കേരളം ഒന്നാകെ ഇത് സ്വാഗതം ചെയ്യും;ചെയ്യണം.കോട്ടയത്ത് മരിച്ച ക്രൈസ്തവൻ സി എസ് ഐ സഭക്കാരനായിരുന്നു.ആ സഭയ്ക്ക് ഇഷ്ടം പോലെ സ്ഥലം കേണൽ മൺറോ തിരുവിതാംകൂർ റസിഡന്റും ദിവാനും ആയിരുന്നപ്പോൾ പതിച്ചു കൊടുത്തിട്ടുണ്ട്. എന്നിട്ടും ആ സഭയിൽ പെട്ട ഒരാൾ കോവിഡ് വന്നു മരിച്ചപ്പോൾ സഭ ഒരിഞ്ചു സ്ഥലം നൽകിയില്ല. പിന്നോക്കക്കാർ താമസിക്കുന്നിടത്തെ ശ്മശാനം പാതിരയ്ക്കു ശേഷം ഉപയോഗിക്കേണ്ടി വന്നു. കഷ്ടമായിപ്പോയി.ഈ പശ്ചാത്തലത്തിൽ,സഭകൾ ഒന്നാകെ,ജഡം ദഹിപ്പിക്കുന്ന ഹൈന്ദവ രീതിയിലേക്ക് മാറുന്നതാണ് നല്ലത്. കോവിഡിൽ തുടങ്ങി പിന്നീട് പൊതു ശീലത്തിലേക്ക് മാറാം.
ജെയിംസ് റാഫേൽ ആനാപറമ്പിൽ കഴിഞ്ഞ ഒക്ടോബർ 12 ന് മാത്രമാണ് മെത്രാൻ ആയത്.റോമിലെ ഉർബാനിയ സർവകലാശാലയിൽ നിന്ന് ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ്’നേടിയ അദ്ദേഹം ആലുവ സെൻറ് ജോസഫ് സെമിനാരി അധ്യാപകൻ ആയിരുന്നു;കർമ്മലഗിരിയിൽ റെക്ടറും.വിവരം ഉണ്ടെന്നു സാരം. മറ്റ് പല മെത്രാന്മാർക്കുമില്ലാത്ത വിവേകവുമുണ്ട്.
കേരളത്തിൽ ക്രിസ്ത്യാനികളുടെ ജഡം ദഹിപ്പിക്കുന്നത് ആദ്യമായല്ല.
ജോസഫ് പുലിക്കുന്നേലിൻറെ ഭൗതിക ശരീരം 2017 ൽ അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം വീട്ടുവളപ്പിൽ ദഹിപ്പിക്കുകയുണ്ടായി. അതിന് ഏതാനും വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിൻറെ ഭാര്യയെയും സ്വന്തം സ്ഥലത്തു ദഹിപ്പിക്കുകയാണ് ചെയ്തത്. സാമുവേൽ കൂടൽ അദ്ദേഹത്തിൻറെ മൂത്തമകനെകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ഭാര്യയെയും അവരുടെ വീട്ടുവളപ്പിൽ ശവദാഹം നടത്തിക്കൊള്ളാമെന്ന് ക്ഷണിക്കപ്പെട്ട അനേകരുടെ മുൻപിൽ പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് യു ട്യൂബിൽ കണ്ടു , ഈ രണ്ട് ക്രിസ്തീയ മഹൽ വ്യക്തികളും മരണാനന്തര ശുശ്രൂഷ എങ്ങനെ ആയിരിക്കണമെന്നുള്ളതിന് വലിയ മാതൃക ലോകർക്ക് കാട്ടിക്കൊടുത്തു.
2007-ൽ ഇടമറ്റംകാരനും CGH-Earth,കാസിനോ ഗ്രൂപ് ഉടമയുമായിരുന്ന ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ മേജർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽനിന്ന് അദ്ദേഹത്തിൻറെ ഭൗതികശരീരം ദഹിപ്പിക്കാനുള്ള അനുവാദം വാങ്ങി; മരിച്ചപ്പോൾ ശവദാഹം നടത്തി.
കത്തോലിക്കാ സഭയിലെ പരമാധികാരം അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് വീണ്ടും അനുവാദം വാങ്ങിക്കേണ്ടതില്ല . സീറോ-മലബാർ സഭയിലെ എല്ലാ കാര്യങ്ങളും അങ്ങനെയൊക്കെ തന്നെ. പെസഹാവ്യാഴാഴ്ച സ്ത്രീകളുടെ പാദങ്ങൾ കഴുകണ്ടെന്ന് സീറോ-മലബാർ സഭാധികാരം തീരുമാനിച്ചത്,ആൺ കോയ്മയുടെ ഭാഗമാണ് .
ജോസഫ് പുലിക്കുന്നേൽ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ 15 നിബന്ധനകൾ ആയി എഴുതി വച്ചു.”എൻറെ മൃത ദേഹം കുടുംബം വകയായ എൻറെ ഭൂമിയിൽ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക; അനുശോചന യോഗം പാടില്ല”അദ്ദേഹം എഴുതി. സാധാരണ ധരിക്കുന്ന ഖദർ വസ്ത്രങ്ങൾ മതി,തലയ്ക്കൽ കുരിശു വേണ്ട,റീത്ത് വേണ്ട,ഒരാചാരവും പാടില്ല,മുഖത്തു ചുംബിക്കേണ്ട,ശവക്കുഴിയിൽ കുന്തിരിക്കം വിതറരുത്,കാരണം,മനുഷ്യൻ മണ്ണാണ് എന്നിങ്ങനെ പോയി നിബന്ധനകൾ.
ഏറ്റവും കുറഞ്ഞ ചെലവിൽ ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit) പൊതുപ്രദർശനമോ (funeral visitation or wake) പുരോഹിത സാന്നിധ്യമോ പ്രാർത്ഥനകളോ ഒന്നുമില്ലാതെ കഴിവതും വേഗം (സാധിക്കുമെങ്കിൽ 24 മണിക്കൂറിനുള്ളിൽ) തൻറെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്ന് ചാക്കോ കളരിക്കൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു.മറ്റുള്ളവർക്ക് പ്രചോദനം ആകാൻ വേണ്ടിയാണ് അത് ചെയ്തത്.
മൃതശരീരത്തെ ചിതയിലോ ക്രെമറ്റോറിയത്തിലോ ദഹിപ്പിക്കുന്ന രീതിയെ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കണ്ടതാണ്. അത് ഭാരതീയ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന പാരമ്പര്യമാണ്. ഹിന്ദുക്കൾ , ബുദ്ധമതക്കാർ, സിക്കുകാർ, ജൈനമതക്കാർ എല്ലാം ശവദാഹമാണ് അവരുടെ സമുദായങ്ങളിൽ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്നത് .പല പ്രാചീന സംസ്ക്കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം നില നിന്നിരുന്നു. ഇരുപതിനായിരം വർഷങ്ങൾക്കുമുൻപ് ഓ സ്ട്രേലിയയിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ, യൂറോപ്യൻ, സിന്ധു തട സംസ്കാരങ്ങളിലെല്ലാം മൃതശരീരം ദഹിപ്പിക്കൽ ഉണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടോടുകൂടി ശവം മണ്ണിൽ സംസ്ക്കരിക്കുന്നതിലേയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ തിരിഞ്ഞത് ക്രിസ്ത്യൻ സ്വാധീനംകൊണ്ടുമാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാർ ശവദാഹം നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികൾ ശവദാഹം ചെയ്യാൻ പാടില്ലെന്ന് 789-ൽ വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവർത്തി ചാർലിമെയ്ൻ കല്‍പന പുറപ്പെടുവിച്ചു; നിയമവിരുദ്ധമായി പെരുമാറുന്നവർക്ക് വധശിക്ഷയും പ്രഖ്യാപിച്ചു.
മരണശേഷം പുന:രുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവത്തിന് മുൻപാകെ പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് ജഡം മണ്ണിൽ സംസ്ക്കരിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. ശാസ്ത്രീയ അറിവിൻറെ പോരായ്മമൂലമാവാം, ദൈവത്തിനും ക്രിസ്ത്യാനികൾക്കും വിരുദ്ധമായ വൃത്തികെട്ട ഒരു പ്ര വൃത്തിയായി ശവദാഹത്തെ സഭ കണ്ടു . നിത്യ രക്ഷയുടെ അതീന്ദ്രിയമായ അഥവാ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം; സൃഷ്ടിയായ ആത്മാവ് സ്രഷ്ടാവിൽ (ബ്രഹ്മനിൽ) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ തിരിച്ചറിവിൻറെയും മൃതശരീരം ദഹിപ്പിക്കുന്നതിലെ ശാസ്ത്രീയ ഗുണത്തിൻറെയും അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്ക സഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കൽ അനുവദിച്ച്. കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ശവദാഹത്തെ മുടക്കിയിരുന്നെങ്കിലും 1963-ൽ മാർപാപ്പ ആ മുടക്കിനെ നീക്കി . 1966-ൽ കത്തോലിക്കാ പുരോഹിതർക്ക് ശവദാഹ ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കാനും മാർപാപ്പ അനുവാദം നൽകി.
ശാസ്ത്രീയമായും സാമൂഹ്യമായും മതപരമായും മൃതശരീരം അഗ്നിക്കിരയാക്കുന്നതാണ് മണ്ണിൽ സംസ്ക്കരിക്കുന്നതിലും അഭികാമ്യമാകുന്നു . മണ്ണിൽ സംസ്ക്കരിച്ചാൽ മൃതശരീരം ജീർണിക്കുമ്പോൾ അതിൽനിന്ന് ഒഴുകിവരുന്ന ദ്രാവകം കുടിവെള്ളത്തിൽ കലർന്ന് അശുദ്ധമാകാൻ ഇടയുണ്ട്. ശവ സംസ്കാരത്തിന് സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിധിയുള്ളതിനാൽ മൃതശരീരം ദഹിപ്പിക്കുന്നതാണ് പ്രായോഗികം. ജനസംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ശവസംസ്കാരത്തിൻറെ ഫലമായി രോഗങ്ങൾ ഉണ്ടാകാം. മൃഗങ്ങളും പക്ഷികളും മറ്റും ഭക്ഷിച്ചെന്നിരിക്കാം. ഇതെല്ലാം ഒഴിവാക്കാൻ മൃതശരീരം ദഹിപ്പിക്കൽ സഹായകമാണ്.
ജെയിംസ് ആനാപറമ്പിൽ |
ഭാരത സംസ്ക്കാരം മൃതശരീരത്തെ ദഹിപ്പിക്കലാണെന്നിരുന്നിട്ടും ആഗോള കത്തോലിക്ക സഭ മൃതശരീരം ദഹിപ്പിക്കാൻ അനുകൂലനിലപാടാണെന്നിരുന്നിട്ടും എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്ക സഭാധികാരം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല? അല്മായർക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി) പള്ളിപറമ്പിലെ ശവ സംസ്ക്കാരം വഴി ഇടവകാംഗങ്ങളെ കല്ലറ വില്പന വഴി സാമ്പത്തികമായി ചൂഷണം ചെയ്യാനും കഴിയും . ദഹിപ്പിച്ചാലും സംസ്ക്കരിച്ചാലും മരണാനന്തര കർമ്മങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പള്ളിയിൽ നടത്താവുന്നതാണ്. ശവം ദഹിപ്പിക്കലും സംസ്ക്കരിക്കലും ഓരോ വ്യക്തിയുടെയും ആഗ്രഹത്തിന് വിട്ടുകൊടുക്കേണ്ടതാണ്.വിശ്വാസികളുടെ അറിവില്ലായ്മയെയും അന്ധവിശ്വാസത്തെയും പുരോഹിതർ ചൂഷണം ചെയ്യുന്നു.
അവനവൻ ചെയ്യുന്ന നന്മയാണ് സ്വർഗം സൃഷ്ടിക്കുന്നത്.സ്വർഗ്ഗവും നരകവുമിവിടെ തന്നെ.അവനവൻ ചെയ്യുന്ന തിന്മയാണ് നരകം. ഇതറിഞ്ഞാൽ എല്ലാം എളുപ്പമാണ്,മനുഷ്യാ,നീ മണ്ണാകുന്നു എന്ന് ബൈബിളിൽ തന്നെ പറഞ്ഞിരിക്കുന്നു.ശരീരം പഞ്ചഭൂതമാണ്. മണ്ണിലേക്ക് മടങ്ങാൻ ദഹനമാണ് നന്ന്.മരിച്ചു കഴിഞ്ഞുള്ള അജീർണതയാണ് ശരീരം അടക്കമുള്ള സംസ്കാരം.ശരീരം വെറും ജീർണ വസ്ത്രമാണ് എന്ന് ഭഗവദ് ഗീത പറയുന്നു.ജീവൻ മാത്രമാണ് സത്യം.
© Ramachandran