Showing posts with label വാല്മീകി. Show all posts
Showing posts with label വാല്മീകി. Show all posts

Friday, 25 August 2023

ഉത്തരകാണ്ഡം വാല്മീകി എഴുതിയതോ?

 ശംബൂകനെ എന്തിന് കൊന്നു?

വലിയ ഇൻഡോളജിസ്റ്റ് ആയ എ ഡി പുസാൽക്കർ, രാമകൃഷ്ണ മിഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് കൾച്ചർ പ്രസിദ്ധീകരിച്ച Cultural Heritage of India വാല്യം ഒന്നിൽ, The Ramayana: Its History and Character എന്ന ലേഖനത്തിൽ, ഇങ്ങനെ എഴുതുന്നു:

“Valmiki wanted to portray the life of an ideal man, not an incarnation. Rama being treated as an avatara came about gradually from a prince of Ayodhya to a national hero to an incarnation of Visnu. The incarnation idea is mostly found in the first and last kandas, which were clearly written much later. For example, Dasaratha’s putresti when the gods approach Visnu and request him to go down to the earth and slay the demon king Ravana, must have been added later to conform to the incarnation theory. Some incidents have been explained as the outcome of an earlier birth in the life of Dasaratha, Sita, Hanuman, etc.”

(വാല്മീകി ചിത്രീകരിച്ചത്, ഒരു അവതാരത്തെയല്ല, ആദർശശാലിയായ മനുഷ്യനെയാണ്. രാമൻ, അയോദ്ധ്യയിലെ രാജകുമാരനിൽ നിന്ന് ദേശീയ നായകനും വിഷ്‌ണുവിൻ്റെ അവതാരവുമാകുന്നത് ക്രമേണയാണ്. ആദ്യത്തെയും അവസാനത്തെയും കാണ്ഡങ്ങളിലാണ്, അവതാരം എന്ന ആശയം വരുന്നത്. അവ രണ്ടും പിൽക്കാലത്ത് എഴുതപ്പെട്ടതാണ്. ഉദാഹരണത്തിന്, ദശരഥൻ്റെ പുത്രകാമേഷ്ടിയിൽ, ഈശ്വരന്മാർ വിഷ്ണുവിനെ സമീപിച്ച്, ഭൂമിയിൽ പോയി രാവണനെ വധിക്കാൻ അപേക്ഷിക്കുന്ന ഭാഗം, അവതാര കഥയ്ക്ക് മിഴിവേകാൻ പിന്നീട് കൂട്ടിച്ചേർത്തതാകാം. ദശരഥൻ, സീത, ഹനുമാൻ തുടങ്ങിയവരുടെ പൂർവ്വജന്മ കർമ്മഫലമായി ചില സംഭവങ്ങൾ വിശദീകരിക്കുന്നുണ്ട്.)  


ഉത്തരകാണ്ഡം മാത്രമല്ല, ബാലകാണ്ഡവും കൂട്ടിച്ചേർത്തതാണെന്ന് പുസാൽക്കർ പറയുന്നു. എന്നാൽ, അയോദ്ധ്യാകാണ്ഡത്തിലും, രാമൻ, വിഷ്ണു തന്നെയെന്ന് പറയുന്നുണ്ട്. അയോദ്ധ്യാകാണ്ഡം 1:7:

स हि देवैरुदीर्णस्य रावणस्य वधार्थिभिः |
अर्थितो मानुषे लोके जज्ञे विष्णुः सनातनः ||

(രാമൻ ദശരഥന് പ്രിയപ്പെട്ടവനാകാൻ കാരണം, അദ്ദേഹം അനശ്വരനായ വിഷ്ണു ആണെന്നതും രാവണനെ നിഗ്രഹിക്കാൻ അവതാരമെടുത്തവനും ആയതിനാലാണ്.)

മുൻജന്മം എന്ന ആശയം പുസാൽക്കർക്ക് പിടിക്കുന്നില്ല. അത്, പക്ഷെ, ഹിന്ദുമതത്തിന് ഒഴിവാക്കാൻ കഴിയില്ല. എന്തെങ്കിലുമൊക്കെ ഭാഗികമായി സ്വീകരിക്കാമെന്ന് പറയുന്നതിൽ കഴമ്പില്ല.

ഉത്തര രാമായണം 

ഉത്തര രാമായണം/ ഉത്തരകാണ്ഡം, ശരിക്കും വാല്മീകി രാമായണത്തിൻ്റെ ഭാഗമാണോ? ഒരുത്തരകാണ്ഡം, യുദ്ധകാണ്ഡശേഷം ഉണ്ടെന്ന് ബാലകാണ്ഡത്തിൽ പറയുന്നുണ്ട്. വാല്മീകി അത് എഴുതിയെന്ന് മൂന്ന് തവണ ബാലകാണ്ഡത്തിൽ പറയുന്നു. 

പക്ഷെ, ഇന്ന് കാണുന്ന ഉത്തരകാണ്ഡം വാല്മീകി എഴുതിയതാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. ഉത്തരകാണ്ഡത്തിൽ പറയുന്ന പലതും, മുൻപത്തെ ആറു കാണ്ഡങ്ങളിൽ പറയുന്നതിന് വിരുദ്ധമാണ് എന്ന് ഇത് വാല്മീകിയുടേത് അല്ല എന്ന് വാദിക്കുന്ന പണ്ഡിതർ പറയുന്നു. ആദ്യ ആറു കാണ്ഡങ്ങളിലെ കാവ്യശൈലിയെ പിന്തുടരുന്ന ശൈലിയല്ല, ഉത്തര കാണ്ഡത്തിലേത്. വാല്മീകി എഴുതി എങ്കിൽ, ആ ഉത്തരകാണ്ഡം നഷ്ടപ്പെട്ടു എന്ന് കരുതുന്നതാണ്, ഉചിതം. ഇപ്പോൾ കാണുന്നത്, പിൽക്കാല സൃഷ്ടിയാകാനാണ്, സാധ്യതയെന്നും ഈ പക്ഷത്തുള്ളവർ വാദിക്കുന്നു.

രാമൻ ആരെന്നറിയാൻ ആറു കാണ്ഡങ്ങൾ ധാരാളം. മാത്രമല്ല, യുദ്ധകാണ്ഡത്തിന് അവസാനം, ഫലശ്രുതിയുമുണ്ട്. മഹാഭാരതത്തിലും, മാർക്കണ്ഡേയ മഹർഷി പറയുന്ന രാമായണോപാഖ്യാനം, യുദ്ധകാണ്ഡത്തിൽ അവസാനിക്കുന്നു. ആറാം നൂറ്റാണ്ടിൽ കിട്ടിയ രാമായണ പാഠത്തിലും, ഉത്തരകാണ്ഡമില്ല.

ഇന്നുള്ള ഉത്തരകാണ്ഡം വാല്മീകി തന്നെ എഴുതിയതാണ് എന്ന് പറയുന്നവർ രണ്ടിലും ലവകുശന്മാർ വരുന്നതും ഉത്തരകാണ്ഡത്തിൽ വളരുന്നതും ചൂണ്ടിക്കാട്ടുന്നു. അത് പോരാ. രണ്ടു കാണ്ഡങ്ങളിലും ഇവരെ സംബന്ധിച്ച കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ട്. ബാലകാണ്ഡത്തിൽ പറയുന്നത് ഇരുവരും രാമകഥ അയോദ്ധ്യയിൽ രാമനു മുന്നിൽ പടിയെന്നാണ്. അത് സഹോദരന്മാരും മന്ത്രിമാരും കേട്ടു. 

എന്നാൽ, ഉത്തരകാണ്ഡത്തിൽ പറയുന്നത്, ലവകുശന്മാർ രാമകഥ പാടിയത്, രാമൻ, നൈമിശാരണ്യത്തിൽ, ഗോമതീതീരത്ത് അശ്വമേധയാഗം നടത്തുമ്പോഴാണ്, എന്നാണ്. യാഗ ഇടവേളകളിൽ ആയിരുന്നു, കഥനം.

മറ്റ് വൈരുദ്ധ്യങ്ങൾ:

ലങ്കയിൽ ഹനുമാനെ കൊല്ലാൻ രാവണൻ ഉത്തരവിടുമ്പോൾ വിഭീഷണൻ പറയുന്നത്, ഒരു ദൂതനെ വധിക്കുന്നത് കേട്ടിട്ടു പോലുമില്ല എന്നാണ്. എന്നാൽ, ഉത്തരകാണ്ഡത്തിൽ രാവണൻ ഒരു കുബേരദൂതനെ കൊല്ലുന്നു. അതാകട്ടെ, ഹനുമാൻ ലങ്കയിൽ എത്തുന്നതിനു മുൻപാണ്.

ആരണ്യകാണ്ഡത്തിൽ രാവണൻ അജയ്യനാണെന്ന് പറയുന്നു. ദൈവങ്ങൾക്കും മഹർഷിമാർക്കും സകലജീവികൾക്കും അവധ്യൻ. എന്നാൽ, രാവണനെ, ബാലിയും കാർത്തവീര്യാർജ്ജുനനും ശംഭാസുരനുമൊക്കെ തോൽപ്പിക്കുന്നത് നാം കാണുന്നു. ഉത്തരകാണ്ഡത്തിന് മുൻപുള്ള ആറു കാണ്ഡങ്ങളിലും, ഇവരാരും രാവണനെ തോൽപിക്കുന്നില്ല. 

രാവണൻ ഇന്ദ്രനെയും മറ്റ് 33 ദൈവങ്ങളെയും തോൽപിച്ചെന്ന് സുന്ദരകാണ്ഡത്തിൽ പറയുന്നു. യമൻ, വരുണൻ, കുബേരൻ എന്നിവർക്ക് മേൽ നേടിയ വിജയം സ്പഷ്ടം. എന്നാൽ, ഉത്തരകാണ്ഡത്തിൽ കാണുന്നത്, മേഘനാദൻ രക്ഷിക്കും മുൻപ്, ഇന്ദ്രൻ കീഴ്‌പ്പെടുത്തിയ രാവണനെയാണ്. യമനെയും വേണ്ടവണ്ണം രാവണൻ കീഴ്‌പ്പെടുത്താനാവുന്നില്ല.

ആദ്യ ആറു കാണ്ഡങ്ങളിലും രാവണന് പാശുപതം ഉള്ളതായി പറയുന്നില്ല. എന്നാൽ, ഈ അസ്ത്രം രാവണൻ ഉത്തരകാണ്ഡത്തിൽ പ്രയോഗിക്കുന്നു. യുദ്ധകാണ്ഡത്തിൽ രാവണൻ മായികവിദ്യകൾ പഠിക്കും മുൻപേ നിവാതകവചന്മാരെ തോൽപിക്കുന്നു. എന്നാൽ, ഉത്തരകാണ്ഡത്തിൽ അയാൾ,  നിവാതകവചന്മാരുമായി സന്ധിയിൽ എത്തുന്നു. നിവാതകവചന്മാരെ, ബ്രഹ്മാവിൻ്റെ വരം കിട്ടിയിട്ടും  രാവണൻ കീഴ്‌പ്പെടുത്തുന്നതായി മണ്ഡോദരി യുദ്ധകാണ്ഡത്തിൽ പറയുന്നു പോലുമുണ്ട്.

കിഷ്‌കിന്ധകാണ്ഡത്തിൽ, ഇന്ദ്രൻ വജ്രായുധം കൊണ്ട് ആക്രമിച്ചപ്പോൾ, ബാലാഹനുമാന് പരുക്കേറ്റില്ല. എന്നാൽ, ഉത്തരകാണ്ഡത്തിൽ, ബാലഹനുമാനെ ഇന്ദ്രൻ കൊല്ലുന്നു; ബ്രഹ്മാവ് പുനരുജ്ജീവിപ്പിക്കുന്നു. കിഷ്‌കിന്ധകാണ്ഡത്തിൽ, ബ്രഹ്മാവും ഇന്ദ്രനും മാത്രമാണ്, ഹനുമാന് വരം കൊടുക്കുന്നത്. ഉത്തരകാണ്ഡത്തിൽ, ശിവനൊഴിച്ച് സകലരും വരം നൽകുന്നു.

ഭൂമിയിലെ ക്ഷത്രിയരെ മൊത്തം രാവണൻ തോൽപിച്ചെന്ന് യുദ്ധകാണ്ഡത്തിൽ മന്ത്രിമാർ പുകഴ്ത്തുന്നുണ്ടെങ്കിലും, ഉത്തരകാണ്ഡത്തിൽ, കാർത്തവീര്യാർജ്ജുനൻ, രാവണനെ തോൽപിക്കുന്നു.

ആദ്യത്തെ ആറു കാണ്ഡങ്ങളിൽ, സീതയ്ക്ക് വേണ്ടി ധാരാളം പോരാട്ടങ്ങളിൽ ഏർപ്പെടുന്ന രാമൻ, ഉത്തരകാണ്ഡത്തിൽ, പ്രജകളുടെ ആരോപണങ്ങളാൽ, സീതയെ ഉപേക്ഷിക്കുന്നു. യുദ്ധകാണ്ഡത്തിൽ അഗ്നിപരീക്ഷയ്ക്ക് രാമൻ സീതയോട് ആവശ്യപ്പെടുന്നില്ല എന്നോർക്കണം. അത്, സീത തന്നെ തയ്യാറാവുന്നതാണ്. 


രാമൻ്റെ പതിനായിരം വർഷ ഭരണത്തിൽ, പ്രജകൾ സമാധാനത്തിൽ കഴിഞ്ഞെന്ന് യുദ്ധകാണ്ഡത്തിൽ പറയുന്നു. എന്നാൽ, ഉത്തരകാണ്ഡത്തിൽ, ശംബൂകനെ കൊന്നതു തന്നെ ജനരോഷം ക്ഷണിച്ചു വരുത്തുന്നു. ശംബൂക തപസ്സിനാൽ ബ്രാഹ്മണ ബാലൻ രോഗം വന്ന് മരിച്ചെന്നൊക്കെ പറയുന്നത്, അസംബന്ധമാണ്. ഇതിന് വിരുദ്ധമായി, രാമഭരണത്തിൽ എന്നും സമാധാനമായിരുന്നു എന്ന് വിവരിക്കുന്ന യുദ്ധകാണ്ഡ ശ്ലോകങ്ങൾ ഇതാ:

आसन्वर्षसहस्राणि तथा पुत्रसहस्रिणः |
निरामया विशोकाश्च रामे राज्यं प्रशासति ||

(രാമൻ രാജ്യം ഭരിക്കുമ്പോൾ, പ്രജകൾ ആയിരക്കണക്കിന് വർഷങ്ങൾ, ആയിരക്കണക്കിന് സന്താനങ്ങളുമായി, രോഗദുഃഖങ്ങളില്ലാതെ ജീവിച്ചു.)

ब्राह्मणाः क्षत्रिया वैश्याः शूद्रा लोभविवर्जिताः |
स्वकर्मसु प्रवर्तन्ते तुष्ठाः स्वैरेव कर्मभिः ||
आसन् प्रजा धर्मपरा रामे शासति नानृताः |

(ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ താന്താങ്ങളുടെ കർമ്മങ്ങൾ ചെയ്ത് ദുരയില്ലാതെ തൃപ്തിപ്പെട്ടു. രാമഭരണത്തിൽ, കള്ളമില്ലാതെ, ധാർമ്മികമായി ജീവിച്ചു. 

सर्वे लक्षणसम्पन्नाः सर्वे धर्मपरायणाः ||
दशवर्षसहस्राणि रामो राज्यमकारयत् |

അങ്ങനെയുള്ള സ്ഥലത്ത്, ശംബൂകവധം അസംബന്ധമാണ്. വാല്മീകി രാമായണം പട്ടാഭിഷേകത്തോടെ അവസാനിക്കുന്നു. സഹോദരന്മാരും ബന്ധുക്കളും സീതാ മാതാവും മറ്റുള്ളവരുമൊന്നിച്ച് പിന്നീട് നൂറുകണക്കിന് അശ്വമേധയാഗങ്ങൾ നടത്തി പതിനായിരം വർഷങ്ങൾ രാമരാജ്യം പരിപാലിച്ചു എന്ന ശുഭപര്യവസായി കഥയായി അത് തീരുന്നു. അദ്ദേഹം വൈകുണ്ഠത്തേക്ക് പോയി എന്ന് പറയുന്നു. 

അതു കൊണ്ട്, കഥ തീരുന്നതിനാൽ, യുദ്ധകാണ്ഡത്തിന് അവസാനം, ഫലശ്രുതി:

विनायकाश्च शाम्यन्ति गृहे तिष्ठन्ति यस्य वै |
विजयेत महीं राजा प्रवासि स्वस्तिमान् भवेत् ||

ഈ ഇതിഹാസം ശ്രദ്ധയോടെ വീട്ടിൽ കേട്ടാൽ, സർവ വിഘ്നവും അകലും. രാജാവ് ഭൂമിയെ കീഴടക്കും. വീട്ടിൽ നിന്ന് ദൂരെയുള്ളവന് ശാന്തി. 

ഉത്തരകാണ്ഡം വാല്മീകി ഉദ്ദേശിച്ചിരുന്നെങ്കിൽ, യുദ്ധകാണ്ഡത്തിന് ഒടുവിൽ, ഇങ്ങനെ ഫലശ്രുതി എഴുതില്ലായിരുന്നു. കാവ്യങ്ങൾ അവസാനിക്കുന്നത്, ഇങ്ങനെ, ഫലശ്രുതിയിലാണ്. അങ്ങനെയെങ്കിൽ, ബാലകാണ്ഡത്തിൽ, ഉത്തരകാണ്ഡം ഉണ്ടെന്ന് പറയുന്നത്, പിന്നീട് എഴുതി ചേർത്തത് ആകണം. 

വാല്മീകി എഴുതിയത് തന്നെ 

എന്നാൽ, വാല്മീകി എഴുതിയതു തന്നെയാണ് എന്ന് വാദിക്കുന്ന പണ്ഡിതമതം പ്രബലമാണ്.

രാമൻ്റെ ജീവിതത്തെ വിമർശനവിധേയമാക്കുന്ന രണ്ടു സംഭവങ്ങൾ, സീതാപരിത്യാഗവും ശംബൂകവധവും നടക്കുന്നത്, ഉത്തരകാണ്ഡത്തിലാണ്. രാമായണത്തിൽ പറയുന്നത്, 'സീതാവിസർജ്ജനം എന്നാണ്. ഉപേക്ഷിച്ചതോ തന്നെത്താൻ പോകാൻ അനുവദിച്ചതോ ആകാം.  

ഈ രണ്ടു സംഭവങ്ങൾ കാരണമാണ്, കപടമതേതര ഇടതുപക്ഷം രാമനെ മാർക്സിസ്റ്റായി ഇനിയും കൂട്ടാത്തത്. ഈ കാരണങ്ങളാൽ അവർക്ക് രാമൻ പുരുഷമേധാവിത്തം, ഷണ്ഡത്വം, വർഗീയത എന്നിവയുടെ പ്രതീകമാണ്. അദ്ദേഹം, മര്യാദാ പുരുഷോത്തമൻ ആവില്ല. ഗർഭിണിയായ ഭാര്യയെ ആണ് ഉപേക്ഷിക്കുന്നത്; (ഗർഭിണിയായ ഒരു വാരസ്യാരെ വി ടി ഭട്ടതിരിപ്പാട് നല്ല വിവാഹാലോചന വന്നപ്പോൾ, ഉപേക്ഷിച്ചിട്ടുണ്ട്.)

ഈ വിമർശത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാർഗം, ഉത്തരകാണ്ഡം പ്രക്ഷിപ്തം എന്നു പറയുന്നതാണ്. അങ്ങനെ പറയാതിരിക്കാൻ എന്താണ്, വഴി?

ഈ രണ്ടു സംഭവങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടുമോ സ്‌മൃതികളും പുരാണങ്ങളുമായി 14 ഇടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. 

രാമൻ സീതയെ കാട്ടിൽ ഉപേക്ഷിക്കുന്നത്, വരുന്ന ഇടങ്ങൾ:

വാല്മീകിരാമായണം, ബാലകാണ്ഡം, 3:38 
ഭാഗവതം 9, 11:8 മുതൽ 
പത്മപുരാണം, പാടലകാണ്ഡം, അദ്ധ്യായം 125. ഇവിടെ അനന്തശേഷനും വാൽസ്യായന മഹർഷിയും തമ്മിൽ രാമനും സീതയും പിരിയാനുള്ള യഥാർത്ഥ കാരണങ്ങൾ വിശകലനം ചെയ്യുന്നു.
പത്മപുരാണം, ഉത്തരകാണ്ഡം, അദ്ധ്യായം 255 
അഗ്നിപുരാണം, 11:10 
ആനന്ദരാമായണം, ഉത്തരരാമചരിതം, ജന്മകാണ്ഡം, സർഗം 3.
ആദ്ധ്യാത്മരാമായണം, ഉത്തരകാണ്ഡം, അദ്ധ്യായം 4. ബ്രഹ്മാണ്ഡപുരാണം, ഉത്തരകാണ്ഡം.
ശ്രീ ഗാർഗ സംഹിത, ഗോലോക കാണ്ഡം, അദ്ധ്യായം 4.
മധ്വാചാര്യർ, മഹാഭാരത താൽപര്യ നിർണയം അദ്ധ്യായം 9 ൽ സീതാപരിത്യാഗം അംഗീകരിച്ചിട്ടുണ്ട്.

ശംബൂകവധം പരാമർശിക്കുന്ന ഇടങ്ങൾ:

പത്മപുരാണം, സൃഷ്ടികാണ്ഡം, അദ്ധ്യായം 26 
പത്മപുരാണം, ഉത്തരകാണ്ഡം, അദ്ധ്യായം 255 
ആനന്ദരമായണം, ഉത്തരരാമചരിതം, രാജ്യകാണ്ഡം 1:10 
ആദ്ധ്യാത്മരാമായണം, ഉത്തരകാണ്ഡം, അദ്ധ്യായം 4. ബ്രഹ്മാണ്ഡപുരാണം, ഉത്തരകാണ്ഡം.


മധ്വാചാര്യർ, മഹാഭാരത താൽപര്യ നിർണയം അദ്ധ്യായം 9 ൽ ഇത് പറഞ്ഞിരിക്കുന്നു. ജംഘ എന്ന അസുരൻ വേഷം മാറി ശംബൂകൻ എന്ന ശൂദ്രനായി എത്തിയതാണെന്ന് അദ്ദേഹം പറയുന്നു. പാർവതിയിൽ നിന്ന് വരം നേടി രുദ്രനായി ലോകനിഗ്രഹത്തിന് ശ്രമിക്കുകയായിരുന്നു, ഇയാൾ. 
ഗാർഗസംഹിത, മഥുരാകാണ്ഡം, അദ്ധ്യായം 10. അയോദ്ധ്യയിൽ വിവാദം സൃഷ്ടിച്ച അലക്കുകാരൻ, മഥുരയിൽ കംസഭൃത്യനായി ജനിക്കുന്നു. കൃഷ്ണനോട് അപമര്യാദയായി പെരുമാറിയപ്പോൾ, കൃഷ്ണൻ നിഗ്രഹിച്ചു.

ഇതിൽ നിന്ന് സിദ്ധിക്കുന്നത്:

ഉത്തരകാണ്ഡം വാല്മീകിയുടേത് അല്ല എന്ന് വാദിച്ചാൽ, ഇവയും വിശ്വാസ്യത ഇല്ലാത്ത പുരാണങ്ങൾ എന്ന് കരുതേണ്ടി വരും. വേദസാഹിത്യത്തിൽ പലതും നീക്കേണ്ടി വരും; അതിന്, മാനദണ്ഡം നിശ്ചയിക്കേണ്ടി വരും. ഹനുമാൻ ഒരു മല മുഴുവൻ ഹിമാലയത്തിൽ നിന്ന്, ലക്ഷ്മണനെ സുഖപ്പെടുത്താനുള്ള മരുന്നിനായി ലങ്കയിലേക്ക് കൊണ്ടു പോകുന്നത് മിത്താണ് എന്നൊരു മാർക്സിസ്റ്റ് വാദിച്ചാൽ, ഉടനെ അത് പ്രക്ഷിപ്തമാണെന്ന് പുരോഗമന ഹിന്ദുക്കൾ പറയുന്ന സ്ഥിതി ഉണ്ടാകുന്നത് ശരിയല്ല. സർ വില്യം ജോൺസ് ഇൻഡോളജി സ്ഥാപിച്ചതിന് പിന്നാലെ, നമ്മുടെ പണ്ഡിതർ ഇത്തരം ശങ്കകൾ ഉയർത്തുന്ന സ്ഥിതി സംജാതമായി.

വടുക്കളോടെയാണ്, വാല്മീകി രാമനെ അവതരിപ്പിച്ചിരിക്കുന്നത്. ആ സാഹചര്യത്തിൽ രാമന് സീതയെ ഉപേക്ഷിക്കാനേ കഴിയുമായിരുന്നുള്ളൂ. സീതയെ സമ്പൂർണമായി അദ്ദേഹം സ്നേഹിച്ചിട്ടും, സാഹചര്യം അതായിരുന്നു. അധികാരത്തിൽ ഇരിക്കുന്നയാളുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രിയപ്പെട്ടതും ത്യജിക്കേണ്ടി വരുന്നു. സീതയെ ഉപേക്ഷിച്ച രാമൻ മൂന്നു ദിവസം കരഞ്ഞുവെന്ന് പറയുന്നുണ്ട്. അശ്വമേധത്തിന് കാഞ്ചന സീതയെ പ്രതിഷ്ഠിക്കുന്ന, ഏകപത്നീവ്രതക്കാരനായ രാമനെ മറക്കരുത്.

രാമനും സീതയും വിഷ്ണുവും ലക്ഷ്മിയും ആകയാൽ, വിച്ഛേദം, ഭൗതികതലത്തിൽ മാത്രമാണ്. തനിക്ക് സമീപം, വാല്മീകിയുടെ ആശ്രമത്തിലാണ് സീതയെ ഉപേക്ഷിച്ചത്. അസുരന്മാർക്ക് അഭയം നൽകിയ ഭൃഗു മുനിയുടെ ഭാര്യ കാവ്യമാതയെ വിഷ്ണു കൊന്നു. ഭൃഗു, വിഷ്ണുവിനെ ശപിച്ചു. അതു കാരണമാണ്, സീതയെ ഉപേക്ഷിച്ചത്. സീതയുടെ ബാല്യത്തിൽ ഒരു തത്തയുടെ ശാപവുമുണ്ട്. 

ശംബൂക നിഗ്രഹത്തിലുള്ളതും ധർമ്മവിചാരമാണ്, ജാതിയല്ല. യുദ്ധകാണ്ഡം 124:128 ൽ പറയുന്നു:

ब्राह्मणाः क्षत्रियाः वैश्याः शूद्रा लोभविवर्जिताः: |
स्वकर्मसु प्रवर्तन्ते तुष्टाः स्वैरेव कर्मभिः ||

(ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർക്ക് ദുരയുണ്ടായിരുന്നില്ല. വർണാശ്രമധർമ്മം ആചരിച്ച് എല്ലാവരും തൃപ്തിയോടെ ജീവിച്ചു.)

വേദസാഹിത്യത്തിൽ പറയുന്നത്, കലിയുഗത്തിനു മുൻപ്, രാമരാജ്യത്തിൽ എന്നല്ല, ഏതു രാജ്യത്തിലും അവനവൻ്റെ കർമ്മ, ധർമ്മങ്ങൾ അനുഷ്ഠിക്കാനാണ്. ഭഗവദ്ഗീത 4:13 ൽ പറയുന്നു:

Chaturvarnya maya srshtam guna karma vibhagashah.

ഗുണകർമ്മങ്ങൾ കൊണ്ടാണ്, ജാതി കൊണ്ടല്ല വർണ്ണം നിശ്ചയിക്കുന്നത്. ജാതി അന്നില്ല. അജ്ഞാനിയായ ഏതൊരാളും ശൂദ്രനാണ്. വർണ്ണം എന്നാൽ, profession ആണ്. രാമൻ ജീവിച്ച ത്രേതായുഗത്തിൽ ബ്രാഹ്മണനും ക്ഷത്രിയനുമാണ്, തപസ്സ്, ജോലിയുടെ ഭാഗമായിരുന്നത്. 

പല വൈകൃതങ്ങളുമുള്ള ഓഷോ രജനീഷ്, ഇതെടുത്ത് ഒരു പ്രഭാഷണത്തിൽ വളച്ചൊടിച്ചത്, Bodhidharma: The Greatest Zen Master എന്ന പുസ്തകത്തിൽ:
Buddha could not accept Rama as an incarnation of God because Rama killed a sudra, a young man, by pouring hot liquid lead into his ears because he had been listening while hiding behind a tree when a few Brahmins were reciting the VEDAS. The sudras were not allowed to read; they were not allowed even to listen! What kind of culture has this country created, where one-fourth of the people are not even allowed to listen to its religious scriptures?

ശ്രീരാമൻ ഒരു ശൂദ്രൻ്റെ കാതിൽ ദ്രാവകം ഒഴിച്ച് കൊന്നതിനാൽ, ബുദ്ധൻ, രാമന് എതിരായിരുന്നു എന്നാണ്, രജനീഷ് പറഞ്ഞിരിക്കുന്നത്! അസംബന്ധം.
അംബേദ്‌കർ Annihilation of Caste എന്ന പുസ്തകത്തിൽ ശംബൂക കഥ പറയുന്നുണ്ട്. വേദം പഠിക്കുന്ന ശൂദ്രൻ്റെ കാതിൽ ഈയം ഒഴിക്കണമെന്ന വാചകം  'മനുസ്‌മൃതി'യിൽ നിന്നാണെന്ന് അംബേദ്‌കർ അബദ്ധം പറഞ്ഞത്, ആളുകൾ വിശ്വസിച്ചു. അരുന്ധതി റോയ് ആമുഖം എഴുതിയ പുതിയ പതിപ്പിൽ, ഇത്,   'ഗൗതമസൂത്രത്തി'ൽ ആണെന്ന് അടിക്കുറിപ്പ് ചേർത്തിട്ടുണ്ട്. അതാണ്, ശരി. ആ ഗ്രന്ഥത്തിലെ 12:4 -6 വാക്യങ്ങൾ. എന്നാൽ, 'ഗൗതമസൂത്രം' ഇന്ത്യയിൽ ഒരു രാജവംശത്തിലും നീതിസംഹിത ആയിരുന്നില്ല. ഇങ്ങനെ ആരെയെങ്കിലും ശിക്ഷിച്ചതായി ചരിത്രത്തിലും ഇല്ല.

ജൈനസാഹിത്യത്തിൽ, ശംബൂകൻ, ശൂർപ്പണഖയുടെ മകനാണ്.

(ഐ ടി പ്രൊഫഷനൽ ആയിരുന്ന് സന്യാസിയായ സർവ്വമംഗൽ ഗൗർദാസിനോട് കടപ്പാട്.)


© Ramachandran


 







 



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...