Saturday 26 October 2019

അബനി മുക്കർജിയെ സ്റ്റാലിൻ കൊന്നു

മാപ്പിള ലഹളയെപ്പറ്റി ലെനിന് എഴുതി 

ലബാറിൽ 1921 ൽ നടന്ന മാപ്പിള ലഹളയെപ്പറ്റി ലെനിന് റിപ്പോർട്ട് കൊടുത്ത ഇന്ത്യക്കാരനെ സ്റ്റാലിൻ കൊന്നു.സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനം നടത്തിയിരുന്ന ഇന്ത്യക്കാരൻ ചാറ്റോ എന്ന വിരേന്ദ്രനാഥ് ചതോപാധ്യയെ മാത്രമല്ല സ്റ്റാലിൻ 1937 -38 ലെ ശുദ്ധീകരണത്തിൽ കൊന്നത്;അബനി മുക്കർജിയെയും കൊന്നു.താഷ്കെന്റിൽ 1920 ഒക്ടോബർ 17 ന് നിലവിൽ വന്ന പ്രവാസി കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗമായിരുന്നു,അബനിനാഥ് മുക്കർജി ( 1891 -1937 ).താഷ്കെന്റിൽ ഇന്ത്യൻ വിപ്ലവത്തിന് റഷ്യ തുടങ്ങിയ പട്ടാള സ്‌കൂൾ ചുമതല അദ്ദേഹത്തിനായിരുന്നു.ലെനിൻറെ കേട്ടെഴുത്തുകാരി ലിഡിയ ഫൊതിയേവയുടെ സഹായി റോസ ആയിരുന്നു,ഭാര്യ.

അബനിയാണ് മാപ്പിള ലഹളയെപ്പറ്റി ലെനിന് റിപ്പോർട്ട് കൊടുത്തത്.1922 മാർച്ച് ലക്കത്തിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'കമ്മ്യൂണിസ്റ്റ് റിവ്യൂ' ഇത് പ്രസിദ്ധീകരിച്ചു-The Moplah Rising.ഇത്,കോമിന്റേൺ ജർമൻ മാസിക Die Internationale 1921 ഡിസംബർ 15 ലക്കത്തിൽ നിന്ന് പരിഭാഷപ്പെടുത്തുകയായിരുന്നു.
അബനി മുക്കർജി 
ജബൽപുരിൽ ത്രൈലോക്യനാഥ് മുക്കർജിയുടെ മകനായ അബനി സ്‌കൂൾ പഠനം കഴിഞ്ഞ് അഹമ്മദാബാദിൽ നെയ്ത്തുകാരനായി.ബംഗ്ലാ ലക്ഷ്മി കോട്ടൺ മില്ലിൽ അസിസ്റ്റൻറ് വീവിംഗ് മാസ്റ്ററായി.1912 ൽ നെയ്ത്ത് പഠിക്കാൻ കമ്പനി ജപ്പാനിലും ജർമനിയിലും അയച്ചു.ജർമനിയിൽ കമ്മ്യൂണിസവുമായി പരിചയം വന്നെങ്കിലും കൊൽക്കത്തയിൽ തിരിച്ചെത്തി ആൻഡ്രൂ യൂൾ കോട്ടൺ കമ്പനിയിൽ ചേർന്നു.'ദേശേർ കഥ' എഴുതിയ സുഖ്‌റാം ഗണേഷ് ദ്യുസ്കറിൽ നിന്ന് വിപ്ലവ പ്രസ്ഥാനങ്ങളെപ്പറ്റി കേട്ടു.അദ്ദേഹം താമസിച്ചത് അബനിയുടെ വീട്ടിലായിരുന്നു.1912 -15 ൽ ആ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരുമായി ബന്ധപ്പെട്ടു.ഒന്നിലും ചേർന്നില്ല.വിപ്ലവകാരി ജതീന്ദ്രനാഥ് മുഖോപാധ്യായ ടോക്യോയിൽ ചെന്ന് റാഷ് ബിഹാരി ബോസിനെ കണ്ട് അടിയന്തര സന്ദേശം കൈമാറാൻ അബനിയോട് ആവശ്യപ്പെട്ടു.

കോമഗാഫമരു  കലാപം അലസി ബോസ് ജപ്പാനിലേക്ക് രക്ഷപ്പെട്ടിരുന്നു .1914 ൽ റാഷ് ബിഹാരി ബോസിനെ കണ്ട് അബനി വിപ്ലവ പ്രവർത്തകനായി;ബോസിനൊപ്പം ഷാങ്ഹായിൽ പോയ നേരത്ത് ജതീന്ദ്രനിൽ നിന്ന് വന്ന സന്ദേശത്തിന് മറുപടിയുമായി അബനിയെ മടക്കി.അടുത്ത വർഷം അബനി ആയുധ സംഭരണത്തിന് ജപ്പാനിൽ പോയി.ഹിന്ദു -ജർമൻ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ബ്രിട്ടീഷ് ഇൻറലിജൻസ് രേഖകളിലുണ്ട്.1914 -17 ൽ ജർമൻ സഹായത്തോടെ ആഗോള തലത്തിൽ ഇന്ത്യൻ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തെ കടപുഴക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ്,ഇത്.

ഇന്ത്യയ്ക്ക് മടങ്ങുമ്പോൾ സെപ്റ്റംബർ 15 ന് സിംഗപ്പൂരിൽ പിടിയിലായി.ബോസ് നൽകിയ 35 ഇന്ത്യക്കാരുടെ പേരുകൾ പൊലീസിന് കിട്ടി.ഫോർട്ട് കാനിംഗിൽ തടവിലിട്ടു.പൊലീസിന് അബനി പേരുകൾ നൽകിയത് അദ്ദേഹത്തെ എന്നും വേട്ടയാടി.ഇത് റോയിയും മുസഫർ അഹമ്മദും ഓർമ്മക്കുറിപ്പുകളിൽ അബനിക്കെതിരെ ശത്രുതയോടെ പ്രയോഗിച്ചു.*ബ്രിട്ടീഷ് ഇന്ത്യൻ പട്ടാള ഓഫിസർ എം ആർ കോത്തവാളയ്ക്ക് 1915 ഒക്ടോബർ 13 നും 1916 സെപ്റ്റംബർ സെപ്റ്റംബർ 17 നും അബനി നൽകിയ മൊഴി നാഷനൽ ആർക്കൈവ്സിലെ ആഭ്യന്തര വകുപ്പ് ഫയലിലുണ്ട്.ബോസ് നൽകിയ കോഡും സഹപ്രവർത്തകർക്ക് കൈമാറാൻ നൽകിയ സന്ദേശവും പൊലീസിന് നൽകിയത്,ബോസിനെയും സഹപ്രവർത്തകരെയും ഒറ്റിയതിന് സമമാണ് -ഫയൽ സത്യമാണെങ്കിൽ.പോലീസിനെ വഴി തെറ്റിക്കാൻ താൻ കള്ളം പറഞ്ഞതാണെന്ന് ബെർലിനിൽ ഡോ ഭുപേന്ദ്രനാഥ് ദത്തയോട് അബനി വിശദീകരിച്ചിരുന്നു.ഇത് വഴി കിട്ടിയ പരോൾ തടവ് ചാടാൻ ഉപയോഗിച്ചു.

1917 ശിശിരത്തിൽ അബനി തടവ് ചാടി ജാവയിലെത്തി സിംഗപ്പൂർ ബീച്ചിൽ നീന്തി ഒരു തോണിക്കാരൻറെ സഹായത്തോടെയാണ് രക്ഷപെട്ടത്.ഒറ്റിയതിനാൽ പൊലീസ് മോചിപ്പിച്ചു എന്നാണ് മുസഫർ അഹമ്മദിൻറെ വാദം.1919 അവസാനം വരെ അവിടെ കഴിഞ്ഞു.ഡച്ച് ഈസ്റ്റ് ഇൻഡീസ് ദ്വീപായിരുന്നു അത്.അബനി ഡച്ച്,ഇൻഡോനേഷ്യൻ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റായി,ഡോ  ഷഹീർ എന്ന പേരിൽ കഴിഞ്ഞു.ഒക്ടോബർ വിപ്ലവത്തിൻറെ അലകൾ ഒടുങ്ങിയിരുന്നില്ല .ആംസ്റ്റർഡാമിൽ പരിചയപ്പെട്ട ഡച്ച് മാർക്സിസ്റ്റ് സൈദ്ധാന്തികൻ എസ് ജെ ററ്റ്‌ഗേഴ്സ്,1920 ലെ കോമിന്റേൺ രണ്ടാം കോൺഗ്രസിൽ അബനിയെ പ്രതിനിധിയാക്കി.അവിടെ എം എൻ റോയിയെ കണ്ടു.റോയിയെ ഈ വരവ് അദ്‌ഭുതപ്പെടുത്തി.1919 ഒടുവിൽ ററ്റ്‌ഗേഴ്സിൽ നിന്ന് ശുപാർശയുമായി അബനി റോയിയെ ബന്ധപ്പെട്ടപ്പോൾ,കഥ അവിശ്വസനീയമെന്നു തോന്നി റോയ് നിരുത്സാഹപ്പെടുത്തിയിരുന്നു. റോയ് മെക്സിക്കോ പ്രതിനിധി ആയതിനാൽ ഏക ഇന്ത്യൻ പ്രതിനിധി ആയ അബനിയെ തടയാൻ കഴിഞ്ഞില്ല.തിരുമാൾ ആചാര്യ താഷ്കെന്റ് ഇന്ത്യൻ റവലൂഷനറി അസോസിയേഷൻ പ്രതിനിധിയായി.

റോയ്,ഭാര്യ എവ്‌ലിൻ എന്നിവർക്കൊപ്പം അബനി ഒരു രേഖ തയ്യാറാക്കി 'ഗ്ലാസ്‌ഗോ സോഷ്യലിസ്റ്റി'ൽ 1920 ജൂൺ നാലിന് പ്രസിദ്ധീകരിച്ചു.ഇതാണ് 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'.റോയിയും അബനിയും ബംഗാൾ അനുശീലൻ സമിതിയിൽ അംഗങ്ങൾ ആയിരുന്നു.
മുസഫർ അഹമ്മദ് 
പെട്രോഗ്രാഡിൽ 1920 ജൂലൈ 19 -ഓഗസ്റ്റ് കാലത്തായിരുന്നു രണ്ടാം കോൺഗ്രസ്.കോൺഗ്രസ് രേഖകളിൽ പാർട്ടി പറയാതെ 'ഇടത് സോഷ്യലിസ്റ്റ്'എന്നാണ് അബനിയെ പറഞ്ഞിരിക്കുന്നത്.അവിടെ ലെനിനെ കണ്ടു.കോൺഗ്രസിന് ശേഷം അസർബൈജാനിലെ ബക്കുവിൽ,കിഴക്കൻ കോളനികളുടെ കോൺഗ്രസിൽ തനിക്ക് പകരം അബനിയെ റോയ് നിർദേശിച്ചു.രണ്ടാം കോൺഗ്രസിന് ശേഷം കോമിന്റേൺ അഞ്ചംഗ ബ്യുറോ ഏഷ്യയിലെ കോളനി സ്വാതന്ത്ര്യത്തെ നയിക്കാൻ ഉണ്ടാക്കി.കിഴക്കൻ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ടവരുടെ കോൺഗ്രസ് ബക്കു ( അസർബൈജാൻ ) വിൽ വിളിക്കാനും കോമിന്റേൺ മധ്യ ഏഷ്യ ബ്യുറോ താഷ്കെന്റിൽ ( ഉസ്‌ബെക്കിസ്ഥാൻ ) തുറക്കാനും തീരുമാനിച്ചു.ലെനിൻറെ മേൽനോട്ടത്തിൽ ഈ ബ്യുറോ തുറക്കാനുള്ള ചുമതല ഗ്രിഗറി സിനോവീവ്,ഹംഗറി നേതാവ് ബേല കുൻ,കാൾ റാഡെക് എന്നിവർക്കായിരുന്നു.റോയ് ഈ ആശയത്തെ എതിർത്തെങ്കിലും വഴങ്ങേണ്ടി വന്നു.ഈ സാഹചര്യത്തിലാണ് ബക്കു കോൺഗ്രസിൽ റോയ് പങ്കെടുക്കാതെ .അബനിയെ  നിർദേശിച്ചത് .ഈ കോൺഗ്രസിനെ സിനോവീവ് സർക്കസ് എന്ന് റോയ് പുച്ഛിച്ചു.കോമിന്റേൺ എക്‌സിക്യൂട്ടീവിൽ അംഗത്വം കിട്ടാത്ത ചൊരുക്ക് റോയിക്കുണ്ടായിരുന്നു.ബക്കു കോൺഗ്രസ് 1920 സെപ്റ്റംബർ ഒന്നിന് നടന്നു.സിനോവീവ് അധ്യക്ഷനായി.32 ദേശീയതകളിൽ നിന്ന് 1891 പേർ പങ്കെടുത്തു.കോക്കസസിൽ നിന്നും സോവിയറ്റ് മേഖലകളിൽ നിന്നും ഉള്ളവരായിരുന്നു ഭൂരിപക്ഷം.14 ഇന്ത്യക്കാർ ഉണ്ടായിരുന്നു.കരിദ്,നസീർ സെഡക്കി എന്നീ ഇന്ത്യക്കാർ പ്രസീഡിയത്തിൽ ഉണ്ടായിരുന്നെന്ന് രേഖകളിൽ കാണുന്നു.14 ൽ ഒരാൾ ഒഴിച്ച് എല്ലാവരും മൂകരായിരുന്നു.47 അംഗ കമ്മിറ്റിയുണ്ടായി.ഒരു കൊല്ലം കഴിഞ്ഞ് ഇത് പിരിച്ചു വിട്ടു.

1920  ഒക്ടോബറിൽ താഷ്കെന്റിൽ ഇന്ത്യയിൽ നിന്നുള്ള മുഹാജിറുകൾക്ക് റഷ്യ പട്ടാള സ്‌കൂൾ തുറന്നു.അബനി മുക്കർജിക്കായിരുന്നു,ചുമതല.ബ്രിട്ടൻ പുറത്താക്കിയ തുർക്കി ഖലീഫയെ  തിരിച്ചെത്തിക്കാൻ വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട ഇവരെ വിപ്ലവകാരികൾ ആക്കുകയായിരുന്നു,ലക്ഷ്യം .200 അംഗ സംഘത്തിൽ വിദ്യാഭ്യാസത്തിന് തയ്യാറായവർ 26 പേർ മാത്രമാ1യിരുന്നു.ഇന്ത്യയ്ക്ക് ആയുധം കൊണ്ട് പോകാൻ അഫ്ഗാൻ സർക്കാർ അനുമതി നിഷേധിച്ചു.സോവിയറ്റ് യൂണിയൻ അവിടത്തെ അമാനുള്ള രാജാവിനെ യുദ്ധത്തിൽ സഹായിച്ചതിനാൽ ഇത് അപ്രതീക്ഷിതമായിരുന്നു.അമാനുള്ള ബ്രിട്ടനുമായി തർക്കം പറഞ്ഞു തീർത്തു.ബ്രിട്ടൻ റഷ്യക്കെതിരെ രാജാവിന് സാമ്പത്തിക സഹായവും നൽകി.
ററ്റ്‌ഗേഴ്സ് 
കൂനിന്മേൽ കുരു പോലെ,ഇന്ത്യൻ വിപ്ലവകാരികൾ അബ്ദുർ റബും തിരുമാൾ ആചാര്യയും താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുമെന്ന നില വന്നു.തുർക്കിയിലെ കോമിന്റേൺ ബ്യുറോ അവരെ സഹായിക്കാൻ എത്തി.എളുപ്പത്തിൽ നിരാശനാകാത്ത റോയ്,ഇരുവരുമായി സന്ധി ചെയ്തു.അങ്ങനെ 1920 ഒക്ടോബർ 17 ന് ഇന്ത്യൻ പ്രവാസ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായി.ഏഴംഗങ്ങൾ;മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി -റോയ്,റബ്,ആചാര്യ.ഇവരായിരുന്നു അംഗങ്ങൾ:റോയ്,എവ്‌ലിൻ റോയ്,റോസാ ഫിറ്റിൻഗോ,അബനി മുക്കർജി,മുഹമ്മദ് അലി,മുഹമ്മദ് ഷഫീഖ്,ആചാര്യ.ഷഫീഖ് സെക്രട്ടറി.റോയ് തുർക്കിസ്ഥാൻ ബ്യുറോ സെക്രട്ടറി,ആചാര്യ ചെയർമാൻ.അബനി മുക്കർജിയുടെ ഭാര്യ ആയിരുന്നു,റോസ.ലെനിൻറെ സെക്രട്ടറി ലിഡിയ ഫൊതിയേവയുടെ സഹായി ആയിരുന്നു റോസ .റഷ്യൻ ജൂത ആയ അവർ 1918 ൽ അവിടത്തെ പാർട്ടിയിൽ ചേർന്നു.1920 ൽ അബനിയെ കണ്ടുമുട്ടി.അവർ താഷ്‌കെന്റിൽ റോയിയുടെ ദ്വിഭാഷി ആയിരുന്നു.

അബനി 1921 ൽ മോസ്‌കോയിൽ മൂന്നാം കോൺഗ്രസിൽ പങ്കെടുത്തപ്പോൾ ഇന്ത്യൻ വിപ്ലവകാരികളുടെ യോഗത്തിലും പങ്കെടുത്തു.ഈ സമയത്താണ് മാപ്പിള ലഹള റിപ്പോർട്ട് കൊടുത്തത്.1921 നവംബർ 14 ന് ഇതിനെ ആധാരമാക്കി ലെനിൻ,ബുഖാറിന് കുറിപ്പ് നൽകി.
ലെനിൻ മാപ്പിള ലഹള ശ്രദ്ധിച്ച കാര്യം കേരള പാർട്ടിക്കും അറിയാം.2014 ജനുവരി -മാർച്ച് ലക്കം The Marxist ൽ പിണറായി വിജയൻ Muslims of Malabar and the Left എന്ന ലേഖനത്തിൽ പറയുന്നു:

The rebellion caught the attention of Lenin. Lenin had recorded the importance of Hindu-Muslim unity that developed during that period. In the background of Malabar Rebellion, Lenin had instructed Abani Mukherji, an Indian Communist of that period to prepare a pamphlet after collecting all available facts regarding the agrarian issue in India and peasant struggles. Abani Mukherji who was also an economist prepared the pamphlet and published it in Russian and English from Moscow. It was a Russian named Kutowski who first conducted research on ‘Malabar Rebellion’ and received a doctorate.

ഇതിൽ പറയും പോലെ,അബനി ധന ശാസ്ത്രജ്ഞൻ അല്ല.ടെക്സ്റ്റൈൽ ടെക്‌നോളജിയായിരുന്നു അദ്ദേഹത്തിൻറെ വിഷയം.

അടുത്ത കൊല്ലം റോയിയും അബനിയും ചേർന്ന് 1857 ലെ വിപ്ലവം വിശകലനം ചെയ്ത് India in Transition എഴുതി.ഈ വിപ്ലവം ഇന്ത്യയിൽ ഫ്യുഡലിസം ഇല്ലായ്മ ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഇതിലെ വാദം.ആ വിപ്ലവം അതിന് വേണ്ടി ആയിരുന്നില്ലല്ലോ!

1922 ഡിസംബറിൽ അനധികൃതമായി ഇന്ത്യയിലെത്തിയ അബനിയെ ധാക്കയിൽ അനുശീലൻ സമിതി താമസിപ്പിച്ചു.ക്ഷാമ ബാധിതമായ റഷ്യയ്ക്ക് സഹായം തേടി ഭുപേന്ദ്രനാഥ് ദത്തയും മൗലവി ബർകത്തുള്ളയും ഒപ്പിട്ട നിവേദനവുമായി ആയിരുന്നു യാത്ര.കമ്മ്യൂണിസ്റ്റ് പാർട്ടി മൂന്നാം കോൺഗ്രസിൻറെ ഡെലിഗേറ്റ് കാർഡും കൈയിലുണ്ടായിരുന്നു.കോൺഗ്രസ് ഗയ സമ്മേളനത്തിൽ എസ് എ ഡാംഗെയെ കണ്ടു.മദ്രാസിൽ ശിങ്കാരവേലു ചെട്ടിയാരെയും ഡോ മണി ലാലിനെയും കണ്ടു.ചെട്ടിയാരെ ഹിന്ദുസ്ഥാൻ കിസാൻ ആൻഡ് ലേബർ പാർട്ടി ഉണ്ടാക്കാനും അതിന് മാനിഫെസ്റ്റോ തയ്യറാക്കാനും സഹായിച്ചു.1924 വരെ ഇവിടെ കഴിഞ്ഞു.ബ്രിട്ടീഷ് പൊലീസ് നീക്കങ്ങൾ ശ്രദ്ധിച്ചു.കെണിയിലാക്കാൻ കാരണം കിട്ടിയില്ല.
ബെർലിൻ കമ്മിറ്റി പറഞ്ഞിട്ട്,കോമിന്റേൺ അറിവില്ലാതെയാണ് അബനി ഇന്ത്യയ്ക്ക് പോയത് എന്നതിനാൽ അബനി ഇന്ത്യയിൽ എത്തുമ്പോൾ അദ്ദേഹത്തെ താഴ്ത്തിക്കെട്ടി ഒരു സർക്കുലർ കോമിന്റേണിനെ കൊണ്ട് ഇവിടത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് റോയ് അയപ്പിച്ചിരുന്നു.അങ്ങനെ ഇരുവരും ബന്ധം വിച്ഛേദിച്ചു.ഇതായിരുന്നു മാരകമായ ആ സർക്കുലർ:

Mukherji 
has no connection with Cl whatsoever. . . we have absolutely no confi- 
dence in him. . . We refute his insinuations against Comrade Roy. . . 
(who) is the only person authorised "by Cl 'to do Indian work. ..ECCI 
IS now investigating the activities of Mukherji. .. We ask you so send 
all information you have in the matter.
1922 ഒക്ടോബർ 2 തീയതി വച്ച് തപാലിൽ അയച്ച സർക്കുലർ പൊലീസ് പിടിച്ച് കാൺപൂർ ഗൂഢാലോചന കേസിൽ ( Exhibit 45 A ) ഹാജരാക്കി.അബനി ഇന്ത്യയ്ക്ക് പുറപ്പെടും മുൻപേ അയച്ചു എന്നർത്ഥം.റോയിയുടെ ബംഗാളിലെ സുഹൃത്തുക്കൾ എല്ലാവരും,മുസഫർ അഹമ്മദ് ഉൾപ്പെടെ,വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന്,ഇന്ത്യയിൽ നിന്ന് അബനി കോമിന്റേൺ പ്രസിഡൻറ് സിനോവീവിന് എഴുതി.അബനിയുടെ കൈപ്പടയിൽ എഴുതിയ കത്ത് ടൈപ്പ് ചെയ്യും മുൻപ് മുസഫറിൻറെ കൈയിലെത്തി.ഇത് മുസഫർ,റോയിക്ക് അയച്ചു.ഈ കത്തും കാൺപൂർ ഗൂഢാലോചന കേസിൽ പൊലീസ് ഹാജരാക്കി. റഷ്യയ്ക്ക് മടങ്ങിയ അബനി റോയിയെ വിളിച്ചെങ്കിലും കാണാൻ വിസമ്മതിച്ചു.അബനിയെ കോമിന്റേൺ പുറത്താക്കി എന്ന് മുസഫർ എഴുതിയത് ശരിയല്ല.കോമിന്റേൺ അന്വേഷണം അദ്ദേഹത്തെ മുക്തനാക്കി.അബനി അക്കാദമിക് രംഗത്തു ശ്രദ്ധിച്ചു.അക്കാദമി ഓഫ് സയൻസസിലെ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ  ഇൻഡോളജിസ്റ്റ് ആയി.ലെനിൻറെ ജീവചരിത്രം എഴുതി;White Terror in India,Rural India എഴുതി.കോമിന്റേൺ അഞ്ചും ആറും കോൺഗ്രസുകളിൽ പ്രതിനിധി ആയില്ല.ഇത് പോലെ അക്കാദമിക രംഗത്തായിരുന്ന വിരേന്ദ്രനാഥ് ചതോപാധ്യായയും അബനിയും ഒന്നിച്ചു നീങ്ങിയിരിക്കാം.1937 ജൂൺ രണ്ടിന് അബനിയെ അറസ്റ്റ് ചെയ്ത് ഒക്ടോബർ 28 ന് വെടിവച്ചു കൊന്നു.1956 ൽ സ്റ്റാലിനെ പാർട്ടി നിരാകരിച്ച ശേഷമേ വിവരം പുറത്തു വന്നുള്ളൂ.സെപ്റ്റംബർ രണ്ടിനാണ് വിരേന്ദ്രനെ കൊന്നത്.

അബനിക്ക് രണ്ടു കുട്ടികൾ -മകൻ ഗോറ 1942 ൽ അധിനിവേശ ജർമൻ സേനക്കെതിരെ സ്റ്റാലിൻഗ്രാഡ് പോരാട്ടത്തിൽ കൊല്ലപ്പെട്ടു.മകൾ മായ.1967 ഏപ്രിലിൽ റോസ മകൾക്കൊപ്പം ലെനിൻഗ്രാഡിൽ താമസിക്കുന്നതായി ഏപ്രിൽ അഞ്ചിന് മോസ്കോ 'ന്യൂ ടൈംസ്'റിപ്പോർട്ട് ചെയ്തിരുന്നു 
സുഭാഷ് ചന്ദ്ര ബോസിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് അബനിയുടെയും മകൻ ഗോറയുടെയും പേരുകൾ ഇന്ത്യയിൽ പൊന്തി വന്നിരുന്നു.1965 ൽ വിദേശ വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന ഡോ സത്യനാരായൺ സിൻഹ എഴുതിയ Netaji Mystery എന്ന പുസ്തകത്തിൽ,ബോസ് സൈബീരിയയിൽ യാകൂട്സ്ക് തടവറയിൽ കഴിഞ്ഞെന്നും സ്റ്റാലിൻ 1953 നടുത്ത് കൊന്നെന്നും  പറഞ്ഞിരുന്നു.സുഭാഷ് തടവറ 45 ലും അബനി 57 ലും കഴിഞ്ഞെന്നും വിവരം 1960 ൽ മോസ്‌കോയിൽ അബനിയുടെ മകൻ 'ഗോഗ' തന്നോട് പറഞ്ഞതാണെന്നും 1970 ൽ സിൻഹ ഖോസ്‌ല കമ്മീഷനും മൊഴി നൽകി.അത് അസംബന്ധമായിരുന്നു -ഗോറ 1942 ൽ കൊല്ലപ്പെട്ടതാണ്;ഗോറയാണ്;ഗോഗ അല്ല.അബനി 1937 ൽ കൊല്ലപ്പെട്ടിരുന്നു.

നെഹ്‌റു പറഞ്ഞിട്ട് കൊന്നു എന്നായിരുന്നു വാദം.സ്റ്റാലിന് നെഹ്‌റുവിനെ ഇഷ്ടമായിരുന്നില്ല.1947 ൽ മോസ്‌കോയിൽ സ്ഥാനപതിയായി പോയ വിജയലക്ഷ്മി പണ്ഡിറ്റിനെ കാണാൻ തന്നെ സ്റ്റാലിൻ കൂട്ടാക്കിയില്ല.
എന്നാൽ,ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ബെൻ ബ്രാഡ്‌ലി 1936 ൽ അബനിക്ക് ഒരു കത്ത് എഴുതിയിരുന്നതായി സെൻറ് പീറ്റേഴ്‌സ്ബർഗ് സർവകലാശാലാ പ്രൊഫസർ പുരബി റോയ് രേഖപ്പെടുത്തിയിട്ടുണ്ട്.**ഇന്ത്യയിലേക്ക് മടങ്ങാൻ ബോസിനെ അനുവദിക്കരുതെന്നായിരുന്നു കത്തിലെ ആവശ്യം.ഇതോടൊപ്പമുണ്ടായിരുന്ന എട്ടു പേജ് റിപ്പോർട്ട് കാണാതായി.1945 ൽ തായ്‌വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി വാർത്ത പരന്ന ശേഷം ബോസ് റഷ്യയിൽ ഉണ്ടായിരുന്നതിന് തെളിവുണ്ട് എന്നാണ് റോയിയുടെ പക്ഷം;ബോസ് അവിടെയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലിയെ നെഹ്‌റു അറിയിക്കുന്ന കത്ത് താൻ കേട്ടെഴുതിയതായി നെഹ്രുവിന്റെ സ്റ്റെനോ ശാം ലാൽ ജെയിൻ ഖോസ്‌ല കമ്മീഷന് മൊഴി നൽകിയിരുന്നു.
_______________________________

*Muzaffar Ahmed/ The Communist Party of India and Its Formation Abroad;M N Roy / Memoirs 
**Indo -Russia Relation from 1929 -1947 Vol 2 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...