വാരിയൻകുന്നൻറെ കശാപ്പുശാല / ആമുഖം
രാമചന്ദ്രൻ
മാപ്പിളമാരുമായി 1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയിൽ ഏറ്റുമുട്ടിയ ബ്രിട്ടീഷ് പട്ടാളം പിൻവാങ്ങിയതായിരുന്നു,മാപ്പിള ലഹളയിലെ വഴിത്തിരിവ്.അതിന് മുൻപ്,പൂക്കോട്ടൂരിൽ മഞ്ചേരി സി ഐ എം നാരായണ മേനോനെ 1921 ഓഗസ്റ്റ് ഒന്നിന് വടക്കേ വീട്ടിൽ മുഹമ്മദിൻറെ നേതൃത്വത്തിൽ 2000 മാപ്പിളമാർ നേരിടുകയും അദ്ദേഹം ഭയന്ന് മലപ്പുറത്തേക്ക് പിൻവാങ്ങുകയും ചെയ്തതായിരുന്നു,ലഹളയുടെ തുടക്കം.നിലമ്പൂർ ആറാം തിരുമുല്പാടിൻറെ പൂക്കോട്ടൂർ കോവിലകത്തു നിന്ന് ഒരു തോക്ക് കളവ് പോയത് അന്വേഷിക്കാൻ ചെന്നതായിരുന്നു,മേനോൻ.പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദ്, ആലി മുസലിയാരുടെ വിശ്വസ്തനും പൂക്കോട്ടൂർ കോവിലകം വക എസ്റ്റേറ്റിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരനും ആയിരുന്നു.ലഹളയിൽ മുഹമ്മദും സംഘവും പിന്നീട്,പൂക്കോട്ടൂർ കോവിലകം തന്നെ ആക്രമിച്ചു.
തിരൂരങ്ങാടിയിൽ മുസലിയാരും താനൂരിൽ കുഞ്ഞിഖാദറും ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിമാർ ആയിരുന്നു;മലപ്പുറത്ത് കുഞ്ഞിക്കോയ തങ്ങൾ കമ്മിറ്റി പ്രസിഡൻറ് ആയിരുന്നു.
1920 ഡിസംബർ 26 മുതൽ 30 വരെ സി വിജയരാഘവാചാരിയുടെ അധ്യക്ഷതയിൽ നാഗ് പൂരിൽ നടന്ന കോൺഗ്രസ് സമ്മേളനം,ഗാന്ധിയുടെ നിർദേശപ്രകാരം,നിസ്സഹകരണ പ്രമേയം പാസാക്കി.വിജയരാഘവാചാരി പിന്നീട് കോൺഗ്രസ് വിട്ടു.വിദേശ വസ്തുക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമ നിർമാണ സഭകളും കോടതിയും ബഹിഷ്കരിച്ചു കൊണ്ടുള്ള,അഹിംസാത്മകമായ നിസ്സഹകരണമാണ്,ഗാന്ധി ഉപദേശിച്ചത്.ഈ സമ്മേളനത്തിൽ അനാവശ്യമായ ഒന്ന് കൂടി സംഭവിച്ചു -ഖിലാഫത്ത് പ്രശ്നത്തെ പിന്താങ്ങി.ഒന്നാം ലോകയുദ്ധത്തിൽ ജർമനിക്കൊപ്പം നിന്ന തുർക്കി സുൽത്താനെ യുദ്ധ ശേഷം ബ്രിട്ടൻ പുറത്താക്കിയിരുന്നു.ഇസ്ലാം ഖലീഫ ആയിരുന്നു.സുൽത്താൻ.തുർക്കിക്ക് വേണ്ടാത്ത സുൽത്താനെ ഇവിടെ തീവ്ര മുസ്ലിംകൾ പൊക്കിപ്പിടിച്ചു നടന്നു.മുഹമ്മദാലി ജിന്ന ഖിലാഫത്തിന് എതിർ നിന്നപ്പോൾ,മുഹമ്മദാലി -ഷൗക്കത്ത് അലി സഹോദരന്മാരെ ഗാന്ധി കൂടെ കൂട്ടി.
നാഗ് പൂർ സമ്മേളനം കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തു.21 വയസ്സിന് മുകളിലുള്ള ആർക്കും കോൺഗ്രസിൽ അംഗമാകാം;ഇത് 1921 ൽ 18 ആയി കുറച്ചു.
മഞ്ചേരിയിൽ 1920 ഏപ്രിൽ 28 ന് നടന്ന കോൺഗ്രസ് - ഖിലാഫത്ത് സമ്മേളനം ലഹളയുടെ ആരംഭ ദിനമായി കണക്കാക്കാം.ഇതിൽ ആനി ബസന്റ്,സർക്കാരുമായി സഹകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു.എം പി നാരായണ മേനോൻ അതിനെതിരെ സംസാരിച്ചു.പ്രമേയം പരാജയപ്പെട്ടു.മേനോൻ, കുടിയാൻ പ്രശ്നവും ഉയർത്തി.
ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും 1920 ഓഗസ്റ്റിൽ മലബാറിൽ എത്തി.ഇതിന് പിന്നാലെ,കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഖിലാഫത്ത് കമ്മിറ്റികൾ ഉണ്ടായി.അവ,മുഹമ്മദ് അബ്‌ദു റഹിമാന്റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലായി.
ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന് നാഗ് പൂർ സമ്മേളനം തീരുമാനിച്ചിരുന്നു.1921 ജനുവരിയിൽ,കെ പി സി സി നിലവിൽ വന്നു.കെ മാധവൻ നായർ ആദ്യ സെക്രട്ടറി.ഇതിന് കീഴിൽ,കോഴിക്കോട്,തലശ്ശേരി,പാലക്കാട്,കൊച്ചി,തിരുവിതാംകൂർ എന്നീ ജില്ലാ കമ്മിറ്റികൾ.കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ,കോഴിക്കോട്,പൊന്നാനി,ഏറനാട്,വള്ളുവനാട് താലൂക്ക് കമ്മിറ്റികൾ.കെ പി സി സി ഓഫിസും ജില്ലാ കമ്മിറ്റി ഓഫിസും ഒരേ കെട്ടിടത്തിൽ ആയിരുന്നു.എം പി നാരായണ മേനോൻ മൂന്ന് മാസം മാത്രം സംഘടനാ സെക്രട്ടറി.1921 മേയിൽ മേനോൻ ഏറനാട് താലൂക്ക് സംഘടനാ സെക്രട്ടറിയായി.
മദ്രാസിലെ മുസ്ലിം ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസ്സൻ 1921 ഫെബ്രുവരി 15 ന് കോഴിക്കോട്ടെത്തി.അദ്ദേഹം പ്രസംഗിക്കേണ്ട പൊതുയോഗം സർക്കാർ നിരോധിച്ചു.നിരോധനാജ്ഞ ലംഘിച്ചു പ്രസംഗിച്ച യു ഗോപാല മേനോൻ,കെ മാധവൻ നായർ,പി മൊയ്തീൻ കോയ എന്നിവരെ അറസ്റ്റ് ചെയ്ത് ആറു മാസം തടവിലിട്ടു.കോൺഗ്രസുകാരൻ അല്ലാത്ത വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ഇവർക്കൊപ്പം നോട്ടീസ് കിട്ടി.മാധവൻ നായരുടെ ഒഴിവിൽ കെ പി കേശവ മേനോൻ സെക്രട്ടറിയായി.ഗോപാല മേനോൻ ജില്ലാ സെക്രട്ടറി.
ആദ്യ അഖില കേരള കോൺഗ്രസ് സംസ്ഥാന സമ്മേളനം 1921 ഏപ്രിൽ 23 ന് നടന്നു.ടി പ്രകാശം അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സമ്മേളനത്തോടൊപ്പം കുടിയാൻ,ഖിലാഫത്ത്,വിദ്യാർത്ഥി സമ്മേളനങ്ങൾ നടന്നു.ഇൻഡിപെൻഡൻറ് പത്രാധിപർ ബാരിസ്റ്റർ ജോർജ് ജോസഫ്, വിദ്യാർത്ഥി സമ്മേളന അധ്യക്ഷനായി.നാഗ് പൂർ സമ്മേളനം അംഗീകരിച്ച അക്രമരഹിത നിസ്സഹകരണത്തെ ഒറ്റപ്പാലം സമ്മേളനം പിന്താങ്ങി.കുടികിടപ്പ് നിയമ പരിഷ്കരണം സംബന്ധിച്ച പ്രമേയം ഉപേക്ഷിച്ചു.
ആലി മുസലിയാർ നിയോഗിച്ച ഖിലാഫത്ത് സംഘം ജില്ലാ പോലീസ് സൂപ്രണ്ട് ആർ എച്ച് ഹിച്ച്കോക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമായി ഉരസി.
ഗാന്ധിയുടെ നിസ്സഹകരണ പ്രക്ഷോഭത്തിന്, കോൺഗ്രസിലെ മിതവാദികൾ എതിരായിരുന്നു.ഒറ്റപ്പാലം സമ്മേളനം നടന്ന ദിവസം ഇവർ കോഴിക്കോട്ട് യോഗം ചേർന്നു.ആനി ബസന്റ് അധ്യക്ഷത വഹിച്ചു.
ഏറനാടും പൊന്നാനിയിലും ഏതാണ്ട് 100 ഖിലാഫത്ത് കമ്മിറ്റികൾ രൂപവൽക്കരിച്ചിരുന്നു.1921 ഫെബ്രുവരിക്ക് ശേഷം ഖിലാഫത്ത് ഭടന്മാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.ജൂൺ എട്ടിന് റമസാൻ ദിനത്തിൽ ആലി മുസലിയാർ ഖിലാഫത്ത് യൂണിഫോമും തുർക്കി തൊപ്പിയും ധരിച്ച ആയുധധാരികളായ ഭടന്മാരുടെ ഘോഷയാത്ര തിരൂരങ്ങാടിയിൽ നടത്തി.ജൂൺ 15 ന് മുസലിയാർ സേന തിരൂരങ്ങാടിയിൽ,മുൻപ് ലഹളയിൽ മരിച്ച രണ്ടു ശുഹദാക്കളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി.ഇത് നിരോധിത സ്ഥലം ആയിരുന്നു.ജൂൺ 24 ന് മുസലിയാരുടെ സംഘം,സർക്കാർ പൊന്നാനിയിൽ വിളിച്ച നിസ്സഹകരണ വിരുദ്ധ യോഗം അലങ്കോലമാക്കി.
ജൂൺ ആദ്യം തന്നെ ലഹളയ്ക്ക് കോപ്പ് കൂട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ്,ഓഗസ്റ്റ് ഒന്നിന് മഞ്ചേരി സി ഐ നാരായണ മേനോൻ,തോക്ക് കളവു പോയെന്ന നിലമ്പൂർ തിരുമുല്പാടിൻറെ പരാതി അന്വേഷിക്കാൻ പൂക്കോട്ടൂരിൽ പോയത്.അദ്ദേഹത്തെ സായുധരായ മാപ്പിളമാർ വളഞ്ഞു.ജീവനും കൊണ്ട് സി ഐ രക്ഷപ്പെട്ടു.അന്ന് മുതൽ ലഹള വരെ പൂക്കോട്ടൂർ പൊലീസിന് അപ്രാപ്യമായി.
കെ മാധവൻ നായർ ജയിലിൽ നിന്ന് ഓഗസ്റ്റ് 15 ന് പുറത്തെത്തി.കോഴിക്കോട്ടെ സ്വീകരണ പരിപാടികൾക്ക് ശേഷം,20 ന് പൂക്കോട്ടൂരിൽ എത്തി.
അന്ന് പുലർച്ചെ ജില്ലാ മജിസ്‌ട്രേറ്റ് ഇ എഫ് തോമസും ക്യാപ്റ്റൻ പി മക്കെൻറോയ് നയിച്ച 100 അംഗ ലെൻസ്റ്റർ റെജിമെൻറ് കമ്പനിയും ആർ എച്ച് ഹിച്ച്കോക്ക് നയിച്ച 150 പോലീസും തിരൂരങ്ങാടിയിൽ ആലി മുസലിയാരെയും ഖിലാഫത്ത് നേതാക്കളെയും അറസ്റ്റ് ചെയ്യാൻ എത്തി.ഇതാണ് ,മാപ്പിള ലഹള പൊട്ടിപ്പുറപ്പെടാൻ വഴി വച്ചത്.എ എസ് പി റൗലിയും ലഫ് ജോൺസ്റ്റോണും മാപ്പിള ആക്രമണത്തിൽ കൊല്ലപ്പെട്ടു.ജില്ലാ മജിസ്‌ട്രേട്ടും സംഘവും പരപ്പനങ്ങാടി വഴി കോഴിക്കോട്ടേക്ക് പിൻവാങ്ങി.റെയിൽ പാത മുറിച്ചതിനാൽ,അവർക്ക് പാത വഴി നടക്കേണ്ടി വന്നു.ഏറനാടും വള്ളുവനാടും കത്തി.മിക്കവാറും പോലീസ് സ്റ്റേഷനുകളും സർക്കാർ കെട്ടിടങ്ങളും തകർത്തു.ഭരണം ആറു മാസം സ്തംഭിച്ചു.
മാപ്പിള സംഘം 20 ന് പൂക്കോട്ടൂരിൽ നിന്ന് നിലമ്പൂർക്ക് പോയി 17 ഹിന്ദുക്കളെയും എടവണ്ണയിൽ കോൺസ്റ്റബിളിനെയും കൊന്നു.21 രാത്രി മഞ്ചേരി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.22 ന് മഞ്ചേരി സർക്കാർ കെട്ടിടങ്ങൾ തകർത്തു.24 ന് കുപ്രസിദ്ധനായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരിയിൽ രംഗപ്രവേശം നടത്തി.ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച് നമ്പൂതിരി ബാങ്കിലെ പണയ സ്വർണം പണം വാങ്ങാതെ ഉടമകൾക്ക് മടക്കി നൽകി.എം പി നാരായണ മേനോൻ ഒപ്പം നിന്ന് ഖിലാഫത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.26 ന് പൂക്കോട്ടൂർ യുദ്ധത്തിൽ മാപ്പിളമാർ തോറ്റു.കുഞ്ഞഹമ്മദ് ഹാജിയും സംഘവും മഞ്ചേരിയുടെ പ്രാന്തങ്ങളിലേക്ക് മടങ്ങി,ആനക്കയത്ത് , വിരമിച്ച ഇൻസ്‌പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയെ 30 ന് കൊന്ന് തല കുന്തത്തിൽ കോർത്തു.സെപ്റ്റംബർ മൂന്നിന് പട്ടാളം മഞ്ചേരിയിലെത്തി;നാരായണ മേനോനെ പത്തിന് അറസ്റ്റ് ചെയ്തു.
ഈ അക്രമ സംഭവങ്ങൾ ലഹളയിൽ ഏറ്റവും നിർണായകമായിരുന്നുവെന്ന് എം പി നാരായണ മേനോനെ നാട് കടത്തുന്ന കോടതി വിധിയിലുണ്ട്.വാരിയൻകുന്നനൊപ്പം നിന്ന് ഖിലാഫത്തിനെ അനുകൂലിച്ച മേനോൻ,നിലമ്പൂരിൽ 17 പേരെ കൊന്ന് മടങ്ങിയ പൂക്കോട്ടൂർ സംഘത്തോട് ആറാം തിരുമുല്പാടിനെയും വക വരുത്തേണ്ടിയിരുന്നു എന്ന് അഭിപ്രായപ്പെട്ടതായി വിധിയിലുണ്ട്.
കിട്ടിയിടത്തോളം വധ ശിക്ഷാ,നാട് കടത്തൽ വിധികൾ ഇതിലുണ്ട്.ഏതാണ്ട് 23 വിധികൾ പരിഭാഷ ചെയ്തു.ഇതിൽ വരുന്ന അക്രമങ്ങൾ:ഓഗസ്റ്റ് 20 ന് നടന്ന തിരൂരങ്ങാടി അക്രമം,അന്ന് എ എസ് പി ലങ്കാസ്റ്റർ കൊല്ലപ്പെട്ട സംഭവത്തിൽ കുഞ്ഞിഖാദറിന് എതിരായ കേസ്,അന്ന് തന്നെ ഇൻസ്‌പെക്ടർ റീഡ് മാൻറെ കൊല,പരപ്പനങ്ങാടി കോടതി, പനയത്ത് തങ്ങളും മറ്റും ആക്രമിച്ചത്,ഓഗസ്റ്റ് 21 ന് നിലമ്പൂർ കോവിലകം ആക്രമണം,ഓഗസ്റ്റ് 21 ന് പാണ്ടിക്കാട് സ്റ്റേഷൻ ആക്രമിച്ചതും ഒക്ടോബർ 15 ന് ഐദ്രു ഹാജിയെ കൊല്ലുകയും ചെയ്ത കേസ്,ഓഗസ്റ്റ് 21 ന് മുടിക്കോട് ഔട്ട് പോസ്റ്റ് ആക്രമിച്ചതും 30 ന് ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസിനെ കൊന്നതും,ഓഗസ്റ്റ് 22 ന് പറമ്പോത്ത് അച്ചുതൻകുട്ടി മേനോൻ,അരിപ്ര ഉണ്ണികുഞ്ഞൻ തമ്പുരാൻ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ കോടതി ആക്രമണം,ഓഗസ്റ്റ് 22 ന് മഞ്ചേരി ട്രഷറി കൊള്ളയും ഒക്ടോബർ അഞ്ചിനും എട്ടിനും പുൽപ്പറ്റ വിഷ്ണു നമ്പൂതിരിയെയും ഗോവിന്ദൻ നായരെയും കൊല്ലുകയും ചെയ്ത കേസ്,ഓഗസ്റ്റ് 31 ന് ആലി മുസലിയാരും സംഘവും പ്രൈവറ്റ് വില്യമിനെ കൊന്ന കേസ്,ഒക്ടോബർ പത്തിന് ചെമ്പ്രശ്ശേരി തങ്ങൾ രണ്ട് മാപ്പിള സ്ത്രീകളെ കൊന്നത്,സെപ്റ്റംബർ 24 ന് തുവൂർ കിണറിൽ 29 ഹിന്ദുക്കളുടെ വംശഹത്യ,ഒക്ടോബർ നാലിന് കാട്ടിപരുത്തി കൊലകൾ,ഒക്ടോബർ 20 -മെയ് ഒന്ന് കാലത്ത് കൊന്നാര തങ്ങളും സംഘവും കൃഷ്ണൻ കുട്ടി നായർ,ഉണ്ണി മോയൻ,വേലു നായർ എന്നിവരെ കൊന്ന കേസ്,അന്ന് തന്നെ പനമ്പുഴ കടവിൽ ഡ്രൈവർമാരുടെ കൊല,ഒക്ടോബർ 31 ന് പുത്തൂർ മുതുമന ഇല്ലത്ത് പാലക്കാംതൊടി അവോക്കർ മുസലിയാർ നാല് ഹിന്ദുക്കളെ കൊന്ന കേസ്,നവംബർ രണ്ടിന് പെരുവള്ളൂരിൽ ഒരു കുടുംബത്തിലെ ആറു ഹിന്ദുക്കളുടെ കൂട്ടക്കൊല,പെരകമണ്ണ തങ്ങൾ നവംബർ നാലിന് എടവണ്ണയിൽ പട്ടാളത്തെ ആക്രമിച്ചതും ചേക്കുവിനെ കൊന്നതും,നവംബർ ഏഴിന് ഇമ്പിച്ചിക്കുട്ടൻ പൂശാരിയുടെ കൊല,നവംബർ 14 ന് പാണ്ടിക്കാട് പട്ടാള താവളം ആക്രമണവും മൂന്ന് പേരുടെ കൊലയും,അന്ന് തന്നെ പൂഴിക്കൽ വീട്ടിൽ ഏഴു പേരുടെ കൂട്ടക്കൊലയും മകളെ തട്ടിയെടുക്കലും,1922 ജനുവരി പത്തിന് താനൂരിൽ തീയരുടെ കൊല.
വാരിയൻകുന്നൻ,കുമരംപുത്തൂർ സീതിക്കോയ തങ്ങൾ എന്നിവരെ പട്ടാളക്കോടതി വിചാരണ ചെയ്ത് വെടിവച്ചു കൊന്നതിനാൽ,അവരെപ്പറ്റിയുള്ള വിധിന്യായങ്ങൾ ലഭ്യമല്ല.
വിധികളിൽ തെളിയുന്നത്,തിരൂരങ്ങാടിയിൽ നിന്ന് പട്ടാളം പിൻവാങ്ങിയപ്പോൾ,ബ്രിട്ടീഷ് ഭരണം നിലം പൊത്തിയതായി മാപ്പിളമാർ കരുതിയെന്നും ഭരണം കൈയിൽ എടുത്തെന്നുമാണ്.ഖിലാഫത്ത് ഭരണത്തിന് വേണ്ടിയാണ് കൊള്ള.ആലി മുസലിയാർ ആയിരുന്നു ആദ്യ രാജാവ്.അയാൾ അറസ്റ്റിലായപ്പോൾ,അയൽക്കാരനും വിവാഹം വഴി ബന്ധുവുമായ വാരിയൻകുന്നൻ ഭരണമേറ്റു.മതഭ്രാന്ത് മൂത്ത് പലരും അക്രമം നടത്തി നാട് കടത്തലിന് വിധേയരായ കുടുംബത്തിൽ നിന്ന് വന്നയാളായിരുന്നു,വാരിയൻകുന്നൻ.ഖിലാഫത്ത് ഭരണം വന്നെന്ന് മാപ്പിളമാർ ധരിച്ചു വശായത്,നിരക്ഷരത കൊണ്ടും തങ്ങൾമാരും മുസലിയാർമാരും മതഭ്രാന്ത് കുത്തി വച്ചതു കൊണ്ടുമാണ്.ആദരണീയരായി മാപ്പിളമാർ കരുതിയ,പ്രവാചക പാരമ്പര്യമുള്ള പല തങ്ങൾമാരും ഹിംസയ്ക്ക് നേതൃത്വം നൽകി.അവരുടെ നേതൃത്വം തെളിയിക്കുന്നത് വർഗ സമരമോ സാമ്പത്തിക സമരമോ അല്ല,ഖിലാഫത്ത് വരുന്നതിലെ ഹർഷോന്മാദമാണ്.അഫ്‌ഗാനിസ്ഥാൻ അമീർ ഇന്ത്യ കീഴടക്കുമെന്നും അപ്പോൾ ഗാന്ധി പിന്തുണയ്ക്കുമെന്നുമാണ് മാപ്പിളമാരെ മത നേതാക്കൾ പഠിപ്പിച്ചത്.അവിശ്വാസികളെ കൊന്നാൽ ശുഹദാക്കളായി സ്വർഗത്തിൽ ചെല്ലാമെന്ന് മാപ്പിള ചാവേറുകൾ വിശ്വസിച്ചു.
തിരൂരങ്ങാടി,പൂക്കോട്ടൂർ,കാളികാവ്,കരുവാരക്കുണ്ട്,മലപ്പുറം,മഞ്ചേരി,പാണ്ടിക്കാട്,തിരൂർ തുടങ്ങിയ സ്ഥലങ്ങൾ ലഹളക്കാരുടെ കൈയിലായി.ഓഗസ്റ്റ് 26 ന് പൂക്കോട്ടൂർ യുദ്ധം മാപ്പിള പ്രതീക്ഷ തകർത്തു.400 മാപ്പിളമാർ കൊല്ലപ്പെട്ടു.അതിൻറെ വിവരണം,അത് നയിച്ച ക്യാപ്റ്റൻ മക്കെൻറോയ് എഴുതിയത്,പരിഭാഷ ചെയ്തു ചേർത്തിട്ടുണ്ട്.പാണ്ടിക്കാട് ഏറ്റുമുട്ടലിൽ 200 മാപ്പിളമാർ കൊല്ലപ്പെട്ടു.ലഹളയുടെ ഒടുവിൽ നിരാശ ബാധിച്ച മാപ്പിളമാർ മതം മാറ്റത്തിനിറങ്ങി.ഹിന്ദു കുടുംബങ്ങളിൽ കൊള്ളയും കൊലയും വ്യാപകമായി.ഓഗസ്റ്റ് ഒടുവിൽ കൂടുതൽ സൈന്യവും ഗൂർഖാ പട്ടാളവും വന്നു.ഒക്ടോബർ,നവംബർ മാസങ്ങളിൽ മാപ്പിളമാരെ അടക്കി.
എം പി നാരായണ മേനോനെ ശിക്ഷയുടെ 14 വർഷം പൂർത്തിയായ 1934 ഒക്ടോബർ ഒന്നിന് മാത്രമേ മോചിപ്പിച്ചുള്ളു.
മാപ്പിളമാരുടെ ഉൽപത്തി ചരിത്രവും പരിണാമവുമാണ് ആദ്യ ഭാഗം;ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗമാണ്,മതം മാറിയത്.മുക്കുവ കുടുംബങ്ങളിൽ ഒരാളെങ്കിലും മുസ്ലിം ആകണമെന്ന് സാമൂതിരി ഉത്തരവിറക്കിയിരുന്നു.പോർച്ചുഗീസ് അധിനിവേശത്തിൽ മാപ്പിളമാർക്ക് കോഴിക്കോട്ട് കച്ചവട കുത്തക നഷ്ടപ്പെട്ട്,അവർക്ക് ഗ്രാമങ്ങളിൽ കൃഷിപ്പണിക്ക് പോകേണ്ടി വന്നു.കുഞ്ഞാലി മരയ്ക്കാർ സാമൂതിരിക്ക് തന്നെ എതിരായി.ഏറനാട്ടിൽ ടിപ്പു സുൽത്താനെ തന്നെ എതിർക്കുന്ന മാപ്പിള മൂപ്പന്മാരുണ്ടായി.മാപ്പിളമാർ കുടിയാന്മാരായതിലോ അവർ നിരക്ഷരർ ആയതിലോ പൗരോഹിത്യം അവരെ മതഭ്രാന്തർ ആക്കിയതിലോ ഹിന്ദുക്കൾക്ക് ഒരു പങ്കുമില്ല.
സഹജീവികളെ കൊല്ലുന്നതും അവരുടെ വീടുകൾ കൊള്ളയടിക്കുന്നതും,വംശഹത്യയും,ഏതായാലും,സ്വാതന്ത്ര്യ സമരമല്ല.
© Ramachandran
.
No comments:
Post a Comment