Wednesday, 3 August 2022

1921: കുമാരനാശാൻ മലബാറിൽ

കുമാരനാശാൻ ടി കെ നാരായണനൊപ്പം 



മാപ്പിള ലഹളയുടെ എഴുപത്തഞ്ചാം വാർഷികം ആചരിച്ച 1996 ൽ വി ടി ഇന്ദുചൂഡൻ, ലഹളയെ വർഗ്ഗസമരമായി കാണുന്ന വക്രീകരണത്തെ വിമർശിച്ച് ഇങ്ങനെ എഴുതി: "കണ്ടവർ നിൽക്കട്ടെ, കേട്ടവർ പറയട്ടെ - എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. അതാണ് മാപ്പിള ലഹളയെപ്പറ്റി ചരിത്രകാരന്മാർ എന്നവകാശപ്പെട്ടു കൊണ്ട് ചില ബുദ്ധിജീവികൾ പറയുന്നത്. കുമാരനാശാൻ നേരിൽക്കണ്ട് എഴുതിയത് സ്വീകാര്യമല്ലെന്നും മാപ്പിള ലഹള പുരോഗമന വിപ്ലവമായിരുന്നു എന്നുമാണല്ലോ ഇവരുടെ നിലപാട്."

ഈ വാചകങ്ങളിലുള്ളത്, കുമാരനാശാൻ മാപ്പിള ലഹളയുടെ കെടുതികൾ നേരിൽ കണ്ടു എന്നാണ്. അങ്ങനെയെങ്കിൽ അതിന് തെളിവ് വേണം. തെളിവുണ്ടോ?

ഗുരുവിനൊപ്പം ആശാൻ 

തെളിവിന് വേണ്ടി റിട്ടയർ ചെയ്ത പൊലീസ് സൂപ്രണ്ട് കെ എൻ ബാലിൻറെ സഹായം ഞാൻ തേടി. സർവീസിലിരുന്നപ്പോൾ മിടുക്കനായിരുന്നു ബാൽ. ചരിത്രത്തിലാണ് അദ്ദേഹത്തിൻറെ ബിരുദം.

പൊലീസായതു കൊണ്ടല്ല ബാലിനോട് ഇക്കാര്യം തിരക്കിയത്. അദ്ദേഹം, കുമാരനാശാൻറെ ആത്മസുഹൃത്തായ ടി കെ നാരായണൻറെ മകൻ ആയതു കൊണ്ടാണ്. ബാൽ സാക്ഷ്യപ്പെടുത്തി: ആശാൻ മാപ്പിള ലഹളയുടെ ദുരന്തങ്ങൾ അറിയാൻ നാരായണൻറെ കൂടെ മലബാറിൽ പോയിരുന്നു. ശ്രീനാരായണഗുരുവും ആശാനും ആലോചിച്ച് നാരായണനെ മലബാറിൽ അയയ്ക്കാൻ തീരുമാനിച്ചു. അപ്പോൾ നാരായണൻറെ കൂടെ ആശാനും പോയി.

ഇക്കാര്യങ്ങൾ അമ്മ പന്തളം കറുത്തേരി നാരായണി പറഞ്ഞും ബാൽ കേട്ടിട്ടുണ്ട്. ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യ സ്‌കൂൾ അദ്ധ്യാപികയായ നാരായണി സാധാരണ വീട്ടമ്മ ആയിരുന്നില്ല; കാര്യവിവരം ഉണ്ടായിരുന്നു.

മാപ്പിളലഹളയ്ക്ക് പിന്നാലെ, ഹിന്ദുക്കളുടെ ദുരിതാശ്വാസ പ്രവർത്തനത്തിന് ലഹോറിൽ നിന്ന് പണ്ഡിറ്റ് ഋഷിറാം ഉൾപ്പെടെ ആര്യസമാജം പ്രവർത്തകർ എത്തി. ആ സംഘത്തിൽ കൊട്ടാരക്കരക്കാരൻ ആർ വെങ്കിടാചലവും ഉണ്ടായിരുന്നു. പിൽക്കാലത്ത് വേദബന്ധു എന്ന പേരിൽ ആഴമുള്ള പുസ്തകങ്ങൾ എഴുതി. മാപ്പിളലഹളയെപ്പറ്റിയുള്ള ആദ്യ പുസ്തകം, 'മാപ്പിള വിദ്രോഹ്' അദ്ദേഹം എഴുതിയതാണ്. മലബാറിൽ ആര്യസമാജം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും മാപ്പിള ക്രൂരതകളും അതിൽ വിവരിച്ചിട്ടുണ്ട്. അതിനെ ആധാരമാക്കിയാണ്, സവർക്കർ 'മാപ്പിള' എന്ന നോവൽ എഴുതിയത്. എന്നാൽ, വേദബന്ധുവിൻറെ പുസ്തകത്തിനും മുൻപാണ്, ആശാൻറെ 'ദുരവസ്ഥ' വന്നത്.

ഋഷിറാം, വെങ്കിടാചലം എന്നിവരുമായി ആശാനും നാരായണനും ബന്ധപ്പെട്ടിരുന്നുവെന്ന് ബാൽ ഓർക്കുന്നു. ആശാൻ മലബാറിൽ പോയിരുന്നുവെന്ന് തെളിയിക്കുന്ന ഒരു വാചകം, ആശാൻ ആലപ്പുഴ മുസ്ലിം യുവജന സംഘത്തിന് അയച്ച മറുപടിയിലുമുണ്ട്.

1097 ചിങ്ങത്തിലാണ് കുമാരനാശാൻറെ  ഭാഷയില്‍, തെക്കെമലയാം ജില്ലയില്‍ മാപ്പിള ലഹള ആരംഭിക്കുന്നത്. 1097 ഇടവത്തിലാണ് 'ദുരവസ്ഥ' എഴുതിത്തുടങ്ങുന്നത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ 1700 ശീലിൽ പൂർത്തിയായി.പതിവിൽ നിന്ന് വിട്ട് വേഗം കവിത അച്ചടിക്കണമെന്ന് ആശാൻ ആഗ്രഹിച്ചിരുന്നതായി ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു.'ആപത്തിൽ പാപമില്ല'എന്ന ശീർഷകത്തിൽ മെയ് 25 ന് തുടങ്ങിയ കവിത ഓഗസ്റ്റ് 30 ന് തീർന്നപ്പോൾ പേര് മാറ്റി.സെപ്റ്റംബർ രണ്ടിന് പകർത്തി,ഏഴിന് അച്ചടിക്ക് കൊടുത്തു.

കവിത വലിയ കോളിളക്കം ഉണ്ടാക്കി മുസ്ലിംകൾ പ്രതിഷേധിച്ചു.പ്രതിഷേധ യോഗങ്ങൾ ചേർന്നു.ആലപ്പുഴ മുസ്ലിം യുവജന സംഘം കവിതയ്ക്ക് എതിരെ പ്രമേയം പാസാക്കി.ഇത് ആശാന് അയച്ചു കൊടുത്തു.ആശാൻ മറുപടി എഴുതി:

"ദുരവസ്ഥ എന്ന എൻറെ കൃതിയിൽ നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവെ സ്പർശിക്കുന്നതായി സഭ്യേതരമായ ഒരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല.മലബാറിൽ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും,മതഭ്രാന്തിനെ മുൻ നിർത്തിയുള്ള അവരുടെ പൈശാചികമായ പ്രവൃത്തികളെയും അതിൽ കാവ്യയോഗ്യമായ വിധത്തിൽ വർണിച്ചിട്ടുണ്ട്.ആ സന്ദർഭങ്ങളിൽ രസാനുഗുണമായും ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ഞാൻ ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരെയും അവരുടെ പ്രവൃത്തിയെയും മാത്രം കുറിക്കുന്നതാണ്.ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകൾ വിവക്ഷിക്കുന്നില്ല.ശാന്തമായ മനഃസ്ഥിതിയോട് കൂടി പുസ്തകം ദയവ് ചെയ്ത് ഒന്നുകൂടി വായിച്ചു നോക്കിയാൽ വാസ്തവം നിങ്ങൾക്ക് തന്നെ വെളിവാകുന്നതാണ്."

"ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങൾ" എന്ന് ആശാൻ പറഞ്ഞതിൽ കാണേണ്ടത്, അദ്ദേഹം നേരിട്ടു കണ്ട കാഴ്ചകൾ തന്നെ.

തിരുവനന്തപുരത്ത് മുസ്ലിം ബുദ്ധി ജീവികൾ യോഗം കൂടി.വക്കം അബ്ദുൽ ഖാദർ മൗലവി ആയിരുന്നു അധ്യക്ഷൻ.യോഗ തീരുമാനപ്രകാരം,മൗലവിയും കെ എം സീതി സാഹിബും കുമാരനാശാനെ കണ്ടു.കവിത പിൻവലിക്കാനുള്ള അവരുടെ അപേക്ഷ ആശാൻ നിരസിച്ചു. നിരസിക്കാൻ കാരണവും നേരിട്ട് ബോധ്യപ്പെട്ട വസ്തുതകൾ തന്നെ.

'ദുരവസ്ഥ' എഴുതി താമസിയാതെ 1924 ജനുവരി 16 ന് പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ ആശാൻ മരിച്ചു. അവസാനത്തെ അത്താഴം ആശാൻ കഴിച്ചത് ടി കെ നാരായണൻറെ കൂടെ ആയിരുന്നുവെന്ന് കെ എൻ ബാൽ ഓർക്കുന്നു. തണുപ്പു കാലം ആയതിനാൽ, നാരായണൻ അപ്പോൾ ധരിച്ചിരുന്ന ഓവർകോട്ട് ഊരി ആശാന് കൊടുത്തു. കോട്ടിൻറെ കീശയിൽ ഋഷിറാമും മറ്റൊരു ആര്യസമാജം പ്രവർത്തകനും നാരായണന് എഴുതിയ കത്തുകളും ആര്യസമാജം സ്ഥാപകൻ ദയാനന്ദ സരസ്വതിയുടെ ലഘു ജീവചരിത്രവും ഉണ്ടായിരുന്നു. അതെടുത്തു മാറ്റാൻ നാരായണൻ മറന്നിരുന്നു. ആശാൻ ധരിച്ചിരുന്ന കോട്ടിൻറെ കീശയിൽ ഇവയുണ്ടായിരുന്നുവെന്ന് അപകടശേഷം പൊലീസ് തയ്യാറാക്കിയ മഹസ്സറിൽ ഉണ്ട്.

ശ്രീനാരായണ ഗുരുവിൻറെ ഗൃഹസ്ഥ ശിഷ്യരിൽ പ്രധാനി ആയിരുന്നു ടി കെ നാരായണൻ; എസ് എൻ ഡി പി യോഗത്തിൻറെ ആദ്യ സഞ്ചാര സെക്രട്ടറി. ആശാൻ, ടി കെ മാധവൻ, പരവൂർ കേശവനാശാൻ തുടങ്ങിയവർക്ക് സംഘടനാ പ്രവർത്തനത്തിലും പത്രപ്രവർത്തനത്തിലും ശക്തമായ പിൻതുണ നൽകി. 'വിവേകോദയം', ടി കെ മാധവൻറെ 'ദേശാഭിമാനി', അമ്മാവനായ കേശവനാശാൻറെ 'സുജനാ നന്ദിനി' എന്നിവയുടെ പത്രാധിപർ ആയിരുന്നു. സ്വന്തമായി 'പാഞ്ചജന്യം' എന്ന പത്രവും 'അമൃതഭാരതി' എന്ന പ്രതിവാര പത്രവും നടത്തി. 1921 ൽ ഗുരുവിൻറെ ആദ്യ ജീവചരിത്രം എഴുതി. ശ്രീരാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ, രാജാറാം മോഹൻ റായ് എന്നിവരുടെ ലഘു ജീവചരിത്രങ്ങളും എഴുതി. ആര്യസമാജം, ബ്രഹ്മവിദ്യാ സംഘം എന്നിവയുടെ പുസ്തകങ്ങൾ, 'ആരോഗ്യ രത്നാകരം' ഉൾപ്പെടെ പരിഭാഷ ചെയ്തു. 'ഹനുമാൻറെ പൂണൂൽ' സവർണ കോമരങ്ങളെ ചൊടിപ്പിച്ചു.

ടി കെ നാരായണൻ 

കൊല്ലം ഇംഗ്ലീഷ് മിഷനറി സ്‌കൂളിലും മദ്രാസ് സർവകലാശാലയിലും പഠിച്ച നാരായണൻ കൊല്ലത്ത് തുടങ്ങിയ ഇംഗ്ലീഷ് ഇൻസ്റ്റിട്യൂട്ട്, കേരളത്തിലെ ട്യൂട്ടോറിയൽ പ്രസ്ഥാനത്തിന് വഴികാട്ടി ആയിരുന്നു. 1904 ഒക്ടോബർ 16 ന് സ്വന്തം നാടായ പരവൂർ പൊഴിക്കരയിൽ നാരായണൻ സംഘടിപ്പിച്ച യോഗത്തിലാണ്, ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം, പുളികുടി അടിയന്തരം, പുലകുളി തുടങ്ങിയ അനാചാരങ്ങൾ അവസാനിപ്പിക്കാനും വിവാഹം പരിഷ്കരിക്കാനും ആഹ്വാനം ചെയ്തത്.

ഇനി നമുക്ക് അന്വേഷിക്കാനുള്ളത്, ആശാനെയും നാരായണനെയും മലബാറിലേക്ക് മാപ്പിള ലഹളയ്ക്ക് ശേഷം അയയ്ക്കാനുള്ള ആര്യസമാജ ബന്ധം ശ്രീനാരായണ ഗുരുവിന് ഉണ്ടായിരുന്നോ എന്നതാണ്. ആര്യസമാജവുമായി മാപ്പിളലഹളയ്ക്ക് ശേഷം ഗുരുവിന് ശക്തമായ ബന്ധമുണ്ടായിരുന്നതിന് തെളിവുണ്ട്.

ടി ഭാസ്‌കരൻ എഴുതിയ ജീവചരിത്രത്തിൽ, "ഗുരു:1090 മുതൽ മഹാസമാധി വരെ" എന്ന അനുബന്ധത്തിൽ, ഇങ്ങനെ പറയുന്നു:

"1098-ൽ പാണാവള്ളി ശ്രീകണ്ഠേശ്വര പ്രതിഷ്ഠ നടത്തി. പിറ്റേക്കൊല്ലം (1924) വ്യസനകരമായ ഒരു സംഭവം ഉണ്ടായി. പല്ലന റെഡീമർ ബോട്ടപകടത്തിൽ കുമാരനാശാൻ മരിച്ചു. അന്നു വെളുപ്പാൻ കാലത്തു സ്വാമികൾ ശിവഗിരിയിൽ വിശേഷാൽ പ്രാർത്ഥന നടത്തിച്ചു. ആശാൻറെ ചരമവാർത്ത പിന്നീടാണ് അറിഞ്ഞത്.

"അക്കൊല്ലം സ്വാമികൾ ആലുവായിൽ സർവ്വമത സമ്മേളനം വിളിച്ചുകൂട്ടി. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് സ്വാമികൾ സമ്മേളന കവാടത്തിൽ എഴുതിവപ്പിച്ചു. ആശയപരമായ ഏതു സംവാദവും ഈ മനോഭാവത്തോടെയാണു നടത്തേണ്ടതെന്ന് എടുത്തുപറയേണ്ടതില്ലല്ലൊ. രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ അനേകം മതപണ്ഡിതന്മാർ പങ്കെടുത്തു. സ്വാമികൾ രണ്ടു ദിവസവും സമ്മേളനവേദിയിൽ ഉണ്ടായിരുന്നു. സമ്മേളനത്തിൻറെ  ലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ട് സത്യവ്രത സ്വാമികൾ സ്വാഗത പ്രസംഗം നടത്തി. സി.വി. കുഞ്ഞുരാമൻ കൃതജ്ഞത പ്രകാശിപ്പിച്ചു. സിലോണിൽ നിന്നൊരു ബുദ്ധഭിക്ഷു സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. ബുദ്ധമതത്തെ കുറിച്ചു സംസാരിച്ചത് മഞ്ചേരി രാമയ്യരും രാമകൃഷ്ണയ്യരും ആണ്. ക്രിസ്തുമതത്തെക്കുറിച്ചു കെ. കെ. കുരുവിളയും ഇസ്ലാം മതത്തെക്കുറിച്ചു മഹമ്മദു മൗലവിയും ബ്രഹ്മസമാജത്തെക്കുറിച്ചു സ്വാമി ശിവപ്രസാദും ആര്യസമാജത്തെക്കുറിച്ചു പണ്ഡിറ്റ് ഋഷിറാമും പ്രസംഗിച്ചു.

"1100 കുംഭത്തിൽ ഗാന്ധിജി ശിവഗിരി സന്ദർശിച്ചു.ആര്യസമാജ പ്രവർത്ത‌കനായ സ്വാമി ശ്രദ്ധാനന്ദജി ശിവഗിരിയിൽ വന്ന് ഗുരുവിനെ അക്കൊല്ലം സന്ദർശിക്കുകയുണ്ടായി.

സ്വാമി ശ്രദ്ധാനന്ദയുമായി നടന്ന സംഭാഷണത്തിനിടയിൽ ഗുരു പറഞ്ഞ നർമ്മങ്ങളിൽ ചെയ്തതൊന്നും പോരാ എന്ന ധ്വനിയുണ്ട്. പ്രസക്ത ഭാഗം:

ശ്രദ്ധാനന്ദ: അധഃകൃതരുടെ ഉദ്ധാരണത്തിനു സ്വാമികൾ പലതും ചെയ്തിട്ടുണ്ടെന്നറിയാം.
ഗുരു: നാം ഒന്നും പ്രവർത്തിക്കുന്നില്ലല്ലൊ.
ശ്രദ്ധാനന്ദ: പ്രവർത്തിയുണ്ടാകാതിരിക്കുകയില്ല. പ്രവർത്തിയുണ്ടെങ്കിലെ നിവൃത്തിയുള്ളുവല്ലോ.
ഗുരു: ഇവിടെ നമുക്ക് ഒരു നിവൃത്തിയും ഇല്ല.

ഇങ്ങനെ ചെയ്തില്ലെന്നും ചെയ്യുന്നില്ലെന്നും തോന്നിയതിനാൽ ഗുരു നിർത്താത്ത സഞ്ചാരമായിരുന്നു. ദയാനന്ദ സരസ്വതിയും ശ്രദ്ധാനന്ദയും ഹിന്ദു സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നടത്തിയ പ്രക്ഷോഭം അപാരമാണ്. ദയാനന്ദ സരസ്വതിയുടെ 'സത്യാർത്ഥ പ്രകാശ'വും ശ്രദ്ധാനന്ദയുടെ 'ഹിന്ദുസംഘടൻ' എന്ന പുസ്തകവും അവയിറങ്ങിയ കാലം വച്ചു നോക്കിയാൽ, വലിയ വിപ്ലവങ്ങളാണ്. അയിത്തോച്ചാടനം കോൺഗ്രസിൻറെ പരിപാടിയാക്കാത്തതിനാൽ ഗാന്ധിയിൽ നിന്നകന്നയാളാണ്, ശ്രദ്ധാനന്ദ. ഇരുവരും മതംമാറ്റത്തിന് എതിരുമായിരുന്നു. അത്തരം നിലപാടുകളോട് ചേർന്നു നിന്നവരാണ് ഗുരുവും ആശാനും എന്ന കാര്യത്തിൽ തർക്കമില്ല.

പത്രാധിപർ എന്ന നിലയിൽ മാപ്പിള ലഹളയെപ്പറ്റി ആശാൻറെ ഒരു ലേഖനം ഇല്ലാതെ പോയത് അദ്ദേഹം തൊഴുത്തിൽ കുത്തു കാരണം 1919 ൽ എസ് എൻ ഡി പി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനൊപ്പം 'വിവേകോദയം' പത്രാധിപർ അല്ലാതായി എന്നതു കൊണ്ടാകാം. 1921 ൽ അദ്ദേഹം 'പ്രതിഭ' എന്ന സാഹിത്യ മാസികയുടെ പത്രാധിപർ ആയി. ആലുവയിൽ യൂണിയൻ ടൈൽ ഫാക്ടറി തുടങ്ങിയതും ആ വർഷം തന്നെ. സമീപത്തെ കൊട്ടാര ജലാശയത്തെ മലിനപ്പെടുത്തതിനാൽ ഫാക്ടറി പുഴയോരത്തെ മറ്റൊരു സ്ഥലം വാങ്ങി അങ്ങോട്ടു മാറ്റി. പഴയ സ്ഥലം എസ് എൻ ഡി പി ക്ക് നൽകി. അവിടെയാണ് അദ്വൈതാശ്രമം ഉയർന്നത്. വിദ്യാഭ്യാസ ഡയറക്ടർ രാമസ്വാമി അയ്യരുടെ സ്ഥലം തോന്നയ്ക്കലിൽ വാങ്ങി അങ്ങോട് മാറിയതും ഇക്കാലത്താണ്. ഓട് ഫാക്ടറിയിലേക്ക് വരുമ്പോൾ ആയിരുന്നു, മരണം. 

ജീവിത രേഖകൾ 

പണ്ഡിറ്റ് ഋഷിറാം (1893 -1970):

അംബാലയിലെ വൈശ്യ കുടുംബത്തിൽ ജനിച്ചു. ആര്യസമാജ നേതാവ് പണ്ഡിറ്റ് ഹൻസ് രാജ് സ്ഥാപിച്ച ദയാനന്ദ് ആംഗ്ലോ വേദിക് കോളജിൽ പഠിച്ചു. 1917 ൽ ബിരുദം നേടി ആര്യസമാജ പ്രവർത്തനത്തിൽ മുഴുകി. 1921 ലെ മാപ്പിളലഹളക്കാലത്ത് പഞ്ചാബ് ആര്യ പ്രതിനിധി സഭ അദ്ദേഹത്തെ മലബാറിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് നിയോഗിച്ചു. മലബാറിൽ വ്യാപകമായി യാത്ര ചെയ്ത അദ്ദേഹം മാപ്പിളമാർ ബലമായി മതം മാറ്റിയ ആയിരക്കണക്കിന് ഹിന്ദുക്കളെ മടക്കി കൊണ്ടു വന്നു. കോഴിക്കോടും പൊന്നാനിയിലും ആര്യസമാജം സ്ഥാപിച്ചു.

ഋഷിറാം 

കേരളത്തിലെ സാമൂഹ്യ പരിഷ്കരണത്തിൽ വലിയ പങ്കു വഹിച്ചു. ശ്രീനാരായണഗുരുവുമായി ചർച്ചകൾ നടത്തി. 1923 ൽ ആലുവയിൽ ഗുരു സംഘടിപ്പിച്ച സർവ മത സമ്മേളനത്തിൽ ആര്യസമാജത്തെ പ്രതിനിധീകരിച്ചു.

കേരള ദൗത്യത്തിനു ശേഷം, ഋഷിറാം വേദപ്രചാരണത്തിന് കിഴക്കേ ആഫ്രിക്കയിൽ പോയി. 1930 -1934 ൽ കൊൽക്കത്ത പ്രധാന കേന്ദ്രമാക്കി പ്രവർത്തിച്ചു. 1936 ൽ വീണ്ടും വിദേശത്തു പോയി.

വേദബന്ധു ശർമ്മ ( ആർ വെങ്കിടാചല അയ്യർ 1901 -1995 )

കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖനും ആര്യസമാജത്തിന്റെ പ്രമുഖപ്രവർത്തകനുമായിരുന്നു വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യർ. 1921-ലെ മാപ്പിള ലഹളക്കാലത്ത് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായവരെ തിരികെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കേരളത്തിലെത്തിയ ആര്യസമാജം പ്രവർത്തകൻ ഋഷി റാമിനോടൊപ്പമായിരുന്നു വേദബന്ധുവിന്റെ വരവ്. ഋഷി റാമിന്റെ ദ്വിഭാഷിയും സഹായിയുമായിരുന്നു വേദബന്ധു.

രാമകൃഷ്ണയ്യരുടെയും ശ്രീമതി സീതാലക്ഷ്മി അമ്മാളിന്റെയും പുത്രനായി 1901 ഏപ്രിൽ 20-ന് കൊട്ടാരക്കരയിൽ തൃക്കണ്ണമംഗലത്ത് ജനിച്ചു. ഭാര്യ സരസ്വതി ദേവി.

കൊട്ടാരക്കര ഇംഗ്ലീഷ് സ്‌കൂളിലും ബനാറസ് ഹിന്ദു സർവകലാശാലയിലും പഠനം.കാശിയിലെ പണ്ഡിതരിൽ നിന്ന് വേദം പഠിച്ചു.സംസ്‌കൃതത്തിൽ എം എ.

ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി കോൺഗ്രസിൽ ചേർന്നു.എന്നാൽ, ദേശീയത അദ്ദേഹത്തെ എത്തിച്ചത് ആര്യ സമാജത്തിലാണ്. അങ്ങനെ സമാജ കേന്ദ്രമായ ലഹോറിൽ എത്തി. സംസ്കൃതത്തിൽ എം എ ബിരുദം നേടിയ ശേഷം ലഹോറിലും വിവിധ ഉത്തരേന്ത്യൻ നഗരങ്ങളിലും ആര്യസമാജ ഗുരുകുലങ്ങളിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിലും ആര്യസമാജത്തിന്റെ പ്രേഷിതപ്രവർത്തനങ്ങളിലും മുഴുകി. ധാരാളം വായിച്ചു യാത്രചെയ്തു നിരവധി ഭാഷകൾ കൈകാര്യം ചെയ്തു കേരളത്തിൽ ആര്യസമാജത്തിന്റെ പ്രവർത്തനം ആരംഭിച്ചവരിൽ പ്രമുഖനാണ്.കോഴിക്കോട്ടും പൊന്നാനിയിലും ആര്യ സമാജ കേന്ദ്രങ്ങൾ സ്ഥാപിച്ചു.കൽ‌പാത്തി അഗ്രഹാര വഴിയിൽ ദളിതർക്ക് സഞ്ചരിക്കാൻ വേണ്ടി സമരം ചെയ്തു.

മാപ്പിള ലഹളക്കാലത്ത് 1921 ഒക്ടോബറിൽ മലബാറിൽ എത്തി, മാപ്പിളമാർ മതം മാറ്റിയ 2600 ഹിന്ദുക്കളെ മടക്കിക്കൊണ്ടു വരുന്ന പ്രവർത്തനത്തിൽ മുഴുകി. ഇന്ത്യ വിഭജന ശേഷം ഇന്ത്യയിൽ എത്തുമ്പോൾ വലിയ ചുമട് വേദ സാഹിത്യം കൂടെ ഉണ്ടായിരുന്നു.

വേദബന്ധു 

ഹോഷിയാർപുർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിരുന്നു. വേദസാഹിത്യം കേരളത്തിനു പരിചയ്പ്പെടുത്തിയവരിൽ പ്രമുഖൻ . സ്വാമി ദയാനന്ദസരസ്വതി യുടെ വൈദിക സാഹിത്യം മലയാളത്തിലേക്ക് മിക്കവാറും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. कृण्वन्तो विश्वमार्यम् ~വിശ്വത്തെ ശ്രേഷ്‌ഠമാക്കുക Make This World Enlightened എന്ന ആശയത്തിന്റെ സ്ഥപനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിച്ചു. 1995 നവംബർ 20-ന് ബംഗളൂരുവിൽ മരണം.

പുസ്തകങ്ങൾ:

സത്യാർത്ഥപ്രകാശം പരിഭാഷ, ഋഗ്വേദ പ്രവേശിക, സന്ധ്യയും അഗ്നിഹോത്രവും, അർത്ഥവിജ്ഞാനം, രസഭാരതി, ഭാരതീയ കാവ്യ ശാസ്ത്രം, ജാതിയും പരിവർത്തനവും, പുരുഷ സൂക്തം ഭാഷ്യം, സമുദായ പരിവർത്തനം, മലബാർ മാപ്പിള ലഹള, Malabar Mappila Riots, Mappila Vidroh (Hindi)


© Ramachandran 






 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...