Monday 12 August 2019

നാക്കു സ്‌പിറുവിനെ ഹോജ കൊന്നു

സോക്‌സെയെ തൂക്കി കൊന്നു

മിലോവൻ ജിലാസിന്റെ Conversations with Stalin എന്ന പുസ്തകത്തിൽ കേരളത്തിലെ മാർക്‌സിസ്റ്റ്‌ സമൂഹം ചർച്ച ചെയ്യാത്ത ഒരു ഉന്മൂലനവും ഒരു ആത്മഹത്യയുമുണ്ട്-അൽബേനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് നാക്കു സ്‌പിറു ആത്മഹത്യ ചെയ്‌തു;അവിടത്തെ ആഭ്യന്തര മന്ത്രി കോച്ചി സോക്സെയെ  ( Koci Xoxe ) തൂക്കി കൊന്നു ( വെടിവച്ചു കൊന്നു എന്ന് ജിലാസ് -അന്ന് മുഴുവൻ വിവരം ഉണ്ടായിരുന്നില്ല ).യുഗോസ്ലാവിയയെയും ടിറ്റോയെയും നാം ശ്രദ്ധിച്ചു.യുഗോസ്ലാവിയയുമായുള്ള ബന്ധം വേണോ വേണ്ടയോ എന്ന പ്രശ്നമാണ് ഈ രണ്ടു പേരുടെയും മരണത്തിൽ കലാശിച്ചത് -രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള കലഹത്തിന്റെ കഥയാണ്,അത്.സ്റ്റാലിനെപ്പോലെ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതി എൻവർ ഹോജ അൽബേനിയയിൽ നില നിന്നതിൻറെയും കഥ.
മൂന്നു തവണ ജിലാസ് സ്റ്റാലിനെ  കണ്ട് ദീർഘ ചർച്ചകൾ നടത്തിയതിൻറെ  വിവരണമാണ്, പുസ്തകം.ടിറ്റോ കഴിഞ്ഞാൽ അടുത്ത പ്രസിഡൻറ് ആകേണ്ടിയിരുന്ന ജിലാസ്,സ്വതന്ത്ര ആശയങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് തടവിൽ ആവുകയായിരുന്നു.തടവുകാലം കഴിഞ്ഞ് 1962 ലാണ് Conversations with Stalin എഴുതിയത്.സ്റ്റാലിനെപ്പറ്റി ഇത് പോലെ ഒരു വ്യക്തി വിവരണം വേറെയില്ല.1948 ലാണ് സ്റ്റാലിനെ അവസാനമായി യൂഗോസ്ലാവ് വൈസ് പ്രസിഡന്റും പി ബി അംഗവുമായ ജിലാസ് കണ്ടത്.ഇത് സ്‌പിറുവിന്റെ ആത്മഹത്യയ്ക്ക് ശേഷവും സോക്‌സെയുടെ  ഉന്മൂലനത്തിന് മുൻപുമായിരുന്നു.
നാക്കു സ്‌പിറോ 
1948 ൽ സ്റ്റാലിനുമായി നടന്ന കൂടിക്കാഴ്ച ആയിരുന്നു നിർണായകം എന്ന് ജിലാസ് എഴുതുന്നു.കാരണം ഇതിനു ശേഷം സോവിയറ്റ് യൂണിയനിലെയും യുഗോസ്ലാവിയയിലെയും പാർട്ടികൾ തമ്മിൽ ബന്ധം വേർപെടുത്തി.യുഗോസ്ലാവിയ കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ( കോമിന്റേൺ ) നിന്ന് പുറത്തു പോയി.
ആ സമയത്ത് സോവിയറ്റ് യൂണിയനും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ ശീതസമരം തുടങ്ങിയിരുന്നു.ഇതിന് കാരണം സോവിയറ്റ് യൂണിയൻ മാർഷൽ പദ്ധതി നിരാകരിച്ചതും ഗ്രീസിലെ ആഭ്യന്തര യുദ്ധവും ചില കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ കമ്മ്യൂണിസ്റ്റ് ഇൻഫർമേഷൻ ബ്യുറോ അഥവാ കോമിൻഫോം രൂപീകരിച്ചതും ആണെന്ന് ജിലാസ് വിലയിരുത്തുന്നു.രണ്ടാം ലോകയുദ്ധത്തിന് ശേഷം പടിഞ്ഞാറൻ യൂറോപ്പിന് 1948 ൽ അമേരിക്ക പ്രഖ്യാപിച്ച 12 ബില്യൺ ഡോളർ സഹായ പദ്ധതി ആയിരുന്നു,മാർഷൽ പ്ലാൻ.അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആയിരുന്നു ജോർജ് മാർഷൽ .മാർഷൽ പ്ലാനിന് എതിരെ നിന്ന രണ്ട് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സോവിയറ്റ് യൂണിയനും യുഗോസ്ലാവിയയും മാത്രമായിരുന്നു.സോവിയറ്റ് യൂണിയൻ അത് ചെയ്തത് വിപ്ലവ വരട്ടു വാദം കാരണമായിരുന്നു.അമേരിക്കൻ സാമ്പത്തിക സഹായം തങ്ങളുടെ അടിത്തറ തകർക്കുമെന്ന് പുതുതായി രൂപമെടുത്ത യുഗോസ്ലാവിയ ശങ്കിച്ചു.
സ്ട്രാസ്ബർഗിൽ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ യൂഗോസ്ലാവ് പ്രതിനിധി ആയിരുന്നു  ജിലാസ്.അദ്ദേഹം പാരിസിൽ എത്തി സോവിയറ്റ് എംബസിയിൽ മൊളോട്ടോവുമായി ചർച്ച നടത്തി മാർഷൽ പ്ലാൻ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു.ഫ്രഞ്ച് പാർട്ടിയുടെ ദേശീയ ലൈൻ ഇരുവർക്കും ഇഷ്ടപ്പെട്ടില്ല.

ജിലാസ് ബെൽഗ്രേഡിൽ തിരിച്ചെത്തിയപ്പോൾ,മോസ്‌കോയിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ സമ്മേളനം മാർഷൽ പ്ലാൻ ചർച്ച ചെയ്യാൻ വിളിക്കുന്നതായി കേട്ടു.ജിലാസ് പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടു,മാർഷൽ പ്ലാനിനെ അനുകൂലിക്കുന്ന ചെക്കോസ്ലോവാക്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുക ആയിരുന്നു ലക്ഷ്യം.ചെക്കോസ്ലോവാക്യ നിലപാട് മാറ്റിയതിനാൽ ജിലാസിന് ബെൽഗ്രേഡിൽ കാത്തു നിന്ന സോവിയറ്റ് വിമാനത്തിൽ കയറേണ്ടി വന്നില്ല.ഇങ്ങനെ തന്നെയാണ് കോമിൻഫോമും ഉണ്ടായത്.1946 വസന്തത്തിൽ സ്റ്റാലിനും ടിറ്റോയും ബൾഗേറിയൻ പാർട്ടി നേതാവ് ദിമിത്രോവുമാണ് അത് തീരുമാനിച്ചത്.അതിൻറെ സ്ഥാപക സമ്മേളനം പടിഞ്ഞാറൻ പോളണ്ടിൽ നടന്നപ്പോൾ കോമിൻഫോമിനെ അനുകൂലിച്ചത് സോവിയറ്റ്,യൂഗോസ്ലാവ് പാർട്ടികൾ മാത്രമായിരുന്നു.പോളിഷ് പാർട്ടി നേതാവും പ്രസിഡൻറുമായ ഗോമുൽക്ക എതിർത്തു.സ്റ്റാലിൻ ആണ് കോമിൻഫോം മുഖപത്രത്തിന് For A Lasting Peace -For A People's Democracy എന്ന് പേരിട്ടത്.ഇതിൽ നിന്ന് ഉദ്ധരിക്കുമ്പോൾ,പാശ്ചാത്യർ ഈ മുദ്രാവാക്യം ആവർത്തിക്കട്ടെ എന്നതായിരുന്നു,ചിന്ത.സംഘടനയുടെ ആസ്ഥാനം പ്രാഗ് എന്ന് പ്രതിനിധികൾ നിശ്ചയിച്ചു .ഈ വിവരംചെക് പാർട്ടി ജനറൽ സെക്രട്ടറി ക്ലെമന്റ്  ഗോട്ട്വാൽഡിനെ അറിയിക്കാൻ വൈകിട്ട് കാറിൽ ചെക് പ്രതിനിധി സ്ലാൻസ്കി പ്രാഗിലേക്ക് പോയി.ആ വിദൂരതയിലും മോസ്കോയുമായി ഫോൺ ബന്ധം നേരിട്ടുണ്ടായിരുന്നു.സ്റ്റാലിന്റെ സൈദ്ധാന്തികൻ ആൻഡ്രി ഷഡാനോവും വിദേശമന്ത്രി വ്യാചസ്ലാവ്  മൊളോട്ടോവും സ്റ്റാലിനുമായി ബന്ധപ്പെട്ട് ആസ്ഥാനം ബെൽഗ്രേഡ് ആക്കി.
സോക്സെ 
സോവിയറ്റ് യൂണിയനും യുഗോസ്ലാവിയയും ബന്ധം വിച്ഛേദിച്ചത്,സോവിയറ്റ് ചാര സംഘടനയ്ക്ക് ആളെ നൽകുന്ന പ്രശ്നത്തിലായിരുന്നെന്ന് ജിലാസ് എഴുതുന്നു.പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ഇല്ലെന്നല്ല -റഷ്യയ്ക്ക് യുഗോസ്ലാവിയൻ വിപ്ലവത്തോട് പുച്ഛമായിരുന്നു.സ്റ്റാലിനൊപ്പം യുഗോസ്ലാവിയക്കാർ ടിറ്റോയെ കണ്ടത്,റഷ്യയ്ക്ക് പിടിച്ചില്ല.യുഗോസ്ലാവിയ കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളുമായി സ്വതന്ത്രമായി ഇടപെടുന്നതും റഷ്യ സംശയിച്ചു.ഇത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചു.
അൽബേനിയ ഒഴിച്ചാൽ നാസി ആക്രമണത്തെ ഒറ്റയ്ക്ക് നേരിട്ട് സ്വതന്ത്രമായ രാജ്യം യുഗോസ്ലാവിയ മാത്രമായിരുന്നു.അതിൽ റെഡ് ആർമിക്ക് പങ്കുണ്ടായിരുന്നില്ല.ഗ്രീസിലെ ആഭ്യന്തര യുദ്ധത്തെ യുഗോസ്ലാവിയ സഹായിക്കുന്നതായി ആരോപണം യു എൻ -ൽ വന്നു.യുഗോസ്ലാവിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി.ഇതിൽ മോസ്‌കോയ്ക്ക് സന്തോഷം ഉണ്ടായി.യുഗോസ്ലാവിയയിൽ രണ്ട് അമേരിക്കൻ വിമാനങ്ങളെ വെടി വച്ചിട്ടപ്പോൾ,യൂഗോസ്ലാവ് നേതാവ് എഡ്‌വേഡ്‌ കർഥേൽജിനെ, മൊളോട്ടോവ് പാരിസിൽ കെട്ടിപ്പിടിച്ചു.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് എസ് എ ഡാങ്കെയെ വഴി തെറ്റിച്ച ആളായിരുന്നു,കർഥേൽജ്.

സ്റ്റാലിൻ പൊതുവെ വിപ്ലവങ്ങൾക്ക് എതിരായിരുന്നു എന്ന വിചാരം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഉണ്ടായിരുന്നു.അയാൾ ചൈനീസ്,സ്‌പാനിഷ്‌ യൂഗോസ്ലാവ് വിപ്ലവങ്ങളെ അനുകൂലിച്ചില്ല.സോവിയറ്റ് യൂണിയൻറെ താൽപര്യങ്ങൾ സംരക്ഷിക്കുവോളം അയാൾ അവയെ തുണച്ചു.പുറത്തെ വിപ്ലവ കേന്ദ്രങ്ങൾ ലോക കമ്മ്യൂണിസത്തിലെ സോവിയറ്റ് അധീശത്വത്തെ ബാധിക്കുമെന്ന് അയാൾ സംശയിച്ചു.വിദേശ രാഷ്ട്രങ്ങളോട് ഈ വല്യേട്ടൻ മനോഭാവത്തോടെയാണ് അയാൾ ഇടപെട്ടത്.
കാര്യങ്ങൾ ഇങ്ങനെയിരിക്കെയായിരുന്നു,1948 ൽ ജിലാസിന്റെ മോസ്‌കോ യാത്ര.അൽബേനിയയോടുള്ള സോവിയറ്റ്,യുഗോസ്ലാവിയൻ സമീപനത്തിലെ വൈജാത്യമായിരുന്നു,ഉടൻ പ്രചോദനം.1947 ഡിസംബറിൽ സ്റ്റാലിന്റെ സന്ദേശം യുഗോസ്ലാവിയൻ സി സി ക്ക് കിട്ടി -ഒരാളെ മോസ്‌കോയ്ക്ക് അയയ്ക്കണം.അൽബേനിയൻ പ്രശ്നത്തിൽ ഒത്തുതീർപ്പിൽ എത്തണം.അൽബേനിയൻ കേന്ദ്ര കമ്മിറ്റി അംഗം നാക്കു സ്‌പിറുവിൻറെ ആത്മഹത്യ കാര്യങ്ങൾ വഷളാക്കിയിരുന്നു.

സ്‌പിറു ( Nako Spiru 1918 -1947 ) ഡറസ് തുറമുഖത്തെ ഓർത്തഡോക്സ്  കുടുംബത്തിൽ ജനിച്ച് ഇറ്റലി ടൂറിൻ സർവകലാശാലയിൽ ഇക്കണോമിക്‌സ് പഠിച്ച ആളായിരുന്നു.1939 ൽ ഇറ്റലി അൽബേനിയ ആക്രമിച്ചപ്പോൾ അയാൾ വിപ്ലവകാരിയായി.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ എൻവർ ഹോജ ( Enver Hoxha ) യുടെ വലം കൈ ആയി.1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗം.പാർട്ടി യുവ വിഭാഗം മേധാവി കമാൽ സ്റ്റാഫ വാശിക്കപ്പെട്ടപ്പോൾ ആ സ്ഥാനത്ത് വന്നു.
എൻവർ ഹോജ 
രണ്ടാം ലോകയുദ്ധ ശേഷം ആസൂത്രണ കമ്മീഷൻ അംഗമായി.പാർട്ടിയിൽ വിഭാഗീയത വളർന്നപ്പോൾ അതിനിടയിൽ പെട്ടു.ഒരു വശത്ത് ബുദ്ധിജീവികൾ.മിതവാദികൾ,സൈനിക മേധാവി മെഹ്‌മത് ഷെഹു,സെയ്‌ഫുല്ല മാലിഷോവ എന്നിവരുടെ നേതൃത്വത്തിൽ;മറു വശത്ത് തൊഴിലാളി പക്ഷം പിടിക്കുന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയുടെ പക്ഷം.സോക്‌സെ  സിഗുരിമി എന്ന ചാര സംഘടനാ മേധാവിയും ആയിരുന്നു.സോവിയറ്റ് യൂണിയനുമായി ബന്ധം വേണമെന്നും അല്ല,യുഗോസ്ലാവിയയുമായി ബന്ധം വേണമെന്നും അവർ തർക്കിച്ചു.യുഗോസ്ലാവിയയുമായി അൽബേനിയയെ കൂട്ടി ചേർക്കൽ ലക്ഷ്യമായ സോക്‌സെ യുടെ 1946 ജൂലൈയിലെ യുഗോസ്ലാവിയയുമായുള്ള സാമ്പത്തിക,സൗഹൃദ കരാറിനെ സ്‌പിറു എതിർത്തു.പാർട്ടി ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ എൻവർ ഹോജ,ടിറ്റോയ്ക്ക് അൽബേനിയൻ പാർട്ടിയിലെ സ്വാധീനം പേടിച്ച് സോക്‌സയുടെ പക്ഷം പിടിച്ചു.1947 ഏപ്രിലിൽ ബെൽഗ്രേഡിൽ എത്തി സ്‌പിറു കരാർ പരിഷ്കരിച്ച്,സഹായം കൂട്ടണമെന്ന് വാദിച്ചു.യുഗോസ്ലാവിയ നിരസിച്ചു.ഇരു രാഷ്ട്രങ്ങളുടെയും സാമ്പത്തിക ആസൂത്രണം ഏകോപിപ്പിക്കാൻ യുഗോസ്ലാവിയ ആവശ്യപ്പെട്ടു -ഹോജയുടെ അനുവാദത്തോടെ സ്‌പിറു ഇത് തള്ളി.1947 ജൂലൈയിൽ ഹോജയും സ്‌പിറുവും മോസ്‌കോയിൽ പോയി കരാർ ഒപ്പിട്ടു.

സ്‌പിറുവിന് എതിരെ ടിറ്റോയുടെ പിന്തുണയോടെ,സോക്‌സെ  പ്രചാരണം ആരംഭിച്ചു.1947 നവംബർ 19 ന് സി സി യോഗത്തിൽ,സ്‌പിറു പാർട്ടി വിരുദ്ധനാണെന്ന് സോക്‌സെ  ആരോപിച്ചു.അടുത്ത നാൾ സ്‌പിറുവിനെ ഫ്ലാറ്റിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടു.സ്വന്തം തോക്കിൽ നിന്ന് ആകസ്മികമായി വെടി കൊള്ളുകയായിരുന്നുവെന്ന് വിശദീകരണം വന്നു.പശ്ചാത്താപം മൂലമുള്ള ആത്മഹത്യ എന്ന് ഔദ്യോഗിക പക്ഷം തിരുത്തി.
സ്‌പിറു,ഭാര്യ ബെലിഷോവ 
മെലിഞ്ഞ് ബുദ്ധിമാനായ സ്‌പിറു,സർക്കാരിൻറെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചെന്നും യുഗോസ്ലാവ്യക്കെതിരെ ആദ്യം ശബ്ദം ഉയർത്തിയത് അദ്ദേഹമാണെന്നും ജിലാസ് എഴുതുന്നു.അൽബേനിയ സ്വതന്ത്രമായി വികസിക്കണം എന്നായിരുന്നു അദ്ദേഹത്തിൻറെ നയം.ഈ നിലപാട് യുഗോസ്ലാവിയയിലും അൽബേനിയൻ കേന്ദ്ര കമ്മിറ്റിയിലും എതിർപ്പുണ്ടാക്കി.തെക്കൻ അൽബേനിയയിൽ നിന്നുള്ള തൊഴിലാളി ആയിരുന്ന സോക്‌സെ പാർട്ടിക്കൂറുള്ളവൻ ആയിരുന്നുവെന്ന് ജിലാസ് നിരീക്ഷിക്കുന്നു -ഹോജയ്ക്കാണ് വിദ്യാഭ്യാസം കൂടുതൽ എങ്കിലും അറിയപെട്ടയാൾ സോക്സെ ആയിരുന്നു.ഹോജയും സ്‌പിറുവിനെതിരെ നീങ്ങിയെങ്കിലും അയാളുടെ നിലപാട് വ്യക്തമല്ലായിരുന്നു.സ്‌പിറു ഒറ്റപ്പെട്ടു.പാർട്ടി പുറത്താക്കുമെന്ന ഘട്ടത്തിൽ ആയിരുന്നു ആത്മഹത്യ.അതോടെ,അൽബേനിയ -യുഗോസ്ലാവിയ ബന്ധം വഷളായി.

സോക്സെ ( 1911 -1949 ) ഗ്രീസിനടുത്ത ഫ്ളോറിനയിലാണ് ജനിച്ചത്.ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ ഓർത്തഡോക്സ് വിഭാഗം പാർത്തിരുന്ന മേഖല.1937 നടുത്താണ് കമ്മ്യൂണിസത്തിൽ എത്തിയത്.ഹോജയുടെ മുതലാളിയായ സ്റ്റാലിനുമായി ടിറ്റോ ബന്ധം വിച്ഛേദിച്ച ശേഷം യൂഗോസ്ലാവ് അനുകൂല പ്രവർത്തനങ്ങൾക്ക് അൽബേനിയൻ പാർട്ടി ഇയാളെ ഉന്മൂലനം ചെയ്തു -1949 ജൂൺ 11.1949 ലെ രഹസ്യ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊന്നു.താൻ ബ്രിട്ടീഷ് ചാരനാണെന്നും ടിറ്റോയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തെന്നും ഇയാൾ സമ്മതിച്ചതായി പാർട്ടി പറഞ്ഞു.

സോക്സെയെ കൊന്ന ശേഷം പാർട്ടി സ്‌പിറുവിനെ പുനരധിവസിപ്പിച്ചു -അയാളെ സോക്സെയ്ക്ക് വേണ്ടി ചാര സംഘടന സിഗുരിമി  കൊല്ലുകയോ ആത്മഹത്യയിലേക്ക് നയിക്കുകയോ ആയിരുന്നെന്ന് ഭാഷ്യമുണ്ടായി.സ്‌പിറുവിൻറെ ഭാര്യ ലിറി ബെലിഷോവ പി ബി അംഗമായിരുന്നു.അവരെ 1960 ൽ സോവിയറ്റ് -അൽബേനിയ വിച്ഛേദ കാലത്ത് സോവിയറ്റ് അനുകൂല നിലപാട് എടുത്തതിന് പാർട്ടിയിൽ നിന്ന് പുറത്താക്കി.1991 ൽ അവർ പറഞ്ഞു:എൻറെ ഭർത്താവിനെ കൊന്നത് എൻവർ ഹോജയാണ്.
സ്റ്റാലിനും ഹോജയും 
അൽബേനിയൻ പ്രശ്‍നം ചർച്ച ചെയ്യാൻ യുഗോസ്ലാവിയ ജിലാസിനെ തന്നെ അയയ്ക്കണമെന്ന് സ്റ്റാലിൻ നിർദേശിച്ചു.തന്നെ സ്വന്തം പക്ഷത്തു ചേർത്ത് യൂഗോസ്ലാവ് പാർട്ടി കേന്ദ്ര കമ്മിറ്റി ഭിന്നിപ്പിക്കൽ സ്റ്റാലിന്റെ ലക്ഷ്യം ആയിരുന്നിരിക്കാം എന്ന് ജിലാസ് എഴുതുന്നു.യൂഗോസ്ലാവ് സി സി യിൽ സ്റ്റാലിന് രണ്ടു പേർ ഉണ്ടായിരുന്നു:ആൻഡ്രിയ ഹെബ്രാങ്,സ്റേറ്റാൻ സുജോവിക്.യുദ്ധത്തടവിൽ ആയിരിക്കെ ദുരൂഹമായി പ്രവർത്തിച്ചതിന്റെ പേരിൽ ഹെബ്രാങ്ങിനെ സി സി യിൽ നിന്ന് പുറത്താക്കിയിരുന്നു.സുജോവിക് ടിറ്റോയുടെ വലയത്തിൽ ഉണ്ടായിരുന്നുമില്ല.1946 ൽ സ്റ്റാലിനെ കണ്ട ടിറ്റോ ജിലാസിന് ഇടക്കിടെ തലവേദന വരുന്നത് പറഞ്ഞപ്പോൾ ജിലാസിനെ ക്രിമിയയിൽ സ്റ്റാലിൻ ചികിത്സയ്ക്ക് വിളിച്ചിരുന്നു.ജിലാസ് പോയില്ല.സംശയത്തോടെയാണ് 1948 ജനുവരി എട്ടിന് ജിലാസ് മോസ്‌കോയ്ക്ക് പോയത്.കണ്ടപാടെ ജിലാസിനോട് സ്റ്റാലിൻ പറഞ്ഞു:"നിങ്ങളെ ചൊല്ലി അൽബേനിയൻ സി സി സഖാക്കൾ പരസ്‌പരം കൊല്ലുകയാണ്;കഷ്ടം".
ജിലാസ് പറഞ്ഞു:"സ്‌പിറു അൽബേനിയയെ യുഗോസ്ലാവിയയുമായി ബന്ധിപ്പിക്കുന്നതിന് എതിരായിരുന്നു.അതിനാൽ സി സി യിൽ ഒറ്റപ്പെട്ടു."
ഇത് പറഞ്ഞു തീരും മുൻപേ സ്റ്റാലിൻ ഇടപെട്ടു:ഞങ്ങൾക്ക് ഞങ്ങൾക്ക് അൽബേനിയയിൽ പ്രത്യേക താൽപര്യം ഒന്നുമില്ല.യുഗോസ്ലാവിയ അൽബേനിയയെ വിഴുങ്ങുന്നത് ഞങ്ങൾക്ക് സമ്മതം ".
വലതു കൈവിരലുകൾ കൂട്ടിപ്പിടിച്ച് ചുണ്ടിനടുത്തേക്ക് കൊണ്ട് പോയി വിഴുങ്ങും പോലെ അയാൾ ആംഗ്യം കാട്ടി.
ആകെ ഞെട്ടി ജിലാസ് പറഞ്ഞു:" വിഴുങ്ങൽ അല്ല;ലയനം "
മൊളോട്ടോവ് ഇടപെട്ടു:" അതാണ് വിഴുങ്ങൽ".
"എത്രയും വേഗം വിഴുങ്ങിയാൽ അത്രയും നന്ന് ",സ്റ്റാലിൻ പറഞ്ഞു.
ജിലാസിന് സംഗതി തിരിഞ്ഞില്ല.സ്റ്റാലിൻ യുഗോസ്ലാ വിയ ചെയ്യുന്നത് ശരി എന്നാണോ ശരിയല്ല എന്നാണോ പറയുന്നത്?ബാൾട്ടിക് രാജ്യങ്ങളെ സോവിയറ്റ് യൂണിയൻ വിഴുങ്ങിയിരുന്നു.അൽബേനിയൻ പാർട്ടിക്ക് തന്നെ യുഗോസ്ലാവിയയുമായി ഐക്യപ്പെടൽ ഇഷ്ടമല്ല.സ്‌പിറു ആത്മഹത്യ ചെയ്തത് തന്നെ ദേശീയത കൊണ്ടായിരിക്കണമല്ലോ.
ഹോജയെപ്പറ്റി എന്താ അഭിപ്രായം?,സ്റ്റാലിൻ ചോദിച്ചു.ജിലാസ് ഒന്നും വിട്ടു പറയാതിരുന്നപ്പോൾ യൂഗോസ്ലാവ് നേതാക്കളുടെ അഭിപ്രായം തന്നെ സ്റ്റാലിൻ ആവർത്തിച്ചു:" അയാൾ പെറ്റി ബൂർഷ്വയാണ്".
അവിടെ സോക്സെയാണ് ശക്തൻ എന്ന് സ്റ്റാലിൻ നിരീക്ഷിച്ചു.
അൽബേനിയ പ്രശ്‍നം സ്റ്റാലിൻ അവസാനിപ്പിച്ചു -വെറും പത്തു മിനിറ്റ്.എന്നിട്ട് ജിലാസിനോട് പറഞ്ഞു:" സോവിയറ്റ് സർക്കാരിൻറെ പേരിൽ ഇത് പറഞ്ഞ് നിങ്ങൾ ഒരു കത്ത് ടിറ്റോയ്ക്ക് എഴുതി,നാളെ എനിക്ക് തരിക ".
ജിലാസ് പിന്നെയും ഞെട്ടി.സോവിയറ്റ് സർക്കാരിൻറെ പേരിൽ താൻ എഴുതുകയോ?
"അതെ ,അങ്ങനെ തന്നെ",സ്റ്റാലിൻ ഉത്തരവായി.
അങ്ങനെ ചെയ്താൽ ഭാവിയിൽ കത്ത് യൂഗോസ്ലാവ് സർക്കാരിനെതിരെ ഉപയോഗിക്കപ്പെടുമെന്ന് ജിലാസിന് അത് എഴുതുമ്പോൾ തോന്നി.അതിനാൽ സംഗതി ജിലാസ് ചെറുതാക്കി:"ജിലാസ് ഇന്നലെ മോസ്‌കോയിൽ എത്തി.അന്ന് തന്നെ നടന്ന യോഗത്തിൽ അൽബേനിയൻ പ്രശ്നത്തിൽ സോവിയറ്റ് യൂണിയനും യുഗോസ്ലാവിയയും യോജിച്ചു"
ഈ കത്ത് സ്റ്റാലിൻ ടിറ്റോയ്ക്ക് അയച്ചില്ല.
ജിലാസിന്റെ ഈ പുസ്തകമാണ്,അൽബേനിയയെ യുഗോസ്ലാവിയ വിഴുങ്ങാൻ പദ്ധതിയിട്ട കാര്യം ലോകത്തോട് പറഞ്ഞത് -ഒരു കമ്മ്യൂണിസ്റ്റ് രാജ്യം മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തെ സംഹരിക്കുന്നത്,സാമ്രാജ്യത്വം തന്നെ.

See https://hamletram.blogspot.com/2019/08/blog-post_10.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...