ധർമ്മം, രാമായണത്തിലെ മുഖ്യ വാക്ക്
ഒരു രചനയുടെ അർത്ഥതലങ്ങൾ ഗ്രഹിക്കാൻ അതിൽ വരുന്ന താക്കോൽ വാക്ക് (key word) കണ്ടെത്താൻ വിമർശകർ ആവശ്യപ്പെടാറുണ്ട്. വാല്മീകി രാമായണത്തിലെ താക്കോൽ വാക്ക് മിക്കവാറും ശ്ലോകങ്ങളിൽ കാണാം -ധർമ്മം. അതിന് സമാനമായൊരു വാക്ക് പാശ്ചാത്യ ഭാഷകളിൽ ഇല്ല. അതിനാൽ അവിടെ നിന്ന് നാം ധർമ്മം പ്രതീക്ഷിക്കേണ്ട.
രാമായണത്തിലെ നിയമവും നീതിയും വേദങ്ങളിൽ കാണുന്ന വ്യവസ്ഥകളുടെ വികസിത രൂപമാണ്. തൈത്തിരീയോപനിഷത്തിലെ പതിനൊന്നാം അനുവാകം ഇങ്ങനെ പറയുന്നു:
“സത്യം മാത്രം പറയുക. ധർമ്മം ചെയ്യുക. വേദപഠനം ഉപേക്ഷിക്കരുത്. ഗുരുവിന് വേണ്ടതു ചെയ്യുക, സന്തതി പരമ്പര വിച്ഛേദിക്കരുത്. അച്ഛനും അമ്മയും ദൈവത്തെപ്പോലെ. തെറ്റില്ലാത്ത കർമ്മത്തെ മാത്രം പരിഗണിക്കുക. നന്മ മാത്രം ആചരിക്കുക. ഒരു പവിത്രകർമ്മം, ഒരു ആചാരം എന്നിവയെപ്പറ്റി സംശയം വരുമ്പോൾ, നല്ല ഉപദേശത്തിന് കഴിവുള്ള ബ്രാഹ്മണരെ പിന്തുടരുക. ആചാരവിരുദ്ധത കണ്ടാലും അങ്ങനെ ചെയ്യുക. ഇതാണ് വ്യവസ്ഥ. ഇതാണ് ആജ്ഞ.”
“ധർമ്മം ചര” എന്നാണ് ഇവിടെ പറയുന്നത്. ഇതിന് വിധേയമാണ് മറ്റെല്ലാം. അതിൻ്റെ ഒരു വശമാണ് “സത്യം വദ” എന്നത്. അത് പറഞ്ഞാൽ, കള്ളം പറയരുത് എന്ന് കൂടിയുണ്ട്. ഒരിക്കൽ പറഞ്ഞ വാക്ക് പിന്നീട് അസത്യമാകരുത്. വാക്ക് പാലിക്കുക. സൗകര്യം പോലെ വാക്ക് വ്യാഖ്യാനിക്കരുത്. കേൾവിക്കാരന് മനസ്സിലാകുന്ന വിശാലമായ അർത്ഥം വാക്കിന് വേണം. നിങ്ങളുടെ മനസ്സിലെ വിയോജിപ്പ് അതിൽ കലരരുത്.
സന്തതികൾ വഴി അമരത്വം
ധർമ്മത്തിൻ്റെ, വാക്കിൻ്റെ സകല അർത്ഥസമ്പുഷ്ടിയും നിറഞ്ഞതാണ് ദശരഥൻ, ശ്രീരാമൻ എന്നിവരുടെ ജീവിതം. വരം നടപ്പാക്കാൻ ദശരഥനിൽ കൈകേയി സമ്മർദ്ദം ചെലുത്തുമ്പോൾ, ദണ്ഡകാരണ്യത്തിലെ സന്ന്യാസിമാർക്ക് രാമൻ സുരക്ഷ വാഗ്ദാനം ചെയ്യുമ്പോൾ ഒക്കെ ഇത് വിശദീകരിക്കപ്പെടുന്നു.
സന്തതി പരമ്പര വിച്ഛേദിക്കരുത് എന്ന ആജ്ഞ പ്രധാനമാണ്. വ്യക്തിക്ക് അമരത്വം നേടാനുള്ള വഴിയാണ്, അത്. പരമ്പരയുടെ നൂലിന് പ്രജാതന്തു എന്ന് പറയും. അത് ഇടയ്ക്ക് മുറിക്കരുത്. ഒരാൾക്ക് പിറക്കുന്ന മകൻ സ്വത്വം തന്നെ. അതിനാൽ, മകനെ നിഷേധിക്കുമ്പോൾ ദശരഥന് ദുഃഖമുണ്ടാകുന്നു. രാമായണത്തിൽ പറയുന്നു (I viii,1):
“മഹിമയുണ്ടായിരുന്ന ആ മഹാത്മാവ്, ധർമ്മജ്ഞൻ, മക്കൾക്കായി ദാഹിച്ചിരുന്നു. ഇപ്പോൾ വംശം തുടരാൻ മകൻ ഇല്ലാതായി.”
അപ്പോൾ ദശരഥൻ ഓർത്തത് മനുഷ്യനെ സൃഷ്ടിക്കുമ്പോൾ പ്രജാപതി പറഞ്ഞതാണ്: “ദൈവങ്ങൾക്ക് യജ്ഞം നടത്തുക. പരസ്പരം അഭിലഷിക്കുമ്പോൾ നന്മയുണ്ടാകും.”
അങ്ങനെ അശ്വമേധം നടക്കുന്നു. ഈ ധർമ്മനിഷ്ഠമായ ആശയത്തിൽ പുരുഷസന്തതികൾ ഉണ്ടാകുമെന്ന് വസിഷ്ഠനും മറ്റും ഉറപ്പിക്കുന്നു. നാല് പുരുഷ സന്താനങ്ങൾ വഴി ദശരഥൻ അമരത്വം നേടുന്നു. ദശരഥൻ രാമനായി ഒരവതാരമെടുത്ത പോലെ. രാമനെ പരിചരിക്കാൻ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ മൂന്ന് അവതാരങ്ങൾ വേറെയും എടുത്ത പോലെ. വനവാസത്തിൽ രാമനെ നോക്കുന്നത് ലക്ഷ്മണനാണ്. ഗോദാവരീ തീരത്ത് പഞ്ചവടിയിൽ രാമനും സീതയ്ക്കും ആശ്രമം പണിയുന്നു.
അപ്പോൾ രാമൻ പറയുന്നു: “നിന്നെ മകനായി കിട്ടിയതിനാൽ, എൻ്റെ അച്ഛനായ ധർമജ്ഞന് മരണമില്ല.” (III xv, 29).
ചിത്രകൂടത്തിൽ നിന്ന് രാമപാദുകവുമായി ഭരതൻ മടങ്ങുമ്പോൾ ഭരദ്വാജ മഹർഷി പറയുന്നു: “അച്ഛൻ ജീവിക്കുന്നു. നന്മ നിറഞ്ഞ മകനായി, ധർമ്മം മനുഷ്യരൂപത്തിൽ എൻ്റെ മുന്നിൽ നിൽക്കുന്നു. ധർമ്മം അറിയുന്ന നിന്നെപ്പോലൊരു മകനെ കിട്ടിയ അദ്ദേഹം ചിരഞ്ജീവിയാണ്. ഇരു പുത്രന്മാരുടെയും ബലം ധർമ്മമാകയാൽ അദ്ദേഹം അനുഗൃഹീതൻ.” (II cxii, 3)
സന്താനങ്ങൾ വഴി അമരത്വം നേടാം എന്നറിയുന്നതിനാൽ വേദം പഠിച്ചയുടൻ അവരുടെ വിവാഹത്തിന് ദശരഥൻ ഒരുങ്ങി. പൈതൃകം വഴി നേടുന്ന അമരത്വമാണ് വിവാഹം എന്ന സമ്പ്രദായത്തിന് പിന്നിൽ. പിതൃധർമം, സന്താനധർമ്മം ഒക്കെ വിവാഹമെന്ന സംവിധാനത്തിൽ കാണാം. തിരഞ്ഞെടുപ്പ്, അനുസരണ എന്നിവ.
ബാലകാണ്ഡത്തിനൊടുവിൽ, “അച്ഛൻ തിരഞ്ഞെടുത്തതിനാൽ രാമൻ സീതയെ സ്നേഹിച്ചു” എന്ന് പറയുന്നുണ്ട്. ജനകൻ സീതയെ രാമനെ ഏൽപിക്കുമ്പോൾ “രാമൻ ദശരഥൻ്റെ അനുമതിക്കായി കാത്തു” എന്ന് സീത അനസൂയയോട് പറയുന്നുണ്ട്. (II cx viii.51).
അച്ഛൻ, അമ്മ, ഗുരു എന്നിവരെ ദൈവമായി കരുതണം എന്ന വ്യവസ്ഥ രാമൻ പാലിക്കുന്നുണ്ട്. രാമൻ പറയുന്നു: “തനിക്ക് മുന്നിൽ ഇല്ലാത്ത ദൈവത്തെ ഒരാൾ ആദരിക്കുന്നത്, അച്ഛൻ, അമ്മ, ഗുരു എന്നിവരെ ആദരിച്ചുകൊണ്ടാണ്”(II xxx, 33). ഈ മൂന്നിൽ വലിയ ദൈവം അച്ഛനാണെന്നും രാമൻ വ്യക്തമാക്കുന്നു. “കാട്ടിലേക്ക് പോകേണ്ട, എന്നെ അനുസരിക്കൂ” എന്ന് കൗസല്യ രാമനോട് പറയുമ്പോഴാണ് ഇത്. അച്ഛൻ്റെ വാക്ക് ഞാൻ ധിക്കരിക്കില്ലെന്ന് ധർമ്മാത്മാവായ രാമൻ ധർമ്മനിറവോടെ പറഞ്ഞുവെന്നാണ് രാമായണത്തിൽ.
അവിടെ നിർത്താതെ രാമൻ ശകലം ക്ഷോഭിക്കുന്നു: “ഇതാണ് ചിരന്തന നിയമം -സനാതനധർമ്മം. നിങ്ങൾ, ഞാൻ, സീത, ലക്ഷ്മണൻ, സുമിത്ര ഒക്കെ അച്ഛൻ്റെ വാക്ക് പാലിക്കണം.”
അച്ഛൻ, അമ്മയുടെയും ദൈവമാണ്.
താനാണ് മൂന്നിലും വലുത് എന്ന് വസിഷ്ഠൻ അവകാശപ്പെടുന്നു. കാരണം മൂപ്പർ ദശരഥൻ്റെയും ആചാര്യനാണ് (II cxi, 2-3).
അച്ഛനും അമ്മയും ചെയ്യുന്നതിന് തിരിച്ചു കൊടുക്കേണ്ടത് അവർക്ക് തന്നെയെന്ന നിർദോഷമായ ഉത്തരമാണ് രാമൻ നൽകുന്നത്.
ധർമ്മം ചെയ്യുക
രാമായണത്തിലെ ഏറ്റവും വലിയ വ്യവസ്ഥയാണ് “ധർമ്മം ചെയ്യുക” എന്നത്. ധർമാത്മാക്കളും ധർമജ്ഞരും ധർമ്മരഥന്മാരും നിരക്കുന്ന സങ്കീർണ സാഹചര്യങ്ങളുടെ നികുംഭിലയാണ് രാമായണം. കവി തന്നെ ധർമാത്മാവ്. ധർമശക്തിയാൽ അദ്ദേഹം ഉള്ളം കൈയിൽ ഇതിഹാസം കാണുന്നു. ഇതിഹാസംആദ്യം കേട്ടവർ ധർമവത്സലർ. ദശരഥൻ ധർമ്മരഥനെന്ന് ആദ്യമേ പറയുന്നു. ഈ ധർമജ്ഞൻ്റെ നാല് മക്കളായി ജനിക്കണമെന്ന് ദേവന്മാർ വിഷ്ണുവിനോട് അപേക്ഷിക്കുന്നു ( I vi, 2, I xv. 19).
രാമനെ യുവരാജാവായി വാഴിക്കുമ്പോൾ പ്രജകൾ ദശരഥനെ ധർമാത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. കൈകേയിയുടെ സമ്മർദം വരുമ്പോൾ ധർമത്തിൽ നിന്ന് അദ്ദേഹം മാറുന്നില്ല. സുമന്ത്രരോട് അദ്ദേഹം പറയുന്നത് ധർമത്താൽ താൻ ബന്ധിതൻ എന്നാണ്. അഭിഷേകം മാറിപ്പോയത് പറയാൻ എത്തുന്ന രാമനോട് കൗസല്യ പറയുന്നത്, “ധർമാത്മാവായ അച്ഛനെ കാണൂ” എന്നാണ്.
ദശരഥൻ മരിച്ച വാർത്ത ഭരതനോട് കൈകേയി പറയുമ്പോൾ ഭരതൻ ചോദിക്കുന്നു: “ആ ധർമ്മവിദ്, ധർമനിത്യൻ അവസാനം പറഞ്ഞ വാക്ക് എന്ത്?” (II lxxii. 3-4).
കൗസല്യ ധർമനിരതയും ധർമജ്ഞയും ധർമദർശിനിയുമാണ്. രാമൻ ധർമത്തിൽ ഉറച്ചവനെന്ന് സുമിത്ര പറയുന്നു. ജ്യേഷ്ഠനെ പിന്തുടരുന്ന ധർമാത്മാവാണ് ഭരതനെന്ന് രാമനോട് ദശരഥൻ നിരീക്ഷിക്കുന്നു. രാമനെക്കാൾ ധർമത്തിൽ ഉറച്ചവൻ ഭരതനെന്നും ദശരഥൻ കൈകേയിയോട് പറയുന്നുണ്ട്. വനവാസത്തിന് പോകും മുൻപ് ഇത് തന്നെ രാമൻ കൗസല്യയെ ധരിപ്പിക്കുന്നു. രാമനെ വെല്ലുവിളിക്കുന്ന ബാലിയും ഭരത ധർമത്തെ ശ്ലാഘിക്കുന്നു. ലക്ഷ്മണൻ ധർമ്മവ്രതനെന്ന് ലക്ഷ്മണനോട് തന്നെ രാമൻ പറയുന്നു.
വിഭീഷണൻ രാക്ഷസനല്ല, ധർമാത്മാവാണെന്ന് ശൂർപ്പണഖ വ്യക്തമാക്കുന്നു. ചാരനായ ശുകൻ രാവണനോട് ഇത് തന്നെ പറയുന്നു. ധർമാത്മാവ് ആയതിനാൽ വിഭീഷണന് ഒറ്റയ്ക്ക് ലങ്ക സംഹരിക്കാൻ കഴിയും (VI xxviii, 17-19). വിഭീഷണനെ ഒറ്റുകാരനെന്ന് ഇന്ദ്രജിത് മുദ്ര കുത്തുമ്പോൾ, വിഭീഷണൻ പറയുന്നു: “എനിക്ക് ഹിംസയിൽ സന്തോഷമില്ല, അധർമ്മത്തിൽ ആഹ്ളാദമില്ല.” (VI lxxxvii, 22).
ധർമ്മാത്മാവായ സുഗ്രീവൻ ഋഷ്യമുഖാചലത്തിൽ വസിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത് തന്നെ. (മൂകാചലം അല്ല).
വനത്തിലേക്ക് ഊരിയ വാളുമായി പോകരുതെന്ന് സീത രാമനെ ഉപദേശിക്കുമ്പോൾ “അങ്ങ് സത്യ ധർമ്മങ്ങളിൽ ഉറച്ചവനെന്ന്” അവർ സ്ഥിരീകരിക്കുന്നുണ്ട്. ( III ix, 7). ഇന്ദ്രജിത്തിന് നേരെ ലക്ഷ്മണൻ വാൾ തൊടുക്കുന്നത് ഇങ്ങനെയാണ്: “രാമൻ ധർമാത്മാവും സത്യവാനുമാണെങ്കിൽ, ശരമേ നീ രാവണപുത്രനെ കൊല്ലുക.” (VI xci, 72)
സീതയെ സഹധർമ്മചാരിണിയെന്നാണ് വിശേഷിപ്പിക്കുന്നത്. അഗ്നിപ്രവേശത്തിൽ സീത ഗർജിക്കുന്നു: “ധർമ്മം മുഴുവനറിയുന്ന രാമനിൽ നിന്ന് വാക്ക് കൊണ്ടോ ചിന്ത കൊണ്ടോ പ്രവൃത്തി കൊണ്ടോ ഞാൻ വ്യതിചലിക്കാത്തതിനാൽ എന്നെ അഗ്നി സംരക്ഷിക്കട്ടെ.” (VI cxix, 24-26).
അപ്പോൾ രാമൻ സർവധർമജ്ഞനാണ്; നാരദൻ പറയുന്നത്, രാമൻ ധർമ്മ സംരക്ഷകൻ ആണെന്നാണ്.
“നീ സംരക്ഷിക്കുന്ന ധർമം നിന്നെ സംരക്ഷിക്കട്ടെ” എന്ന് കൗസല്യ, രാമനെ ആശീർവദിക്കുന്നു. രാമനിൽ നിന്നാണ് നീതി ജനിച്ചതെന്ന് പ്രജകൾ പറയുന്നു. അയോധ്യയിൽ കണ്ടുപോകരുതെന്ന കൈകേയിയുടെ തിട്ടൂരത്തിന് രാമൻ്റെ മറുപടി അവതാരത്തിന് ചേർന്നതാണ്: “പവിത്രധർമ്മം കയ്യാളുന്ന ഋഷിക്ക് സമനാണ് ഞാൻ.” (II xix, 20).
ധർമജ്ഞനായതിനാൽ തന്നെയും കാട്ടിലേക്ക് കൂട്ടണമെന്നാണ് സീതയുടെ ന്യായം. എന്നാൽ, താൻ പോകുന്നത് അച്ഛനോടുള്ള ധർമം പാലിക്കാനാണെന്ന് രാമൻ വിശദീകരിക്കുന്നു. “അധർമഭയത്താൽ ഞാനിന്ന് കിരീടം ചൂടിയില്ല” എന്ന് രാമൻ ലക്ഷ്മണനെ അറിയിക്കുന്നു. (II liii, 26).
ധർമാത്മാവാണ് രാമനെന്ന് ഹനുമാന് അറിയാം. അതിനാൽ സീതയെ തീ വിഴുങ്ങില്ല. രാവണനോട് സീത രാമൻ്റെ ധർമ്മജ്ഞാനത്തെപ്പറ്റി പറയുന്നത്, രാമൻ്റെ വിഖ്യാതമായ ഈ പ്രഖ്യാപനത്തിനും മുൻപാണ്: “ഒരാൾ ഒരിക്കലെങ്കിലും വന്ന് ‘ഞാൻ അങ്ങയുടേതാണ്’ എന്ന് പറഞ്ഞാൽ ഞാൻ അയാൾക്ക് സുരക്ഷ നൽകിയിരിക്കും.”
അപ്പോൾ, എന്താണ് ധർമ്മം?
ബദൽ വഴികൾ ഉള്ളപ്പോൾ, ഏത് തിരഞ്ഞെടുക്കണമെന്ന് അറിയാത്തപ്പോൾ, ഏറ്റവും ദുഷ്കരമായ പാത തിരഞ്ഞെടുക്കണം എന്നാണ് വിശ്വാസം. ഇത് രാമായണം നിരാകരിക്കുന്നു. ക്ലേശം ധർമ്മ മുദ്രയല്ല, ധർമ്മം ആവശ്യപ്പെടുമ്പോഴേ ക്ലേശം അനുഭവിക്കേണ്ടതുള്ളൂ.
ധർമ്മം അറിയാൻ അന്തരാത്മാവിനെ പിന്തുടരുക എന്നാണ് രാമായണം നൽകുന്ന ഉപദേശം. അതാണ് ബാലിയോട് രാമൻ പറയുന്നത് (IV xviii). രാമായണത്തിന് ശേഷം ജനിച്ച നമുക്ക് വ്യക്തമായ ഉത്തരമുണ്ട്. രാമൻ ധർമ്മാവതാരമാണ്. അദ്ദേഹത്തെ പിന്തുടരുക. രാമരാജ്യം ധർമ്മരാജ്യമാണ്. അന്തരാത്മാവിൽ രാമനാമം ഉറപ്പിക്കുക. അപ്പോൾ ധർമ്മം കാർമേന്ദ്രിയങ്ങളെ നയിക്കും. നാവിൻ തുമ്പിൽ ഉണ്ടാകും.
രാമനാണ് ഭാരതത്തിലെ നീതിയും വ്യവസ്ഥയും. അതുകൊണ്ടാണ് അയോധ്യയിലേത് ധർമധ്വജം ആകുന്നത്.
© Ramachandran



