍ കഞ്ഞികുടിച്ചിരുന്നതുപോലെ ലാളിത്യത്തിന്റെ സന്ദേശമാണ്, മുതലാളിത്ത സന്ദേശമല്ല ഇന്ത്യ ലോകത്തിനു നല്‍കിയത്.
ഇന്ത്യ കാണാത്ത മാര്‍ക്‌സിനെയും വെബറിനെയും പോലെ മണ്ടന്മാരായിരുന്നില്ല യൂറോപ്പിലെ ചിന്തകര്‍ എല്ലാവരും എന്നതിന് മാക്‌സ് മുള്ളറും കാള്‍ യുങും റൊമെയ്ന്‍ റൊളാങും മോണിയർ വില്യംസും ജർമൻ മഹാകവി കവി ഹോൾഡർലിനും ഒക്കെ ഉദാഹരണങ്ങളാണ്. ഹോൾഡർലിൻറെ മഹാകാവ്യത്തിന്റെ പേരുതന്നെ ബ്രഹ്മജ്ഞാനം എന്നാണ്. സത്യാന്വേഷണം നടത്തുന്നത് എപ്പോഴും കവികളായിരിക്കും; സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞന്മാരാവില്ല. ഇന്ത്യയില്‍ വന്ന് മാനസാന്തരം വന്നയാളാണ് ഫ്രോയ് ഡ് കഴിഞ്ഞാല്‍ അടുത്തയാളായ യുങ്. 1936 ല്‍ യുങ് എഴുതിയ പ്രബുദ്ധ ഭാരത ലേഖനത്തില്‍ പാശ്ചാത്യര്‍ക്കു ചേര്‍ന്നതല്ല യോഗ എന്നു പറഞ്ഞിരുന്നു. അതു കഴിഞ്ഞുള്ള ശിശിരത്തില്‍ കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തിലെത്തി അദ്ദേഹം. തുടര്‍ന്നുള്ള പ്രബന്ധത്തില്‍ അദ്ദേഹം മഠത്തിലെ ശ്രീരാമകൃഷ്ണ പ്രതിമയെപ്പറ്റി ഓര്‍മ്മിച്ചത്, 'സമാധി' എന്ന വാക്കു കേട്ടാല്‍ ഏതു ഭാരതീയനും ഈ നിലയിലുള്ള യോഗിയെയാണ് ഓര്‍ക്കുക എന്നാണ്. 1939 ല്‍ ഭാരതം നമ്മെ പഠിപ്പിക്കുന്നത് എന്ന ലേഖനത്തില്‍ ഹിന്ദുമതത്തിന്റെ സമഗ്രത പാശ്ചാത്യര്‍ക്കു മാതൃകയാണെന്ന് അദ്ദേഹം എഴുതി. 1943 ല്‍ യുങ് പൗരസ്ത്യ ധ്യാനത്തിന്റെ മനഃശാസ്ത്രം എഴുതി. 1944 ല്‍ രമണമഹര്‍ഷിയുടെ ഉപദേശസാരം ഹെന്റിച്ച് സിമ്മര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ അതിന് അവതാരികയും എഴുതി. രമണമഹര്‍ഷിയെ അദ്ദേഹം കണ്ടില്ല. ആത്മന്‍ എന്ന വാക്കിന്റെ ആഴമറിയാന്‍ മനഃശാസ്ത്രം വളര്‍ന്നിട്ടില്ല എന്ന് അദ്ദേഹം കുമ്പസരിച്ചു.
യുങ് |
വ്യക്തിപരമായി, ആചാരാനുഷ്ഠാനങ്ങള്‍ക്കു പുറകെ നടക്കുന്ന ഒരാളല്ല ഞാന്‍. അസത്തുക്കള്‍ക്കൊപ്പം കൂടി ദുര്‍വ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെ ത്തുകയാണ് ജീവിതം. പൂര്‍വ്വജന്മ പുണ്യം പോലെ അപൂര്‍വ്വമായി ഗുരുസാന്നിധ്യങ്ങളില്‍നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികള്‍ വന്നു വീഴും. അത്തരം വൈദ്യുത കമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്തകം.
കുടുംബങ്ങള്‍ നിര്‍മ്മിക്കുന്ന പൊങ്ങച്ച സ്മൃതികളില്‍ താല്പര്യമില്ലെങ്കിലും പിതൃതര്‍പ്പണ സുകൃതം പോലെ ഇന്ന് ശ്രാദ്ധങ്ങള്‍ നടത്താത്ത എന്നില്‍ ഈ വായനകൊണ്ടുണ്ടായി. പാരമ്പര്യമായി ഞങ്ങള്‍ ആത്രേയ ഗോത്രത്തില്‍ പെടുന്നു എന്നാണ് വിശ്വാസം. അത്രി മുനിയുടെ പൈതൃകം എന്നര്‍ത്ഥം. അത്രിമുനി ആരാണ് എന്നന്വേഷിക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. എന്നാല്‍ ഉഷയുടെ സ്മൃതികള്‍ക്കൊടുവില്‍ സപ്തര്‍ഷിമാരില്‍ തേജോമയരായ രണ്ടുപേരാണ് ഭൃഗുവും അത്രിയും എന്നുകണ്ടു. അത്രിയുടെ പതിവ്രതയായ പത്‌നി അനസൂയയെ കളങ്കപ്പെടുത്താന്‍ ത്രിമൂര്‍ത്തികള്‍ ഭാര്യമാരുടെ ഉപദേശം കേട്ടിറങ്ങിയ കഥയാണ് അത്. നമ്മുടെ വലിയ ആരാധനാ മൂര്‍ത്തികള്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പോക്‌സോ നിയമപ്രകാരം വിചാരണ ചെയ്യപ്പെടും എന്നു തോന്നി. ആ സന്തോഷത്തിനും പിതൃസ്മരണ യുടെ ശ്രാദ്ധത്തിനും ഉഷയ്ക്കു നന്ദി.
( ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻറെ അവതാരിക )
21.12.2017
No comments:
Post a Comment