Saturday, 24 October 2020

ആലി മുസലിയാർ:ഇരന്നു വാങ്ങിയ തൂക്കുമരം

തീവ്രവാദികളുടെ ബന്ദി 

റനാട്ടിൽ സ്വാതന്ത്ര്യ സേനാനികളായ മാപ്പിളമാർ പലരും ഉണ്ടാ
യിരുന്നു.അതിൽ തന്നെ ഹിന്ദു വംശഹത്യയ്ക്ക് മുതിരാത്ത മാപ്പിള കോൺഗ്രസുകാരുമുണ്ട്.എന്നാൽ,തിരൂരങ്ങാടിയിലെ അക്രമി കക്ഷി നേതാവായാണ് നാം ആലി മുസലിയാരെ കെ മാധവൻ നായരുടെ 'മലബാർ കലാപ'ത്തിൽ പരിചയപ്പെടുന്നത്.നായർ എഴുതുന്നു:

" തിരൂരങ്ങാടിയിലുള്ള ഖിലാഫത്തുകാരുടെ ഇടയിൽ അക്രമരാഹിത്യം സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ആയ രണ്ടു കക്ഷികൾ മുൻപ് തന്നെ ഉണ്ടായിരുന്നു.കോൺഗ്രസ് പ്രവർത്തകന്മാർക്ക് അവിടെ സ്വതന്ത്രമായി പ്രവേശിച്ച് പ്രചാരവൃത്തി നടത്തുവാൻ സാധിച്ചിരുന്ന കാലത്ത് അക്രമകക്ഷികൾക്ക് പറയത്തക്ക സ്വാധീന ശക്തി ഉണ്ടായിരുന്നില്ല.പക്ഷെ,നിരോധന കല്പനയുടെ ഫലമായി ഈ കക്ഷിയുടെ ശക്തി വർദ്ധിക്കുകയും അക്രമരാഹിത്യ കക്ഷിയുടെ ശക്തിയുടെ ക്ഷയിക്കുകയും ചെയ്തു വന്നിരുന്നു.ലഹളത്തലവനായി പിന്നീട് പേരു കേട്ട ആലി മുസലിയാരായിരുന്നു അക്രമകക്ഷികളുടെ നേതാവ്.കുഞ്ഞലവി,ലവക്കുട്ടി എന്നീ രണ്ടു മാപ്പിള യുവാക്കളായിരുന്നു മുസലിയാരുടെ അനുചരരിൽ പ്രധാനികൾ.പോലീസുകാരുടെ അഴിമതികൾ നിമിത്തം കുപിതരായിരുന്ന മാപ്പിളമാരുടെ ഇടയിൽ ആലി മുസലിയാരുടെ ഉപദേശങ്ങൾ ക്ഷണത്തിൽ ഫലിക്കാൻ തുടങ്ങി.കുഞ്ഞലവിയും ലവക്കുട്ടിയും ഖഡ്‌ഗ പാണികളായി ജനങ്ങളുടെ ഇടയിൽ സഞ്ചരിച്ചു.ഒരു ലഹളയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു തുടങ്ങി.ഈ വർത്തമാനം ഏറനാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രചാരക വൃത്തി ചെയ്തിരുന്ന എം പി നാരായണ മേനോന്റെയും മുഹമ്മദ് മുസലിയാരുടെയും ചെവികളിൽ പതിഞ്ഞു.അവർ ഉടനെ തിരൂരങ്ങാടിലെത്തി ആലി മുസലിയാരുമായി കണ്ട് ഒന്നു രണ്ടു ദിവസം നടത്തിയ വാദ പ്രതിവാദത്തിൻറെ ഫലമായി ആലി മുസലിയാർ അക്രമ പ്രവൃത്തിയിൽ നിന്ന് പിന്മാറുവാൻ സമ്മതിച്ചു.ലഹളയ്ക്ക് ഒരുങ്ങുന്നില്ലെന്ന് വാഗ്‌ദത്തവും ചെയ്തു.ഇതെല്ലാം നടന്നത് ജൂൺ മാസത്തിലായിരുന്നു."
ആലി മുസലിയാർ 

കെ എൻ പണിക്കർ എഴുതുന്നത്,കലാപം തുടങ്ങി അടുത്ത ദിവസം,1921 ഓഗസ്റ്റ് 21 ന് പാണ്ടിക്കാട് ചേർന്ന യോഗം ഓരോ മേഖലയിലും ലഹള ഏകോപിപ്പിക്കാൻ നേതാക്കളെ കണ്ടെത്തി എന്നാണ്.ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി തങ്ങൾ,വാരിയൻ കുന്നൻ എന്നിവരെയും തിരുങ്ങാടി ആലി മുസലിയാരെയും വള്ളുവനാടിൻറെ ചില ഭാഗങ്ങൾ സീതിക്കോയ തങ്ങളെയും ഏൽപിച്ചു.മുസലിയാർ ആയിരുന്നു കേന്ദ്ര ബിന്ദു.

ഏറനാട് താലൂക്കിലെ നെല്ലിക്കുത്തിൽ 1861 ൽ ജനിച്ച ഏരികുന്നൻ പാലാട്ട് മുളയിൽ അലി എന്ന ആലി മുസലിയാർ വാരിയൻ കുന്നന്റെ അയൽക്കാരനും ബന്ധുവും അയാളെപ്പോലെ ലഹളയുടെ പൈതൃകം പേറുന്നവനും ആയിരുന്നു.പൊന്നാനി മക് ദൂം കുടുംബത്തിൽ കുടുംബത്തിൽ നിന്നായിരുന്നു ഉമ്മ കോട്ടക്കൽ ആമിന.ബാപ്പ കുഞ്ഞിമൊയ്തീൻ മൊല്ല.ഉപ്പാപ്പ മൂസ ഒരു മുൻ ലഹളയിൽ കൊല്ലപ്പെട്ടു.പൊന്നാനി ഷെയ്ഖ് സൈനുദീൻ മക് ദൂമിൽ നിന്ന് മതം പഠിച്ച മുസലിയാർ ഏഴു വർഷം മക്കയിലായിരുന്നു.പിന്നെ ലക്ഷദ്വീപിലെ കവരത്തിയിൽ കുറച്ചു നാൾ ഖാസി.സഹോദരനും അടുത്ത ബന്ധുക്കളും 1896 മഞ്ചേരി മാപ്പിളലഹളയിൽ കൊല്ലപ്പെട്ടിരുന്നു.1894 ൽ അയാൾ മടങ്ങിയെത്തി.

1921 ലഹളയ്ക്ക് മുൻപത്തെ ഭീകര ലഹളയായിരുന്നു 1896 ൽ നടന്നത്.മഞ്ചേരി കുന്നത്ത് ഭഗവതി അമ്പലത്തിൽ കയറി സ്ഥാനമുറപ്പിച്ച നൂറോളം മാപ്പിള ഭീകരരെ തുരത്തുകയാണ് അന്ന് ചെയ്തത്.മുൻപൊരു ലഹളയിൽ മാപ്പിളമാർ ജയിച്ച ഈ സ്ഥലം കച്ചേരിയിൽ നിന്ന് രണ്ട് ഫർലോങ് അകലെയാണ്.ഒരു ഞായറാഴ്ച ക്ഷേത്രത്തിൽ കയറിയ മാപ്പിളമാർ മഞ്ചേരി കോവിലകത്ത് നിന്ന് ആഹാരം വരുത്തി.ബാങ്ക് വിളിച്ച് അത് കഴിക്കാൻ ഒരുങ്ങി.ട്രഷറി പാറാവുകാരായ പട്ടാളക്കാർ കച്ചേരിയിൽ നിന്ന് കുന്നത്തമ്പലത്തിലേക്ക് മാപ്പിളമാർക്ക് നേരെ വെടി തുടങ്ങി.ഉണ്ടയും തിരയും വേണ്ടത്രയില്ലാതെ അത് നിന്നു.അങ്ങനെ നിന്നതാണെന്ന് ലഹളക്കാർ അറിഞ്ഞില്ല.രാത്രി കലക്റ്ററും പട്ടാളവും എത്തി.ക്ഷേത്രത്തിന് തെക്കു കിഴക്കേ കുന്നിൽ നിന്ന് വെടി തുടങ്ങി.താഴെ ക്ഷേത്രത്തിലുള്ള മാപ്പിളമാരുടെ വെടി കുന്നിൻറെ പരിധിക്കപ്പുറം കടന്നില്ല.മാപ്പിളമാർ പട്ടാള വെടിയുണ്ടയെ പൃഷ്ഠം കൊണ്ട് തടുത്തു.92 മാപ്പിളമാർ ക്ഷണ നേരത്തിൽ കൊല്ലപ്പെട്ടു.20 മാപ്പിളമാരെ കഴുത്തു വെട്ടിയ നിലയിൽ കണ്ടു -പട്ടാള വെടിയേൽക്കുന്നതിന് പകരം സഹ മാപ്പിളമാർ തല വെട്ടിയതായിരുന്നു.

ഇത് കഴിഞ്ഞ് 17 കൊല്ലം രംഗം ശാന്തമായിരുന്നു.വെടി കൊണ്ടാൽ ശുഹദാക്കൾ ആകില്ല,സ്വർഗത്ത് പോവില്ല എന്ന് മാപ്പിളമാർക്ക് ബോധ്യപ്പെട്ടു.1915 ൽ മാർഗം കൂടിയ തീയൻ തിരിച്ച് ഹിന്ദുവായപ്പോൾ അതിന് കൂട്ട് നിന്ന കലക്ടർ ഇന്നസിനെ കാളികാവിൽ സൈക്കിളിൽ സഞ്ചരിക്കെ മാപ്പിളമാർ വെടി വച്ചു -മതഭ്രാന്ത് വീണ്ടും ഇളകി.1919 ഫെബ്രുവരിയിൽ അടുത്ത ലഹള.പിരിചയപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ചേക്കാജി മങ്കട പള്ളിപ്പുറം ഇല്ലത്തെ നമ്പൂതിരിയെ കൊല്ലാൻ തീരുമാനിച്ചതായിരുന്നു പശ്ചാത്തലം.പാട്ടവും മിച്ചവാരവും കൊടുക്കാത്ത അയാളെ ഒഴിയാൻ കോടതി വിധിച്ചു.നമ്പൂതിരി ചേക്കാജിയുടെ മകൻറെ നിക്കാഹ് മുടക്കി.അഞ്ചാറ് പേരെ സംഘടിപ്പിച്ച് ചേക്കാജി മാപ്പിള പുറപ്പെട്ടു.കൊല്ലേണ്ട നമ്പൂതിരി പയ്യപ്പള്ളി ഇല്ലത്ത് ഒരു വേളിയിൽ പങ്കു കൊള്ളുകയായിരുന്നു.അവിടെ ചെന്ന് ചേക്കാജിയും സംഘവും ഏഴര നാഴിക പുലരാനുള്ളപ്പോൾ കുളിക്കാൻ പുറത്തിറങ്ങിയ മുടപുലാപ്പള്ളി നമ്പൂതിരിയെയും മണ്ണാർക്കാട് നിന്ന് വന്ന കാട്ടുമാടം നമ്പൂതിരിയെയും കൊന്നു.ഇവർ നിരപരാധികൾ ആയിരുന്നു.കൊലയ്ക്ക് ശേഷം പന്തലൂര്ക്ക് പോയ ചേക്കാജി സംഘം പുഴയിൽ കുളിച്ചിരുന്ന ഒരു നമ്പൂതിരിയെയും എമ്പ്രാന്ത്രിരിയെയും വെടി വച്ച് കൊന്നു.നേരം പുലർന്നപ്പോൾ പന്തലൂരിൽ എത്തിയ അവർ റോഡ് വക്കത്ത് നിന്ന രണ്ട് നായന്മാരെ വെട്ടിക്കൊന്നു.നെന്മിനിയിൽ ചെന്ന് കയിലോട്ട് വാരിയത്ത് കയറി.പട്ടാളവും പോലീസുമെത്തി ചേക്കാജി സംഘത്തെ വകവരുത്തി -വർഗ സമരം വീണ്ടും തുടങ്ങി.

മുസലിയാരെ വിചാരണയ്ക്ക് കൊണ്ട് പോകുന്നു 

ആലി മുസലിയാർ 1907 ൽ തിരൂരങ്ങാടി പള്ളി മുഖ്യ ഖാസിയായി.ഏറനാട്ടും വള്ളുവനാട്ടും മദ്രസകൾ തുടങ്ങി.സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ നാട് കടത്തിയ വിടവ് അദ്ദേഹം നികത്തി.ജില്ലയിൽ ഖിലാഫത്ത് കമ്മിറ്റികൾ മുസലിയാർ ഉണ്ടാക്കി.സന്നദ്ധ ഭടന്മാരെ കണ്ടെത്തി.മതഭ്രാന്ത് നിറഞ്ഞ പ്രസംഗങ്ങൾ നടത്തി.കെ എൻ പണിക്കർ എഴുതുന്നു:

" തുടക്കത്തിൽ ഗാന്ധിയൻ തത്വങ്ങളിൽ ആകൃഷ്ടനായിരുന്ന മുസലിയാർ ഖാദി ധരിക്കുന്നതിലും അഹിംസ ഉപദേശിക്കുന്നതിലും താൽപര്യം കാട്ടി.അധികം കഴിയുന്നതിന് മുൻപ് ഈ ആവേശം കെട്ടടങ്ങി.അഹിംസ ഉപേക്ഷിച്ചു എന്ന് മാത്രമല്ല,ശത്രുവിനെതിരെ ഹിംസ ഉപയോഗിക്കണമെന്ന് മത തത്വങ്ങൾ നിരത്തി വാദിച്ചു.1921 മധ്യമാകുമ്പോഴേക്കും തിരൂരങ്ങാടിയെ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പടനിലമായി മുസലിയാർ വികസിപ്പിച്ചെടുത്തു.വോളന്റിയർമാർക്ക് ആയുധ പരിശീലനം നൽകുകയും പലപ്പോഴും തെരുവുകളിലൂടെ പട്ടാള ചിട്ടയിൽ പരേഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.മുസലിയാരുടെ രണ്ട് വിശ്വസ്ത അനുയായികൾ ലവക്കുട്ടിയും കുഞ്ഞലവിയും ഈ സമയത്ത് കത്തികളും വാളുകളും കുന്തങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായിരുന്നതായി പറഞ്ഞു കേട്ടിരുന്നു."

മുസലിയാരെയും അനുയായികളെയും അക്രമകാരികളായാണ് ജനവും കണ്ടതെന്ന് പണിക്കർ തുടർന്ന് എഴുതുന്നു.ചേരൂർ ലഹളയിലെ ശുഹദാക്കളുടെ ഖബറിലേക്ക് അവർ ഘോഷയാത്ര നടത്തി.ഈ ഖബറിൽ 1921 ജൂൺ എട്ടിന് മുസലിയാർ കൂട്ട പ്രാർത്ഥന ആസൂത്രണം ചെയ്തു.അന്ന് പട്ടണത്തിൽ നാനൂറോളം ആയുധധാരികളായ ഭടന്മാരുടെ ജാഥ നടത്തി.എല്ലാ വെള്ളിയാഴ്ചയും ജാഥ പതിവായി.

സർക്കാർ ആശീർവാദത്തോടെ 1921 ജൂലൈ 24 ന് ഉലമ അസോസിയേഷൻ പൊന്നാനിയിൽ നടത്തിയ ഖിലാഫത്ത് വിരുദ്ധ സമ്മേളനത്തെ എതിർക്കാൻ മുസലിയാർ നയിച്ച വൻ ജാഥ പോലീസ് തടഞ്ഞു.ഒരു പോലീസ് ഓഫിസറെ ജാഥക്കാർ തല്ലി.മുഹമ്മദ് അബ്‌ദു റഹ്‌മാൻ എത്തി സംഘർഷം ഒഴിവാക്കി.ജാഥക്കാർ കഠാരകൾ കരുതിയിരുന്നു.കോൺഗ്രസ് നേതാക്കളെക്കാൾ മാപ്പിളമാർ മുസലിയാരെ വിശ്വസിച്ചു.ഖുർ ആൻ നോക്കി ഹിംസ ആകാമെന്ന് അദ്ദേഹം കണ്ടെത്തി.ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അയാൾ ഖിലാഫത്ത് ചക്രവർത്തിയായി പ്രഖ്യാപിച്ചു.ഒരു ഖിലാഫത്ത് രാജ്യം അയാൾ സ്വപ്നം കണ്ടു.1921 ഓഗസ്റ്റ് 22 ന് ജമാ അത്ത് പള്ളിയിൽ ആയിരുന്നു,രാജാവായി അഭിഷേകം.ചന്തപ്പിരിവും കടത്ത് ചുങ്കവും ഖിലാഫത്ത് സർക്കാരിനാണെന്ന് അയാൾ പ്രഖ്യാപിച്ചു.

രണ്ടാം ലോകയുദ്ധത്തിൽ ജർമ്മനി ബ്രിട്ടീഷ് പട്ടാളത്തെ മിക്കവാറും നിലം പരിശാക്കിയെന്നാണ് മാപ്പിളമാർ വിശ്വസിച്ചത്.മലപ്പുറത്ത് നിന്ന് പട്ടാളത്തെ നീക്കിയത് ഇത് കൊണ്ടാണെന്ന് അവർ തെറ്റിദ്ധരിച്ചു.മലപ്പുറം ബാരക്സിലെ സാധനങ്ങൾ ലേലം ചെയ്ത് വിറ്റത് ബ്രിട്ടീഷ് ദാരിദ്ര്യം കൊണ്ടാണെന്ന് അവർ കരുതി.കോൺഗ്രസും ഖിലാഫത്തും വോളന്റിയര്മാരെ ചേർത്തത് സർക്കാരിനെതിരായ യുദ്ധ സന്നാഹമാണെന്നും വിലയിരുത്തി.അങ്ങനെ മുസലിയാരുടെ അക്രമ സന്നാഹം ഫലിച്ചു.മെസൊപൊട്ടേമിയയിൽ നിന്ന് പിരിച്ചയയ്ക്കപ്പെട്ട,ജീവിതം വഴി മുട്ടിയ മാപ്പിള പട്ടാളക്കാർ അതിൽ ചേർന്നു.

മുസലിയാർ കുറെക്കാലം മതം പഠിപ്പിക്കാൻ പൂക്കോട്ടൂരിൽ താമസിച്ചതിനാൽ അവിടെ ശിഷ്യന്മാരുണ്ടായിരുന്നു.സാമൂതിരിയുടെ സേനാധിപൻ പാറ നമ്പിയാൽ കൊല്ലപ്പെട്ട മാപ്പിളമാർക്ക് ആണ്ടു തോറും നടത്തുന്ന മലപ്പുറം നേർച്ചയ്ക്ക് വരുന്ന പെട്ടികളിൽ ഏറ്റവും പ്രധാനമായ പെട്ടി വരുന്ന പൊക്കിയാട് പൂക്കോട്ടൂരിന് തൊട്ടടുത്താണ്.വള്ളുവമ്പുറം അംശത്തിൽ പുല്ലാരയിലും നേർച്ചയുണ്ട്.വള്ളുവമ്പുറം അധികാരി പേരാപ്പുറവൻ അഹമ്മദ് കുട്ടി ഖിലാഫത്ത് വിരോധി ആയിരുന്നു.മലപ്പുറം,പുല്ലാര നേർച്ചകളിൽ മുട്ടലും വിളിയും അഥവാ വാദ്യഘോഷമുണ്ട്.1921 മെയ് -ജൂൺ പുല്ലാര നേർച്ചയിൽ ഘോഷം വേണ്ടെന്ന് പൂക്കോട്ടൂർ മാപ്പിളമാർ നിർബന്ധം പിടിച്ചപ്പോൾ അധികാരി സമ്മതിച്ചില്ല.വഴക്കായി.നിലമ്പുർ കോവിലകം വക പൂക്കോട്ടൂർ എസ്റ്റേറ്റിൽ നിന്ന് പിരിച്ചയച്ച പിരിവുകാരൻ കളത്തിങ്കൽ മുഹമ്മദ് ആയിരുന്നു പൂക്കോട്ടൂർ കക്ഷിയിൽ പ്രധാനി.

ജൂലൈ 24 ന് പൂക്കോട്ടൂർ കോവിലകത്തു നിന്ന് ഒരു തോക്ക് കളവ് പോയ കേസിൽ മുഹമ്മദിൻറെ വീട്ടിൽ പോലീസ് കയറി.ഇത് തന്നെ ദ്രോഹിക്കാൻ അധികാരിയും കോവിലകത്ത് താമസിച്ചിരുന്ന നിലമ്പുർ ആറാം തിരുമുൽപ്പാടും ചേർന്ന് ഉണ്ടാക്കിയതാണെന്ന് മുഹമ്മദും സംഘവും കരുതി.ആയുധങ്ങൾ ശേഖരിച്ച് സംഘം ജൂലൈ അവസാനം കോവിലകം ആക്രമിച്ചു.മാസപ്പടി ബാക്കി 350 രൂപ ഉടൻ വേണമെന്ന് മുഹമ്മദ് തിരുമുൽപ്പാടിനെ ഭീഷണിപ്പെടുത്തി.അയൽക്കാരനായ മാപ്പിളയിൽ നിന്ന് പണം വാങ്ങി സംഘത്തെ തിരിച്ചയച്ചു.ഓഗസ്റ്റ് ഒന്നിന് മഞ്ചേരി സി ഐ ഡിവൈ എസ് പി എം നാരായണ മേനോൻ എത്തി മുഹമ്മദിനെ കോവിലകത്തേക്ക് വിളിച്ചു.അയാൾ ഉടനെ പോയില്ല.കുറെക്കഴിഞ്ഞ് വാളും കത്തിയും മറ്റായുധങ്ങളുമായി 200 ൽ പരം ആളെയും കൂട്ടി അയാൾ ചെന്നു.മേനോൻ ഉപായത്തിൽ അവരെ മടക്കി.

ഇക്കാര്യം അന്വേഷിക്കാനാണ് ഓഗസ്റ്റ് 19 രാത്രി  കലക്റ്ററും സംഘവും കോഴിക്കോട്ട് നിന്ന് തിരൂരങ്ങാടിക്ക് പുറപ്പെട്ടത്.വാറന്റുകൾ ഇവർക്കെതിരെ ആയിരുന്നു:എം പി നാരായണ മേനോൻ,ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ,ചെമ്പ്രശ്ശേരി മൊയ്തീൻ,കാരാടൻ മൊയ്തീൻ കുട്ടി,കുട്ടിലശ്ശേരി മുഹമ്മദ് മുസലിയാർ,ലവക്കുട്ടി,പൂക്കോട്ടൂർ കെ അബ്‌ദു ഹാജി,ആലി മുസലിയാർ.കാരാടൻ മൊയ്തീൻ അബ്‌ദു ഹാജി എന്നിവർ പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികളായിരുന്നു.മുഹമ്മദ് മുസലിയാർ കമ്മിറ്റി പ്രസിഡന്റ്‌.മേനോൻ ഏറനാട് താലൂക്ക് കോൺഗ്രസ് സെക്രട്ടറി.

വാറന്റിൽ മൂന്ന് കാരണങ്ങൾ നിരത്തി:

ഒന്ന്:1894 ലെ ലഹളയിൽ കൊല്ലപ്പെട്ട മാപ്പിളമാരുടെ തിരുരങ്ങാടി ഖബറിൽ പ്രാർത്ഥിച്ചാണ് സംഘം കോവിലകത്ത് എത്തിയത്.
രണ്ട്‌:പൂക്കോട്ടൂരിലെ ഒരു മാപ്പിളയുടെ വീട്ടിൽ അന്യായമായി പരിശോധന നടത്തി എന്ന് ഭാവിച്ച് ജന്മിയുടെ പണം അപഹരിച്ചു.ഇൻസ്പെക്റ്ററെ കൊല്ലാൻ ശ്രമിച്ചു.
മൂന്ന്;തിരൂരിനടുത്ത് താനാളൂരിൽ കള്ള് ചെത്തുന്നവരെ തല്ലി;കുടങ്ങൾ ഉടച്ചു.അക്രമികളെ പിടിക്കുന്നത് തടസ്സപ്പെടുത്തി.

ഇതിന് പ്രേരണ നൽകിയ സംഘ തലവന്മാരെ മാപ്പിള ആക്ട് അനുസരിച്ച് പിടിക്കാനാണ് കലക്‌ടർ ഇ എഫ് തോമസ് തിരൂരങ്ങാടിയിൽ എത്തിയത്.കെ മാധവൻ നായർ,യു ഗോപാല മേനോൻ,യാക്കൂബ് ഹസ്സൻ എന്നിവരുടെ ഒരു മാസത്തെ തടവ് ശിക്ഷ അവസാനിച്ചത് ഓഗസ്റ്റ് 15 നായിരുന്നു.അവർക്ക് സ്വീകരണങ്ങൾ കിട്ടിയിരുന്നു.17 ന് കോഴിക്കോട്ട് ഘോഷയാത്ര കലക്റ്ററേറ്റിന് മുന്നിൽ എത്തിയിരുന്നു.കലക്റ്ററെ മുകളിൽ കണ്ട് യാത്രയിലുള്ളവർ ആർത്തു വിളിച്ചു.പൊതുവെ ശാന്തനായ തോമസ് ക്ഷുഭിതനായി കാണും.കലക്‌ടർ പട്ടാളത്തെ കൂട്ടി തിരൂരങ്ങാടിയിലെത്തി.ആലി മുസലിയാരെ പിടിക്കാൻ പള്ളി വളഞ്ഞു.മാപ്പിളമാർ പാഞ്ഞെത്തി.കലക്റ്റർക്കൊപ്പം എസ് പി ആർ എച്ച് ഹിച്ച്കോക്ക്,ഡിവൈ എസ് പി ആമു എന്നിവരും ഉണ്ടായിരുന്നു.20 പുലർച്ചെ തീവണ്ടിയിൽ ഇവർ എത്തി.

വളഞ്ഞത് കിഴക്കേ പള്ളി;മമ്പുറം പള്ളി പുഴയുടെ വടക്കേ കരയിൽ.കിഴക്കേ പള്ളി തെക്കേക്കരയിൽ അങ്ങാടിയുടെ നടുവിൽ.മാപ്പിളയായ ആമുവും ഹെഡ് കോൺസ്റ്റബിൾ മൊയ്തീനും പള്ളിക്കുള്ളിൽ കടന്ന് പരിശോധിച്ചു.മുസലിയാരെ കണ്ടില്ല.മൂന്ന് പേരെ അറസ്റ്റ് ചെയ്തു.11 മണി വരെ ശാന്തമായിരുന്നു.പള്ളി പൊളിച്ചെന്ന് വാർത്ത പരന്നു.പലയിടത്തു നിന്നും മാപ്പിളമാരെത്തി.ഒരു നാഴിക അകലെ താനൂർ സംഘവുമായി പോലീസ് ഏറ്റുമുട്ടി.വെടി വയ്‌പിൽ എട്ടു പേർ കൊല്ലപ്പെട്ടു.താനൂർ ഖിലാഫത്ത് സെക്രട്ടറി കുഞ്ഞി ഖാദർ ഉൾപ്പെടെ 40 പേരെ അറസ്റ്റ് ചെയ്തു.ഇവരോട് കൂടി കലക്റ്ററും സംഘവും തിരൂരങ്ങാടിയിലെത്തി.ജനം കൂട്ടമായി പടിഞ്ഞാറേക്ക് പോകാൻ തുടങ്ങിയപ്പോൾ ആലി മുസലിയാർ എത്തി തടഞ്ഞു.നടന്നില്ല.അവർ തക്ബീർ വിളികളോടെ പടിഞ്ഞാറേക്ക് നീങ്ങി.എ എസ് പി ജോൺസൺ,ഹെഡ് കോൺസ്റ്റബിൾ മൊയ്തീൻ എന്നിവരെ അവർ വെട്ടിക്കൊന്നു.യുദ്ധം നടന്നു.ക്യാപ്റ്റൻ റൗലിയും രണ്ട് പോലീസുകാരും ഒൻപത്  മാപ്പിളമാരും കൊല്ലപ്പെട്ടു.ഹെഡ് കോൺസ്റ്റബിൾ മൊയ്തീനെ അടിച്ചടിച്ചു കൊല്ലുകയായിരുന്നു എന്ന് മാധവൻ നായർ എഴുതുന്നു.

മാപ്പിളലഹളയുടെ ആരംഭം ഇങ്ങനെ ആയിരുന്നു.കുഞ്ഞി ഖാദറെ തൂക്കി കൊല്ലാൻ വിധിച്ചു.

തിരൂരങ്ങാടി സംഭവ ശേഷം മാപ്പിളമാർ ഭ്രാന്തരായി.നായർ എഴുതുന്നു:"ആലി മുസലിയാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയനായിരുന്നത്.ഒരുകാലത്ത് അക്രമത്തിൽ വിശ്വസിച്ചിരുന്ന മുസലിയാർ ലഹളയ്ക്ക് മുൻപായി അക്രമരാഹിത്യം തന്നെ എ അംഗീകരിച്ചിരുന്നുവെന്നും വിശ്വസിക്കാൻ വഴിയുണ്ട്.എങ്കിലും കുഞ്ഞലവി മുതലായവരുടെ ചില ദുർഘടങ്ങളായ ചോദ്യങ്ങൾക്ക് പൂർണമായ അക്രമരാഹിത്യത്തെ മുൻ നിർത്തി മറുപടി പറയാൻ തൻറെ മത വിശ്വാസങ്ങൾ പ്രതിബന്ധമായി തീർന്നു.സ്വയരക്ഷയ്ക്ക് പോലും അക്രമം അഥവാ ഹിംസ പാടില്ലെന്ന മഹാത്മജിയുടെ വ്രതം അനുഷ്ഠിപ്പാനോ നടപ്പിലാക്കുവാനോ മുസലിയാർക്ക് അസാധ്യമായി തോന്നി.അതുകൊണ്ടാണ് സ്വയരക്ഷയ്ക്ക് ഹിംസയാകാമെന്ന് മുസലിയാർ അലവിക്കുട്ടിയോടും മറ്റും ഉപദേശിച്ചത്.പക്ഷെ,അങ്ങനെയല്ലാത്ത ഹിംസയ്ക്ക് ഹിംസയ്ക്ക് ( agressive violence ) അദ്ദേഹം വിരോധി തന്നെ ആയിരുന്നു."

നായരുടെ വെള്ളപൂശൽ ഇസ്ലാമിനെപ്പറ്റി കാര്യവിവരം ഇല്ലാഞ്ഞിട്ടാണ്.ഇസ്ലാമിൻറെ ആരംഭം മുതൽ അതിൽ ഹിംസയുണ്ട്.മുസലിയാർക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല.മുഹമ്മദ് അബ്‌ദുറഹിമാനെ പോലുള്ളവർ ഉപദേശിച്ചിട്ടും കഴിഞ്ഞില്ല.എന്നാൽ വിവരവും ബോധവുമില്ലാത്ത വാരിയൻ കുന്നനെക്കാൾ ഭേദമാണ്.ചിലരെ വിളിച്ച് കൊള്ളമുതൽ മടക്കി കൊടുപ്പിച്ചു.കുറ്റിപ്പുറം പണിക്കരെ നിർബന്ധിച്ചു മതം മാറ്റാനുള്ള നീക്കം തടഞ്ഞു.അത് പണിക്കർ അപേക്ഷിച്ചിട്ടാണ്.തിരൂരങ്ങാടിയിൽ വന്നു കൂടിയ മാപ്പിളമാരെ ഒതുക്കാനോ അവരുടെ അക്രമം തടയാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് നായർ പറയുന്നു.മുസലിയാർ പഠിപ്പിച്ചതാണ് അവർ ചെയ്തത്.നായർ എഴുതുന്നു:
"മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഒരു ലഹളത്തലവനായി ഭവിച്ചെങ്കിലും വാരിയൻ കുന്നൻ കുഞ്ഞമ്മതാജിയെപ്പോലെയോ മറ്റോ,യാതൊരു ധിക്കാരവും നടത്താൻ ആലി മുസലിയാർ ഇറങ്ങിപ്പുറപ്പെടുകയോ ശ്രമിക്കയോ ചെയ്‌തിരുന്നില്ല."

ഓഗസ്റ്റ് 28 ന് ബ്രിട്ടീഷ് കമാൻഡർ ജെ ഡബ്ലിയു റാഡ്ക്ലിഫ്,മലപ്പുറം കലക്‌ടർ ഓസ്റ്റിൻ എന്നിവർ ഇറക്കിയ വിളംബരം:

"ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടിയിൽ കടക്കാൻ ഒരുങ്ങുന്നു.ഇതിന് ഒരു തടസ്സവും ഉണ്ടാകരുത്.എല്ലാ സഹായവും ചെയ്യണമെന്ന് എല്ലാവരെയും താക്കീത് ചെയ്യുന്നു.പള്ളികളിലുള്ളവർ അതിൽ നിന്ന് എതിർത്താൽ അല്ലാതെ പള്ളികളുടെ നേർക്ക് വെടി വയ്ക്കുകയോ നാശം വരുത്തുകയോ ചെയ്യില്ല.എരുകുന്നൻ എന്ന പാലത്ത് മൂലയിൽ ആലി മുസലിയാർ 1921 ഓഗസ്റ്റ് 30 ചൊവ്വ രാവിലെ 9 മണിക്ക് മുൻപായി ഒരു വെളുത്ത തുണി വീശി തിരൂരങ്ങാടിക്കും വേങ്ങരയ്ക്കും ഇടയിൽ പുഴവക്കത്ത് എത്തി ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങണം.ഹാജരാകാത്ത പക്ഷം,തിരൂരങ്ങാടി നഗരം പീരങ്കി കൊണ്ട് വെടിവച്ചു തകർക്കും.ആലി മുസലിയാരുടെ കൂടെ പത്തിൽ അധികം പേർ വരാൻ പാടില്ല.ബാക്കിയുള്ളവർ അവരവരുടെ വീട്ടിൽ ഇരിക്കണം.കൈവശമുള്ള ആയുധങ്ങൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം."

വിളംബരത്തിൻറെ കോപ്പികൾ ഏറനാട്ടിൽ ഉടനീളം വിതരണം ചെയ്തു.26 ന് പൂക്കോട്ടൂർ യുദ്ധത്തിൽ 400 മാപ്പിളമാർ കൊല്ലപ്പെട്ട് അവർ ഒന്നടങ്ങിയിരുന്നു.മുസലിയാർ 30 ന് പുഴവക്കത്ത് കീഴടങ്ങാതെ പള്ളിയിൽ ഇരുന്നു.തുടർന്ന് നടന്ന സംഭവത്തെപ്പറ്റി സർക്കാർ വിജ്ഞാപനം ഇതായിരുന്നു:
" തിരൂർ നിന്നും മലപ്പുറത്ത് നിന്നും രണ്ടു വഴിക്കായി പട്ടാളം തിരൂരങ്ങാടിക്ക് മാർച്ച് ചെയ്തു.30 വൈകിട്ട് അവർ കിഴക്കേ പള്ളി വളഞ്ഞു.പള്ളിയിൽ അനവധി മാപ്പിളമാർ ഉണ്ടായിരുന്നു.പള്ളി നശിപ്പിക്കരുതെന്ന ധാരണയിൽ അന്ന് പള്ളിയുടെ നേരെ വെടി വച്ചില്ല.30 ന് 9 .45 ന് ലഹളക്കാർ ഇങ്ങോട്ട് വെടി തുടങ്ങി.തുടർന്ന് അവർ പുറത്ത് ചാടി സൈന്യത്തെ എതിർത്തു.24 ലഹളക്കാർ കൊല്ലപ്പെട്ടു.ആലി മുസലിയാർ അടക്കം 42 പേർ കീഴടങ്ങി.16 തോക്കുകളും കുറെ വാളുകളും തിരകളും കിട്ടി."

കോഴിക്കോട്ട് നിന്ന് 25 ന് കെ പി കേശവ മേനോനും സംഘവും തിരൂരങ്ങാടിയിലെത്തി ആലി മുസലിയാരോട് കീഴടങ്ങാൻ ഉപദേശിച്ചു.അദ്ദേഹം അപേക്ഷ നിരസിച്ചു.താൻ പറഞ്ഞാൽ മാപ്പിളമാർ അനുസരിക്കില്ല എന്നായി മുസലിയാർ.അപ്പോൾ മുസലിയാർ രാജാവും കുഞ്ഞലവി സൈന്യാധിപനും ആയിരുന്നു.ലവക്കുട്ടിയാണ് മുഖ്യമന്ത്രി.ആ കൂടിക്കാഴ്ച കേശവമേനോൻ 'കഴിഞ്ഞ കാല' ത്തിൽ വിവരിച്ചിട്ടുണ്ട്.സായുധ സേന രാജാവിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.ഒരു വാൾ ചുമലിൽ തൂക്കി,മറ്റൊന്ന് കൈയിൽ പിടിച്ച് കുഞ്ഞലവി മേനോൻറെ അടുത്ത് ചെന്ന് നിന്നു.മേനോൻ മുസലിയാരെ അഭിവാദ്യം ചെയ്തു.മുസലിയാർ മേനോനെ ആലിംഗനം ചെയ്തു.മേനോൻ ഉപദേശിച്ചു:

" ഞാൻ പറയുന്നത് തെറ്റിദ്ധരിക്കരുത്.കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.അവിചാരിതമായി പല ദുരിതങ്ങളും നമുക്കുണ്ടായി.ഇനിയും ലഹളയ്ക്ക് ഒരുങ്ങി നിൽക്കുന്നതായാൽ അത് നമുക്ക് വലിയ ആപത്തിനിടയാക്കും.ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ കുറെ പട്ടാളക്കാർ കാറിൽ വരുന്നത് കണ്ടു.ഇനിയും വളരെ പട്ടാളം അടുത്ത് വരുമെന്നത് തീർച്ചയാണ്.അവർ വന്ന് വെടി വച്ച് തുടങ്ങിയാൽ പിന്നത്തെ കഥ എന്തെന്നറിയാമല്ലോ ? അതുകൂടാതെ കഴിക്കണമെങ്കിൽ ആവശ്യപ്പെട്ട ആളുകൾ കീഴടങ്ങാൻ ഒരുങ്ങണം.എന്നാൽ തിരൂരങ്ങാടിയെയും ഇവിടത്തെ ജനത്തെയും രക്ഷിക്കാൻ കഴിയും.കീഴടങ്ങുന്നവരെ ശിക്ഷിക്കുമെന്നത് തീർച്ചയാണ്.പക്ഷെ അവരുടെ ത്യാഗം പൊതുരക്ഷയ്ക്ക് കാരണമായേക്കാം.അതിന് മുസലിയാർ മറ്റുള്ളവരെ ഉപദേശിക്കണം.ഇതാണ് എനിക്ക് പറയാനുള്ളത് .'

മുസലിയാർ ഒരു ദീർഘശ്വാസം വിട്ടു.മറ്റുള്ളവരെ നോക്കി അയാൾ മിണ്ടാതിരുന്നു.അവിടെ നിന്നവർ മേനോൻറെ ഉദ്ദേശ്യ ശുദ്ധിയെ സംശയിച്ചു.മേനോനും സംഘത്തിനും അവിടെ നിൽക്കുന്നത് ആപത്താണെന്ന് തോന്നി.എങ്കിലും മുസലിയാർ മേനോൻ പറഞ്ഞത് ശരി വച്ചു;തീരുമാനം കൂടെയുള്ളവർക്ക് വിട്ടു.മേനോനോട് പോകുമ്പോൾ ലവക്കുട്ടിയെയും കുഞ്ഞലവിയെയും കണ്ടിട്ട് പോകാൻ മുസലിയാർ ഉപദേശിച്ചു.ആ തീവ്രവാദികളുടെ ബന്ദിയായിരുന്നു,മുസലിയാർ.മേനോൻ കുഞ്ഞലവിയോട് സംസാരിച്ചു.അയാൾ പറഞ്ഞു;

" കീഴടങ്ങേണ്ട കഥ മാത്രം അവിടുന്ന് എന്നോട് പറയരുത്.അവർക്ക് എന്നെ കിട്ടിയാൽ കൊല്ലുക അല്ല ചെയ്യുക,അരയ്ക്കുകയാണ്.ഞാൻ അവരോട് യുദ്ധം ചെയ്ത് ചത്തുകൊള്ളാം ."

കുഞ്ഞലവി ആയിരുന്നു 20 ന് രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ കൊന്നത്.

മേനോൻ പിന്നീടുണ്ടായ കുഴപ്പത്തിന് മുസലിയാരെയല്ല,കൂടെയുള്ള തീവ്രവാദി സംഘത്തെയാണ് കുറ്റപ്പെടുത്തുന്നത്.എന്നാൽ മുഹമ്മദ് അബ്‌ദു റഹ്‌മാൻ മുസലിയാരെ തന്നെ ഉത്തരവാദിയായി കണ്ടു.അദ്ദേഹം അത് മുസലിയാരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.ദീൻ അപകടത്തിലാണെന്നും പള്ളിയിൽ കിടന്ന് മരിക്കാമെന്നും മുസലിയാർ കരുതി.
കെ പി കേശവ മേനോൻ 

ലവക്കുട്ടിയുടെ മൊഴിയിൽ നിന്ന്:

"പട്ടാളം 30 വൈകിട്ട് എത്തുമ്പോൾ പള്ളിയിൽ നൂറിലധികം മാപ്പിളമാർ ഉണ്ടായിരുന്നു.വാതിലുകൾ അടയ്ക്കാൻ മുസലിയാർ നിർദേശിച്ചു.ഹിച്ച്കോക്ക്  മാപ്പിളമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.അങ്ങനെ ചെയ്താൽ ഉപദ്രവിക്കില്ല.മുസലിയാരുടെ നിർദേശപ്രകാരം അത്തൻ കുട്ടി,"ഞങ്ങൾ കഞ്ഞി കുടിച്ച് രാവിലെ പുറത്തിറങ്ങാം " എന്ന് മറുപടി നൽകി.അത് സമ്മതിച്ചു.മാപ്പിളമാർ കഞ്ഞിക്കലങ്ങൾ അടുപ്പത്ത് വച്ചു.കൊല്ലുമെന്ന് ഉറപ്പാകയാൽ ലവക്കുട്ടിയും കുഞ്ഞലവിയും കീഴടങ്ങില്ലെന്ന് മുസലിയാരെ അറിയിച്ചു.കൊല്ലുമെന്ന് തീർച്ചയാണെങ്കിൽ,ഒഴിയാൻ നിവൃത്തിയില്ലെങ്കിൽ,സ്വയരക്ഷയ്ക്ക് എതിർക്കാം എന്ന് മുസലിയാർ മതം വിശദീകരിച്ചു.കുഞ്ഞലവി,ലവക്കുട്ടി എന്നിവരുടെ സംഘം ചാവാനും മുസലിയാരും കൂട്ടരും കീഴടങ്ങാനും തീരുമാനിച്ചു.

"രാത്രി നിസ്കാരം കഴിഞ്ഞ് റാത്തീബ് ചൊല്ലിക്കൊണ്ടിരിക്കെ,പട്ടാളം പള്ളിക്ക് വെടി വച്ചു.കഞ്ഞിയുണ്ടാക്കൽ നിന്നു.സകലരും പേടിച്ച് പട്ടിണി കിടന്നു.ആ ഒരു വെടി പുറത്തു നിന്ന് മാപ്പിള സംഘം വരുന്നുണ്ടെന്ന് കേട്ട് പേടിപ്പിക്കാൻ ആയിരുന്നു.ഇത് രാവിലെ പട്ടാളം വ്യക്തമാക്കി.രാത്രി കഞ്ഞി കുടിക്കാൻ കഴിയാത്തത് കൊണ്ട് രാവിലെ കുടിച്ചിറങ്ങാം എന്ന് മാപ്പിളമാർ പറഞ്ഞു.ഉടൻ പുറത്തിറങ്ങാൻ പട്ടാളം നിർദേശിച്ചു.അല്ലെങ്കിൽ പള്ളിക്ക് വെടി വയ്ക്കും.പുറത്തിറങ്ങിയാൽ അത് ഒഴിവാക്കാമെന്ന് കണ്ട് മുസലിയാർ പടിപ്പുര വാതിൽ തുറക്കാൻ നിർദേശിച്ചു.വാതിൽ തുറന്നവനും അടുത്ത് നിന്നവനും വെടി കൊണ്ട് വീണു .പള്ളിക്ക് മുകളിൽ നിന്ന ചിലരും വെടിയേറ്റ് വീണു.അവർ തിരിച്ചും വെടി വച്ചു.ലഹളയുടെ തുടക്കത്തിൽ മഞ്ചേരി ജയിൽ ചാടിയ അബ്‌ദുള്ളക്കുട്ടിയും പള്ളിയിൽ ഉണ്ടായിരുന്നു.

"വെടി കണ്ട മുസലിയാർ വെള്ളക്കൊടി കാണിക്കാൻ ഒരാളെ പള്ളി മുകളിൽ കേറ്റി.പോരാടാൻ ഉറച്ചവർ പുറത്തിറങ്ങാൻ കുഞ്ഞലവി നിർദേശിച്ചു.അയാളും അബ്‌ദുള്ളക്കുട്ടിയും മറ്റ് ചിലരും പുറത്തേക്ക് ചാടി.ലവക്കുട്ടി ചാടിയില്ല.വെള്ളക്കൊടി കണ്ടപ്പോൾ പട്ടാളം വെടി നിർത്തി.മുസലിയാരും കൂട്ടരും തെക്ക് പടിപ്പുര തുറന്ന് പുറത്തിറങ്ങി.രണ്ടു പേർ വീതം ആയുധമില്ലാതെ വരാൻ പട്ടാളം നിർദേശിച്ചു.ചെന്നവരെ പിടിച്ചു കെട്ടി.ലവക്കുട്ടി വടക്ക് കുന്നിറങ്ങി കാട്ടിലെത്തി.കൂടെ പലരുമെത്തി.ഉച്ചയായി.രാത്രി കാട്ടിൽ നിന്നിറങ്ങി."

കൊല്ലപ്പെട്ടവരിൽ ഒരാൾ കാരാടൻ മൊയ്തീൻ ആയിരുന്നു.പട്ടാളക്കാരൻ വില്യമിനെ കുഞ്ഞലവി കുത്തിക്കൊന്നു.

മാപ്പിളമാർ അങ്ങോട്ട് വെടി വച്ചതാണ് പ്രശ്നമുണ്ടാക്കിയതെന്ന് കോയമ്പത്തൂർ ജയിലിൽ മുസലിയാരുടെ സംഘം സംസാരിക്കുന്നത് കേട്ടതായി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് 'ഖിലാഫത്ത് സ്മരണകളി'ൽ എഴുതിയിട്ടുണ്ട്.മുസലിയാരും ബ്രഹ്മദത്തനും ഒരേ ബ്ലോക്കിലായിരുന്നു.വെള്ളക്കൊടി കാട്ടിയ ആളെ ജയിലിൽ കണ്ടു.ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന ഭാവമായിരുന്നു കോൺഗ്രസിനെന്ന് ചെർപ്പുളശേരി കോൺഗ്രസ് പ്രസിഡൻറ് ആയിരുന്ന അദ്ദേഹം രേഖപ്പെടുത്തുന്നു.

മുസലിയാരെ പട്ടാള കോടതി വിചാരണ ചെയ്തു.അദ്ദേഹത്തിന് വേണ്ടി ഹാജരായ സർക്കാർ വക്കീൽ എ വി ബാലകൃഷ്ണ മേനോനെ എതിർ ചോദ്യങ്ങളിൽ നിന്ന് മുസലിയാർ വിലക്കി.മുസലിയാരെ നവംബർ അഞ്ചിന് തൂക്കാൻ വിധിച്ചു.കോയമ്പത്തൂർ ജയിലിൽ 1922 ഫെബ്രുവരി 17 ന് തൂക്കിക്കൊന്നു.മേട്ടുപ്പാളയം റോഡിനടുത്ത് മറവ് ചെയ്തു.

മുസലിയാർ കോൺഗ്രസുകാരൻ ആയിരുന്നില്ല.ഇസ്ലാമിൽ ആധാരമായ മതരാഷ്ട്രം സ്ഥാപിക്കാൻ കോൺഗ്രസ് ചങ്ങാത്തം സഹായിക്കുമെന്ന് ധരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിൽ നിന്ന,ഗാന്ധിയുടെ നിസ്സകഹരണത്തിൽ പങ്കില്ലാത്ത ഏറനാടൻ മാപ്പിള.സംഗതി വഷളായപ്പോൾ ആദ്യ ധർമ്മസങ്കടത്തിൽ നിന്ന് അയാൾ രക്ഷപ്പെട്ടത്,അനുയായികൾ നബിയുടെ യുദ്ധങ്ങൾ വച്ച് ചോദ്യം ചെയ്തപ്പോഴാണ്.ഹിംസയ്ക്ക് മതപരമായ അനുമതിയുണ്ടെന്ന് വ്യാഖ്യാനിച്ച് അയാൾ ഇടക്കാല മിതവാദം വിട്ട് തീവ്രവാദികൾക്ക് വഴങ്ങി.രാജാവായി കിരീടധാരണം നടന്നത് പള്ളിയിൽ തന്നെ ആയിരുന്നു.രാജാവായത് തന്നെ,ആദ്യ സംഘർഷത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം തോറ്റു,ഏറനാട് സ്വതന്ത്ര ഇസ്ലാമിക റിപ്പബ്ലിക്കായി എന്ന മിഥ്യാ ധാരണയിൽ ആയിരുന്നു.ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ഇന്ത്യയിൽ സ്വാതന്ത്ര്യ സമരമായത് എന്നാണെന്ന് വിശദീകരിക്കേണ്ടത്,കെ എൻ പണിക്കരെ പോലുള്ള  മാർക്സിസ്റ്റ് -ജമാ അത്തെ ഇസ്ലാമി ചരിത്രകാരന്മാരാണ്.



© Ramachandran 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...