Friday 15 November 2019

മാപ്പിളയും റഷ്യൻ കർഷകനും

താനൂർ രാജാവ് മാർഗം കൂടി 

മാപ്പിള ലഹള കർഷക കലാപമാണെന്ന കണ്ടെത്തൽ അബനി മുക്കർജിയുടേതോ അദ്ദേഹത്തെ പിന്തുടർന്ന മാർക്സിസ്റ്റ് ചരിത്രകാരന്മാരുടേതോ അല്ല .അത് മലബാറിൽ ബ്രിട്ടീഷ് കലക്ടറായിരുന്ന വില്യം ലോഗന്റേതാണ്.1921 ന് മുൻപുള്ള മാപ്പിള ലഹളകൾ അദ്ദേഹം നിരത്തിയതാണ്,എല്ലാ ചരിത്രകാരന്മാരും പകർത്തിയത്.

ടിപ്പു സുൽത്താനെയും സാമൂതിരിയേയും വരുതിക്ക് നിർത്തിയ കമ്പനി,1792 മെയ് 27 ന് കുറുമ്പ്രനാട് രാജാവ് വീരവർമ്മ രാജാവുമായി ഉടമ്പടി ഒപ്പിട്ടു.സാമൂതിരി പിടിച്ചെടുത്തിരുന്ന കുറുമ്പ്രനാട്,കൊളക്കാട് പ്രദേശങ്ങൾ തിരിച്ചുകൊടുത്ത് വർമ്മയെ കമ്പനിയുടെ മാനേജരായി നിയമിച്ചു.140000 രൂപ പാട്ടത്തിനാണ് ഇവ കൊടുത്തത്.
വില്യം ലോഗൻ 
ഇനി 1887 ൽ ലോഗൻ  എഴുതിയ 'മലബാർ മാന്വലി'ൽ നിന്ന്,ലഹളയുടെ കാരണം അദ്ദേഹം പറയുന്നത് ഉദ്ധരിക്കട്ടെ:
"അതിനിടയിൽ ഉപഭൂഖണ്ഡത്തിൻറെ മറുഭാഗത്ത് നടത്തിയ യുദ്ധത്തിൽ,മദിരാശി ഗവർണർ ജനറൽ മെഡോസ്,മലബാർ രാജാക്കന്മാരുടെ മേൽ തിരുവിതാംകൂർ നടത്തിയ മേൽക്കോയ്മാധികാരം അനുവദിച്ചു കൊടുത്തതായി ബോംബെ കമ്മിഷണർമാർ മനസ്സിലാക്കി.ഈ അടിസ്ഥാനത്തിൽ,തിരുവിതാംകൂർ ദിവാനായ കേശവ പിള്ള കമ്പനിയുടെ പേരിലും യുദ്ധച്ചെലവുകൾ നിർവഹിക്കാനെന്ന ന്യായത്തിലും 1790 ,1791 വർഷങ്ങളിൽ മലബാറിൻറെ റവന്യു വരുമാനങ്ങളിൽ നിന്ന് പല ഘട്ടങ്ങളായി പിടിപ്പത്‌ തുക പിരിച്ചു കൊണ്ട് പോവുകയും ചെയ്തിരുന്നു.ഇങ്ങനെ പിടിച്ച തുക,തിരുവിതാംകൂറിൽ നിന്ന്ഈടാക്കുന്ന കാര്യം കമ്മിഷണർമാർ സുദീർഘമായി ചർച്ച ചെയ്തുവെങ്കിലും,അന്തിമ തീരുമാനം ഗവർണർ ജനറലിന് വിട്ടു കൊടുത്തു.

"ഇതേ കാലത്താണ്,മാപ്പിള -നായർ സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധ പുതുതായി പൊട്ടിപ്പുറപ്പെട്ടത്.ഇരു വർഗ്ഗങ്ങളും ചിരപുരാതനമായി പുലർത്തിപ്പോന്ന സുഹൃദ് ബന്ധങ്ങൾ പൂർണമായും തകർന്നതിന്റെ ഫലമായി മാപ്പിള ജില്ലകളിലേക്ക് സമാധാന സ്ഥാപനത്തിനായി മേജർ ഡൗ നിയോഗിക്കപ്പെട്ടു.നായർ ജന്മിമാരുടെ ഖണ്ഡനങ്ങൾക്ക് ഇരയായ മാപ്പിള വർഗ്ഗത്തിൻറെ കൊണ്ടോട്ടി വിഭാഗത്തിന് സംരക്ഷണം ഉറപ്പു ചെയ്തു കൊണ്ട് ഒരു വിളംബരം പുറത്തു വന്നു".
(മാന്വൽ,പേജ് 529,മലയാള പരിഭാഷ ).

എന്നാൽ ഇതിന് മുൻപേ നായർ ലഹളകൾ നടന്നു.ഹൈദർ വന്ന് സാമൂതിരിയുടെ മതചര്യകൾ മുടക്കി, അദ്ദേഹം ആത്മാഹുതി ചെയ്തതിന് പിന്നാലെയായിരുന്നു,ആദ്യ നായർ ലഹള.

1766 ജനുവരി 28 ന് ഹൈദറുടെ സേന കടത്തനാടേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അവസാനമായി,നായർ പട്ടാളം എതിർത്തു.പെരിങ്കുളത്തിനടുത്ത് മാഹിപ്പുഴ കടക്കാൻ എത്തിയ മൈസൂർ സേനയെ പുഴയ്ക്കക്കരെ നിന്നാണ് എതിർത്തത്.അവരുടേത് ഭദ്രമായ നില ആയതിനാൽ ഹൈദർ തന്ത്രം പ്രയോഗിച്ചു.നായർപട്ടാളത്തിനെതിരെ പുഴ നീന്താനുള്ള തയ്യാറെടുടുപ്പിൽ കാലാൾപ്പടയെ നിർത്തി.അവർ നീന്തുമ്പോൾ സംഹരിക്കാൻ നായന്മാർ കാത്തു.അകലെ കുതിരപ്പട്ടാളത്തെ ഒരുക്കി ഹൈദർ പുഴയിലൂടെ കുതിരകളെ പായിച്ച് മറുകര കടന്നു.നായന്മാർ ഓടി.കുതിരപ്പട്ടാളത്തെ ആദ്യമായി കണ്ടിടത്തൊക്കെ ഇത് നടന്നതായി സർദാർ കെ എം പണിക്കർ എഴുതിയത്.അവർ പല ദിവസങ്ങളിൽ നിർത്താതെ ഓടി.മാപ്പിളമാർ അവരോട് അരിശം തീർത്തു.നാട് വിജനമായി.

സാമൂതിരി ഹൈദറെ സന്ധിച്ച് കുടിശ്ശിക സഹിതം കപ്പം തീർക്കാമെന്ന് വാക്ക് നൽകി.ഹൈദർ വിശ്വസിച്ചില്ല.കോഴിക്കോട് വലയം ചെയ്യാൻ അറയ്ക്കൽ അലിയെ നിയോഗിച്ചു.തുക രൊക്കം നൽകാനാകാത്ത സാമൂതിരിയെ ഭീഷണിപ്പെടുത്തി.കൊട്ടാരം ആക്രമിച്ചത് മാനഹാനിയായി.അപ്പോഴാണ് മാനാഞ്ചിറ കോട്ടയിലെ വെടിമരുന്നുശാലയ്ക്ക് തീ കൊളുത്തി അദ്ദേഹം വെന്തുമരിച്ചു.അത് മലബാർ ഹിന്ദുക്കളെ വേദനയിൽ ദഹിപ്പിച്ചു.സാമൂതിരിയെ കൊന്ന് ഹൈദർ കേരളത്തിൽ ഇസ്ലാമിക വർഗീയതയ്ക്ക് തീ കൊളുത്തി.ആത്മാഹുതി ചെയ്തില്ലെങ്കിൽ സാമൂതിരിയെ മാർഗം കൂട്ടുമായിരുന്നു.കേരളത്തിൽ ക്രൈസ്തവ വർഗീയതയ്ക്ക് വിത്തിട്ട ഫ്രാൻസിസ് സേവ്യറുടെ കാലത്ത് താനൂർ രാജാവിനെ മതം മാറ്റിയിരുന്നു;സാമൂതിരിയുടെ ഒരു അനന്തരവൻ ക്രിസ്ത്യാനി ആയിരുന്നു.സാമൂതിരിക്ക് മുന്നിൽ ഇസ്ലാം അല്ലെങ്കിൽ മരണം എന്ന വഴിയേ ഉണ്ടായിരുന്നുള്ളു.

വെട്ടത്ത് നാടിൻറെ ആസ്ഥാനമായിരുന്നു,താനൂർ.വാസ്കോ ഡ ഗാമ വന്ന് മലബാറിൽ നിന്ന് പോർച്ചുഗലിലേക്കുള്ള കുരുമുളക് കയറ്റുമതി കൂട്ടുന്നതിൽ തോറ്റു.സൈനിക ശക്തിയിൽ കബ്രാൾ സാമൂതിരിയോട് തോറ്റു.കൊച്ചിയിൽ പോർച്ചുഗീസുകാർക്ക് താവളം കിട്ടി.സാമൂതിരി 1504 ൽ കൊടുങ്ങല്ലൂർ ആക്രമിച്ചു.വെട്ടത്തു നാട്,ചാലിയം,ബേപ്പൂർ രാജാക്കന്മാർക്ക് കൊച്ചിയുമായി കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നതിനാൽ,സാമൂതിരിയുടെ കൊച്ചി യുദ്ധങ്ങൾ അവർക്ക് പിടിച്ചില്ല.താനൂർ രാജാവിൻറെ പൊന്നാനി,തിരൂർ താലൂക്കുകളിൽ,പൊന്നാനി തുറമുഖം തന്ത്ര പ്രധാനമായിരുന്നു.താനൂർ രാജാവ് പോർച്ചുഗീസുകാരുമായി ചേർന്നു.കപ്പൽ ചേതത്തിൽപെട്ട ചില പോർച്ചുഗീസുകാർക്ക് താനൂർ രാജാവ് വെട്ടത്തു കോയിൽ അഭയം നൽകി.അടുത്തകൊല്ലം താനൂർ കോട്ട പണിയാൻ ഡ കുഞ്ഞ സാമൂതിരിയുമായിസന്ധിയിലെത്തി.കോട്ടയ്ക്കുള്ള സാധനങ്ങൾ കപ്പൽ ചേതത്തിൽപെട്ടു.
വാസ്കോ ഡ ഗാമയും മാനവിക്രമനും 
പുതിയ സാമൂതിരി 1531 ൽ അധികാരമേറ്റു.ചാലിയം രാജാവ് ഉണ്ണിരാമന്‌ 2000 പർദോസും 50 % കസ്റ്റംസ് തീരുവയും വാഗ്ദാനം ചെയ്ത് താനൂർ രാജാവിൻറെ പ്രേരണയോടെ ഡ കുഞ്ഞ ചാലിയത്ത് കോട്ട പണിതു.20 പർദോസ് ഒരു ഇന്ത്യൻ രൂപ.അവിടെ സാന്താ മരിയ പള്ളിയും പണിതു.കോട്ടയും പള്ളിയും പണിതത്,മുസ്ലിം പള്ളികളുടെയും ശവക്കല്ലറകളുടെയും ബേപ്പൂർ കോവിലകത്തിന്റെയും കല്ലുകൾ കൊണ്ടായിരുന്നു.മുസ്ലിംകൾ സാമൂതിരിയോട് പരാതിപ്പെട്ടു.സാമൂതിരിക്ക് മേൽക്കോയ്മയുള്ളതിനാൽ,ചാലിയം രാജാവ് മനസ് മാറി പോർച്ചുഗീസുകാർക്ക് എതിരായി.താനൂർ മാറിയില്ല.

ജസ്വിറ്റ്‌ പാതിരിമാർ 1640 ൽ ഗോവയിൽ എത്തിയപ്പോൾ,പോർച്ചുഗീസുകാക്കൊപ്പം നിന്നു.ഫ്രാൻസിസ് സേവ്യറിനൊപ്പം ചേരാൻ 1548 ഒക്ടോബർ ഒൻപതിന് ഫാ അന്തോണിയോ ഗോമസ് ഗോവയിൽ എത്തി.പോർച്ചുഗലിലെ കുലീന കുടുംബത്തിൽപ്പെട്ട ഗോമസിന് ഇവിടത്തെ സവർണരെ മതം മാറ്റാനാകും എന്നു കരുതി.തടവിലായിരുന്ന ലോക്കു എന്ന കൊങ്കണിയെ മാർഗം കൂട്ടി.ബെൽജിയൻ ജസ്വിറ്റ്‌ ഫാ ഗാസ്പർ ബർസെൻസ് ഇടനിലക്കാരനായി.

ഗോമസും ഫ്രാൻസിസ് സേവ്യറും പിണങ്ങി.ഇന്ത്യയിൽ വേലയ്ക്ക് പറ്റിയവനല്ല ഗോമസ് എന്ന് സേവ്യർ നിരീക്ഷിച്ചു.അവിടത്തെ രജകുടുംബാംഗമായ ഗോമസ് അഹങ്കാരിയായിരുന്നു.മുതിർന്ന സേവ്യറെ അയാൾ അംഗീകരിച്ചില്ല.ഹെൻറിക് രാജാവിനെ കുമ്പസാരിപ്പിച്ചിരുന്നത് ഗോമസ് ആയിരുന്നു.

കൊച്ചി രാജാവ് മാർഗം കൂടാൻ വിസമ്മതിച്ചു.താൻ നോക്കാം എന്നായി താനൂർ രാജാവ്.താനുരിൽ ഒരു പാതിരി വന്ന് ക്രിസ്തുമതം പഠിപ്പിക്കണമെന്ന് താനൂർ അപേക്ഷിച്ചു.ഗോമസ് എത്തി.രാജാവ് രഹസ്യമായി 1548 ൽ ക്രിസ്ത്യാനിയായി.ഗോമസിനെ ഗോവയിൽ ആർക്കും വേണ്ടാത്തതിനാൽ,താനുരിലേക്ക് വിട്ടതാണ്.1548 ഏപ്രിൽ -സെപ്റ്റംബറിൽ ഗോമസ് താനൂരിൽ താമസിച്ച്,തെക്കോട്ടും യാത്ര ചെയ്തു.ബിഷപ് ജുവാൻ ഡി ആൽബുക്കർക്കാണ് ഗോമസിനെ അയച്ചത്.ഒക്ടോബർ 25 ന് ഗോമസ് പോർച്ചുഗൽ രാജാവ് ജൊവാവോ മൂന്നാമന് എഴുതി:

"ഇവിടത്തെ രാജാവിന് നല്ല വിവരവും വിവേകവുമുണ്ട്.മോക്ഷമാണ് അവിടുത്തെ ആഗ്രഹം."

അതായിരുന്നില്ല അദ്ദേഹത്തിൻറെ ആഗ്രഹം.സാമൂതിരിക്കെതിരെ പോർച്ചുഗീസ് സൈനിക പിന്തുണ വേണ്ടിയിരുന്നു.അതാണ് മതം മാറ്റം രഹസ്യമാക്കിയത്.ചാലിയം വികാരി ജൊവാവോ സോറസും ഫ്രാൻസിസ്കൻ പാതിരി ഡ ലാഗോ വിൻസെന്റസുമായിരുന്നു കാർമ്മികർ.രാജാവിൻറെ പേര് ഡോം ജൊവാവോ എന്ന് മാറ്റി.പൂണൂലിൽ ധരിക്കാൻ കുരിശു പതക്കം കൊടുത്തു.രാജ്ഞി ഡോണ മരിയ ആയി.ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം നടത്തി.പൂജാമുറിയിൽ യേശുവിൻറെ ചിത്രവും മറ്റ് ദൈവങ്ങൾക്കൊപ്പം വയ്ക്കാം എന്നായിരുന്നു ധാരണ.ഒന്നേ പറ്റു എന്ന് വന്നപ്പോൾ ധർമ്മസങ്കടത്തിലായി.ആദരവും ജാതിയും പോകരുത് എന്നായി രാജാവ്;അയാൾ പൂണൂലിട്ട ക്രിസ്ത്യാനിയായി.രാജാവിന് പൂണൂലിടാമോ എന്ന നിർണ്ണായക പ്രശ്‍നം,ഗോവ ഗവർണർ ജോർജ് കബ്രാളിനും പ്രത്യേക സമിതിക്കും വിട്ടു.

രാജാവിന് അനുകൂല തത്വങ്ങൾ ആൽബുക്കർക്ക് കണ്ടെത്തി.ബൈബിളിൽ അരിമത്യയിലെ ജോസഫ് അപ്പോസ്തലനായിരുന്നില്ല.യേശുവിൻറെ രഹസ്യ ശിഷ്യനായിരുന്നു.നിക്കോദേമസും ഗമാലിയേലും ശിഷ്യത്വം രഹസ്യമാക്കി വച്ചു.ജൂതന്മാരെ അവർ പേടിച്ചു.ഇവിടെ രാജാവ് സാമൂതിരിയേയും ജനത്തെയും പേടിക്കുന്നു.

ആൽബുക്കർക്ക്,രാജാവിനെ വിശുദ്ധ സെബസ്ത്യാനോസിനോട് ഉപമിച്ചു.ചക്രവർത്തിക്കൊപ്പം നിന്ന ക്രിസ്ത്യാനി.ഉള്ളിൽ ക്രിസ്ത്യാനി;പുറത്ത് മാടമ്പി.

ഇത് പറയുന്ന കത്ത് ആൽബുക്കർക്ക് 1549 ഒക്ടോബർ 20 ന് പോർച്ചുഗീസ് രാജ്ഞിക്ക് അയച്ചു.

താനൂർ രാജാവിനെതിരെ കലഹം പൊട്ടിപ്പുറപ്പെട്ടു.രഹസ്യ ചർച്ചകൾ നടന്നു.രാജാവ് ഗോവയ്ക്ക് പോകാൻ ഒരുമ്പെട്ടു.രാജാവിന് സാമൂതിരി പൊന്നാനിക്കടുത്ത് കുറെ സ്ഥലം വിട്ടുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌തു.ആ ചൂണ്ടയിൽ കൊത്തിയില്ല.രാജാവിനെ സാമൂതിരി കണ്ണൂരിലെ മാടായി  ക്ഷേത്രത്തിൽ തടവുകാരനാക്കി.അവിടന്ന് രക്ഷപ്പെടുത്തി പോർച്ചുഗീസുകാർ ഗോവയ്ക്ക് കൊണ്ട് പോയി.ഒക്ടോബർ 24 ന് ഗോവയിലെത്തിയ രാജാവ്,ക്രിസ്ത്യൻ സ്ഥാനവസ്ത്രമണിഞ്ഞ് റൂവ ദിറെയ്‌ത കൊട്ടാരത്തിൽ നിന്ന് പള്ളിയിലേക്ക് ഘോഷയാത്ര നയിച്ചു.താനുർക്ക് 27 ന് മടങ്ങി അമ്മയെയും മകനെയും സ്നാനപ്പെടുത്തി.കൂടുതൽ പേരെ മതം മാറ്റി പള്ളി പണിതു.

പോർച്ചുഗീസുകാർ സമ്മാനങ്ങൾ കൊണ്ട് മൂടി.രാജ്യം വീണ്ടെടുത്ത് കൊടുത്തു.അപ്പോൾ മട്ട് മാറി.സ്ഥാനവസ്ത്രം കീറി എറിഞ്ഞു.
കേരളത്തിലെ ആദ്യ ഘർവാപസി ഇതായിരുന്നില്ല.ഒൻപതാം നൂറ്റാണ്ടിൽ ശൈവസിദ്ധൻ മാണിക്യ വാസകർ മധുരയിൽ നിന്ന്,ഇവിടെയെത്തി,മാർഗം കൂടി സുറിയാനി ക്രിസ്ത്യാനികളായ മണിഗ്രാമം എന്ന കച്ചവട സംഘത്തെ ഹിന്ദു മതത്തിലേക്ക് തീരിച്ചു കൊണ്ട് വന്നു.ഈ സംഘത്തിന് പെരുമാൾ കൊടുത്തതാണ് തരിസാപ്പള്ളി ശാസനം-എ ഡി 849.തിരിച്ചു വന്നവരാണ്,മണിയാണി നായന്മാർ.

താനൂർ രാജാവ് പറ്റിച്ചെങ്കിലും,1598 ൽ സാമൂതിരിയുടെ അനന്തരവനെ മതം മാറ്റി.

ഇതാണ് മലബാറിൽ ക്രിസ്തു മതം വേരാഴ്ത്താൻ ശ്രമിച്ച ആരംഭ കഥ.
ജോർജ് കബ്രാൾ 
ഹൈദറിലേക്ക് മടങ്ങാം.

1766 ഏപ്രിലിൽ കൊച്ചിക്കപ്പുറം മലബാർ മുഴുവൻ ഹൈദറിന് കീഴിലായി.കാലവർഷം തുടങ്ങാറായതിനാൽ ഗവർണറായി മാദണ്ണയെ വച്ചു.റവന്യു ഉദ്യോഗസ്ഥനായിരുന്നു.കാലവർഷം വന്നപ്പോഴായിരുന്നു,നായർ ലഹള.ഓടിയവർ സംഘടിതരായി തിരിച്ചു വന്നു.സാമൂതിരി താവഴിയിലെ രവിവർമ്മ നേതാവായി.മാദണ്ണ ഭൂനികുതി സംവിധാനത്തിന് ഏർപ്പാട് തുടങ്ങിയതാണ്,കാരണം.സയ്യദ് റാസായുടെ 3000 വരുന്ന കാലാൾപ്പടയെ മഴയിൽ ഇവർ ദ്രോഹിച്ചു.ജൂണിൽ താൽക്കാലിക കോട്ടകൾ കൈവശപ്പെടുത്തി.മഴ കാര്യമാക്കാതെ ഹൈദർ മടങ്ങിയെത്തി.ജീനിയില്ലാതെ പോരാടാൻ കുതിരപ്പട്ടാളത്തോട് നിർദേശിച്ചു.പുതിയങ്ങാടിയിൽ നായർ സേനയെ നേരിട്ടു.ഒരു കിടങ്ങിന് മറുവശമായിരുന്നു നായർ സേന.ഡച്ചുകാരനായ സൈന്യാധിപൻ എം ലാലിയുടെ നേതൃത്വത്തിൽ മൈസൂർ സേനയിലെ ഒരു വിഭാഗം കിടങ്ങിൽ ചാടി മറുപുറം എത്തിയത് നായർസേനയെ സ്തംഭിപ്പിച്ചു.ഫലം കൂട്ടക്കശാപ്പായിരുന്നു.ഹൈദർ സേനാംഗങ്ങൾക്ക് കൂടുതൽ കൂലി വാഗ്ദാനം ചെയ്തിരുന്നു.യുദ്ധത്തിന് പിന്നാലെ ഹൈദർ വേട്ട തുടങ്ങി.തടവിലായ നായർ യോദ്ധാക്കളിൽ 15000 പേരെ മൈസൂരിൽ വിജനപ്രദേശങ്ങളിൽ കൊണ്ട് പോയി അലയാൻ വിട്ടു.200 പേർ ശേഷിച്ചു.

ഇതിൽ ഹൈദറിൻറെ രാഷ്ട്രീയം ലോഗൻ കാണുന്നു.നായർ സമുദായത്തെ അധികാരത്തിൽ നിന്ന് നീക്കുന്ന സാമൂഹിക എഞ്ചിനീറിങ്.അധഃസ്ഥിതർ ഇതിൽ ആഹ്ലാദിക്കുമെന്ന് ഹൈദർ കണക്ക് കൂട്ടി.നായന്മാർ മേലാൽ വാൾ ധരിക്കരുതെന്ന് ഹൈദർ ഉത്തരവിട്ടു.ആർക്കും അവരെ കൊല്ലാം.കീഴ്ജാതിക്കാർ നായന്മാരെ കണ്ടാൽ വന്ദിക്കരുത്.കീഴ്ജാതിക്കാരെ നായന്മാർ വന്ദിക്കണമെന്ന് ഹൈദർ തിട്ടൂരമിറക്കി.

ഇതിൽ പി കെ ബാലകൃഷ്ണൻ.'ടിപ്പു സുൽത്താൻ' എന്ന പുസ്തകത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നത്,ജാതീയമായ അധമ ബോധം കൊണ്ടാണ്.നായർ വാൾ ധരിക്കരുത് എന്ന് ഹൈദറിന് പറയാം -ശത്രുവിന് ആയുധം വേണ്ട.കീഴ്ജാതിക്കാരെ കൊണ്ട് വന്ദിപ്പിച്ചതും തെറ്റായതിനാൽ നിർത്താം.പക്ഷെ അതിനെ തിരിച്ചു വന്ദിപ്പിക്കുക എന്ന തെറ്റ് കൊണ്ടല്ല നേരിടേണ്ടത്.ഇത്,ദളിതൻ പൊലീസ് സ്റ്റേഷനിൽ ബ്രാഹ്മണനെ മർദിച്ച ശേഷം കുളിക്കാൻ അഞ്ചു രൂപ കൊടുക്കും പോലെ അധമമാണ്.
പി കെ ബാലകൃഷ്ണൻ 
ഈ നിർദേശങ്ങൾ ആരും ഗൗനിച്ചില്ല.കടത്തനാടൻ പാരമ്പര്യത്തിൽ തീയ പോരാളികളുമുണ്ട്.അവരും വാൾ കൊണ്ട് നടന്നു.ഇസ്ലാം അധിനിവേശത്തിൽ ഹിന്ദു നാടുകൾ വിജനമായപ്പോഴാണ്,കാടൻ നിർദേശങ്ങൾ വന്നത്.നായർ സമുദായത്തോടുള്ള അടങ്ങാത്ത ഹൈദറുടെ പകയാണ്,പിൽക്കാല മാപ്പിള ലഹളകളിലും പ്രതിഫലിച്ചത്.ധർമ്മരാജ രാമവർമയെ,രാമൻ നായർ എന്ന് ടിപ്പു വിശേഷിപ്പിച്ചതിൽ നിന്ന് കാണുന്നത്,ഹിന്ദു സമുദായത്തെയാണ്,നായർ എന്ന് കണ്ടത് എന്നാണ്.

പൊതുവെ മനുഷ്യർ കാർഷിക വൃത്തി കൊണ്ട് കഴിഞ്ഞു കൂടിയ കാലത്ത്,പോരാടുന്നവൻ കൃഷിക്കാരനായിരിക്കും.അത് കൊണ്ട് പോരാട്ടം വർഗ സമരമാവില്ല.ലെനിൻ മലബാറിലെ കർഷക കലാപത്തിൽ ആകൃഷ്ടനായതും  അബനി മുക്കർജി റിപ്പോർട്ട് കൊടുത്തതും നിഷ്കളങ്കമല്ല.മാപ്പിള ലഹള നടക്കുമ്പോൾ,ഏകാധിപതിയായ ലെനിൻ,കമ്മ്യൂണിസ്റ്റ് ഭരണത്തിൽ,മലബാറോളം വലിപ്പമുള്ള തംബോവിൽ കർഷക കലാപം അടിച്ചമർത്തുകയായിരുന്നു.

ലെനിൻ തൊഴിലാളികളെ വെടിവച്ചു കൊന്നു,ഫാക്ടറികൾ പൂട്ടി.ഫാക്റ്ററികൾക്ക് വേണ്ട അസംസ്‌കൃത വസ്‌തുക്കൾ,ലെനിൻ ഉയർത്തിയ ഭീകരത കാരണം കിട്ടിയില്ല.സമ്പദ് രംഗം താറുമാറായി.1921 ഫെബ്രുവരിയിൽ ലെനിൻ സുഹൃത്ത് ഗ്ളെബ് കിർഷിഷാനോവ്‌സ്‌കിക്ക് എഴുതി:
"നാം യാചകരായി;പട്ടിണിയിൽ നാം അനാഥരായ പിച്ചക്കാരായി".

അലക്‌സാണ്ടർ ഷ്ല്യാപ്നിക്കോവും അലക്‌സാൻഡ്ര കൊലോന്റെയും നേതൃത്വം നൽകിയ ' തൊഴിലാളി പ്രതിപക്ഷം',ഫാക്റ്ററികൾ തൊഴിലാളികൾക്ക് കൊടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി.

നടക്കാത്ത ഒക്ടോബർ വിപ്ലവത്തെപ്പറ്റിയാണ്,' ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന വ്യാജ നിർമിതി അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് ലോകത്തിന് നൽകിയത്.ലോകത്തെ ഇന്നും പിടിച്ചു കുലുക്കുന്ന നാല് സംഭവങ്ങൾ ലെനിൻറെ ദുർഭരണത്തിൽ നടന്നു.പോളണ്ടുമായുള്ള യുദ്ധം,തംബോവ്  കലാപം,ക്രോൺസ്റ്റാറ്റ് കലാപം,1921 -22 ലെ ക്ഷാമം.ഇതിൽ തംബോവ് കർഷക കലാപത്തെപ്പറ്റി മാത്രം പറയാം.

ആഭ്യന്തരയുദ്ധ കാലത്ത്,റഷ്യയിൽ 1920 -21 ൽ ഉണ്ടായ,ലോകത്തിലെ ഏറ്റവും വലിയ കർഷക കലാപം.ഇതിൽ 1,40,000 പേർ കൊല്ലപ്പെട്ടു.
മോസ്‌കോയിൽ നിന്ന് 300 മൈൽ തെക്കുകിഴക്ക് തംബോവ് ഒബ്ലാസ്റ്റ്,വോറൊനേഷ് ഒബ്ലാസ്റ്റ് ,മേഖലയിൽ ആണ് ഇതുണ്ടായത്.സോഷ്യലിസ്റ്റ് റവലൂഷനറി പാർട്ടി നേതാവായ അലക്‌സാണ്ടർ ആന്റോനോവ് ആണ് നേതൃത്വം നൽകിയത്.ആന്റോനോവ് ലഹള എന്നും അറിയപ്പെടുന്നു.
ലെനിൻ ഭരണം ഏറിയതോടെ,ബോൾഷെവിക്കുകൾ അധിക ധാന്യം പിടിച്ചെടുക്കൽ ( Prodrazryorstka ) നയം നടപ്പാക്കി.ഒരു മേഖലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ധാന്യം,കാർഷിക ഉൽപന്നങ്ങൾ എന്നിവയിൽ,വീട്ടാവശ്യത്തിനുള്ളതു കഴിച്ച്,ബാക്കി നഗര വിതരണത്തിനായി ചെറിയ തുക നൽകി പിടിച്ചെടുക്കുന്ന പരിപാടി ആയിരുന്നു,ഇത്.തംബോവിൻറെ ക്വോട്ട 1.8 കോടിയിൽ നിന്ന് 2 .7 കോടി പൂഡ്‌സ് ആയി ഉയർത്തി.ഒരു പൂഡ്‌സ് 16 .38 കിലോ.
ഇതിൽ രോഷാകുലരായ കർഷകർ 1920 ഓഗസ്റ്റ് 19 ന് ഖിട്രോവോയിൽ കലാപം തുടങ്ങി.ജനത്തിന് മുന്നിൽ,കാരണവന്മാരെ തല്ലി റെഡ് ആർമി ധാന്യം പിടിച്ചതായിരുന്നു,പ്രകോപനം.തംബോവ് കർഷകർ യൂണിയൻ ഉണ്ടാക്കി സ്വന്തമായി കോൺഗ്രസ് വിളിച്ചുകൂട്ടി സോവിയറ്റ് അധികാരത്തെ നിരാകരിച്ചു;സ്വന്തമായി നിയമ നിർമാണ സഭ ഉണ്ടാക്കി.സഭ,പ്രായപൂർത്തി വോട്ടവകാശവും ഭൂപരിഷ്കരണവും പ്രഖ്യാപിച്ചു.ഭൂമി മുഴുവൻ കർഷകർക്ക് വിട്ടു നൽകുകയായിരുന്നു,ഉന്നം.
ആന്റോനോവ് ( നടുവിൽ )
കലാപകാരികളായ കർഷകരുടെ എണ്ണം 1920 ഒക്ടോബറിൽ 50000 ആയിരുന്നു.ഇവർക്കൊപ്പം റെഡ് ആർമിയിൽ നിന്ന് വിരമിച്ച ഭടന്മാരും ചേർന്നു,ഇക്കൂട്ടർ സോവിയറ്റ് രഹസ്യ പൊലീസ് ആയ ചേക യിൽ നുഴഞ്ഞു കയറി.70000 വരുന്ന കലാപകാരികളെ റെഡ് ആർമി,അതിൻറെ മേധാവി മിഖയിൽ തുഖാചേവ്സ്കിയുടെ നേതൃത്വത്തിൽ നേരിട്ടു.ബോൾഷെവിക്കുകൾ കർഷകർക്ക് നേരെ രാസായുധങ്ങൾ പ്രയോഗിച്ചു.ഏഴു ഉന്മൂലന ക്യാമ്പുകൾ ഭരണകൂടം തുറന്നു.1921 ഫെബ്രുവരി രണ്ടിന് ഭരണകൂടം ധാന്യം പിടിക്കൽ നിർത്തി .അന്റോനോവിനെ 1922 ൽ കൊന്നു.പത്താം കോൺഗ്രസിന് മുൻപ് ഈ മേഖലയിൽ,നികുതി ( Prodnalog ) ഏർപ്പെടുത്തി.കോൺഗ്രസ് ഈ നയം അംഗീകരിച്ചു.

കർഷകരായ കലാപകാരികളെ ബോൾഷെവിക്കുകൾ,കാട്ടുകള്ളന്മാർ എന്ന് വിളിച്ചു.കലാപ കാലത്ത്,കസാൻ മൊണാസ്ട്രിയുടെ വിന്റർ ചർച്,പ്രാദേശിക ചേക ആസ്ഥാനമാക്കി.അത് തംബോവ് സൈനിക കമ്മിസാരിയറ്റിന്റെ ആർകൈവ്സ് ആയി.1933 ൽ പ്രാദേശിക ഭരണകൂടം കലാപ രേഖകൾക്ക് തീയിട്ടു.തീ നിയന്ത്രണാതീതമായപ്പോൾ,വെള്ളമൊഴിച്ചു ;മണ്ണ് വിതറി.അൾത്താരയിൽ തീയിട്ടില്ല.അതിനാൽ,1982 ൽ കുറെ രേഖകൾ കിട്ടി.

തംബോവിലെ പാർട്ടി മേധാവി അലക്‌സാണ്ടർ ഷ്ലിക്റ്റർ ,ലെനിനെ നേരിട്ട് വിളിച്ച ശേഷമാണ്,പട്ടാളത്തെ അയച്ചത്.

കലാപത്തെ ആധാരമാക്കി,2011 ൽ ആൻഡ്രി സ്മിർനോവ് Once Upon a time there Lived a Simple Woman എന്ന സിനിമയെടുത്തു.അലക്‌സാണ്ടർ സോൾഷെനിത്സിൻറെ Apricot Jam and Other Stories ൽ യൗവനത്തിൽ കലാപകാരികളെ നേരിട്ട ജനറലിന്റെ കഥയുണ്ട്.

കെ എൻ പണിക്കരാദികൾ മാപ്പിള ലഹളയെ കണ്ട പോലെ,ലെനിൻ അവിടത്തെ കർഷക കലാപത്തെ വർഗ സമരമായി കണ്ടില്ല.സായുധ കലാപം സഖാവിന് അരാജകത്വം ആയിരുന്നു.മാർക്സിസ്റ്റും അധികാരമേറിയാൽ,ബ്രിട്ടീഷ് സാമ്രാജ്യത്വ വാദിയെപ്പോലെ ക്രമസമാധാന പ്രശ്‍നം അടിച്ചമർത്തും.അത് കൊണ്ടാണ്,1957 ൽ ഇ എം എസ് സർക്കാർ മൂന്നാറിലും ചന്ദനത്തോപ്പിലും തൊഴിലാളികളെ വെടിവച്ചത്.
--------------------------------------------
Reference:
1.കേരള സ്വാതന്ത്ര്യ സമരം / കെ എം പണിക്കർ 
2.Frederick Price / Ootcamund: A  History 
3.The King of Tanur in the Malabar Coast and the Indo-Portuguese Trade in the 16 th Century/K S Mathew,Journal of Kerala Studies,Vol 10
4.ടിപ്പു സുൽത്താൻ / പി കെ ബാലകൃഷ്ണൻ 


See https://hamletram.blogspot.com/2019/11/blog-post_13.html



No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...