Showing posts with label പരമ സത്ത. Show all posts
Showing posts with label പരമ സത്ത. Show all posts

Friday, 9 February 2024

ക്ഷേത്രം, പരമ സത്തയിലേക്കുള്ള തീർത്ഥ സങ്കേതം

ക്ഷേത്ര ഉദ്ഭവവും പരിണാമവും 

സഹസ്രാബ്ദങ്ങളായി, ഭാരതവർഷത്തിൽ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നിലനിന്നെന്ന് ഇതിഹാസങ്ങളിൽ കാണാം. കോസല രാജ്യത്തെ ക്ഷേത്രങ്ങളെ ‘വാല്മീകി രാമായണ’ത്തിൽ പരാമർശിക്കുന്നു. ക്രിസ്തുവിന് മുൻപ് അഞ്ചാം നൂറ്റാണ്ടിലെ ‘അഷ്ടാദ്ധ്യായി’, അഗ്നി, ഇന്ദ്രൻ, വരുണൻ, രുദ്രൻ, സൂര്യൻ തുടങ്ങിയ മൂർത്തികളെയും ഇന്ദ്രാണി, വരുണാണി, ഉഷ, ഭവാനി, പൃഥ്‌വി തുടങ്ങിയ ദേവതമാരെയും പരാമർശിക്കുന്നു. ബി സി ഇ രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയുടെ മഹാഭാഷ്യത്തിൽ, ധനപതി (കുബേരൻ), രാമൻ, കേശവൻ എന്നിവരുടെ ക്ഷേത്രങ്ങളും ആഘോഷങ്ങളുമുണ്ട്. കൃഷ്ണൻ, വിഷ്ണു, ശിവൻ എന്നിവർക്ക് ചെയ്യേണ്ട ആചാരങ്ങൾ പറയുന്നു. ബി സി ഇ നാലിലെ ‘അർത്ഥശാസ്ത്ര’ത്തിൽ, ഒരു ക്ഷേത്രനഗര വിവരണമുണ്ട്.


ക്ഷേത്രം എന്ന വാക്കിൻ്റെ ഏറ്റവും പഴയ ഉപയോഗങ്ങളിൽ ഒന്ന് കുരുക്ഷേത്രത്തിലാണ്. Temple എന്ന വാക്ക് റോമിലെ Templum -ത്തിൽ നിന്നാണ്. ഒരു പൂജാരി ആരാധിക്കുന്ന വിശുദ്ധ സ്ഥലം. ഉത്തരേന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രം ബിഹാർ രാംഗഡിലെ മുണ്ടേശ്വരി ദേവി ക്ഷേത്രമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അത് സി ഇ 108 ൽ പണിതതാണ് എന്ന് കണ്ടെത്തി. 625, 635 വർഷ ലിഖിതങ്ങൾ ക്ഷേത്രത്തിൽ നിന്ന് കിട്ടി. എന്നാൽ, തമിഴ് നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിൽ നിന്ന് ബി സി ഇ 100 മുതൽ സി ഇ 100 വരെയുള്ള ലിഖിതങ്ങൾ കിട്ടി. ഇന്ത്യയിലെ പഴയ ക്ഷേത്രം അതാണെന്നോ ആദ്യക്ഷേത്രം അതാണെന്നോ പറയാമോ എന്നറിയില്ല. 

ഒരു വീടോ കൊട്ടാരമോ ആയിരുന്നു, ക്ഷേത്ര മാതൃക. ക്ഷേത്രബാഹ്യമായി പ്രകൃതിയെയും ആരാധിച്ചു-മരങ്ങൾ പുഴകൾ, സ്തൂപങ്ങൾ. ഇത് ബുദ്ധനും മഹാവീരനും മുൻപുണ്ട്. ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതവും ജൈനമതവും പിരിഞ്ഞു പോയ പിരിഞ്ഞപ്പോഴും വേദകാല ക്ഷേത്രമാതൃകകൾ നിലനിന്നു. അഞ്ച് അടിസ്ഥാന ഘടകങ്ങൾ അവയ്ക്കുണ്ട്: വിഗ്രഹമില്ലാത്ത ഉയർന്ന പീഠം, ഒരു കുടയ്ക്ക് കീഴിലെ പീഠം, ഒരു മരത്തിന് താഴെ ഉയർന്ന പീഠം, വളച്ചു കെട്ടിയ സ്ഥലത്തെ ഉയർന്ന പീഠം, തൂണുകളുള്ള ഒരു സങ്കേതത്തിലെ ഉയർന്ന പീഠം.

പഴയ ക്ഷേത്രങ്ങൾക്ക് പൊതുവെ മേലാപ്പുണ്ടായിരുന്നില്ല.ചിലതിന് തോരണവും മേലാപ്പും ഉണ്ടായിരുന്നു. ബി സി ഇ ഒന്നാം നൂറ്റാണ്ട് മുതൽ ക്ഷേത്രങ്ങളെ സംബന്ധിച്ച വിവരം പെരുകുന്നു. പ്രാസാദം, സ്ഥാനം, മഹാസ്ഥാനം, ദേവാലയം, ദേവഗൃഹം, ദേവകുലം, ഹർമ്യം എന്നൊക്കെ പേരുകളുണ്ട്. പ്രാചീന ഗ്രന്ഥങ്ങളിൽ ക്ഷേത്ര കവാടത്തിന്, ദ്വാരകോസ്തകം എന്ന് പറഞ്ഞിരുന്നു. ക്ഷേത്ര ഗേഹം സഭ, തൂണുകൾ കുംഭകം, അതിർ നിർമിതികൾ വേദിക. 

സി ഇ നാലാം നൂറ്റാണ്ടിൽ, ഗുപ്തസാമ്രാജ്യത്തിൽ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിതിയിൽ, രൂപകൽപ്പനയിൽ ഒക്കെ പരിഷ്‌കരിക്കപ്പെട്ടു. ദേവന് ഗർഭഗൃഹം എന്ന ആശയമുണ്ടായി. ഭക്തർക്കും നടന്നുവരുന്ന അനുഷ്ഠാനങ്ങൾക്കും മണ്ഡപമുണ്ടായി. ധർമാർത്ഥ കാമമോക്ഷങ്ങൾക്ക് പ്രതീകങ്ങളുണ്ടായി. കല്ലുകൾ കൊണ്ട് ഗോപുരങ്ങൾ. പ്രവേശന കവാടം, ചുമരുകൾ, തൂണുകൾ എന്നിവ കല്ലിൽ കൊത്തിയെടുത്തു. സ്വർണം, വെള്ളി തുടങ്ങിയവ കൊണ്ടുള്ള അലങ്കാരങ്ങൾ വന്നു. വിഷ്ണു, ശിവൻ തുടങ്ങിയ ദേവന്മാർ എത്തി. 

നാല് മുതൽ ആറു വരെ നൂറ്റാണ്ടുകളിൽ വിദർഭ ശൈലി പ്രത്യക്ഷപ്പെട്ടു. അതൊക്കെയാണ് അജന്താ ഗുഹ, പാവനാർ, മന്ദൽ, മഹേശ്വർ തുടങ്ങിയവ. കർണാടകയിൽ കൃഷ്ണയുടെ പോഷകനദിയായ മാലപ്രഭയുടെ തീരത്ത് ഇക്കാലം കുറെ ശിലാക്ഷേത്രങ്ങൾ ഉണ്ടായി. ബദാമി ചാലൂക്യ ക്ഷേത്രങ്ങൾ അഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായെന്ന് കരുതുന്നു. 

മൗര്യ സാമ്രാജ്യത്തിൽ പിന്നെയും പരിഷ്‌കാരം ഉണ്ടായതിന് തെളിവാണ്, എല്ലോറ, എലിഫന്റ ഗുഹാക്ഷേത്രങ്ങൾ. ഇക്കാലത്ത്, വടക്കും തെക്കുമുള്ള ക്ഷേത്രങ്ങൾ ഭിന്നമായി. കേന്ദ്ര ആശയം, രൂപകൽപന എന്നിവ നിലനിന്നു. മധ്യ കർണാടകത്തിൽ, തുംഗഭദ്ര മേഖലയിൽ 11 -12 നൂറ്റാണ്ടുകളിൽ, അനവധി ക്ഷേത്രങ്ങൾ ഉണ്ടായി. ക്ഷേത്രക്കുളങ്ങളും ഉണ്ടായി. അഞ്ചു മുതൽ 11 വരെ നൂറ്റാണ്ടുകളിൽ, ഇന്ത്യയ്ക്ക് പുറത്ത്, ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ക്ഷേത്രങ്ങൾ പണിതു. കംബോഡിയ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ എന്നിവ ഉദാഹരണം. 

മുസ്ലിം സേനകൾ 12 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ, ക്ഷേത്രങ്ങളെ ആക്രമിച്ചു. ചിലതൊക്കെ മുസ്ലിം പള്ളികളായി. ഇങ്ങനെ ക്ഷേത്രങ്ങൾ തകർക്കാൻ മുസ്ലിംകൾ നടത്തിയ 80 പടപ്പുറപ്പാടുകൾ റിച്ചാർഡ് ഈറ്റൻ, "Temple desecration and Indo-Muslim states” എന്ന പ്രബന്ധത്തിൽ വിവരിക്കുന്നു. 

ഗോവയിലെ മതവിചാരണയിലും നിരവധി ക്ഷേത്രങ്ങൾ തകർത്തു. ചരിത്രകാരൻ സീതാറാം ഗോയൽ, What happened to Hindu Temples എന്ന പുസ്തകത്തിൽ, ക്ഷേത്രങ്ങൾ തകർത്ത് മുസ്ലിം പള്ളികൾ പണിത 2000 സ്ഥലങ്ങൾ പട്ടികയാക്കിയിട്ടുണ്ട്. 1200 -1800 ൽ 30000 ക്ഷേത്രങ്ങൾ നശിപ്പിച്ചെന്ന് വേറെ കണക്കുണ്ട്. പാറയിൽ കൊത്തിയ ഔറംഗബാദിലെ എല്ലോറ കൈലാസനാഥ ക്ഷേത്രം പരുക്കില്ലാതെ രക്ഷപ്പെട്ടു. തമിഴ് നാട് പോലെ തെക്കൻ മേഖലയിൽ ഇത് കുറവായിരുന്നു. എന്നാൽ, ടിപ്പുവിൻ്റെ പടയോട്ടം, മാപ്പിള ലഹള എന്നീ കാലങ്ങളിൽ മലബാറിൽ ക്ഷേത്രങ്ങൾ നശിപ്പിച്ചു. 

കാശി, പുരി, കാഞ്ചീപുരം, ദ്വാരക, അമർനാഥ്, കേദാർനാഥ്, സോമനാഥ്, മഥുര, രാമേശ്വരം, തിരുപ്പതി തുടങ്ങി ഹിന്ദുമതത്തിൽ പവിത്രങ്ങളായ ദേവസ്ഥാനങ്ങളുണ്ട്. ശരിക്കും ഇവയെയാണ് ക്ഷേത്രം എന്ന് പറയുക. കാരണം, അവിടങ്ങളിൽ ധാരാളം അമ്പലങ്ങൾ കാണും. ഒന്നോ രണ്ടോ പ്രധാന ദേവാലയങ്ങൾ കാണും. തീർത്ഥയാത്ര പോകുന്ന ഇടങ്ങൾ. പഴയ കാലം മുതൽ നിലനിൽക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ്, ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രം. ബി സി ഇ 100 ലെ ലിഖിതങ്ങൾ ഇവിടെയുണ്ട്. ന്യൂജേഴ്‌സിയിലെ സ്വാമിനാരായൻ അക്ഷർധാം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ്.

ക്ഷേത്രം എന്നാൽ 

മൂർത്തി, സ്ഥലം, വാസ്തു, വിശ്വാസം തുടങ്ങിയവ വേറിട്ട് നിൽക്കുമെങ്കിലും, ക്ഷേത്രങ്ങളുടെ ആന്തരിക സത്ത, പ്രതീകാത്മകത, ഉള്ളടക്കം എന്നിവ സമാനമാണ്. ഹിന്ദുക്കൾ ഉള്ളിടത്തൊക്കെ ക്ഷേത്രമുണ്ട്. 

ആരാധന, ബലി, ഭക്തി എന്നിവയാൽ, ഈശ്വരനെയും മനുഷ്യനെയും ഇണക്കിച്ചേർക്കുന്ന സംവിധാനമാണ്, ക്ഷേത്രം. ഏത് ദേവന്/ ദേവിക്ക് സമർപ്പിച്ചിരിക്കുന്നോ ആ ആളുടെ ഗൃഹം. വൃത്തം, ചതുരം തുടങ്ങിയ ജ്യാമിതീയ ബിംബങ്ങൾ, ഗണിതം എന്നിവ വഴി, വേദ പൈതൃകത്തിൽ ആധാരമായ സംവിധാനമാണ്, അത്. സൂക്ഷ്മ ശരീരം, സ്ഥൂല ശരീരം, ജീവാണു, പരമാണു എന്നിവയുടെ താദാത്മ്യം ജ്യാമിതീയ സംഖ്യകൾ കൊണ്ട് പ്രതിനിധാനം ചെയ്യുന്നു. ഇത്, ക്ഷേത്രം നിൽക്കുന്ന ഭൂമിയുടെ പ്രത്യേകതകൾ, ദൈവവും ഊരാളനുമായുള്ള ബന്ധം എന്നിവയുമായി ഇഴ ചേരുന്നു. ഹിന്ദു പ്രപഞ്ചത്തിലെ സകല ഘടകങ്ങളെയും അത് കൂട്ടിയിണക്കുന്നു - നന്മ, തിന്മ, മനുഷ്യൻ, ചാക്രിക കാല പ്രവാഹം, പ്രാണ സത്ത. ധർമാർത്ഥ കാമമോക്ഷ ബിംബങ്ങളുടെ സമ്മേളനം. 

മനുഷ്യശരീരത്തിലെ സ്ഥൂല, സൂക്ഷ്മാംശങ്ങൾ പോലെ, ശ്രീകോവിൽ സൂക്ഷ്മ ശരീരം, പുറത്തെ മണ്ഡപം, പ്രവേശന കവാടം തുടങ്ങിയവ സ്ഥൂല ശരീരം. ക്ഷേത്രത്തിൻ്റെ ആത്മീയ തത്വങ്ങൾ വേദോപനിഷത്തുക്കളിലും തച്ചുശാസ്ത്രം ബൃഹദ് സംഹിതയിലും വാസ്തുശാസ്ത്രത്തിലും അടങ്ങിയിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമാണ്, കലകളും ആഘോഷവും സമ്പദ് ഘടനയും പുരാതന കാലത്ത് നിലനിന്നത്. 

കല, ധർമ്മം, വിശ്വാസം, മൂല്യങ്ങൾ, ഹിന്ദു ജീവിത ശൈലി എന്നിവ ക്ഷേത്രങ്ങൾ പ്രതിഫലിപ്പിക്കുന്നു. മനുഷ്യൻ, മൂർത്തി, വിരാട് പുരുഷൻ എന്നിവ പവിത്രമായ ഒരിടത്ത് ഒന്ന് ചേരുന്നു. ബ്രഹ്മാണ്ഡവും പിണ്ഡവും തമ്മിലുള്ള അവിച്ഛിന്ന ബന്ധം ജ്യാമിതീയ സംഖ്യാ പദ്ധതിയാൽ ത്രയീവിദ്യമൂർത്തി, സ്ഥലം, വാസ്തു, വിശ്വാസം തുടങ്ങിയവ വേറിട്ട് നിൽക്കുമെങ്കിലും, ക്ഷേത്രങ്ങളുടെ ആന്തരിക സത്ത, പ്രതീകാത്മകത, ഉള്ളടക്കം എന്നിവ സമാനമാണ്. ഹിന്ദുക്കൾ ഉള്ളിടത്തൊക്കെ ക്ഷേത്രമുണ്ട്. 

മനുഷ്യൻ, മൂർത്തി, വിരാട് പുരുഷൻ എന്നിവയെ ഒരു പവിത്ര സന്നിധിയിൽ, ത്രയീവിദ്യ വഴി, ഇവിടെ സാക്ഷാൽക്കരിക്കുന്നു. മൂന്ന് വേദങ്ങൾ ആണ് ത്രയീവിദ്യ. ബ്രഹ്മാണ്ഡവും പിണ്ഡവും തമ്മിലുള്ള അവിച്ഛിന്ന ബന്ധത്തെ ജ്യോതിഷ സംഖ്യാ പദ്ധതി വഴി ഊട്ടിയുറപ്പിക്കുന്നു. ആവർത്തനം, തുല്യത, പരിവർത്തനം എന്നിവ സംബന്ധിച്ച വൈദിക സങ്കൽപത്തിൻ്റെ  സ്വാഭാവിക വികാസമാണ് ക്ഷേത്രമെന്ന് സുഭാഷ് കാക്, Early Indian Architecture and Art എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു.

നമ്മുടെ പുരാതന സങ്കൽപത്തിൽ, തീർത്ഥ സ്ഥാനമാണ്, ക്ഷേത്രം. ജീവിതം നിലനിർത്തുന്ന സകല പ്രതീകങ്ങളും അവിടെയുണ്ട് -അഗ്നി മുതൽ ജലം വരെ. സർവം ഏകം എന്നതാണ് തത്വം. വാസ്തുശാസ്ത്രത്തിലെ മാണ്ഡൂക മണ്ഡലമാണ്, വലിയ ക്ഷേത്രങ്ങളിൽ-64 പദങ്ങൾ. ബ്രഹ്മപദത്തിൽ, മൂർത്തി. ദേവിക പദങ്ങളിൽ ഉപമൂർത്തികൾ. പൈശാചിക പദങ്ങളിൽ ഭയം, ശങ്ക, ദുരിതം -രാക്ഷസർ. കിഴക്ക് മൂലയിൽ സൂര്യൻ, ഇന്ദ്രൻ. പ്രതീക്ഷയും വെളിച്ചവും. ഇളം കാവി, മനുഷ്യ പദം. അത് നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ. ദൈവത്തിങ്കലേക്കുള്ള നടവഴി. കേന്ദ്രത്തിലെ കടും കാവി വിരാട് പുരുഷൻ. അതാണ് സർവവ്യാപിയായ ബ്രഹ്മ തത്വം. ക്ഷേത്രം ഒരു പദം മുതൽ 1024 പദം വരെയെന്ന് Stella Kramrisch എഴുതിയ വിഖ്യാതമായ, The Hindu Temple (2 Volumes) എന്ന ഗ്രന്ഥത്തിൽ കാണുന്നു. സാധാരണ 64 അഥവാ 81. 

ക്ഷേത്ര കേന്ദ്രത്തിൽ, മൂർത്തിക്ക് താഴെ ഒരു അലങ്കാരവുമില്ലാത്ത ശൂന്യ സ്ഥലമാണ്, വിരാട് പുരുഷൻ ഉള്ള സ്ഥലം. പരമ തത്വം. പരമ സത്ത. ധ്യാനത്തിനും മനുഷ്യ മനസ്സിൻ്റെ ശുദ്ധീകരണത്തിനുമുള്ള ഇടമാണ്, ക്ഷേത്രം. 

(ഹിരണ്യ, ഫെബ്രുവരി, 2024)

© Ramachandran



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...