Tuesday 12 November 2019

ടിപ്പുവിൻറെ വരവും പോക്കും

ഇസ്ലാം ഇവിടെ വേരുറപ്പിക്കുന്നു  

ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും ആധിനിവേശം മലബാറിൽ മാത്രം ആയിരുന്നു എന്നാണ് പൊതു ധാരണ.അത് ശരിയല്ല.കൊച്ചി കീഴ്പ്പെടുത്തിയ ശേഷമാണ് ഹൈദർ മലബാർ ശ്രദ്ധിച്ചത്.എല്ലാ വിദേശ ശക്തികൾക്കും വഴങ്ങിയ പോലെ കൊച്ചി മൈസൂരിന്റെ മേൽക്കോയ്മ 1766 ൽ അംഗീകരിച്ചു.നാല് ലക്ഷം രൂപയും പത്ത് ആനയുമായിരുന്നു, കൊച്ചിയുടെ പ്രതിവർഷ കപ്പം.1790 വരെ കൊച്ചി ഹൈദറുടെയും ടിപ്പുവിന്റെയും വെറും സാമന്ത രാജ്യമായിരുന്നു.തിരുവിതാംകൂർ അവരുടെ ശത്രു  രാജ്യവും.തിരുവിതാംകൂറിന് നിശ്ചയിച്ച കപ്പം 15 ലക്ഷവും 30 ആനയും.ഹൈദർ മലബാർ വിടുകയും കോലത്തിരിയെ മടക്കി കൊണ്ട് വരികയും ചെയ്താൽ കപ്പം കൊടുക്കാമെന്ന് പറഞ്ഞ് ധർമ്മരാജ ഉഴപ്പി.സാമൂതിരി കൊടുത്ത കപ്പം 12 ലക്ഷം രൂപ.

അക്കാലം കൊച്ചി വരെ  ഇസ്ലാം അധിനിവേശത്തിൽ ആയിരുന്നു.
കോഴിക്കോടിനടുത്ത ഫറൂക്കാബാദ് ആയിരുന്നു,നമ്മുടെ തലസ്ഥാനം-.ഇന്നത്തെ ഫറോക്ക്.

ഹൈദറുടെ വരവ് തടയാൻ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് 1757 -1962 ൽ ധർമരാജയുടെ മുൻകൈയിൽ കൊച്ചിക്ക് വടക്ക് നെടുംകോട്ട പണിതു.കൊടുങ്ങല്ലൂരിന് മുകളിൽ പശ്ചിമ തീരത്ത് കൃഷ്ണൻ കോട്ട മുതൽ പശ്ചിമ ഘട്ടത്തിൽ ആനമല വരെ,20 അടി 48 കിലോമീറ്റർ നീളമാണ് കോട്ടയ്ക്ക്.12 അടി ഉയരം.അന്നത്തെ ചാലക്കുടി താലൂക്കിൽ പശ്ചിമ തീരത്ത് പെരിയാറിനോട് ചേർന്ന് ചാലക്കുടി വരെ.പിന്നെ ചാലക്കുടി പുഴയോട് ചേർന്ന് കിഴക്ക്ആനമല വരെ.ഇതിന് വടക്ക് സാമൂതിരിയുടെ മേഖല.ഇതിൻറെ ഭൂഗർഭ അറകളിൽ വെടിക്കോപ്പ് സൂക്ഷിച്ചു.ഭടന്മാർക്ക് പ്രത്യേക മുറികൾ.കാവൽപ്പുരകൾ,പീരങ്കികൾ.കോട്ടയ്ക്ക് വടക്ക് 20 അടി വീതീയും 16 അടി താഴ്ചയുമുള്ള കിടങ്ങുകൾ കുഴിച്ചു.അതിനുള്ളിൽ മുൾ ചെടികൾ,വിഷപ്പാമ്പുകൾ.തെക്കും കോട്ടയ്ക്ക് മേലും സൈനിക നീക്കത്തിന് പാതകൾ ഉണ്ടാക്കി.കോട്ടയ്ക്ക് കളിമണ്ണും ചെളിയും ഉപയോഗിച്ചു.
ഹൈദരാലി 
ദിവാൻ അയ്യപ്പൻ മാർത്താണ്ഡൻ പിള്ളയും ഡച്ച് ക്യാപ്റ്റൻ യൂസ്റ്റേഷ്യസ് ഡിലനോയിയും കോട്ട പണിക്ക് മേൽനോട്ടം വഹിച്ചു.1741 ഓഗസ്റ്റ് 12 ന് കുളച്ചൽ യുദ്ധത്തിൽ ഡച്ച് സേനയെ തിരുവിതാംകൂർ തോൽപിച്ച ശേഷം,മാർത്താണ്ഡ വർമ്മ ഡിലനോയിയെ തിരുവിതാംകൂർ സൈന്യാധിപൻ ആക്കിയിരുന്നു.ചൈനയിലെ വൻമതിൽ ആയിരുന്നു മാതൃക.നെടുംകോട്ടയുടെ സംരക്ഷണത്തിലാണ് ആലുവയിൽ ടിപ്പു സുൽത്താന്റെ സേനയെ രാജാ കേശവദാസൻറെ നേതൃത്വത്തിലുള്ള ചെറിയ തിരുവിതാംകൂർ സേന നേരിട്ടത്.ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങളില്ല.കൃഷ്ണൻ കോട്ട,കോട്ടമുക്ക്,കോട്ടമുറി,കോട്ടപ്പറമ്പ്,കോട്ടവഴി,പാളയം തുടങ്ങിയ സ്ഥലനാമങ്ങളാണ്,അവശിഷ്ടങ്ങൾ.ചാലക്കുടിക്കടുത്ത് മുരിങ്ങുർ കോട്ടമുറിയിൽ ദേശീയ പാത 47 നെടുങ്കോട്ടയെ പിളർന്നു.

കൊച്ചിയെ ഹൈദർ ആക്രമിച്ച് 24 വർഷത്തിന് ശേഷം ടിപ്പു കൊച്ചിയും തിരുവിതാംകൂറും പിടിക്കാനെത്തി.1789 ഡിസംബർ 31 ന് ടിപ്പു നെടുങ്കോട്ട ആക്രമിച്ച് സൈനിക നിരയെ ഭേദിച്ചു.വൈക്കം പത്മനാഭ പിള്ളയുടെ 20 അംഗ തിരുവിതാംകൂർ സേന അവിടെയുണ്ടായിരുന്നു.പിൻവാങ്ങിയ ടിപ്പു വീണ്ടും കൂടുതൽ സേനയുമായി എത്തി നെടുംകോട്ടക്കിപ്പുറം എത്തി.കുനൂരിലോ കോട്ടമുറിയിലോ നെടുങ്കോട്ടയുടെ മതിൽ തകർത്തു.കിടങ്ങുകൾ നികത്തി മുന്നേറി.ക്ഷേത്രങ്ങൾ നശിപ്പിച്ചു.ആലുവ പെരിയാർ കരയിൽ എത്തി താവളമടിച്ചു.'പ്രപഞ്ചത്തിൻറെ അവ്യവസ്ഥയോർത്ത് പെരിഞ്ചക്കോടൻ ഒരന്തക ചാട്ടം ചാടി " എന്ന് സി വി രാമൻ പിള്ള വിവരിച്ച അവസ്ഥയിൽ,പത്മനാഭ പിള്ളയും കാളികുട്ടി  പിള്ളയും നീന്തി പുലർച്ചെ പെരിയാറിന്റെ കരഭിത്തി തകർത്തു..പെരിയാറിൽ വെള്ളം ഉയർന്നു.ഘോര പേമാരി പെയ്തു.കാലം തെറ്റി വന്ന തുലാവർഷം ആകാം.മാർക്സിസ്റ്റ് അല്ലാത്തവർക്ക് പ്രപഞ്ച] നീതിയുടെ കുത്തൊഴുക്കായി കാണാം.ടിപ്പുവിന്റെ വെടിമരുന്ന് കുതിർന്ന് ഉപായോഗമില്ലാതായി.അയാൾ മടങ്ങി .ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ ആക്രമിക്കാൻ പദ്ധതിയിടുന്ന വിവരവും പിന്മാറ്റത്തിന് കാരണമായി.

മലബാറിലെ മൈസൂർ പടയോട്ടം 1766 -1792 ൽ ആയിരുന്നു.ഇന്ത്യ സമുദ്ര തുറമുഖങ്ങൾ കൈവശപ്പെടുത്തുക ലക്ഷ്യമായിരുന്നു.ഇതിൻറെ ഫലം,മലബാറിലെ ചെറു രാജ്യങ്ങൾ ബ്രിട്ടൻറെ വരുതിയിലാവുക എന്നതായിരുന്നു.ത്രിരുവിതാംകൂർ പേടിച്ച് ബ്രിട്ടൻറെ സംരക്ഷിത രാജ്യവുമായി.
നെടുംകോട്ട കവാട അവശിഷ്ടം 
വിജയനഗര സാമ്രാജ്യവും മുഗൾ വംശവും തകർന്നപ്പോഴാണ്,വൊഡയാർ കുടുംബം മൈസൂരിൽ ഉയർന്നത്.1761 ൽ ഭരണം അവരുടെ സേനയിലെ ഹൈദരാലിയുടെ കയ്യിലായി.ബേദനൂർ ( ഇക്കേരി,കെലാടി),സുന്ദ,സേറ ,കാനറ ഒക്കെ കീഴടക്കി.1766 ൽ ചിറയ്ക്കൽ ( കോലത്തുനാട് ),കോട്ടയം,കടത്തനാട്,കോഴിക്കോട്,വള്ളുവനാട്,പാലക്കാട് എന്നിവ കീഴടക്കി.തിരുവിതാംകൂറിനെ ടിപ്പു ആക്രമിക്കാൻ നടത്തിയ അവസാന ശ്രമം മൂന്നാം ആംഗ്ലോ -മൈസൂർ യുദ്ധത്തിൽ കലാശിച്ചു.1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി വഴി ടിപ്പുവിൻറെ രാജ്യത്തിൻറെ പകുതി ബ്രിട്ടന് കിട്ടി.3 .3 കോടി രൂപ നഷ്ടപരിഹാരം  കൊടുക്കേണ്ടി വന്നു.1801 ൽ വെല്ലസ്ലി മലബാറും കാനറയും ചേർത്ത് മദ്രാസ് പ്രസിഡൻസിയുണ്ടാക്കി.പേടിച്ചരണ്ട തിരുവിതാംകൂറിനോട് മൂന്നാം ആംഗ്ലോ -മൈസൂർ യുദ്ധത്തിൻറെ ചെലവ് വഹിക്കാൻ കമ്പനി ആവശ്യപ്പെട്ടു.തിരുവിതാംകൂറിനെ സംരക്ഷിക്കാൻ നടത്തിയ യുദ്ധം എന്ന് കമ്പനി അവകാശപ്പെട്ടു.1795 ഉടമ്പടി വഴി,അത് വരെ സഖ്യ രാജ്യമായിരുന്ന തിരുവിതാംകൂർ സംരക്ഷിത രാജ്യമായി.ബ്രിട്ടീഷ് സുരക്ഷാ സേനയെ ചുമക്കാൻ രാജാവ് നിർബന്ധിതനായി.അതിനുള്ള പണം കുടിശ്ശികയായി.കമ്പനിക്ക് കുരുമുളക് കുത്തക കിട്ടി.

ഇങ്ങനെയാണ് നാം ദരിദ്രവാസികൾ ആയത്.

ഹൈദർ 1766 ൽ മംഗലാപുരം വഴി മലബാറിൽ എത്തിയത്,12000 കാലാൾപ്പട,പീരങ്കികൾ അടങ്ങിയ 4000 പേരടങ്ങിയ കവചിത സേന എന്നിവയുമായാണ്.അറബിക്കടലിനോട് ഒരു തുറമുഖം അയാൾക്ക് അത്യാവശ്യമായിരുന്നു.ബ്രിട്ടനെതിരെ ഫ്രാൻസിൽ നിന്ന് വരുന്ന ആയുധങ്ങൾ ഇറക്കേണ്ടിയിരുന്നു.കോലത്തിരിയെ തോൽപിച്ചപ്പോൾ,മാഹി കിട്ടി.അത് ഫ്രഞ്ച് അധീനത്തിൽ ആയിരുന്നു.

കോലത്തിരിയുമായി ഇടഞ്ഞു നിന്ന അറയ്ക്കൽ അലി,കൊട്ടാരം തീവച്ചു.കോലത്തിരി രാജാവ് ബ്രിട്ടീഷ് തലശ്ശേരിക്കോട്ടയിൽ അഭയം തേടി.കോലത്തു നാടിന് ശേഷം,നാടൻ മുസ്ലിം സഹായത്തോടെ ഹൈദർ കോട്ടയം കീഴടക്കി.കടത്തനാട് പ്രതിരോധമുണ്ടായപ്പോൾ അതിനെ അക്രമം വഴി നേരിട്ടു.കോഴിക്കോട് രക്തരൂഷിത യുദ്ധത്തിൽ പിടിച്ച അയാൾ അവിടന്ന് കൊള്ളയടിച്ച വൻ തുകയുമായി,കോയമ്പത്തൂർക്ക് പോയി.അറയ്ക്കൽ അലിയെപുതിയ മലബാർ പ്രവിശ്യയുടെ പട്ടാള ഗവർണറാക്കി.മുത്തണ്ണയായി,ഗവർണർ.
ഡിലനോയ് മാർത്താണ്ഡവർമ്മയ്ക്ക് കീഴടങ്ങുന്നു 
ഹൈദറുടെ സൈനിക മേധാവി റാസ അലി കോയമ്പത്തൂർക്ക് മടങ്ങിയപ്പോൾ,കാട്ടിൽ ഒളിച്ചിരുന്ന ഹിന്ദു കലാപകാരികൾ മഴക്കാലത്ത് പുറത്തെത്തി പഴയ കോട്ടകൾ പിടിച്ചു.ചില പ്രദേശങ്ങളും കൈയടക്കി.1766 ജൂണിൽ ഹൈദർ മടങ്ങിയെത്തി പട്ടാളത്തെ കലാപകാരികൾക്കെതിരെ അഴിച്ചു വിട്ടു.നായർ പോരാളികൾ നിരവധി മരിച്ചു വീണു.15000 നായന്മാരെ കാനറയ്ക്ക് നാട് കടത്തി.അതിൽ 200 പേരെ ശേഷിച്ചുള്ളൂ എന്ന് ഗസറ്റിയർ പറയുന്നു.താനൂരിലെ പുതിയങ്ങാടിയിൽ ( വെട്ടത്തുനാട് ) നിർണായക പോരാട്ടത്തിൽ ഹിന്ദുക്കൾ തോറ്റു.നൂറുകണക്കിന് ഹിന്ദു കലാപകാരികൾ വീണ്ടും കാട്ടിൽ ഒളിച്ചു.

പിടിയിലായ പോരാളികളെ കൊന്നു.നിരവധിപ്പേരെ മൈസൂർ മലകളിലേക്ക് നാട് കടത്തി.ഇനി കലാപം ഉണ്ടാകാതിരിക്കാൻ നായർ വിരുദ്ധ നിയമങ്ങൾ ഹൈദർ ഇറക്കി.നായർ മാടമ്പികൾക്ക് അധിക നികുതി ചുമത്തി.
തെക്കൻ മലബാറിൽ നിന്ന് ഇളയ ഏറാൾപ്പാട് മൈസൂർ സേനക്കെതിരെ പോരാട്ടം തുടർന്നു.നിരന്തര കലാപങ്ങളിൽ വശംകെട്ട ഹൈദർ പല സ്ഥലങ്ങളും ഹിന്ദു ഭരണാധികാരികൾക്ക് വിട്ടു കൊടുത്തു.അവ സാമന്ത രാജ്യങ്ങളായി.കോലത്തുനാടും പാലക്കാടും തന്ത്ര പ്രധാനമാകയാൽ,ഹൈദർ നേരിട്ട് ഭരിച്ചു.
മൈസൂരിന് കീഴിൽ കൊച്ചി,മലബാർ 
തിരുവിതാംകൂർ 1767 ൽ കീഴടക്കാനുള്ള മൈസൂർ ശ്രമം വിജയിച്ചില്ല.വടക്കൻ മലബാറിൽ ഇതേ വർഷം 4000 പേരടങ്ങിയ മൈസൂർ സേനക്കെതിരെ കലാപകരികൾ ഉണർന്നു.2000 വരുന്ന കോട്ടയം നായർ പട മൈസൂർ സേനയെ തുരത്തി.വെടിക്കോപ്പുകൾ കൊള്ള ചെയ്തു.മൈസൂർ സേനാ നീക്കത്തെ തടഞ്ഞു;താവളങ്ങൾ ആക്രമിച്ചു.അടുത്ത കൊല്ലം ക്യാപ്റ്റൻ തോമസ് ഹെൻറിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സേന ബത്തേരി കോട്ട ( ആവറക്കോട്ട ) പിടിച്ചു.അറയ്ക്കലേക്കുള്ള ആയുധ നീക്കം തടയുകയായിരുന്നു ലക്ഷ്യം.തുടർന്നുള്ള പോരാട്ടത്തിൽ ബ്രിട്ടീഷ് സേന തോറ്റു.1768 ൽ ഹിന്ദു കലാപങ്ങൾ അമർച്ച ചെയ്ത്,പാലക്കാട് കോട്ട പണിത്,മൈസൂർ സേന താൽക്കാലികമായി പിൻവാങ്ങി.കോലത്തു നാട് ഭരണം അറയ്ക്കലിന് കിട്ടി.അലിരാജയും ബ്രിട്ടീഷ് സേനയും പോരാട്ടം തുടർന്നു.1770 ൽ കമ്പനി രണ്ടുതറ തിരിച്ചു പിടിച്ചു.ഹിന്ദു ഭരണാധികാരികൾ കപ്പം കുടിശ്ശിക വരുത്തിയതിനാൽ,1773 ൽ താമരശ്ശേരി വഴി സയ്യദ് സാഹബിന്റെ നേതൃത്വത്തിൽ മൈസൂർ സേനയെത്തി;മലബാർ വീണ്ടും മൈസൂർ നുകത്തിൻ കീഴിൽ വന്നു.

കമ്പനി 1779 ൽ മാഹി പിടിച്ചതാണ് മലബാറിലെ മുസ്ലിം അധിനിവേശത്തിൽ വഴിത്തിരിവായത്.1780 ജൂലൈ രണ്ടിന് ഹൈദർ ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചു.1784 വരെ നീണ്ട രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധം തുടങ്ങി.1782 ഫെബ്രുവരിയോടെ ധർമ്മടം,കോഴിക്കോട്,പാലക്കാട് കോട്ടകൾ മേജർ അബിങ്‌ടൺ കീഴിലെ ബ്രിട്ടീഷ് സേനയ്ക് കീഴിലായി.വേനലിൽ മുംബൈയിൽ നിന്ന് കൂടുതൽ സേന തലശ്ശേരിയിലെത്തി.ഹൈദർ ടിപ്പുവിനെ മലബാറിലേക്ക് അയച്ചു.ആ സേന പൊന്നാനിയിൽ താവളം അടിച്ചു.
ടിപ്പു ആലുവയ്ക്കടുത്ത് നെടുംകോട്ടയിൽ 
നിരന്തര തോൽവികളിൽ വലഞ്ഞ ഹൈദർ,തെക്കു നിന്നുള്ള മൈസൂർ വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ മക്ദൂo അലിയുടെ സേനയെ മലബാറിലേക്ക് അയച്ചു.കോഴിക്കോട്ട് മേജർ അബിങ്ങ്ടണും കേണൽ തോമസ് ഫ്രഡറിക് ഹംബർസ്‌റ്റോണും,അലിയുടെ മുന്നേറ്റത്തെ തടയാൻ നിർദേശം കിട്ടി.തിരുരങ്ങാടി പോരാട്ടത്തിൽ അലിയും 400 ഭടന്മാരും കൊല്ലപ്പെട്ടു.മൈസൂർ സേനയെ ഹംബർസ്‌റ്റോൺ പൊന്നാനിക്ക് ഓടിച്ചു.പാലക്കാട് കോട്ട പിടിക്കേണ്ടിയിരുന്നു.പൊന്നാനിയിലെ മഴയിൽ ഹംബർസ്‌റ്റോൺ കോഴിക്കോട്ടേക്ക് പിൻവാങ്ങി.അവിടന്ന് തൃത്താലയിൽ എത്തി,മൈസൂർ -അറയ്ക്കൽ മിന്നൽ ആക്രമണം ഭയന്ന് പൊന്നാനിയിലേക്ക് മടങ്ങി.മേജർ മക്ലിയോഡ്ബ്രിട്ടീഷ്  മലബാർ സേനാധിപനായി പൊന്നാനിയിലെത്തി.ബ്രിട്ടീഷ് സേനയെ അവിടെ ആക്രമിച്ച ടിപ്പു,200 ഭടന്മാർ കൊല്ലപ്പെട്ട് പിന്മാറി.എഡ്‌വേഡ്‌ ഹ്യൂഗ്സിന്റെ നാവിക സേന അവിടെയെത്തി.മേജർ മാത്യൂസിൻറെ സേന മുംബൈയിൽ നിന്ന് പൊന്നാനിയിലെത്തി.

നിർണായക പോരാട്ടത്തിൻറെ ഈ വേദിയിലാണ് ടിപ്പു,ഹൈദർ മരിച്ച വിവരം അറിഞ്ഞത്.സിംഹാസനമേറാൻ അയാൾ മടങ്ങി.

ബ്രിട്ടൻ 1783 ൽ മംഗലാപുരം പിടിച്ചു.കേണൽ ഫുള്ളർട്ടനും സ്റ്റുവർട്ടും ചേർന്ന് 1783 നവംബർ 14 ന് പാലക്കാട് കോട്ട കീഴടക്കി.ലണ്ടനിൽ നിന്ന് നിർദേശം കിട്ടി ടിപ്പുവുമായി ബ്രിട്ടീഷ് സേന സന്ധി സംസാരിച്ചു.ഒരു സാമൂതിരി രാജകുമാരൻ ഈ നേരം പാലക്കാട്ടെത്തി കോട്ട വീണ്ടെടുത്തു.ടിപ്പുവിൻറെ സേനയെത്തി കോട്ടയും തെക്കൻ മലബാറും കാൽകീഴിലാക്കി.ഡിസംബറിൽ മക്ലിയോഡ്,ഫ്രഞ്ച് സഹായത്തോടെ കണ്ണൂർ,അറയ്ക്കലിൽ നിന്ന് വീണ്ടെടുത്തു.1784 മാർച്ച് 11 ൻ ബ്രിട്ടൻ ടിപ്പുവുമായി മംഗലാപുരം സന്ധി ഒപ്പിട്ടു.വടക്കൻ മലബാർ ബ്രിട്ടീഷ്,നായർ അധീനതയിൽ വന്നു.തെക്കൻ മലബാർ ടിപ്പുവിന് കിട്ടി.ഈ മേഖലയിലാണ് മാപ്പിള ലഹളകൾ അരങ്ങേറിയത്.

നിരവധി മുസ്ലിം വിരുദ്ധ കലാപങ്ങൾ,ഹിന്ദുക്കൾക്കെതിരെ ചുമത്തിയ പുത്തൻ നികുതികൾ കാരണം നടന്നു.ഭൂനികുതി പ്രശ്നങ്ങൾ തീർക്കാൻ ടിപ്പു,അർഷദ് ബേഗ് ഖാനെ മലബാർ ഗവർണറാക്കി.ഖാൻതാമസിയാതെ  പണി മടുത്ത് വിട വാങ്ങി ടിപ്പു തന്നെ സ്ഥലം നേരിട്ട് കാണണം എന്നപേക്ഷിച്ചു.1788 ൽ ടിപ്പു മലബാറിൽ എത്തി റെസിഡൻറ് ഗ്രിബിളിനെ കണ്ട് ബേപ്പൂരിനടുത്ത് പുതിയ നഗരം പണിയുന്ന കാര്യം ചർച്ച ചെയ്തു.
പാലക്കാട് കോട്ട 
കുറുങ്ങോത്ത് നായരെ കൊന്ന് 1787 ൽ ടിപ്പു ഇരുവഴിനാട് സ്വന്തമാക്കി.അതോടെ ഫ്രഞ്ചുകാർ ടിപ്പുവുമായി സഖ്യത്തിലായി.അറയ്ക്കൽ ബീവി ബ്രിട്ടനുമായി കൈകോർത്തു;കോലത്തിരി മൈസൂർ പാളയത്തിലെത്തി.കോലത്തിരി ബ്രിട്ടനിൽ നിന്ന് ധർമ്മടം,രണ്ടത്തറ എന്നിവ വീണ്ടെടുത്തു.1788 ൽ സാമൂതിരി കുടുംബത്തിലെ രവിവർമ്മ നായർ സേനയ്‌ക്കൊപ്പം കോഴിക്കോട്ടെത്തി ഭരണമേറ്റതായി പ്രഖ്യാപിച്ചു.ടിപ്പുവിൻറെ സേനാധിപൻ എം ലാലിയും മിർ അസർ അലി ഖാനും അവരെ തുരത്തി.ഈ ചെറിയ സംഘർഷത്തിനിടയിൽ,രവിവർമ്മ 30000 ബ്രാഹ്മണരെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്യാൻ സഹായിച്ചു.1789 ൽ ടിപ്പു 60000 പേരടങ്ങിയ സേനയുമായി കോഴിക്കോട്ടേക്ക് മുന്നേറി കോട്ട തകർത്തു.നഗരം നശിപ്പിച്ചു.കോഴിക്കോട് വീണു.

കോയമ്പത്തൂരിൽ ടിപ്പു തടവിലാക്കിയിരുന്ന പരപ്പനാട് രാജാവ്,നിലമ്പുർ അധികാരി ത്രിച്ചേര തിരുമുല്പാട് തുടങ്ങി അനവധി ഹിന്ദു വരേണ്യരെ 1788 ഓഗസ്റ്റിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മാറ്റി.ചിറയ്ക്കൽ,പരപ്പനാട്,കോഴിക്കോട് രാജവംശങ്ങളിലെ സകല സ്ത്രീകളും നിരവധി പുരുഷന്മാരും തിരുവിതാംകൂറിൽ അഭയം തേടി.പുന്നത്തൂർ,നിലമ്പൂർ,കവളപ്പാറ,ആഴ്വാഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ സവർണ കുടുംബങ്ങളും പലായനം ചെയ്തു.ടിപ്പു വീണ ശേഷവും പലരും മടങ്ങിയില്ല.ഭീതി നിറഞ്ഞു നിന്നു.

തിരുവിതാംകൂറിനെ ടിപ്പു ആക്രമിക്കാൻ
മുതിർന്നത്,അവിടത്തെ തുറമുഖങ്ങൾ തന്ത്ര പ്രധാനം എന്ന് തോന്നിയിട്ടാണ്.1767 ൽ ഹൈദറിന് ആ സ്വപ്നം സഫലമാക്കാനായില്ല.രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധം കഴിഞ്ഞപ്പോൾ ടിപ്പു അതിന് പുറപ്പെട്ടു.1788 ൽ പരോക്ഷമായി രാജ്യം കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങൾ പൊളിഞ്ഞു.മദ്രാസ് ഗവർണർ ആർച്ചിബാൾഡ് കാംപ്ബെൽ,തിരുവിതാംകൂറിനെതിരായ ആക്രമണം ,ബ്രിട്ടനെതിരായ യുദ്ധപ്രഖ്യാപനം ആയിരിക്കുമെന്ന് ടിപ്പുവിനെ ഭീഷണിപ്പെടുത്തി.ആക്രമണത്തിന് അറയ്ക്കൽ രാജ ടിപ്പുവിനെ ക്ഷണിച്ചു.ടിപ്പു കൊച്ചിയുടെ സഹായം തേടി.കൊച്ചി വഴങ്ങിയില്ല.
ആക്രമണം പ്രതിരോധിക്കാൻ തിരുവിതാംകൂർ ഡച്ചുകാരിൽ നിന്ന് കൊടുങ്ങല്ലൂർ,പള്ളിപ്പുറം കോട്ടകൾ വാങ്ങി.മൈസൂർ അവകാശം ഉന്നയിച്ച കൊച്ചി പ്രദേശങ്ങളിലേക്ക് നെടുംകോട്ട നീട്ടി തിരുവിതാംകൂർ ടിപ്പുവിൻറെ രോഷം സമ്പാദിച്ചു.കർണാട്ടിക് നവാബ് വഴി കമ്പനിയെ തിരുവിതാംകൂർ ബന്ധപ്പെട്ടു.നെടുംകോട്ട ടിപ്പു ആക്രമിച്ചാൽ സഹായം പ്രതീക്ഷിച്ചു.
ബത്തേരി ജൈന ക്ഷേത്രം:ടിപ്പുവിൻറെ പീരങ്കികൾ ഇവിടെ 
ഹാലിളകിയ ടിപ്പുവിൻറെ പടയോട്ടം ഭയന്ന് കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും ഹിന്ദു പലായനം 1789 ലായിരുന്നു.ആ വർഷം ഒടുവിൽ കോയമ്പത്തൂരിൽ ടിപ്പു തിരുവിതാംകൂർ യുദ്ധ സന്നാഹം തുടങ്ങി.ഡിസംബർ 28 നും 29 നും ടിപ്പുവിൻറെ സേന വടക്കു നിന്ന് നെടുംകോട്ട ആക്രമിച്ചു.ഇതാണ് ,നെടുംകോട്ട യുദ്ധം അഥവാ മമൈസൂർ -തിരുവിതാംകൂർ യുദ്ധം.ടിപ്പുവിൻറെ 14000 ഭടന്മാർ നാടൻ മുസ്ലിം പോരാളികൾക്കൊപ്പം കോട്ടയിലേക്ക് മാർച്ച് ചെയ്തു.29 ന് കോട്ടയുടെ വലതുകര ടിപ്പുവിൻറെ കയ്യിലായി.16 അടി വീതിയും 20 അടി താഴ്ചയുമുള്ള ഒരു കിടങ്ങ് മാത്രമേ ഇരു സൈന്യങ്ങളെയും വേർതിരിച്ചിരുന്നുള്ളു.കിടങ്ങ് മൂടാൻ സേനയോട് ടിപ്പു നിർദേശിച്ചു.തിരുവിതാംകൂർ സേനയുടെ പീരങ്കി വർഷത്തിൽ കിടങ്ങ് എളുപ്പം മൂടാനായില്ല.ഇടുങ്ങിയ ഒരു ഇടവഴിയിലൂടെ സേന മുന്നോട്ട് പോകാൻ ടിപ്പു ഉത്തരവിട്ടു.ഇത് വിഡ്ഢിത്തമായിരുന്നു.വൈക്കം പത്മനാഭ പിള്ളയുടെ നേതൃത്വത്തിൽ,നന്ത്യാട്ട് കളരിയിൽ നിന്നുള്ള രണ്ടു ഡസൻ നായർ പടയാളികൾ സ്ഥലത്തുണ്ടായിരുന്നു.

ടിപ്പു രണ്ടു തവണ കിടങ്ങിൽ വീണു.മരണം വരെ അയാൾ മുടന്തി. 

പെരിയാറിന്റെ കരഭിത്തി തുറന്ന വെള്ളപ്പൊക്കത്തിൽ ടിപ്പു ആശയറ്റു നിന്നു.ഘോര പേമാരിയുണ്ടായി.ബ്രിട്ടൻ സഖ്യകക്ഷിയായ തിരുവിതാംകൂറിന് വേണ്ടി ടിപ്പുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.തലസ്ഥാനമായ ശ്രീരംഗപട്ടണം പ്രതിരോധിക്കാൻ ടിപ്പു മടങ്ങി.

നെടുംകോട്ടയിലെ കിടങ്ങുകളിൽ നിന്ന് നായർ പടയാളികൾ ടിപ്പുവിൻറെ വാൾ,പല്ലക്ക്,കഠാര,മോതിരം തുടങ്ങി സ്വകാര്യ വസ്തുക്കൾ കണ്ടെടുത്തു.അവ ധർമ്മരാജയ്ക്ക് സമ്മാനിച്ചു.ചിലവ ആഗ്രഹം പ്രകടിപ്പിച്ച കർണാട്ടിക് നവാബിന് കൊടുത്തു.
വൈക്കം പത്മനാഭ പിള്ള 
1790 ഡിസംബറിൽ,കേണൽ ജെയിംസ് ഹാർലിയുടെ സേന കോഴിക്കോടും  ജനറൽ റോബർട്ട് അബർക്രോംബി കണ്ണൂരും പിടിച്ചതോടെ മുസ്ലിം യുഗത്തിന് തിരശീല വീണു.ഡിസംബർ ഏഴു മുതൽ 12 വരെ തിരൂരങ്ങാടിയിലാണ്,ടിപ്പുവിൻറെ നായകൻ ഹുസ്സൈൻ അലിയെ വീഴ്ത്തി കോഴിക്കോട് പിടിച്ചത്.തിരുരങ്ങാടി തുടർന്ന് മാപ്പിള ലഹളകളുടെ കേന്ദ്രമായി.ഡിസംബർ 14 ന് കണ്ണൂരിൽ അറയ്ക്കൽ രാജയുടെ ഭരണത്തിന് അന്ത്യമായി.അബർക്രോംബി (1740 -1827 ) മുംബൈ ഗവർണറും മുംബൈ പട്ടാള മേധാവിയും ഇന്ത്യയുടെ പട്ടാള മേധാവിയും ആയി -സ്‍കോട്ടിഷ്‌ ജനറലും ട്രിനിഡാഡ് ഗവർണറും ബ്രിട്ടീഷ് എം പി യും ആയിരുന്ന റാൽഫ് അബർക്രോംബിയുടെ ഇളയ സഹോദരൻ.ഫ്രഞ്ച് യുദ്ധത്തിലും പങ്കെടുത്തു.1790 മുതൽ ഏഴു വർഷമായിരുന്നു,ഇന്ത്യയിൽ.1793 ലാണ് ഇന്ത്യൻ പട്ടാള മേധാവി ആയത്.തിരിച്ചു പോയി സഹോദരന് പകരം എം പി ആയി.ഇന്ത്യയിൽ നിന്ന് കിട്ടിയ കണ്ണുദീനം വളർന്ന് കാഴ്ച നഷ്ടപ്പെട്ടു;1802 ൽ രാജി വച്ചു.

തോമസ് ഫ്രഡറിക് മക്കൻസി ഹംബർസ്‌റ്റോൺ ( 1753-1783 ) 1780 ലാണ് കേണൽ ആയി 100 ഫൂട്ട് റെജിമെന്റിൽ നിയോഗിക്കപ്പെട്ടത്.രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധ വീരനായി.1783 ൽ അദ്ദേഹം സഞ്ചരിച്ച കപ്പൽ മറാത്താ സേന ആക്രമിച്ചു പരുക്കേറ്റ അദ്ദേഹം ഏപ്രിൽ 30 ന് ഗേറിയ ( വിജയദുർഗ് ) തുറമുഖത്ത് മരിച്ചു.അവിവാഹിതനായിരുന്നു എങ്കിലും,മകൻ ഉണ്ടായിരുന്നു -തോമസ് ഹംബർസ്‌റ്റോൺ.
റോബർട്ട് അബർക്രോംബി 
ടിപ്പുവിനുള്ള ബ്രിട്ടീഷ് വിരോധം വഴി അയാളെ സ്വാതന്ത്ര്യ സമര സേനാനിയാക്കാൻ വിവരദോഷികളായ ചരിത്രകാരന്മാർ ശ്രമിക്കുന്നുണ്ട്.ആ ബ്രിട്ടീഷ് വിരോധം,ആഗോള ഇസ്ലാമിക -ക്രിസ്ത്യൻ സംഘർഷത്തിൻറെ ഭാഗം മാത്രമായിരുന്നു.ഹൈദറും മകനെ പാരിസിൽ പഠിക്കാൻ അയച്ച ടിപ്പുവും ഫ്രഞ്ച് സഖ്യം ആഗ്രഹിച്ചു.ബ്രിട്ടന് പകരം,ഇന്ത്യയിൽ ഫ്രഞ്ച് അധിനിവേശത്തിന് കാത്തു.മാഹി വഴി ഫ്രഞ്ച് ആയുധങ്ങൾ കൊണ്ട് വന്നു.
നെപ്പോളിയൻ 1782 ൽ മറാത്താ പേഷ്വ മധു റാവു നാരായണുമായി ഉടമ്പടിയിൽ ഒപ്പിട്ടു.ഇതുവഴി പോണ്ടിച്ചേരി ഫ്രഞ്ച് ഗവർണർ ചാൾസ് ജോസഫ് ബസ്സി സൈന്യത്തെ ഫ്രഞ്ച് കോളനിയായ മൗറീഷ്യസിൽ എത്തിച്ചു.അഡ്മിറൽ പിയറി സഫ്രാൻ,ലൂയി പതിനാറാമൻറെ ചിത്രം ഹൈദറിന് സമ്മാനിച്ച് സഖ്യം തേടി.

നെപ്പോളിയൻ ഈജിപ്ത് കീഴടക്കിയത്,ടിപ്പുവുമായി സഖ്യം ലാക്കാക്കി ആയിരുന്നു*.1798 ഫെബ്രുവരിയിൽ നെപ്പോളിയൻ,ബ്രിട്ടനെ ചെറുക്കാനുള്ള ശ്രമങ്ങളെ ശ്ലാഘിച്ച് ടിപ്പുവിന് കത്തെഴുതി.ഇത് മസ്കറ്റിൽ ബ്രിട്ടീഷ് ചാരൻ പിടിച്ചതിനാൽ,ടിപ്പു കണ്ടില്ല.നെപ്പോളിയൻ -ടിപ്പു സഖ്യ സാധ്യതയിൽ വിറളി പൂണ്ടാണ്,ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ വെല്ലസ്ലി ,ടിപ്പുവുമായി അവസാന പോരാട്ടത്തിന് തിടുക്കം കൂട്ടിയത്.1798 ഫെബ്രുവരി 13 ന് ഫ്രഞ്ച് രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനുമായ ചാൾസ് മോറിസ് ടെലിറാൻഡ്എഴുതിയ റിപ്പോർട്ടിൽ പറഞ്ഞു:"ഈജിപ്ത് കീഴടക്കി കോട്ട കെട്ടിയതിനാൽ,15000 പേരടങ്ങിയ സേനയെ നാം സൂയസിൽ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കും;ടിപ്പു സാഹിബിൻറെ സേനയ്‌ക്കൊപ്പം ചേർന്ന് ബ്രിട്ടനെ തുരത്തും."

തുർക്കി പ്രതിരോധിച്ച അക്രേ പിടിക്കുന്നതിലും അബുകിർ യുദ്ധത്തിലും തോറ്റ നെപ്പോളിയൻ ആ പദ്ധതി പൂട്ടിക്കെട്ടി.59 ഫ്രഞ്ച് സൈനികരും താനും അടങ്ങുന്ന ജെക്കോബിൻ ക്ലബ് മൈസൂരിൽ ടിപ്പു ഉണ്ടാക്കിയിരുന്നു.ഫ്രഞ്ച് രീതിയിൽ നിയമം ഉണ്ടാക്കി.സ്വാതന്ത്ര്യ മരം നട്ടു. ക്ലബിൽ സമത്വം നടപ്പാക്കി,സ്വയം 'പൗരൻ ടിപ്പു'എന്ന് വിശേഷിപ്പിച്ചു.
ടിപ്പു ദൂതർ ലൂയി 16 നടുത്ത് 
മലബാറിലെ ഹിന്ദു ജന്മി സമ്പ്രദായം ടിപ്പു കേന്ദ്രീകൃത ഭരണം വഴി അവസാനിപ്പിച്ചു.നായന്മാരുടെയും മറ്റ് സവര്ണരുടെയും അധികാരകുത്തക തീർന്ന് മുസ്ലിംകളിൽ ധനിക വർഗം ഉദയം ചെയ്തു.പലായനം ചെയ്ത നായർ മാടമ്പിമാരുടെ സ്വത്ത് പിടിച്ചെടുത്തു വിതരണം നടത്തി.കൃഷിക്കാരിൽ നിന്ന് നേരിട്ട് നികുതി പിരിക്കുന്ന ജമാബന്ദി സംവിധാനമുണ്ടായി.ഭൂമി സർവേ നടത്തി തരം തിരിച്ചു.വിസ്തൃതിയും വിളയും നോക്കി നികുതി നിശ്ചയിച്ചു.കുരുമുളക്,തേങ്ങ,പുകയില,ചന്ദനം,തേക്ക് തുടങ്ങിയവയ്ക്ക് കുത്തക ഏർപ്പെടുത്തി.യുദ്ധത്തിന് ഉണ്ടാക്കിയ റോഡുകൾ കച്ചവടത്തെ സഹായിച്ചു.

വൈക്കം പത്മനാഭ പിള്ള ( 1767 -1809 ) യെ ബ്രിട്ടനെതിരെ കലാപം നടത്തിയതിന് 1809 ൽ പിടികൂടി തൂക്കി കൊന്നു.

ടിപ്പു ആക്രമിച്ച 1789 ലാണ് പിള്ള പട്ടാളത്തിൽ ചേർന്നത്.നന്ത്യാട്ട് കളരിയിൽ നിന്നുള്ള 20 കരുതൽ സേനാംഗങ്ങളിൽ ഒരാൾ.1790 ഏപ്രിലിലെ രണ്ടാം പോരാട്ടത്തിലും പങ്കെടുത്തു.രാജാവിൻറെ പട്ടാള മേധാവിയായി.വേലുത്തമ്പി ദളവ കലാപം തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറെ പട്ടാള മേധാവി.ബോൾഗാട്ടി പാലസ്,കായലിലൂടെ ഓടി വള്ളങ്ങളിൽ വളഞ്ഞ് 1808 ഡിസംബറിൽ റസിഡൻറ് മെക്കാളെയെ ചെമ്പിൽ അരയൻ ആക്രമിച്ച പദ്ധതിയുടെ ആസൂത്രകൻ.പള്ളാത്തുരുത്തിയാറ്റിൽ 13 ബ്രിട്ടീഷ് ഭടന്മാരെ മുക്കിത്താഴ്ത്തി.വൈക്കം തിരുവേലി കുന്നിൽ പരസ്യമായി തൂക്കി കൊന്നു.

------------------------------------------------
Reference:
1.Malabar Manual/William Logan
2.Kerala District Gazetteers,Kozhikode,Kannur
3.Travancore State Manual / T K Velu Pillai,V Nagam Aiya
4.History of Tipu Sultan/ Mohibul Hassan
5.Tipu Sultan As Known in Kerala/ Ravi Varma
6.Kerala Under Haidar Ali and Tipu Sultan/ C K Kareem
7.Historical Sketches of the South of India in an Attempt to Trace the History of Mysore/
Mark Wilks
8.Selected Letters of Tipoo Sultan/William Kirkpatrick
9.Rise and Fulfillment of English Rule in India/Edward John Thompson
*Quoted in Iradj Amini (1 January 1999). Napoleon and Persia: Franco-Persian Relations Under the First Empire

See https://hamletram.blogspot.com/2019/11/blog-post_6.html











Sunday 10 November 2019

ആയാസ് ഖാൻ:ടിപ്പുവിനെ വിറപ്പിച്ച നായർ 

ഹിന്ദു വംശഹത്യയ്ക്ക് ടിപ്പു ഉത്തരവിട്ടു 

വെള്ളുവക്കമ്മാരൻ നമ്പ്യാർ ( 1713 -1799 ) ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത കഥയ്ക്ക് ഇന്ത്യയിൽ സമാനതകളില്ല.1970 കളിലെ ഗൾഫ് കുടിയേറ്റം വഴി കച്ചവട സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത മലയാളികളുണ്ട്‌.പതിനെട്ടാം നൂറ്റാണ്ടിൽ ഒരു പ്രവിശ്യ തന്നെ സ്വന്തമായി ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ ഖജനാവ്  അന്ന് 12 മില്യൺ പൗണ്ട് ( ഇന്നത്തെ 110 കോടി രൂപ ) മൂല്യമുള്ളതായിരുന്നു.അദ്ദേഹം ഹൈദരാലിയുടെ സൈന്യാധിപനും ഗവർണറും ആയിരുന്നു.ഇതെല്ലാം മതം മാറി നമ്പ്യാർ ആയാസ് ഖാൻ ആയ ശേഷമാണ് ഉണ്ടായത്.ഒടുവിൽ ബ്രിട്ടീഷുകാർ എല്ലാം കൈവശപ്പെടുത്തി,അനാഥനായി മരിച്ചു.മുംബൈ മസഗോണിൽ മരിക്കുമ്പോൾ 4000 രൂപ പെൻഷൻ ഉണ്ടായിരുന്നു.

ചാലിൽ വെള്ളുവ എന്ന മാടമ്പി കുടുംബത്തിൽ ആയിരുന്നു,ജനനം.പള്ളിയത്ത് കണ്ണനും കല്യാണിയും മാതാ പിതാക്കൾ.തൻറെ കുടിയാന്മാരോട് മാത്രം ദയ കാട്ടിയ ക്രൂരനായ അധികാരി രൈരു നമ്പ്യാരുടെ മകളായിരുന്നു കല്യാണി.കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ എടക്കാടിനടുത്ത് ഇന്ദേരി അഥവാ ഇന്ദ്രഗിരിയിൽ ആയിരുന്നു,വെള്ളുവ -ഇന്ദ്രഗിരിയിൽ കിഴക്കു നിന്ന് തെക്കുകിഴക്കായി കിടന്ന പ്രദേശത്തിനും അതേ പേരായിരുന്നു.കുടുംബത്തിന് രണ്ടു ശാഖകൾ:ചാലാട്,കല്യാട്ട്.കമ്മാരന് രണ്ടു സഹോദരിമാർ -ഒരാളെ ചാലാട്ടും മറ്റെയാളെ കല്യാട്ടും വിവാഹം ചെയ്ത് അയച്ചു.കല്യാട്ടിന് കുറ്റിക്കാട്ടൂരിൽ ഒരു ശാഖ പിന്നെയുണ്ടായി.രൈരു നമ്പ്യാർ ചാലാട് നിന്നായിരുന്നു.
ആയാസ് ഖാൻ 
എം ആർ കെ സി എന്ന സി ( ചെങ്കളത്ത് ) കുഞ്ഞിരാമ മേനോൻ 'വെള്ളുവക്കമ്മാരൻ' എന്ന നോവൽ എഴുതി. കമ്മു എന്ന് വിളിപ്പേരുള്ള കമ്മാരന് ദീർഘായുസ്സും നിരവധി ശത്രുക്കളും ജാതകത്തിൽ പ്രവചിച്ചു.വിദേശ വാസം,ഉന്നത പദവി,ധാരാളം സമ്പത്ത്,സുന്ദരിയായ ഭാര്യ.സന്താന ഭാഗ്യമില്ല.വാർധക്യത്തിൽ സന്യാസി.

അമരകോശം പഠിച്ച ശേഷം പത്തു വയസിൽകമ്മുവിനെ കളരിക്ക് അയച്ചു.കമ്മുവിന് 18 വയസുള്ളപ്പോൾ രൈരു നമ്പ്യാർക്ക് ഭ്രാന്തായി.കല്യാണിയുടെ മരണവും രണ്ടാം ഭാര്യയുടെ ആത്മഹത്യയും ആയിരുന്നു,കാരണം.നികുതി പിരിച്ചിരുന്ന കാര്യസ്ഥൻ പയ്യൻ കോമൻ നമ്പ്യാർക്ക് ആത്മഹത്യയിൽ പങ്കുള്ളതായി രൈരു സംശയിച്ചു.അവിഹിത ബന്ധമാകണം.ഇതിന് പകരം വീട്ടും വരെ ഇടതു കൈ കൊണ്ടേ ആഹാരം കഴിക്കൂ എന്ന് രൈരു പ്രതിജ്ഞ ചെയ്തു.

ഭാര്യയുടെ ആദ്യ ശ്രാദ്ധം കഴിഞ്ഞ് അടുത്ത നാൾ തൻറെ പിറന്നാൾ വിപുലമായി കൊണ്ടാടാൻ രൈരു തീരുമാനിച്ചു.നാട്ടിലെ ദിവ്യന്മാരെയൊക്കെ ക്ഷണിച്ചു.അടുത്ത ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമത്തിന് ശേഷം പ്രമാണിമാർ സദ്യയ്ക്ക് ഇരുന്നു.ഇലയിൽ വിഭവങ്ങൾ വിളമ്പി കഴിഞ്ഞപ്പോൾ,രൈരു നമ്പ്യാർ എഴുന്നേറ്റ്,കോമർ ഇരിക്കുന്നിടത്തേക്ക് ചെന്നു.അയാളെ എഴുന്നേൽപ്പിച്ച് വയറ്റിൽ ആഞ്ഞു കുത്തി.കോമറുടെ ചോരയിൽ രൈരു വലതു കൈ മുക്കി,തൻറെ ഇലയ്ക്ക് പിന്നിൽ ഇരുന്നു.ചോര കൊണ്ട് ചോറ് കുഴച്ച് ഒരുരുള ഉണ്ടു.എല്ലാവരും സ്തംഭിച്ചു.

കമ്മു തലശ്ശേരി അധികാരി മാവില ചന്തു നമ്പ്യാരെ വിവരം അറിയിച്ചു.കോലത്തിരിയുടെ റവന്യു ഉദ്യോഗസ്ഥനായ ചന്തുവെത്തി രൈരുവിനെ തടവിലാക്കി തലശ്ശേരി മാവിലാൻ കുന്നിലെ വീട്ടിലേക്ക് കൊണ്ടു പോയി.കോലത്തിരി,രൈരുവിൻറെ സ്വത്ത് കണ്ടു കെട്ടി.കോമർ കൊല്ലപ്പെട്ടത് ചാലാട് ആണെന്ന കിംവദന്തി തെറ്റാണെന്ന് ഈ വസ്തുതകൾ തെളിയിക്കുന്നു.അയാൾ കൊല്ലപ്പെട്ടത് ഇന്ദേരിയിൽ തന്നെ.

വർഷങ്ങൾ കഴിഞ്ഞ് ഗവർണർ ആയ ആയാസ് ഖാൻ തലശ്ശേരിയിൽ സ്വത്ത് വീണ്ടെടുക്കാൻ എത്തിയപ്പോൾ താമസിച്ചത്,മാവിലാൻ കുന്നിലാണ്;ചാലാട് പോയില്ല.1783 സെപ്റ്റംബറിൽ ( കൊല്ലവർഷം 959 കന്നി ) കോലത്തിരി അവിടെപ്പോയി ആയാസ് ഖാനെ കണ്ടു.

രൈരുവിനെ തടവുകാരനായി കൊണ്ട് പോയപ്പോൾ,കമ്മു അനുഗമിച്ചു.മാവിലാൻ കുന്നിലെ വീട്ടിൽ ചന്തുവിൻറെ മകൾ മാധവിയെ കമ്മു കണ്ടു.അവർ പ്രണയത്തിലായി.
ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ 
ചന്തുവിൻറെ അമ്മാവൻ കുങ്കൻ നമ്പ്യാരാണ് 1704 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് തലശ്ശേരി കോട്ട സ്ഥാപിക്കാനുള്ള അനുമതി നേടിക്കൊടുത്തത്.ഇളയ വടക്കുംകൂറിൽ ( കുഞ്ഞി അമ്പു / ഉദയ വർമ്മ ) സ്വാധീനം ചെലുത്തിയും കോലത്തിരി രാജാവിന് കോഴ കൊടുത്തുമാണ് ഇത് സാധിച്ചത്.പകരം,മാവിലാൻ കുന്ന് കോലത്തിരി,കുങ്കന് കൊടുത്തു.അത് തലശ്ശേരിക്ക് അടുത്തായിരുന്നു.വടക്ക് എടക്കാട് മുതൽ തെക്ക് മയ്യഴിപ്പുഴ വരെ.ഇടഞ്ഞു നിന്ന കുഞ്ഞിരാമ വർമ്മ രാജകുമാരൻ ഇരുവള്ളിനാട്ടിലെ നായർ പട നായകൻ കുറങ്ങോത്ത് നായർക്കൊപ്പം,ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണ്ടകശാല 1708 കാലത്ത് ആക്രമിച്ചിരുന്നു.ഇതിനെപ്പറ്റി കമ്പനി പരാതിപ്പെട്ടപ്പോഴാണ്,ഉദയ വർമ്മ തലശ്ശേരി ഫാക്റ്ററിക്ക് സ്ഥലം കൊടുത്തത്.

ധനിക കർഷകൻ തണ്ടാരപ്പിള്ളി അമ്പു കുറുപ്പിൻറെ ഏക അനന്തരവൾ മാതുവായിരുന്നു,ചന്തുവിൻറെ ഭാര്യ.കുരുമുളക് കച്ചവടത്തിൽ വിശ്വാസ വഞ്ചന ആരോപിച്ച് ചില മാപ്പിള കച്ചവടക്കാർ അമ്പുവിനെ കൊന്നു.മാതുവിനെ ചന്തു അവിടന്ന് രക്ഷിച്ചു കൊണ്ട് വന്നു.ചന്തുവിൻറെ ഉദാരനായ അമ്മാവൻ കല്യാട്ട് കേളു നമ്പ്യാരുടെ വീട്ടിൽ മാതു ജീവിച്ചു.

മാപ്പിളമാർ ഹിന്ദുക്കളെ കൊന്നത്,മാപ്പിള ലഹളക്കാലത്ത് മാത്രമല്ല.വർഗ സമരമല്ല,കച്ചവട ലഹള.

തടവിലായി താമസിയാതെ രൈരു മരിച്ചു.കോമറെ പക വീട്ടാൻ കൊന്നതാണെന്ന് മരണക്കിടക്കയിൽ അയാൾ കമ്മുവിനെ അറിയിച്ചു.ഭ്രാന്ത് അഭിനയം ആയിരുന്നു.ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നേരത്തെ കണ്ടെത്തിയ സൂത്രം.41 ദിവസത്തെ പുലയ്ക്ക് ശേഷം,കമ്മുവിനോട് പട്ടാളത്തിൽ ചേരാൻ കോലത്തിരി ഉത്തരവിട്ടു.നായന്മാർക്ക് പട്ടാളം അന്ന് നിർബന്ധമായിരുന്നു.കമ്മു പട്ടാളത്തിൽ ഉയർന്ന് സൈന്യാധിപൻ ആയി;പട്ടാളക്കാർക്ക് ആദ്യമായി യൂണിഫോം നടപ്പാക്കി.

കോലത്തിരി വാർധക്യത്തിൽ ദുർബലനും രാജ്ഞിയുടെയും മന്ത്രി സുബ്രഹ്മണ്യ അയ്യരുടെയും കൈയിലെ പാവയും ആയിരുന്നു.തെക്കേ ഇളംകൂർ കുഞ്ഞിരാമ വർമ്മ ,വടക്കേ ഇളംകൂർ ഉദയ വർമ്മ രാജകുമാരന്മാർക്കിടയിൽ,രണ്ടാമൻ ദുര മൂത്ത് രാജാവിനെ അട്ടിമറിക്കാൻ തക്കം പാർത്തു.മന്ത്രി അയാൾക്കൊപ്പം ചേർന്നു.കാസർകോട് നീലേശ്വരം ആസ്ഥാനമായ ഇയാൾ,500 പടയാളികളെ എരിപുരം പുഴയിലേക്ക് തോണികളിൽ അയച്ചു -ഇന്നത്തെ പഴയങ്ങാടി പുഴ.വളപട്ടണം കോട്ട പിടിക്കുകയായിരുന്നു,ലക്ഷ്യം.പോരാട്ടത്തിൽ കമ്മു അയാളെ തോൽപിച്ചു.

പ്രാണഭയത്താൽ,ഉദയ വർമ്മ,കർണാടകയിലെ ഇക്കേരി രാജാവുമായി ഉടമ്പടിക്ക് ശ്രമിച്ചു.ഷിമോഗയിലെ സാഗരയിൽ നിന്ന് ആറു കിലോമീറ്റർ ആയിരുന്നു,ഇക്കേരിക്ക്.1560 -1640 ൽ കേലാടി രാജ വംശ ആസ്ഥാനം.കേലാടി അഥവാ കാനറാ രാജാക്കന്മാർക്കിടയിൽ കീർത്തി കേട്ട ശിവപ്പ നായിക്ക് തലസ്ഥാനം അവിടന്ന് ബേദനൂർക്ക് മാറ്റി.ബേദനൂർ എന്നാൽ,മുളകളുടെ നഗരം.1755 ൽ ഇക്കേരി രാജാവ് ഹിരിയ ബാസപ്പ നായിക് മരിച്ചപ്പോൾ,മകൻ സുന്ദര നായിക്കിന് ഒൻപത് വയസ് മാത്രമായിരുന്നു.വീരമ്മ രാജ്ഞി മന്ത്രി ദൊഡ്ഡപ്പയുടെ സഹായത്തോടെ ഭരിച്ചു.അവർ അയാളുടെ ഭാര്യയായി.കുട്ടിയെ ഒരു പ്രമാണിയുടെ വീട്ടിൽ തടവിലാക്കി.കുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ച് ദൊഡ്ഡപ്പ ഫലത്തിൽ രാജാവായി.
മധുഗിരി കോട്ട 
പ്രായപൂർത്തി ആയപ്പോൾ സുന്ദര നായിക്ക് ഹൈദരാലിയുമായി ബന്ധപ്പെട്ടു.1763 ൽ ഹൈദരാലിയെത്തി ബേദനൂർ പിടിച്ചത്,കമ്മുവിൻ്റെ ജീവിതത്തിൽ വഴിത്തിരിവായി.വീരമ്മയെ പിടികൂടി ഹൈദരാലി മകനൊപ്പം മധുഗിരി കോട്ടയിൽ തടവിലാക്കി.

ബേദനൂർ രാജാവ് സോമശേഖര നായിക്ക് 1732 ജനുവരിയിൽ കോലത്തുനാട് ആക്രമിച്ചു.അന്ന് മുതൽ വിദേശ ശക്തികൾ മലബാറിൽ ഇടപെട്ടു തുടങ്ങി.കണ്ണൂരിലെ ഡച്ച് മേധാവി മാർച്ച് 15 ന് നായിക്ക് സംഘത്തിന് ഭക്ഷ്യ വിതരണം വിച്ഛേദിച്ചു.ബേദനൂർ സേനാധിപൻ ഗോപാലപ്പ,ഡച്ചുകാരുമായി നടത്തിയ ചർച്ച അലസി.കോലത്തിരി കുടുംബത്തിൽ പിളർപ്പുണ്ടാക്കി ഡച്ചുകാർക്കുള്ള പ്രത്യേക അവകാശങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചു.കോലത്തിരി കൂർഗ് രാജാവ് ദൊഡ്ഡവീരപ്പയോട് ഇടപെടാൻ അഭ്യർത്ഥിച്ചു.കോലത്തിരി 18 ലക്ഷം നഷ്ട പരിഹാരം കൊടുത്താൽ പിന്മാറാമെന്ന് സോമശേഖര സമ്മതിച്ചു.

കോലത്തിരി വാക്ക് പാലിക്കാത്തപ്പോൾ,ദൊഡ്ഡവീരപ്പ സ്വന്തം കൈയിൽ നിന്ന് ഒൻപത് ലക്ഷം കൊടുത്തു.ബാക്കിക്ക് സേനാധിപൻ ബോണി മുത്തണ്ണയുടെ നേതൃത്വത്തിൽ 5000 പേരടങ്ങിയ സേനയെ അയച്ചു.വടക്കേ ഇളംകൂർ ഉദയ വർമ്മ തിരിച്ചടിക്കുമെന്ന് അറയ്ക്കൽ അലി രാജ വിവരം നൽകിയപ്പോൾ സേന പിൻവാങ്ങി.ഇളംകുർ,എമ്മൻ,ചാത്തു എന്നീ ദൂതന്മാരെ ഇക്കേരിക്ക് അയച്ചു.രണ്ട് ഉപാധികളിന്മേൽ കോലത്തിരിയെ ആക്രമിക്കാമെന്ന് സോമശേഖര സമ്മതിച്ചു.മൂന്ന് ലക്ഷം വരാഹന് തുല്യമായ 130000 പഗോഡ യുദ്ധച്ചെലവായി നൽകണം.യുദ്ധം കഴിഞ്ഞ് നീലേശ്വരം മുതൽ ഇക്കേരി വരെയുള്ള സ്ഥലം ഇക്കേരിക്ക് നൽകണം.
പണം സമയത്ത് കൊടുത്തില്ലെങ്കിൽ കോലത്തിരി നാട്ടിലെ നികുതി പിരിവ് ഇക്കേരി ഏറ്റെടുക്കും.

ചാരന്മാർ വിവരം നൽകിയപ്പോൾ,കമ്മു സേനയുമായി ചെന്ന് വടക്കേ ഇളംകൂറിനെ വളപട്ടണം കോട്ടയിൽ തടവുകാരനാക്കി.കമ്മു സ്വന്തം നിലയ്ക്ക് ഇക്കേരി രാജാവിനോട് ഏറ്റുമുട്ടാൻ പോയി.വിവരമറിഞ്ഞ ഇക്കേരി രാജാവ്,മാടായി പുഴയിൽ നിന്ന് സൈനികരടങ്ങിയ 40 തോണികൾ പിൻവലിച്ചു.ഇക്കേരിക്ക് പോകാതെ നീലേശ്വരത്ത് തങ്ങാൻ കോലത്തിരി കമ്മുവിന് സന്ദേശം അയച്ചു.ഇന്നത്തെ ചിറയ്ക്കൽ താലൂക്ക് മാത്രമേ കോലത്തിരിക്ക് ഉണ്ടായിരുന്നുള്ളു.കണ്ണൂർ അറയ്ക്കൽ അലി രാജാവിൻറെ കൈയിലായിരുന്നു.തെക്കൻ മേഖല രണ്ടു തറ അച്ചന്മാരുടെ കൈവശമായിരുന്നു.

തെക്കിളംകൂർ കുഞ്ഞിരാമ വർമ്മ തലശ്ശേരി ഫാക്റ്ററി സേനാ മേധാവി റോബർട്ട് ആഡംസിനെ ( 1728 ൽ വിരമിച്ചു ) സമീപിച്ചു.അദ്ദേഹം തയ്യാറാക്കിയ ഉടമ്പടി,ഇക്കേരി രാജാവിന് കൈമാറാൻ കമ്മുവിന് എത്തിച്ചു.കോലത്തിരിയുടെ മന്ത്രി സുബ്രഹ്മണ്യ അയ്യർ നീക്കങ്ങൾ മണത്ത്,മോചിതനായ വടക്കിളംകുറിനെ കൂട്ടി ഇക്കേരിയിൽ എത്തി.
ചിറയ്ക്കൽ കൊട്ടാരം 
ആഡംസും ഇക്കേരി രാജാവും തനിക്ക് രേഖാമൂലം സുരക്ഷിതതവം ഉറപ്പ് നൽകിയാൽ മാത്രം ഇക്കേരിക്ക് പോകാമെന്ന് കമ്മു അറിയിച്ചു.അത് നടന്നു.വടക്കിളംകുറിന്റെ സാന്നിധ്യം,കമ്മുവിൽ സംശയം ജനിപ്പിച്ചു.താൻ  ചോദിക്കാതെ തന്നെ,അയ്യരുടെ കുതന്ത്രം വഴി  തനിക്ക് വടക്കിളംകൂർ മാപ്പ് നൽകിയതായിരുന്നു,കാരണം.കമ്മുവിനെ കൊല്ലാൻ ഇക്കേരി രാജാവും വടക്കിളംകൂറും അയ്യരും ചേർന്ന് പദ്ധതിയുണ്ടാക്കി.തോട്ടത്തിലുള്ള വസതിയുടെ മൂന്നാം നിലയിലെ പടിഞ്ഞാറേ മുറി കമ്മുവിന് നൽകി.താഴെ നിന്ന് ഒരു ലിവർ വലിച്ചാൽ,മുറിയുടെ മരം കൊണ്ടുള്ള നിലം പിളർന്ന് മാറുമായിരുന്നു.32 അടി താഴെ പാറക്കൂട്ടങ്ങളുടെ കുഴിമാടത്തിലേക്ക് അതിഥി അപ്പോൾ നിലം പതിക്കും.

അത് സംഭവിച്ചു.രണ്ട് ഭടന്മാർ കമ്മുവിന്റെ ശരീരം ചാക്കിലാക്കി ബേദനൂർ പുഴ ലക്ഷ്യമാക്കി നടന്നു.വേട്ടക്കാരുടെ വേഷത്തിൽ അവിടെയുണ്ടായിരുന്ന ഹൈദരാലിയും അളിയൻ ഷെയ്ഖ് മക്ദും അലിയും ഭടന്മാർക്ക് നേരെ നിറയൊഴിച്ച് കമ്മുവിനെ രക്ഷിച്ചു.

ഈ കഥയിൽ ഭാവന നന്നായി ഉണ്ട്.യുവാവായ കമ്മുവിനെ 1766 ലെ മലബാർ പടയോട്ടക്കാലത്ത് ഹൈദരാലി തടവിലാക്കി എന്നാണ് പൊതു വിശ്വാസം. യുവാവല്ല,.കമ്മുവിന് അന്ന് 53 വയസ്സായിരുന്നു.മക്ദും അലി 1782 ൽ സേനയുമായി മലബാറിൽ എത്തി മേജർ അബിങ്ങ്ടൺ,കേണൽ തോമസ് ഫ്രഡറിക് ഹമ്പർസ്‌റ്റോൺ എന്നിവർ നയിച്ച ബ്രിട്ടീഷ് സേനയോട് തിരൂരങ്ങാടിയിൽ ഏറ്റുമുട്ടി കൊല്ലപ്പെട്ടു.

ചരിത്രം ഇതാണ്:വടക്കേ ഇളംകുർ കുഞ്ഞി അമ്പു / ഉദയ വർമ്മ 1734 ൽ ധർമ്മടം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൊടുത്തു.കോലത്തു നാട്ടിലെ തമ്മിലടിക്കുന്ന രാജകുമാരന്മാർ 1737 ൽ വീണ്ടും സോമശേഖരയെ ആക്രമണത്തിന് ക്ഷണിച്ചു.വടക്ക് മാടായി അതിരായി നിശ്ചയിച്ച് ഉടമ്പടിയിൽ എത്തി.അങ്ങനെ ബേദനൂരും കോലത്തുനാടും യൂറോപ്യൻ ശക്തികൾക്കും അറയ്ക്കൽ അലി രാജാവിനുമെതിരെ പൊരുതുന്ന ശക്തികളായി.1746 ജൂൺ അഞ്ചിന് ആംഗ്ലോ -ഫ്രഞ്ച് യുദ്ധത്തിനിടയിൽ ഉദയവർമ്മ മരിച്ചു.പിൻഗാമി തെക്കുംകൂർ കുഞ്ഞിരാമ വർമ കമ്പനിക്ക് എതിരായിരുന്നു.താലൂക്കുകളുടെ ഭരണം അദ്ദേഹം മക്കൾക്ക് വിട്ടു കൊടുത്തത് നീരസത്തിന് ഇടയാക്കി.ബേദനൂർ ഇടപെട്ടു.കോലത്തു നാട് ഭരണ അരാജകത്വത്തിലായി.രാജകുടുംബത്തിലെ സംബന്ധക്കാരികളെ സ്വാധീനിച്ച് ബ്രിട്ടൻ കൂടുതൽ സ്ഥലങ്ങൾ കൈവശപ്പെടുത്തി.
ബോദ്നെയ്‌സ് 
കടത്തനാട് രാജാവിൻറെ മകൾ ആയിരുന്നു,ഉദയ വർമ്മയുടെ ഭാര്യ.നമ്പ്യാർ മേഖലയായ ഇരുവഴി നാട്ടിൽ അവർക്ക് ഒരു വീട് പണിതിരുന്നു.ഇവർ കോട്ടയം ( പഴശ്ശി ) രാജാവുമായി ചേർന്ന് 1751 ൽ തലശ്ശേരി ബ്രിട്ടീഷ് കോട്ട ആക്രമിച്ചു.1750 ൽ കോട്ട മേധാവി തോമസ് ഡെറിൽ,കോലത്തിരി രാജാവുമായി സന്ധിയുണ്ടാക്കിയിരുന്നു ,കുഞ്ഞിരാമ വർമ്മയ്ക്ക് പകരം, ദുർബലനായ ഇളയവൻ അമ്പുവിനെ പിൻഗാമി ആക്കി,എങ്കിലും ഭരണം  രാമവർമ്മയുടെ കൈയിലായിരുന്നു.കമ്പനിയും കുഞ്ഞിരാമ വർമ്മയും തമ്മിൽ,കോട്ടയം രാജാവ് ഇടപെട്ട് 1752 മെയ് 22 ന് സന്ധിയുണ്ടാക്കി -രാമവർമയ്ക്ക് 50000 രൂപയും കോട്ടയം രാജാവിന് 10000 രൂപയും കിട്ടി.കുഞ്ഞിരാമവർമ്മ 1756 ൽ മരിച്ചു..1761 ൽ കോലത്തിരി, കടിഞ്ഞാൺ ഏന്തിയിരുന്ന തമ്പാനെ നീക്കിയെങ്കിലും മൂന്ന് വർഷം കഴിഞ്ഞ് അയാൾ അധികാരം പിടിച്ചു.ഇദ്ദേഹത്തെയാണ് ഹൈദരാലി കീഴടക്കി പുറത്താക്കിയത്.കോലത്തുനാട്ടിൽ ആദ്യമായി ഭൂനികുതി നടപ്പാക്കിയത്,ഇക്കേരി അധിനിവേശ ശേഷമായിരുന്നു.നെല്ലിനും തോട്ടത്തിനും പാട്ടത്തിന്റെ 20 %.1776 ൽ ഹൈദരാലി,സകല ഭൂമിക്കും നികുതി നടപ്പാക്കി.

ബേദനൂർ പിടിച്ച ശേഷം ഹൈദരാലി,പ്രശ്നങ്ങൾ പരിഹരിക്കാൻ അനന്ത റാവുവിനെ ഹൈദരാലി തലശ്ശേരിക്ക് അയച്ചു.അലി രാജ തുണച്ചത്, കാപ്പു തമ്പാൻ എന്ന കേരള വർമ്മയെ ആയിരുന്നു.ഇയാൾക്ക് വേണ്ടി ആക്രമണം നടത്താൻ അലി രാജയെ റാവു പ്രോത്സാഹിപ്പിച്ചു.ഹൈദരാലിയെ അലിരാജ മംഗലാപുരത്തു ചെന്ന് കണ്ടു.അങ്ങനെ 1776 ൽ ഹൈദരാലി മലബാർ അധിനിവേശം നടത്തി.

നോവലിൽ പറയുന്നത് കമ്മുവിനെ ,മക്ദുമിനൊപ്പം ശ്രീരംഗ പട്ടണത്തേക്ക് അയച്ചു എന്നാണ്.അഞ്ചാം ദിവസം ഉച്ചയ്ക്ക് അവിടെ എത്തുമ്പോൾ,ഹൈദരാലിയുടെ മകൻ ടിപ്പു ക്ഷേത്രത്തിനടുത്ത് കാളപ്പോരിൽ ആയിരുന്നു.ടിപ്പു കുതിരപ്പുറത്തു നിന്ന്കുന്തം കൊണ്ട് ഒരു കാളയുടെ വയർ കുത്തിക്കീറാൻ ശ്രമിച്ചു.ടിപ്പു ആരെന്നറിയാത്ത കമ്മു,തൻറെ കുതിരയെ ഓടിച്ച് ടിപ്പുവിനും കാളയ്ക്കുമിടയിൽ നിർത്തി കാളയുടെ ജീവന് വേണ്ടി നിന്ന് ടിപ്പുവിനെ വെല്ലു വിളിച്ചു.കമ്മുവും ടിപ്പുവും തമ്മിൽ ആജന്മ വൈരത്തിന് വിത്തിട്ടു -ഈ കഥയും ഭാവനയാകാം.നമുക്ക് ചരിത്രം നോക്കാം.

ഇക്കേരിയിൽ നിന്ന് മടങ്ങിയ ഹൈദരാലി,കമ്മുവിനെ ഇസ്ലാമിലേക്ക് മാറ്റി-മുഹമ്മദ് ആയാസ് ഖാൻ.മതം മാറിയവരുടെ പുതിയ സേനയായ ആസാദ് -ഇ ഇലാഹിയിൽ അയാളെ ചേർത്തു.ഫ്രഞ്ച് നേവി ക്യാപ്റ്റൻ ബർട്രൻഡ് ഫ്രാങ്സ്വ മാഹി ഡി ലാ ബോദനെയ്‌സ് അയാളുടെ ഗുരുവായി.ഈ ഗുരുവിൻറെ പേരിൽ നിന്നാണ്മാ,മയ്യഴി, മാഹി ആയത്.ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മാഹി പിടിക്കുമ്പോൾ,ക്യാപ്റ്റൻ കാട്ടിയ ധീരതയാൽ സ്ഥലപ്പേര് സ്വന്തം പേരിനോട് ചേർത്തതാണെന്ന് പാഠഭേദമുണ്ട്.1720 -1745 ൽ അദ്ദേഹം ഇന്ത്യ സർവീസിൽ  ആയിരുന്നു.ജനറൽ ഡ്യൂപ്ലെയുമായി കലഹിച്ച് 1748 ൽ അറസ്റ്റിലായി.

ഇക്കാലത്താണ് കോലത്തിരിയെ ചിറയ്ക്കൽ രാജാവ് എന്ന് വിളിക്കാൻ തുടങ്ങിയത്.കുടിശ്ശികയായ നഷ്ടപരിഹാര തുക മൂന്ന് ലക്ഷം നൽകാൻ ഇക്കേരി രാജാവ് സമ്മർദ്ദം ചെലുത്തി.കോലത്തിരി രാജാവിനെ അട്ടിമറിക്കാൻ സഹായിച്ചില്ലെന്ന് വാദിച്ച് ഇളംകൂർ ഇത് നിരസിച്ചു.1732 ൽ ഇക്കേരി സേനാധിപൻ രഘുനാഥ് നാവികപ്പടയുമായി ഏഴിമലയിൽ എത്തി.ഇത് ബ്രിട്ടീഷ്‌ തലശ്ശേരി ഫാക്റ്ററി പ്രവർത്തനത്തെ ബാധിച്ചു.ഫാക്റ്ററി ഭക്ഷ്യ വസ്തുക്കൾക്ക് മംഗലാപുരം തുറമുഖത്തെയാണ് ആശ്രയിച്ചിരുന്നത്.ഇംഗ്ലീഷ്,ഫ്രഞ്ച്,പോർച്ചുഗീസ്,മൂന്നാം ഇളംകുർ,കോട്ടയം രാജാവ്,അലി രാജ എന്നിവർ നിലനിൽപ്പിന് പരസ്പരം പോരാടി.വളപട്ടണം പുഴയ്ക്ക് വടക്കുള്ള സ്ഥലം ഇക്കേരിക്ക് നൽകാൻ കോലത്തിരി സമ്മതിച്ചപ്പോൾ പ്രശ്ന പരിഹാരമായി.1766 ൽ ഹൈദരാലി കീഴടക്കും വരെ ഇക്കേരി സേന ഇവിടെ ഉണ്ടായിരുന്നു.

ഹൈദരാലി ആയാസ് ഖാനെ ദുഷ്കരമായ ദൗത്യങ്ങളിൽ പരീക്ഷിച്ചു.തെക്കൻ അതിർത്തിയിൽ നിന്ന് മറാത്താ സേനയെ തുരത്താൻ ആവശ്യപ്പെട്ടു.ഖാൻ ചെന്നു;മറാത്താ സേനാധിപൻ ദാവെ പിന്മാറാൻ തുടങ്ങിയപ്പോൾ അയാൾക്ക് ഒരു ലക്ഷം രൂപ കൊടുക്കാൻ ഹൈദരാലി നിർദേശിച്ചു.പണം ടിപ്പുവിൻറെ പക്കൽ കൊടുത്തയച്ചു.ഏതാനും ദിവസം കാത്ത ശേഷം,പ്രാദേശികമായി പണം പിരിച്ച് കൊടുത്തു.ടിപ്പു പക തീർക്കുകയായിരുന്നു.ഹൈദർ,ഖാനെ  നൈസാമിനടുത്തേക്ക് അയച്ചു.അതും വിജയിച്ചു.അല്ലെങ്കിൽ അവർ ബ്രിട്ടീഷ് സേനയ്‌ക്കൊപ്പമോ ഹൈദരാബാദ് നൈസാമിനൊപ്പമോ ചേരാനിടയുണ്ടെന്ന് ഹൈദർ പറഞ്ഞു.ഡെക്കാനിലെ മുസ്ലിം ഭരണാധികാരികൾ തങ്ങൾ മാത്രമായതിനാൽ,നൈസാമുമായി ഒരു പോര് ഹൈദർ ആഗ്രഹിച്ചില്ല.അർദ്ധ ഹിന്ദുവായ ഹൈദറിനെ നൈസാം സംശയിച്ചിരുന്നു.ഹൈദറിനെതിരായ സംയുക്ത നീക്കത്തിൽ നിന്ന് നൈസാം പിന്മാറിയത് കേണൽ സ്മിത്തിനെ അമ്പരിപ്പിച്ചു.ഖാൻ ദൗത്യങ്ങളിൽ ജയിച്ചപ്പോൾ അയാളെ ചിത്രദുർഗയിൽ ഗവർണറാക്കി.കന്നടയോ ഹിന്ദിയോ എഴുതാനും വായിക്കാനും അറിയില്ല എന്ന കാരണത്താൽ ഖാൻ നിരസിച്ചു."വലതു കൈയിൽ ഒരു ചാട്ട കരുതുക;അത് മഷിയും പേനയും ചെയ്യാത്തതൊക്കെ ചെയ്തോളും",ഹൈദർ പറഞ്ഞു.
ഹൈദരാലി
ചിത്രദുർഗയിൽ 1779 മുതൽ ഖാൻ മൂന്നു വർഷം ഗവർണറായിരുന്നു.അത് കഴിഞ്ഞ് ബേദനുർക്ക് മാറി.മൈസൂരിലെ സമ്പന്ന പ്രവിശ്യയായിരുന്നു,ചിത്രദുർഗ;ശ്രീരംഗ പട്ടണം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കോട്ടയും.അത് തന്ത്ര പ്രധാനമായിരുന്നു -നൈസാമിനെയും മറാത്താ സേനയെയും അവിടന്നാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.

ചിത്രദുർഗയിൽ സമാധാനം പുലർന്നപ്പോൾ ഖാൻ മാധവിയെ ഓർത്തു എന്നാണ് നോവലിൽ.ആദ്യം കണ്ട ശേഷം 20 കൊല്ലം കഴിഞ്ഞിരുന്നു.ഹൈദരാലിയോട് അനുവാദം വാങ്ങി,ബംഗളുരു വഴി അയാൾ കണ്ണൂരിൽ കല്യാട്ട് എത്തി,മുസ്ലിം ആയതിനാൽ വീട്ടിൽ കയറാതെ,ഔട്ട് ഹൗസിൽ പാർത്തു.മാധവിയെ കല്യാട്ട് നിന്ന് മൂന്ന് മൈൽ ദൂരെ ഇരിക്കൂർ പള്ളിയിൽ മതം മാറ്റി.ആമിനാ ബീഗം.ചിത്രദുർഗ ഗവർണറായപ്പോൾ 66 വയസുണ്ടായിരുന്നതിനാൽ,ഇത് ചരിത്ര സത്യം ആകണം എന്നില്ല.20 വർഷം പോരാ,45 വർഷം കഴിഞ്ഞു കാണും !

മതം മാറ്റത്തിൻറെ അന്തരീക്ഷം സംഭവങ്ങളിൽ വന്നു നിറയുന്നു -ഹൈദറും ടിപ്പുവും നിർബന്ധിത മതം മാറ്റത്തിന് നില കൊണ്ടതിനാൽ.ഞാൻ എന്തിന് നോവലിനെ ആശ്രയിക്കുന്നു എന്ന് ചോദിച്ചാൽ,മാർക്സിസ്റ്റ് ചരിത്രകാരി റോമില്ല ഥാപ്പറിന് മഹാഭാരതത്തിൽ വേര് ചികയാമെങ്കിൽ,എനിക്ക് നോവലിലും ആകാം.

ഉത്തര മലബാർ ഇക്കേരി രാജാവ് ഭരിച്ചത് 1732 -1740 ലാണ്.1757 ആയപ്പോൾ തെക്കേ മലബാറിൽ പാലക്കാട് ഉൾപ്പെടെ ചില പ്രദേശങ്ങൾ കയ്യടക്കിയിരുന്നു.തരൂർ സ്വരൂപത്തിൽ പെട്ട പാലക്കാട് രാജാവ് കോമ്പി അച്ച ൻ ,ദിണ്ടിഗൽ ഫൗജിദാർ ആയ ഹൈദരാലിയെ വിളിച്ചു വരുത്തുകയായിരുന്നു.സാമൂതിരിയുടെ ശത്രുവായിരുന്നു,അച്ചൻ.അന്ന് ഉത്തര മലബാർ കീഴടക്കാൻ അലി രാജ നൽകിയ ക്ഷണം,ഹൈദരാലി നിരസിച്ചു.ഹൈദരാലി അധിനിവേശം നടത്തിയപ്പോൾ,അലി രാജ കോലത്തിരി കൊട്ടാരം കത്തിച്ചു.1763 ൽ ബേദനൂർ പിടിച്ച ഹൈദരാലി ശ്രീനിവാസ റാവുവിനെ ഗവർണറും സർദാർ ഖാനെ ഡെപ്യൂട്ടി ഗവർണറുമാക്കി.

സാമൂതിരിക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് കോമ്പി അച്ചൻ ഹൈദരോട് ആവശ്യപ്പെട്ടിരുന്നു.12 ലക്ഷം യുദ്ധച്ചെലവ് കൊടുത്ത് പാലക്കാടിൽ നിന്ന് പിടിച്ച പ്രദേശങ്ങൾ ഏറ്റെടുക്കാൻ സാമൂതിരി തയ്യാറായി.സാമൂതിരി വാക്ക് പാലിക്കാത്തതിനാൽ ആയിരുന്നു 1766 ൽ ഹൈദറുടെ രണ്ടാം വരവ്.സാമൂതിരി മതാനുഷ്ഠാനങ്ങൾ നടത്താനാകാതെ സ്വന്തം കൊട്ടാരത്തിൽ ബന്ദിയായി.മാനാഞ്ചിറ കൊട്ടാരത്തിലെ ആയുധപ്പുരയ്ക്ക് സാമൂതിരി തീയിട്ട് സാമൂതിരി ആത്മാഹുതി ചെയ്തു.കുടുംബത്തെ പൊന്നാനിക്ക് അയച്ചിരുന്നു.

മൈസൂർ സേന 1773 ൽ വീണ്ടുമെത്തി.1775 ൽ സർദാർ ഖാനെ തിരുവിതാകൂർ പിടിക്കാൻ ഹൈദർ അയച്ചു.തൃശൂർ കോട്ടയം വടക്കൻ കൊച്ചിയും പിടിച്ചു.അലിരാജയ്ക്ക് നഷ്ട പരിഹാരം നൽകാനാകാതെ വന്നപ്പോൾ,സ്വന്തം രാജ്യം ഇളംകുറിന് അടിയറ വച്ചു.1777 ൽ അമേരിക്ക ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടീഷ് നുകത്തിൽ നിന്ന് സ്വതന്ത്രമായി.ആംഗ്ലോ -ഫ്രഞ്ച് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.മാഹി തുറമുഖം ബ്രിട്ടൻ പിടിക്കുമെന്ന നിലയുണ്ടായി.ഈ തുറമുഖം വഴി ഫ്രഞ്ച് പീരങ്കികൾ ഇറക്കുമതി ചെയ്തിരുന്ന ഹൈദർ,ഒരു സേനയെ മാഹി തുറമുഖത്ത് തയ്യാറാക്കി നിർത്തി.വടക്കിളംകൂർ 1500 പേർ അടങ്ങുന്ന നായർ പട്ടാളത്തെ അയച്ചു.ബ്രിട്ടൻ 1778 ൽ ഹൈദറിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

മലബാറിലെ ബ്രിട്ടിഷ് -മുസ്ലിം പോരിന്റെ വേരുകൾ ഇവിടെയാണ്.ഖിലാഫത്തിൽ അല്ല.

മുംബൈയിൽ നിന്ന് ബേദനൂർ കോട്ട പിടിക്കാൻ ജനറൽ റിച്ചാഡ്മാത്യൂസിൻറെ സേനയെത്തി.ഈ ഘട്ടത്തിലാണ്,ആയാസ് ഖാനെ ചിത്രദുർഗയിൽ നിന്ന് ബേദനുർക്ക് മാറ്റിയത്.പ്രതിസന്ധിയിൽ വലംകൈയാണ് ഖാൻ എന്ന് ഹൈദർ പറഞ്ഞിരുന്നു.Kingdom of Hyderali and Tipu Sultan എന്ന പുസ്തകത്തിൽ,ഖാൻ ഹൈദറുടെ ദത്തു പുത്രൻ ആയിരുന്നുവെന്ന് ഉർദു ചരിത്രകാരൻ മഹ്‌മൂദ് ഖാൻ മഹ്‌മൂദ് എഴുതുന്നു.മാത്യൂസ് എത്തും മുൻപ്,കൊടക്,ബെല്ലട്ട കലാപങ്ങൾ ഖാൻ അമർച്ച ചെയ്തു.ഖാൻ ബേദനൂരിൽ എത്തുമ്പോൾ,കോട്ടയ്ക്കു കിഴക്ക് ദൊഡ്ഡപ്പ തടവിലായിരുന്നു.ആ പഴയ രാജ ശത്രുവിനെ കൊട്ടാരത്തിലേക്ക് വിളിച്ച്,നന്നായി ശകാരിച്ച്,ശ്രീരംഗപട്ടണം കോട്ടയിലേക്ക് തടവുകാരനായി അയച്ചു.ബേദനൂരിന്റെ പേര് ഹൈദർ നഗര എന്നാക്കി.
ചിത്രദുർഗ കോട്ട 
ടിപ്പു പൊന്നാനിയിൽ കേണൽ തോമസ് മക്കെൻസി ഹംബർസ്റ്റോണിൻറെ സേനയുമായി പോരാടുമ്പോഴാണ്,1782 ഡിസംബർ 12 ന്ഹൈദരാലി ആന്ധ്രയിലെ ചിറ്റൂരിൽ മരിച്ചത്.ആയാസ് ഖാൻ അധികാരം പിടിക്കുമെന്ന് ഭയന്ന് ടിപ്പു ശ്രീരംഗപട്ടണത്തേക്ക് കുതിച്ചു.ഖാൻ വിവരം അറിഞ്ഞിരുന്നില്ല.ടിപ്പു രാജാവായി ആദ്യം ചെയ്തത്,ബേദനൂർ കോട്ടയിലെ ഉപ സൈന്യാധിപൻ ഷെയ്ഖ് ഇബ്രാഹിം ഖാൻറെ അടുത്തേക്ക് കത്തുമായി ദൂതനെ അയയ്ക്കുക എന്നതായിരുന്നു.ദൂതൻ എത്തിയപ്പോൾ,ആയാസ് ഖാനും ഇബ്രാഹിമും ഒന്നിച്ചായിരുന്നു.കത്ത് ആയാസ് ഖാന് കിട്ടി.ആയാസ് ഖാനെ കൊന്ന് ഗവർണർ ആകാൻ,ഇബ്രാഹിമിനോട് ആവശ്യപ്പെടുന്നതായിരുന്നു,കത്ത്.മതം മാറിയ ഹിന്ദുവായിരുന്നു ഇബ്രാഹിമും.ഇപ്പോൾ ഒരു താൽപര്യ സംഘർഷം ഉണ്ടായി എന്ന് വ്യക്തമാക്കി,ആയാസ് ഖാൻ ഇബ്രാഹിമിനെ കുത്തിക്കൊന്നു.

ഡെപ്യൂട്ടി ഗവർണർ രഘുനാഥ് പന്തിനെ വിളിച്ച് തൻറെ പദ്ധതി ഖാൻ വെളിവാക്കി.ഖാൻ ടിപ്പുവിനെ നീക്കി സുൽത്താൻ ആകണമെന്ന് അനുകൂലികൾ ആഗ്രഹിച്ചെങ്കിലും,ഖാൻ ബേദനൂർ മാത്യൂസിന് വിട്ടു കൊടുത്തു.യാത്രികനായെത്തി കപ്പൽച്ചേതത്തിൽ ഹൈദറുടെ തടവിലായ ഡൊണാൾഡ് കാംപ്ബെൽ അതിന് ഖാനെ ഉപദേശിച്ചു.കാംപ്ബെലിനെ മോചിപ്പിച്ചു ഖാൻ മാത്യൂസുമായി മധ്യസ്ഥതയ്ക്ക് അയയ്ക്കുകയായിരുന്നു.മാത്യൂസ് ഖാൻറെ കൊട്ടാരത്തിലെത്തി വ്യവസ്ഥകൾ തയ്യാറാക്കി.

അന്ന് രാത്രി തനിക്ക് പ്രിയപ്പെട്ട ഫിറോസ് എന്ന കുതിരപ്പുറത്ത് ഖാൻ 50 ബ്രിട്ടീഷ് കുതിരപ്പടയാളികളുടെ അകമ്പടിയോടെ ബ്രിട്ടീഷ് ക്യാമ്പിലെത്തി.കപ്പലിൽ തന്നെയും ബന്ധുക്കളെയും കുതിരയെയും തലശ്ശേരിയിൽ എത്തിക്കണമെന്ന ഖാൻറെ അപേക്ഷ മാത്യൂസ് സ്വീകരിച്ചു.അടുത്ത രാവിലെ കോട്ടയിലെത്തി ഖാൻ ഖജനാവ് തുറന്നു.അതിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തിൽ പകുതി ഖാൻ എടുത്ത് മറ്റേ പകുതി രഘുനാഥ് പന്തിനും സൈനികർക്കും വീതിച്ചതായി കേൾവിയുണ്ട്.മൂന്നാം നാൾ തലശ്ശേരിയിൽ എത്തിയ ഖാൻ മാവിലാൻ കുന്നിൽ താമസിച്ചു.രൈരു നമ്പ്യാർക്ക് മരണക്കിടക്കയിൽ നൽകിയ വാക്ക് പാലിച്ച് ഖാൻ ഒരു ശിവക്ഷേത്രം പണിതു;ഒരു നമ്പൂതിരിക്ക് ഭൂമി ദാനം ചെയ്തു.ഇത് ഭാവനയാകാം.ഏത് ക്ഷേത്രം എന്ന് അറിവില്ല.

ക്ഷേത്രം പണിയുന്നത് ഒരു മുസ്ലിമിൻറെ പണിയല്ല,പൊളിക്കലാണ് ശീലം എന്നതിനാൽ,ഖാൻ കമ്മുവായി ഘർ വാപസി സംഭവിച്ചെങ്കിലേ സംഗതി ശരിയാകൂ.
ബേദനൂർ മിർ ജാൻ കോട്ട 
കമ്മുവിനും മാധവിക്കും ഏറെ നാൾ അവിടെ തുടരാൻ കഴിഞ്ഞില്ല.1784 ലെ ശിശിരത്തിൽ കുളത്തിലിറങ്ങി മുങ്ങിക്കുളിച്ച മാധവിക്ക് പനി വന്നു.പതിനൊന്നാം നാൾ മരണം.ടിപ്പുവിൻറെ മലബാർ പടയോട്ടം അവസാനിപ്പിച്ച മംഗലാപുരം ഉടമ്പടി ബ്രിട്ടീഷുകാരുമായി ഒപ്പു വച്ച വർഷം.ഉടമ്പടിയുടെ ഭാഗമായി,ഖാനെ യുദ്ധത്തടവുകാരനായി ഖാനെ വിട്ടുകൊടുക്കാൻ ടിപ്പു ആവശ്യപ്പെട്ടു .ബ്രിട്ടീഷുകാർ നിരസിച്ചു.
കൂത്തുപറമ്പിൽ സബ് രജിസ്‌ട്രാർ ആയിരുന്ന ഒതേനൻ മേനോൻറെ അപ്രകാശിത ഇംഗ്ലീഷ് രചന ആധാരമാക്കിയാണ്,നോവൽ.അദ്ദേഹം ചാലാട് വെള്ളുവ വീട്ടിൽ കുറേക്കാലം താമസിച്ചിരുന്നു.

ഖാന് സ്വത്ത് തിരിച്ചു കിട്ടിയെന്നും അദ്ദേഹം സന്യാസി ആയെന്നും നോവലിൽ പറയുന്നു.ടിപ്പുവിൻറെ വേട്ട ഭയന്ന് ബ്രിട്ടീഷുകാരോട് മുംബൈയിൽ പാർക്കാൻ അനുമതി ചോദിച്ചു.ടിപ്പു രഹസ്യ വധം ആസൂത്രണം ചെയ്തപ്പോൾ കമ്മു മുംബൈയിൽ മരിച്ചു എന്നത് ചരിത്രമാണ്.സന്യാസി ആയില്ല.

തന്നെ ഒരു ഹിന്ദു നായർ ഒറ്റിയത് ടിപ്പു സഹിച്ചില്ല.അയാൾ ആ സമുദായത്തെ വെറുത്തു."കോട്ടയത്തു ( വയനാട് ) നിന്ന് നായന്മാരെ പാലക്കാട്ടേക്ക് ആട്ടിപ്പായിക്കാൻ " ടിപ്പു സേനാധിപൻ എം ലാലിയോടും മിർ അസ്‌റാലി ഖാനോടും ഉത്തരവിട്ടു.Order of Extermination of Nairs അഥവാ നായർ ഉന്മൂലന ഉത്തരവ് എന്ന് ഇത് ചരിത്രത്തിലുണ്ട്.1786 -1789 ൽ നായന്മാരെ ശ്രീരംഗ പട്ടണത്തിൽ കൊണ്ട് പോയി പീഡിപ്പിച്ച് നിർബന്ധിതമായി മതം മാറ്റി.വിസമ്മതിച്ചവരെ കൊന്നു -വംശഹത്യ.

സർദാർ കെ എം പണിക്കർ,1788 മാർച്ച് 22 ന് ടിപ്പു എഴുതിയ കത്ത് ലണ്ടനിലെ ഇന്ത്യ ലൈബ്രറിയിൽ കണ്ടെത്തി.അതിൽ ഇങ്ങനെ അവകാശപ്പെട്ടു:"12000 ഹിന്ദുക്കളെ ഇസ്ലാമാക്കി ആദരിച്ചു".

1788 ഡിസംബർ 12 ന് കോഴിക്കോട്ടെ സേനാധിപൻ ഹുസൈൻ അലി ഖാന ടിപ്പു ഉത്തരവ് നൽകി:"ഹിന്ദുക്കളെ മുഴുവൻ പിടികൂടി കൊല്ലുക.20 ൽ താഴെ പ്രായമുള്ളവരെ തടവിലിടുക.ബാക്കിയിൽ നിന്ന് 5000 പേരെ കൊന്ന് മരങ്ങളിൽ കെട്ടിത്തൂക്കുക".

ഹൈദരാലിയുടെ,ടിപ്പുവിൻറെ മതഭ്രാന്തിൻറെ തുടർച്ചയാണ്,മാപ്പിള ലഹള.
ഹംബർസ്റ്റോൺ പോർട്രെയ്റ്റ് / ജെയിംസ് ഗിൽറെ ,1780 
ഹൈദർ കമ്മുവിനെ ബാലനായിരിക്കെ എടുത്തു വളർത്തിയതിന് സാധ്യതയില്ല.1755 ൽ ഇക്കേരി പടയോട്ടക്കാലത്തോ 1757 ൽ ഹൈദറിൻറെ മലബാർ പടയോട്ടക്കാലത്തോ ആയിരിക്കാം അവർ തമ്മിൽ കണ്ടിട്ടുണ്ടാവുക.അന്ന് കമ്മുവിന് 42 -44 വയസ്.കോലത്തിരിയിൽ നിന്ന് കമ്മു ഹൈദറിലേക്ക് കൂറ് മാറിയതാകാം;നിർബന്ധിത മതം മാറ്റമാകാം.1766 ൽ ഹൈദർ പിടികൂടിയ 15000 നായന്മാരെ ബേദനുർക്ക് കൊണ്ട് പോയി.ഗസറ്റിയർ അനുസരിച്ച് അതിൽ 200 പേരെ ശേഷിച്ചുള്ളൂ.ശേഷിച്ചവരിൽ ഒരാൾ ആയിരിക്കാം,കമ്മു.തുടക്കം മുതൽ ടിപ്പു ഖാനെ വെറുത്തിരിക്കണം എന്നില്ല.ബേദനൂർ വിട്ടു കൊടുത്ത ശേഷമാകാം.കമ്മു ദത്തു പുത്രൻ എങ്കിൽ അധികാര തർക്കം പേടിച്ചിരിക്കാം.മാധവിയെ മുൻപേ വിവാഹം ചെയ്ത കമ്മു അവരെ പിന്നീട് മതം മാറ്റിയിരിക്കാം.

ഉർദു ചരിത്രകാരൻ മഹ്‌മൂദ് ഖാൻ മഹ്‌മൂദ് പറയുന്നത്,ഹൈദർ ബേദനൂർ പിടിക്കുന്ന കാലത്ത് ( 1763 ) കോലത്തിരിയുടെ മകൾ അലി എന്ന ധനിക മുസ്ലിമുമായി പ്രണയത്തിലാവുകയും നായന്മാരെ ധിക്കരിച്ച് രാജാവ് അലിയെ അവൾക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു എന്നാണ്.അലിയെ പിൻഗാമിയാക്കിയപ്പോൾ നായർ കലാപമുണ്ടായി.ഇതിന് തെളിവില്ല.അറയ്ക്കൽ രാജവംശത്തിൻറെ ആരംഭ കഥ വളച്ചൊടിച്ചതാകാം.വിവാഹം കാരണമല്ലാതെ ഒരു കലാപം ഉണ്ടായിട്ടുണ്ട് -ചേരമാൻ പെരുമാളിന്റെ അനന്തരവൻ മഹാബലി കോലത്തിരി രാജകുമാരിയെ വിവാഹം ചെയ്ത കഥയുണ്ട്.മഹാബലി,മുഹമ്മദ് അലിയായി.

കമ്മു ഹൈദറിനെതിരെ നായർ കലാപം നടത്തി പിടിയിൽ ആയതിനാണ് സാധ്യത കൂടുതൽ.

മുംബൈ മസഗോണിൽ ആയാസ് ഖാന് 20 ഏക്കർ തോട്ടവും ബംഗ്ലാവും കൊടുത്തെന്നാണ് 1927 ൽ ഇറങ്ങിയ നോവലിൽ.പകരം ഓല മേഞ്ഞ മൂന്നു മുറി വീട് ഖാൻ സ്വീകരിച്ച്,ബംഗ്ലാവിൽ അനാഥാലയം നടത്തി.തോട്ടം പാട്ടത്തിന് കൊടുത്ത് പാട്ട സംഖ്യ അനാഥാലയം നടത്താൻ ഉപയോഗിച്ചു.

ഇത് ശരിയല്ല.ഖാൻ അനാഥാലയം നടത്തിയില്ല.ഒരു അനാഥാലയത്തിലെ അന്തേവാസി ആയിരുന്നു.അദ്ദേഹത്തിൻറെ വിധവകളും കുട്ടികളും ചരിത്രത്തിലുണ്ട്.ആമിന എന്ന മാധവിക്ക് മക്കൾ ഉണ്ടായിരുന്നില്ല,നോവലിൽ.ആമിനയ്ക്ക് മുൻപും പിൻപും ഖാന് വേറെ ഭാര്യമാരും മക്കളും ഉണ്ടായിരുന്നു.

പൈതൃക സ്വത്തിന് 1792 ൽ ഖാൻ അവകാശം ഉന്നയിച്ചെങ്കിലും,ബ്രിട്ടൻ അത് കൊടുത്തില്ല.അവകാശവാദം തട്ടിപ്പാണെന്ന് കണ്ട് തള്ളി.മുംബൈയിൽ താമസമായപ്പോൾ,4000 രൂപ പെൻഷൻ അനുവദിച്ചു.ഖാൻറെ പ്രായപൂർത്തിയാകാത്ത മകൻ ഫയാസ് അലി ഖാൻ ചരിത്രത്തിലുണ്ട്.ബാപ്പയുടെ പെൻഷൻ തനിക്ക് കിട്ടാൻ മുംബൈയിലും ലണ്ടനിലും നിയമ പോരാട്ടം നടത്തി.ലണ്ടനിലേക്കുള്ള യാത്ര ഉൾപ്പെടെ ഫയാസിന്റെ സകല നീക്കവും ബ്രിട്ടീഷുകാർ തടഞ്ഞു.ഫയാസിന്റെ വക്കീൽ മുഹിയലുദീൻ ലണ്ടനിൽ പോയി പോരാടിയത് വൻ കടബാധ്യതയായി.കേസ് രേഖകൾ ബംഗാൾ ഉൾക്കടലിൽ കപ്പൽ മുങ്ങിയപ്പോൾ നഷ്ടപ്പെട്ടു.പിന്നെ ഒന്നും വാദിക്കാൻ ഉണ്ടായിരുന്നില്ല.അധികാരം കണ്ണീർക്കടലിൽ മുങ്ങി.

നോവൽ മാപ്പിള ലഹളയ്ക്ക് തൊട്ടു പിന്നാലെ വന്നതിനാൽ,അതിൽ മൂടിവച്ച രാഷ്ട്രീയം ഞാൻ കാണുന്നു -മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ.ഇത് വായിച്ചാണ് ഞാൻ മാപ്പിള ലഹളയുടെ രാഷ്ട്രീയത്തിലേക്ക് പോയത്.ഇത്,ചരിത്രകാരന് കിട്ടാത്ത ഗുണമാണ്.

ഹൈദരാലിയും ടിപ്പുവും കാട്ടിയ ക്രൂരതകൾക്ക് അന്ന് തിരിച്ചടിക്കാൻ ഹിന്ദുക്കൾക്ക് ബ്രിട്ടീഷ് തുണ വേണ്ടിയിരുന്നു.
-----------------------------------------
Reference:
1.Velluvakkammaran/C Kunjirama Menon(he was known as MRKC-Chengalath Kunjirama Menon,in the reverse order.He was Editor,Kerala Pathrika,and Manager,Mangalodayam.
2.Malabar Manual/William Logan
3.Historical Sketches of South India/Mark Wilks
4.A Narrative of the Extra Ordinary Adventure/Donald Campbell
5.Counter flows to Colonialism/M H Fisher
6.Kingdom of Hyderali and Tipu Sultan/Mahmood Khan Mahmood.Trans:Anwar Haroon
7.History of Tipu Sultan/Mohibbul Hasan
8.Tipu Sultan:Villain or Hero?/Sitaram Goel
9.Religious Intolerance of Tipu Sultan/PCN Raja
10.Haidar Ali and Tipu sultan/Lewin Bentham Bowring 
11.Tellicherry Factory Diary Volume XVIII
12.Tellicherry Consultations,Vol VIII,1933. 
13.The Dutch Power in Kerala/M O Koshy


See https://hamletram.blogspot.com/2019/11/blog-post_5.html




Friday 8 November 2019

മുസ്ലിംകൾ ഗാന്ധിയുടെ വീട്ടിൽ

മകൻ ഹരിലാൽ മകളെ ബലാൽസംഗം ചെയ്തു  

മഹാന്മാരുടെ ജീവിതം അസാധാരണവും ഊഹാതീതവും ആയതിനാൽ വിഡ്ഢികൾ അവരെ നിന്ദിക്കുന്നു.
-കാളിദാസൻ / 'കുമാര സംഭവം' 5 :75 

ഗാന്ധിയുടെ മൂത്ത മകൻ ആയിരുന്നു, ഹരി ലാൽ (1888 -1948). അദ്ദേഹത്തിന് താഴെ മൂന്ന് സഹോദരന്മാരുണ്ടായിരുന്നു: മണിലാൽ, രാമ ദാസ്, ദേവദാസ്. ഗാന്ധി -കസ്തുർബ ദമ്പതിമാർക്ക് ഹരിലാലിന് മുൻപ് ഒരു കുഞ്ഞു പിറന്നിരുന്നു. ജനിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ജീവിച്ചു.
ഗാന്ധിക്കും കസ്തുർബയ്ക്കും 19 വയസുള്ളപ്പോഴാണ് ഹരി ലാലിൻറെ ജനനം. ഗാന്ധി 'എൻറെ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ പറഞ്ഞ പോലെ, ഗാന്ധിയുടെ പിതാവ് ഊർധ്വ ശ്വാസം വലിക്കുമ്പോൾ ഗാന്ധി ഭാര്യയുമായി രതി അനുഷ്ഠിക്കുകയായിരുന്നു. ഇത് തുറന്നു പറയുമ്പോൾ അദ്ദേഹം കാട്ടുന്ന സത്യസന്ധതയ്ക്ക് സമാനതകളില്ല. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ആത്മ കഥകളിൽ സ്വന്തം രതിയുടെ പരാമർശം നിജലിംഗപ്പയുടേത് പോലെ ചിലതിലേയുള്ളു. 90 കഴിഞ്ഞായിരുന്നു, നിജലിംഗപ്പയുടെ എഴുത്ത്.

ഹരിലാൽ വളർന്നപ്പോൾ, കള്ളുകുടിയനും പെണ്ണ് പിടിയനുമായി. ഗാന്ധിയെ സംബന്ധിച്ച് കാമ പുത്രൻ ആയിരുന്നു, അയാൾ. ഹരിലാലിനോട് ഗാന്ധി കാണിച്ചതായി അയാൾ വിശ്വസിച്ച വെറുപ്പിനെ അപഗ്രഥിക്കേണ്ടത്, മനഃശാസ്ത്രമാണ്.

കസ്തുർബയും മക്കളും 

ഗാന്ധിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്ന മാർഗരറ്റ് സ്വീഗൾ എന്ന യുവതിയോട് 47 വയസിൽ ഹരിലാലിന് അഭിനിവേശമുണ്ടായി. അവർ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതായി സെക്രട്ടറി മഹാദേവ് ദേശായ് വഴി ഗാന്ധിയെ അറിയിച്ചു. ഗാന്ധി 1935 ഏപ്രിൽ 12 ന് ഹരിലാലിന് എഴുതി:

"എനിക്ക് നിൻറെ പ്രശ്‍നം മനസ്സിലായി. നീ നിന്നെയോ എന്നെയോ ശ്രദ്ധിക്കേണ്ടതില്ല. നീ ഇപ്പോഴും ശാരീരിക സുഖം ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ നീ നിൻറെ അഭിലാഷം നിറവേറ്റണം. ലൗകിക സുഖങ്ങളോട് മടുപ്പുണ്ടായാൽ മാത്രമേ നിനക്ക് ആ അഭിലാഷത്തെ അടക്കി നിർത്താനാവൂ. എൻറെ പ്രശ്‍നം ഇതാണ്. ശാരീരിക ബന്ധം വേണ്ടെന്ന് വയ്ക്കാൻ ഉപദേശിക്കുന്ന ഞാൻ എങ്ങനെ നിന്നെ അതിനായി പ്രോത്സാഹിപ്പിക്കും? ഞാൻ എങ്ങനെ നിന്നെ സഹായിക്കും? നിൻറെ പുനർ വിവാഹം ഞാൻ സഹിക്കാം. പക്ഷെ, എൻറെ കൂടെ താമസിക്കുമ്പോൾ നിനക്കെങ്ങനെ ഒരു ഭാര്യയ്ക്ക് വേണ്ടി തിരച്ചിൽ നടത്താനാകും ?".

ഗാന്ധിയല്ലാതെ ഒരച്ഛനും ഇങ്ങനെ എഴുതില്ല. അമല എന്ന് ഗാന്ധി വിളിച്ചിരുന്ന മാർഗരറ്റുമായി ഹരിലാലിന് ബന്ധം തുടരാനായില്ല. മാർഗരറ്റ് ഗാന്ധിയുമായി ആശയ വിനിമയം നടത്തിയതിന് സൂചനകളുണ്ട്.

ഒരു ജൂത സ്ത്രീയെ സ്വന്തം കുടുംബത്തിലേക്ക് കയറ്റാൻ ഗാന്ധി സമ്മതിക്കുമായിരുന്നു എന്ന് കരുതാൻ വയ്യ. ഗാന്ധി ഹരിലാലിൻറെയും മണിലാലിൻറെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയായിരുന്നെങ്കിൽ ഇസ്രയേലും പലസ്തീനും വീട്ടിൽ തന്നെ ഉണ്ടായേനെ. 1926 ൽ വിവാഹിതനാകും മുൻപ് മണിലാൽ ടിമ്മി എന്ന് ഓമനപ്പേരുണ്ടായിരുന്ന ഫാത്തിമ എന്ന മുസ്ലിം യുവതിയുമായി പ്രണയത്തിൽ ആയിരുന്നു.ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ഗാന്ധിയുടെ സുഹൃത്തുക്കൾ ആയിരുന്ന ഗുൽ കുടുംബാംഗമായിരുന്നു, ഫാത്തിമ.ഈ ബന്ധം കുടുംബത്തിൽ സംസാരമായപ്പോൾ, മണിലാലിന് അനുകൂലമായി ഹരിലാൽ വാദിച്ചു.

ഈ പ്രശ്നത്തിൽ ഗാന്ധി, 1926 മെയ് 30 ന് ഹരിലാലിന് എഴുതി:
"എങ്ങനെ ഒരു മിശ്ര വിവാഹം സാധ്യമാകും എന്ന് എനിക്കറിയില്ല. ഒരാൾ സസ്യ ഭുക്കും മറ്റെയാൾ മാംസ ഭുക്കുമായാൽ നമുക്കെങ്ങനെ കുടുംബം നടത്തിക്കൊണ്ടു പോകാൻ പറ്റും? ഈ വിവാഹത്തിൽ ജനിക്കുന്ന കുട്ടികളെ ഏതു പാരമ്പര്യത്തിൽ വളർത്തും? കുഴപ്പം പിടിച്ച ഇത്തരം ബന്ധങ്ങൾ മറ്റു പ്രശ്നങ്ങളും ഉണ്ടാക്കും. ഞാൻ നിൻറെ നിർദേശങ്ങൾക്കൊപ്പം നിന്നാൽ ഈ സമയത്ത് അത് എനിക്കെതിരെ അണിനിരക്കാൻ ശത്രുക്കൾ ഒരു കാരണമാക്കും. രാഷ്ട്രീയ ഐക്യം അസാധ്യമാക്കും. പ്രശ്നങ്ങൾ ഇല്ലാതിരിക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുകയാണ്. ഇതും രാഷ്ട്രീയ ഐക്യവുമായി ബന്ധമുണ്ടെന്ന് സങ്കൽപ്പിക്കുന്നത് എന്ത് വിഡ്ഢിത്തമാണ് !".

ഹരിലാൽ ഗാന്ധി, 1910 

ഹരിലാൽ അങ്ങോട്ട് പറഞ്ഞതിൽ രാഷ്ട്രീയ ഐക്യം പരാമർശിച്ചിരുന്നു എന്ന് കരുതാം. ശത്രുക്കൾക്ക് മുസ്ലിം വിവാഹം വഴി ഒരു കാരണം കൊടുക്കേണ്ട എന്ന് ഗാന്ധി പറയുമ്പോൾ, ഒരു സ്വാർത്ഥത പ്രവർത്തിക്കുന്നുണ്ട്. വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് അതെന്ന് വ്യാഖ്യാനിക്കാം.

ഹരിലാൽ മാർഗരറ്റിനെ ഇഷ്ടപ്പെട്ടതിന് ആറു വർഷം മുൻപാണ് മണിലാൽ മുസ്ലിം യുവതിയെ പ്രണയിച്ചത്. ഇതിനും പത്തു വർഷം മുൻപ് 1913 ൽ മണിലാൽ ഒരു വിവാഹിതയുമായി ഗാന്ധിയുടെ ഫീനിക്സ് ഫാമിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് വിവാദമായിരുന്നു. ജെക്കി എന്ന ഓമനപ്പേരുള്ള ജയ കുൻവർ ഡോക്റ്റർ എന്ന ഈ സ്ത്രീ ഗാന്ധിയുടെ സുഹൃത്ത് ഡോ പ്രാൺ ജീവൻദാസ് മേത്തയുടെ മകളായിരുന്നു. പ്രാൺ ആണ് ഗാന്ധിയെ ആദ്യമായി 'മഹാത്മാ'എന്ന് വിശേഷിപ്പിച്ചത്.

ഒരച്ഛൻറെ രണ്ടാൺമക്കളും പിഴച്ചു പോവുക എന്നതും മനഃശാസ്ത്ര വിഷയമാണ്. പിതാവ് മരിക്കുമ്പോൾ രതി അനുഷ്ഠിച്ചത് ഗാന്ധിയുടെ മനസ്സിൽ കുറ്റ ബോധമായി കിടന്നു എന്ന് കരുതാം. ദേവദാസ്, രാജാജിയുടെ മകൾ ലക്ഷ്മിയെ പ്രണയിച്ചത് ഗാന്ധി നടത്തിക്കൊടുത്തു -രാജാജി ബ്രാഹ്മണൻ ആയിരുന്നു, ജാതി ശ്രേണിയിൽ, ബനിയയായ ഗാന്ധിക്ക് മുകളിൽ.

മതം മാറ്റം 

മാർഗരറ്റിനെ കണ്ണും നട്ടിരിക്കെ ഹരിലാൽ മതം മാറ്റവും ആലോചിച്ചു. മാർഗരറ്റിനെപ്പറ്റി ഗാന്ധിയുമായി കത്തിടപാട് നടക്കുന്നതിന് രണ്ടു വർഷം മുൻപ് 1933 ഏപ്രിൽ 13 ന് ഗാന്ധിക്ക് ഹരിലാൽ എഴുതിയത് മുംബൈ ഫ്രറെ റോഡിലെ വസീർ മുഹമ്മദിൻറെ നിസാമിയ ഹോട്ടലിൽ നിന്നാണ് എന്നത് ഗാന്ധി ശ്രദ്ധിച്ചിരുന്നു.ഗാന്ധി സത്യഗ്രഹം തുടങ്ങുന്ന പശ്ചാത്തലത്തിൽ, തൻറെ ധർമം എന്താണ് എന്നാരാഞ്ഞായിരുന്നു, ഹരിലാലിൻറെ കത്ത്. 1934 മെയ് അഞ്ചിന് ഹരിലാൽ ഭാര്യ ഗുലാബ് ബെൻറെ സഹോദരി ബാലി ബെന് പണം ചോദിച്ച് കത്തെഴുതിയത്, എം അബ്ബാസ് അലി, ഓൾഡ് ലക്ടി മണ്ഡി, ഹൗസ് നമ്പർ 5832, വെമ്പള്ളി, ഹൈദരാബാദ് എന്ന വിലാസത്തിൽ നിന്നായിരുന്നു. അവർ പണം അയച്ചില്ല.മുൻപൊരിക്കൽ അവരോട് മദ്യ ലഹരിയിൽ അപമര്യാദയായി പെരുമാറിയിരുന്നു; അതേപ്പറ്റി ഹരിലാലിൻറെ മകൾ മനു ബെൻ, ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ഗാന്ധി 1935 ജൂണിൽ ഹരിലാലിന് എഴുതിയ മൂന്ന് കത്തുകൾ 2014 മേയിൽ ലണ്ടനിൽ ലേലം ചെയ്തപ്പോഴാണ് അവയിലെ സ്ഫോടനാത്മകമായ ഉള്ളടക്കം ലോകം അറിഞ്ഞത്. സ്വന്തം മകൾ മനുവിനെ ഏഴു വയസ്സിൽ ഹരിലാൽ ബലാൽസംഗം ചെയ്തു. ഗാന്ധിയുടെ കത്തിൽ നിന്ന്:

"ദേശീയ സ്വാതന്ത്ര്യത്തെക്കാൾ,എന്നെ സംബന്ധിച്ചിടത്തോളം, നിൻറെ പ്രശ്നമാണ് ഗുരുതരം.മനു നിന്നെപ്പറ്റി ചില കാര്യങ്ങൾ എന്നോട് പറഞ്ഞു. അവൾക്ക് എട്ടു വയസ്സാകും മുൻപ് നീ ബലാൽസംഗം ചെയ്തു. വലിയ മുറിവുണ്ടായതിനാൽ ആശുപത്രിയിൽ ചികിൽസിക്കേണ്ടി വന്നു."

മനു അങ്ങനെയാണ് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ ജീവിക്കാൻ എത്തിയത്.

ഗാന്ധി, മനു (വലത്ത്), ആഭ
 
ഹരിലാൽ പിറന്ന് താമസിയാതെ പ്രതിസന്ധികൾക്കിടയിലാണ് ഗാന്ധി നിയമം പഠിക്കാൻ ലണ്ടനിലേക്ക് പോയത്. മൂന്ന് വർഷം കസ്തുർബയും ഗാന്ധിയും കണ്ടില്ല. മകനും കസ്തുർബയും ദൃഢ ബന്ധത്തിലായി. മകൻ ബാരിസ്റ്ററാകാൻ ലണ്ടനിലേക്ക് പോകാൻ ആഗ്രഹിച്ചപ്പോൾ, ഗാന്ധി സമ്മതിച്ചില്ല. പാശ്ചാത്യ രീതിയിലുള്ള പഠനം ബ്രിട്ടീഷ് രാജിനെ തൂത്തെറിയാൻ സഹായിക്കില്ലെന്ന് ഗാന്ധി കരുതി. 1911 ൽ ഇതേ തുടർന്ന് ഹരിലാൽ കുടുംബം വിട്ടു. ഗാന്ധി കുടുംബത്തിന് അറിയാമായിരുന്ന വോറ കുടുംബത്തിലെ ഗുലാബ് ചഞ്ചലിനെ പ്രണയിച്ച് ഹരിലാൽ വിവാഹം ചെയ്തത് 19 വയസിൽ ഗാന്ധിയുടെ എതിർപ്പിനെ വക വയ്ക്കാതെയാണ്. 19 വയസിൽ അച്ഛനായ അബദ്ധം മകൻ ആവർത്തിക്കേണ്ടെന്ന് ഗാന്ധി കരുതി. ഗുലാബുമായി ദക്ഷിണാഫ്രിക്കയിൽ ചെന്ന ഹരിലാലിനോട് ഗാന്ധി ബ്രഹ്മചര്യം ദീക്ഷിക്കാൻ ഉപദേശിച്ചു.

അവിടെ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കെടുത്ത് ഒന്നിച്ചു ജയിലിൽ കഴിഞ്ഞ ഗാന്ധിക്ക് സന്തോഷമായ ചെറിയ കാലത്തിന് ശേഷം പൊരിഞ്ഞ തർക്കം നടത്തി ഹരിലാൽ രാജ്യം വിട്ടു.

1935 ലെ രണ്ടാമത്തെ കത്തിൽ ഗാന്ധി ചോദിച്ചു:
"സത്യം പറയൂ, നീ ഇപ്പോഴും മദ്യപിക്കുന്നുണ്ടോ? വ്യഭിചരിക്കുന്നുണ്ടോ?മദ്യപിക്കുന്നതിലും നല്ലത്, നീ മരിക്കുന്നതാണ്".

ഹരിലാൽ ഇസ്ലാംമതത്തിൽ ചേർന്ന് അബ്‌ദുള്ള ആയത്, 1936 മെയ് 14 നായിരുന്നു. മതം മാറ്റം പൊന്നാനിയിൽ ആയിരുന്നെന്നും നാഗ്പൂരിൽ ആയിരുന്നെന്നും വാദങ്ങളുണ്ട്. അത് പ്രഖ്യാപിച്ചത് മെയ് 29 ന് മുംബൈ ജുമാ മസ്ജിദിൽ ആയിരുന്നു. ഗാന്ധി അപ്പോൾ മൈസൂർ നന്ദി ഹിൽസിൽ ഹരിലാലിൻറെ മകൻ കാന്തി ലാലിനൊപ്പമായിരുന്നു.തനിക്ക് അച്ഛനെ കാണണം എന്നായി കാന്തി ലാൽ. ഗാന്ധി പറഞ്ഞു:
"അവിടെ അവനെ വലയം ചെയ്തിരിക്കുന്ന മുസ്ലിംകൾ നിന്നെ താമസിക്കാൻ അനുവദിക്കില്ല".

ഹരിലാൽ ഒടുവിൽ 

കാന്തിയുടെ ഭാര്യ ആയിരുന്നു, മലയാളി, സരസ്വതി.
ഗാന്ധിയൻ ജി രാമചന്ദ്രൻറെ അനന്തരവൾ. അഭിഭാഷകൻ നെയ്യാറ്റിൻകര എൻ കെ കൃഷ്ണ പിള്ളയുടെയും പത്മാവതി തങ്കച്ചിയുടെയും മകൾ. നാടോടിയായിരുന്ന ഹരിലാൽ, തങ്ങളുടെ വീട്ടിൽ സാത്വികൻ ആയിരുന്നെന്ന് സരസ്വതി പറഞ്ഞിട്ടുണ്ട്.

മതം മാറ്റത്തിന് പിന്നിൽ ജനാബ് സക്കറിയ ആയിരുന്നു, എന്ന് പറയുന്നു. ഗാന്ധിയുടെ നിർദേശ പ്രകാരം, സഹോദരൻ രാംദാസ് ഹരിലാലിനെ ജൂൺ പത്തിന് കണ്ടത്, സക്കറിയയുടെ വീട്ടിലാണ്. അന്ന് ഹരിലാലിനൊപ്പം ബീബി അമതുസ്സലാമും ഉണ്ടായിരുന്നതായി സംശയമുണ്ട്. ഗാന്ധി ആശ്രമത്തിൽ ഉണ്ടായിരുന്ന ബീബിജി, പഞ്ചാബിൽ പട്യാലയിലെ കുലീന മുസ്ലിം കുടുംബത്തിൽ നിന്നായിരുന്നു; മത വിശ്വാസി. റമദാൻ നോമ്പ് മുടക്കിയിരുന്നില്ല. കിടക്കക്കരികിൽ ഖുർ ആൻ. ഗാന്ധിയെ ആത്മീയ പിതാവായും ഗാന്ധി തിരിച്ച് ആത്മീയ പുത്രി ആയും കരുതി. 1946 ഡിസംബർ 26 മുതൽ ജനുവരി 20 വരെ  നവഖാലിയിലെ സിരന്തി ഗ്രാമത്തിൽ അവിടത്തെ മുസ്ലിംകൾക്കെതിരെ ധീരമായി ബീബിജി ഉപവാസം നടത്തി. അവരുമായി ഹരിലാലിനുണ്ടായ ബന്ധത്തിൻറെ ആഴങ്ങൾ അറിയില്ല. ഗാന്ധി ഇതിനെ അനുകൂലിച്ചിരിക്കില്ല. ആറു മാസത്തിനകം ഹരിലാൽ ഹിന്ദുമതത്തിൽ തിരിച്ചെത്തി.

മതം മാറ്റ ശേഷം ഹരിലാൽ ആദ്യമായി സന്ദർശിച്ചത് കൊച്ചിയും കോഴിക്കോടുമാണ്. കൊച്ചിയിൽ, ''ഞാൻ ഇനി മുതൽ ബനിയ അല്ല'' എന്ന് ഹരിലാൽ പറഞ്ഞു. കോഴിക്കോട്ട് നിന്ന് പൊന്നാനിയിലെത്തി. അവിടെ കുടിച്ചു പൂസായി പൊലീസ് പിടിയിലായി.

ഗാന്ധിയുടെ ജീവിതത്തിലെ വലിയ തീരിച്ചടി ആയിരുന്നു, മതം മാറ്റം. 1936 ജൂൺ ഏഴിന് "എൻറെ നിരവധി മുസ്ലിം സുഹൃത്തുക്കൾക്ക്'' എന്ന ഗാന്ധിയുടെ പ്രസ്താവന പുറത്തു വന്നു.അതിൽ നിന്ന് :

"അവൻറെ മതം മാറ്റം ഹൃദയത്തിൽ നിന്ന് വന്നതാണെങ്കിൽ, അതിൽ ലൗകിക പരിഗണനകൾ ഇല്ലായിരുന്നെങ്കിൽ, എനിക്ക് തർക്കം ഉണ്ടാകുമായിരുന്നില്ല. എന്റേത് പോലെ തന്നെ, സത്യസന്ധമായ ഒരു മതം ആയിട്ടാണ് ഞാൻ ഇസ്ലാമിനെയും കാണുന്നത്. ദൈവത്തിന് അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഒറ്റ നിമിഷത്തിൽ ദൈവം പരുഷ ഹൃദയങ്ങളെ മൃദുലങ്ങളാക്കും; പാപികളെ പുണ്യവാന്മാരാക്കും. അവൻ നാഗ്പുർ യോഗത്തിലും വെള്ളിയാഴ്ച പ്രഖ്യാപനത്തിലും ഭൂത കാലത്തെപ്പറ്റി പശ്ചാത്തപിക്കുകയും മദ്യവും കാമവും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അത് എന്നെ ആഹ്ലാദിപ്പിക്കും. എൻറെ മകൻറെ മതം മാറ്റത്തിൽ ഉത്സാഹമുള്ള മുസ്ലിംകൾക്ക് ഇസ്ലാമിനെ സംബന്ധിച്ച എൻറെ വീക്ഷണം നന്നായി അറിയാം. ഒരു ഇസ്ലാമിക സംഘടന എനിക്ക് അയച്ച കമ്പി സന്ദേശം ഇതാണ്: 'താങ്കളുടെ മകനെപ്പോലെ സത്യം അന്വേഷിക്കുന്ന താങ്കളും ലോകത്തിലെ ഏറ്റവും സത്യമുള്ള മതമായി ഇസ്ലാമിനെ ആശ്ലേഷിക്കും എന്ന് പ്രതീക്ഷിക്കുന്നു'

ഹരിലാൽ അബ്ദുല്ല 

''ഇതെല്ലം എന്നെ വേദനിപ്പിക്കുന്നു.ഈ പ്രകടനങ്ങൾക്ക്  പിന്നിൽ ഞാൻ ഒരു മതവികാരവും കാണുന്നില്ല. ഹരിലാലിൻറെ മതം മാറ്റത്തിന്  പിന്നിൽ പ്രവർത്തിച്ചവർ സാധാരണ മുൻകരുതലുകൾ പോലും എടുത്തിരുന്നില്ല എന്നെനിക്ക് തോന്നുന്നു. ഹരിലാലിൻറെ മതം മാറ്റം അവൻ പഴയ പോലെ ഹീനനായി തുടർന്നാൽ, ഹിന്ദു മതത്തിൻറെ നഷ്ടമല്ല. ഇസ്ലാമിൻറെ ദൗർബല്യമായിരിക്കും. മതം മാറ്റം മനുഷ്യനും അവൻറെ ഹൃദയം അറിയുന്ന ദൈവവും തമ്മിലുള്ള വിനിമയമാണ്. ഹൃദയശുദ്ധി ഇല്ലാത്ത മതം മാറ്റം ദൈവത്തിൻറെയും മതത്തിൻറെയും നിഷേധമാണ്. അത് ദൈവത്തെ അംഗീകരിക്കുന്ന ആർക്കും ദുഖമുണ്ടാക്കും .

''ഹരിലാലിനെ അവൻറെ സമീപ ഭൂതകാല പശ്ചാത്തലത്തിൽ, പരിശോധിക്കണമെന്ന് എൻറെ മുസ്ലിം സുഹൃത്തുക്കളോട് ആവശ്യപ്പെടാനാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്. അവൻറെ മതം മാറ്റം ആത്മാർത്ഥതയില്ലാത്ത പ്രവൃത്തിയാണെന്ന് തോന്നിയാൽ അത് അവനോട് തുറന്നു പറയുകയും അവനെ ഉപേക്ഷിക്കുകയും വേണം. അതല്ല, അവന് ആത്മാർത്ഥത ഉണ്ടെന്ന് തോന്നിയാൽ,അവൻ പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ സംരക്ഷിക്കണം. അങ്ങനെ അവൻറെ ആത്മാർത്ഥത അവനെ ദൈവഭയമുള്ള സമൂഹജീവിയാക്കട്ടെ. അമിത മദ്യപാനം അവൻറെ തലച്ചോറിനെ ബാധിച്ചിട്ടുണ്ടെന്നും ശരിതെറ്റുകൾ, സത്യാസത്യങ്ങൾ എന്നിവ സംബന്ധിച്ച അവൻറെ ബോധത്തെ തകർത്തിട്ടുണ്ടെന്നും അവർ അറിയട്ടെ. ഒരു പേര് മാറ്റം കൊണ്ട് അവൻ ദൈവത്തിൻറെ നല്ല ഭക്തൻ ആകുന്നുവെങ്കിൽ, ആ അർത്ഥമുള്ള അബ്ദുള്ളയോ ഹരിലാലോ ആകട്ടെ ".

ഇത് കഴിഞ്ഞ് 1936 സെപ്റ്റംബർ 27 ന് കസ്തുർബയുടെ പേരിൽ ദേവദാസ് എഴുതിയ, 'ഒരു മകന് അമ്മയുടെ തുറന്ന കത്ത്' പത്രങ്ങൾ പ്രസിദ്ധീകരിച്ചു. ചെന്നൈയിൽ മദ്യപിച്ച് ലക്കുകെട്ട് ഹരിലാൽ പൊലീസ് പിടിയിൽ ആയത് പരാമർശിച്ച്, ''ഞങ്ങളുടെ ഞങ്ങളുടെ മകനായി പിറന്ന നീ ഇപ്പോൾ ശത്രുവിനെപ്പോലെയാണ് പെരുമാറുന്നത്'' എന്ന് അവർ ഖേദിച്ചു.തുടർന്ന് അതിൽ എഴുതി:

"ഇപ്പോഴത്തെ നിൻറെ സഞ്ചാരങ്ങൾക്കിടയിൽ അച്ഛനെ നീ വിമർശിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി കേൾക്കുന്നു. നിന്നെപ്പോലെ ബുദ്ധിയുള്ള ഒരാൾക്ക് ഇത് ചേരില്ല.അച്ഛനെ നീ ചീത്ത പറയുമ്പോൾ,നീ സ്വയം അപമാനിതൻ ആകുന്നു. അച്ഛൻറെ ഹൃദയത്തിൽ സ്നേഹം മാത്രമേയുള്ളു. അച്ഛൻ സ്വഭാവ ശുദ്ധിക്ക് വലിയ വില കൽപിക്കുന്നു എന്ന് നിനക്കറിയാം. നീ ഒരിക്കലും അദ്ദേഹത്തിൻറെ ഉപദേശം കേട്ടില്ല. എന്നിട്ടും കൂടെ നിർത്തി നിനക്ക് ആഹാരവും വസ്ത്രവും തന്ന് നിന്നെ പരിചരിച്ചു...

രാംദാസ് ഗാന്ധി 

"എന്തുകൊണ്ട് നീ പൈതൃകം ഉപേക്ഷിച്ചു എന്ന് എനിക്കറിയില്ല. നിൻറെ ഇഷ്ടം. നീ ഒന്നുമറിയാത്ത പാവങ്ങളോട് നിൻറെ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെടുന്നതായി ഞാൻ കേൾക്കുന്നു. നിൻറെ പരിമിതികൾ നീ എന്തുകൊണ്ട് അറിയുന്നില്ല? ഈ മാനസിക നിലയിൽ എന്ത് തീരുമാനമെടുക്കാൻ നിനക്ക് കഴിയും? നീ നിൻറെ അച്ഛൻറെ മകൻ ആയതിനാൽ നിന്നെ ആളുകൾ വിശ്വസിച്ചെന്ന് വരാം. മതം പ്രചരിപ്പിക്കാൻ നീ യോഗ്യനല്ല. ഇങ്ങനെ പോയാൽ നീ ഒറ്റപ്പെടും. വീണ്ടു വിചാരം ചെയ്ത് കാട്ടിയ അബദ്ധത്തിൽ നിന്ന് നീ പിന്മാറണം. നീ മതം മാറിയത് എനിക്ക് ഇഷ്ടപ്പെട്ടില്ല. സ്വയം നന്നാകാൻ പോകുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ നീ ഇനി നന്നാകുമെന്ന് പ്രതീക്ഷയുണ്ടായി. മതം മാറ്റത്തിൽ രഹസ്യമായി ഞാൻ ആഹ്ലാദിച്ചു. ആ പ്രതീക്ഷയുമില്ലാതായി. ബോംബയിൽ ഈയിടെ നിന്നെ പണ്ടത്തെക്കാൾ മോശമായി നിൻറെ അഭ്യുദയ കാംക്ഷികൾ കണ്ടു. അച്ഛൻ ദുഃഖിതനാണ്''.
മണിലാൽ ഗാന്ധി 

കസ്തുർബയുടെ കത്തിലും, മുസ്ലിംകളെ അഭിസംബോധന ചെയ്യുന്ന ചില ഭാഗങ്ങൾ ഉണ്ടായിരുന്നു:

"എനിക്ക് നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ല.എൻറെ മകൻറെ പ്രവൃത്തികൾക്കൊപ്പം നിൽക്കുന്നവരെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ചിന്തിക്കുന്ന നിരവധി മുസ്ലീംകളും ഞങ്ങളുടെ ചിരകാല മുസ്ലിം സുഹൃത്തുക്കളും സംഭവത്തെ അപലപിക്കുന്നു. മുസ്ലിംകൾക്ക് പൊതുവെയും എൻറെ മകന് പ്രത്യേകിച്ചും ഉപദേശം നൽകാൻ കഴിയുമായിരുന്ന ഡോ അൻസാരി ഇന്നില്ല. എനിക്കറിയാത്ത എത്രയോ കുലീനരും സ്വാധീനമുള്ളവരുമായ മുസ്ലിംകൾ വേറെയുമുണ്ട്. അവർ നിങ്ങൾക്ക് വേണ്ട ഉപദേശം തരുമെന്ന് കരുതട്ടെ.

"എൻറെ മകനെ നന്നാക്കുന്നതിന് പകരം ഈ മതം മാറ്റം അവൻറെ നില വഷളാക്കി. നിങ്ങൾ അവനെ ശാസിക്കുകയും മാറ്റിയെടുക്കുകയും വേണം. എൻറെ മകന് മൗലവി പട്ടം കൊടുക്കും വരെ ചിലർ എത്തിയിരിക്കുന്നു.ഇത് മതിയോ? എൻറെ മകനെപ്പോലുള്ളവരെ മൗലവി എന്ന് വിളിക്കാൻ നിങ്ങളുടെ മതം അനുവദിക്കുന്നുണ്ടോ ?

"അവനെ ഇങ്ങനെ ഊതിപ്പെരുപ്പിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് സുഖമാണ് കിട്ടുന്നത്? നിങ്ങൾ അവനെ യഥാർത്ഥ സഹോദരനായി കാണുന്നുവെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. നിങ്ങൾ ചെയ്യുന്നതൊന്നും അവൻറെ നല്ലതിനല്ല. പരിഹാസം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, എനിക്കൊന്നും പറയാനില്ല. നിങ്ങൾക്ക് ഇതിലപ്പുറവും ചെയ്യാം."

ഈ കത്തിന് കാൺപൂരിലെ യോഗത്തിൽ 1936 ഒക്ടോബർ ഒന്നിന് ഹരിലാൽ മറുപടി നൽകി:

"ഞാൻ ഹരിലാൽ അല്ല;അബ്ദുല്ലയാണ്. അത് കൊണ്ട് ആ കത്ത് ഞാൻ സ്വീകരിക്കുന്നില്ല. എൻറെ അമ്മയ്ക്ക് അക്ഷരം അറിയില്ല. ഇങ്ങനെ ഒരു കത്ത് അവർക്ക് എഴുതാൻ കഴിയില്ല. മറ്റാരോ എഴുതിയതാണ്. മതം മാറും മുൻപ്ഞാൻ ചീത്ത കൂട്ടുകെട്ടിൽ ആയിരുന്നു. അവർ മോശമായ പലതും ആവിഷ്കരിച്ചു. ഞാൻ അവയിൽ പങ്കെടുത്തത്, എനിക്ക് വലിയ വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ്. ഇനി എനിക്കൊന്നും പഠിക്കാനില്ല. എനിക്കിനി ഒരാഗ്രഹമേയുള്ളു.-ഇസ്ലാമിന്റെ പ്രവർത്തകനായി മരിക്കുക."

കാൺപൂരിൽ മറ്റൊരു യോഗത്തിൽ, ഹരിലാൽ അബ്ദുല്ല പറഞ്ഞു:
"കഴിഞ്ഞ 30 വർഷത്തിൽ എൻറെ അച്ഛന് എന്നെ മാറ്റാൻ കഴിഞ്ഞില്ല. വെറും നാലു മാസം കൊണ്ട് അദ്ദേഹത്തിൻറെ അനുയായികൾക്ക് എന്നെ എങ്ങനെ മാറ്റാൻ കഴിയും? എൻറെ അമ്മ എനിക്കൊരു കത്ത് എഴുതി. മദ്യപാനം നിർത്താൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് നിർത്താം. എപ്പോൾ? എൻറെ അച്ഛനും അമ്മയും എന്ന് ഇസ്ലാം മതം സ്വീകരിക്കുന്നോ, അന്ന്."

ആര്യസമാജം അതിൻറെ പണി തുടങ്ങിയിരുന്നു. 1936 നവംബർ 12 ന് അബ്ദുല്ല ഹിന്ദു മതത്തിലേക്ക് മടങ്ങി. അദ്ദേഹം ഭാരതീയ ശ്രദ്ധാനന്ദ് ശുദ്ധി സഭയുടെ പ്രവർത്തകനായി ഹീരാലാൽ എന്ന് പേര് മാറ്റി.

ഹരിലാലിൻറെ മനസ്സിലെ മുറിവ് ഉണങ്ങിയിരുന്നില്ല.1937 ഫെബ്രുവരി ഏഴിന് അമ്മയ്ക്ക് എഴുതി:

"ഞാൻ ദീർഘകാല ശേഷമാണ് അമ്മയ്ക്ക് എഴുതുന്നത്. എന്തുകൊണ്ട് എഴുതിയില്ല? ദേവദാസ് ഗാന്ധി ചോദിച്ചിട്ട് അവൻറെ പത്രത്തിൽ (ഹിന്ദുസ്ഥാൻ ടൈംസ് ) പരസ്യ അഭ്യർത്ഥന ഇറക്കിയ അമ്മയ്ക്ക് എന്നോട് യഥാർത്ഥ സ്നേഹമുണ്ടായിരുന്നെങ്കിൽ. എനിക്ക് എഴുതാമായിരുന്നു. അത് ചെയ്തില്ല; ഞാനും എഴുതിയില്ല. പരസ്യ പ്രസ്താവനയ്ക്ക് ഞാൻ പരസ്യ പ്രതികരണം നൽകി. അത് വായിച്ചോ? ഇത്ര വികാരത്തോടെ അമ്മ എന്നാണ് പത്രങ്ങൾക്കെഴുതാൻ തുടങ്ങിയത് ? എനിക്ക് അമ്മയുടെ മനസ്സറിയാം. ആഫ്രിക്കയിൽ നമ്മൾ ഖാൻ കുടുംബത്തിനൊപ്പമാണ് താമസിച്ചത്. അവിടെ മുസ്ലിംകൾ അല്ലാതെ ആരാണ് ഉണ്ടായിരുന്നത്? ഞാൻ എൻറെ പേര് മാറ്റി; ഞാൻ മുസ്ലിം അയാൽ എന്താണ് തെറ്റ് ?".

ദേവദാസ് ഗാന്ധി 

മതം മാറ്റത്തിൽ രോഷാകുലനായിരുന്നു, ഇളയ സഹോദരൻ ദേവദാസ്." പണത്തിനും ഭാര്യയ്ക്കും വേണ്ടിയുള്ള നാടകം" ആണ് അതെന്ന് ദേവദാസ് എഴുതി.

അത് വികാരങ്ങൾ കുത്തിയൊഴുകിയ കാലമായിരുന്നു. എല്ലാം തണുത്ത് ദേവദാസിൻറെ മകൻ രാമചന്ദ്ര ഗാന്ധി 2004 ൽ അദ്ദേഹത്തിൻറെ വാർധക്യത്തിൽ ഇങ്ങനെ എഴുതി:

"ബാപ്പു ( ഗാന്ധി ) ചെയ്തത് മതപരമായി തെറ്റായിരുന്നുവെന്ന് തോന്നുന്നു. യൗവനത്തിൽ തീക്ഷ്ണമായ കാമം കാരണം ഒരു മോശം മകനെ നൽകി ദൈവം ശിക്ഷിച്ചുവെന്ന് അദ്ദേഹം കരുതി. പിതാക്കന്മാർക്ക് അനുസരണയില്ലാത്ത മക്കളെ കൊടുക്കുകയല്ലാതെ വേറെ എത്രയോ കാര്യങ്ങൾ ദൈവത്തിന് ചെയ്യാനുണ്ട് !".

ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ, പിതാവ് മരിക്കുമ്പോൾ രതിയിൽ അഭിരമിച്ച കുറ്റബോധം ഗാന്ധിയിൽ പ്രവർത്തിച്ചിരിക്കാം എന്നെനിക്ക് തോന്നിയിരുന്നു; അദ്ദേഹത്തിൻറെ കൊച്ചു മകനും അത് തോന്നി -മകനെ കാമ സന്തതിയായി കണ്ട് അവനെ നിരന്തരം ശകാരിച്ചു കൊണ്ടിരിക്കുന്നത്, മാനസിക രോഗമാണ്. പ്രായ പൂർത്തിയായാൽ മകൻ സ്വതന്ത്ര വ്യക്തിയാണ്. അയാൾക്ക് അയാളുടെ തിരഞ്ഞെടുപ്പ് ആകാം.

മതപരമായി മാത്രമല്ല, മാനുഷികമായും ഗാന്ധി ചെയ്തത്, തെറ്റാണ്. മക്കൾ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന് ഗാന്ധി ആഗ്രഹിച്ചിരുന്നു. 37 വയസ്സ് മുതൽ ഗാന്ധി ബ്രഹ്മചര്യം ദീക്ഷിച്ചു. അതിൽ ഭാര്യയെ ശാരീരികമായി നിരാകരിച്ചു എന്ന് ഞാൻ ആരോപിക്കുകയില്ല; അത് കസ്തുർബയുടെ വിധി. എല്ലാവർക്കും ഗാന്ധി ആകാൻ പറ്റില്ല. സ്വന്തം ജീവിത ചര്യ മക്കൾക്ക് മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കേണ്ടിയിരുന്നില്ല. ഹരിലാലിൻറെ മനസ്സിൽ ചെറു പ്രായം മുതൽ ഗാന്ധിയുണ്ടാക്കിയ മുറിവ് അയാളെ അരാജകത്വത്തിലേക്ക് നയിച്ചു എന്നാണ് ഹരിലാലിൻറെ ജീവചരിത്രം വായിച്ചപ്പോൾ തോന്നിയത്. ഹരിലാലിൻറെയും മണിലാലിൻറെയും ജീവചരിത്രങ്ങൾ ഗാന്ധിയെ കൂടുതൽ അറിയാൻ സഹായിക്കും. സുധിർ കാക്കർ എഴുതിയ Mira and Mahatma എന്ന നോവൽ, ഗാന്ധി കസ്തുർബയോട് എത്ര മോശമായി പെരുമാറി എന്നറിയാനും സഹായിക്കും. മീര ബെൻ എന്ന പേരിൽ ആശ്രമത്തിൽ വസിച്ചിരുന്ന മാദലിൻ സ്ലേഡും ഗാന്ധിയും തമ്മിലുള്ള ഒൻപത് വർഷത്തെ ബന്ധം കസ്തുർബയുടെ ഭാഗത്തു നിന്ന് കാണുന്നതാണ്, നോവൽ.

ഗാന്ധി രക്തസാക്ഷിയായ 1948 ൽ ഹരി ലാലും മരിച്ചു -ജൂൺ 18 രാത്രി. മുംബൈ കാമാത്തിപുരയിൽ അബോധാവസ്ഥയിൽ കണ്ട അയാൾ മുനിസിപ്പൽ ആശുപത്രിയിലാണ് മരിച്ചത്. ഗാന്ധിയുടെ മകനാണെന്ന് ആശുപത്രിയിൽ അയാൾ പറഞ്ഞില്ല.

ഗാന്ധിയെ ഗോഡ്‌സെ കൊന്ന ദിവസം,ഡൽഹി ഇന്ത്യൻ എക്സ്പ്രസ്' ഓഫിസിൽ ന്യൂസ് എഡിറ്റർ ശാരദാ പ്രസാദിന് മുന്നിൽ, മെലിഞ്ഞ് നീണ്ട ചപ്രച്ഛ മുടിയുള്ള ഒരാൾ കയറി ചെന്നു.

"എനിക്ക് ഒരു അനുശോചനക്കുറിപ്പ് കൊടുക്കാനുണ്ട്", വൃദ്ധൻ പറഞ്ഞു.
"വലിയ ആളുകളുടെ അനുശോചനങ്ങൾ ധാരാളമുണ്ട്", ശാരദാ പ്രസാദ് പറഞ്ഞു.

"കൊല്ലപ്പെട്ടത് എൻറെ അച്ഛനായിരുന്നു", വൃദ്ധൻ പറഞ്ഞു .
അത് ഹരിലാൽ ആയിരുന്നു.

ഹരിലാൽ മരിച്ച ശേഷം ദേവദാസ് 'ഹിന്ദുസ്ഥാൻ ടൈംസ്'-ൽ എഴുതി:
"കൊല നടന്ന് നാല് ദിവസം കഴിഞ്ഞ് അയാൾ എവിടന്നോ ഞങ്ങൾക്കൊപ്പം കരയാൻ ഞങ്ങളുടെ വീട്ടിലെത്തി. രോഗിയായിരുന്നു. പരിചരണം വേണ്ടിയിരുന്നു. ക്ഷീണിതമായ മുഖം ബാപ്പുവിന്റേതിന് സമാനമായിരുന്നു. മുംബൈയ്ക്ക് ട്രെയിൻ കയറുമ്പോൾ മുൻപ് കാണാത്ത ആലസ്യത്തിൽ അയാൾ പറഞ്ഞു: 'നാടോടിയായിരിക്കുകയാണ്, എൻറെ വിധി'".

ഭൂരിപക്ഷം മതം മാറ്റങ്ങളും പോലെ, ഇതും ഉൾവിളി കൊണ്ടായിരുന്നില്ല. ഗാന്ധിയെ അടിക്കാനുള്ള വടിയായി മകനെ ചില മുസ്ലിം കേന്ദ്രങ്ങൾ ഉപയോഗിച്ചു. അധാർമിക ജീവിതം നയിച്ച ഒരാളെ സ്വീകരിക്കാൻ തയ്യാറായ അവർ ചെയ്തതും, നിർബന്ധിത മത പരിവർത്തനത്തിലെ അധാർമികത തന്നെ.
------------------------------------
Reference:
1.Harilal Gandhi: A Life / Chndulal Bhagubhai Dalal
2. Gandhi's Prisoner: The Life of Gandhi's Son Manilal / Dhupelia Masthric
3. Foreword to Translation of Harilal Gandhi: A Life
4. Gandhi's Lost Gem / Nilam Parikh



© Ramachandran





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...