ജാതി കെടുത്തിയ നവോത്ഥാനം
ചരിത്ര പുരുഷനായ ഡോ പി പൽപ്പുവിന് തിരുവിതാംകൂറിൽ മെഡിക്കൽ പ്രവേശനം നിഷേധിച്ചത്,സവർണ മാടമ്പികൾ ആണെന്ന് എല്ലാവർക്കും അറിയാം.നിഷേധിച്ചത് ആര് എന്ന് വ്യക്തമായി പറയാൻ എന്താണ് പ്രയാസം എന്ന് മനസ്സിലാകുന്നില്ല. വർഷവും ദിവാനും നോക്കിയാൽ കിട്ടാവുന്ന കാര്യമേയുള്ളു.നിഷേധിച്ച വർഷം 1884.നിഷേധിച്ച ദിവാൻ, വി രാമ അയ്യങ്കാർ. അതി ദുർബലനായ അയ്യങ്കാർ, അതിലും ദുർബലനായ വിശാഖം തിരുനാളിൻറെ കാലത്ത് വന്നതാണ്. അയ്യങ്കാരാണ് മുല്ലപ്പെരിയാർ കരാറിൽ 1886 ൽ ഒപ്പിട്ടത്.തൊട്ടു മുൻപ് 1877 -80 ൽ നാണു പിള്ള ദിവാൻ ആയതിൻറെ ഊറ്റം നായർ സമുദായത്തിന് ഉണ്ടായിരുന്നു. നാണു പിള്ള ഉപജാപങ്ങളിലൂടെ വരുമ്പോൾ 60 വർഷത്തിന് ശേഷം ഒരു നായർ ദിവാൻ ആകുകയായിരുന്നു -1817 ൽ കൊച്ചിക്കാരൻ രാമൻ മേനോൻ ദിവാൻ ആയിരുന്ന ശേഷം നാണു പിള്ള വരും വരെ, ദിവാന്മാർ പരദേശികൾ ആയിരുന്നു. ഒരാൾ ഒഴിച്ച് എല്ലാവരും ആന്ധ്രാ ബ്രാഹ്മണർ.
ഡോ പൽപ്പു |
പൽപ്പുവിന് പ്രവേശനം നിഷേധിക്കുമ്പോൾ,ശ്രീനാരായണ ഗുരുവിന് 29 വയസ്; ചട്ടമ്പി സ്വാമിക്ക് 31. പൽപ്പുവിന് നവോത്ഥാനത്തിലെ പങ്ക് കൂടുതൽ അന്വേഷിക്കേണ്ടതില്ല.ഒരു വിസ്‌മയം കൂടി പറയട്ടെ -അയ്യൻകാളിയും പൽപ്പുവും, പൽപ്പുവിന്റെ ജീവിതം തിരിച്ചു വിട്ട സ്വാമി വിവേകാനന്ദനും ഒരേ പ്രായക്കാരാണ്. 1863 ജനുവരി 12 ന് ജനിച്ച വിവേകാനന്ദൻ ആണ് മൂത്തയാൾ. അങ്ങനെയാണ് നവോത്ഥാനം സംഭവിക്കുക.
ഇന്ത്യയിൽ, ഇപ്പറഞ്ഞവരും ഗാന്ധിയും (ജനനം 1869) രമണ മഹർഷിയും അരവിന്ദ മഹർഷിയും സമകാലികരായിരുന്നു എന്നും, രമണ മഹർഷിയെ കണ്ട ശേഷമാണ് നാരായണ ഗുരു നിർവൃതി പഞ്ചകം എഴുതിയതെന്നുമൊക്കെ ഓർത്താൽ, നമ്മുടെ നാടിനെപ്പറ്റി അഭിമാനം തോന്നും. യൂറോപ്പിന് പ്രവാചക പാരമ്പര്യം ഇല്ല എന്ന് വിവേകാനന്ദൻ പറഞ്ഞതും കൂടി വച്ചാൽ, യൂറോപ്പ് എത്ര പൊള്ളയാണെന്ന് പിടി കിട്ടും.പൊള്ളയായ സംസ്‌കാരത്തിൽ പിറന്നവർ കൊള്ളക്കാരായതിൽ അദ്‌ഭുതപ്പെടുകയും വേണ്ട.
യൂറോപ്യൻ സംസ്‌കാരത്തിൽ അഭിരമിച്ചയാൾ ആയിരുന്നു,സ്വാതി തിരുനാളിനെ ദ്രോഹിച്ച ജനറൽ വില്യം കല്ലൻ കണ്ടെടുത്ത ദിവാൻ നാണു പിള്ള. ആയില്യം തിരുനാളിൻറെ കാലത്താണ് നാണു പിള്ള ദിവാൻ ആയിരുന്നത്.രാജാവിന് വലിയ കാര്യമൊന്നും ദിവാന്റെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ല. രാജാവും ഇളയ രാജാവ് വിശാഖം തിരുനാളും അടി മൂക്കുകയും വിശാഖത്തിനൊപ്പം നിന്ന കേരള വർമ്മ വലിയ കോയി തമ്പുരാനെ രാജാവ് തടവിലിടും ഒക്കെ ചെയ്‌ത കെട്ട കാലം കൂടി ആയിരുന്നു അത്.
യൂറോപ്യൻ സംസ്‌കാരത്തിൽ അഭിരമിച്ചയാൾ ആയിരുന്നു,സ്വാതി തിരുനാളിനെ ദ്രോഹിച്ച ജനറൽ വില്യം കല്ലൻ കണ്ടെടുത്ത ദിവാൻ നാണു പിള്ള. ആയില്യം തിരുനാളിൻറെ കാലത്താണ് നാണു പിള്ള ദിവാൻ ആയിരുന്നത്.രാജാവിന് വലിയ കാര്യമൊന്നും ദിവാന്റെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ല. രാജാവും ഇളയ രാജാവ് വിശാഖം തിരുനാളും അടി മൂക്കുകയും വിശാഖത്തിനൊപ്പം നിന്ന കേരള വർമ്മ വലിയ കോയി തമ്പുരാനെ രാജാവ് തടവിലിടും ഒക്കെ ചെയ്‌ത കെട്ട കാലം കൂടി ആയിരുന്നു അത്.
നാണു പിള്ള |
നാണു പിള്ള ദിവാൻ ആയതിനു പിന്നിൽ, ആയില്യവും വിശാഖവും തമ്മിലുള്ള വൈരം തളം കെട്ടിക്കിടക്കുന്നു. ടി മാധവ റാവുവിനും സഹപാഠി എ ശേഷയ്യ ശാസ്ത്രിക്കും പിന്നാലെ, പേഷ്‌കാർ പി ശങ്കുണ്ണി മേനോൻ ദിവാൻ ആകേണ്ടതായിരുന്നു. ഉപജാപത്തിൽ മനം നൊന്ത്, സ്വയം വിരമിച്ച് മേനോൻ, തിരുവിതാംകൂർ ചരിത്രം എഴുതി.അദ്ദേഹത്തിൻറെ മകനാണ്, കേരള ചരിത്രവും കൊച്ചി ചരിത്രവും എഴുതിയ കെ പി പത്മനാഭ മേനോൻ.
ആയില്യവും വിശാഖവും വലിയ കോയി തമ്പുരാനും വലിയ അടുപ്പത്തിൽ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു.അവരുടെ അകൽച്ചയുടെ വിവരങ്ങൾ, തമ്പുരാൻറെ ഡയറിക്കുറിപ്പുകൾ,വിശാഖ വിജയം കാവ്യം, വിശാഖത്തിൻറെ ആത്മ കഥ Outline of Autobiography എന്നിവയിൽ നിന്നാണ് കിട്ടുന്നത്. രാജാവ് പിയാനോയും തമ്പുരാൻ വീണയും വായിച്ചിരുന്ന ജുഗൽ ബന്ദിയും ഇരുവരും ശ്ലോകങ്ങളിൽ രസിച്ച രാപ്പകലുകളും ഒക്കെ ഉണ്ടായിരുന്നു. കൊട്ടാരത്തിൽ എന്ത് സാംസ്‌കാരിക വിരുന്നുണ്ടായാലും ദൂതൻ തമ്പുരാൻ താമസിച്ചിരുന്ന കോട്ടയ്ക്കകത്തെ തേവാരത്ത് കോയിക്കൽ എത്തിയിരുന്നു. യാത്രകളിൽ തമ്പുരാൻ രാജാവിനെ അനുഗമിച്ചിരുന്നു. ചെറിയ വിക്കുണ്ടെങ്കിലും ആയില്യം നന്നായി പാടിയിരുന്നു.
വിശാഖം തിരുനാൾ |
സ്വാതിതിരുനാളിൻറെ കാലത്ത് പത്തു രൂപ ശമ്പളത്തിൽ തിരുവിതാംകൂറിൽ ജോലിക്ക് ചേർന്നയാളായിരുന്നു, വടക്കൻ പറവൂർകാരനായ ശങ്കുണ്ണി മേനോൻ. മേനോനെ ആയില്യത്തിന് വിശ്വാസം ആയിരുന്നെങ്കിലും, മാധവ റാവുവിന് ശേഷം വന്ന അമരാവതി ശേഷയ്യ ശാസ്ത്രിയും റെസിഡൻറ് ജോൺ ചൈൽഡ് ഹാനിംഗ് ടണും രാജാവിനെതിരെ ഉപജാപങ്ങൾ നടത്തി മേനോനെ സംശയിച്ചു. ഇതേ ഹാനിംഗ് ടൺ ആയിരുന്നു, മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ തിരുവിതാംകൂർ ദിവാൻ രാമ അയ്യങ്കാരുമായി മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടത്.മേനോനെ നീക്കണമെന്ന് ഹാനിംഗ് ടൺ, ആയില്യത്തോട് ആവശ്യപ്പെട്ടു. ആയില്യം വിസമ്മതിച്ചു.
വിശാഖത്തിൽ നിന്ന് അകന്നു നിൽക്കാൻ തമ്പുരാൻ ശ്രമിച്ചെങ്കിലും ആയില്യം, തമ്പുരാനെ സംശയിച്ചു. 1872 ൽ കാശിക്ക് പോയ ആയില്യം, തമ്പുരാൻ കാലു പിടിച്ചപ്പോഴാണ്, കൂടെ കൂട്ടിയത്. അവർ കാശിയിൽ ആയിരിക്കെ വിശാഖം അട്ടിമറി ആസൂത്രണം ചെയ്‌തെന്ന് ആയില്യത്തിന് വിവരം കിട്ടി.തമ്പുരാൻറെ ഭാര്യ ഗൂഢാലോചനയിൽ പങ്കാളി ആയി.കാശിയിൽ നിന്ന് തമ്പുരാൻറെ കത്ത് കിട്ടിയിട്ടാണ് വിശാഖവുമായി ഗൂഢാലോചന നടത്തിയതെന്ന് തമ്പുരാൻറെ ഭാര്യ ആയില്യത്തിന് മൊഴി നൽകി -ആ ബന്ധം അവസാനിച്ചു. 1873 ഫെബ്രുവരി ഒൻപതിലെ ഡയറിക്കുറിപ്പിൽ തമ്പുരാൻ ഇത് വിവരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, വിശാഖവും തമ്പുരാനും പിണിയാളുകളെ വിട്ട് ആയില്യം മദിരോത്സവത്തിൽ ഏർപ്പെട്ടിരിക്കെ, ശംഖു മുഖം കൊട്ടാരത്തിന് തീ വച്ചു. വിശാഖത്തിൻറെയും തമ്പുരാന്റെയും സിൽബന്തികൾ തിരുവനന്തപുരം വിട്ടു.
ദിവാനെ കൊല്ലാൻ ആയില്യം പദ്ധതി തയ്യാറാക്കിയതായി, ശേഷയ്യ ശാസ്ത്രിക്ക് തമ്പുരാൻ ഊമ കത്തെഴുതി. ഒന്നുകിൽ രാജി വയ്ക്കുക അല്ലെങ്കിൽ ആഹാരത്തിൽ വിഷമുണ്ടോ എന്ന് പരിശോധിക്കുക.പേഷ്‌കാർ നാണു പിള്ളയെ ആയില്യം ദിവാനാക്കുമെന്നും കത്തിൽ പറഞ്ഞു.' വിശാഖ വിജയ' ത്തിൽ കത്ത് താൻ എഴുതിയതാണെന്ന് തമ്പുരാൻ പിൽക്കാലത്ത് സ്ഥിരീകരിച്ചു. ദിവാൻ കത്ത് ആയില്യത്തിന് നൽകി. ദിവാനെപ്പറ്റി മദ്യപിച്ച രാജാവ് വേണ്ടാതീനങ്ങൾ പറഞ്ഞിരുന്നു.തമ്പുരാൻ എഴുതിയ കത്ത് കോളിളക്കമുണ്ടാക്കി. രാജാവ് ഒരാളെ കൊല്ലാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ആയില്യം മദ്രാസ് ഗവർണർ വില്യം റൈസ് റോബിൻസണ് നീണ്ട കത്തെഴുതി. തമ്പുരാൻ ആയില്യത്തിന് എഴുതിയ മാപ്പപേക്ഷ പ്രശ്‍നം വഷളാക്കി. അതിലെ വാക്കുകളിൽ പുഛം നിഴലിച്ചിരുന്നു. വിശാഖം രാജാവിനെ കണ്ടു മാപ്പപേക്ഷിച്ചപ്പോൾ ആയില്യം കൈ കഴുകി.
ആയില്യം റെസിഡൻ്റിൽ നിന്ന് തമ്പുരാനെ അറസ്റ്റ് ചെയ്യാൻ അനുവാദം വാങ്ങി. ദിവാൻ ആ ജോലി പേഷ്‌കാർ നാണു പിള്ളയെ ഏൽപിച്ചു. നാണു പിള്ള മജിസ്‌ട്രേറ്റ് ത്രിവിക്രമൻ തമ്പിക്ക് നൽകി.തമ്പി 1875 ജൂലൈ (കർക്കടകം 21) പ്രഭാതത്തിൽ എത്തിയപ്പോൾ ചൂല് കൊണ്ടടിച്ചു പുറത്താക്കുമെന്ന് തമ്പുരാൻറെ ഭാര്യ ലക്ഷ്‌മി പറഞ്ഞപ്പോൾ തമ്പി നടുങ്ങി. അപ്പോഴാണ് നാണു പിള്ള തിരുവിതാംകൂർ ചരിത്രത്തിൽ രംഗ പ്രവേശം ചെയ്യുന്നത്.
ശേഷയ്യ ശാസ്ത്രി |
തമ്പി വിട വാങ്ങിയപ്പോൾ, തമ്പുരാനെ നേരിട്ട് പോയി അറസ്റ്റ് ചെയ്യാൻ ആയില്യം, നാണു പിള്ളയോട് ഉത്തരവായി.പിള്ള എത്തി ഉപായങ്ങൾ പലതു പറഞ്ഞെങ്കിലും തമ്പുരാനും ഭാര്യയും വഴങ്ങിയില്ല. അവർ തമ്പുരാൻറെ കയ്യും പിടിച്ചു പുറത്തേക്ക് ഓടിയപ്പോൾ പിള്ള തമ്പിക്കും മറ്റും ബല പ്രയോഗത്തിന് നിർദേശങ്ങൾ നൽകി. അവർ ലക്ഷ്‌മിയെയും തമ്പുരാനെയും വേർപെടുത്തി. രണ്ടു കുതിരകളെ പൂട്ടിയ ഫീറ്റൻ വണ്ടിയിൽ തമ്പുരാനെ വള്ളക്കടവിലേക്ക് കൊണ്ട് പോയി.ലക്ഷ്‌മി തെക്കേ ഗേറ്റ് വഴി വണ്ടിക്ക് പിന്നാലെ ഓടി. അവരെ പൊലീസ് തടഞ്ഞു.വണ്ടി പടിഞ്ഞാറേ കോട്ടയിലെത്തിയപ്പോൾ തോക്കിൽ നിന്ന് വെടി ഉതിർത്തു -വിജയകരമായി സംഗതി നടപ്പാക്കി എന്ന് ആയില്യത്തിന് സിഗ്നൽ. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ തമ്പുരാൻ വീട്ടു തടങ്കലിൽ ആയി. തമ്പുരാൻ ഓപ്പറേഷനിൽ ജയിച്ച നാണു പിള്ള മറ്റൊരു പേഷ്‌കാർ ആയ (നാല് പേഷ്കാർമാർ ഉണ്ടായിരുന്നു) ശങ്കുണ്ണി മേനോന് എതിരെ നീങ്ങി.
ശേഷയ്യ 1877 ൽ പുതുക്കോട്ട ദിവാനായി പോയപ്പോൾ, ആയില്യം, ദിവാനാകാൻ ശങ്കുണ്ണി മേനോൻറെ സമ്മതം ചോദിച്ചു. ചരിത്രം പൂർത്തിയാക്കാൻ താൻ അവധി എടുക്കുകയാണെന്ന് മേനോൻ പറഞ്ഞപ്പോൾ, നാണു പിള്ളയ്ക്ക് നറുക്കു വീണു. വടക്കൻ പറവൂർ പുത്തൻ വേലിക്കരയിൽ പെരിയാർ തീരത്ത് വീട് പണിത് ഒരു കൊല്ലം കൊണ്ട് മേനോൻ ചരിത്രം രചിച്ചു -അതിനെക്കാൾ തിളക്കമുള്ളതാണ്, ദിവാൻ പദം വേണ്ടെന്ന് വച്ച ചരിത്രം.
നാണു പിള്ള (1827 -1886) 1877 മുതൽ മൂന്ന് വർഷമാണ് ദിവാൻ ആയത്.നെയ്യൂരിലെ നായർ കുടുംബത്തിൽ ജനിച്ച് നാഗർകോവിൽ ലണ്ടൻ മിഷനറി സൊസൈറ്റി സെമിനാരിയിൽ ഇംഗ്‌ളീഷ് പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസം വീട്ടിലായിരുന്നു. റവ.ചാൾസ് മീഡിന്റെ നെയ്യൂർ മിഷന് സ്ഥലം കൊടുത്ത രാമൻ തമ്പിയുടെ കുടുംബക്കാരനായിരുന്ന നാണു പിള്ള, സെമിനാരി സ്‌കൂളിലെ ആദ്യ വിദ്യാർത്ഥി ആയിരുന്നുവെന്ന് A Hundred Years in Travancore ൽ റവ.ഐസക് ഹെൻറി ഹാക്കർ എഴുതുന്നു. മീഡിന്റെ മലയാളം മുൻഷി ആയിരുന്ന രാമൻ തമ്പി ക്രൈസ്തവരെ സഹായിച്ചതിന്, വേറെ കേസുകളിൽ രണ്ടു വർഷം തടവിലായി. നാണു പിള്ള സ്‌കൂൾ കഴിഞ്ഞ് ബ്രിട്ടീഷ് റെസിഡൻറ് കല്ലൻറെ ഓഫിസിൽ സ്വയം സന്നദ്ധ സഹായിയായി.
രാമയ്യങ്കാര് |
നാണു പിള്ള കല്ലൻറെ പരിഭാഷാ ജോലി ചെയ്‌തു.ഓഫിസിൽ സെക്രട്ടറി ആയി.14 കൊല്ലം അവിടെ ജോലി ചെയ്‌ത ശേഷം അസിസ്റ്റൻറ് ശിരസ്തദാർ ആയി. ദിവാൻ മാധവ റാവു, നാണു പിള്ളയെ തെക്കൻ ഭാഗം പേഷ്‌കാർ ആക്കി. തിരുവിതാംകൂർ ഡിവിഷനിലേക്ക് താമസിയാതെ മാറ്റി; റാവു നാട്ടിൽ പോയ ആറു തവണ ദിവാന്റെ ചുമതലകൾ വഹിച്ചു. 1877 ഓഗസ്റ്റിൽ ശേഷയ്യ ശാസ്ത്രി മടുത്തു മടങ്ങിയപ്പോൾ പിള്ള ദിവാനായി. അത് അദ്ദേഹം ജനിച്ച സമുദായത്തിന് ജാതി പ്രതിഷ്ഠകൾക്ക് സഹായകമായി. വിശാഖം തിരുനാൾ, ആയില്യം തിരുനാളിൻറെ മദ്യ മദിരാ ജീവിതത്തെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്; ആ ജീവിതത്തിന് ഉതകിയായിരുന്നു പിള്ളയുടെ പടുതി. മൂന്നു വർഷമേ ദിവാൻ ആയുള്ളൂ എങ്കിലും, ആറു വർഷം കൂടി പിള്ള ജീവിച്ചു. പിൻഗാമി രാമ അയ്യങ്കാർക്കെതിരെ അജ്ഞാത ലേഖനങ്ങൾ വന്നു കൊണ്ടിരുന്നു.
രാമ അയ്യങ്കാർ പാവ ദിവാൻ ആയിരുന്നുവെന്നും നാണു പിള്ള തന്നെയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് എന്നുമാണ്, കെ ആർ ഇലങ്കത്ത് എഴുതിയ പിള്ളയുടെ ജീവചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നത് -പൽപ്പുവിന് പ്രവേശനം നിഷേധിക്കുമ്പോൾ ഭരണ നിയന്ത്രണം പിള്ളയുടെ കൈയിൽ ആയിരുന്നു. പിള്ളയുടെ ഒരു തലമുറ വിട്ട അനന്തരവനാണ് (grand nephew) ഇലങ്കത്ത്.
നാണു പിള്ള 1855 ൽ പഴവങ്ങാടി ഓവർ ബ്രിഡ്ജിന് പടിഞ്ഞാറ് അങ്ങാടി തല വീട് വാങ്ങിയിരുന്നു.മാർത്താണ്ഡ വർമ്മ ഒരിക്കൽ ഈ വീട് സന്ദർശിച്ചിട്ടുണ്ട്.റയിൽ പാത വീതി കൂട്ടാൻ ഈ വീട് പൊളിച്ചു. പൊലീസ് വകുപ്പിൽ ശിരസ്തദാറായി പടികൾ കയറുമ്പോൾ, പിള്ള വെള്ളയമ്പലം കൊട്ടാരത്തിന് വടക്കു കിഴക്ക് കുന്നിൻ മുകളിൽ ഡയമണ്ട് ഹിൽ എന്ന ബംഗ്ലാവ് പണിതു. ആയില്യം മരിച്ച് സിംഹാസനമേറിയ വിശാഖം മുൻ രാജാവിനോട് കൂറ് പുലർത്തിയവരെ പുറത്താക്കിയപ്പോൾ അതിൽ പിള്ളയും പെട്ടു. അത് ഹാനിംഗ് ടണ് പിടിച്ചില്ല. പിള്ള തിരുവനന്തപുരത്ത് തങ്ങുന്നത് ഉപജാപങ്ങൾക്ക് കാരണമാകുമെന്ന് വിശാഖം വ്യക്തമാക്കി; പിള്ള നെയ്യൂരിലേക്ക് പലായനം ചെയ്‌തു.ചെറിയ കാലയളവിൽ തന്നെ പിള്ള വിശാഖത്തിൻറെ സുഹൃദ് വലയത്തിൽ കയറിപ്പറ്റി. ഡയമണ്ട് ഹില്ലിലേക്ക് മടങ്ങി.ഹാനിംഗ് ടൺ വീട്ടിലെത്തി. വിശാഖം 1885 ൽ മരിച്ചപ്പോൾ,പിൻഗാമി ശ്രീമൂലം തിരുനാൾ പിള്ളയെ വീണ്ടും ദിവാനാക്കാൻ ഒരുമ്പെട്ടു പിള്ളയ്ക്ക് 58 വയസ് മാത്രമായിരുന്നു. ഉത്തരവ് കിട്ടുന്നതിന് മൂന്നു നാൾ മുൻപ് പിള്ള മരിച്ചു.
ഹാനിംഗ് ടൺ |
ധീവര സമുദായാംഗമായിരുന്ന ഡോ എം സി കോമൻ പ്രൊഫസറായിരുന്ന മദ്രാസ് മെഡിക്കൽ കോളജിൽ ആ പ്രശ്‍നം വന്നില്ല. നാലു കൊല്ലത്തിന് ശേഷം മെഡിസിൻ പാസായി വന്നപ്പോഴും സവർണർ ജോലി കൊടുത്തില്ല. മൈസൂരിലാണ് പിന്നെ പൽപ്പു ജോലി ചെയ്‌തതെന്ന് ഏവർക്കും അറിയാം. എന്നാൽ അതിന് മുൻപ് മദ്രാസിൽ ഗോവസൂരിക്ക് ലിംഫ് ഉണ്ടാകുന്ന ഇൻസ്റ്റിട്യൂട്ടിൽ, കേണൽ ഡബ്ള്യു.ജി.കിംഗ് എന്ന മിലിട്ടറി ഡോക്ടർക്ക് കീഴിൽ കുറച്ചു കാലം അദ്ദേഹം ജോലി ചെയ്‌തിരുന്നു.ഈ ബ്രിട്ടീഷുകാരന് കേരളവുമായി ബന്ധമുണ്ട്.തലശേരിക്കാരിയായ ലോക പ്രസിദ്ധ ശാസ്ത്രജ്ഞ ഡോ ഇ കെ ജാനകി അമ്മാളിന്റെ മുത്തശ്ശി കുഞ്ഞി കുറുമ്പിയുടെ മൂന്ന് ഭർത്താക്കന്മാരിൽ ഒരാളായിരുന്നു, കിംഗ്. തലശ്ശേരി ബ്രിട്ടീഷ് ഫാക്റ്ററി ഡോക്റ്റർ ആയിരിക്കെ ആയിരുന്നു, ആ ബന്ധം.
പൽപ്പുവിന് സവർണർ പ്രവേശനം നിഷേധിക്കുമ്പോൾ സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയ്ക്ക് (ജനനം 1878) ആറു വയസ്സേ ആയിരുന്നുള്ളു; അതിനാൽ, പ്രവേശനം നിഷേധിച്ചതിൽ സവർണരെ മുഖ പ്രസംഗം എഴുതി ശ്ലാഘിക്കാനുള്ള അവസരം പിള്ളയ്ക്ക് നഷ്ടപ്പെട്ടു.
See https://hamletram.blogspot.com/2019/07/blog-post_5.html
© Ramachandran
No comments:
Post a Comment