Friday 4 October 2019

എങ്ങുമെത്താതെ ആ മനുഷ്യൻ,ദാവീദ്

പ്രളയകാലത്തെ മൺവണ്ടി 15 

ഗ്രീക്കുകാരൻറെ ജീവിതം,ഈ ലോകത്തിൽ മാത്രമാണ്.അവന് മനോരാജ്യം കാണാൻ താൽപര്യമില്ല.അവൻറെ കവിത പോലും പ്രയോഗികമാണ്.
-സ്വാമി വിവേകാനന്ദൻ 

ബൈബിൾ പഴയ നിയമത്തിലെ ശമുവേലിന്റെ പുസ്തകത്തിലാണ്,സി ജെ തോമസിൻറെ 'ആ മനുഷ്യൻ നീ തന്നെ' എന്ന നാടകത്തിന് ആധാരമായ ദാവീദിൻറെ കഥയുള്ളത്.ദാവീദ്,ഇസ്രായേലിൻറെ രാജത്വത്തിൽ നിന്ന് കർത്താവ് പുറന്തള്ളിയ ശൗലുമായി നടത്തുന്ന പോരാട്ടങ്ങളും ഫെലിസ്ത്യരും ആയുള്ള സമരവും സ്വന്തം കുടുംബ സംഘർഷവും ആണ് പശ്ചാത്തലം.അധികാരത്തിൻറെയും  പാപത്തിൻറെയും മലവെള്ളപ്പാച്ചിലിൽ തകർന്നടിയുന്ന ദാവീദിനെയാണ് നാം കാണുന്നത്.കുടുംബ സംഘർഷത്തിലാണ്,നാടകത്തിൻറെ ഊന്നൽ.

പഴയനിയമത്തിലെ ദാവീദ്,ദൈവഹിതം അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു.രാജാവായ ശൗലിന് നേരെ ദാവീദ് ഒരിക്കലും കൈ ഉയർത്തിയില്ല.അധാർമിക പ്രവൃത്തികളെ എപ്പോഴും എതിർത്തു.പക്ഷെ,ബത്‌ശേബയെ കാണുന്നിടം മുതൽ അയാളുടെ ജീവിതം പാളുന്നു.അമ്മോന്യർക്ക് മേൽ ദാവീദ് വിജയം നേടുകയും ബത്ശേബയെ കാണുകയും ചെയ്യുന്നിടത്ത് നാടകം ആരംഭിക്കുന്നു.
നാടകം ഒരു മനുഷ്യൻറെയുള്ളിലെ രാഷ്ട്രീയാധികാരിയും കവിയും തമ്മിലുള്ള സംഘർഷത്തിൻറെ കഥയാണ്;സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി'യും അങ്ങനെ തന്നെ.അതിൽ രാവണൻ രചിച്ച ശിവസ്തോത്രം പോലുമുണ്ട്.
സി ജെ തോമസ് 
ദാവീദിൻറെ ഈ സംഘർഷം പഴയ നിയമത്തിൽ ഇല്ല.സൈനികൻ ഊറിയാവിന്റെ ഭാര്യ ബത്‌ശേബയെ  ദാവീദ് പ്രാപിക്കുന്നത്,രണ്ടു വാചകങ്ങൾ മാത്രമുള്ള ദ്രുത സ്ഖലന സാഹിത്യമാണ്,അതിൽ ( 2 ശമുവേൽ 11 ).അമ്മോന്യരിൽ നിന്ന് റബ്ബ പിടിച്ച് യരൂശലേമിൽ തന്നെ നിന്ന ദാവീദ് കൊട്ടാരത്തിന് മുകളിൽ നിന്നാണ്,ബെത്ശേബ കുളിക്കുന്നത് കണ്ടത്.ശതാധിപൻ ഊറിയാവിൻറെ ഭാര്യയായ അവളെ വരുത്തി അയാൾ പ്രാപിച്ചു.ഇതിൽ പ്രണയം ഇല്ല.അവൾ ഗർഭിണിയായപ്പോൾ,അത് ഊറിയാവിൻറെ തലയിൽ കെട്ടിവയ്ക്കാൻ,അയാളോട് യുദ്ധം വിട്ട് വീട്ടിലേക്ക് പോകാൻ ദാവീദ് കൽപിച്ചു.അയാൾ വീട്ടിൽ പോകാതെ സൈനികർക്കൊപ്പം നിന്നു.ദാവീദ് അയാളെ മുന്നണിയിൽ അയച്ച് കൊന്നു.ബെത്ശേബ വിലപിച്ചു.അവൾ ദാവീദിൻറെ ഭാര്യയായി ഒരു കുഞ്ഞിനെ പ്രസവിച്ചു.ഇത്രയുമാണ് പഴയ നിയമ കഥ.

കിരീടം തലയിൽ കയറിയപ്പോൾ ഓടക്കുഴലും പാട്ടും നഷ്ടപ്പെട്ടു ശൂന്യ ഹൃദയനായ ഭരണാധികാരിയെ പുത്തൻ പ്രണയം വീണ്ടും കവിയാക്കി മാറ്റുന്ന പരിവർത്തനമാണ്,സി ജെ വരയ്ക്കുന്നത്.അവിടെ സി ജെ യുടെ പ്രതിഭ പ്രജാപതി ആകുന്നു.നാടകത്തിൻറെ ഒന്നാം അങ്കത്തിലെ നാലാം രംഗത്തിൽ വിശേഷിച്ചും.

തന്നെ ഗായകനായി കാണുന്നതാണ് സന്തോഷം എന്ന് ദാവീദ് ബത്ശേബയോട് പറയുന്നു.നാടകം തുടങ്ങുന്നത്,കണ്ണുള്ളത് തുറക്കാൻ മാത്രമല്ല,അടയ്ക്കാൻ കൂടിയാണ് എന്ന് ദാവീദിനെക്കൊണ്ട് പറയിച്ചാണ്.പ്രണയ വിവശയായ ബത്ശേബ അതിന് നാലാം രംഗത്തിൽ മറുപടി നൽകുന്നു.കണ്ണ് തുറന്നാൽ കാണുന്നത് പേടിപ്പിക്കുന്നതാണെങ്കിൽ,കണ്ണടയ്ക്കുകയാണ് ഉചിതം. 
സർവൈശ്വര്യങ്ങളുമുള്ള താൻ സ്നേഹം അറിയാത്ത ഏകാകിയാണെന്ന് ദാവീദ് കുമ്പസാരിക്കുന്നു.ആദ്യം കിട്ടിയ രണ്ടു പെണ്ണുങ്ങൾ സ്വസ്ഥതയില്ലാത്ത സന്തതികളെ നൽകി.ആ അസ്വസ്ഥത ആദ്യമൊക്കെ ശത്രു രക്തത്തിൽ മുക്കി കൊന്നു.എത്രകാലം കശാപ്പ് കൊണ്ട് ആത്മശക്തി നേടും?പ്രേമം ഒരുവനെ ചെറുതാക്കുകയാണെങ്കിൽ,താൻ ഒരു മണൽത്തരിയോളം ആയിക്കൊള്ളട്ടെ.

തൻറെ ജീവിതം ഒരു പാഴ്‌ചെലവായിരുന്നോ എന്ന് 'ലങ്കാലക്ഷ്മി'യിൽ രാവണൻ ആകുലപ്പെടുന്നതിനോട് ചേരും പടി,ദാവീദ് പറയുന്നു:

''ശമുവേൽ പ്രവാചകൻ പറഞ്ഞു,എനിക്ക് വേണ്ടിയല്ല ഞാൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടതെന്ന്.അന്ന് ഞാൻ അതിൻറെ അർഥം മുഴുവൻ മനസ്സിലാക്കിയില്ല.ഒളിച്ചു നടക്കുക,ബഹുമാനിക്കുന്ന രാജാവിന് എതിരായി ലഹളയ്ക്ക് പുറപ്പെടുക,ആത്മ സുഹൃത്തിൻറെ കിരീടം പിടിച്ചു പറിക്കുക -ഇതൊന്നും സന്തോഷകരമായ ചുമതലയല്ല.നിരന്തരമായ സമരം.,.മുഖസ്തുതിക്കാരായ അന്തേവാസികൾ,ദുഷ്ടന്മാരായ സേവകർ,ബത്ശേബാ,കിരീടം ഒരു ആനന്ദമല്ല ".

തൻറെ ഗാനം നിന്ന് പോയി,ജീവിതം ഉണങ്ങിപ്പോയി,താനിന്നൊരു മരുഭുമിയാണ്.തനിക്ക് ഒരു ജീവിത സഖി വേണം.

ഇന്ന്,മനുഷ്യൻറെ സ്വാധീനത്തിലുണ്ടെന്ന് ദാവീദ് പറയുമ്പോൾ,ബത്‌ശേബ ചോദിക്കുന്നു:"ഇന്ന് നമ്മുടെ സ്വാധീനത്തിൽ ഉണ്ടോ ?"

ദാവീദ് പറയുന്നു:
"അതെ എന്നാണെൻറെ വിശ്വാസം.അത് അവിഹിതമായിരിക്കാം.എങ്കിലും ഒരു കവിക്ക് അങ്ങനെയല്ലാതെ ചിന്തിക്കാൻ വയ്യ.അയാൾ അല്പനേരത്തേക്ക് സർവ്വാധികാരിയാണ്,സർവ്വാന്തര്യാമിയാണ്,അന്ധനാണ്,മഹിമയുടെ മൂർത്തീകരണമാണ്,ദൈവമാണ്,അവൻറെ പ്രതിഭയുടെ പ്രഭാകാലത്തിൽ.അവൻ ഇടവിട്ടേ ജീവിക്കുന്നുള്ളു.മിന്നിപ്പൊലിയുന്ന ഉൽക്കകളെപ്പോലെ,ഒരു പ്രകാശ പ്രഹരത്തിനും അടുത്തത്തിനുമിടയ്ക്ക് ഒരു അന്ധകാര ശൂന്യതയുണ്ടായിരിക്കും ".

സി ജെ നടത്തിയ 'കല കലയ്ക്കു വേണ്ടി' എന്ന നിലപാടുമായുള്ള സമരത്തിൻറെ ഫലശ്രുതിയായി ഇതിനെ ചുരുക്കേണ്ടതില്ല;ഇത് അപൂർവ പ്രതിഭകൾക്ക് വെളിപാടുകൾ ഉണ്ടാകുന്ന സവിശേഷ സർഗാത്മക മുഹൂർത്തമാണ്.

ഇവിടെ നിന്ന് രണ്ടാം രംഗത്തേക്ക് ഒരു ഫ്ലാഷ് ബാക്ക് വേണം.അവിടെ രണ്ടും ഒന്നിച്ചായിക്കൂടേ  ( ഓടക്കുഴലും യുദ്ധത്തിനുള്ള കവിണയും) എന്ന് ഭർത്താവായ ഊറിയാവിനോട് ബെത്ശേബ ചോദിക്കുന്നു.ഊറിയ ദൂരെ ദാവീദിൻറെ കൊട്ടാരം ചൂണ്ടി പറയുന്നത്,അത് അവിടെ ഒരാൾക്കേ കഴിയൂ എന്നാണ്.

ഓടക്കുഴൽ പ്രസിദ്ധമാണ് എന്ന് ബത്‌ശേബ;കവിണയാണ് പ്രസിദ്ധം എന്ന് ഊറിയ.

ബത്ശേബ പറയുന്നു:
"അദ്ദേഹം ആരെയും കൊല്ലുന്നതിന് മുൻപാണ് പ്രവാചകൻ അദ്ദേഹത്തെ അഭിഷേകം ചെയ്‌തത്‌.വെറും ഒരിടയച്ചെറുക്കൻ.അന്ന്,ഓടക്കുഴൽ മാത്രമേ ഉണ്ടായിരുന്നുള്ളു".
സാഹിത്യ ശിക്ഷണം ഉള്ളവർക്കറിയാം,രചനയുടെ ആത്മാവിലേക്ക് ഇറങ്ങുന്ന താക്കോൽ വാക്കുകൾ ( key words ) പാഠത്തിൽ ഉണ്ടാകും.ഈ നാടകത്തിലെ താക്കോൽ വാക്കുകളാണ്,ഓടക്കുഴലും കവിണയും.കവിണ കൊണ്ടാണ്,ദാവീദ്, ഗോലിയാത്തിനെ കൊന്നത്.അന്ന് മാറാപ്പിൽ കവിണ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇനി,ഒന്നാം രംഗത്തേക്ക് ഫ്ലാഷ് ബാക്ക്.
ദാവീദ്,ഊറിയാവിനോട് പറയുന്നു:
"ഒരോടക്കുഴലും അപ്പൻറെ ആടുകളും ...ആ പുൽമേടുകൾ സ്വർഗം തന്നെ ആയിരുന്നു.അന്ന് ഞാൻ ചാടിപ്പോയി.യഹോവ എൻറെ ഇടയനാകുന്നു.എനിക്ക് മുട്ടുണ്ടാകയില്ല.പച്ചയായ പുൽപ്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു.സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക്...സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ ഇന്നെന്തു തന്നെ കൊടുക്കയില്ല?ആ പുല്ലാങ്കുഴലിന് വേണ്ടി ഈ ചെങ്കോൽ ..."

എന്തെങ്കിലും സംശയം ശേഷിക്കുന്നുവെങ്കിൽ,നാലാം രംഗത്തിൽ,ദാവീദ്:
"ബത്‌ശേബ,ഞാൻ ഒരേകാന്തനാണ്.ഒരു ജനക്കൂട്ടത്തിൻറെ മധ്യത്തിലെ ഏകാകി.എൻറെ അന്തപ്പുരത്തെ ആയിരിക്കും നീ ഉദ്ദേശിക്കുന്നത്.ഒരുപറ്റം ദുരാഗ്രഹികളായ പെണ്ണുങ്ങൾക്ക് ഒരു ഹൃദയം എങ്ങനെ പങ്കിട്ടു കൊടുക്കും?അത് പ്രേമമല്ല,വെറും നാടകം.ഞാൻ അതു കണ്ടു മുഷിഞ്ഞു.എല്ലാറ്റിനും പിന്നിൽ ഞാൻ ഒരു കവിയാണ്."

പ്രണയത്തിന് മുന്നിൽ,ബത്‌ശേബയ്ക്ക് മുന്നിൽ,ഉണങ്ങിപ്പോയ കവി ഉണരുകയാണ്.കാരണം,കനാൻ നാട്ടിൽ കുന്നുകൾ അനവധിയുണ്ട്;ഹെർമോൻ ഒന്ന് മാത്രമേയുള്ളൂ .

രണ്ടാം അങ്കത്തിലെ രണ്ടാം രംഗത്തിൽ ബത്ശേബ പറയുന്നു:
"അങ്ങയുടെ ഗാനങ്ങൾ എൻറെ ഹൃദയത്തുടിപ്പുകളാണ്.അവയില്ലാതെ എനിക്കൊരു നിമിഷം കഴിയാൻ ഒക്കുകയില്ല".

അപ്പോൾ ദാവീദ് അപേക്ഷിക്കുന്നു:
"കനാൻ നാടിൻറെ കിരീടമാണ് ഞാൻ അടിയറ വയ്ക്കുന്നത്.നിനക്കറിയാം ഒരു രക്തപ്പുഴയിൽ കൂടി നീന്തി സമ്പാദിച്ചതാണ് അതെന്ന്.അതിനെ തട്ടി എറിയരുത്."

ശത്രുവിൻറെ കോട്ട ആക്രമിക്കാൻ ഊറിയാവിനെ മുന്നിൽ നിർത്തി ദാവീദ് അവൻറെ മരണം ഉറപ്പ് വരുത്തുന്നത്,ഒരു പ്രണയം ജയിക്കാനാണ്.അത് കവിയുടെയും കാമുകൻറെയും യുദ്ധമാണ്.അത് കഴിഞ്ഞ് അയാൾ ബത്‌ശേബയോട് പറയുന്നു:
"മരണത്തെ മറക്കൂ;ജീവിതമാണ് നാളെയുള്ളത്".

ദാവീദിൻറെ മൂത്ത മകൻ അബ്‌ശാലോം കൊട്ടാരം വളഞ്ഞപ്പോഴാണ്,നാഥാൻ പ്രവാചകൻ ദൃഷ്ടാന്ത കഥയുമായി എത്തുന്നത്.ധനവാന് നിരവധി ആടുകൾ ഉണ്ടായിട്ടും,അയാൾ ഒരു വഴിയാത്രക്കാരനായി അയലത്തെ ദരിദ്രനുണ്ടായിരുന്ന ഏക പെൺ കുഞ്ഞാടിനെ കൊന്നു.ആ ധനവാനെപ്പോലെയാണ്,ഊറിയാവിൻറെ ഭാര്യയെ തട്ടിയെടുത്ത് ഊറിയാവിനെ കൊന്ന ദാവീദ്.അത്,യഹോവയുടെ കൽപനയുടെ ലംഘനമായിരുന്നു.
ആ പാപം ചെയ്തവനാര് എന്ന ദാവീദിൻറെ ചോദ്യത്തിന് ഉത്തരമാണ്,ആ മനുഷ്യൻ നീ തന്നെ !

ആ പാപം,ബത്ശേബയുടെ കുഞ്ഞ്  മരിക്കുന്നതോടെ തീർന്നുവെന്ന് ദാവീദ് കരുതുന്നിടത്ത് നാടകം തീരുന്നു.അതോടെ സി ജെ കെട്ടിപ്പൊക്കി കൊണ്ട് വന്ന ഓടക്കുഴലിൻറെയും കവിണയുടെയും സങ്കൽപം വഴിയാധാരമാകുന്നു.പഴയ നിയമത്തിൽ,ബത്ശേബയ്ക്ക് പിന്നെ സോളമൻ ഉണ്ടാവുകയും കഥ മുന്നോട്ട് പോവുകയും ചെയ്യുന്നു.ആ ഭാഗം ഇവിടെ പ്രസക്തമല്ല.കവിയും ഭരണാധികാരിയും തമ്മിലുള്ള സംഘർഷത്തിൻറെ കഥയിൽ ഊളിയിടുന്നതിന് പകരം,പ്രവാചകൻറെ മുഴക്കമുള്ള ആ മനുഷ്യൻ നീ തന്നെ ! എന്ന വചനത്തിൽ തട്ടി വിമ്മിഷ്ടപ്പെടുകയാണ്,നാടക കൃത്ത്.ഈ വചനമാകട്ടെ,സി ജെ പരിഭാഷപ്പെടുത്തിയ സോഫോക്ലിസിൻറെ 'ഈഡിപ്പസി'ൽ ഉള്ളതുമാണ്;തീബ്സിലെ രാജാവായ ഈഡിപ്പസ് പിതാവിനെ കൊന്ന് അമ്മയെ പരിണയിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നു. അത് ആകസ്മികമായി സംഭവിച്ചു. അപ്പോൾ അന്ധനായ പ്രവാചകൻ തൈറേഷ്യസ് ,ഈഡിപ്പസിനോട് പറഞ്ഞു:
Thou art the man,
Thou the accursed polluter of this land.
(ആ മനുഷ്യൻ നീ തന്നെ;ഈ രാജ്യത്തെ മലിനമാക്കുന്ന പാപി ).

ഈഡിപ്പസിലെ തീക്ഷ്‌ണമായ ഈ വചനത്തിൽ മനസ്സ് ഉടക്കിയതിനാൽ ആകാം നാടകം ഒടുവിൽ പാളിയത്.അതുവരെ നാടകം സംഗീതം നിറഞ്ഞതായിരുന്നു.കിന്നരങ്ങൾ നിറഞ്ഞതായിരുന്നു.ബൈബിളിൽ നിന്ന് വഴിമാറിയ കഥ,ബൈബിളിലേക്ക് തിരിച്ചു നടന്ന് തട്ടിത്തടഞ്ഞു നിൽക്കുമ്പോൾ,ദാവീദിൻറെ സംഘർഷമാണോ,നാടക കൃത്തിൻറെ വിശ്വാസ സംഘർഷമാണോ വഴി മുട്ടിയത് എന്ന് വ്യക്തമല്ല.ഈ കവലയിൽ ദിശാ സൂചികകൾ ഒന്നും കാണുന്നില്ല.പഴയ കഥയിൽ,ശൗലിൻറെ ഭ്രാന്ത് പോലും ശമിപ്പിച്ചിരുന്ന ദാവീദിൻറെ കിന്നരം,കർത്താവേ,ഈ നാടകത്തിൽ എവിടെപ്പോയി ?

ഈ നാടകത്തെ,സി ജെ യുടെ  നാടക സങ്കൽപ്പത്തിലെ തന്നെ,സംഘർഷത്തിൻറെ പരിണതി ആയാണ് കാണേണ്ടത്.ഒരു ഗംഭീര ജീവിത ദുരന്തമാണ്,ഗ്രീക്ക് നാടകം.സംഘർഷങ്ങൾ ഏറ്റുമുട്ടി,ഒരുവന്റെയുള്ളിലെ സ്വർഗീയതയിൽ വിശ്രാന്തി തേടുന്നതാണ്,ഭാരതീയ നാടകം.സി ജെ യുടെ ആദ്യ രണ്ടു നാടകങ്ങൾ,അവൻ വീണ്ടും വരുന്നു,1128 ൽ ക്രൈം 27 എന്നിവ ദുരന്ത നാടകങ്ങൾ അല്ല.ഒരു ദുരന്ത നാടകം കെട്ടിപ്പൊക്കാൻ നടന്ന ശ്രമം ആയിരുന്നു,ആ മനുഷ്യൻ നീ തന്നെ ! വീരനായ ദാവീദിൻറെ ജീവിതത്തിൽ പ്രണയവും കൊലയും നിറയ്ക്കുന്ന പാപ ബോധം വരെ നാടകം എത്തുന്നു.ദുരന്ത കൊടുമുടികൾ താണ്ടാതെ നാടകം സ്‌തംഭിക്കുന്നു.

പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്‌കൃതികളുടെ സംഘർഷം,യേശുവിനെപ്പറ്റി സ്വാമി വിവേകാനന്ദൻ ചെയ്‌ത ഒരു പ്രഭാഷണത്തിൽ ഇങ്ങനെ വ്യക്തമാക്കി:

"നസ്രേത്തിലെ മഹാപുരുഷനെക്കുറിച്ചുള്ള എൻറെ അഭിപ്രായം,പൗരസ്ത്യരുടെ വീക്ഷണ കോണിൽ നിന്നായിരിക്കും.നസറായക്കാരൻ തനി പൗരസ്ത്യൻ ആയിരുന്നു എന്ന വസ്‌തുത നിങ്ങൾ പലപ്പോഴും മറക്കുന്നു.നീലക്കണ്ണും മഞ്ഞ മുടിയുമായി അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള നിങ്ങളുടെ പ്രയത്നങ്ങൾ ഒക്കെ കഴിഞ്ഞിട്ടും,നസറായക്കാരൻ പൗരസ്ത്യനായി തന്നെ നിൽക്കുന്നു.ബൈബിൾ എഴുതാൻ ഉപയോഗിച്ച ഉപമാലങ്കാരങ്ങൾ,കാഴ്ചകൾ,ഇടങ്ങൾ,ഭാവങ്ങൾ,കൂട്ടങ്ങൾ,കവിത,പ്രതീകങ്ങൾ എല്ലാം കിഴക്കൻ ദേശത്തെ പ്രഖ്യാപിക്കുന്നു.വിളങ്ങുന്ന ആകാശം,ചൂട്,സൂര്യൻ,മണൽക്കാട്,ദാഹിച്ചു വലഞ്ഞ മനുഷ്യരും മൃഗങ്ങളും,തലയിൽ കുടവും താങ്ങി വെള്ളം കോരാൻ കിണറ്റിനടുത്തേക്ക് വരുന്ന നര നാരികൾ,ആടുമാടുകൾ,കൃഷി വയലുകൾ,ചുറ്റിലും നടക്കുന്ന കൃഷിപ്പണി,വെള്ളം തേകാനുള്ള യന്ത്രവും ചക്രവും,കുളം,തിരി കല്ല് ഇവയൊക്കെ ഇന്നും ഏഷ്യയിൽ കാണാം.

"ഏഷ്യയുടെ ശബ്ദം ധർമത്തിന്റെ ശബ്ദമാണ്.യൂറോപ്പിന്റേത് രാഷ്ട്രീയത്തിൻറെ ശബ്ദമാണ്.യൂറോപ്പിൻറെ ശബ്ദം പുരാതന ഗ്രീസിന്റേതാണ്.ഗ്രീക്കുകാരന് തൊട്ടടുത്തുള്ള സമുദായമാണ്,സർവസ്വവും.അതിനപ്പുറമെല്ലാം,പ്രാകൃതം.യവനൻ അല്ലാതാർക്കും ജീവിക്കാൻ അവകാശമില്ല.അവൻ ചെയ്യുന്നതാണ് ആവശ്യവും ശരിയും.ലോകത്തിൽ വേറൊന്നും ശരി അല്ല.ബാക്കി വയ്ക്കുകയും അരുത്.ഗ്രീക്ക് മനസ്സിൻറെ ചിന്ത സമ്പൂർണമായും വ്യക്തി നിഷ്ഠമായിരുന്നു.ഏറ്റവും പ്രകൃതി നിഷ്ഠം.വളരെ സുന്ദരം.ഗ്രീക്കുകാരൻറെ ജീവിതം മുഴുവൻ ഈ ലോകത്തിൽ മാത്രമാണ്.അവന് മനോരാജ്യം കാണാൻ താൽപര്യം ഇല്ല.അവൻറെ കവിത പോലും പ്രായോഗികമാണ്.പിന്നീട് പിറന്ന പാശ്ചാത്യ സംസ്കാരത്തിൻറെ ആചാര്യന്മാർ ഗ്രീക്കുകാരായതിനാൽ,യൂറോപ്പിൻറെ നാദം,ഗ്രീസിൻറെ നാദമാണ്.

"ഏഷ്യയിൽ മറ്റൊരു തരം ജനതയാണ്. വിസ്‌തൃതമായി മലർന്നു കിടക്കുന്ന ദേശം.കാർ നിരകളെ തുരന്ന്,ആകാശത്തെ നീല മേലാപ്പിൽ മുട്ടി നിൽക്കുന്ന ഗിരി ശൃംഗങ്ങൾ,തുള്ളി വെള്ളം പോലും കിട്ടാതെ,ഒരു പുൽക്കൊടി പോലും ഉയിർക്കാതെ,നാഴികക്കണക്കിന് പരന്നു മലർന്ന മണൽക്കാട്,ഒടുങ്ങാത്ത കാടുകൾ,കടലിലേക്ക് ഇരമ്പി പായുന്ന വലിയ പുഴകൾ.ഈ സ്ഥിതിയിൽ,പൗരസ്ത്യരുടെ സൗന്ദര്യ പ്രേമവും വിസ്മയ കൗതുകവും മറ്റൊരു വഴിക്ക് വികസിച്ചു.അവർ ഉള്ളിലേക്ക് കണ്ണയച്ചു.പുറത്തേക്കല്ല.പ്രകൃതി സൗന്ദര്യത്തിന് ദാഹമുണ്ട്.അധികാരാവേശമുണ്ട്.അന്യരെ കടന്നു കയറാൻ ആഗ്രഹവുമുണ്ട്.ഗ്രീക്കുകാരൻറെയും ബർബരന്റെയും അതേ ചിന്ത -പക്ഷെ അത് വിപുലമായ ഒരു മണ്ഡലത്തിൽ വ്യാപിച്ചു.ഇന്നും ഏഷ്യയിൽ ജന്മമോ ജാതിയോ ഭാഷയോ അല്ല ഒരു ജനതയെ നിർണയിക്കുന്നത്;മതമാണ്.അതേ കാരണത്താൽ,പൗരസ്ത്യൻ ആദർശ വാദിയാണ്;മനോരാജ്യ സഞ്ചാരിയാണ്."
ആ മനുഷ്യൻ നീ തന്നെ / നാട്യഗൃഹം,തിരുവനന്തപുരം 
അത് കൊണ്ടാണ്,ഭരണാധികാരി ആയിരിക്കെ തന്നെ ദാവീദ് കവിയും ആയത്.ശോക,നാശ സങ്കുലമായ ലോകത്തിന് നടുവിൽ,നിത്യവും അമരവുമായ ഒന്നിനെ കാണാൻ അയാൾ ആശിക്കുന്നു.എല്ലാ പ്രവാചകന്മാരും ദേവ ദൂതന്മാരും കിഴക്കാണ് ഉദിച്ചത്.ഗ്രീസിൽ വെളിച്ചപ്പാടേ ( oracle ) ഉള്ളു.'ഈഡിപ്പസി'ലെ തൈറേഷ്യസ് Prophet അല്ല,Oracle ആണ്.ദാവീദിൻറെ ലോകത്ത് പ്രവാചകന്മാർക്ക് പഞ്ഞമില്ല;ശമുവേൽ കഴിഞ്ഞാൽ,നാഥാൻ.

നാടകത്തിൽ സി ജെ പൗരസ്ത്യ വീക്ഷണത്തിൽ ആയിരുന്നില്ല.ഗ്രീക്ക് ദുരന്ത നാടകം ആയിരുന്നു അദ്ദേഹത്തിന് കൊടുമുടി.കാളിദാസൻറെ 'അഭിജ്ഞാന ശകുന്തള'ത്തിൽ,ദുരന്തം കഴിഞ്ഞുള്ള വിശ്രാന്തി രംഗം നീക്കണമെന്ന് സി ജെ എഴുതി.എന്നാൽ,ഭരത മുനിയുടെ 'നാട്യ ശാസ്ത്രം' ദുരന്തം അനുവദിക്കുന്നില്ല.ദാവീദ് പൗരസ്ത്യൻ ആയതിനാൽ,ഗ്രീക്ക് അല്ലാത്തതിനാൽ,അധർമ്മം നടത്തിയാൽ,ധർമ്മ വിചാരണയ്ക്ക് കീഴ്‌പെടണം-അതാണ് പ്രവാചക ധർമം.അവിടെ ഊന്നാൻ പാശ്ചാത്യ ചിന്ത പിൻ പറ്റിയ സി ജെ യ്ക്ക് കഴിഞ്ഞില്ല.

സി ജെ യുടെ ദാവീദ്,കിരീടം തൻറെ തലയിൽ വിധി കെട്ടി വച്ച ഭാരമാണ് എന്ന് കരുതുന്നു.നിരവധി സഹശയനങ്ങൾക്ക് ശേഷം ഒരു പ്രണയ സ്വാർത്ഥതയിൽ വീഴുന്നു.യേശുവിലും മഹാഭാരതത്തിലും ഇതിന് മറുപടി,ത്യാഗമാണ്.

ഒരു ധനിക രാജാവ്,യേശുവിനോട് ചോദിച്ചു:
"സദ് ഗുരോ,നിത്യ ജീവിതം നേടാൻ ഞാൻ എന്ത് ചെയ്യണം ?"
യേശു അരുളി:
"നിനക്കൊരു പോരായ്മയുണ്ട്.നീ മടങ്ങിപ്പോകൂ.ഇവയെല്ലാം വിറ്റ് പാവങ്ങൾക്ക് കൊടുക്കൂ.നിനക്ക് സ്വർഗത്തിൽ നിധി കിട്ടും.എന്നിട്ടെൻറെ അടുത്തു വരൂ.കുരിശും തോളിലേന്തി എൻറെ പിന്നാലെ വരൂ ..."

യേശു പറയുന്ന കുരിശ്,അവനവൻറെ കുരിശാണ്.പൗരസ്ത്യന് സ്വർഗം പുറത്തല്ല,സ്വർഗ്ഗവും നരകവും അവനവൻറെ ഉള്ളിലാണ്.അവൻ തന്നെയാണ്,രണ്ടിൻറെയും വിധാതാവ്.ഞാൻ എന്നും എൻറെ എന്നും വിളിക്കാൻ ഒന്നും ഇല്ലാതാകുമ്പോൾ,തന്നെത്താൻ നിശ്ശേഷം ഉപേക്ഷിച്ചു കഴിയുമ്പോൾ,ഞാൻ തന്നെ തകർന്നു കഴിയുമ്പോൾ,അയാളുടെ ഉള്ളിൽ ഈശ്വരൻ,സ്വർഗം,സ്വയം വരുന്നു.അയാളുടെ താൻ -തോന്നിത്തം ( അഹങ്കാരം ) ഞെരിഞ്ഞമർന്നു.അവനാണ് നമുക്ക് ആദർശ പുരുഷൻ.അല്ലാതെ,ഗ്രീക്ക് ദുരന്തം പേറി നടക്കുന്നവൻ അല്ല.
ഡേവിഡ് ആൻഡ് ബെത്ശേബ സിനിമയിൽ നിന്ന് 
യേശുവിനെപ്പറ്റിയുള്ള പ്രഭാഷണം,വിവേകാനന്ദൻ അവസാനിപ്പിച്ചത്,സദസ്സിനോട് ഇങ്ങനെ പറഞ്ഞാണ്:

"ഒരർത്ഥത്തിൽ നിങ്ങൾ എല്ലാവരും പ്രവാചകന്മാരാണ്.ലോകത്തിൻറെ കദന ഭാരം സ്വന്തം തോളിൽ താങ്ങുന്ന ഓരോ ദൈവദൂതർ.സ്വന്തം ജീവിതത്തിലെ ചെറിയ ചുമട് ശാന്തമായും നിശബ്ദമായും ചുമക്കാത്ത ഒരൊറ്റ പുരുഷനെയോ സ്ത്രീയെയോ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ?വലിയ പ്രവാചകർ ഗംഭീരർ;അവർ വിശ്വമെല്ലാം ചുമലിൽ വഹിച്ചു.അവരുമായി ഒത്തു നോക്കിയാൽ,നാം വാമനന്മാർ.എങ്കിലും,ആ വേല തന്നെയാണ്,നമ്മളും ചെയ്യുന്നത്.നമ്മുടെ ചെറിയ ചുറ്റുപാടിൽ,നമ്മുടെ ചെറിയ വീടുകളിൽ,നാം നമ്മുടെ കുരിശ് ചുമക്കുന്നു.സ്വന്തമായി ഒരു കുരിശും ചുമക്കാൻ ഇല്ലാത്ത വിധം നീചനോ തെമ്മാടിയോ ആയി ആരുമില്ല.നമ്മുടെ തെറ്റുകളോ ദുഷ്ട ചിന്തകളോ ദുഷ്‌കർമങ്ങളോ എന്തായാലും,എവിടെയോ ഒരു പ്രകാശ ശകലമുണ്ട്.നമ്മെയും ഈശ്വരനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുവർണ സൂത്രം എവിടെയോ ഉണ്ട്.ആ ആത്മീയ ബന്ധം ശിഥിലമാകുന്ന നിമിഷം,നാം നിശ്ശേഷം സഹിച്ചു.ആരെയും നിർമൂലം നശിപ്പിക്കാൻ ആകാത്തതിനാൽ,എത്ര നീചനായാലും നികൃഷ്ടനായാലും,ഓരോരുത്തന്റെയും ഹൃദയത്തിൽ,ഈശ്വരനെ നിരന്തരം സ്പർശിക്കുന്ന ഒരു ചെറിയ ജ്യോതിര്മണ്ഡലമുണ്ട് ".

ഈ തിരിച്ചറിവ് പഴയ നിയമത്തിലെ ദാവീദിന് പ്രവചനങ്ങളിൽ നിന്ന് കിട്ടുന്നുണ്ട്.തിരിച്ചറിവുണ്ടാകുന്നവനെ സി ജെ കണ്ടില്ല.അയാൾ നാടകത്തിൽ ദുരന്തത്തിൽ അടിപ്പെട്ട് കിടക്കുകയും വിശ്രാന്തിയുടെ ഉത്ഥാനത്തിലേക്ക് പോകാൻ മടിക്കുകയും ചെയ്യുന്നു.ഗ്രീക്ക് നാടകത്തിനും ഭാരതീയ നാടകത്തിനും ഇടയിൽ,പൗരസ്ത്യ,പാശ്ചാത്യ ദര്ശനങ്ങൾക്കിടയിൽ,അയാൾ ഗതി കിട്ടാ പ്രേതമായി.ഇത് മലയാള നാടകത്തിലെ ദുരന്തമായി.ഒരു അദ്വൈതം നമുക്ക് നഷ്ടപ്പെട്ടു.
സി ജെ നാടകം എഴുതുന്നതിന് നാല് വർഷം മുൻപ് ഹെൻറി കിംഗ് സംവിധാനം ചെയ്‌ത്‌,ഗ്രിഗറി പെക്,സൂസൻ ഹേവാർഡ് എന്നിവർ അഭിനയിച്ച 'David and Bathsheba' എന്ന പണം വാരി ഹോളിവുഡ് ചിത്രം വന്നു.ലിത്വനിയൻ ഗുസ്തിക്കാരൻ വാൾട്ടർ താലുൻ ആയിരുന്നു,ഊറിയാവ്.ഈ ചിത്രത്തിൻറെ കഥയാണ്,സി ജെ പിന്തുടർന്നത്.ഫിലിപ് ഡൻ എഴുതിയ തിരക്കഥയിൽ,ഒടുവിൽ ഇരുവരും തെറ്റുകാരാണ് എന്ന് ദാവീദുo ബെത്ശേബയും തിരിച്ചറിയുന്നു - വരൾച്ച വരികയും കുഞ്ഞ് മരിക്കുകയും ചെയ്യുമ്പോൾ.ബെത്ശേബയെ കൊല്ലണമെന്ന് ജനം പറയുന്നു.ദാവീദ് സങ്കീർത്തനങ്ങൾ 23 ഉരുവിടുന്നു:

"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും."

മാനസാന്തരം വന്ന ദാവീദ്,ക്ഷാമത്തിൽ നിന്ന് രക്ഷ നേടാനും ദയാവായ്പ്പിനും വേണ്ടി,സ്വയം മരിക്കാൻ,ഉടമ്പടിയുടെ പെട്ടകം സ്പർശിക്കാൻ ഒരുങ്ങുന്നു.യരുശലേമിൽ അത് കൊണ്ടുവന്നപ്പോൾ,ഒരു ഭടൻ അതിൽ തൊട്ടപ്പോൾ മിന്നൽ പ്രഹരത്തിൽ കൊല്ലപ്പെട്ടിടത്താണ് ചിത്രം തുടങ്ങുന്നത്.ദാവീദ് പെട്ടകം തൊടുമ്പോൾ ഉണ്ടാകുന്ന മിന്നലിന് പിന്നാലെ പെരുമഴ പെയ്യുന്നു."മെഡിറ്ററേനിയനിലെ ന്യൂനമർദ്ദം കൊണ്ടാണോ ദൈവിക ഇടപെടൽ കൊണ്ടാണോ മഴ പെയ്തതെന്ന് പ്രേക്ഷകൻ തീരുമാനിക്കട്ടെ",തിരക്കഥാകൃത്ത് ഡൻ അന്ന് പറഞ്ഞു.

ഒന്നാന്തരമാണ്,സിനിമയുടെ അന്ത്യം.
--------------------------------------














No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...