Showing posts with label സിഫിലിസ്. Show all posts
Showing posts with label സിഫിലിസ്. Show all posts

Monday, 5 October 2020

ജോയ്‌സിന് സിഫിലിസ് ആയിരുന്നു

ഷേക്‌സ്പിയറിനും ഇത് തന്നെ !

ജെയിംസ് ജോയ്‌സ് അദ്ദേഹത്തിൻറെ വലിയ രചനകൾ നടത്തിയത് അന്ധത ബാധിച്ച ശേഷമാണ്,ആ അന്ധതയ്ക്ക് കാരണം സിഫിലിസ് ആയിരുന്നു എന്ന് വെളിപ്പെടുമ്പോൾ,ഒരു നടുക്കമുണ്ട്.

അദ്ദേഹം അന്ധനാകുന്നതിനെപ്പറ്റി 1931 ൽ എഴുതിയിരുന്നു."എൻറെ അപൂർണതകൾ കാരണം,ഞാൻ ഇത് അർഹിക്കുന്നു",അദ്ദേഹം എഴുതി.ഈ വാചകത്തിൽ തനിക്ക് സിഫിലിസ് ആണെന്ന് അദ്ദേഹം കുമ്പസാരിക്കുകയായിരുന്നുവെന്ന് ഹാർവാഡ് പണ്ഡിതൻ കെവിൻ ബര്മിങ്ഹാമാണ് കണ്ടെത്തിയത്.ചരിത്രവും സാഹിത്യവും വിഭാഗത്തിൽ അധ്യാപകനാണ് കെവിൻ,

ജോയ്‌സിന്റെ നോവൽ യുളീസസിൻറെ ചരിത്രം പറയുന്ന The Most Dangerous Book ലാണ് ഈ കണ്ടെത്തൽ.

സിഫിലിസ് കൂടുന്തോറും കാഴ്ച കുറഞ്ഞു വന്നു.വായിലും കഴുത്തിലും കുരുക്കൾ പൊട്ടി വ്രണമായെന്ന് സുഹൃത്തുക്കൾക്ക് എഴുതി.1907 ൽ വലതു കൈ തളർന്നു.ഇടക്കിടെ അബോധാവസ്ഥയിൽ ആയിരുന്നു.ഉറക്കമില്ലായ്മ ബാധിച്ചു.പലപ്പോഴും സമനില തെറ്റി.

ജോയ്‌സിന് സിഫിലിസ് ആയിരിക്കാമെന്ന് അദ്ദേഹത്തിൻറെ ജീവിത കാലത്ത് കേൾവിയുണ്ടായിരുന്നു.1975 ൽ വന്ന ജീവചരിത്രത്തിൽ ഇത് ജന്മനായുള്ളതാണെന്നും പകർന്നതല്ലെന്നും വ്യാഖ്യാനം വന്നു.1995 ൽ കാതലീൻ ഫെറിസ് എഴുതിയ James Joyce and the Burden of Disease വിവരം സ്ഥിരീകരിച്ചു.അതിൽ അവർ സ്വീകരിച്ചത് സാഹിത്യ നിരീക്ഷണങ്ങളാണ്,ജീവിത തെളിവുകൾ അല്ല എന്ന് കെവിൻ വാദിക്കുന്നു.ജോയ്‌സിന്റെ കഥാപാത്രത്തിന് സിഫിലിസ് ഉണ്ടെങ്കിൽ അദ്ദേഹത്തിനുമുണ്ട് എന്ന മട്ടിലായിരുന്നു അവരുടെ എഴുത്ത്.ജോയ്‌സിനെ നേരിട്ട് അറിഞ്ഞിരുന്ന ജെ ബി ലിയോൺസ് എന്ന ഡോക്ടർ അവരെ പരിഹസിച്ചു.അതോടെ ആ ചർച്ച നിന്നു.
റിച്ചാർഡ് എൽമാൻ എഴുതിയ ജോയ്‌സ് ജീവ ചരിത്രത്തിലെ രോഗലക്ഷണങ്ങളാണ് കെവിന് വഴി കാട്ടിയത്.നേത്രഭിത്തിയുടെ മധ്യ പ്രതലത്തിലെ കോശ കലകളെ ഏറെക്കാലം രോഗം ബാധിക്കുന്നതിന് കാരണമായി കുറച്ചു രോഗങ്ങളേയുള്ളൂ.Uveitis എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.അക്കാലത്ത് കൂടുതലും സിഫിലിസ് ആയിരുന്നു കാരണം.എന്നാൽ സിഫിലിസ് ആണെന്ന് എൽമാൻ കണ്ടെത്തിയില്ല.ഈ സംശയം ഉണ്ടായതിനാൽ,ജോയ്‌സിന്റെ കാഴ്‌ച കുറയുന്ന രോഗലക്ഷണങ്ങൾ വരുന്ന പരാമർശങ്ങൾ മുഴുവൻ വിവിധ ഇടങ്ങളിൽ നിന്ന് കെവിൻ ശേഖരിച്ചു.1928 ൽ ജോയ്‌സ് എഴുതിയ രണ്ടു കത്തുകളിൽ താൻ ആഴ്സനിക്,ഫോസ്‌ഫറസ്‌ കുത്തിവയ്പുകൾക്ക് വിധേയനാകുന്നു എന്ന് പറഞ്ഞത് നിർണായകമായി.അന്ന് രണ്ടും ചേർന്ന് ഡോക്ടർമാർ കുത്തി വച്ചിരുന്നത് Galyl മിശ്രിതം ആയിരുന്നു.അത് സിഫിലിസിന് മാത്രമുള്ള ചികിത്സ ആയിരുന്നു.

കുറച്ചു കൂടി ഫലപ്രദമായ salvarsan ജോയ്‌സ് സ്വീകരിക്കാതിരുന്നത് പാർശ്വ ഫലം ഭയന്നാകാം -അത് കാഴ്ചശക്തിയെ മുഴുവനായി ബാധിച്ചേനെ.നോവലുകൾ പറഞ്ഞു കൊടുക്കാൻ ജോയ്‌സ് ഇഷ്ടപ്പെട്ടില്ല.ഇന്ന് സിഫിലിസ് ചികിത്സ പെനിസിലിൻ വഴിയാണ്.

Galyl മാത്രമായിരുന്നു അന്ന് ആർസനിക്കും ഫോസ്‌ഫറസും ചേർന്ന മിശ്രിതം എന്നുറപ്പ് വരുത്താൻ കെവിൻ ഹാർവാഡ് മെഡിക്കൽ ലൈബ്രറി,ഹിസ്റ്ററി ഓഫ് മെഡിസിൻ ലൈബ്രറി എന്നിവിടങ്ങളിൽ പരതി.ലൂയിസ് ബോർഷ്‌ എന്ന ഡോക്ടറാണ് വർഷങ്ങളായി ജോയ്‌സിനെ ചികിൽസിച്ചിരുന്നത്.അത് കൊണ്ട് സിഫിലിസ് മാറിയില്ല.സിഫിലിസ് ആണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാകണം ആ കുത്തിവയ്പ് നിർദേശിച്ചത്.ഇതിന് പുറമെ,ജോയ്‌സിന് അഭിസാരികകളോടുള്ള അഭിനിവേശം കൂടി ചേർത്താൽ രോഗം പിടി കിട്ടും.

രോഗം ജോയ്‌സിന്റെ മനസ്സിനെ ഉലച്ചതിന് തെളിവ് അദ്ദേഹത്തിൻറെ രചനകൾ തന്നെ.Dubliners ൻറെ ഭാഗമായ The Sisters -ൽ ഒരു വൈദികൻ മരിക്കുന്നത്,"അയാളുടെ മനസ്സിനെ ബാധിച്ച അസുഖം " മൂലമാണ്."ഓരോ ദിവസവും ജാലകത്തിനടുത്തു ചെന്ന് paralysis എന്ന വാക്ക് ഞാൻ ഉരുവിട്ടു ",ആഖ്യാതാവായ ബാലൻ പറയുന്നു."പക്ഷെ ,ഇപ്പോൾ ആ വാക്ക് പാപ പങ്കിലമായ ഒരു രൂപത്തിന്റേത് പോലെ തോന്നി.അത് എന്നിൽ ബി ഭയം വിതച്ചു.എങ്കിലും അതിന് സമീപമിരുന്ന് അതിൻറെ മാരക ദൗത്യം കാണാൻ ആഗ്രഹിച്ചു."

യുളീസസിൽ ജോയ്‌സ് എഴുതി:"സിഫിലിസിനെയും ഒപ്പം മറ്റ് പ്രേതങ്ങളെയും നരകത്തിലേക്ക് ചവിട്ടി താഴ്ത്തുക ".

ഡബ്ലിൻ രാത്രികളും കുപ്രസിദ്ധ സ്ത്രീകളും യുവാക്കൾക്ക് മരണക്കെണിയാണെന്നും ജോയ്‌സ് അതിൽ എഴുതി.

അന്ധതയെ സംബന്ധിച്ച ഭയം അദ്ദേഹത്തിൻറെ എഴുത്തിൽ ഉടനീളമുണ്ട്.യുളീസസിൽ ലിയോപോൾഡ് ബ്ലൂം ഒരു അന്ധനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നുണ്ട്.ആഖ്യാതാവായ ഈ കുട്ടി പലവട്ടം ലക്ഷ്യമില്ലാതെ റോഡ് മുറിച്ചു കടക്കുന്നു.A Portrait of the Artist as a Young Man എന്ന നോവലിൽ കണ്ണുകൾ നീതിക്കു വേണ്ടിയുള്ള യുദ്ധ രംഗമായി വർണിക്കപ്പെടുന്നു.സ്റ്റീഫൻ ഡെഡാലസ് എന്ന കുട്ടിക്ക് പാപം ചെയ്താൽ കഴുകന്മാർ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന മുന്നറിയിപ്പ് കിട്ടുന്നുണ്ട്.

 സിഫിലിസ് ആയിരുന്നു ജോയ്‌സിന്റെ രോഗം എന്നറിയുന്നത് പ്രധാനമാണ്.അതറിയാതെ അദ്ദേഹത്തിൻറെ കത്തുകൾ വായിച്ചാൽ അറിയാത്ത ഒരു രോഗത്തെ പേടിച്ച അനാരോഗ്യവാനാണെന്ന് തോന്നും.കടുത്ത വേദന തിന്നുകയായിരുന്നു അദ്ദേഹം.സ്വകാര്യമായി അതനുഭവിച്ചു.സ്വകാര്യ രോഗവും പൊതു ജീവിതവും തമ്മിലുള്ള വിടവ് ആ എഴുത്തിനെ നിർണയിച്ചു.

ജോയ്‌സ് 

സാധാരണ എഴുത്തിൽ കാണുന്ന കുത്തും കോമയും വിരാമവും പോലുള്ള ചിഹ്നങ്ങൾ ജോയ്‌സിന്റെ എഴുത്തിൽ കാണാത്തത് അദ്‌ഭുതമല്ല,പുതിയ സർഗ്ഗ സംഭാവനയും അല്ല.

ഇരുപതുകളിൽ തുടങ്ങി,അറുപതാം വയസിൽ മരിക്കും വരെ സിഫിലിസ് ഒപ്പമുണ്ടായിരുന്നു.നന്നായി മദ്യപിച്ചു.ആകുലത വിട്ടു മാറിയില്ല.അന്ധനായതിനാൽ മകൾക്ക് ലൂസിയ എന്ന് പേരിട്ടു.അന്ധരുടെ മധ്യസ്ഥയാണ് വിശുദ്ധ ലൂസിയ.മന്ത്രവാദികളെപ്പോലും രോഗം മാറാൻ കണ്ടു.തലയിൽ അട്ടകളെക്കൊണ്ട് കടിപ്പിച്ചു.പല്ലുകൾ പറിച്ചു.തിമിരം മാറ്റാൻ കണ്ണിൽ ശസ്ത്രക്രിയ നടത്തി.

ഷേക്സ്പിയറുടെ ഹൃദയാഘാതവും ജോർജ് ഓർവെലിൻറെ ചുമയും സിഫിലിസിൻറെ ഫലമായിരുന്നു.ഷേക്സ്പിയറിൻറെ രചനകളിൽ സിഫിലിസ് ലക്ഷണങ്ങൾ ഡോ ജോൺ ജെ റോസ് കണ്ടെത്തി.ഷേക്സ്പിയറിൻറെ അവസാന വർഷങ്ങളിൽ കൈയക്ഷരം മോശമായി -ചെറുപ്പം മുതൽ സിഫിലിസ് ആയിരുന്നു.ഡോ റോസിൻറെ Shakespeare's Tremor and Orwell's Cough പത്ത് എഴുത്തുകാരുടെ രോഗലക്ഷണങ്ങൾ വച്ച് രോഗം കണ്ടെത്തുന്ന പുസ്തകമാണ്.

സിഫിലിസ് ബാധിച്ച എഴുത്തുകാരിൽ ഇവരും പെടും:ദസ്തയേവ്സ്കി,ടോൾസ്റ്റോയ്,അൽഫോൻസ് ഡോഡെറ്റ്,തോമസ് ചാറ്റർട്ടൻ,കീറ്റ്സ്,ജെയിംസ് ബോസ്വെൽ,ബോദ്‌ലെയര്,ഹെൻറിക് ഹെയ്ൻ,ഓസ്കർ വൈൽഡ്,മോപ്പസാങ് .റൊമാനിയൻ കവി മിഹായ് എമ്മിനെസ്‌കൂ സിഫിലിസ് വന്ന് 39 വയസിൽ മരിച്ചു.തത്വ ചിന്തകരിൽ നീഷേ,ആർതർ ഷോപ്പനോവർ എന്നിവർക്ക് ഈ രോഗമായിരുന്നു.ഷോപ്പനോവർക്ക് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വന്നു.പിൽക്കാലത്ത് സ്ത്രീകളെ വെറുത്തു.

കാസനോവയ്ക്ക് സിഫിലിസ് മാത്രമല്ല.,ഗൊണോറിയ നാല് തവണ വന്നു;ലിംഗത്തിൽ ഹെർപിസും വന്നു.

ചിത്രകാരന്മാരിൽ എഡ്‌വേഡ്‌ മാനേ,പോൾ ഗോഗിൻ,വാൻ ഗോഗ്,ഗോയ എന്നിവർ സിഫിലിസ് രോഗികൾ ആയിരുന്നു.സംഗീതജ്ഞരിൽ ബീഥോവൻ,റോബർട് ഷൂമാൻ,ഫ്രാൻസ് ഷൂബെർട് എന്നിവർ രോഗം പേറി.ചക്രവർത്തിമാരിൽ ഇവാൻ ദി ടെറിബിൾ എന്നറിയപ്പെട്ട സാർ ഇവാൻ 4 വസിലെവിച്ചിക്ക് ഭാര്യയുടെ മരണ ശേഷം സിഫിലിസ് വന്നു.ഫ്രാൻസിലെ ഹെൻറി മൂന്നാമൻ,ചാൾസ് അഞ്ചാമൻ,ഇംഗ്ലണ്ടിലെ ജോർജ് നാലാമൻ,റഷ്യയിലെ പോൾ ഒന്നാമൻ,റോമിലെ മാക്സിമില്യൻ ഒന്നാമൻ എന്നിവരും രോഗികളായി.

ലെനിന് സിഫിലിസ് ആയിരുന്നു.ഹിറ്റ്ലറും ഗുണ്ടാ നേതാവ് അൽ കാപോണും മരിച്ചത് ഈ രോഗം കാരണം.

മലയാളത്തിൽ ഡോ കെ രാജശേഖരൻ നായർ രോഗവും സർഗാത്മകതയും എന്ന പുസ്തകം എഴുതി ഡോ റോസിൻറെ വഴിക്ക് സഞ്ചരിച്ചിട്ടുണ്ട്.സ്വാതി തിരുനാളിനും സി ജെ തോമസിനും Temporal Lobe Epilepsy ആയിരുന്നു എന്ന് അദ്ദേഹം കണ്ടെത്തി;ദസ്തയേവ്‌സ്‌കിക്കും ഇതായിരുന്നു.

അന്ധരായ എഴുത്തുകാരുടെ കൂട്ടത്തിൽ ഹോമർ,ഗലീലിയോ,മിൽട്ടൺ,ബോർഹസ്,ജെയിംസ് തർബർ,ഹെലൻ കെല്ലർ,വിൻധം ലൂയിസ്,ഒലിവർ സാക്‌സ്, സ്യു ടൗൺസെൻഡ്‌ ,ആലീസ് വാക്കർ,അലീൻ ആർമിറ്റേജ് എന്നിവരുമുണ്ട്.



© Ramachandran 






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...