Showing posts with label ബാബു പോൾ. Show all posts
Showing posts with label ബാബു പോൾ. Show all posts

Monday 10 June 2019

ബാബു പോളും മാരാരുടെ പ്രേതവും

കുതിരപ്പുറത്ത് പ്രേതം വന്നു 


ഐ എ എസിൽ രണ്ടു പെരുമ്പാവൂർക്കാരുമായാണ്, എനിക്ക് അടുപ്പമുണ്ടായിരുന്നത്: മലയാറ്റൂർ രാമകൃഷ്ണനും ബാബു പോളും. എഴുതുന്നവർക്ക് ആഴങ്ങൾ മനസ്സിലാകും എന്നതാണ്, കാരണം. 'യക്ഷി’യും ‘മൃദുല പ്രഭു’വും എഴുതിയ മലയാറ്റൂരിനെപ്പോലെ, ബാബു പോളിനും അതീന്ദ്രിയ തലമുണ്ടായിരുന്നു. 'കഥ ഇതുവരെ' എന്ന ആത്മകഥയിൽ, ഉദാത്ത തലങ്ങളിൽ ബാബു പോൾ എത്തുന്ന പല നിമിഷങ്ങളുമുണ്ട്. കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർ മാനായിരുന്ന കെ ഡബ്ലിയു പി മാരാരുടെ പ്രേതത്തെ ബാബു പോൾ കണ്ട വിവരണം എനിക്ക് മറക്കാനായില്ല. മാരാരെപ്പറ്റി എഴുതിയതിനപ്പുറം ഒന്നുമറിയില്ല എന്ന് ബാബു പോൾ പറഞ്ഞപ്പോൾ. സ്വന്തം നിലയിൽ മാരാരെപ്പറ്റി ഞാൻ അന്വേഷിച്ചു. ആ കഥ:

മാരാർ

ബാബു പോൾ പോർട്ട് ട്രസ്റ്റ് ചെയർമാനായത് 1984 മാർച്ച് 25 നാണ്. മിൽനെയ്ക്ക് ശേഷം, രണ്ടാമത്തെ ചെയർ മാനായിരുന്നു, മാരാർ. മാരാരുടെ ക്രിക്കറ്ററായ മകൻ എം പി ഗോവിന്ദ്, തിരുവനന്തപുരം എഞ്ചിനീറിങ് കോളജിൽ ബാബു പോളിൻറ സഹപാഠി. 

മാരാർ ഐ സി എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 1928 ഒക്ടോബർ 4 നായിരുന്നു. 11 ഇന്ത്യക്കാർ തിരഞ്ഞെടുക്കപ്പെട്ടതിൽ, ഒരേ ഒരു മലയാളി. തെക്കേ ഇന്ത്യയിൽ നിന്ന് രണ്ടുപേർ കൂടിയുണ്ടായിരുന്നു: നെല്ലിച്ചേരി സ്വാമിനാഥൻ അരുണാചലം, ഹുണ്ടി ശ്രീനിവാസ കമ്മത്ത്. മാരാർക്ക് മുൻപ് ഐ സി എസിൽ എത്തിയ മലയാളികൾ: കെ പി എസ് മേനോൻ (1922), എൻ ആർ പിള്ള (1923 ), എം കെ വെള്ളോടി. ഗോവിന്ദ് തൃശൂർക്കാരനാണെന്ന് ബാബു പോൾ പറഞ്ഞു; തൃശൂർ പൂത്തോൾ കോട്ടപ്പുറത്ത്, കോട്ടിൽ വളപ്പിൽ വാരിയമുണ്ട്.

1935 ജനുവരി നാലിലെ 'എഡിൻബർഗ് ഗസറ്റി'ൽ, മാരാർക്ക്, കൈസർ എ ഹിന്ദ് മെഡൽ നൽകിയതായി കാണുന്നു. അന്ന് അദ്ദേഹം, അസമിലെ നൗഗോങിൽ ഡപ്യൂട്ടി കമ്മീഷണറായിരുന്നു, അവിടെ സെൻസസ് സൂപ്രണ്ടായിരുന്നു. ഭക്ഷ്യ സെക്രട്ടറി ആയിരുന്നു. പോർട്ട് ട്രസ്റ്റ് ചെയർമാനാകും മുൻപ്, 1944 -47 ൽ കേന്ദ്ര കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി. രണ്ടാം ലോകയുദ്ധം തീരുന്ന 1945 വരെ തുറമുഖം നേവിയുടെ കയ്യിലായിരുന്നു.

സെൻസസ് മേധാവിയെന്ന നിലയിൽ അസമിൽ വിവാദപുരുഷനായിരുന്നു, മാരാർ (1941). ആദ്യ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് എഴുതിയ, India Divided എന്ന പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. 1931 ലെ സെൻസസിനെ അപേക്ഷിച്ച്, മാരാരുടെ സെൻസസിൽ ക്രിസ്ത്യാനികളുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും എണ്ണവും കുറഞ്ഞു. 1 931 ലെ സെൻസസ് മതാടിസ്ഥാനത്തിലും 1941 ലേത് സമുദായാടിസ്ഥാനത്തിലും ആണെന്ന് മാരാർ ന്യായീകരിച്ചു. ഖാസി ജാതിയിൽ പെട്ടവൻ ഖാസി ആയിരിക്കും, ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരിക്കില്ല.

അതായത്, മാരാർ, മതം മാറ്റത്തെ നിരാകരിച്ചു. സർക്കാർ സെൻസസ് അട്ടിമറിച്ചതായി കോൺഗ്രസ് ആരോപിച്ചു. മുസ്ലിം ലീഗിൻറെ മൗലവി സയ്യിദ് സർ മുഹമ്മദ് സാദുല്ലയായിരുന്നു, മുഖ്യമന്ത്രി. മുസ്ലിം ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയാണ് ഉന്നം എന്ന് ആരോപിക്കപ്പെട്ടു.

വില്ലിംഗ് ഡൻ ഐലൻഡിൽ ഇപ്പോഴത്തെ തുറമുഖ ട്രസ്റ്റ് ഓഫിസ് തന്നെയായിരുന്നു, മാരാരുടെയും ഓഫിസ്. ചെയർമാൻ ആയി ഏതാനും മാസങ്ങൾക്കകം വിഷം ഉള്ളിൽ ചെന്ന് അദ്ദേഹം മരിച്ചു. ബാബു പോൾ എഴുതുന്നത്, മരണ ശേഷംപലപ്പോഴും മാരാർ കടലിൽ നിന്ന്, കറുത്ത കുതിരപ്പുറത്ത് കോട്ടും ടൈയുമണിഞ്ഞ് ഉയർന്നു വന്നിരുന്നു എന്നാണ്. ഇപ്പോഴത്തെ ഹാർബർ ഹൗസിൻറെ ഓരത്തുകൂടി പഴയ കെട്ടിടത്തിലേക്കു പോകും. വെള്ളിയാഴ്ച്ചയും കറുത്ത വാവുമാണെങ്കിൽ ഉറപ്പായും മാരാർ കടലിൽ നിന്നുയരും. കാവൽക്കാരൻ ഉറങ്ങുന്ന കണ്ടാൽ, ചൂരൽ കൊണ്ടടിക്കും. മലബാർ ഹോട്ടൽ വരെ ചെന്ന്, ചെയർ മാൻറെ ജെട്ടിയിൽ എത്തി, മാരാർ അപ്രത്യക്ഷനാകും.

ഒരുനാൾ അതേവേഷത്തിൽ മാരാർ തൻറെ കുളിമുറിയിൽ നിൽക്കുന്നത് ബാബു പോൾ കണ്ടു. വാരാന്ത്യമായിരുന്നു, ഭാര്യ നിർമലയും കുട്ടികളും അവരുടെ നാട്ടിലായിരുന്നു. വിരുന്നു കഴിഞ്ഞ് മടങ്ങിയ ബാബു പോൾ ഏകനായിരുന്നു. അടുത്തനാൾ പഴയ ചെയർമാന്മാരുടെ ചിത്രങ്ങൾ മറിച്ചു നോക്കി, ബാബു പോൾ, കണ്ട രൂപത്തെ തിരിച്ചറിഞ്ഞു.

ബാബു പോൾ, മാരാരുടെ ഭാര്യ ലീല യെ അടുത്ത റിപ്പബ്ലിക് ദിനത്തിന് ക്ഷണിച്ചു. അവർ കുടുംബവുമായി വന്നപ്പോഴാണ്, ഗോവിന്ദ്, 'തടിയൻ ഗോവിന്ദൻ” മാരാരുടെ മകനാണെന്ന് മനസ്സിലായത്. മാരാരുടെ ഹോബി കുതിരസവാരി ആയിരുന്നെന്നും മാരാർക്ക് കറുത്ത കുതിരകളെ ഇഷ്ടമായിരുന്നെന്നും ലീല പറഞ്ഞപ്പോൾ, ബാബു പോൾ ഞെട്ടി!

പിന്നെ ഹാർബർ ഹൗസിൽ ഏകനാകുന്നത്, ബാബു പോൾ ഒഴിവാക്കി. സ്വന്തം പിതാവിൻറെ മരണം വരെ ബാബു പോൾ ഈ ഭയം കൊണ്ടു നടന്നു. അതു കഴിഞ്ഞ്, പരലോകത്ത് തനിക്ക് രക്ഷകനുണ്ടെന്ന് സമാധാനിച്ചു.

ഇക്കഥ എൻറെ ഇംഗ്ലീഷ് ബ്ലോഗിൽ എഴുതിയപ്പോൾ, 1951 -60 ൽ പോർട്ട് ട്രസ്റ്റ് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന എം എസ് വെങ്കട്ടരാമൻറെ മകൻ അതിനു താഴെ കമന്റ് ഇട്ടു. ഹാർബർ ഹൗസിൻറെ ഒന്നാം നിലയിലാണ്, വെങ്കട്ടരാമൻ താമസിച്ചിരുന്നത്. താഴെ ഓഫിസ്. താഴെ, ഗോവണിയുടെ ഇടതുള്ള ഫാമിലി ഗസ്റ്റ് റൂമിൽ മാരാർ മരിച്ച കഥ സഹായികൾ പറഞ്ഞിരുന്നു. ഒരു നാൾ വെങ്കട്ടരാമൻറെ സുഹൃത്ത് ആർ എം സുന്ദരം ഐ സി എസ്, അതിഥിയായി എത്തി. ആ ഗസ്റ്റ് റൂമിൽ പാതിരയ്ക്ക് എഴുന്നേറ്റ സുന്ദരം മുറിയിൽ വല്ലാത്ത ഒന്ന് കണ്ടതായി പരാതിപ്പെട്ടു.
 
ഒൻപതു കൊല്ലം സന്തോഷമായി അവിടെ ജീവിച്ചെന്ന് വെങ്കട്ടരാമൻറെ മകൻ എഴുതി. ബാബു പോളിന്റെയും സുന്ദരത്തിൻറെയും വിചാരപ്രക്രിയയിൽ മാരാരെപ്പറ്റിയുള്ള അറിവുകൾ കടന്നുകൂടിയുള്ള വിഭ്രാന്തി ആവില്ലേ അത് എന്നദ്ദേഹം ശങ്കിച്ചു.

ഞാൻ വിളിച്ചപ്പോൾ ബാബു പോൾ ചെന്നൈയിലായിരുന്നു. ഇത് അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ചു. ബാബു പോൾ പറഞ്ഞു: “അത് യുക്തിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം മാത്രമാണ്” (It is the logical way of explaining things).
 
അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. മറ്റെല്ലാ അവയവങ്ങളുടെയും പ്രവർത്തനം നിലച്ചിട്ടും, ബാബു പോളിൻറെ ഹൃദയം സ്പന്ദിച്ചു കൊണ്ടിരുന്നു, അതാണ് മരണ പ്രഖ്യാപനം വൈകിയത് എന്ന് ഡോക്ടർ വിശദീകരിച്ചതായി സുഹൃത്ത് പറഞ്ഞു. ”ബാബു പോൾ ചെറിയ ആളല്ല," ഞാൻ പറഞ്ഞു, "ദൈവവുമായി മനപ്പൊരുത്തം സൃഷ്ടിച്ചവനാണ്”.



© Ramachandran
















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...