Thursday 10 October 2019

മതം മാറുന്ന നോവൽ

ആയിരം പേജ് ജൂത വിച്ഛേദം

തം മാറ്റം ഞാൻ ശ്രദ്ധിക്കുന്ന വിഷയം ആയതിനാലാണ്,എൻറെ ആദ്യ നോവൽ,'പാപ സ്നാനം' അതേപ്പറ്റി ആയത്.നൊബേൽ സമ്മാനം നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ തോക്കാർചുക്കിൻറെ മാസ്റ്റർപീസ്,Books of Jacob,മതം മാറ്റത്തെപ്പറ്റിയാണ് .ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുമ്പോൾ,ആയിരം പേജ് വരും.2014 ൽ പോളിഷിൽ ഇറങ്ങിയ നോവൽ,ഹാർഡ് ബാക്കിൽ 1,70,000 കോപ്പി വിറ്റു.ആ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ സമ്മാനം നിക്കെ രണ്ടാം തവണയും അവർ നേടി.

ഇത് പോളണ്ടിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ജൂത മത നേതാവ് ജേക്കബ് ഫ്രാങ്കിൻറെ കഥയാണ്.പല ഘട്ടങ്ങളിലായി,തൻറെ അനുയായികളെ  ക്രിസ്‌തു മതത്തിലേക്കു മാറ്റിയ ജൂതനാണ്,ജേക്കബ്.26000 ജൂതന്മാർ കത്തോലിക്കരായ കൂട്ട മതം മാറ്റം.അഡ്രിയാൻ പനിക് സംവിധാനം ചെയ്‌ത ദാസ് ( Daas / 2011 ) എന്ന ഈ വിഷയത്തിലെ സിനിമയ്ക്ക് ശേഷമാണ്,നോവൽ വന്നത്.ചരിത്രത്തിൽ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു കഥാപാത്രത്തെ സിനിമ മുൻനിരയിൽ കൊണ്ട് വന്നു നിർത്തി.ജേക്കബിനെ സൂത്രശാലിയായ രാഷ്ട്രീയക്കാരനായും മത കാപട്യക്കാരനായും സിനിമ ചിത്രീകരിക്കുന്നു.ജേക്കബ് മുന്നോട്ട് വച്ച ഭാവി മതമാണ്,ദാസ്;ഹീബ്രുവിൽ,ജ്ഞാനം.ഓൾഗയുടെ 900 പേജ് നോവൽ,പോളണ്ടിന്റെ യാഥാസ്ഥിതികം അല്ലാത്ത ചരിത്രം എഴുതാനുള്ള ശ്രമമാണ്.ദീർഘവും സങ്കീർണവുമായ മത സംവാദങ്ങൾ നോവലിലുണ്ട്.

ജൂത ചരിത്രത്തിൽജേക്കബിനെ പോലെ നിയമം ലംഘിച്ച വേറൊരാളില്ല.പോളിഷ് കാൽപനിക സാഹിത്യത്തിൽ ഫ്രാങ്കിസം ആശയ സംഘർഷങ്ങൾ വിതച്ചു.

നോവൽ വന്ന ശേഷം ഒരഭിമുഖത്തിൽ,പോളണ്ട് മറ്റുള്ളവരിൽ നിന്ന് പീഡനങ്ങൾ ഏറ്റു വാങ്ങുക മാത്രമല്ല,അതിന് സ്വന്തം പീഡനങ്ങളുടെ ചരിത്രവുമുണ്ട് എന്ന് ഓൾഗ പറഞ്ഞതിനെതിരെ ഒരു സംഘം അവർക്കെതിരെ വാളെടുത്തു.പ്രസാധകൻ അവർക്ക് സ്വകാര്യ അംഗരക്ഷകരെ കൊടുത്തു.
ഓൾഗ തോക്കാർചുക് 
ആരാണ് ജേക്കബ് ഫ്രാങ്ക്?

ശബ്ബത്തായ് സെവി ( 1626 -1676 ) എന്ന സ്വയം പ്രഖ്യാപിത മിശിഹയുടെയും ബൈബിൾ ആദിപിതാവ് യാക്കോബിൻറെയും പുനരവതാരമാണ് താൻ എന്ന് അവകാശപ്പെട്ട മതനേതാവാണ്,ജേക്കബ് ( 1726-1791 ). അയാളെയും അനുയായികളെയും ജൂത അധികാരികൾ മത ഭ്രഷ്ടരാക്കി;സ്വയം ത്രിത്വത്തിൻറെ ( Trinity ) ഭാഗമാണെന്നു അവകാശപ്പെടുകയും പാഷണ്ഡത്വo ( Heresy ) പ്രചരിപ്പിക്കുകയും ചെയ്‌തു എന്നതായിരുന്നു,കുറ്റം.ജീവിത പങ്കാളിയെ മറ്റുള്ളവരുമായി പങ്കിടൽ ശുദ്ധീകരണം ആണെന്നും ജേക്കബ് വാദിച്ചു.ജേക്കബ് സൃഷ്‌ടിച്ച ജൂത ശാഖ ഫ്രാങ്കിസം എന്നറിയപ്പെട്ടു.ചില ക്രിസ്ത്യൻ ആശയങ്ങൾ ജൂത മതത്തിലേക്ക് എടുത്തു.പോളണ്ട്.ലിത്വനിയ,യുക്രൈൻ എന്നിവിടങ്ങളിലെ സാമൂഹിക -സാമ്പത്തിക മാറ്റങ്ങൾക്ക് പിന്നാലെ വന്ന ശബ്ബത്തായ് സെവിയുടെ മിശിഹാ പ്രസ്ഥാനത്തിൻറെ തുടർച്ച ആയിരുന്നു,ഇത്.

പതിനേഴാം നൂറ്റാണ്ടിൻറെ ഒടുവിൽ ശബ്ബത്തായ് സെവിയുടെ അനുയായികളുടെ നിരവധി രഹസ്യ സംഘങ്ങൾ ഇന്നത്തെ യുക്രൈൻ ആയ അന്നത്തെ കിഴക്കൻ പോളണ്ടിൽ ഉണ്ടായിരുന്നു.പൊഡോലിയ,ഗലീഷ്യ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും.മിശിഹ വരുമെന്ന പ്രതീക്ഷയിൽ ഇവർ ജൂത ആചാരങ്ങൾ ലംഘിച്ചു.ഇതിൽ ചിലർ വ്രതങ്ങൾ അനുഷ്ഠിച്ചു;ചിലർ ലൈംഗിക സ്വാതന്ത്ര്യം കൊണ്ടാടി.പാപം നീക്കാൻ ധ്യാനവും പാപം ചെയ്യലും ഇതിൻറെ ഭാഗമായി.1722 ൽ ജൂത പുരോഹിതർ ലവോവിൽ സഭ വിളിച്ചു കൂട്ടി ഇതിനെ നിരോധിച്ചു.അത് വിജയിച്ചില്ല.പുത്തൻ ജൂത മധ്യവർഗത്തിനിടയിൽ അത് വേര് പിടിച്ചിരുന്നു.
ബുക്‌സ്‌ ഓഫ് ജേക്കബ് 
ഇന്നത്തെ യുക്രൈനിലെ പൊഡോലിയയിലെ കൊറോലിവ്കയിൽ  യാക്കൂബ് ലെജെബോവിച്ച് എന്ന പേരിലാണ് ജേക്കബ് ജനിച്ചത്.പിതാവ് ശബ്ബത്തായ് സെവിയുടെ അനുയായി ആയിരുന്നു;പിതാവ് ഈ വിശ്വാസം പിന്തുടർന്ന് മതരോഷം ഉരുണ്ടു കൂടിയപ്പോൾ,വിശ്വാസം ശക്തമായ തുർക്കി സാമ്രാജ്യത്തിലെ വല്ലച്ചിയയിലേക്ക് 1730 ൽ കുടുംബം കുടിയേറി.സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ജൂത വേദ പുസ്തകമായ താലമൂദിനെ ജേക്കബ് നിന്ദിച്ചു.യാത്ര ചെയ്‌ത്‌ തുണിയും മുത്തും വിറ്റ അയാൾ തുർക്കിയിൽ സഞ്ചരിക്കെയാണ്,ഫ്രാങ്ക് എന്ന പേര് വീണത്.കിഴക്കൻ മേഖലയിലുള്ളവർ യൂറോപ്പുകാരെ പൊതുവെ വിളിക്കുന്ന പേര്.1750 ൽ അയാൾ ശബ്ബത്തായ് സെവി പ്രസ്ഥാന  നേതാക്കളുമായി ഗാഢ ബന്ധത്തിലായി.1752 ൽ ജേക്കബിൻറെ വിവാഹത്തിന് ഇതിൻറെ നേതാവ് ഉസ്മാൻ ബാബയുടെ രണ്ടു നേതാക്കൾ സാക്ഷികളായി.1755 ൽ പോളണ്ടിൽ എത്തി ജേക്കബ് ശബ്ബത്തായ് സെവിയിൽ നിന്ന് കിട്ടിയ 'വെളിപാടുകൾ' പ്രസംഗിക്കാൻ തുടങ്ങി.അന്ന് ജൂത ഭൂരിപക്ഷ ഭാഷകളായ പോളിഷോ യിദ്ധിഷോ ഇയാൾക്ക് നന്നായി അറിയാമായിരുന്നില്ല.
ലോക വിധി പൂർത്തീകരിക്കാൻ ഇസ്രയേൽ ജനം പുതിയ പാത സ്വീകരിക്കണമെന്ന് ജേക്കബ് പറഞ്ഞു."ഏശാവിലേക്കുള്ള നടത്ത" എന്ന് അതിനെ വിളിച്ചു.സേയീരിൽ കാണാം എന്ന് ബൈബിൾ ഉൽപത്തി പുസ്തകത്തിൽ യാക്കോബ് സഹോദരന് കൊടുത്ത വാഗ്‌ദാനമായിരുന്നു,ജേക്കബ് പറഞ്ഞതിലെ ധ്വനി:
"യജമാനന്‍ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാന്‍ സാവധാനത്തില്‍ അവയെ നടത്തിക്കൊണ്ടു സേയീരില്‍ യജമാനന്റെ അടുക്കല്‍ വന്നുകൊള്ളാം എന്നു പറഞ്ഞു." ( ഉൽപത്തി 33 :14 ).

ഏശാവുവിന്റെ സ്ഥലം ഏദോo ആയി ജേക്കബ് വ്യാഖ്യാനിച്ചു -ഇത് ജൂത പാരമ്പര്യത്തിൽ ക്രിസ്‌തു മതത്തിനും റോമിനുമുള്ള വിശേഷണമാണ്.ഈ സ്ഥലം റോമൻ കത്തോലിക്കാ പോളണ്ട് ആണെന്ന് ജേക്കബ് പറഞ്ഞു.പോളണ്ട് പുത്തൻ വാഗ്‌ദത്ത ലോകമായി.പലസ്തീനിലേക്ക് മടങ്ങുക എന്ന ജൂത ചിന്തയ്ക്ക് വിപരീതമായി,ഇത്.ആ പാതയ്ക്ക് ലോക നിയമങ്ങളിൽ നിന്ന് സ്വാതന്ത്ര്യം അയാൾ പ്രഖ്യാപിച്ചു.അത് ലൈംഗിക അരാജകത്വത്തിന് വഴി വച്ചു.

ഇവരുടെ ഒരു കൂടിച്ചേരൽ ലൈംഗിക അപവാദം സൃഷ്ടിച്ചു.ലാൻകോറോൺ എന്ന സ്ഥലത്തെ ഒരു വീട്ടിൽ,ജേക്കബിൻറെ അനുയായികൾ ഒരു നഗ്ന യുവതിക്ക് ചുറ്റും നൃത്തം ചെയ്‌തു;അവളുടെ മുലകളിൽ ചുംബിച്ചു.അവൾ വേദ പുസ്തക ബിംബമായി.ഫ്രാങ്കിനെ പൊഡോലിയയിൽ നിന്ന് ജൂത പുരോഹിതർ നാട് കടത്തി.അനുയായികളെ വേട്ടയാടി.ജൂത വിശ്വാസത്തിൻറെ ആണിക്കല്ലായ ധാര്മികതയ്ക്കും ലാളിത്യത്തിനും പുതിയ പ്രസ്ഥാനം പരുക്കേൽപിച്ചെന്ന് ജൂത വിലയിരുത്തി.ഇവർക്ക് ആഗോള ഭ്രഷ്ട് വിധിച്ചു.
ജേക്കബ് ഫ്രാങ്ക് 
സാത്വികനായ ഏതു ജൂതനും ജേക്കബ് പ്രസ്ഥാനത്തെ ഒറ്റുക ദൗത്യമായി.ജേക്കബ് അനുയായികൾ തങ്ങൾ ജൂത വേദം ഉപേക്ഷിച്ചതായി കത്തോലിക്കാ മെത്രാൻ മിക്കോളായ് ദംബോവിസ്കിയെ അറിയിച്ചു.ത്രിത്വത്തെ നിരാകരിക്കാത്ത കബ്ബലയിൽ ആണ് തങ്ങൾക്ക് വിശ്വാസം.ജേക്കബ് ആ ത്രയത്തിൽ ഒരാളാണ്.മെത്രാൻ 1757 ൽ ജേക്കബിനെയും അനുയായികളെയും സംരക്ഷിക്കാൻ ഇറങ്ങി.ഇവരും ജൂത പുരോഹിതരും തമ്മിൽ ഒരന്യോന്യം സംഘടിപ്പിച്ചു.മെത്രാൻ ജേക്കബ് പ്രസ്ഥാനത്തിനൊപ്പം നിന്നു.പോളണ്ടിലെ താലമൂദ് മുഴുവൻ കത്തിക്കാൻ മെത്രാൻ ഉത്തരവിട്ടു.10,000 കോപ്പി കത്തിച്ചു.ഇത് ജൂത ഗ്രന്ഥ ശാലകൾക്ക് വലിയ നഷ്ടമായിരുന്നു.മെത്രാൻ മരിച്ച ശേഷം പുരോഹിതർ ജേക്കബ് അനുയായികളെ വേട്ടയാടി പീഡിപ്പിച്ചു.

പോളണ്ടിലെ അഗസ്റ്റസ് മൂന്നാമൻ രാജാവ് സംരക്ഷണം ഉറപ്പ്  നൽകിയെങ്കിലും ഏശിയില്ല.

ഈ ഘട്ടത്തിൽ ഇവാനിയയിൽ എത്തി ജേക്കബ് തനിക്ക് സ്വർഗത്തിൽ നിന്ന് വെളിപാടുകൾ കിട്ടുന്നതായി അവകാശപ്പെട്ടു.ശബ്ബത്തായ് സെവിയുടെയും ഉസ്മാൻ ബാബയുടെയും നേർ പിൻഗാമിയാണ് താൻ.ക്രിസ്‌തു മതത്തിൽ ചേരാനാണ് വെളിപാട്.1759 ൽ പോളിഷ് കത്തോലിക്കാ സഭ ഇതിന് രംഗത്തിറങ്ങി.ചില ജേക്കബ് അനുയായികൾ ജൂത പുരോഹിതരുമായും ചർച്ച നടത്തിയപ്പോൾ,വത്തിക്കാനിൽ നിന്നുള്ള നൻഷ്യോ നിക്കോളാസ് സേറ സംശയാലു ആയി.എങ്കിലും ചർച്ച നടന്നു;കുറേപ്പേർ പ്രൊട്ടസ്റ്റൻറ് സഭയിൽ ചേർന്നു.
ശബ്ബത്തായ് സേവി 
ജേക്കബും അനുയായികളും പരസ്യമായി ക്രിസ്‌തുമത വിശ്വാസം പ്രകടിപ്പിക്കണം എന്നായിരുന്നു,കത്തോലിക്കാ സഭയുടെ ഉപാധി.ലിവോവിൽ ജേക്കബിൻറെയും അനുയായികളുടെയും ജ്ഞാന സ്നാനത്തിൽ കത്തോലിക്കാ പ്രഭുക്കൾ തല തൊട്ടപ്പന്മാരായി.ഇവരിൽ നിന്നുള്ള പേരുകൾ പുത്തൻ കൂറ്റുകാർ സ്വീകരിച്ചു.സെപ്റ്റംബർ 17 ന് ജ്ഞാന സ്നാനം ചെയ്ത ജേക്കബ്,അടുത്ത നാൾ,അഗസ്റ്റസ് മൂന്നാമൻ തല തൊട്ടപ്പനായി വാഴ്‌സയിൽ മറ്റൊരു സ്നാനത്തിന് കൂടി വിധേയനായി.അയാൾ ജോസഫ് എന്ന പേര് സ്വീകരിച്ചു.1790 ആയപ്പോഴേക്കും 26000 ജൂതന്മാർ ക്രിസ്ത്യാനികളായി.

ജേക്കബ് പ്രസ്ഥാനം എന്നിട്ടും മത വിചാരണയ്ക്ക് വിധേയമായി -1760 ഫെബ്രുവരി ആറിന് മതനിന്ദയുടെ പേരിൽ സഭാ കോടതി വിധി പ്രകാരം ജേക്കബിനെ അറസ്റ്റ് ചെയ്‌തു.സെസ്റ്റോകോവയിലെ  ജസ്‌ന ഗോറ  സന്യാസാശ്രമത്തിൽ അയാൾ 13 കൊല്ലം തടവിലായി.കന്യാ മറിയത്തിൻറെ ലോകത്തിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്ന്.'കറുത്ത മേരിയുടെ ( Black Madonna ) ചിത്രം ഇവിടെയാണ്. അയാൾ ഇവിടെ കുർബാനകളിൽ ദിനവും പങ്കെടുത്ത് നന്നായി ക്രിസ്‌തു മതം പഠിച്ചു .'രക്ത സാക്ഷി' പരിവേഷത്തോടെ അയാളുടെ സ്വാധീനം വർധിച്ചു.

പോളണ്ടിന്റെ വിഭജന ശേഷം,ജേക്കബിനെ 1772 ഓഗസ്റ്റിൽ റഷ്യൻ ജനറൽ ബിബിക്കോവ് വിട്ടയച്ചു.1786 വരെ മൊറാവിയ പട്ടണമായ ബ്രിനോയിൽ ജീവിച്ചു.അയാളുടെ പ്രഭാഷണം അനുയായികൾ എഴുതിയെടുത്തു -The Collection of the Words of the Lord.പോളിഷ് സാഹിത്യത്തിലെ അസംബന്ധ കൃതി.തീർത്ഥാടകർ പോളണ്ടിൽ നിന്നെത്തി.മകൾ ഈവ് നിയന്ത്രണം ഏറ്റു.ഫ്രാങ്ക് സായുധ സേനയെ കൂടെ നിർത്തി.റഷ്യയിലെ നിയുക്ത സാർ ചക്രവർത്തി പോൾ ഒന്നാമൻ,ഓസ്ട്രിയയിലെ ജോസഫ് രണ്ടാമനൊപ്പം ജേക്കബിനെ സന്ദർശിച്ചു.
ഈവ് ഫ്രാങ്ക് 
വിയന്നയിൽ മകൾക്കൊപ്പം പോയി ജേക്കബ് രാജ കുടുംബത്തെ കയ്യിലെടുത്തു.മരിയ തെരേസ രാജ്ഞി അയാളെ മിശിഹയായി കാണുക മാത്രമല്ല,മകൻ ജോസഫ് രണ്ടാമന് ഈവിനോട് പ്രണയമാണെന്നും പ്രഖ്യാപിച്ചു.ഒടുവിൽ ഫ്രാങ്ക് നിയന്ത്രാതീതനാണെന്ന് കണ്ട് ഓസ്ട്രിയയിൽ നിന്ന് പുറത്താക്കി.അയാൾ മകൾക്കൊപ്പം ജർമനിയിലെ ഒഫൻബാക്കിലെത്തി,'ഒഫൻബാക്കിലെ പ്രഭു' എന്ന് സ്വയം വിശേഷിപ്പിച്ചു.അനുയായികൾ അയാളെ ധനികനാക്കി.1791 ൽ ഫ്രാങ്ക് മരിച്ചപ്പോൾ ഈവ് നേതാവായി.നെപ്പോളിയൻറെ ആക്രമണ കാലത്ത് പണം നഷ്ടമായി;1816 ൽ അവർ മരിച്ചു.

നെപ്പോളിയനെ മിശിഹയായി ഇക്കൂട്ടരിൽ ചിലർ തെറ്റിദ്ധരിച്ചു.മോസസ് ദീബ്രുസ്കയെപ്പോലെ ചിലർ ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്തു.പോളണ്ടിലും ബൊഹീമിയയിലും ഇവർ ചിതറി.വാഴ്‌സയിൽ താമസം ഉറപ്പിച്ച ഫ്രാങ്കിസ്റ്റുകൾ നല്ല കച്ചവടക്കാരും ഫാക്റ്ററി ഉടമകളുമായി.ഡിസ്റ്റിലറികളും പുകയിലയും അവരുടെ കുത്തക ആയി.1830 ൽ മിക്കവാറും അഭിഭാഷകർ ഈ കുടുംബങ്ങളിൽ നിന്നായിരുന്നു.പത്തൊൻപതാം നൂറ്റാണ്ടിൽ അവർ പൊതു സമൂഹത്തിൽ ലയിച്ചു.

ഫ്രാങ്കിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ആയിരുന്നു,വിഖ്യാത കാൽപനിക കവി,സിഗ്മണ്ട് ക്രാഷിൻസ്കി ( Zygmunt Krasinski 1812 -1859 )."അതൊരു സവിശേഷ അന്ധവിശ്വാസ ഗോത്രമാണ്;അവർ ഒന്നിലും വിശ്വസിക്കുന്നില്ല",അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിൻറെ നാടകം,Un -Divine Comedy ഇന്നും പാഠപുസ്തകമാണ്.പഴയ ക്രമം മാറ്റിമറിക്കുന്നതാണ്,പ്രമേയം.ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലെ കുപ്രസിദ്ധ ജൂത വിരുദ്ധ ലഘു ലേഖ Protocols of the Elders of Zion പോലെയാണ്,നാടകം.

വിഖ്യാത പോളിഷ് കവി ആദം മക്കീവിച്,ഫ്രാങ്കിസ്റ്റ് കുടുംബത്തിൽ നിന്നുള്ള സെലീന സിമനോവ്സ്കയെ വിവാഹം ചെയ്‌തപ്പോൾ അവരെ ക്രാഷിൻസ്കി പുച്ഛിച്ചു.ജൂതമതത്തിൽ നിന്ന് ക്രിസ്‌തു മതത്തെ വേർപെടുത്താൻ ആവില്ലെന്ന് മക്കീവിച് വിശ്വസിച്ചു.പോളണ്ടിൽ ഇത്രയും ജൂതരുണ്ടായത് ദൈവിക പദ്ധതിയാണെന്ന് അദ്ദേഹം കരുതി.

പോളണ്ടിലെ മൂന്ന് മഹാന്മാരുടെ അമ്മമാർ ജേക്കബ് പ്രസ്ഥാനത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു:പിയാനോ വാദകൻ ഫ്രഡറിക് ചോപ്പിൻ,കവികളായ ആദം മക്കീവിച്, ജൂലിയസ് സ്ലോവാക്കി.

See https://hamletram.blogspot.com/2019/08/blog-post_9.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...