Sunday, 8 September 2019

സഖാവ് വിശ്വാമിത്രൻ

റോമില ഥാപ്പറിന് ജാതി തിമിരം

റോമില ഥാപ്പർ ഇന്ത്യയിലെ പ്രമുഖ മാർക്‌സിസ്റ്റ്‌ ചരിത്രകാരിയാണ്; പ്രാചീന ചരിത്രമാണ് അവരുടെ വിഷയം. ഇന്ത്യയിലെ ചില ചരിത്രകാരന്മാർ അവരെ ഭയഭക്തി ബഹുമാനങ്ങളോടെ കാണുന്നു.

Indian Cultures as Heritage:Contemporary Pasts എന്ന അവരുടെ പുസ്തകം, അവരുടെ മറ്റു പുസ്തകങ്ങളെപ്പോലെ തന്നെ, ചരിത്ര വസ്തുതകളെക്കാൾ പ്രസ്താവനകൾ കൊണ്ട് നിബിഡമാണ്. തെളിവ് സാമഗ്രികളുടെ പിൻബലമുള്ള ഉൾക്കാഴ്ചകളാണ്, നാം ചരിത്രമെഴുത്തിൽ നിന്ന് പ്രതീക്ഷിക്കുക. തത്വ ചിന്തകൾക്ക് പ്രാധാന്യമുള്ള പുസ്തകങ്ങളെ ആധാരമാക്കി ചരിത്രം ചമയ്ക്കാൻ ഒരുമ്പെടുമ്പോൾ, അത് പാളിപ്പോകും. ഇത് വ്യക്തമാക്കുന്നതാണ്, ഈ പുസ്തകം.തത്വ ചിന്തയെ വ്യാഖ്യാനിക്കാൻ, തത്വ ചിന്തയുടെ തന്നെ പിൻബലം വേണം.അടിത്തറ തകർന്ന മാർക്‌സിസം പോരാ.

റോമില ഥാപ്പർ 

ഇന്ത്യയിൽ അസ്‌പൃശ്യത എങ്ങനെ ഉടലെടുത്തു എന്നാണ് അവർ അന്വേഷിക്കുന്നത്.വേദത്തിലെ ആചാര വിദഗ്ദ്ധൻ എന്ന നിലയ്ക്കാണ് ബ്രാഹ്മണൻ ശുദ്ധി അവകാശപ്പെട്ടതെന്ന് അവർ കണ്ടെത്തുന്നു. പുരാണ ഹിന്ദുമതം വികസിച്ചതോടെ, വേദ -ബ്രാഹ്മണ മതത്തിന് പ്രാധാന്യമില്ലാതായി.എന്നാൽ ഗുപ്‌ത വംശത്തിന് ശേഷം വേദാചാരങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെട്ടു. അക്കാലത്തുണ്ടായ ഭിന്ന രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് അഭിഷേകം വഴി നിയമസാധുത നൽകാനായിരുന്നു, ഇത്. ആദ്യം ചെറിയ വരേണ്യ വർഗ്ഗത്തിൽ ഒതുങ്ങിയെങ്കിലും, ക്രമേണ ഇവരുടെ സംഖ്യയും അസാധാരണ പദവിയിന്മേലുള്ള അവകാശ വാദവും കൂടി വന്നു. ഇക്കാലത്താണ് 'അസ്പൃശ്യൻ' നിലവിൽ വന്നത് എന്നാണ് ഥാപ്പറുടെ നിഗമനം. കിസ്ത്വബ്ദം ആദ്യ സഹസ്രാബ്ദത്തിൻറെ ആരംഭ മധ്യത്തിലാണ് ഇതുണ്ടായത് എന്ന് അവർ കണക്കാക്കുന്നു. എന്ന് വച്ചാൽ അവർക്ക് കണിശമായി അറിയില്ല. എന്തോ, ഏതോ, ആരോ, എങ്ങനെയോ തുടങ്ങിയ പ്രായോഗങ്ങൾ ഒ എൻ വി കുറുപ്പ് എന്ന മാർക്സിസ്റ്റിന്റെ പിടിയില്ലാ പ്രയോഗങ്ങൾ ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. ചരിത്രവും അങ്ങനെ വരുമായിരിക്കും.

അസ്‌പൃശ്യത എന്ന ആശയത്തിൻറെ ജന്മ പരിണാമങ്ങൾ ഇവിടെ നിന്ന് കണ്ടെത്തുകയാണ് തൻറെ അടുത്ത ശ്രമമെന്ന് ഥാപ്പർ പറയുന്നു. എന്നാൽ,വരാനിരിക്കുന്ന വിശദീകരണം, ചരിത്രപരമായി അപൂർണമായിരിക്കുമെന്ന മുൻ‌കൂർ ജാമ്യം അവരെടുക്കുന്നു. പ്രാചീന ഇന്ത്യൻ സമൂഹത്തിലെ അവർണനെപ്പറ്റി സാമൂഹ്യ ചരിത്രകാരന്മാർ പഠിക്കാത്തതാണത്രെ മുഖ്യ വിഘ്നം. വിദ്യാഭ്യാസമില്ലാതിരുന്ന അവർണരാകട്ടെ, ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. അതിനാൽ, ഥാപ്പർക്ക് പരതേണ്ടത്, സാഹിത്യത്തിലാണ്. അങ്ങനെ ഗുപ്തനാന്തര കാലത്ത് നിരവധി രാജ്യങ്ങൾ നിലവിൽ വരികയും അവിടങ്ങളിൽ നടക്കുന്ന രാജാഭിഷേകങ്ങൾക്ക് സാധുത വേണ്ടി വരികയും ചെയ്തിടത്ത്, ബ്രാഹ്മണന് ശുദ്ധിയും അവർണന് അശുദ്ധിയും കിട്ടിയതായി ഥാപ്പർ കാണുന്നു. "ലോകത്തിൽ ഈ അയിത്തം പോലെ,മനുഷ്യത്വ ഹീനമായ ഒരാചാരം വേറൊരിടത്തും ഇല്ല."

അവർണപ്പട്ടികകൾ പലതുണ്ടെങ്കിലും, പൊതുവായി എല്ലാറ്റിലും ഏറ്റവും താഴെ വരുന്നവനാണ് ചണ്ഡാളൻ. അയാൾക്ക് ജന്മത്തിൻറെ മാത്രമല്ല, ബലിയുടെ ഇര എന്ന അശുദ്ധിയുമുണ്ട്. ചണ്ഡാളനുമായി ശാരീരിക ബന്ധം പാടില്ല. ഭക്ഷണം പങ്കിടരുത്. ജന്മം കൊണ്ടല്ല,കർമം കൊണ്ടാണ് ഒരുവൻ ചണ്ഡാളൻ ആകുന്നത് എന്ന് ബുദ്ധൻ പറഞ്ഞെങ്കിലും, ജാതക കഥകളിൽ ചണ്ഡാള വിവേചനം കാണാം. പൊതുഭാഷയിൽ നിന്ന് ഭിന്നമാണ്, ചണ്ഡാള ഭാഷ. കൗടില്യൻറെ അർത്ഥ ശാസ്ത്ര ത്തിൽ, മറ്റ് പിന്നാക്കക്കാരിൽ നിന്ന് വ്യത്യസ്തമായി, ചണ്ഡാളൻ ശ്മശാനങ്ങൾക്കടുത്താണ് വാസമെന്ന് പറയുന്നു. പാണിനി, പതഞ്‌ജലി തുടങ്ങിയ വൈയാകരണന്മാരാകട്ടെ, നഗരത്തിനകത്ത് വസിക്കുന്നവർ (അനിർവാസിത), അതിന് പുറത്തുള്ളവർ (നിർവാസിത) എന്നിങ്ങനെ രണ്ടായി ശൂദ്രരെ തിരിക്കുന്നു. രണ്ടാം വിഭാഗത്തിലാണ്, ചണ്ഡാളൻ.

ന്യായമായും ഥാപ്പർ ഇനി മനുസ്‌മൃതി യിലേക്ക് കടക്കുന്നു. അതനുസരിച്ച് ശൂദ്രന് ബ്രാഹ്മണ സ്ത്രീയിൽ ജനിച്ചവനാണ്, ചണ്ഡാളൻ. ഇതിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടൽ ഉണ്ട്. ചണ്ഡാളൻ ഉച്ചിഷ്ടമാണ് ഭക്ഷിക്കുന്നത്. ശവത്തിൽ നിന്നുള്ള വസ്ത്രമാണ് വേഷം. ഇരുമ്പ് കൊണ്ടുള്ള ആഭരണങ്ങളാണ് ധരിക്കുന്നത്. കടുത്ത വിശപ്പിൽ മാത്രമേ ചണ്ഡാളനിൽ നിന്ന് ഭക്ഷണം സ്വീകരിക്കാവൂ. "ഇതാണ് മഹാഭാരതത്തിലെ അവസാന അധ്യായങ്ങളിൽ ഒന്നിലെ ചർച്ച," ഥാപ്പർ എഴുതുന്നു. വിശ്വാമിത്ര മഹർഷി ചണ്ഡാളനിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്ന ആ കഥ ഥാപ്പർ പറയുന്നത് ഇങ്ങനെ:
"കടുത്ത ക്ഷാമ കാലത്ത്,ബ്രാഹ്മണന് കഴിക്കാവുന്ന മാംസത്തെപ്പറ്റി വിശ്വാമിത്ര മഹർഷി ചണ്ഡാളനുമായി സംവാദം നടത്തുന്നു.ശരീരം നിലനിർത്താൻ, വിലക്കപ്പെട്ട ഭക്ഷണം കഴിക്കുന്നത്, നിയമപരമായി സാധുവാണോ? വിലക്ക് വിശ്വാമിത്രൻ ലംഘിക്കുന്നത് തടയാൻ ചണ്ഡാളൻ ശ്രമിക്കുന്നുവെങ്കിലും, അയാൾ വിജയിക്കുന്നില്ല. ചണ്ഡാളന് ബ്രാഹ്മണ ധർമത്തെപ്പറ്റി കൂടുതൽ അറിയാം; ഒരുപക്ഷെ പരിഹാസമാകാം എന്ന തോന്നൽ നമുക്കുണ്ടാകുന്നു. അയിത്തം അത്ര കടുത്തത് അല്ലാത്ത ഒരു കാലത്താകാം ഇത് നടന്നതെന്നും അന്ന് ആഹാരവിലക്ക് കടുത്തത് ആയിരുന്നില്ലെന്നും വിശദീകരണം ഉണ്ടാകാം."

"വിശ്വാമിത്രനും ചണ്ഡാളനും തമ്മിലുള്ള സംഭാഷണം ആകസ്മികമായിരുന്നില്ല", ഥാപ്പർ എഴുതുന്നു, "നാം അളക്കേണ്ട ഒരർത്ഥം അതിനുണ്ട്."


ഥാപ്പറുടെ ഖേദം, മഹാഭാരതം പോലുള്ള ആഖ്യാനങ്ങളിൽ ജാതിയെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നവരുടെ കഥകൾ കാണുന്നില്ല എന്നതാണ്. നമ്മുടെ പൈതൃകം ഏകപക്ഷീയമല്ലാത്തതിനാൽ, ഭൂതകാല ആഖ്യാനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉപാഖ്യാനങ്ങൾ കൂടിയുണ്ടാവണം. ചാർവാകന്മാരുടെയും ബുദ്ധ മതക്കാരുടെയും ശ്രമണിക ഗുരുക്കന്മാരുടെയും ആശയങ്ങൾ കൂടുതലായി അറിയണം. ചാർവാകന്മാർ മതത്തെ ചോദ്യം ചെയ്തതിനാൽ, അവരെ ഒഴിവാക്കി മറ്റുള്ളവരുടെ ആകുലതകൾ അപൂർവമായേ ചർച്ച ചെയ്യുന്നുള്ളു. ചർച്ചയ്ക്ക് എടുത്താൽ തന്നെ പൊതുവായിട്ടാണ്. "ധർമ്മശാസ്ത്ര സാഹിത്യത്തിന് സമൂഹത്തിലെ ചെറിയ വർഗ്ഗത്തിൻറെ നന്മ മാത്രമേ പരിഗണയിലുള്ളു," ഥാപ്പർ വിമർശിക്കുന്നു.

ക്രിസ്തുവിന് മുൻപ് നാലാം ശതകത്തിൽ ഇന്ത്യയിൽ എത്തിയ ഗ്രീക്ക് സഞ്ചാരി മെഗസ്തനീസ് ജാതിയെ കാര്യമായി പരാമർശിക്കുന്നില്ലെന്നും ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ എത്തിയ ചൈനീസ് സഞ്ചാരി ഫാഹിയാൻ, അയിത്ത ജാതിക്കാർ പട്ടണത്തിൽ എത്തുന്നത് മറ്റുള്ളവരെ അറിയിക്കാൻ മണിയടിക്കുന്നത് കണ്ടുവെന്നും ഥാപ്പർ എഴുതുന്നു. ധർമ്മ ശാസ്ത്രങ്ങളെക്കാൾ യാത്രാ വിവരണങ്ങളെയാണ് അവർക്ക് വിശ്വാസം. യാത്രാ വിവരണങ്ങൾ വായിച്ചു മതി മയങ്ങിയാണ് ഥാപ്പറുടെ ഗുരു കാൾ മാർക്‌സ് ഇന്ത്യയെപ്പറ്റി വിഡ്ഢിത്തങ്ങൾ വിളമ്പിയത് എന്ന കാര്യം അവർ ശ്രദ്ധിക്കുന്നില്ല.

ഥാപ്പർ കാണുന്നതാണോ നമ്മുടെ ധർമ്മ ശാസ്ത്ര സാഹിത്യം?
ക്രിസ്തുവിന് മുൻപ് ഏകദേശം 350 ൽ ജനിച്ച് 290 ൽ മരിച്ച ഗ്രീക്ക് ചരിത്രകാരനും നയതന്തജ്ഞനുമായ മെഗസ്തനീസ്, ഇന്ത്യയിൽ എത്തി രചിച്ച ഇൻഡിക്ക എന്ന പുസ്തകം എന്നേക്കുമായി നഷ്ടപ്പെട്ടു. പിൽക്കാല എഴുത്തുകാരുടെ പരാമർശങ്ങളിൽ നിന്ന് ഭാഗികമായി പുനരാവിഷ്കരിച്ചതാണ് നിലവിലുള്ള ഇൻഡിക്ക. ഗ്രീക്ക് ചക്രവർത്തി സെല്യൂക്കസ് ഒന്നാമൻ പാടലീപുത്രത്തിൽ ചന്ദ്രഗുപ്ത മൗര്യൻറെ അടുത്തേക്ക് അയച്ച സ്ഥാനപതി ആയിരുന്നു, മെഗസ്തനീസ്. ചന്ദ്രഗുപ്തൻറെ കൊട്ടാരത്തിൽ ക്രിസ്തുവിന് 302 -278 കാലത്താണ് അദ്ദേഹമുണ്ടായിരുന്നത് എന്ന് ചരിത്രകാരൻ കൗശിക് റോയ് പറയുന്നത് വച്ച് ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ എന്ന് പറയുന്നതാവും ശരി.

മെഗസ്തനീസ് ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ ഇവിടെ കാര്യമായ ജാതി ഉണ്ടായിരുന്നില്ല എന്ന് ഥാപ്പർ വിശ്വസിക്കുന്നതിനാൽ, മഹാഭാരത കാലത്തും ജാതി ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് കാണേണ്ടത്. അതുകൊണ്ട് അസ്‌പൃശ്യതയിൽ ഊന്നാൻ, വിശ്വാമിത്ര -ചണ്ഡാള ഉപാഖ്യാനം അവർ എഴുന്നള്ളിച്ചത് തന്നെ ഭംഗി ആയില്ല.

മെഗസ്തനീസിൻറെ ഇൻഡിക്ക യിൽ, ഇന്ത്യയിൽ ഏഴു ജാതികൾ ഉള്ളതായി പറയുന്നു. ആ ജാതികൾ ഇവയാണ്: തത്വ ജ്ഞാനികൾ, കർഷകർ, ഇടയന്മാർ, കരകൗശലക്കാർ, സൈനികർ, കാര്യസ്ഥർ, ഉദ്യോഗസ്ഥർ.

തത്വജ്ഞാനികൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും, ഉന്നതജാതി ആയിരുന്നുവെന്ന് മെഗസ്തനീസ് പറയുന്നു. അവർ ഭരണാധിപന്മാരോ സേവകരോ അല്ല. ദൈവത്തോട് അടുത്ത് നിൽക്കുന്നവരാണ്, അവർ. വർഷാരംഭത്തിൽ അവർ ക്ഷാമം, ഇടിവെട്ട്, രോഗങ്ങൾ, കാറ്റിൻറെ ഗതി തുടങ്ങിയവ പ്രവചിക്കും.പ്രവചനം തെറ്റിയാൽ ശിഷ്ടകാലം മൗനമാണ്, വിധി.
കർഷകരാണ് ജാതിയിൽ കൂടുതൽ.ഗ്രാമവാസികൾ രാജാവിന് കരം നൽകണം. ഇടയന്മാർ ഗ്രാമത്തിന് പുറത്താണ്. കൃഷി നശിപ്പിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കെണി വച്ച് പിടിക്കുകയാണ് ജോലി. കര കൗശലക്കാർ കർഷകർക്കും മറ്റും ആയുധങ്ങൾ പണിയും. ജാതിയിൽ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് സൈനികർ. ബ്രാഹ്മണരും ജൂതരും സോക്രട്ടീസിന് മുൻപ് കൈകൊണ്ടിരുന്ന മതവീക്ഷണങ്ങൾ മെഗസ്തനീസ് പരാമർശിക്കുന്നു. തത്വജ്ഞാനികളുടെ കാര്യം പറയുന്നതിൽ നിന്ന് തന്നെ, ബ്രാഹ്മണരുണ്ട് എന്ന് വ്യക്തം. ജാതി വിഭജനം തൊഴിലിൻറെ അടിസ്ഥാനത്തിലാണ് എന്നും മനസ്സിലാകുന്നു. ഈ ഏഴിലായിരുന്നു ഥാപ്പർ മാർക്സിസത്തിൻറെ വർഗ വിഭജനം കാണേണ്ടിയിരുന്നത്.

മെഗസ്തനീസിനെ ഥാപ്പർ ആശ്രയിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ, മദ്യ ദേവനായ ഡയനീഷ്യസ് ഇന്ത്യ ആക്രമിച്ചു കീഴടക്കി എന്ന് അദ്ദേഹം പറയുന്നത് ഥാപ്പർ അംഗീകരിക്കുന്നുണ്ടോ? മല വർഗക്കാർ ഹെരാക്ലിസ് തങ്ങളിൽ ഒരുവനായിരുന്നു എന്ന് വിശ്വസിക്കുന്നതായി മെഗസ്തനീസ് പറയുന്നത് ഥാപ്പർ അംഗീകരിക്കുന്നുണ്ടോ? ഹെരാക്ലിസിന്റെ മകൾ പാണ്ഡ്യയിൽ നിന്നാണ് മധുരയിലെ പാണ്ഡ്യർക്ക് ആ പേര് വന്നതെന്ന് മെഗസ്തനീസ് പറയുന്നത് ഥാപ്പർ സമ്മതിക്കുന്നുണ്ടോ?

മെഗസ്തനീസ് മധുര സന്ദർശിച്ചിരുന്നു എന്നാണ് വിശ്വാസം. ശ്രീകൃഷ്ണനെയാണ് അദ്ദേഹം ഗ്രീക്ക് ദേവനായ ഹെരാക്ലിസ് ആയി കണ്ടതെന്ന് പറയപ്പെടുന്നു. മെഗസ്തനീസിൻറെ മുതലാളിയായ സെല്യൂക്കസ് ഇന്ത്യ കീഴടക്കാൻ വന്ന് പരാജയപ്പെട്ട രാജാവായിരുന്നു. ഡയനീഷ്യസ് വന്ന് ഇന്ത്യയെ നഗരവൽക്കരിച്ചതിനാൽ സെല്യൂക്കസിന് പിന്മാറേണ്ടി വന്നതായി മെഗസ്തനീസ് ചരിത്രം ചമച്ചതാണെന്ന് പോൾ ജെ കോസ്‌മാൻ നിരീക്ഷിച്ചിട്ടുണ്ട്. പ്രാഗ് കമ്മ്യൂണിസ്റ്റ് സമൂഹത്തെ ഡയനീഷ്യസ് മുതലാളിത്തവൽക്കരിച്ചു എന്ന് മാർക്സിസത്തിൽ പറയാം.

മഹാഭാരതത്തിലെ പന്ത്രണ്ടാം അധ്യായമായ 'ശാന്തി പർവ'ത്തിലെ ആപദ് ധർമ്മാനുശാസനത്തിലാണ്, വിശ്വാമിത്ര -ചണ്ഡാള സംവാദം വരുന്നത്. ത്രേതാ യുഗാവസാനം, ദ്വാപര യുഗാരംഭം 12 വർഷം നീണ്ട ക്ഷാമം ഭൂമിയിൽ നടമാടി. നീതിയും ന്യായവും വരണ്ട അക്കാലത്ത് മനുഷ്യർ പരസ്‌പരം ഭക്ഷിക്കാൻ തുടങ്ങി. കാട്ടിൽ നിന്ന് മഹർഷിമാർ ഭക്ഷണം തേടി പുറത്തെത്തി. വിശ്വാമിത്രൻ ചണ്ഡാള ചാളയിൽ എത്തി.

മെഗസ്തനീസ് ജാതി കണ്ടില്ല 

ചാളയിൽ വിശ്വാമിത്രൻ കണ്ടത്, നിരവധി കുടങ്ങളും പട്ടി മാംസവും നിരവധി കഴുതകളുടെയും പന്നികളുടെയും എല്ലുകളും ശവങ്ങളും ഒക്കെയാണ്. മുനിക്ക് കഴിക്കാവുന്ന ഫല മൂലാദികൾ ഒന്നുമില്ല. തളർന്നു വീണ വിശ്വാമിത്രൻ ബോധം വീണ്ടെടുത്തപ്പോൾ കണ്ടത്, ഒരു വടിയുടെ അറ്റത്ത് കോർത്ത പട്ടി മാംസമാണ്. വിശപ്പടക്കാനായി അത് മോഷ്ടിക്കാൻ വിശ്വാമിത്രൻ ഒരുമ്പെട്ടു.ജീവിതം അപകടത്തിലായിരിക്കെ മോഷ്ടിക്കാം എന്ന ധർമ്മ തത്വം ഓർമയിൽ വന്നു. രാത്രി കുടിലിനകത്ത് വിശ്വാമിത്രൻ പട്ടി മാംസം മോഷ്ടിക്കാൻ കയറി. ചണ്ഡാളൻ വിശ്വാമിത്രനെ ചോദ്യം ചെയ്‌തു. ഏറ്റവും താഴെക്കിടയിലുള്ള മൃഗമാണ് പട്ടി. തുടയാണ് അതിൻറെ ശരീരത്തിലെ വൃത്തികെട്ട ഭാഗം. അതാണ് വിശ്വാമിത്രൻ കട്ടു തിന്നാൻ നോക്കിയത്. അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റ് താൻ തപം കൊണ്ട് നീക്കിക്കൊള്ളാം എന്നായി വിശ്വാമിത്രൻ.മരിക്കാൻ പോകുന്നവന് സന്ദേഹങ്ങൾ ആവശ്യമില്ല.

പാപം ചെയ്യരുതെന്ന് ചണ്ഡാളൻ കേണപേക്ഷിച്ചു.വേറെ എന്തെങ്കിലും ആഹാരം നോക്കി കൂടെ? കുറേക്കാലം മുൻപ് അഗസ്ത്യ മഹർഷി രാക്ഷസനായ വാതാപിയെ ഭക്ഷിച്ചിട്ടുണ്ട് എന്നായി വിശ്വാമിത്രൻ. ബ്രാഹ്മണരെ രക്ഷിക്കാൻ ചെയ്തതിനാൽ അത് സാധുവെന്ന് ചണ്ഡാളൻ. ശരീരം തിന്നുന്നത് ആത്മാവിനെ ബാധിക്കാത്തതിനാൽ പട്ടിമാംസം താൻ തിന്നോളം എന്ന് വിശ്വാമിത്രൻ. ചണ്ഡാളൻ നിരവധി ചോദ്യങ്ങൾ ഉയർത്തി എങ്കിലും വിശ്വാമിത്രൻ വഴങ്ങിയില്ല. പട്ടിമാംസം എടുത്ത് ഭാര്യയും മകനും പാർക്കുന്നിടത്തു ചെന്ന് വേവിച്ച് ദേവന്മാർക്ക് ഹവിസ്സായി അർപ്പിച്ചു. ആ നിമിഷം ദേവേന്ദ്രൻ കനിഞ്ഞ് ഭൂമിയിൽ മഴ പെയ്‌തു,ഔഷധ ചെടികൾ കിളിർത്തു. ദേവന്മാർക്ക് അർപ്പിച്ചതിനാൽ പട്ടിമാംസം വിശുദ്ധമായി.

ഥാപ്പർ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന മാർക്‌സിയൻ പ്രഹസനത്തിന് വേണ്ടി മഹാഭാരത ബൃഹദാഖ്യാനത്തിൻറെ മഹാ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഉപാഖ്യാനമാണ് ഇത്. പട്ടിണിയിൽ ജാതിയില്ല എന്ന ലളിത തത്വം മനസ്സിലാക്കുന്നതിന് പകരം, ഭാവനാത്മകമായ വർഗ വിഭജന കുറ്റിയിൽ കഥയെ കൊണ്ട് കെട്ടിയിടുകയാണ് ഥാപ്പർ. ഭൗതികവും ആത്മീയവുമായ തീവ്ര പ്രതിസന്ധിയിൽ മനുഷ്യൻ എങ്ങനെ  പെരുമാറണം എന്ന  ചോദ്യത്തിന് ഉത്തരമായി കിട്ടുന്ന തത്വമാണ്, ഇത്. വിശ്വാമിത്ര -ചണ്ഡാള സംവാദമല്ല, മുഖ്യ കഥാ സന്ദർഭം. ഇത്തരം പ്രതിസന്ധിയിൽ എന്ത് ചെയ്യും എന്ന യുധിഷ്ഠിരൻ്റെ ചോദ്യത്തിന് ഭീഷ്മരുടെ ഉത്തരമാണ്, ഈ കഥ. യുധിഷ്ഠിരൻ്റെ ചോദ്യം ഇതാണ്: ധർമം അധർമമാകുമ്പോൾ, രാജാവും കൊള്ളക്കാരും പ്രജകളെ പീഡിപ്പിക്കുമ്പോൾ, കാമം സമൂഹത്തെ വലയം ചെയ്യുമ്പോൾ, മനുഷ്യൻ മനുഷ്യനെ കൊല്ലുമ്പോൾ, കടുത്ത ക്ഷാമത്തിൽ നട്ടം തിരിയുമ്പോൾ, ബ്രാഹ്മണൻ എന്ത് ചെയ്യും?

ഉത്തരമായി കിട്ടുന്ന ഉപാഖ്യാനത്തിൽ നടക്കുന്നതെല്ലാം അരുതായ്കകൾ ആണ്. ബ്രാഹ്മണൻ പറയക്കുടിലിൽ ചെന്ന് കൂടാ. മംസം കഴിച്ചു കൂടാ. മോഷണം പാടില്ല.എന്നിട്ടും വിശ്വാമിത്രൻ ഇതൊക്കെ ചെയ്യുമ്പോൾ കിട്ടുന്നത് അദ്വൈത തത്വമാണ്. ശരീരത്തിന് വേണ്ടത് ആത്മാവിനെ ബാധിക്കുന്നില്ല. ബ്രാഹ്മണനാകട്ടെ, ചണ്ഡാളനാകട്ടെ, ആത്മാവ് അഭിന്നമാണ്.

കാലഗണന ഥാപ്പർ തന്നെ നടത്തട്ടെ -ശങ്കരാചാര്യർ വഴിയിൽ കണ്ട ചണ്ഡാളനോട് അയിത്തം കാരണം മാറിപ്പോകാൻ പറഞ്ഞു. ചണ്ഡാളൻ ശങ്കരാചാര്യരെ ചോദ്യം ചെയ്‌തു: ശരീരത്തോടാണോ ആത്മാവിനോടാണോ മാറിപ്പോകാൻ പറഞ്ഞത്? ശരീരം എപ്പോഴും മാറുന്നതാണ്; അതിനോട് മാറിപ്പോകാൻ പറഞ്ഞിട്ട് കാര്യമില്ല. ആത്മാവാകട്ടെ,ഒരിക്കലും മാറുന്നില്ല. അതിനാൽ,അതിനോട് മാറാൻ പറയേണ്ടതില്ല.

ആ അദ്വൈത നിമിഷത്തിൽ ശങ്കരാചാര്യർ എഴുതിയതാണ്, മനീഷാ പഞ്ചകം. അഞ്ചു ശ്ലോകങ്ങളേയുള്ളു. സമയം കിട്ടുമ്പോൾ ഥാപ്പർ എടുത്തു വായിക്കണം. ബ്രാഹ്മണനും ചണ്ഡാളനും ഒന്ന് എന്ന വർഗ വിഭജനത്തിനപ്പുറമുള്ള, വിഭജനമില്ലാത്ത മാനുഷ്യകം എന്ന തത്വം പിടി കിട്ടും.

കീഴ് ജാതിക്കാരൻ സവർണനെ ചോദ്യം ചെയ്യുന്ന രണ്ടു സന്ദർഭങ്ങൾ നാം കണ്ടു. അവർണൻ സവർണനെ ചോദ്യം ചെയ്യുന്ന വലിയ കഥയാണ് ഏകലവ്യന്റേത്.മഹാഭാരതം വായിച്ച ശേഷം, രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാകാം, എൻറെ മനസ്സിൽ ഉടക്കിയ കഥാപാത്രമാണ്, ഏകലവ്യൻ. ശ്രീകൃഷ്ണൻറെ പിതാവ് വസുദേവരുടെ സഹോദരന് കീഴ് ജാതിക്കാരിയിൽ ജനിച്ചവനാണ് ഏകലവ്യൻ. ദ്രോണർ പെരുവിരൽ ഛേദിച്ചു വാങ്ങിയ ശേഷം അയാളെ മഹാഭാരതത്തിൽ കൃഷ്ണനും ദ്രോണർക്കുമെതിരെ പല സന്ദർഭങ്ങളിലും കാണാം-സുഭദ്രാഹരണ സമയത്ത് കൃഷ്ണൻറെ ശത്രു ജരാസന്ധനൊപ്പം. കുരുക്ഷേത്രയുദ്ധത്തിൽ ശത്രു പക്ഷത്ത്.

മഹാഭാരതത്തിൽ വ്യാസൻ ഏതെങ്കിലും പക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ടോ?ഓരോ കഥാപാത്രവും അധർമം ചെയ്യുമ്പോൾ വിളിച്ചു പറയുന്ന ജോലിയാണ് ചരിത്രകാരനായ വ്യാസൻ ആ സാഹിത്യ കൃതിയിൽ ചെയ്‌തത്‌. ധർമ്മ ശാസ്ത്രങ്ങൾക്കും ജാതികൾക്കുമപ്പുറം വിസ്‌തൃതമായി കിടക്കുന്ന മനുഷ്യ മനസും പ്രപഞ്ച മനസും അവിടത്തെ പ്രഹേളികാ സമാനമായ ജീവിത നാടകവുമാണ്, ഭാരത ചരിത്രം. വർഗ വിഭജന തിമിരം ശസ്ത്രക്രിയ ചെയ്‌തു നീക്കിയാലേ, സനാതന സത്യങ്ങൾ കാണാനാകൂ. വേദ സാഹിത്യകാരൻ കൃതികളിൽ ആവാഹിക്കുന്ന ചണ്ഡാളൻ പലപ്പോഴും ജാതി സ്വരൂപമല്ല; തത്വം വെളിവാക്കാൻ അവതരിക്കുന്ന ചുടല ഭസ്‌മം പൂശിയ ഈശ്വരനാണ്; ആ ഈശ്വരൻറെ നിറം കറുപ്പാണ്.

See https://hamletram.blogspot.com/2019/07/blog-post_1.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...