Monday 1 July 2019

കാമുവിനെ കെ ജി ബി കൊന്നോ ?

ൽബേർ കാമു 1960 ൽ കാർ മരത്തിൽ ഇടിച്ച് കൊല്ലപ്പെട്ട  സംഭവം,ഇന്ന് വായിച്ചാലും,ഞെട്ടിപ്പോകും.എഴുത്തുമായി ബന്ധപ്പെട്ടവരുടെ കാര്യമാണ് പറയുന്നത്.ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചു കുലുക്കിയ അസംബന്ധ സമാനമായ ജീവിത യുദ്ധങ്ങൾക്ക് എഴുത്തിൽ ഇത് പോലെ തത്വചിന്താപരമായ വ്യാഖ്യാനം നൽകിയ മറ്റൊരാൾ ഇല്ല.കാർ അപകടം ഉണ്ടായ സ്ഥലം പഴയൊരു ഗോത്രവർഗം വസിച്ചിരുന്ന ഇടമാണെന്നും അവരെ ആട്ടിപ്പായിച്ചതിൻറെ പ്രേതാവശിഷ്ടം ദുരന്തത്തിന് കാരണമായെന്നും എവിടെയോ വായിച്ചിരുന്നു.അദ്ദേഹത്തെ സോവിയറ്റ് ചാരന്മാർ കൊന്നതാണെന്ന സിദ്ധാന്തം അദ്ദേഹം മരിച്ച കാലത്ത് ആരും ഉന്നയിച്ചില്ലെങ്കിലും,2011 ഓഗസ്റ്റിൽ അങ്ങനെ ആരോപിക്കുന്ന ഒരു പത്ര റിപ്പോർട്ട് ഇറ്റലിയിൽ വന്നു.അന്ന് അത് ഉന്നയിച്ച ഇറ്റാലിയൻ എഴുത്തുകാരൻ ജിയോവാനി കാറ്റെല്ലി ഇപ്പോൾ ഒരു പുസ്തകം തന്നെ എഴുതിയിരിക്കുന്നു:'കാമുവിൻറെ മരണം.'സോവിയറ്റ് വിദേശമന്ത്രി ദിമിത്രി ഷെപിലോവ് ആണ് കൊല ആസൂത്രണം ചെയ്തതെന്ന് പുസ്തകത്തിൽ ആരോപിക്കുന്നു.

കാമുവും ( വലത്ത് ) ഗല്ലിമർദും
1960 ജനുവരി നാലിന് ഫ്രാൻസിലെ വില്ലേബ്ലെവിനിൽ 46 വയസിലാണ് കാമു കൊല്ലപ്പെട്ടത്.1957 ൽ നൊബേൽ സമ്മാനം കിട്ടുമ്പോൾ രണ്ടാമത്തെ പ്രായം കുറഞ്ഞ ജേതാവായിരുന്നു.1907 ൽ 41 വയസിൽ നൊബേൽ നേടിയ റഡ്യാർഡ് കിപ്ലിംഗ് ആണ് പ്രായം കുറഞ്ഞയാൾ.സാഹിത്യത്തിലെ സമ്മാനത്തിന്റെ കാര്യമാണ്.

തെക്കുകിഴക്കൻ ഫ്രാൻസിൽ ഇറ്റലിയുടെ അതിർത്തിയിലെ പ്രൊവിൻസിൽ ആയിരുന്നു കാമുവിൻറെ വീട്.അവിടന്ന് പാരിസിലേക്കുള്ള ഉപയോഗിക്കാത്ത ട്രെയിൻ ടിക്കറ്റ് കാമുവിൻറെ കീശയിൽ ഉണ്ടായിരുന്നു.ക്രിസ്‌മസ്‌ അവധിക്ക് ശേഷം  ഭാര്യ ഫ്രാൻസീൻ,കൗമാരക്കാരായ ഇരട്ട പെൺകുട്ടികൾ കാതറീൻ,ജീൻ എന്നിവർക്കൊപ്പം ട്രെയിനിൽ പാരിസിലേക്ക് മടങ്ങാൻ കാമു ടിക്കറ്റ് എടുത്തിരുന്നു.സുഹൃത്തും പ്രസാധകനുമായ മൈക്കിൾ ഗല്ലിമർദ് കാറിൽ പാരിസിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോൾ,ട്രെയിൻ യാത്ര ഉപേക്ഷിക്കുകയായിരുന്നു.അങ്ങനെയാണ്,മരണം വരിക.ഗല്ലിമർദ് ഓടിച്ച ഫെയ്‌സൽ വേഗ കാർ റോഡിൽ നിന്ന് തെന്നി മാറി മരത്തിൽ ഇടിച്ച ഉടൻ കാമു മരിച്ചു.ദിവസങ്ങൾ കഴിഞ്ഞ് ഗല്ലിമർദും മരിച്ചു.അവശിഷ്ടങ്ങളിൽ നിന്ന്   144 പേജ് കയ്യെഴുത്തു പ്രതി പൊലീസ് കണ്ടെടുത്തു -The First Man എന്ന അപൂർണ നോവൽ.അൾജീരിയയിലെ ബാല്യത്തിൻറെ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവൽ ആയിരിക്കും തൻറെ മികച്ച രചനയെന്ന് കാമു പറഞ്ഞിരുന്നു.
ഷെപിലോവ് 
ഇറ്റാലിയൻ പത്രമായ Corriere della Sera യിലാണ്,50 വർഷത്തിന് ശേഷം  ചാര സിദ്ധാന്തം വന്നത്.ചെക്കോസ്ലോവാക്യൻ കവിയും പരിഭാഷകനുമായ ജാൻ സാബ്രനയുടെ ഡയറി ഇറ്റലിയിൽ പരിഭാഷ ചെയ്‌ത് Celý život എന്ന പേരിൽ  പ്രസിദ്ധീകരിച്ചപ്പോൾ ഒരു പ്രധാന ഖണ്ഡിക വിട്ടു പോയെന്ന് ഇറ്റാലിയൻ പ്രൊഫസറും കവിയുമായ ജിയോവാനി കാറ്റെല്ലി കണ്ടെത്തി.ഇതാണ് ഖണ്ഡിക:

I heard something very strange from the mouth of a man who knew lots of things and had very informed sources. According to him, the accident that had cost Albert Camus his life in 1960 was organised by Soviet spies. They damaged a tyre on the car using a sophisticated piece of equipment that cut or made a hole in the wheel at speed.The order was given personally by [Dmitri Trofimovic] Shepilov [the Soviet foreign minister] as a reaction to an article published in Franc-tireur [a French magazine] in March 1957, in which Camus attacked [Shepilov], naming him explicitly in the events in Hungary.

"കാമുവിനെ സോവിയറ്റ് ചാരന്മാർ കൊന്നതാണ്.വളരെ കാര്യങ്ങൾ അറിയുന്ന ഒരാളാണ് ഇത് പറഞ്ഞത്.അവർ കാറിൻറെ ചക്രത്തിൽ അത്യാധുനിക ഉപകരണം വഴി തുളയിട്ടു.വേഗം കൂടിയപ്പോൾ ടയർ പൊട്ടി.ഇതിന് ഉത്തരവ് നൽകിയത് സോവിയറ്റ് വിദേശമന്ത്രി ദിമിത്രി ഷെപിലോവ് നേരിട്ടാണ്.ഫ്രഞ്ച് മാസികയിൽ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് പ്രകോപനം.അതിൽ ഹങ്കറിയിലെ ആക്രമണത്തിന് കാമു ഷെപിലോവിനെ കുറ്റപ്പെടുത്തിയിരുന്നു."



ഒരു വർഷം കഴിഞ്ഞ് നൊബേൽ ജേതാവായ , ഡോക്ടർ ഷിവാഗോ യുടെ കർത്താവ്  ബോറിസ് പാസ്റ്റർനാക്കിനെ പിന്തുണച്ച് കാമു പിന്നെയും സോവിയറ്റ് യൂണിയനെ  പ്രകോപിപ്പിച്ചിരുന്നു.ഈ നോവൽ സോവിയറ്റ് യൂണിയൻ  നിരോധിക്കുകയും നൊബേൽ സമ്മാനം വാങ്ങരുതെന്ന് ഉത്തരവിടുകയും ചെയ്‌തിരുന്നു.ഇങ്ങനെ ധാരാളം കാരണങ്ങൾ കാമുവിനെ കൊല്ലാൻ സോവിയറ്റ് യൂണിയനുണ്ടായിരുന്നു എന്നായിരുന്നു ഇറ്റാലിയൻ പത്രത്തിൻറെ വാദം.1957 ൽ ഇറ്റലിയിലാണ് ഷിവാഗോ  പ്രസിദ്ധീകരിച്ചത്.വൊക്ലൂസിലെ ലൂർമാരിൻ സെമിത്തേരിയിൽ കാമുവിനെ അടക്കിയപ്പോൾ ശവപ്പെട്ടി ചുമന്നവരിൽ ഒരാൾ സാർത്ര് ആയിരുന്നു.പ്രാദേശിക ഫുട്ബോൾ ടീം അംഗങ്ങൾ ദുഃഖാർത്തരായി പങ്കെടുത്തിരുന്നു.ഫ്രാൻസിലെ മഹാന്മാരുടെ കല്ലറകൾ നിൽക്കുന്ന പന്തിയനിലേക്ക് കാമുവിൻറെ ഭൗതികാവശിഷ്ടം മാറ്റാൻ 2010 ൽ പ്രസിഡൻറ് നിക്കോളാസ് സർകോസി വിഫലശ്രമം നടത്തിയിരുന്നു.
ഇറ്റാലിയൻ പത്രത്തിൻറെ സിദ്ധാന്തം  ശരിപ്പെട്ടു വന്നില്ല .പാരിസിൽ ബി ബി സി ലേഖകൻ ആയിരുന്ന ഒളിവിയർ ടോഡ് ആൽബേർ കാമു:എ ലൈഫ് എന്ന ജീവചരിത്രം എഴുതുമ്പോൾ സോവിയറ്റ് ആർകൈവ്സ് പരിശോധിച്ചിരുന്നു.ഇത്തരം വിവരങ്ങളൊന്നും അദ്ദേഹത്തിന് കിട്ടിയില്ല.പക്ഷെ കെ ജി ബി യെപ്പറ്റി എന്ത് വന്നാലും അദ്ദേഹം അദ്‌ഭുതപ്പെടില്ല.ചെക്കോസ്ലോവാക്യക്കാരെ വൃത്തികെട്ട കാര്യങ്ങൾ ചെയ്യാൻ കെ ജി ബി ഉപയോഗിച്ചിരുന്നു.ഹൂസ്റ്റൺ സർവകലാശാലയിൽ ചരിത്ര പ്രൊഫസറായ റോബർട്ട് സറേറ്റ്സ്കി  Albert Camus: Elements of a Life എന്ന പുസ്തകം എഴുതിയിട്ടുണ്ട്.ഇറ്റാലിയൻ സിദ്ധാന്തം,A Russian Plot ? No A French Obsession എന്ന ലേഖനത്തിൽ നിരാകരിക്കുകയാണ്,അദ്ദേഹം ചെയ്‌തത്‌.കാറും അത് വഴിയുള്ള മരണവും ഫ്രാൻസിൽ ഒരു ബാധയായിരുന്നു,എന്നാണ് അദ്ദേഹത്തിൻറെ സിദ്ധാന്തം.കമ്മ്യൂണിസ്റ്റുകാരെ എന്തിലും സംശയിക്കാവുന്ന സാഹചര്യം അന്ന് നില നിന്നിരുന്നു.സോവിയറ്റ് യൂണിയൻ അണുബോംബ് പരീക്ഷിച്ചിരുന്ന കാലം.ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി വലുതായിരുന്നു.ചിന്തകൻ റോജർ ഗരോദി,"ഇരുപതാം നൂറ്റാണ്ട് കമ്മ്യൂണിസത്തിൻറെ വിജയ നൂറ്റാണ്ടായി ചരിത്രം രേഖപ്പെടുത്തും" എന്ന് പ്രവചിച്ചിരുന്നു.നോത്രദാം പള്ളിയുടെ മുഖപ്പ് കൊക്കകോളയ്ക്ക് പരസ്യം വയ്ക്കാൻ സർക്കാർ കൊടുക്കാൻ പോകുന്നെന്ന് പാർട്ടി ആരോപിച്ചിരുന്നു.ജാക്വസ് ദുക്ളോസ് എന്ന കമ്മ്യുണിസ്റ്റ് നേതാവിനെ കാറിൽ രണ്ടു പ്രാവുകളുമായി പൊലീസ് അറസ്റ്റ് ചെയ്തത് കോളിളക്കമുണ്ടാക്കിയിരുന്നു.പ്രാവുകളെ കറി വയ്ക്കാൻ കൊണ്ട് പോയതാണെങ്കിലും,അവ സോവിയറ്റ് ചാരന്മാരാണെന്ന് ആരോപിക്കപ്പെട്ടു.എന്നിട്ടും കാമുവിനെ കെ ജി ബി കൊന്നു എന്ന് ആരും അന്ന് പറഞ്ഞില്ല.കാറുകളെയും അവ കൊണ്ടുള്ള ദുരന്തങ്ങളെയും പറ്റിയാണ് ആളുകൾ ബേജാറായത്.
അൻപതുകളിലും അറുപതുകളിലും ഫ്രഞ്ച് ജനകീയ സംസ്കാര ഭാഗമായിരുന്നു,കാറുകൾ.നോവലിസ്റ്റ് റോജർ നിമിയർ മഷി,ഗ്യാസോലിൻ ആക്കുന്നതിനെപ്പറ്റി എഴുതി.താൻ കാർ അപകടത്തിൽ മരിക്കുമെന്ന് പ്രവചിച്ച് 1962 ൽ അത് സാധിച്ചു.Bonjour Tristesse എഴുതിയ ഫ്രാങ്സ്വാ സാഗൻ 1957 ൽ അവരുടെ ഓസ്റ്റിൻ മാർട്ടിൻ ഇടിച്ചു തകർത്തു. മരിച്ചില്ല.നോവലിസ്റ്റ് ആന്ദ്രേ മാൽറോയുടെ രണ്ടു മക്കൾ 1961  ൽ കാർ അപകടത്തിൽ മരിച്ചു.സിട്രിയോൺ ഡി എസ് ഗോഥിക് കത്തീഡ്രൽ പോലിരിക്കുന്നു എന്നെഴുതിയ റൊളാങ് ബാർത്തിനെ 1980 ൽ പാരിസിൽ വിഴുപ്പ് കയറ്റിയ വാൻ ഇടിച്ചു കൊന്നു.കുതിരകൾക്കായുള്ള റോഡിൽ.,കാമു കയറിയ  ഫെയ്‌സൽ വേഗ കാർ തെന്നിയത്,സോവിയറ്റ് യൂണിയൻ വിശദീകരിക്കേണ്ടതില്ല.അസംബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ സമകാലികർ മതവും പ്രത്യയ ശാസ്ത്രവും തേടിയപ്പോൾ,വേഗമേറിയ മെലിഞ്ഞ കാറുകൾ തേടിയ ചിലരും ഉണ്ടായിരുന്നു.കാമു മൂക്കറ്റം പൂസായിരുന്നു എന്നും വായിച്ചതോർക്കുന്നു.കാമു ഇങ്ങനെ പറഞ്ഞിരുന്നു: "The absurd,depends as much on man as on the world.At any street corner,the feeling of absurdity can strike any man in the face." അസംബന്ധം ലോകത്തെ മാത്രമല്ല,വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു.ഏതു തെരുവ് മൂലയിലും അസംബന്ധം നമ്മുടെ മുഖത്ത് ആഞ്ഞു പതിക്കാം.വഴിയിൽ വണ്ടിയോടിക്കുന്നതിനെതിരെ സുഹൃത്ത് മുന്നറിയിപ്പ് നൽകിയപ്പോൾ,കാമു പറഞ്ഞു:"വിഷമിക്കണ്ട,എനിക്ക് വേഗവും വാഹനങ്ങളും ഇഷ്ടമല്ല." സ്വന്തം സിട്രിയോൺ വല്ലപ്പോഴുമേ കാമു ഓടിച്ചിരുന്നുള്ളു.
കാമുവിൻറെ തകർന്ന ശരീരത്തിൽ നിന്ന് ഏതാനും വാര അകലെയാണ്,The First Man കയ്യെഴുത്തു കോപ്പിയുള്ള ബ്രീഫ് കേസ് കിടന്നത്.അതിൽ കാമു എഴുതി:"Life,so vivid and mysterious, was enough to occupy his entire being.”
കാമു മരിച്ചത് 1960 ൽ.സ്റ്റാലിൻ മരിച്ചതാകട്ടെ,ഏഴു വർഷം മുൻപ് 1953 ലും.1956 ഫെബ്രുവരി 25 ന് ഇരുപതാം പാർട്ടി കോൺഗ്രസിൽ സ്റ്റാലിനെ ഉന്മൂലനം ചെയ്‌ത്‌ ക്രൂഷ്ചേവ് ശുദ്ധീകരണ പ്രഭാഷണം നടത്തി പുണ്യാഹം തളിച്ചിരുന്നു.1953 മുതൽ 1964 വരെ ക്രൂഷ്ചേവ് ആയിരുന്നു,സെക്രട്ടറി.ഉന്മൂലനത്തിൽ ക്രൂഷ്ചേവ് ഒട്ടും മോശമായിരുന്നില്ല.

30 അടി വീതിയുള്ള റോഡിൽ,ട്രാഫിക് ശുഷ്കമായിരിക്കെ നടന്ന കാമു കൊല്ലപ്പെട്ട അപകടം ദുരൂഹമാണെന്ന് ജീവചരിത്രത്തിൽ ( 1978 ) ഹെർബർട്ട് ലോട്ട്മാൻ എഴുതിയിരുന്നു.1957 മാർച്ചിൽ കാമു Franc-Tireur എന്ന ഫ്രഞ്ച് പത്രത്തിൽ എഴുതിയ ലേഖനത്തിന് മന്ത്രി ഷെപിലോവ് പക വീട്ടുകയായിരുന്നവെന്ന് കാറ്റെല്ലി പുസ്തകത്തിൽ പറയുന്നു.മൂന്നു കൊല്ലം എടുത്താണ് കൊല നടപ്പാക്കിയത്.സാബ്രനയുടെ വിധവ മേരിയെ അദ്ദേഹം കണ്ടു.പുസ്തകം ഇറങ്ങിയ ശേഷം ഫ്രഞ്ച് വിവാദ അഭിഭാഷകൻ ഴാക്വസ് വെർഗാസിന്റെ സുഹൃത്ത് ഇറ്റാലിയൻ ബാരിസ്റ്റർ ഗിലിയാനോ ബസെല്ലി ,കാറ്റെല്ലിയെ ബന്ധപ്പെട്ടു.അപകടം ആസൂത്രണം ചെയ്തതാണെന്ന് വെർഗാസ് തന്നോട് പറഞ്ഞതായി ബസെല്ലി വെളിപ്പെടുത്തി.കാമുവിൻറെ തുറന്ന നിരീക്ഷണങ്ങൾ ഫ്രഞ്ച് -സോവിയറ്റ് ബന്ധങ്ങളെ ബാധിക്കുന്നതിനാൽ,ഫ്രാൻസ് ഒറ്റിയിരിക്കാം എന്നാണ് സിദ്ധാന്തം.

കൊലയാളി ഷെപിലോവ് ( 1905 -1995 ) ക്രൂഷ്‌ചേവിനെ അട്ടിമറിക്കാൻ 1957 ൽ ശ്രമിച്ച വിമത പാർട്ടി സംഘത്തിൽ ഉണ്ടായിരുന്നു.തുർക്ക്മെനിസ്ഥാനിൽ ജനിച്ച അദ്ദേഹം അഭിഭാഷകൻ ആയിരുന്നു.പാർട്ടിയിൽ കാർഷിക രംഗത്തായിരുന്നു.സ്റ്റാലിന്റെ സൈദ്ധാന്തികൻ ഷഡാനോവിന്റെ സഹായിയായി.1957 ൽ ഗ്രോമിക്കോ പകരം വന്നു.1957 ജൂൺ 29 ന് സി സി യിൽ നിന്ന് പുറത്താക്കപ്പെട്ടു.കിർഗിസ്ഥാനിൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി.അവിടന്ന് പുറത്താക്കി ആർകൈവ്സിൽ ക്ളർക്ക് ആക്കി.1962 ഫെബ്രുവരി 21 ന് പാർട്ടിയിൽ നിന്ന് പുറത്താക്കി.1976 ൽ തിരിച്ചെടുത്തു.

കാമുവിൻറെ മകൾ കാതറീൻ കൊലപാതക സിദ്ധാന്തത്തോട് യോജിച്ചിട്ടില്ല.ഫ്രാൻസിലും അർജന്റീനയിലും കൂടി പുസ്തകം വന്നു കഴിഞ്ഞു.








No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...