Saturday 26 October 2019

താഷ്കെന്റിൽ പാർട്ടി ഉണ്ടായില്ല

 നടന്നത് മാർക്സിസ്റ്റ് മുഹാജിർ വിപ്ലവം 

ന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതിൻറെ ശതാബ്‌ദി സി പി ഐ ( എം ) ആഘോഷിക്കുന്നു.അതിന് സാംഗത്യം ഉണ്ടോ ?

എം എൻ റോയ് ധരിച്ചത് താനായിരിക്കും മധ്യ ഏഷ്യയിൽ എത്തി ആദ്യം ഇന്ത്യൻ വിപ്ലവം സംഘടിപ്പിക്കുക എന്നായിരുന്നു.അത് തെറ്റി.അവിടെ ആദ്യം എത്തിയത്,അബ്ദുർ റബും തിരുമാൾ ആചാര്യയും ആയിരുന്നു.റോയിയെപ്പോലെ ലോട്ടറി അടിച്ചില്ലെങ്കിലും,അദ്ദേഹത്തെക്കാൾ സാഹസികർ .റോയിക്ക് മുൻപേ രാജാ മഹേന്ദ്ര പ്രതാപിൻറെ സംഘത്തിൽ അംഗമായി അവർ 1919 ആദ്യം സോവിയറ്റ് യൂണിയനിൽ എത്തി ലെനിനെ കണ്ടു.കാബൂൾ ആസ്ഥാനമായി ഉണ്ടാക്കിയ താൽക്കാലിക ഇന്ത്യൻ ഭരണകൂടത്തിൻറെ പ്രസിഡൻറ് ആയിരുന്നു,മഹേന്ദ്ര പ്രതാപ്.

റബും ആചാര്യയും അന്ന് മുതൽ സോവിയറ്റ് തുർക്കിസ്ഥാനിൽ ഇന്ത്യൻ കച്ചവടക്കാരും ബ്രിട്ടീഷ് ഇന്ത്യൻ ആർമി വിട്ട പട്ടാളക്കാരുമായി ബന്ധം സ്ഥാപിച്ചു.ഇവർ താഷ്കെന്റിൽ ഇന്ത്യൻ വിപ്ലവകാരികളുടെ സംഘടന രുപീകരിച്ചു.സമർഖണ്ഡിലും ബക്കുവിലും ഇതിന് ശാഖകൾ ഉണ്ടായി.ഇവരുടെ വിജയം പരിമിതമായിരുന്നു.
തിരുമാൾ ആചാര്യ 
ഉത്തർ പ്രദേശ് മുർസനിലെ ജാട്ട് രാജകുടുംബത്തിൽ പെട്ട മഹേന്ദ്ര പ്രതാപ് ( 1886 -1979 ) അലിഗഢിൽ ബിരുദ പഠനം പൂർത്തിയാക്കാതെയാണ് വിപ്ലവത്തിനിറങ്ങിയത്.വിരേന്ദ്രനാഥ് ചതോപാധ്യായ അദ്ദേഹത്തെ ബെർലിനിൽ എത്തിച്ചു.കൈസർ വില്യം രണ്ടാമനെ നേരിട്ട് കണ്ടാണ് ഇന്ത്യയെ മോചിപ്പിക്കാൻ ഇറങ്ങിയത്.1915 ഡിസംബർ ഒന്നിന് പ്രതാപ് പ്രസിഡൻറായി കാബൂളിൽ താൽക്കാലിക ഇന്ത്യൻ ഭരണകൂടം ഉണ്ടായി.മൗലവി ബർകത്തുള്ള പ്രധാനമന്ത്രി.മൗലവി ഉബൈദുള്ള സിന്ധി ആഭ്യന്തര മന്ത്രി.ദിയോബന്ദി മൗലവി ബഷിർ യുദ്ധ മന്ത്രി.ചെമ്പക രാമൻ പിള്ള വിദേശ മന്ത്രി.ലെനിൻ മഹേന്ദ്ര പ്രതാപിനെ മോസ്കോയ്ക്ക് ക്ഷണിച്ചാണ് കണ്ടത്.32 കൊല്ലത്തിനു ശേഷം 1946 ൽ ഇന്ത്യയിൽ തിരിച്ചെത്തി വാർധയിൽ ഗാന്ധിയെ കണ്ടു.മഥുരയിൽ അടൽ ബിഹാരി വാജ്‌പേയിയെ സ്വതന്ത്രനായി തോൽപിച്ച് 1957 ൽ ലോക് സഭയിൽ എത്തി.

പെഷവാർ സ്വദേശിയായ റബ് അന്ന് ഇന്ത്യക്കാരുടെ അഞ്ച് സോഷ്യലിസ്റ്റ് ചേരികളിൽ,ഉബൈദുള്ള സിന്ധി ചേരിയിൽ ആയിരുന്നു.1918 ൽ അത് വിട്ട് ബോൾഷെവിക്കായി.1919 ഡിസംബറിൽ ലെനിൻറെ പ്രതിനിധി സെഡ് സൂറിറ്റ്സിനൊപ്പം കാബൂളിൽ എത്തി.മഹേന്ദ്ര പ്രതാപ്,ബർകത്തുള്ള എന്നിവരും ഈ റഷ്യൻ ദൗത്യത്തിൽ ഉണ്ടായിരുന്നു.

മാണ്ട്യo പാർത്ഥസാരഥി തിരുമാൾ ആചാര്യ ( 1887 -1954 ) മദ്രാസിൽ അയ്യങ്കാർ കുടുംബത്തിൽ ജനിച്ചു.സ്വന്തം പേര് അദ്ദേഹം എഴുതിയിരുന്നത്,എം പ്രതിവാദി ഭയങ്കർ ആചാര്യ എന്നായിരുന്നു.സുബ്രഹ്മണ്യ ഭാരതിയുടെ സഹ പ്രവർത്തകൻ.പോണ്ടിച്ചേരിയിൽ ഇരുവരും പ്രവർത്തിച്ചു.ഇവരുടെ പ്രസിദ്ധീകരണത്തിനെതിരെ ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടൻ നീങ്ങിയപ്പോൾ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു.സവർക്കർ,മദൻ ലാൽ ദിൻഗ്ര,വി വി എസ് അയ്യർ എന്നിവർക്കൊപ്പം ലണ്ടനിൽ വിപ്ലവകാരി.പാരിസിൽ ലാല ഹർദയാൽ,മാഡം കാമ എന്നിവരുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് ആക്കി.അയ്യർക്കൊപ്പം ബെർലിനിൽ ചെമ്പക രാമൻ പിള്ളയുടെ വിപ്ലവ ഗ്രൂപ്പിൽ ചേർന്നു.1915 ൽ തുർക്കിയിലെത്തി.1918 ൽ ആചാര്യയും വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മഹേന്ദ്ര പ്രതാപും ബെർലിനിൽ ചെന്നത് കമ്മ്യൂണിസ്റ്റുകൾ ആയാണ്.
എവ്‌ലിൻ റോയ് 
റോയിയും ഭാര്യയും 1919 നവംബർ അവസാനമാണ് അർദ്ധ നയതന്ത്ര പാസ്‌പോർട്ടിൽ മിസ്റ്റർ ആൻഡ് മിസിസ് റോബർട്ട് അലനി വീല ഗാർഷ്യ എന്ന വ്യാജപ്പേരിൽ മെക്സിക്കോയിലെ വേറാക്രൂസിൽ നിന്ന് സ്പാനിഷ് കപ്പൽ അൽഫോൻസോ 13 ൽ കയറിയത്.മാഡ്രിഡിൽ എത്തി ജനീവ,സൂറിച്,ബെർലിൻ വഴി മോസ്‌കോയിൽ എത്തുക ആയിരുന്നു,ലക്ഷ്യം.ഇൻഡോ -ജർമൻ ഗൂഢാലോചന കേസിൽ പെട്ടതിനാൽ മൊത്തത്തിൽ രഹസ്യാത്മകത റോയിയുടെ നീക്കങ്ങളിൽ ഉണ്ടായിരുന്നു എന്ന് വാദമുണ്ട്.എന്നാൽ,അമേരിക്കൻ വിപ്ലവകാരിയും പത്ര പ്രവർത്തകയുമായ ആഗ്നസ് സ്‌മെഡ്‌ലിയെ ബലാൽസംഗം ചെയ്തത് റോയ് ആണെന്ന് പുതിയ രേഖകൾ വ്യക്തമാക്കുന്നതിനാൽ,ആ ഭയം അയാളെ വേട്ടയാടി എന്ന് കരുതണം.

ന്യൂയോർക്കിൽ 1917 -18 ൽ നടന്ന സംഭവത്തിലെ വില്ലൻ  റോയ് ആയിരുന്നുവെന്ന്  The Lives of Agnes Smedley എന്ന ജീവചരിത്രത്തിൽ ( 2004 ) റൂത് പ്രൈസ് എഴുതുന്നു.ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ്  അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി  രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.സംഭവ ശേഷം ആഗ്നസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആഗ്നസിൻറെ നോവൽ Daughter of Earth ൽ ബലാൽസംഗ വിവരണമുണ്ട്.

അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.ആഗ്നസും ഇതിൽ പെട്ടിരുന്നു.ആഗ്നസിൻറെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ആയിരുന്നു,ബലാൽസംഗം.
കഥകൾ അറിയാവുന്ന ഹേരംബ ലാൽ ഗുപ്ത ഇപ്പോൾ വിപ്ലവ പട്ടികയിൽ ഇല്ല.കൊൽക്കത്ത സ്വദേശിയായ അയാൾ മെക്സിക്കോയിൽ പ്രൊഫസറായി അജ്ഞാത ജീവിതം നയിച്ചു.
എം എൻ റോയ് 
ബെർലിനിൽ ഡിസംബറിൽ എത്തിയ റോയ് അവിടെ കമ്മ്യൂണിസ്റ്റ് നേതാവ് താൽഹൈമർ തന്നോട് മാർക്സിസം ചർച്ച ചെയ്തു എന്ന്  ആത്മകഥയിൽ പറയുന്നത് വിശ്വസനീയമല്ല.അന്ന് റോയിക്ക് മാർക്സിസം അറിയില്ല.ഭുപേന്ദ്ര നാഥ് ദത്തയും വീരേന്ദ്ര നാഥ് ചതോപാദ്ധ്യയും മറ്റുമാണ് അവിടെ തലയെടുപ്പുള്ള വിപ്ലവകാരികൾ.ഇവർക്ക് റോയിയെ പുച്ഛവും ആയിരുന്നു.മെക്സിക്കോയിൽ കിട്ടിയ ജർമ്മൻ പണത്തെപ്പറ്റി ദത്ത റോയിയോട് കണക്ക് ആവശ്യപ്പെട്ടപ്പോൾ അത് ജർമനിയോട് പറഞ്ഞോളാം എന്നായിരുന്നു റോയിയുടെ മറുപടി.ജർമനിയിൽ റോസാ ലക്സം ബർഗും മറ്റും നടത്തിയ വിപ്ലവം പരാജയപ്പെട്ടത് അക്കാലത്താണ്.ആ വിപ്ലവത്തെ തോൽപിച്ചതിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ പങ്ക് കാണാതിരുന്ന റോയ് ഇന്ത്യൻ വിപ്ലവത്തിന് ലോക തൊഴിലാളി സഹായം,പ്രത്യേകിച്ചും ബ്രിട്ടനിൽ നിന്ന്,ആവശ്യപ്പെടുകയാണ് ചെയ്തത്.ബ്രിട്ടീഷ് കോളനി ആയ ഇന്ത്യ ആദ്യം സ്വതന്ത്രമാകണം എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായില്ല.അതിന് ദേശീയ പ്രസ്ഥാനമാണ് വേണ്ടത്.ഇതൊന്നുമറിയാത്ത ഒരു മാനിഫെസ്റ്റോ റോയ് എഴുതി.ഒരു ബൂർഷ്വാ ദേശീയ ഭരണകൂടത്തെ തടയുമെന്ന് അതിൽ വ്യക്തമാക്കി.

റോയ് ബെർലിൻ വിട്ടത് 1920 മാർച്ച് ഒടുവിലോ ഏപ്രിൽ ആദ്യമോ ആയിരുന്നു.'ദി സോവിയറ്റ്' എന്ന കപ്പലിൽ എസ്തോണിയയുടെ തലസ്ഥാനമായ റെവലിൽ എത്തി അവിടെ നിന്ന് മോസ്കോയിൽ ചെന്നു.രാഷ്ട്ര അതിഥിയായി ലിമോസിനിൽ ഗുർച്ചക്കോവ്‌ കൊട്ടാരത്തിലെത്തി.റോയിക്ക് മുൻപ് അവിടെ ഇന്ത്യൻ വിപ്ലവകാരികൾ എത്തിയത്,ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം തേടിയാണ്;കമ്മ്യൂണിസത്തിൽ താൽപര്യം ഉണ്ടായിട്ടല്ല.കുറച്ചു മാർക്സിസം കൈവശം ഉണ്ടായിരുന്നത് റോയിക്കായിരുന്നു.മറ്റുള്ളവർ റോയിയെപ്പോലെ ഉപജാപങ്ങളിൽ മിടുക്ക് കാട്ടിയില്ല.അത് വഴി റോയ് മോസ്‌കോയിൽ ഇന്ത്യയുടെ വക്‌താവായി .ബൊറോദിൻ അതിന് വഴി കാട്ടി.മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ രണ്ടാം കോൺഗ്രസിന് ശേഷം ബെർലിനിലെ ഇന്ത്യൻ വിപ്ലവകാരികൾ റോയിക്കെതിരെ ഉയർത്തിയ ഭീഷണി ശക്തമായിരുന്നില്ല.1920 ജൂലൈ 22 മുതൽ ഓഗസ്റ്റ് ഏഴു വരെ നടന്ന ആ കോൺഗ്രസിൽ കോളനി രാജ്യങ്ങളിലെ പോരാട്ടം വിഷയമായി.37 രാജ്യങ്ങളിൽ നിന്ന് 217 പേർ പങ്കെടുത്തു.

നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു.മെക്സിക്കോ പാർട്ടി പ്രതിനിധിയായി റോബർട്ട് അലൻ റോയ് എന്ന പേരിലാണ് റോയ് പങ്കെടുത്തത്.വോട്ടവകാശം ഉണ്ടായിരുന്ന ഏക ഇന്ത്യക്കാരൻ.അബനി മുക്കർജി,എം പി ടി ( തിരുമാൾ ) ആചാര്യ,റോയിയുടെ ഭാര്യ എവ്‌ലിൻ എന്നിവർക്ക് സംസാരിക്കാമായിരുന്നു.മുഹമ്മദ് ഷഫീക് നിരീക്ഷകൻ ആയിരുന്നു.താഷ്കെന്റിൽ 'സമീന്ദാർ' എന്ന ഉർദു പേർഷ്യൻ പത്രം ഇറക്കിയ അബ്ദുൽ മജീദിൻറെ സഹപ്രവർത്തകൻ ആയിരുന്നു,ഷഫീക്.പിന്നീട് പെഷവാർ ഗൂഢാലോചന കേസിൽ മൂന്ന് വർഷം തടവ് കിട്ടി.കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കിടയിൽ ലെനിൻ ദേശീയ,കൊളോണിയൽ തീസിസ് വിതരണം ചെയ്തു."പ്ലഖനോവിൻറെ സിദ്ധാന്തങ്ങൾ വച്ച് ഞാൻ ലെനിൻറെ സിദ്ധാന്തത്തിൻറെ കട പുഴക്കി" എന്ന് റോയ് ആത്മകഥയിൽ പറയുന്നതിൽ ജാലിയൻ കണാരനും എട്ടുകാലി മമ്മൂഞ്ഞുമാണുള്ളത്.

ഒരു ബദൽ സിദ്ധാന്തം ഉണ്ടാക്കിക്കോളാൻ ലെനിൻ, റോയിക്ക് സൗജന്യം അനുവദിച്ചു.കമ്മ്യൂണിസ്റ്റുകൾ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തുണയ്ക്കണം എന്നാണ് ലെനിൻ പറഞ്ഞത്.റോയ് വിയോജിച്ചു.ഇന്ത്യ ഒരു മുതലാളിത്ത രാഷ്ട്രം ആയിക്കഴിഞ്ഞതിനാൽ വിപ്ലവ സജ്ജം എന്നായിരുന്നു റോയിയുടെ വാദം.രേഖകൾക്കുള്ള കമ്മീഷൻ മുൻപാകെ രണ്ടു സിദ്ധാന്തങ്ങളും ചർച്ചയ്ക്ക് വന്നു.റോയിയുടേത് ഇടത് വ്യതിയാനമാണെന്ന് കമ്മീഷൻ വിലയിരുത്തി.അത് അശാസ്ത്രീയവും അപകടകരവുമാണ്.ഉണർന്നു വരുന്ന ദേശീയതയിൽ അടിസ്ഥാനം കണ്ടെത്താൻ ലെനിൻ റോയിയെ ഉപദേശിച്ചു.റോയിയുടെ സിദ്ധാന്തം തള്ളി.എന്നിട്ടും റോയ് തൻറെ വാദത്തിൽ കടിച്ചു തൂങ്ങി.
ലെനിൻ 
കോമിന്റേൺ ദേശീയ പ്രസ്ഥാനത്തെ തുണച്ചാൽ അത് വീരേന്ദ്ര നാഥ് ചതോപാധ്യായയുടെ വിജയമാകും എന്ന് കണ്ടാണ് റോയ് ബദൽ വാദം വച്ചത് എന്ന് കാണാൻ പ്രയാസമില്ല.അതല്ലാതെ ലെനിനെ വെല്ലുവിളിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.ഇന്ത്യൻ വിപ്ലവത്തെ താനാകണം നയിക്കേണ്ടത് എന്ന സ്വാർത്ഥത അദ്ദേഹത്തെ നയിച്ചു.കോൺഗ്രസിന് ശേഷം കോമിന്റേൺ അഞ്ചംഗ ബ്യുറോ ഏഷ്യയിലെ കോളനി സ്വാതന്ത്ര്യത്തെ നയിക്കാൻ ഉണ്ടാക്കി.കിഴക്കൻ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ കോൺഗ്രസ് ബക്കു ( അസർബൈജാൻ ) വിൽ വിളിക്കാനും കോമിന്റേൺ മധ്യ ഏഷ്യ ബ്യുറോ താഷ്കെന്റിൽ ( ഉസ്‌ബെക്കിസ്ഥാൻ ) തുറക്കാനും തീരുമാനിച്ചു.ലെനിൻറെ മേൽനോട്ടത്തിൽ ഈ ബ്യുറോ തുറക്കാനുള്ള ചുമതല ഗ്രിഗറി സിനോവീവ്,ഹംഗറി നേതാവ് ബേല കുൻ,കാൾ റാഡെക് എന്നിവർക്കായിരുന്നു.റോയ് ഈ ആശയത്തെ എതിർത്തെങ്കിലും വഴങ്ങേണ്ടി വന്നു.ബക്കു കോൺഗ്രസിൽ റോയ് പങ്കെടുത്തില്ല.അബനി മുക്കർജിയെ പകരം നിർദേശിച്ചു.ഈ കോൺഗ്രസിനെ സിനോവീവ് സർക്കസ് എന്ന് റോയ് പുച്ഛിച്ചു.

കോമിന്റേൺ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗത്വം കിട്ടാത്തതായിരുന്നു റോയ് ഇടഞ്ഞതിന് കാരണം.ഏഷ്യക്കാരനായി അതിൽ സെൻ കട്ടയാമ മാത്രമേ ഉണ്ടായിരുന്നുള്ളു.താൻ അംഗത്വം നിരസിക്കുകയായിരുന്നു എന്ന് റോയ് ആത്മകഥയിൽ പറയുന്നതും ഉള്ളിൽ ജാലിയൻ കണാരൻ ഉണ്ടായിരുന്നതിനാലാണ്.1922 ൽ നാലാം കോൺഗ്രസിൽ റോയ് കാൻഡിഡേറ്റ് അംഗമായി.1924 ൽ അംഗവും.ഇതിനിടയിൽ മധ്യ ഏഷ്യ ബ്യുറോ അംഗത്വം കൊണ്ട് തൃപ്തിപ്പെട്ടു.റോയിക്ക് പുറമെ,സാമ്പത്തിക വിദഗ്ദ്ധൻ ഗ്രിഗറി സോകോൾനിക്കോവ്,കിഴക്കൻ ഏഷ്യ വിദഗ്ധൻ ഗ്രിഗറി സഫാറോ എന്നിവരായിരുന്നു അംഗങ്ങൾ.അവർ രണ്ടാം കോൺഗ്രസ് കഴിഞ്ഞയുടൻ മോസ്കോ വിട്ട് മധ്യ ഏഷ്യയിൽ എത്തി.എന്നിട്ടും റോയ് മോസ്‌കോയിൽ തങ്ങി.ഇന്ത്യൻ വിപ്ലവത്തെപ്പറ്റിയുള്ള തല തിരിഞ്ഞ വാദം മാറിയിരുന്നില്ല.ബക്കു കോൺഗ്രസ് 1920 സെപ്റ്റംബർ ഒന്നിന് നടന്നു.സിനോവീവ് അധ്യക്ഷനായി.32 ദേശീയതകളിൽ നിന്ന് 1891 പേർ പങ്കെടുത്തു.കോക്കസസിൽ നിന്നും സോവിയറ്റ് മേഖലകളിൽ നിന്നും ഉള്ളവരായിരുന്നു ഭൂരിപക്ഷം.14 ഇന്ത്യക്കാർ ഉണ്ടായിരുന്നു.കരിദ്,നസീർ സെഡക്കി എന്നീ ഇന്ത്യക്കാർ പ്രസീഡിയത്തിൽ ഉണ്ടായിരുന്നെന്ന് രേഖകളിൽ കാണുന്നു.14 ൽ ഒരാൾ ഒഴിച്ച് എല്ലാവരും മൂകരായിരുന്നു.47 അംഗ കമ്മിറ്റിയുണ്ടായി.ഒരു കൊല്ലം കഴിഞ്ഞ് ഇത് പിരിച്ചു വിട്ടു.
സിനോവീവ് ബക്കു കോൺഗ്രസിൽ 
ഈ നീക്കങ്ങൾ നടക്കുമ്പോൾ, മുഹാജിറുകൾ മധ്യേഷ്യയിൽ എത്തിയതായി മോസ്‌കോയിൽ വിവരം കിട്ടി.ഇന്ത്യയിൽ നിന്ന് ദാറു സലാം തേടി ഇറങ്ങിയ പാൻ ഇസ്ലാമിസ്റ്റ് സംഘം ആയിരുന്നു,ഇത്.തുർക്കിയിൽ ബ്രിട്ടൻ സ്ഥാനഭ്രഷ്ടനാക്കിയ ഖലീഫയെ പുനഃസ്ഥാപിക്കാൻ വിശുദ്ധ യുദ്ധത്തിന് ഇവർ തയ്യാറായിരുന്നു.1920 മധ്യത്തിൽ കുറെ കടയുടമകളും കൃഷിക്കാരും യുവാക്കളും ഇന്ത്യയിൽ ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് അഫ്ഗാനിസ്ഥാനിൽ എത്തി രൂപപ്പെട്ട പ്രസ്ഥാനമായിരുന്നു,ഇത്.ബക്കു കോൺഗ്രസ് പരാജയവും മുഹാജിർ വരവും റോയിയെ ഉണർത്തി.ഇവരിൽ ഇന്ത്യയിൽ വിപ്ലവം നടത്താൻ പറ്റിയവരെ കിട്ടും എന്ന് തോന്നി.അവർക്ക് ബ്രിട്ടീഷ് വിരുദ്ധ വികാരമുണ്ട്.അത് ചൂഷണം ചെയ്യാം.അജ്ഞരായ മത ഭ്രാന്തരാണ്.അതിർത്തി മേഖല വിപ്ലവ ക്യാമ്പ് ആക്കാം.മുസ്ലിം ഗോത്ര പിന്തുണ കിട്ടും-റോയിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.

ഭീകര വാദിയായ റോയിക്ക് പണവും ആയുധവും എന്നും പ്രധാനമായിരുന്നു.ജനം വിപ്ലവത്തിന് ആവശ്യമാണെന്ന് തോന്നിയില്ല.ഈ വന്യമായ ആലോചനയ്ക്ക് ലെനിനും കോമിന്റേണും വഴങ്ങി എന്നത് അദ്‌ഭുതമാണ് -ലെനിൻ ഇന്ത്യയെ അറിഞ്ഞില്ല.അന്ന് ഗാന്ധിക്ക് കീഴിൽ സ്വാതന്ത്യ പ്രസ്ഥാനം കരുത്താർജിച്ചിരുന്നു.അദ്ദേഹം ഖിലാഫത് പ്രസ്ഥാനം തുടങ്ങിയിരുന്നു.അതിൽ തൊഴിലാളികളും കൃഷിക്കാരും സജീവം ആയിരുന്നില്ലായിരിക്കാം.എങ്കിലും കമ്മ്യൂണിസം മുഹാജിർ പ്രസ്ഥാനം ആയിക്കൂടാ എന്ന് ലെനിന് തോന്നിയില്ല.ചൗരി ചൗരാ സംഭവം കഴിഞ്ഞ തളർച്ച നിസ്സഹകരണ പ്രസ്ഥാനത്തിനുണ്ടായിരുന്നു.ഇത് ലെനിൻ അറിഞ്ഞിരുന്നില്ല.സോവിയറ്റ് യൂണിയൻ ആഭ്യന്തര സമരത്തിൽ ആയിരുന്നു.ജനകീയ കമ്മിസാർ സമിതിയും വിപ്ലവ പട്ടാള സമിതി ഉപാധ്യക്ഷൻ ക്ലൻസ്കിയും റോയിക്കൊപ്പം നിന്നു.ഒക്ടോബർ ഒടുവിൽ ആയുധങ്ങളും വലിയ തുകയുമായി റോയ് താഷ്കെന്റിലേക്ക് പുറപ്പെട്ടു.അവിടെ സേനയുണ്ടാക്കി ഇന്ത്യയെ മോചിപ്പിക്കും.
അബനി മുക്കർജി 
താഷ്കെന്റിൽ അബ്‌ദുർ റബും ആചാര്യയും തനിക്ക് തടസ്സമാണെന്ന് റോയിക്ക് തോന്നി.റബ് തട്ടിപ്പും ആചാര്യ അരാജക വാദിയും ആണെന്ന് പുച്ഛിച്ച് റോയ് എന്ന ഏകാധിപതി അവരെ അവഗണിച്ചു.ഇത് വിഭാഗീയതയ്ക്ക് വഴി വച്ചു.

തുർക്കിക്ക് പോകുന്ന മുഹാജിറുകളെ വിമതർ തടവുകാരാക്കിയെന്ന് റോയിക്ക് വിവരം കിട്ടി.റെഡ് ആർമിയുടെ ഒരു വിഭാഗം ഇവരെ മോചിപ്പിച്ചു.സ്വതന്ത്രരായപ്പോൾ വീണ്ടും തി\തുർക്കിക്ക് പോകണമെന്ന് അവർക്ക് വാശിയായി.ബ്രിട്ടീഷ് വിരുദ്ധരായതിനാൽ ഇനി ഒന്നും പഠിക്കേണ്ടെന്ന് അവർ ശഠിച്ചു.കടുത്ത നിർബന്ധത്തിനൊടുവിൽ ഒരുപാധിക്ക് മേൽ അവർ സൈനിക പരിശീലനത്തിന് സമ്മതിച്ചു.പരിശീലനം കഴിഞ്ഞാൽ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ ഇന്ത്യയ്ക്ക് തിരിച്ചയയ്ക്കണം.പണവും ആയുധവും വേണം.റോയിക്ക് ആശ്വാസമായി.അപ്പോഴും,മത ഭ്രാന്തരായ ഇവർ എന്തിനു വേണ്ടി പോരാടും എന്ന് വ്യകതമായിരുന്നില്ല.രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലെങ്കിൽ ആയുധം വേറെ ലക്ഷ്യത്തിൽ പ്രയോഗിക്കും.ഇക്കൂട്ടത്തിൽ വിദ്യാഭ്യാസമുള്ളവർ അതിന് വഴങ്ങി.1920 ഒക്ടോബറിൽ താഷ്കെന്റിൽ പട്ടാള സ്‌കൂൾ തുറന്നു.അബനി മുക്കർജിക്കായിരുന്നു,ചുമതല.200 അംഗ സംഘത്തിൽ വിദ്യാഭ്യാസത്തിന് തയ്യാറായവർ 26 പേർ മാത്രമായിരുന്നു.ഇന്ത്യയ്ക്ക് ആയുധം കൊണ്ട് പോകാൻ അഫ്ഗാൻ സർക്കാർ അനുമതി നിഷേധിച്ചു.സോവിയറ്റ് യൂണിയൻ അവിടത്തെ അമാനുള്ള രാജാവിനെ യുദ്ധത്തിൽ സഹായിച്ചതിനാൽ ഇത് അപ്രതീക്ഷിതമായിരുന്നു.അമാനുള്ള ബ്രിട്ടനുമായി തർക്കം പറഞ്ഞു തീർത്തു.ബ്രിട്ടൻ റഷ്യക്കെതിരെ രാജാവിന് സാമ്പത്തിക സഹായവും നൽകി.

കൂനിന്മേൽ കുരു പോലെ,റബും ആചാര്യയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുമെന്ന നില വന്നു.തുർക്കിയിലെ കോമിന്റേൺ ബ്യുറോ അവരെ സഹായിക്കാൻ എത്തി.എളുപ്പത്തിൽ നിരാശനാകാത്ത റോയ്,ഇരുവരുമായി സന്ധി ചെയ്തു.അങ്ങനെ 1920 ഒക്ടോബർ 17 ന് ഇന്ത്യൻ പ്രവാസ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായി.ഏഴംഗങ്ങൾ;മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി -റോയ്,റബ്,ആചാര്യ.ഇവരായിരുന്നു അംഗങ്ങൾ:റോയ്,എവ്‌ലിൻ റോയ്,റോസാ ഫിറ്റിൻഗോ,അബനി മുക്കർജി,മുഹമ്മദ് അലി,മുഹമ്മദ് ഷഫീഖ്,ആചാര്യ.ഷഫീഖ് സെക്രട്ടറി.റോയ് തുർക്കിസ്ഥാൻ ബ്യുറോ സെക്രട്ടറി,ആചാര്യ ചെയർമാൻ.അബനി മുക്കർജിയുടെ ഭാര്യ ആയിരുന്നു,റോസ.ശ്രദ്ധിക്കേണ്ടത്,അബ്‌ദുർ റബിനെ റോയ് വെട്ടി നിരത്തി എന്നതാണ്.

ഇതിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് വിളിക്കുന്നത് അസംബന്ധമാണ്.ഏഴംഗങ്ങളിൽ എവ്‌ലിനും റോസയും വിദേശികൾ ആയിരുന്നു;ഇന്ത്യക്കാരെ വിവാഹം ചെയ്തവർ.അവർ ഇന്ത്യ കണ്ടിരുന്നേയില്ല.ഇതിന് ഇന്ത്യയുമായി ബന്ധം ഉണ്ടായിരുന്നില്ല.ഒരു പാർട്ടി പരിപാടി ഉണ്ടായിരുന്നില്ല.റോയിയെ പറ്റിക്കാൻ ആചാര്യയുടെ മനസ്സിൽ രൂപം കൊണ്ട ആശയം മാത്രമായിരുന്നു,ഇത്.റോയിക്ക് മുഖം രക്ഷിക്കാനുള്ള തന്ത്രവും.

ഇത് ഇന്ത്യൻ പാർട്ടി അല്ല എന്ന് റോയ് ആത്മകഥയിൽ സമ്മതിക്കുന്നു.

ലെനിൻറെ സെക്രട്ടറി ലിഡിയ ഫൊതിയേവയുടെ സഹായി ആയിരുന്നു,അബനിയുടെ ഭാര്യറോസ.റഷ്യൻ ജൂത ആയ അവർ 1918 ൽ അവിടത്തെ പാർട്ടിയിൽ ചേർന്നു.1920 ൽ അബനിയെ കണ്ടുമുട്ടി.അവർ റോയിയുടെ ദ്വിഭാഷി ആയിരുന്നു.അബനിയെ സ്റ്റാലിൻ ഉന്മൂലന കാലത്ത് 1937 ജൂൺ രണ്ടിന് അറസ്റ്റ് ചെയ്ത് ഒക്ടോബർ 28 ന് കൊന്നു.

താഷ്കെന്റ് പട്ടാള സ്‌കൂളിൽ പഠിച്ച മുഹാജിറുകളിൽ പെട്ടവരായിരുന്നു,ഷൗക്കത് ഉസ്മാനിയും റഫീഖ് അഹമ്മദും.ഇവർ പിന്നെ മോസ്‌കോയിൽ കിഴക്കുള്ള അധഃസ്ഥിതർക്കുള്ള സർവകലാശാലയിൽ ചേർന്നു.ഇന്ത്യയിലേക്ക് മടങ്ങിയ മുഹാജിറുകളിൽ പത്തു പേരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമുണ്ടാക്കാൻ ഇന്ത്യയ്ക്ക് മടങ്ങിയപ്പോൾ പിടിച്ചു.പെഷവാർ ഗൂഢാലോചന കേസിൽ ഇവർ പെട്ടു.ഉസ്മാനി 1924 ലെ കാൺപൂർ ഗൂഢാലോചന കേസിൽ പിടിയിലായി.1929 ൽ അബ്ദുൽ മജീദിനൊപ്പം മീററ്റ് ഗൂഢാലോചന കേസിലും പ്രതിയായി.മുഹാജിറുകളായ മജീദിനും ഫിറോസുദിൻ മസൂദിനുമാണ്,ഇന്ത്യയിലെ ആദ്യകാല  കമ്മ്യൂണിസ്റ്റ് മുസഫർ അഹമ്മദ് ഓർമ്മക്കുറിപ്പുകൾ സമർപ്പിച്ചത്.

See https://hamletram.blogspot.com/2019/10/blog-post_25.html





No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...