Wednesday 21 August 2019

ബേല കുനിനെ സ്റ്റാലിൻ കൊന്നു

ട്രോട് സ്‌കിയിസ്‌റ്റ് എന്ന് മുദ്ര കുത്തി 

ഹംഗറിയിൽ 133 ദിവസം മാത്രം നീണ്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ 1919 ൽ ഉണ്ടായിരുന്നു.മൊത്തം ഹംഗറിയുടെ 23 % മാത്രം വരുന്ന ഹംഗേറിയൻ സോവിയറ്റ് റിപ്പബ്ലിക് സോവിയറ്റ് വിപ്ലവത്തിൻറെ പ്രത്യാഘാതമായിരുന്നു.ഫ്രാൻസിൽ നിലവിൽ വന്ന പാരീസ് കമ്മ്യൂൺ 1871 മാർച്ച് 18 മുതൽ മെയ് 28 വരെ 71 ദിവസം മാത്രം നിന്നു.ഹംഗറി സോവിയറ്റ് റിപ്പബ്ലിക് 1919 മാർച്ച് 21 മുതൽ ഓഗസ്റ്റ് ഒന്ന് വരെ മാത്രം നിന്നു.
ഇതിൻറെ നാമമാത്ര പ്രസിഡൻറ് സാൻഡോർ ഗർബായ് ആയിരുന്നു;അധികാരം മുഴുവൻ വിദേശ മന്ത്രി ബേല കുൻ -ൻറെ കൈയിലും.റേഡിയോ ടെലിഗ്രാഫ് വഴി ലെനിനുമായി സദാ അയാൾ ബന്ധം പുലർത്തിയിരുന്നു.ലെനിൻ ഉത്തരവുകളും ഉപദേശങ്ങളും നൽകി.സോവിയറ്റ് യൂണിയൻ കഴിഞ്ഞാൽ വിപ്ലവം വഴി വന്ന അടുത്ത രാജ്യം ആയിരുന്നു,അത്.ബേല കുനിന്നെ 1938 ൽ ശുദ്ധീകരണ കാലത്ത് സ്റ്റാലിന്റെ പൊലീസ് വെടി വച്ച് കൊന്നു.1919 ലെ സർക്കാരിൽ വിദ്യാഭ്യാസ ഉപമന്ത്രി ആയിരുന്നു.കേരളത്തിൽ അറിയപ്പെടുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജിയോർഗ് ലൂക്കാച്ച്.
സ്റ്റാലിൻ കൊന്നാൽ,കൊല്ലപ്പെട്ടയാൾ ജൂതനാണോ എന്ന് കൂടി നോക്കണം;ബേല കുൻ ജൂതൻ തന്നെ.
ബേല കുൻ,1937 
ബേല കോൻ എന്ന് ശരിപ്പേരുള്ള കുൻ ( 1886 -1938 ),വിപ്ലവം പാളിയപ്പോൾ സോവിയറ്റ് യൂണിയനിലേക്ക് പോയി.കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലിൽ 1920 മുതൽ ക്രിമിയൻ സമിതി തലവനായിരുന്നു.1920 -21 ൽ ക്രിമിയയിൽ ചുവപ്പ് ഭീകരത നടപ്പാക്കി.1921 ൽ ജർമനിയിൽ അലസിയ വിപ്ലവത്തിലും പങ്കെടുത്തു.
ഇന്നത്തെ റൊമാനിയയിലെ ഹൊദോദിൽ ജൂത ഗ്രാമ ക്ലർക്കിൻറെ മകനായി ജനനം.ജൂത പാരമ്പര്യമുള്ള അമ്മ പ്രൊട്ടസ്റ്റൻറ് ആയി മാറിയിരുന്നു.സാൻഡോർ പെറ്റോഫി എന്ന കവിയെപ്പറ്റി എഴുതി സ്‌കൂളിൽ സാഹിത്യ സമ്മാനം വാങ്ങി.കോൻ,കുൻ ആയി മാറ്റിയത്,ഹംഗറി സംസ്‌കാരം ഏറ്റെടുത്തപ്പോൾ ആയിരുന്നു.സാമൂഹ്യ സമ്മർദം.ഒന്നാം ലോകയുദ്ധത്തിന് മുൻപ് പത്രപ്രവർത്തകൻ.സാമൂഹ്യ ഇൻഷുറൻസ് ബോർഡിൽ ജോലിയിൽ ഇരിക്കെ പണം വെട്ടിച്ചു.വഴക്കാളി ആയിരുന്നു.സംഗീത അധ്യാപികയെ കെട്ടി.

സുഹൃത്തും കവിയുമായ എൻഡ്രെ അഡിയാണ് ഇടത് ബുദ്ധിജീവികൾക്ക് പരിചയപ്പെടുത്തിയത്.ഒന്നാം ലോകയുദ്ധത്തിൽ റഷ്യ പിടിച്ച് യുറാലിൽ കൊണ്ടുപോയപ്പോൾ കമ്മ്യൂണിസ്റ്റ് ആയി.1917 ലെ വിപ്ലവത്തെ അയാൾ ആത്മീയ സാക്ഷാൽക്കരമായി കണ്ടു.റഷ്യക്കാരെ പുച്ഛം ആയതിനാൽ കമ്മ്യൂണിസം ഹംഗറി പോലെ പരിഷ്ക്കൃത സമൂഹത്തിനാണ് കൂടുതൽ ചേരുക എന്ന് തോന്നി.1918 മാർച്ചിൽ അയാൾ കൂടി ചേർന്ന് മോസ്‌കോയിൽ  ഹംഗേറിയൻ പാർട്ടി ഉണ്ടാക്കി.ലെനിനെക്കാൾ തീവ്രതയുള്ള ഗ്രിഗറി സിനോവീവ്,കാൾ റാഡെക് എന്നിവർക്ക് ചുറ്റുമായിരുന്നു,കുനും മത്യാസ് റാക്കോസിയും ഇറ്റലിക്കാരൻ ഉംബെർട്ടോ തെരസിനിയും.ലെനിൻ ഇവരെ കുനെറിസ്റ്റുകൾ എന്ന് വിളിച്ചു.റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ ഹംഗറിയിൽ വിപ്ലവത്തിന് പദ്ധതിയിട്ടു.നിരവധി ഹംഗേറിയൻ കമ്മ്യൂണിസ്റ്റുകളും റഷ്യ കൊടുത്ത വൻ തുകയുമായി 1918 മാർച്ചിൽ ഹംഗറിയിൽ എത്തി.
ബേല കുൻ,1919 
യുദ്ധക്കെടുതിയിൽ ആയിരുന്നു ഹംഗറി.അഭയാർത്ഥികൾ പ്രവഹിച്ചു.പണപ്പെരുപ്പം.ഭക്ഷ്യ ക്ഷാമം,തൊഴിൽ ഇല്ലായ്‌മ.ഒക്ടോബറിൽ ജമന്തി വിപ്ലവം വഴി കമ്മ്യൂണിസ്റ്റ് പാർട്ടിയുള്ള മുന്നണി സർക്കാർ വന്നു.നവംബർ നാലിന് ഹംഗറി പാർട്ടി കുൻ സ്ഥാപിച്ചു.സോഷ്യൽ ഡെമോക്രാറ്റ് പ്രസിഡൻറ് കൗണ്ട് മിഹലി കരോലിക്കെതിരെ കുൻ പ്രചാരണം നടത്തി.ടെലഗ്രാഫ് വഴി ലെനിനോട് സൈനിക സഹായം ചോദിച്ചെങ്കിലും കിട്ടിയില്ല.1919 മാർച്ച് 19 ന്  ഹംഗേറിയൻ സേന നിന്നിടത്തു നിന്ന് കുറേക്കൂടി പിന്നിലേക്ക് പോകാൻ ഫ്രഞ്ച് ലഫ് കേണൽ ഫെർനാൻഡ് വിക്‌സ് പദ്ധതി വന്നപ്പോൾ ജനം ക്ഷുഭിതരായി.സഖ്യ കക്ഷികൾക്കെതിരെ അതിർത്തി പ്രശ്‍നം ആളിക്കത്തി.പ്രസിഡൻറ് രാജി വച്ചു.സോഷ്യൽ ഡെമോക്രാറ്റുകൾക്ക് അധികാരം കൈമാറി.

കുൻ അറസ്റ്റിലായി.ജയിലിൽ നിന്ന് പാർട്ടിയെ നിയന്ത്രിച്ചു.റഷ്യയുടെ സഹായം വേണം എന്നതിനാൽ ജയിലിൽ എത്തി ഭരണക്കാർ കുനിനെ കണ്ടുകൊണ്ടിരുന്നു.ആഭ്യന്തര യുദ്ധത്തിൽ മുഴുകിയ റഷ്യൻ സേന വരുമായിരുന്നില്ല.സോഷ്യൽ ഡെമോക്രാറ്റുകളും കമ്മ്യൂണിസ്റ്റുകളും ലയിച്ച് ഒറ്റപ്പാർട്ടി ആയി റിപ്പബ്ലിക് ഉണ്ടാക്കാൻ കുൻ നിർദേശിച്ചു.മാർച്ച് 21 ന് റിപ്പബ്ലിക് പ്രഖ്യാപിച്ചു.ലയിച്ചു.കുൻ മോചിതനായി വിദേശ മന്ത്രി ആയി.ഭൂരിപക്ഷം മന്ത്രി സ്ഥാനം പഴയ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് തന്നെയായിരുന്നു.33 കമ്മിസാർ ( മന്ത്രി ) മാരിൽ 14 കമ്മ്യൂണിസ്റ്റുകൾ.
കുൻ ലെനിനോട് പറഞ്ഞു:

My personal influence in the Revolutionary Governing Council is such that the dictatorship of the proletariat is firmly established, since the masses are backing me.
എൻറെ സ്വാധീനത്താൽ,തൊഴിലാളി വർഗ സർവാധിപത്യം വന്നു.

സ്വകാര്യ സ്വത്ത് പൊതു ഉടമയിലാക്കി.ലെനിൻ പറഞ്ഞെങ്കിലും,ഭൂമി കർഷകർക്ക് വിതരണം ചെയ്‌തില്ല.മൊത്തം ഭൂമി കൂട്ടുകൃഷി കളം ആക്കാൻ തീരുമാനിച്ചു.ലെനിൻസ് ബോയ്‌സ് എന്ന ചെമ്പട ഉണ്ടാക്കി റഷ്യയിൽ നിന്ന് ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു.ഗ്രാമങ്ങളിൽ കർഷക നികുതി നിർത്തി.പാർട്ടിയിൽ ഗ്രാമീണ,നഗര വിഭാഗങ്ങൾ അടിയായി.ജൂൺ 24 ന് കമ്മ്യൂണിസ്റ്റ് വിരുദ്ധർ അട്ടിമറി ശ്രമം നടത്തിയപ്പോൾ,ഉന്മൂലന കാലമായി.600 പേരെ അറസ്റ്റ് ചെയ്‌ത്‌ 370 പേരെ കൊന്നു.സെഗാദ് നഗരത്തിൽ റിയർ അഡ്‌മിറൽ മിക്‌ളോസ് ഹോർത്തിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആയിരുന്നു ഭരണം.ചുവപ്പ് ഭീകരതയ്ക്ക് എതിരെ അവർ ശുഭ്ര ഭീകരത നടപ്പാക്കി.ഗ്രാമീണരെ കൊന്നു.ബന്ദികളാക്കി പണം പിടുങ്ങി.5000 പേർ കൊല്ലപ്പെട്ടു.

ഹോർത്തിക്ക് എതിരെ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചേർന്ന് പൊരുതുക എന്ന നയമായിരുന്നു ശരി.വിദ്യാഭ്യാസ ഉപമന്ത്രി ലൂക്കാച്ച് എന്നാൽ ഇതിനൊപ്പം നിൽക്കാതെ കുൻ ലൈനിനൊപ്പം നില കൊണ്ടു എന്ന് ലെസ്സക് കൊളക്കോവ്സ്കി (Main Currents of Marxism / Volume 3 ) എഴുതുന്നു.മുപ്പതുകളിൽ ആകട്ടെ,കുൻ മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് ഫാഷിസത്തിനൊപ്പവും സ്റ്റാലിനിസ്റ്റ് ആയ ലൂക്കാച്ച് നിന്നു( Page 261). സോഷ്യൽ ഡെമോക്രസി ഫാഷിസത്തിലേക്കാണ്  പോകുന്നത് എന്ന വിഡ്ഢിത്തമാണ് ലൂക്കാച്ച് വാദിച്ചത്.സിഗ്‌മണ്ട് കുൻഫി ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.

ഓഗസ്റ്റ് ഒന്നിന് റിപ്പബ്ലിക് കട പൂട്ടി.സഖ്യ കക്ഷികൾക്കെതിരെ പിടിച്ചു നിൽക്കാൻ ആകുമായിരുന്നില്ല.റൊമാനിയ ഹംഗറിയെ ആക്രമിച്ചു കൊണ്ടിരുന്നു.യുക്രൈനിൽ തോറ്റതിനാൽ റെഡ് ആർമി റൊമാനിയൻ അധിനിവേശം വേണ്ടെന്നു വച്ചു.റൊമാനിയ ഹംഗേറിയൻ റിപ്പബ്ലിക്കിനെ ഇല്ലാതാക്കി.ബേല കുൻ വിയന്നയിലേക്ക് പോയി.പിന്നെ ഹംഗറിക്ക് മടങ്ങിയില്ല.മോസ്‌കോയിൽ എത്തി സോവിയറ്റ് പാർട്ടിയിൽ ചേർന്നു.ക്രിമിയയിൽ ബേല കുനും റൊസാലിയ സെംലിയാച് ക യും ചേർന്ന് 50,000 ബോൾഷെവിക് വിരുദ്ധരെ കൊന്നു.

സിനോവീവിൻറെ സുഹൃത്ത് എന്ന നിലയിൽ കോമിന്റേണിൽ കുൻ കരുത്തനായി.1921 മാർച്ചിൽ ജർമനിയിൽ പോയി അവിടത്തെ പാർട്ടിയോട് വിപ്ലവത്തിന് നിർദേശിച്ചു.ഓഗസ്റ്റ് താൽഹൈമർ,പോൾ ഫ്രോലിക് തുടങ്ങിയ സൈദ്ധാന്തികർ തുണച്ചു.മധ്യ ജർമനിയിൽ 27 ന് ഖനിത്തൊഴിലാളികളെ തുണച്ച് നടത്തിയ മാർച്ച് ആക്ഷൻ അലസി.കുനിന്നെ അത് ഏൽപിച്ചതിൽ ലെനിൻ സ്വയം കുറ്റപ്പെടുത്തി;ഇതിന് ചുമതലപ്പെട്ട സമിതി യോഗത്തിൽ കുൻ കാട്ടിയതൊക്കെ വിഡ്ഢിത്തം എന്ന് വിമർശിച്ച് ലെനിൻ ക്ഷുഭിതനായി.സമിതിയിൽ നിന്ന് അയാളെ നീക്കിയില്ല.
സിനോവീവിന് ലെനിൻ എഴുതി:

The final analysis of things shows that Levi was politically right in many ways. The thesis of Thallheimer and Béla Kun is politically totally false. Phrases and bare attending, playing the radical leftist.

രഹസ്യ നീക്കങ്ങൾക്ക് കുൻ പിന്നീട് ഉപയോഗിക്കപ്പെട്ടില്ല.
കുൻ ( ഇടത്തെ അറ്റം ) ട്രോട് സ്‌കിക്കൊപ്പം,1920 
വ്യാജ പാസ്‌പോർട്ടിൽ സഞ്ചരിക്കുമ്പോൾ 1928 ൽ അയാളെ വിയന്നയിൽ അറസ്റ്റ് ചെയ്‌തു.മോസ്‌കോയിൽ തിരിച്ചെത്തി നിരവധി ഹംഗറി കുടിയേറ്റക്കാരെ അയാൾ ഒറ്റിക്കൊടുത്തു.1928 -35 ൽ അയാൾ സോഷ്യൽ ഫാഷിസത്തെ തുണച്ചു.1934 ൽ കോമിന്റേൺ ഏഴാം കോൺഗ്രസിന് സോഷ്യൽ ഫാഷിസം നീക്കി ജനകീയ മുന്നണി നയം സ്വീകരിക്കുന്ന അജണ്ട തയ്യാറാക്കാൻ പറഞ്ഞത് അയാൾക്ക് പിടിച്ചില്ല.ആ നയം അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ അയാൾക്ക് പാർട്ടി കറുത്ത പുള്ളി തൊട്ടു.അയാളുടെ ഏകാധിപത്യ ശൈലി അയാളെ ഒറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.ആ അവസ്ഥയിൽ കോമിന്റേണിലെ തൻറെ മുഖ്യ ശത്രു ദിമിത്രി മാനുയിൽസ്‌കി ട്രോട് സ്കിയിസ്റ്റാണെന്ന് കുൻ ചാര സംഘടനയെ അറിയിച്ചു;കുൻ ട്രോട് സ്കിയിസ്റ്റാണെന്ന് മാനുയിൽസ്‌കിയും അറിയിച്ചു.കുൻ ട്രോട് സ്‌കി പക്ഷത്താണെന്ന് മുദ്ര കുത്തി 1937  ജൂൺ 28 ന് അറസ്റ്റ് ചെയ്‌തു.പിന്നെ എന്ത് പറ്റിയെന്ന് ഏറെക്കാലം അറിഞ്ഞില്ല.അയാൾ ഒരിക്കലും മടങ്ങിയില്ല.


സോവിയറ്റ് യൂണിയൻ വീണ് ആർകൈവ്സ് തുറന്നപ്പോൾ വിവരം കിട്ടി -പ്രതിവിപ്ലവ ഭീകര സംഘടന ഇയാൾ ഉണ്ടാക്കിയെന്ന്,1938 ഓഗസ്റ്റ് 29 ന് ചോദ്യം ചെയ്യലിനും പീഡനത്തിനും ശേഷം മൂന്നംഗ ജൂറി വിലയിരുത്തി.അന്ന്  തന്നെ വധശിക്ഷ നടപ്പാക്കി.
1956 ൽ സ്റ്റാലിന്റെ മരണശേഷം കുൻ -നെ പുനരധിവസിപ്പിച്ചപ്പോൾ,അയാൾ 1939 നവംബർ 30 ന് ജയിലിൽ മരിച്ചെന്നാണ് സോവിയറ്റ് യൂണിയൻ ഹംഗറിയെ അറിയിച്ചിരുന്നത്.
യുദ്ധശേഷം നിലവിൽ വന്ന ഹംഗറിയിലെ സോവിയറ്റ് പാവ സർക്കാരിനെ നയിച്ച മത്യാസ് റാക്കോസി,കുനിന്റെ പഴയ സുഹൃത്ത് ആയിരുന്നു.

See https://hamletram.blogspot.com/2019/08/blog-post_20.html


No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...