ഗാന്ധി കാണാത്ത മാപ്പിള ലഹള
സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ
5.ഗാന്ധിക്ക് വഴി തെറ്റി
പ്രവർത്തകർ തന്നെ സ്വയം ഭരണഘടനാധികാരത്തിനെതിരെ കലാപം പ്രഖ്യാപിച്ചാൽ,അതിനെ നശിപ്പിക്കാൻ ദത്തശ്രദ്ധരായാൽ,പ്രവർത്തനം അഹിംസാത്മകമാകുന്നതെങ്ങനെ ?
അധികാരികൾ തങ്ങളെ വെടിവയ്ക്കാൻ ഉതകും വിധമുള്ള നിസ്സഹകരണ സമരം നടന്നാൽ അത് അഹിംസാത്മകമാകുമോ ?
മുസ്ലിംകൾ പിന്തുടരുന്നത് അക്രമോൽസുകമായ മതമാണെന്ന് നമുക്കറിയാം.അവർ മതപരമായ നിയമം എന്ന് കരുതുന്ന ഒന്നിനായി ആ മതം ബലപ്രയോഗം അനുശാസിക്കുകയും അനുവദിക്കുകയും ചെയ്യുന്നു.നിസ്സഹകരണ പ്രവർത്തകരുടെ സ്വഭാവമനുസരിച്ച് രക്തച്ചൊരിച്ചിലിൽ മാത്രം അവസാനിക്കുന്ന കലാപങ്ങൾ ഉറപ്പാണ്.നിസ്സഹകരണ സമരത്തിന് ഇന്ത്യയെ വിവിധ കോൺഗ്രസ് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്.കോൺഗ്രസ് തത്വങ്ങൾ പിന്തുടരാൻ പ്രതിജ്ഞ ചെയ്തവർ അടങ്ങിയതാണ് കോൺഗ്രസ് കമ്മിറ്റികൾ.സന്നദ്ധ സംഘടനകളും ഉണ്ടാക്കി.ജാലിയൻ വാലാബാഗ്,ഖിലാഫത് പ്രശ്നങ്ങൾ ഉന്നയിച്ച് ജനത്തെ ബോധവൽക്കരിക്കാനും അത് വഴി സ്വരാജിലേക്ക് വഴി തെളിക്കാനുമാണ് ഈ സമിതികൾ."സമാധാനപരമായ " മാർഗങ്ങളാണ് സ്വരാജ് കൈവരിക്കാനുള്ള നിസ്സഹരണ സമരത്തിന് ആവിഷ്കരിച്ചിട്ടുള്ളത്.മൿഫേഴ്സൺ നടത്തിയ പ്രസംഗത്തിൽ ആ മാർഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
ഷൗക്കത് അലിയും ഭാര്യയും,1932 |
സമാധാനപരമായി തുടങ്ങി പൊടുന്നനെ അത് അക്രമത്തിലേക്ക് തിരിയുന്നു;മുസ്ലിം വികാരങ്ങൾ ഉണ്ടെങ്കിൽ ഈ പ്രവണത സഹിക്കാൻ കഴിയില്ല.ഭരണഘടനാധികാര കേന്ദ്രത്തിനോടുള്ള എതിർപ്പ് അവരെ അക്രമത്തിലേക്ക് നയിക്കുന്നു.പൂർണതയുടെ പ്രണേതാവായ ഗാന്ധിയുടെ ഉത്തരവനുസരിച്ച് അധികാരികളുടെ അക്രമത്തിന് കീഴ്‌പ്പെടുന്നതിന് പകരം,അവർ തിരിച്ചടിക്കുന്നു -കൊലകളാണ് ഇതിൻറെ ഫലം.ബീഹാർ നിയമസഭയിൽ മൿഫേഴ്സൺ* ഇത് നന്നായി വിശദീകരിച്ചിട്ടുണ്ട്.
മൿഫേഴ്സന്റെ പ്രസംഗം,24 ജനുവരി 1922 :
"എന്താണ് നിസ്സഹകരണ പ്രസ്ഥാനത്തിൻറെ സത്ത ?എന്താണ് അതിൻറെ ആത്യന്തിക ലക്ഷ്യവും രീതികളും ?
"അലഹബാദിലോ ബനാറസിലോ ഗാന്ധി 1920 ൽ ഇത് ആദ്യം പറഞ്ഞപ്പോൾ,ഇതിൻറെ ലക്ഷ്യങ്ങൾ ഭരണഘടനാ വിരുദ്ധവും രീതികൾ നിയമവിരുദ്ധവും എനിക്ക് സംശയമില്ലായിരുന്നു.അതിൻറെ നടപ്പാക്കൽ അക്രമത്തിലും അരാജകത്വത്തിലും കലാശിക്കുമെന്ന് ഉറപ്പായിരുന്നു.നേതാക്കളുടെ അഹിംസാ വചനങ്ങൾ വീൺവാക്കുകളാകും.അതിൻറെ അപ്രസക്തമായ ആദ്യഘട്ടം നോക്കേണ്ടതില്ല.പദവികൾ വേണ്ടെന്ന് വയ്ക്കുക,സ്‌കൂളുകളും കോളജുകളും ബഹിഷ്കരിക്കുക,വക്കീൽമാർ പ്രാക്ടീസ് വേണ്ടെന്ന് വയ്ക്കുക ഒക്കെയായിരുന്നു അപ്പോൾ നിസ്സഹകരണം.ഇവ പ്രത്യേകിച്ചും യുവാക്കൾക്ക് ദോഷം ചെയ്തു.ഈ ഘട്ടത്തിൽ തന്നെ അക്രമങ്ങൾ നടന്നു.സാമൂഹിക ബഹിഷ്കരണ ഭീഷണിയും സാമുദായിക സ്പർദ്ധയും വ്യക്തികളെ ബാധിച്ചു.ഈ പ്രസ്ഥാനത്തെ മൊത്തമായി എടുക്കാം.അതിൻറെ അവസാനഘട്ടങ്ങൾ വച്ച് വിലയിരുത്താം.അത് രാജ്യ നിയമങ്ങൾക്കും പോലീസിനും കോടതിക്കും എതിരെ നിന്നു ; പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു.കോടതികൾ പിക്കറ്റ് ചെയ്തു,പട്ടാളക്കാരോട് കൂറുമാറാൻ ആഹ്വാനം ചെയ്തു,നികുതിയും വാടകയും നൽകാൻ വിസമ്മതിച്ചു.
"പ്രസ്ഥാനത്തെ ആത്യന്തിക ലക്ഷ്യം വച്ച് വിലയിരുത്താം.അത് സർക്കാരിനെ മരവിപ്പിക്കലും അട്ടിമറിക്കലുമാണ്. ഇതിൻറെ അനിവാര്യ ഫലം,അരാജകത്വവും ചോരപ്പുഴയും സകല സമുദായങ്ങൾക്കും ദുരിതവുമാണ്.ഇത് വിജയിച്ചാൽ ( അങ്ങനെ സംഭവിക്കാതിരിക്കട്ടെ ) അതിൻറെ ഫലം ഇന്ത്യ അക്രമ വംശങ്ങളുടെ ഇരയാവുക എന്നതായിരിക്കും.അവർ അതിർത്തിക്ക് ചുറ്റുമുണ്ട്,മധ്യേഷ്യയിലെ വിശപ്പുള്ള ഗോത്രങ്ങൾ ചരിത്രത്തിൽ പല കുറി ഇന്ത്യയെ ആക്രമിച്ചിട്ടുമുണ്ട്.ഇന്ത്യയിൽ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കലാണ് ലക്ഷ്യം എന്നിരിക്കെ,അതിൻറെ നേതാക്കളും അനുയായികളും അഹിംസാ പ്രതിജ്ഞ ഒപ്പിട്ടിട്ടുണ്ട് എന്ന് പറയുന്നതിന് എന്തർത്ഥം ? ആ പ്രതിജ്ഞ വെറും പ്രഹസനമാണ്.അത് നൂറു വട്ടം ലംഘിച്ചു കഴിഞ്ഞു.പ്രസ്ഥാനം നീളുന്തോറും,ലംഘനം പരിധി വിടും."
-------------------------------
നടന്ന കലാപങ്ങളെല്ലാം ഇത് തെളിയിച്ചു കഴിഞ്ഞു.മലബാർ കുപ്രസിദ്ധിക്ക് ഒന്നാം സ്ഥാനത്താണ്.അവിടെ കോൺഗ്രസ്,ഖിലാഫത്ത് കമ്മിറ്റികളുണ്ടാക്കി.ഗാന്ധിയും ഷൗകത്ത് അലിയും അവിടെയെത്തി.പ്രഘോഷണങ്ങൾ നടത്തി ,അതിൻറെ മാരക ഫലങ്ങളുണ്ടായി.മുസ്ലിംകൾക്ക് സ്വരാജ് രണ്ടാം ലക്ഷ്യം മാത്രമായിരുന്നു.ഒന്നാം ലക്ഷ്യം ഖലീഫക്കെതിരായ കുറ്റം പരിഹരിക്കലും രാജ്യത്ത് ഖിലാഫത്ത് ഭരണകൂടം സ്ഥാപിക്കലുമാണ്.അതിനാൽ സർക്കാർ ചില ഖിലാഫത്ത് നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടപ്പോൾ,മുസ്ലിംകൾ ഒറ്റക്കെട്ടായി കലാപം നടത്തുകയും അതിൽ ചേരാൻ ഹിന്ദുക്കളെ ക്ഷണിക്കുകയും ചെയ്തു.
ഹിന്ദുക്കൾ ഒരു സമൂഹമായി തന്നെ കൂറ് കാട്ടി.ഫലം മുസ്ലംകൾക്കും ഹിന്ദുക്കൾക്കും ദോഷകരമായിരുന്നു.രണ്ടായിരത്തിലധികം മുസ്ലിംകളെ സൈന്യം കൊന്നതായാണ് കണക്ക്.ആയിരങ്ങൾ മറ്റു തരത്തിലും കൊല്ലപ്പെട്ടു.പരുക്കേറ്റവർ ഇതിലധികം.വെട്ടിക്കൊല്ലപ്പെട്ടവരും ജീവനോടെ തൊലിയുരിക്കപ്പെട്ടവരും കശാപ്പിന് മുൻപ് സ്വന്തം ശവക്കുഴി തോണ്ടാൻ വിധിക്കപ്പെട്ടവരുമായ ഹിന്ദുക്കൾ ആയിരങ്ങൾ വരും.സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടത് നൈമിഷിക ആവേശത്തള്ളിച്ചയിൽ മാത്രമല്ല.ആസൂത്രിതമായി മാസങ്ങൾ അവരെ കൈമാറി.കണക്കു കൂട്ടി അവരോട് ചെയ്ത കിരാതത്വത്തിന് ചരിത്രത്തിൽ സമാനതകളില്ല.
ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.ഇതെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ പേരിലും അതിന് വേണ്ടിയും ആയിരുന്നു.ഗാന്ധിയുടെയും ഷൗക്കത് അലിയുടെയും വരവിനെ തുടർന്നായിരുന്നു,ഇത്.അതിനെ തുടർന്നാണ് ഖിലാഫത്ത് സമിതികൾ വന്നത്.അവർ അധികാരികളുടെ ഇടപെടലില്ലാതെ പരസ്യമായി പ്രവർത്തിച്ചു.ഇന്ത്യ സർക്കാർ മദ്രാസ് സർക്കാരിനെ ഖിലാഫത്ത് സമരക്കാരെ നേരിടുന്നതിൽ നിന്ന് വിലക്കി.സർക്കാരും ഭീകരതയ്ക്ക് ഉത്തരവാദി തന്നെ.
-----------------------------------------------------
* മൿഫേഴ്സൺ:സർ ഹ്യൂഗ് മൿഫേഴ്സൺ ( 1870 -1960 ):ബിഹാർ -ഒറീസ ചീഫ് സെക്രട്ടറി ( 1915 -1919 ) എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ( 1921 -1925 ),ആക്ടിങ് ഗവർണർ ( 1926 ).കേന്ദ്ര ആഭ്യന്തര സെക്രട്ടറി ( 1919 -1920 ).1889 ൽ ഐ സി എസ് നേടി.സ്കോട് ലൻഡിൽ ജനിച്ചു.ഓക്സ്ഫഡിൽ പഠിച്ചു.
No comments:
Post a Comment