Showing posts with label കുന്നംകുളങ്ങര. Show all posts
Showing posts with label കുന്നംകുളങ്ങര. Show all posts

Wednesday 19 June 2019

എം ജി ആറും സ്മാർത്ത വിചാരവും

സ്മാർത്തവിചാരം കുന്നംകുളങ്ങരയിൽ 


എ.എം.എന്‍. ചാക്യാരുടെ 'അവസാനത്തെ സ്മാര്‍ത്ത വിചാരം' എന്ന പുസ്തകത്തില്‍,'എം. ഗോപാലമേനോന്‍ സംഭവം' എന്ന ഉപശീര്‍ഷകത്തില്‍ ചെറിയൊരു ഭാഗമുണ്ട്. അതില്‍നിന്നുള്ള പ്രസക്ത വാചകങ്ങള്‍ ഉദ്ധരിക്കാം:

"കുറിയേടത്തു താത്രി സംഭവത്തോടനുബന്ധിച്ച് രസകരമായ ഒരു കഥ പ്രചാരത്തിലുണ്ട്. ആ സംഭവത്തില്‍ പുറത്താക്കപ്പെട്ടവരില്‍, വിവാഹിതനും തൃശൂരില്‍ നിയമ ഉദ്യോഗസ്ഥനും ആയ ഒരു മേനോന്‍ ഉണ്ടായിരുന്നുവെന്നും അയാള്‍ നാടുവിട്ടു പോയി, പാലക്കാട്ടു ചെന്ന് ജാതിയില്‍ താഴ്ന്ന ഒരു സ്ത്രീയെ കല്യാണം കഴിച്ചുവെന്നും പറയപ്പെടുന്നു. ഉപജീവന മാര്‍ഗം തേടി ആ ദമ്പതിമാര്‍ സിലോണിലേക്ക് കടക്കുകയും കുറച്ചുകാലം അവിടെ തങ്ങുകയും ചെയ്തു. രണ്ടാണ്‍കുട്ടികള്‍ക്ക് പിതൃത്വം നല്‍കിയ ശേഷം ആ മേനോന്‍ മരിച്ചുപോയത്രെ. അരക്ഷിതയായ ആ വിധവ ജീവിതം വഴിമുട്ടിയപ്പോള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവന്ന് പല പട്ടണങ്ങളിലും വീട്ടുവേല ചെയ്ത് കുട്ടികളെ വളര്‍ത്തി. ആ കുട്ടികളില്‍ ഒരുവന്‍ പിന്നീട് സിനിമാ നടനായി പ്രസിദ്ധി നേടുകയും ഒടുവില്‍ രാഷ്ട്രീയ നേതാവും ഉന്നത ഭരണാധിപനും ആയിത്തീര്‍ന്നുവെന്നാണ് കഥ. കുറിയേടത്തു താത്രി സംഭവവുമായി ബന്ധമുണ്ടായിരുന്നുവെന്ന ഭാഗം ഒഴിവാക്കിയാല്‍, ബാക്കി വസ്തുതകള്‍ ശരിയാണ്... വിശ്വസനീയ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഈ മേനോന്‍, മേലക്കത്ത് ഗോപാലമേനോനാണ്. അദ്ദേഹം ഇരിങ്ങാലക്കുടയിലുള്ള ഒരു നായര്‍ കുടുംബാംഗമായ വട്ടപ്പറമ്പിലെ മീനാക്ഷി അമ്മയെ ആണ് വിവാഹം ചെയ്തിരുന്നത്. അവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. മറ്റൊരു സ്മാര്‍ത്തവിചാരത്തില്‍ ഉള്‍പ്പെട്ടുപോയ അദ്ദേഹം നാടുകടത്തപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന് നാടും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. പാലക്കാട്ടേക്കു കടന്ന ഇദ്ദേഹത്തിന്റെ കഥയാണ് ബാക്കിയുള്ളത്. കുന്നംകുളത്തിന് സമീപമുള്ള നമ്പൂതിരി ഇല്ലത്തു നടന്ന 1903 ലെ സ്മാര്‍ത്തവിചാരത്തിലാവാം ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്."

ചാക്യാരുടെ പുസ്തകം വായിച്ചശേഷം, ഈ ഭാഗം അദ്ദേഹവുമായി ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. വിഖ്യാത ചലച്ചിത്ര നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി. രാമചന്ദ്രന്റെ അച്ഛനാണ്, മേലക്കത്ത് ഗോപാല മേനോന്‍. 1903 ലെ സ്മാര്‍ത്ത വിചാരത്തില്‍, വിധവയായ അന്തര്‍ജനം 16 പേര്‍ക്കൊപ്പം വ്യഭിചരിച്ചു എന്നാണ് കുറ്റസമ്മതം നടത്തിയത്. അവരിലൊരാള്‍ ക്ഷുരകനായിരുന്നു. 15 പേരെയും അന്തര്‍ജനത്തെയും ഭ്രഷ്ടു തള്ളി.

ഈ സംഭവത്തിന്റെ റിപ്പോര്‍ട്ട് 1903 ജൂണ്‍ 27 ലെ 'മലയാള മനോരമ'യില്‍ നിന്ന് (സ്ഥലപ്പേര് കുന്നംകുളങ്ങര):

"കൊച്ചി സംസ്ഥാനത്ത് കുന്നംകുളങ്ങരയ്ക്ക് സമീപമുള്ള ഒരില്ലത്തിലെ വിധവയായ ഒരന്തര്‍ജനത്തിന് വ്യഭിചാരദോഷമുണ്ടെന്ന് അറിവുകിട്ടിയതിനാല്‍, അവരെ തൃപ്പൂണിത്തുറ വരുത്തി വലിയ തമ്പുരാന്‍ തിരുമനസ്സിലെ മേല്‍നോട്ടത്തില്‍ വൈദികന്മാര്‍ ദോഷവിചാരം ചെയ്തതില്‍ ആക്ഷേപം യഥാര്‍ത്ഥമെന്ന് തെളിയിക്കുകയും 'സാധന'ത്തിനെ കൈകൊട്ടി പുറത്താക്കുകയും ഉടനെ പട്ടാളക്കാരുടെ അകമ്പടിയോടുകൂടി ചാലക്കുടിയില്‍ കൊണ്ടുപോയി അവിടത്തെ പുഴയുടെ തീരത്ത് ഒരു വിജനസ്ഥലത്ത് ആരോടും യാതൊരു സംസര്‍ഗത്തിനും ഇടയാകാത്ത വിധത്തില്‍ സര്‍ക്കാരു ചെലവില്‍ താമസിപ്പിക്കണമെന്ന് കല്‍പനയാകുകയും ചെയ്തിരിക്കുന്നു. ഈ സാധനം മൂലധര്‍മത്തിന് വിരോധമായി പ്രവര്‍ത്തിച്ചെന്ന് സ്വന്തസമ്മതത്താലും വൈദികന്മാരുടെ ശ്രദ്ധാപൂര്‍വമായ വിചാരത്താലും തെളിഞ്ഞിരിക്ക കൊണ്ട് ഇവര്‍ക്ക് ലഭിച്ച ഈ ജീവപര്യന്തമായ തടവുശിക്ഷയെക്കുറിച്ച് ദുഃഖിക്കുന്നവര്‍ അധികം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ഇവരോടുകൂടി പത്തുപതിനാറു പേര്‍ക്ക് ചേര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുകയും അതനുസരിച്ച് ഈ പതിനാറുപേര്‍ക്കും ഭ്രഷ്ട് കല്‍പിക്കുകയും ഇവരിലാരും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാതെയും കുളം മുതലായവ തൊടാതെയും സൂക്ഷിക്കുന്നതിന് പേഷ്‌കാരന്‍മാര്‍ക്ക് ഉത്തരവയയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ വക ദോഷ വിചാരങ്ങളില്‍ ഇരുകക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുക എന്നുള്ളത് 'കീഴ്മര്യാദ'യ്ക്ക് ചേര്‍ന്നതല്ലായ്കയാല്‍ ഈ സംഗതിയിലും കീഴ്മര്യാദയെ ലംഘിച്ചിട്ടില്ല. ഇതു കുറെ സങ്കടവും അന്യായവും അല്ലെ എന്നു ശങ്കിക്കുന്നു. സല്‍സ്വഭാവ ലേശമില്ലാത്ത ഈ സാധനത്തിന് സംഗതിവശാല്‍ വല്ല മാന്യന്മാരോടും ദ്വേഷം ഉണ്ടാകയോ അല്ലെങ്കില്‍ വല്ലവരുടെയും പ്രേരണയില്‍ വല്ല മാന്യന്മാരുടെയും പേര് അവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാന്‍ അത്ര പ്രയാസമുണ്ടെന്ന് തോന്നുന്നില്ല. ഭ്രഷ്ടാക്കപ്പെട്ട ഈ പതിനാറുപേരില്‍ നമ്പൂതിരിമാര്‍ മുതല്‍ ക്ഷുരകന്‍ വരെയുള്ള പലരും നല്ല മാന്യന്മാരും, ഗൃഹസ്ഥന്മാരും ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമാണ്. ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ പ്രായശ്ചിത്തമോ മറ്റോക്കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല. ഇവര്‍ ഭാര്യാ പുത്രന്മാരില്‍നിന്ന് എന്നുവേണ്ട, ഹിന്ദു സമുദായത്തില്‍ നിന്നുതന്നെ തീരെ ഒഴിഞ്ഞു നില്‍ക്കണമെന്ന് വന്നിരിക്കുന്നത് മഹാകഷ്ടമായിട്ടുള്ള ഒരു സംഗതിയാണെന്ന് വിശേഷിച്ചും പറയണമെന്നില്ല."

അന്ന് ഒരു പത്രം, കൊച്ചി മഹാരാജാവിന്റെ നടപടിയെ വിമര്‍ശിച്ചു എന്നതു ശ്രദ്ധിക്കണം. 'മനോരമ' ഇന്നത്തെക്കാള്‍ എത്രയോ ഭേദമായിരുന്നു, അന്ന്!"



                                                            ആദ്യ ചിത്രം, ഗോപാല മേനോൻ 



ഭ്രഷ്ടനായ പാലക്കാട് നല്ലേപ്പുള്ളി മേലക്കത്ത് ഗോപാലമേനോന്‍, പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ വടവന്നൂരിലെ മരുതൂര്‍ സത്യഭാമയെ ജീവിതസഖിയാക്കി. ജാതിയില്‍ താഴ്ന്നവരായിരുന്നു സത്യഭാമ എന്നാണ് ചാക്യാര്‍ പറഞ്ഞിരിക്കുന്നത്. ഭ്രഷ്ടനായ നായര്‍ക്ക്, നായര്‍ സ്ത്രീയെ തന്നെ പരിണയിക്കാനും കഴിയുമായിരുന്നില്ല. ഈ ഭാഗം പലര്‍ക്കും ഇഷ്ടപ്പെടണം എന്നില്ല. മേനോനും സത്യഭാമയും സിലോണില്‍, തേയില തോട്ടത്തില്‍ തൊഴിലാളികളായി.

കൊളംബിയ സര്‍വകലാശാലയില്‍ ഡ്രമാറ്റിക് ആര്‍ട്‌സ് എമെരിറ്റസ് പ്രൊഫസറായ എറിക് ബാര്‍ണൗ, 1961 ല്‍ എം.ജി. ആറിനെ അഭിമുഖം ചെയ്തു. എന്നിട്ട്, മീഡിയാ മാരത്തോണ്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയത്, മേനോന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നുവെന്നും, അദ്ദേഹം എം.ജി.ആറിന് രണ്ടുവയസ്സുള്ളപ്പോള്‍ മരിച്ചു എന്നുമാണ്. മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ (1917-1987) സിലോണില്‍ കാന്‍ഡിയില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ, നവാല്‍പിട്ടിയയില്‍, ഒരു തേയിലത്തോട്ടത്തിലെ ദാരിദ്ര്യം മൂടിയ ലൈന്‍ മുറിയിലാണ് ജനിച്ചത്. നവാല്‍പിട്ടിയയില്‍ അന്ന് സ്‌കൂള്‍ ഒന്നുമുണ്ടായിരുന്നില്ല; എന്നിട്ടല്ലേ, മോനോന്‍ പ്രിന്‍സിപ്പലാകാന്‍! മേനോന്‍ കാന്‍ഡിയില്‍ മജിസ്‌ട്രേട്ടായിരുന്നു എന്ന അസംബന്ധവും നിലവിലുണ്ട്. ചക്രപാണിയായിരുന്നു മൂത്തവന്‍. എംജിആര്‍ ഇളയവന്‍. ഇടയ്ക്കുള്ള പെണ്‍കുട്ടി, മേനോന്‍ മരിച്ച് താമസിയാതെ, മരിച്ചു.

മേനോന്‍ മരിച്ചപ്പോള്‍ ഗതിയില്ലാതായ സത്യഭാമ, പറക്കമുറ്റാത്ത രണ്ട് ആണ്‍കുട്ടികളെയുംകൊണ്ട് തിരിച്ചെത്തി. മേനോന്റെ ആദ്യഭാര്യ മീനാക്ഷി അവരെ ആട്ടിപ്പായിച്ചതായി കേട്ടിട്ടുണ്ട്. പരമേശ്വര മേനോന്റെയും പാപ്പി അമ്മയുടെയും മകളായിരുന്നു, വട്ടപ്പറമ്പില്‍ മീനാക്ഷി. അവരുടെ 11 മക്കളില്‍ ഒരാള്‍. സത്യഭാമ കുട്ടികളെയുംകൊണ്ട് ബര്‍മയ്ക്കുപോയി രക്ഷ കിട്ടാതെ, ഈറോഡിലെത്തി. ജ്യേഷ്ഠന്റെ സഹായത്തോടെ, കുംഭകോണത്തു താമസമാക്കി. ചക്രപാണിക്ക് ഒന്‍പത്; എംജിആറിന് മൂന്ന്. കുട്ടികളെ അവര്‍ക്ക് സ്‌കൂളില്‍ അയയ്ക്കാനായില്ല. എംജിആര്‍ ഏഴാം വയസില്‍, എസ്.എം. സച്ചിദാനന്ദം പിള്ളയുടെ മധുരൈ ഒറിജിനല്‍ ബോയ്‌സ് കമ്പനി എന്ന നാടകസംഘത്തില്‍ ചേര്‍ന്നു. ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമെ, ആഴ്ചയില്‍ 25 പൈസ. പത്താം വയസില്‍ കോളറ ബാധിച്ച് എംജിആര്‍ തിരിച്ചെത്തിയപ്പോള്‍, കുടുംബം പട്ടിണിയിലായി. 19-ാം വയസില്‍, എല്ലിസ് ഡങ്കന്റെ 'സതി ലീലാവതി'യില്‍ പൊലിസുകാരനായി എംജിആര്‍ സിനിമയിലെത്തി.

തമിഴ്‌നാട് രാഷ്ട്രീയത്തെ ഭയന്നിട്ടാണോ എന്നറിയില്ല, മലയാളി വേരുകള്‍ മറയ്ക്കാന്‍ എംജിആര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. 'നാന്‍ മുഖം പാര്‍ത്ത സിനിമാ കണ്ണാടികള്‍' എന്ന പുസ്തകത്തില്‍ നടന്‍ അരുള്‍ ദാസ് അത്തരമൊരു നിമിഷം ഓര്‍ക്കുന്നു. മേക്കപ്പ് റൂമില്‍ വച്ച്, താന്‍ മലയാളിയല്ലെന്ന് എംജിആര്‍ പറഞ്ഞു. പൊള്ളാച്ചിയില്‍നിന്നുള്ള മന്നാടിയാരാണ് താന്‍. ഹൈദരലിയുടെ കാലത്ത് മതംമാറ്റം പേടിച്ച് പാലക്കാട്ടേക്ക് പോയതാണ്. മരുതമലൈ ക്ഷേത്രത്തിന് സിനിമാനിര്‍മാതാവ് സാന്‍ഡോ എം.എം.എ ചിന്നപ്പാ തേവര്‍ നല്‍കിയ വൈദ്യുതി സൗകര്യത്തിന്റെ ഉദ്ഘാടനം നടന്ന 1962 ഡിസംബര്‍ ഏഴിന്, സഹകരണമന്ത്രി നല്ല സേനാപതി ശര്‍ക്കരൈ മന്നാടിയാരായിരുന്നു അധ്യക്ഷന്‍. താനും മന്നാടിയാരാണെന്ന് എംജിആര്‍ പ്രസംഗിച്ചു.

എംജിആര്‍ മൂന്നു കല്യാണം കഴിച്ചു. ആദ്യ ഭാര്യ ചിറ്റാരിക്കുളം ഭാര്‍ഗവി നേരത്തെ മരിച്ചു. രണ്ടാം ഭാര്യ സദാനന്ദവതി കുഴല്‍മന്ദം കടുക്കുണ്ണി നായരുടെയും മൂകാംബിക അമ്മയുടെയും മകളായിരുന്നു- ക്ഷയം വന്നു മരിച്ചു. 1956 ല്‍ വൈക്കം സ്വദേശിനി വി.എന്‍. ജാനകിയുമായി ഒളിച്ചോടുകയായിരുന്നു. വിഖ്യാത സംഗീതജ്ഞന്‍ പാപനാശം ശിവന്റെ ജ്യേഷ്ഠന്‍ രാജഗോപാല അയ്യരുടെയും വൈക്കം നാരായണി അമ്മയുടെയും മകളായ ജാനകി, അക്കാലത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായിരുന്നു. മേക്കപ്പ്മാനായ ഗണപതി ഭട്ട് ആയിരുന്നു ഭര്‍ത്താവ്; 16 വയസുള്ള സുരേന്ദ്രന്‍ എന്ന മകനുണ്ടായിരുന്നു. പില്‍ക്കാലത്ത്, എംജിആറിന് ജയലളിതയോടുണ്ടായ പ്രണയത്തെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു, ജാനകിയുടെ ജീവിതം.

1976 ല്‍, സി.എന്‍. അണ്ണാദുരൈ എംജിആറിനോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, എംജിആര്‍ ചോദിച്ചു: ''എത്ര മുടക്കണം?''''ഒരു പൈസപോലും വേണ്ട,'' അണ്ണാദുരൈ പറഞ്ഞു, ''നിന്റെ മുഖത്തിന് കോടികളാണ് വില.'' ആശുപത്രിക്കിടക്കയില്‍ കിടന്ന് എംജിആര്‍ ജയിച്ചു. എം.ആര്‍. രാധ വെടിവച്ചിട്ടാണ് എംജിആര്‍ ആശുപത്രിയില്‍ ആയത്. എന്തിനാണു വെടിവച്ചത്?

എന്നെ അദ്ഭുതപ്പെടുത്തിയ ഒന്നാണ്, ജയലളിതയുടെ സംസ്‌കാരച്ചടങ്ങ്. അന്ധവിശ്വാസത്തില്‍ മുങ്ങിക്കുളിച്ചുനിന്ന ശ്രീരംഗത്തുകാരി അയ്യങ്കാര്‍ സ്ത്രീയെ കുഴിച്ചിടുക. ഒരു സ്ത്രീ മരണാനന്തര ചടങ്ങുകള്‍ നടത്തുക. ഏതോ ഒരു കാര്‍മികന്‍ അസംബന്ധങ്ങള്‍ കാട്ടിക്കൂട്ടുക. എല്ലാം വെട്ടിപ്പിടിച്ച സ്ത്രീയായിരുന്നു, അപ്പോള്‍, കള്ളാര്‍ സമുദായാംഗമായ ശശികല.

ആ സമുദായത്തിന്റെ കുലത്തൊഴില്‍ മോഷണമാണെന്ന ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ക്കെതിരെ പോരാടിയ ആളാണ്, മലയാളി ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. ദ്രാവിഡ രാഷ്ട്രീയം തുടങ്ങിയതുതന്നെ പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരില്‍ നിന്നോ, അണ്ണാദുരൈയില്‍നിന്നോ അല്ല. പാലക്കാട്ടുകാരന്‍ തരവത്ത് മാധവന്‍ നായരില്‍നിന്നാണ്. പെരിയോരെക്കാള്‍ 11 വയസു മൂപ്പുള്ള ടി.എം. നായരാണ്, ത്യാഗരായ ചെട്ടിക്കും സി. നടേശ മുതലിയാര്‍ക്കുമൊപ്പം ജസ്റ്റിസ് പാര്‍ട്ടി തുടങ്ങി, ദ്രാവിഡ രാഷ്ട്രീയത്തിന് വിത്തിട്ടത്. നായര്‍, ഇവിടെ സവര്‍ണനാണ്; അവിടെ ദ്രാവിഡനും.

© Ramachandran 

 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...