Sunday, 18 August 2019

ദിമിത്രോവ്, കോസ്തോവിനെ കൊന്നു

ദിമിത്രോവിനെ സ്റ്റാലിൻ കൊന്നോ?

ടിയന്തരാവസ്ഥയ്ക്ക് ശേഷം മഹാരാജാസ് കോളജ് മാഗസിനിൽ ഗിയോർഗി ദിമിത്രോവിൻറെ ഫാഷിസത്തിനെതിരായ ഐക്യ മുന്നണി' എന്ന ലേഖനം കണ്ട് ഞെട്ടിപ്പോയി.അയാൾ ലോകത്തിന് എന്തെങ്കിലും സംഭാവന നൽകിയതായി അറിവില്ലായിരുന്നു;കുട്ടികൾ എഴുതേണ്ട മാഗസിനിൽ ഇത്തരം അസംബന്ധങ്ങൾ എന്തിനെന്നും മനസ്സിലായില്ല.ആ പേര് ദുരൂഹമായി മനസ്സിൽ നിന്നു.ആദ്യ ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയായ അയാൾ സ്റ്റാലിന്റെ ചാരനായിരുന്നു എന്ന് ഇന്ന് വ്യക്തമാണ്.

സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ ( കോമിന്റേൺ ) സെക്രട്ടറി ആയി വിരാജിച്ച ഇയാൾ മോസ്‌കോയിൽ നിന്ന് മടങ്ങിയത് 1945 ഒടുവിലാണ്.അപ്പോൾ , അതുവരെ  പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന ട്രൈക്കോ കോസ്തോവിനെ കൊന്ന കഥയാണ് പറയേണ്ടത്.1949 മാർച്ചിൽ ദിമിത്രോവ് അറസ്റ്റ് ചെയ്‌ത കോസ്തോവിനെ ദിമിത്രോവ് ജൂലൈയിൽ മരിച്ച ശേഷം ഡിസംബറിലാണ് വെടി വച്ച് കൊന്നത്.ദിമിത്രോവിനെ സ്റ്റാലിൻ കൊല്ലുകയായിരുന്നു എന്ന് പറയപ്പെടുന്നു.
ദിമിത്രോവ് 
സോവിയറ്റ് അധിനിവേശ സേനയുടെ സഹായത്തോടെ 1948 ലാണ് ബൾഗേറിയ പൂർണ കമ്മ്യൂണിസ്റ്റ് രാജ്യമായത്.രണ്ടാം ലോകയുദ്ധ ശേഷം വന്ന ഫാദർ ലാൻഡ് ഫ്രണ്ട് സർക്കാരിൽ ആഭ്യന്തര,നീതിന്യായ വകുപ്പുകൾ പാർട്ടിക്ക് കിട്ടിയത് പ്രതിയോഗികളെ ഒതുക്കാൻ സഹായിച്ചു.ജനകീയ കോടതികൾ സൃഷ്ടിച്ച് യുദ്ധകാല ക്രൂരതകൾ പറഞ്ഞ് 1944 ഡിസംബർ 20 -1945 ഫെബ്രുവരി ഒന്ന് വരെ ആദ്യ കൂട്ട വിചാരണ നടന്നു.100 ഉന്നതർക്ക് വധശിക്ഷ നൽകി.ഏപ്രിലിൽ വിചാരണ തീർന്നപ്പോൾ,11,122 പേരെ വിചാരണ ചെയ്‌ത്‌ 2730 പേരെ കൊന്നു.1305 പേർക്ക് ജീവപര്യന്തം.5119 പേർക്ക് 20 വർഷം വരെ.വിചാരണ ഇല്ലാതെ 30,000 പേരെ കൊന്നൊടുക്കിയെന്നു പറയുന്നു.ജർമനി കീഴടങ്ങി പട്ടാളക്കാർ മടങ്ങിയപ്പോൾ ഓഫീസർമാരെ മുഴുവൻ കൊന്നു.1945 നവംബർ നാലിന് ദിമിത്രോവ് തിരിച്ചെത്തി.ആ മാസം തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സഖ്യം ജയിച്ചു.1946 സെപ്റ്റംബറിലെ ഹിത പരിശോധനയെ തുടർന്ന് സിമയോൻ രണ്ടാമൻ സാർ ചക്രവർത്തിക്കും കുടുംബത്തിനും നാട് വിടേണ്ടി വന്നു.ഒക്ടോബർ 27 ന് ഭരണഘടനയ്ക്കുള്ള ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റിതര സഖ്യത്തിന് 28 % വോട്ട്  കിട്ടി,അഗ്രെറിയൻ പാർട്ടി നേതാവ് നിക്കോള പെറ്റ് കോവ് ശക്തനാകുന്ന നിലയുണ്ടായി..1947 ജൂണിൽ അയാളെ അറസ്റ്റ് ചെയ്‌ത്‌ സെപ്റ്റംബർ 23 ന് വെടി വച്ച് കൊന്നു.
പെറ്റ് കോവ് 
1934 മുതൽ 1943 വരെ കോമിന്റേൺ സെക്രട്ടറി ആയിരുന്ന ദിമിത്രോവ്,1946 മുതൽ മരണം വരെയാണ് ബൾഗേറിയൻ പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്നത്.മുതലാളിത്തത്തെപ്പറ്റിയുള്ള സൈദ്ധാന്തികനായ ദിമിത്രോവ്,ലെനിൻറെ ആശയങ്ങൾ വികസിപ്പിച്ചതായി പറയപ്പെടുന്നു;മുതലാളിത്തത്തിൻറെ ഏറ്റവും പ്രതിലോമ ശക്തികളുടെ ഏകാധിപത്യമാണ് ഫാഷിസം എന്നാണ് ഇയാൾ പറഞ്ഞത്.
ഗിയോർഗി മിഖയിലോവിച് ദിമിത്രോവ് ( 1882 -1949 ) എട്ടു മക്കളിൽ മൂത്തവൻ.ഓട്ടോമൻ മാസിഡോണിയയിൽ നിന്നുള്ള അഭയാർത്ഥികളുടെ മകൻ.അമ്മ പ്രൊട്ടസ്റ്റന്റ് ആയിരുന്നു.തലസ്ഥാനമായ സോഫിയയിൽ കമ്പോസിറ്റർ ആയ ദിമിത്രോവ് തൊഴിലാളി പ്രസ്ഥാനം വഴി കമ്മ്യൂണിസത്തിൽ എത്തി.1919 ൽ നിലവിൽ വന്ന പാർട്ടി ബോൾഷെവിസത്തോടും കോമിന്റേണിനോടും കൂറ് പ്രഖ്യാപിച്ചു.തൊഴിലാളി വിഭാഗം സെക്രട്ടറി ആയി ദിമിത്രോവ്;പാർലമെൻറ് അംഗവും.പ്രധാനമന്ത്രി അലക്‌സാണ്ടർ സ്റ്റാമ്പൊലിസ്‌കിയുടെ സർക്കാർ ( 1919 -23 ) അട്ടിമറിക്കപ്പെട്ടു.അഗ്രെറിയൻ യൂണിയൻ ആയിരുന്നു ഇയാളുടെ പാർട്ടി.പുതിയ ഭരണകൂടം ഇയാളെ പീഡിപ്പിച്ചു കൊന്നു.
സ്റ്റാമ്പൊലിസ്‌കി 
സോഫിയ സർവകലാശാല പൊളിറ്റിക്‌സ് പ്രൊഫസർ അലക്‌സാണ്ടർ സാങ്കോവ് ആയിരുന്നു പുതിയ മുന്നണി ഭരണകൂടത്തിൻറെ പ്രധാനമന്ത്രി.കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാമ്പൊലിസ്‌കിക്ക് ഒപ്പം നിൽക്കാതെ നിഷ്‌പക്ഷത പാലിച്ചത് കൊണ്ടാണ് അട്ടിമറി നടന്നത്.മുന്നണിയിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സംഘർഷത്തിൽ ആയിരുന്ന സാങ്കോവ്,1925 ൽ പാർട്ടിയെ നിരോധിച്ചു.ബോറിസ് ചക്രവർത്തിക്ക് എതിരായ വധശ്രമവും സെൻറ് നതേലിയ കത്തീഡ്രലിലെ ബോംബ് സ്ഫോടനവും ആയിരുന്നു,കാരണം.ഇയാളെ ഫാഷിസ്റ്റ് ആയി കോമിന്റേൺ മുദ്ര കുത്തി.1925 ഏപ്രിൽ 16 ന്,രണ്ടു ദിവസം മുൻപ് കമ്മ്യൂണിസ്റ്റുകൾ കൊന്ന ജനറൽ കോൺസ്റ്റാന്റിൻ ഗോർഗീവിന്റെ ശവമടക്ക് ചടങ്ങ് നടക്കുമ്പോൾ പള്ളിയുടെ മേൽക്കൂര പാർട്ടി ബോംബ് വച്ച് തകർക്കുകയായിരുന്നു;200 പേർ കൊല്ലപ്പെട്ടു.രാഷ്ട്രീയ,സൈനിക നേതാക്കൾ,എഡിറ്റർമാർ,പ്രൊഫസർമാർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.ലോകം ഞെട്ടി.കൊല കോമിന്റേൺ ആസൂത്രണം ചെയ്‌തതാണെന്ന് ഭരണകൂടം കണ്ടെത്തി.

സാങ്കോവിനെതിരെ  കലാപത്തിന് പാർട്ടി തീരുമാനിച്ചപ്പോൾ ചുമതല ദിമിത്രോവിന് നൽകി.അയാൾ അത് ഒരാഴ്ച വച്ച് താമസിപ്പിച്ച ശേഷം,നേതാക്കൾക്കൊപ്പം യുഗോസ്ലാവിയയിലേക്ക് കടന്നു.അസാന്നിധ്യത്തിൽ അയാൾക്ക് ബൾഗേറിയ വധശിക്ഷ നൽകി.കൂട്ടക്കൊലയിൽ പങ്കാളിയായിരുന്നു എന്നർത്ഥം.അപര നാമങ്ങളിൽ അയാൾ 1929 വരെ സോവിയറ്റ് യൂണിയനിൽ കഴിഞ്ഞു.അവിടന്ന് ജർമനിയിൽ എത്തി കോമിന്റേണിന്റെ മധ്യ യൂറോപ്യൻ ചുമതല ഏറ്റു.വില്ലി മുൻസൺബെർഗിനെ മാറ്റി 1932 ൽ യുദ്ധത്തിനും ഫാഷിസത്തിനും എതിരായ ലോകസമിതിയുടെ സെക്രട്ടറി ജനറൽ ആയി.കോമിന്റേൺ യുവജന വിഭാഗം മേധാവിയായിരുന്ന വില്ലി സോവിയറ്റ് ചാരൻ എന്ന നിലയിൽ മാർക്സിസ്റ്റ് സൈദ്ധാന്തികനും സ്റ്റാലിൻ വിരുദ്ധനുമായ വാൾട്ടർ ബെഞ്ചമിൻറെ കൊലയിൽ പങ്കുള്ളയാളാണെന്ന് ആരോപണമുണ്ട്.
കോസ്തോവ് 
ജർമൻ പാർലമെൻറ് റീഷ്സ്റ്റാഗ് തീവച്ചതിന് അടുത്ത കൊല്ലം ദിമിത്രോവ് അറസ്റ്റിലായി.ഈ കേസിൽ നാസിത്തലവൻ ഹെർമൻ ഗോറിങിന് എതിരെ സ്വയം വാദിച്ച ദിമിത്രോവ് ലോക സഖാക്കൾക്ക് നായകനായി.ഇത് ലിപ്‌സിഗ് വിചാരണ എന്നറിയപ്പെടുന്നു.അയാളെ മുക്‌തനാക്കി സോവിയറ്റ് യൂണിയനിലേക്ക് നാട് കടത്തി.1934 ൽ കോമിന്റേൺ സെക്രട്ടറി ആയത് സ്വാഭാവികം.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിൽ സ്റ്റാലിന് വേണ്ടി ഫാഷിസത്തിന് എതിരായ മുന്നണി സിദ്ധാന്തം ഇയാൾ നടപ്പാക്കി.22 വർഷത്തെ പ്രവാസത്തിന് ശേഷം  1945 ഒടുവിൽ നാട്ടിലെത്തി.കിമോൻ ജോർജീവിന് പകരം പ്രധാനമന്ത്രി ആയി.സോവിയറ്റ് പൗരനായി തുടർന്ന് യുഗോസ്ലാവിയയിലെ ടിറ്റോയുമായി,യുഗോസ്ലാവിയയും ബൾഗേറിയയും ചേർത്ത് ബാൽക്കൻ ഫെഡറേഷന് ചർച്ച നടത്തി.1947 ൽ കരാർ ഒപ്പിട്ടു.തെക്കൻ സ്ലാവുകളെ സഹായിക്കുകയായിരുന്നു ഉന്നം.ഇരു രാഷ്ട്രങ്ങളും അതിർത്തി വേണ്ടെന്നു വച്ചു.ബൾഗേറിയ യൂഗോസ്ലാവ് അധ്യാപകരെ സ്വീകരിച്ചു.

ഭാവി രാജ്യത്തിൻറെ കാര്യത്തിൽ ദിമിത്രോവും ടിറ്റോയും തർക്കമുണ്ടായി.ബൾഗേറിയയെ യൂഗോസ്ലാവ് പ്രവിശ്യയായി മാത്രം ടിറ്റോ കണ്ടു.മാസിഡോണിയ ബൾഗേറിയയുടെ ഭാഗം ആകുന്നതായിരുന്നു,ദിമിത്രോവിൻറെ സ്വപ്നം.മൊത്തം കിഴക്കൻ യൂറോപ്പിൽ ആധിപത്യം എന്ന സ്റ്റാലിന്റെ സ്വപ്നത്തിന് എതിരായിരുന്നു,ഈ നീക്കങ്ങൾ.ഇരുവരെയും സ്റ്റാലിൻ 1948 ൽ ചർച്ചയ്ക്ക് വിളിച്ചു;ദിമിത്രോവ് മാത്രം ക്ഷണം സ്വീകരിച്ചു.ടിറ്റോ പി ബി അംഗം എഡ്‌വേഡ്‌ കാർഥേൽജിനെ അയച്ചു.സ്റ്റാലിനും ടിറ്റോയും അകന്നത്,ദിമിത്രോവിന് കരാറിൽ നിന്ന് പിൻവാങ്ങാൻ കാരണമായി.അങ്ങനെയാണ് ദിമിത്രോവ് ഉന്മൂലനത്തിലേക്ക് തിരിഞ്ഞത്.1948 ലെ പാർട്ടി കോൺഗ്രസിൽ കത്തീഡ്രൽ കൂട്ടക്കൊല പാർട്ടി ചെയ്‌തതാണെന്ന് ദിമിത്രോവ് സമ്മതിച്ചു.ലിപ്‌സിഗ് വിചാരണയിൽ അയാൾ നിഷേധിച്ചിരുന്നു.

ട്രൈക്കോ കോസ്‌തോവ് ജുനേവ് ( 1897 -1949 ) പത്തു പേർക്കൊപ്പമാണ് വിചാരണ നേരിട്ടത്.പത്രപ്രവർത്തകനായ കോസ്തോവ്,രണ്ടാം ലോകയുദ്ധ ശേഷം നടന്ന ശീതസമരത്തിൻറെ ഇരയായിരുന്നു.ബൾഗേറിയൻ പാർട്ടിയിൽ മൂന്നാമനായ അദ്ദേഹത്തിന് യൂഗോസ്ലാവിയയിലെ ടിറ്റോയുമായുള്ള ചങ്ങാത്തം ദുരന്തമായി.
ജനറൽ സെക്രട്ടറി ,മന്ത്രിസഭാ സമിതി ആക്റ്റിംഗ് പ്രസിഡൻറ്,സാമ്പത്തിക സമിതി പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹത്തെ 1949 മാർച്ച് 31 ന് ആ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി.രണ്ടാഴ്ച കഴിഞ്ഞ് ബൾഗേറിയൻ നാഷനൽ ലൈബ്രറി ഡയറക്ടറാക്കി.ജൂൺ 11 -12 പ്ലീനത്തിൽ കോസ്‌താവിൻറെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെപ്പറ്റി വാസിലി കൊളറോവ് കുറ്റപത്രം അവതരിപ്പിച്ചു.1947 ൽ ദിമിത്രോവ് പുതിയ മന്ത്രിസഭ ഉണ്ടാക്കും വരെ താൽക്കാലിക പ്രസിഡൻറ് ആയിരുന്ന കൊളറോവ് 1945 ലാണ് ബൾഗേറിയയ്ക്ക് മടങ്ങിയത്.കോമിന്റേൺ ഭാരവാഹിയായിരുന്നു.

ദേശീയ വ്യതിയാനം വഴി സോവിയറ്റ് വിരുദ്ധ നിലപാടുകൾ കോസ്തോവിൽ നിന്നുണ്ടായി എന്നതായിരുന്നു കുറ്റം.ദിമിത്രോവിനെതിരെ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തി.സി സി യിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.ദേശീയ അസംബ്ലി അംഗത്വത്തിൽ നിന്ന് നീക്കി.ജൂൺ 20 ന് അറസ്റ്റ് ചെയ്‌തു.ഡിസംബർ ഏഴു മുതൽ 14 വരെ ഇയാളെയും പത്ത് ഉന്നത നേതാക്കളെയും സുപ്രീം കോടതി വിചാരണ ചെയ്‌തു.കോസ്തോവിന് വധശിക്ഷ നൽകി രണ്ടു നാൾ കഴിഞ്ഞ് വെടി വച്ച് കൊന്നു.
കോസ്തോവ് അണ്ടർ ഗ്രൗണ്ട് കേന്ദ്രം സ്ഥാപിച്ച് ദിമിത്രോവ് ഭരണകൂടത്തെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് കോടതിയിൽ ആരോപിച്ചിരുന്നു.ബ്രിട്ടീഷ്,അമേരിക്കൻ,യൂഗോസ്ലാവ് ചാര സംഘടനകൾക്ക് വഴങ്ങി,സോവിയറ്റ് യൂണിയനെ പ്രകോപിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ചാർത്തി.ബൾഗേറിയൻ പുകയില കുറഞ്ഞ വിലയ്ക്ക് വാങ്ങി സോവിയറ്റ് യൂണിയൻ വലിയ വിലയ്ക്ക് ലോക കമ്പോളത്തിൽ വിറ്റിരുന്നു. .ഈ നയത്തെയും കോസ്തോവ് എതിർത്തെന്ന് കോടതി കണ്ടെത്തി.എഴുതി  നൽകിയ കുറ്റസമ്മതം കോസ്തോവ് പിൻവലിച്ചു.അസാന്നിധ്യത്തിൽ ആയിരുന്നു വിചാരണ.മന്ത്രിമാരും ഉന്നത പാർട്ടി ഭാരവാഹികളുമായിരുന്നു,ഒപ്പം വിചാരണ ചെയ്യപ്പെട്ട പത്തു പേർ.അവർക്ക് 12 -15 കൊല്ലം തടവ് കിട്ടി.1950 ലും 51 ലും കോസ്തോവ് പക്ഷക്കാർ വിചാരണ നേരിട്ടു.സ്റ്റാലിനെ ക്രൂഷ്ചേവ് നിരാകരിച്ച ശേഷം,1956 ഏപ്രിൽ 11 ന് വ്യക്തിപൂജ തെറ്റെന്ന് ബൾഗേറിയൻ പാർട്ടി കണ്ടെത്തി.
കോസ്തോവിനൊപ്പം ശിക്ഷ കിട്ടിയവർ:

  • ധനമന്ത്രി സ്‌റ്റെഫാനോവ് ഹാഡ്ഷിമറ്റിവ് ( ജീവപര്യന്തം )
  • നിർമാണമന്ത്രി നിക്കോള പാവ്‌ലെവ് കോലീവ് ( ജീവപര്യന്തം )
  • സാമ്പത്തിക സമിതി ഉപാധ്യക്ഷൻ നിക്കോള നചേവ് പെറ്റ്കോവ് (ജീവപര്യന്തം )
  • റഷ്യയിലെ വാണിജ്യ പ്രതിനിധി ബോറിസ് അൻഡോനോവ് ഹ്രിസ്റ്റോവ് ( 15 കൊല്ലം )
  • ദേശീയ ബാങ്ക് ഗവർണർ സോൻയു സ്‌റ്റെഫാനോവ് സോൻചേവ് ( 15 വർഷം )
  • റബർ ഡയറക്ടർ ഇവാൻ സ്ലാവോവ് ഗാവ്രനോവ് (ജീവപര്യന്തം )
  • വിദേശ വാണിജ്യ ഡയറക്ടർ ഇവാൻ ജോർജീവ് ട്യൂട്ടേവ് ( ജീവപര്യന്തം )
  • യൂഗോസ്ലാവ് എംബസി കൗൺസലർ ബ്ലാഗോയ് ഇവാനോവ് ഹദ്‌ഴിപാൻസോവ് ( 15 വർഷം )
അലക്‌സാണ്ടർ സോൾഷെനിത് സിൻ എഴുതിയ In the First Circle നോവലിൽ ഈ വിചാരണയെ അപരിഷ്‌കൃതമായ നീതിന്യായ പ്രഹസനം എന്ന് വിശേഷിപ്പിക്കുന്നു.
മോസ്‌കോയ്ക്കടുത്ത ബാർവിഖ സാനറ്റോറിയത്തിൽ 1949 ജൂലൈ രണ്ടിനായിരുന്നു ദിമിത്രോവിൻറെ മരണം.വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയിക്കുന്നു.ടിറ്റോയുമൊത്തുള്ള ദിമിത്രോവിൻറെ ബാൽക്കൻ കളി സ്റ്റാലിന് പിടിച്ചില്ല എന്ന് നാം കണ്ടതാണ്;വിഭാഗീയത മൊത്തത്തിൽ കോസ്തോവിന്റെ തലയിൽ ദിമിത്രോവ് കെട്ടി വച്ചെന്നും കണ്ടു.യുഗോസ്ലാവിയയും ബൾഗേറിയയും ചേർന്നാൽ മോസ്‌കോയ്ക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.
സ്റ്റാലിനൊപ്പം ദിമിത്രോവ് 
സ്റ്റാലിന്റെ പാവ പ്രധാനമന്ത്രിമാരിൽ,രാജ്യാന്തര ശൃംഖലയുള്ള ദിമിത്രോവ്,അസാധാരണൻ ആയിരുന്നു -എപ്പോഴും കൈയിൽ ഡയറി സൂക്ഷിച്ചു.ജർമനിയിലും മോസ്കോയിലും ബൾഗേറിയയിലും അയാൾ ഡയറി എഴുതി.സാഹിത്യ മൂല്യമില്ലാത്തതിനാൽ ആരും അവ വായിക്കില്ല.ഇവോ ബനാക് എഡിറ്റ് ചെയ്‌ത്‌ യേൽ യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച The Diary of Georgi Dimitrov ( 2003 ) സ്റ്റാലിനുള്ള അന്ത്യമാല്യമായി കരുതാം.അധികാരത്തിലിരിക്കെ സ്റ്റാലിൻ മാധ്യമ അഭിമുഖങ്ങൾ നൽകിയില്ല.സ്റ്റാലിന്റെ സംഭാഷണവും പെരുമാറ്റവും നന്നായി രേഖപ്പെടുത്തിയത്,മിലോവൻ ജിലാസ് Conversations with Stalin -ൽ ആണ്.സ്റ്റാലിനുമായി പലവട്ടം സംസാരിച്ച ദിമിത്രോവ് സ്റ്റാലിനെ വിമർശിക്കുന്നില്ല.ചെയ്തെങ്കിൽ ജീവിച്ചിരിക്കില്ല.വിദേശ കമ്മ്യൂണിസ്റ്റുകളെ ധാരാളം സ്റ്റാലിൻ കൊന്നൊടുക്കിയിരുന്നു.ദിമിത്രോവ് ആകെ തകർന്ന് ക്ഷീണിച്ച് നേരത്തെ പ്രായമായ മട്ടിൽ ആയിരുന്നെന്ന് ജിലാസ് രേഖപ്പെടുത്തിയിട്ടുണ്ട്.സ്റ്റാലിന്റെ സവിധത്തിൽ ഭയന്നാവണം അയാൾ ജീവിച്ചത്.1939 ൽ സ്റ്റാലിനും ഹിറ്റ്ലറും പോളണ്ട് രണ്ടു വശത്തു നിന്ന് ആക്രമിച്ച് വിഭജിക്കാൻ കരാറുണ്ടാക്കിയതാണ്,രണ്ടാം ലോക യുദ്ധം സൃഷ്ടിച്ചത്.അതിൽ വിഷമം ഇല്ലാതെ,1939 സെപ്റ്റംബറിൽ  സ്റ്റാലിൻ പറഞ്ഞു:

A war is on between two groups of capitalist countries.We see nothing wrong in their having a good hard fight and weakening each other. Hitler, without understanding it or desiring it, is shaking and undermining the capitalist system.

ഹിറ്റ്‌ലർ സ്വയം അറിയാതെ മുതലാളിത്തത്തെ തകർക്കുകയാണെന്നാണ്,കമ്മ്യൂണിസ്റ്റ് ഏകാധിപതി കണ്ടത്.മുപ്പതുകളിൽ ട്രോട് സ്‌കിയെപ്പോലെ വലിയ നേതാക്കളെ കൊന്ന സ്റ്റാലിൻ കൂടുതൽ പേരെ കൊല്ലാൻ ആലോചിച്ചിരുന്നു.1937 നവംബർ 11 ലെ സ്റ്റാലിന്റെ സംഭാഷണം ദിമിത്രോവ് രേഖപ്പെടുത്തുന്നു:

We shall probably arrest Stasova, too. Turned out she's scum. Kirsanova is very closely involved with Yakovlev. She's scum ... Muntzenberg is a Trotskyite. If he comes here, we'll certainly arrest him. Try and lure him here.

ഈ നാലിൽ ആദ്യ രണ്ടിനെ കൊന്നില്ല.യാക്കോവ്  ലെവിനെ കൊന്നു.ജർമൻ കമ്മ്യൂണിസ്റ്റ് മുൻസൺബെർഗിനെ 1940 ൽ സ്റ്റാലിന്റെ ചാരന്മാർ ഫ്രാൻസിൽ കൊന്നു.ജർമനിയിൽ 1921 ൽ കോമിന്റേൺ പ്രതിനിധി ആയിരുന്നു,എലേന സ്റ്റാസോവ ( 1873 -1966 ).1927 -37 ൽ രാജ്യാന്തര റെഡ് എയിഡ് പ്രസിഡന്റായിരുന്നു.1946 വരെ International Literature പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു.സ്റ്റാസോവയ്‌ക്കൊപ്പം കോമിന്റേണിൽ പ്രവർത്തിച്ച പഴയ ബോൾഷെവിക് ആയിരുന്നു,കെ ഐ കിർസനോവ.പഴയ ബോൾഷെവിക് ചരിത്രകാരനും പത്രപ്രവർത്തകനുമായ എമേലിയൻ ഇയറോസ്ലാവിസ്കിയുടെ ഭാര്യ.സ്ത്രീകൾ സോഷ്യലിസത്തിൽ എന്ന വിഷയത്തിൽ പുസ്തകങ്ങൾ എഴുതി.
യാക്കോവ് യാക്കോവ്ലെവ് ( 1896 -1938 ) ജൂതനായ യുക്രൈൻ കമ്മ്യൂണിസ്റ്റ്.റഷ്യൻ എഴുത്തുകാരനും ഡോക്ടറുമായ അലക്‌സാണ്ടർ ബോഗ്‌ദനോവിനെ പ്രവദ യിലെ മെൻഷെവിക് എന്നു വിളിച്ച് ആക്രമിച്ചത് ഇയാൾ ആയിരുന്നു.1929 മുതൽ നിർബന്ധിത കൂട്ടുകൃഷിയുടെ കമ്മിസാർ ആയിരുന്നു.1937 ൽ ബെലാറസിൽ സ്റ്റാലിന് വേണ്ടി ഉന്മൂലനം നടത്തി.അടുത്ത വർഷം അയാളെ ഉന്മൂലനം ചെയ്‌തു.
യാക്കോവ് 
1937 നവംബറിൽ തന്നെ ഒരു പരേഡിന് ശേഷം സ്റ്റാലിൻ  26 ഉന്നതരെ വിളിച്ച്,ചിന്ത കൊണ്ടോ കർമം കൊണ്ടോ സോവിയറ്റ് ഐക്യത്തെ തകർക്കാൻ ശ്രമിച്ചാൽ കൊന്നു കളയുമെന്ന് മുന്നറിയിപ്പ് നൽകി.എല്ലാവരും കൈയടിച്ചു.ഒരിക്കൽ ദിമിത്രോവ്,സ്റ്റാലിന്റെ മഹത്വം കൊണ്ടാണ് സോവിയറ്റ് യൂണിയൻ കരുത്താർജിച്ചതെന്ന് പ്രകീർത്തിച്ചു.കീർത്തനം കൂടുതൽ കേൾക്കാൻ,അല്ല,ഇടത്തരം കേഡർമാരാണ് അതിന് കാരണമെന്നായി സ്റ്റാലിൻ.വോഡ്‌കയുടെ ലഹരിയിൽ അത് തുടർന്നു.ഇത് കേട്ട് കൊണ്ടിരുന്ന ചെറുകിട കമ്മിസാർ പ്രശ്‍നം ഇങ്ങനെ തീർത്തു:"രണ്ടിൻറെയും ഉഗ്രൻ മിശ്രമാണ് നമുക്കുള്ളത്;വലിയ നേതാവും ഇടത്തരം അണികളും."
ആ ചെറുകിട കമ്മിസാർ ക്രൂഷ്ചേവ് ആയിരുന്നു ! അയാൾ ഉയരും വരെ ദിമിത്രോവ് ജീവിച്ചില്ല.
ദിമിത്രോവിൻറെ ജഡം 
ബൾഗേറിയ മാർക്‌സിസം വിട്ടു;ലെനിൻറെ കൂറ്റൻ പ്രതിമ തകർത്തു.സോഫിയ സ്‌ക്വയറിലെ മൗസോളിയത്തിൽ തൈല ലേപനം ചെയ്‌ത്‌ സൂക്ഷിച്ച ദിമിത്രോവിൻറെ ജഡം,1990 ൽ സംസ്‌കരിച്ചു.അത് കൊണ്ടുപോകുമ്പോൾ പ്രകടനക്കാർ ഉച്ചത്തിൽ പറഞ്ഞു:അത് നാറുന്നു!
ഒന്നര മീറ്റർ കനമുള്ള ഭിത്തിയിൽ പണിത മാർബിൾ മൗസോളിയം പിന്നെയും നിന്നു.1999 ൽ എൻജിനിയർമാർ അത് ഡയനാമിറ്റ് വച്ച് തകർക്കാൻ നോക്കി.മൂന്ന് സ്‌ഫോടനങ്ങളിൽ അത് തകരാതെ നിന്നു.അടുത്തുള്ള കെട്ടിടങ്ങളുടെ ജനാലകൾ തകർന്നു.അവരുടെ കഴിവില്ലായ്‌മ ദേശീയ ഹാസ്യമായി.ഒന്നൊന്നായി പത്തു നാൾ കൊണ്ട് അത് പൊളിക്കുമ്പോൾ,ജനം കൂവി.പൊളിക്കാൻ നിയുക്തനായ ഉദ്യോഗസ്ഥനെ മിടുക്കൻ ഗെഞ്ചോ എന്ന് വിളിച്ചു.

See https://hamletram.blogspot.com/2019/08/blog-post_17.html





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...