Showing posts with label കമ്പങ്കുടി സുന്ദരം കുളത്തു അയ്യർ. Show all posts
Showing posts with label കമ്പങ്കുടി സുന്ദരം കുളത്തു അയ്യർ. Show all posts

Tuesday 30 August 2022

ഹരിവരാസനം എഴുതിയ സുന്ദരം കുളത്തു അയ്യർ

ജാനകിയമ്മ എന്ത് എഴുതി?


രിവരാസനം എന്ന ശാസ്താ സ്തുതിയുടെ ശതാബ്‌ദി കേരളത്തിൽ ഇപ്പോൾ ചിലർ കൊണ്ടാടുന്നു എങ്കിലും, തമിഴ്‌നാട്ടിൽ ഇത് മൂന്നു വർഷം മുൻപ് കൊണ്ടാടി. കാരണം, ഈ അഷ്ടകം 1920 ൽ കല്ലടക്കുറിച്ചി കമ്പങ്കുടി സുന്ദരം കുളത്തു അയ്യർ എഴുതി എന്നാണ് കല്ലടക്കുറിച്ചിക്കാർ കരുതുന്നത്. പല തലമുറകൾക്ക് ഗുരുസ്വാമി ആയിരുന്നു, കുളത്തു അയ്യർ.

തിരുനൽവേലി ജില്ലയിലെ കല്ലടക്കുറിച്ചിക്ക് കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്ന് അധികം ദൂരമില്ല. അംബാസമുദ്രത്തിനടുത്ത് താമ്രപർണി നദിക്കരയിലെ കല്ലടക്കുറിച്ചിയിൽ ഗുരുവായ തമിഴ് ബ്രാഹ്മണൻ സുബ്ബജടാപാഠികളുടെ വീട്ടിൽ നാലു വർഷം താമസിച്ചാണ് ചട്ടമ്പി സ്വാമികൾ വേദോപനിഷത്തുകൾ സ്വായത്തമാക്കിയത്. അതിന് മുൻപ് തിരുവനന്തപുരത്ത് സർക്കാർ അധ്യാപകനായ സ്വാമിനാഥ ദേശികർ എന്ന തമിഴ് ബ്രാഹ്മണൻ അദ്ദേഹത്തെ തമിഴ് വ്യാകരണം പഠിപ്പിച്ചിരുന്നു. ദേശികരാണ്, മുറജപത്തോടനുബന്ധിച്ച വേദാന്ത സദസ്സിനെത്തിയ സുബ്ബജടാപാഠികളെ ചട്ടമ്പിക്ക് പരിചയപ്പെടുത്തിയത്. കല്ലടക്കുറിച്ചിക്ക് അടുത്ത എട്ടയ പുരത്ത് 1835 ൽ സംഗീതജ്ഞൻ മുത്തുസ്വാമി ദീക്ഷിതർ സ്ഥിരതാമസമാക്കിയിരുന്നു

'ശാസ്താ സ്തുതി കദംബം' എന്ന, കുളത്തു അയ്യർ 1920 ൽ തമിഴിൽ ഇറക്കിയ പുസ്തകത്തിലാണ് ഹരിവരാസനം ഇടം നേടിയത്. ഇത് പിന്നീട് 1963 ൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക് ഡിപ്പോ മലയാളത്തിൽ ഇറക്കി. അതിൽ സമ്പാദകൻ കുമ്പക്കുടി കുളത്തു അയ്യർ എന്നു ചേർത്തതായി മലയാളത്തിൽ ഇറങ്ങുന്ന ലേഖനങ്ങളിൽ കാണുന്നു. സമ്പാദകൻ എന്നു വച്ചാലുള്ള ഗുണം, എഴുത്തുകാരന് റോയൽറ്റി കൊടുക്കേണ്ട എന്നതാണ്!

കുളത്തൂർ അയ്യർ എന്നും കുളത്തൂർ ശ്രീനിവാസയ്യർ എന്നുമൊക്കെ പലതിലും കണ്ടിട്ടുണ്ട്. തമിഴിൽ പണ്ട് സാധാരണമായ പേര് കുളത്തു അയ്യർ എന്നാണ്. ശ്രീനിവാസയ്യർ എന്നത് ആരുടെ കണ്ടുപിടിത്തം എന്നാണെന്ന് അറിയില്ല. കല്ലടക്കുറിച്ചിക്കാർ അദ്ദേഹത്തെ അറിയുന്നത്, സുന്ദരം കുളത്തു അയ്യർ എന്നാണ്.

അംബാസമുദ്രത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെ  കല്ലടക്കുറിച്ചി കരന്തയാർ പാളയം അഗ്രഹാരത്തിൽ ഒരു ശാസ്താ ക്ഷേത്രമുണ്ട്. ഇവിടെയാണ് തമിഴ് ബ്രാഹ്മണ സമൂഹങ്ങളിലെ പ്രധാന ആഘോഷമായ ശാസ്താ പ്രീതി ആദ്യമായി നടത്തിയതെന്ന് കരുതപ്പെടുന്നു. ശാസ്താവ് രാജ്ഞിമാരായ പൂർണ, പുഷ്കല എന്നിവരൊപ്പം ഇരിക്കും വിധമാണ് പ്രതിഷ്ഠ. 

ലോകത്ത് എവിടെ ശാസ്താപ്രീതി നടന്നാലും ഇവിടത്തെ ശാസ്‌താവിനാണ് കാണിക്ക. കർക്കടകത്തിലാണ് ഇത് നടക്കുക. ഇവിടത്തെ ശാസ്താവ് കുളത്തു അയ്യൻ എന്നാണ് അറിയപ്പെടുന്നത്. ഇതിന് കുളത്തൂപ്പുഴ അയ്യപ്പനുമായി ബന്ധമില്ല.

കുളത്തു അയ്യർ എന്ന പേര് തെക്കൻ തിരുവിതാംകൂറിൽ സാധാരണമായിരുന്നു. ആർ കുളത്തു അയ്യർ, രാജഭരണ കാലത്തെ പ്രധാന എഴുത്തുകാരൻ ആയിരുന്നു. 'രാജാ സർ ടി മാധവരായർ'  (1917), 'മഹാറാണി സേതു ലക്ഷ്മി ബായ്' (1929) എന്നിവ അദ്ദേഹത്തിൻറെ കൃതികൾ ആയിരുന്നുവെന്ന് മാത്രമല്ല, 'സേതുലക്ഷ്മി ബായ്', പാഠപുസ്തകവും ആയിരുന്നു. മാധവരായർ പുസ്തകം വിവേകോദയത്തിൽ കുമാരനാശാൻ നിരൂപണം ചെയ്തിരുന്നു.

'രാമയ്യൻ ദളവ' എന്ന, അദ്ദേഹം എഴുതിയ ജീവചരിത്രത്തിൻ്റെ പരസ്യം 1909 ജൂൺ മൂന്നിലെ 'സ്വദേശാഭിമാനി' പത്രത്തിൽ പുസ്തക പ്രസാധകൻ ടി പി ഈപ്പൻ മാപ്പിള പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ ആർ രാജരാജ വർമ്മയായിരുന്നു, അവതാരിക. ഈ കുളത്തു അയ്യരും ഹരിവരാസനം രചയിതാവും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ല.

അയ്യപ്പൻ, അമ്മയുടെ വേദന അകറ്റാൻ പുലിപ്പാൽ തേടിയിറങ്ങിയപ്പോൾ കരന്തയാർ പാളയത്തിൽ  വിജയൻ എന്ന തമിഴ് ബ്രാഹ്മണൻറെ വസതിയിൽ എത്തിയെന്ന് ഐതിഹ്യമുള്ളതായി ഹരിവരാസനം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത പി ആർ രാമചന്ദർ പറയുന്നു. ഊണ് തീർന്നതിനാൽ അയ്യപ്പന് വിജയൻ്റെ  കുടുംബം ബജ്ര കഞ്ഞി കൊടുത്തു. രാത്രി അവിടെ ഉറങ്ങിയ അയ്യപ്പനെ പുലർച്ചെ കാണാനില്ലായിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന വിജയൻ ദമ്പതിമാർക്ക് അയ്യപ്പൻറെ അനുഗ്രഹത്താൽ കുഞ്ഞു പിറന്നു. ബജ്‌റയ്ക്ക് തമിഴിൽ കമ്പ് എന്നു പറയും. അതിനാൽ ഈ കുടുംബം പിന്നീട് കമ്പുക്കൊടി എന്നറിയപ്പെട്ടു. കാലാന്തരത്തിൽ കമ്പൻകൊടി ആയി.

കമ്പങ്കുടി കുടുംബം കേരളത്തിലേക്ക് കുടിയേറി. എറണാകുളത്തും പാലക്കാട്ടുമൊക്കെ ശാഖകൾ ഉണ്ടായി. അവർ ശാസ്താപ്രീതി പാരമ്പര്യം കേരളത്തിൽ എത്തിച്ചു. കേരളത്തിൽ എല്ലാ തമിഴ് ബ്രാഹ്മണ സമൂഹങ്ങളിലും ഇതുണ്ട്.

താൻ വസിക്കുന്ന ചേലക്കരയിലും ഇതിൻ്റെ ശാഖ ഉണ്ടായിരുന്നുവെന്ന് രാമചന്ദർ പറയുന്നു. ഇവരാണ് സുന്ദരം കുളത്തു അയ്യരുടെ പേരിൽ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ  തുടക്കത്തിൽ, ശാസ്താവിൻറെ കീർത്തനങ്ങൾ അടങ്ങിയ രണ്ടു പുസ്തകങ്ങൾ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചത്. രണ്ടിൻ്റെയും പേര് 'ശ്രീധർമ്മശാസ്താ സ്തുതി കദംബം' എന്നാണ്. രണ്ടിൻ്റെയും ഫോട്ടോകോപ്പി രാമചന്ദർ സൂക്ഷിക്കുന്നു. 

വേണാട് രാജാവ് കോതൈ ആദിത്യവർമ്മ 1469 -1484 ൽ കല്ലടക്കുറിച്ചിയിൽ ഇരുന്നാണ് തിരുവിതാംകൂർ ഭരിച്ചത്. ആദി വരാഹ പെരുമാൾ ക്ഷേത്രം അദ്ദേഹമാണ് പണിതത്. ചുറ്റമ്പലത്തിൽ രാജാവിൻ്റെ  രൂപം കൊത്തിയിട്ടുണ്ട്.

ഞങ്ങളുടെ കുടുംബ ക്ഷേത്രം കല്ലടക്കുറിച്ചി കാശിനാഥ ക്ഷേത്രമാണ്. രണ്ടു തവണ ആ ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട്.

ഒരു അയ്യപ്പ ദർശന സമയത്താണ് കുളത്തു അയ്യർ ഹരിവരാസനം എഴുതിയതെന്ന് തമിഴ് ലേഖനങ്ങളിൽ കാണുന്നു. ഓരോ വരിയും അയ്യപ്പൻ തോന്നിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


ഹരിവരാസനം അഷ്ടകം വാമൊഴിയായി ശബരിമലയിൽ ആചാരമാകും മുൻപ് ചെങ്ങന്നൂർ കിട്ടുണ്ണി തിരുമേനി ഇത് പുല്ലാങ്കുഴലിൽ വായിച്ചിരുന്നുവെന്ന് തമിഴ് ലേഖനങ്ങളിൽ കാണുന്നു.

പിൽക്കാലം 

'കേസരി' വാരിക 2019 ഡിസംബർ ലക്കത്തിൽ 'ഹരിവരാസനം എന്ന ഉറക്കുപാട്ട്' എന്ന ശീർഷകത്തിൽ, ആർഷഭാരതി കെ രവികുമാർ എഴുതിയ ലേഖനത്തിൽ പിൽക്കാല ചരിത്രമുണ്ട്:

പണ്ട് കാടിനുള്ളിലെ ചെറിയ ക്ഷേത്രത്തിൽ മണ്ഡലകാലത്തും എല്ലാ മലയാളമാസം ഒന്നാം തീയതിയും നടതുറക്കാറുണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ഭക്തര്‍ മാത്രം പുലിവായിലകപ്പെടാതെ സന്നിധാനം പൂകിയിരുന്നു.

മാവേലിക്കര സ്വദേശി ഈശ്വരന്‍ നമ്പൂതിരി മേല്‍ശാന്തിയായിരുന്ന കാലം ആലപ്പുഴയില്‍ നിന്ന് വി.ആര്‍.ഗോപാലമേനോന്‍ എന്നൊരു ഭക്തന്‍ അയ്യപ്പനെ ദര്‍ശിക്കാൻ എത്തുമായിരുന്നു. തൊഴുതിട്ടും തൊഴുതിട്ടും മതിവരാതെ മേനോന്‍ സന്നിധാനത്തില്‍ത്തന്നെ പാര്‍ക്കുമായിരുന്നു.

അയ്യരുടെ 'ഹരിഹരസുതാഷ്ടകം' കാണാപ്പാഠമായിരുന്ന മേനോന്‍ നിത്യവും അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കാന്‍ നേരം ഹരിവരാസനം ചൊല്ലുന്നത് ശീലമാക്കി. മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്കും അതിഷ്ടമായി. ഒരിക്കല്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ മേനോന്‍ മകരവിളക്ക് കഴിഞ്ഞിട്ടും സന്നിധാനം വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. സ്വാമിയല്ലാതൊരു ശരണമില്ലെന്നു സമര്‍പ്പിച്ച്, കായ്കനികള്‍ ഭക്ഷിച്ച് കാട്ടുമൃഗങ്ങളോട് സമരസപ്പെട്ട്, ക്ഷേത്രം വൃത്തിയോടെ പരിപാലിച്ച് സന്നിധിയില്‍ തുടര്‍ന്നു.

ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തപ്പോള്‍ ഭരണപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി നടയടച്ചുകഴിഞ്ഞാല്‍ പിന്നെയാരും സന്നിധിയില്‍ പാര്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. കണ്ണീരോടെ മേനോന്‍ പടിയിറങ്ങി. വണ്ടിപ്പെരിയാറിലെ ഒരു തേയിലത്തോട്ടത്തില്‍ ആരോരുമില്ലാതെ മേനോൻ മരിച്ചു.

വീണ്ടുമൊരു മണ്ഡലകാലത്ത് നടതുറന്നപ്പോള്‍ ഈശ്വരന്‍ നമ്പൂതിരിയെത്തി. മേനോൻറെ വിയോഗമറിഞ്ഞ് വ്യസനിച്ചു. അത്താഴപ്പൂജ കഴിഞ്ഞു നട അടയ്ക്കാന്‍ നേരം ഹരിവരാസനം പാടാന്‍ ആരുമില്ലല്ലോ എന്ന് സങ്കടപ്പെട്ടു. അദ്ദേഹം സ്വയം ശ്രീകോവിലിനുള്ളിലിരുന്ന് ഹരിവരാസനം ആലപിച്ചു. പിന്നെ എല്ലാ ദിവസവും ഇതാവര്‍ത്തിച്ചു. ഹരിവരാസനം അവസാന പാദത്തിലെത്തുമ്പോള്‍ത്തന്നെ പുഷ്പങ്ങളാല്‍ തിരിനാളങ്ങള്‍ ഒന്നൊന്നായി തന്ത്രി കെടുത്താൻ തുടങ്ങും.

ഈ പതിവ് അത്താഴപൂജ കഴിഞ്ഞു നട അടയ്ക്കുന്നതിൻ്റെ ഭാഗമായി.

കുളത്തൂര്‍ അയ്യരാണ് സംസ്‌കൃതത്തില്‍ അയ്യപ്പനെ വര്‍ണ്ണിച്ച് 'ഹരിഹരസുതാഷ്ടകം' രചിച്ചത് എന്ന് 'കേസരി' ലേഖനത്തിലുമുണ്ട്. 352 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 108 വാക്കുകള്‍ ചേര്‍ന്ന് 32 വരികള്‍ എട്ടു ശ്ലോകങ്ങളായി നിറയുന്ന അഷ്ടകമാണിത്.

ഹരിവരാസനം യേശുദാസിൻ്റെ  ശബ്ദത്തിൽ കേൾക്കുന്നത് 1975 ൽ ‘സ്വാമി അയ്യപ്പന്‍’ എന്ന ചിത്രം വഴിയാണ്. മെരിലാൻഡ് സുബ്രഹ്മണ്യത്തിൻറെ മകന്‍ കാര്‍ത്തികേയനും ജ്യേഷ്ഠന്മാരും ബന്ധുമിത്രാദികളും അറുപതുകളുടെ തുടക്കത്തില്‍ വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റുവഴി ദുര്‍ഘടമായ കാനനപ്പാതകള്‍ താണ്ടി ദര്‍ശനത്തിന് പോയി. നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെ കണ്ടുതൊഴുതു. ഒരു ദിവസം അത്താഴപൂജയ്ക്ക് പരിസമാപ്തിയായി നട അടയ്ക്കാനുള്ള നേരം ശ്രീകോവിലിനുള്ളില്‍ നിന്ന് മേല്‍ശാന്തിയുടെ മധുരസ്വരമായി ഹരിവരാസനം ഒഴുകിവന്നു. ഈ അനുഭവം കാര്‍ത്തികേയൻറെ മനസ്സില്‍ കിടന്നു. അങ്ങനെയാണ് ഹരിവരാസനം പടത്തില്‍ വന്നത്. ജി. ദേവരാജൻ മധ്യമാവതി രാഗത്തിൽ ഹരിവരാസനം പുനഃസൃഷ്ടിച്ചു.

ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പുരസ്‌ക്കാരദാന ചടങ്ങില്‍ അന്നത്തെ പ്രസിഡൻറ് ജി.പി. മംഗലത്തുമഠം സ്വാമി അയ്യപ്പനിലെ ഹരിവരാസനം അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ ശബരിമല സന്നിധാനത്തില്‍ കേള്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു. സ്വാമി അയ്യപ്പന്‍ സിനിമയില്‍ നിന്നു നേടിയ ലാഭം കൊണ്ട് പമ്പയില്‍ നിന്നു സന്നിധാനത്തേക്കു നിര്‍മ്മിച്ച റോഡാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്ന ‘സ്വാമിഅയ്യപ്പന്‍ റോഡ്.’

ജാനകിയമ്മ വരുന്നു 

കുളത്തു അയ്യരാണ് 'ഹരിവരാസനം' രചിച്ചത് എന്നു വ്യക്തമാക്കുന്ന ഒരു ലേഖനം പി കിഷോർ 'മലയാള മനോരമ' ഞായറാഴ്ചപ്പതിപ്പിൽ ഏതാണ്ട് 12 കൊല്ലം മുൻപ് എഴുതിയിരുന്നു. എന്നാൽ, അത് എഴുതിയത് ആലപ്പുഴ പുറക്കാട് കൊന്നകത്ത് ജാനകിയമ്മയാണെന്ന് പറയുന്ന ഒരു ലേഖനം എം കെ വിനോദ് കുമാർ 2022 ഓഗസ്റ്റ് 28 ന് 'മനോരമ' ഞായറാഴ്ച പതിപ്പിൽ എഴുതുകയുണ്ടായി. അവരുടെ മക്കളായ ഭാരതിയമ്മ, ബാലാമണിയമ്മ എന്നിവർ അങ്ങനെ കരുതുന്നു എന്ന് പറയുന്ന ലേഖനത്തിൽ, അതിന് വേണ്ട തെളിവുകൾ ഒന്നുമില്ല.1923 ൽ ജാനകിയമ്മ എഴുതി എന്നാണ് അവകാശവാദം. അയ്യരുടെ പേരിൽ ജയചന്ദ്രാ ബുക് ഡിപ്പോയിൽ നിന്ന് വന്ന പുസ്തകത്തിൽ സമ്പാദകൻ എന്നേയുള്ളൂ എന്നാണ് ജാനകിയമ്മ പക്ഷം പറയുന്നത്. അതു കൊണ്ടു മാത്രം എഴുതിയത് ജാനകിയമ്മ ആവില്ല. ജാനകിയമ്മ എഴുതിയ മറ്റൊന്നും നിലവിലില്ല.

ശബരിമല വലിയ വെളിച്ചപ്പാട് ആയിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകളാണ് ജാനകിയമ്മ എന്ന് ലേഖനത്തിൽ പറയുന്നു. പത്രപ്രവർത്തകൻ ആയിരുന്ന എം ശിവറാമിൻ്റെ  സഹോദരി. കുട്ടനാട്ടിൽ കൃഷിക്കാരനായ ശങ്കരപ്പണിക്കർ ആയിരുന്നു ഭർത്താവ്.1893 ൽ ജനിച്ച ജാനകിയമ്മ 'പിതാവിൽ നിന്നറിഞ്ഞ' അയ്യപ്പ മാഹാത്മ്യങ്ങൾ, കീർത്തനങ്ങളാക്കിയിരുന്നുവെന്നും 1923 ൽ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ 'ഹരിവരാസനം' എഴുതി എന്നുമാണ് വാദം. പിറന്ന കുഞ്ഞിന് അയ്യപ്പൻ എന്ന് പേരിട്ടു. ശങ്കരപ്പണിക്കരുടെ കൃഷി നശിച്ച് കടം കയറി സകലതും വിറ്റു പെറുക്കി കുടുംബം പുറക്കാട്ടു നിന്ന് ശാസ്താംകോട്ടയിൽ എത്തി.

അനന്തകൃഷ്ണ അയ്യർ വെളിച്ചപ്പാട് ആയിരുന്നുവെന്ന് പറയുന്നത് വിശ്വസനീയമല്ല. പൂജാരിയോ പരികർമിയോ ആയിരുന്നിരിക്കാം. വെളിച്ചപ്പാടായി തമിഴ് ബ്രാഹ്മണർ പൊതുവെ വരികയില്ല.

ജാനകിയമ്മ എഴുതിയ കീർത്തനം അനന്തകൃഷ്ണ അയ്യർ കാണിക്കയായി നടയ്ക്ക് വച്ചതായി അവരുടെ കുടുംബം അവകാശപ്പെടുന്നു. പറയുന്നു. പിന്നീട് ഇത് ഭജന സംഘങ്ങൾ പാടി നടന്നുവത്രെ. 1972 ൽ ജാനകിയമ്മ മരിച്ചു. 

ജാനകിയമ്മ പക്ഷം പറയുന്ന കഥയിൽ ഇല്ലാത്തത് അനന്തകൃഷ്ണ അയ്യർ എവിടെ നിന്നുള്ളയാൾ ആയിരുന്നു എന്നതാണ്. തമിഴ് ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറിയവരാണ്. അനന്തകൃഷ്ണ അയ്യരുടെ മൂലകുടുംബം കല്ലടക്കുറിച്ചിയിൽ ആണെങ്കിലോ?

This article was published in Kesari Weekly, on December 30, 2022


___________________________

കുറിപ്പ്: ഈ ലേഖനം 'കേസരി' വാരികയിൽ വന്ന ശേഷം, ശബരിമല മേൽശാന്തി ആയിരുന്ന ഈശ്വരൻ നമ്പൂതിരിയുടെ മക്കൾ നാരായണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി എന്നിവർ മാവേലിക്കരയിൽ നിന്ന് എന്നെ  വിളിച്ചു. ക്ഷേത്രം ക്രിസ്ത്യൻ വർഗീയവാദികൾ തീവച്ചപ്പോഴും, അതിന് ശേഷം പുനഃപ്രതിഷ്ഠ നടത്തിയപ്പോഴും അദ്ദേഹം ആയിരുന്നു, മേൽശാന്തി. ഹരിവരാസനം എഴുതിയത് കുളത്തു അയ്യരാണെന്ന് ഈശ്വരൻ നമ്പൂതിരി പറഞ്ഞിരുന്നു. നമ്പൂതിരി അച്ചൻകോവിൽ ക്ഷേത്രത്തിലും പൂജാരി ആയിരുന്നു.

ക്ഷേത്രം തീവയ്‌പിന്‌ മുൻപ് തമിഴ് ബ്രാഹ്മണർ അവിടെ മേൽശാന്തിമാർ ആയിരുന്നു. പുനഃപ്രതിഷ്ഠ നടക്കുമ്പോൾ തന്ത്രി ആയ താഴമൺ കുടുംബം ആണ് ഈ സ്ഥാനത്തേക്ക് നമ്പൂതിരിമാരെ മാത്രം നിശ്ചയിച്ചത്.

ലേഖനം വായിച്ച എൻ എസ് എസ് സർവീസ് പത്രാധിപർ നാരായണൻ നായർ ചങ്ങനാശ്ശേരി പുഴവാത് നിന്ന് എന്നെ വിളിച്ചു. നാല് കൊല്ലം മുൻപ്, ജാനകിയമ്മയുടെ മകൾ, ഹരിവരാസനം എഴുതിയത് അമ്മയാണെന്ന് അവകാശപ്പെട്ട് ഒരു ലേഖനം സർവീസിന് അയച്ചു കൊടുത്തു. നാരായണൻ നായർ അത് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാട്ടി. "തെളിവില്ലാത്തത് ഒന്നും നാം അച്ചടിക്കേണ്ട എന്ന് സുകുമാരൻ നായർ പറഞ്ഞു. അതിനാൽ ലേഖനം അച്ചടിച്ചില്ല.

ജാനകിയമ്മയുടെ കുടുംബത്തിൽ പെട്ട ഹരിവരാസനം ട്രസ്റ്റ് പ്രസിഡൻറ് മോഹൻ കുമാർ തിരുവന്തപുരത്തു നിന്ന് എന്നെ വിളിച്ചു. ജാനകിയമ്മയാണെന്ന് പറയാൻ തെളിവില്ലെന്ന് അദ്ദേഹം സമ്മതിച്ചു. താൻ മെരിലാൻഡ് കാർത്തികേയനെ വിളിച്ചെന്നും കുളത്തു അയ്യരാണ് എഴുതിയത് എന്ന് അദ്ദേഹം അറിയിച്ചെന്നും മോഹൻ കുമാർ വ്യക്തമാക്കി. കാർത്തികേയന് അനന്തകൃഷ്ണ അയ്യരെ അറിയാമായിരുന്നു. അദ്ദേഹം താമസിച്ചത് പെരുമ്പാവൂരിൽ ആയിരുന്നെന്നും മരിച്ചത് 105 വയസിൽ ആയിരുന്നെന്നും കാർത്തികേയൻ പറഞ്ഞെന്ന് മോഹൻ കുമാർ അറിയിച്ചു.



© Ramachandran 









FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...