Thursday 20 June 2019

നിരോധിക്കപ്പട്ട ഗാന്ധി

ഗാന്ധി വധത്തിന് മുൻപുള്ള, ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ യുടെ ഒൻപതു മണിക്കൂറുകൾ അധികരിച്ചു സ്റ്റാൻലി വോൾപേർട് എഴുതിയ നോവൽ,’ നയൻ അവേഴ്‌സ് ടു രാമ’ 1962 സെപ്റ്റംബർ ആറിന്  ഇന്ത്യയിൽ നിരോധിച്ചു. ഗാന്ധിക്ക് സർക്കാർ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് അതിൽ വരുന്നുണ്ട്. വധത്തിന്, അധികാര കേന്ദ്രങ്ങൾ ഒത്താശ ചെയ്‌തെന്നും സൂചനയുണ്ട്.
കലിഫോർണിയ സർവകലാശാലയിൽ ചരിത്രത്തിൽ എമെറിറ്റസ്  പ്രൊഫസറായിരുന്ന വോൾപേർട്, സത്യം പറയാനുള്ള പ്രയാസം കൊണ്ട് നോവലിൻറെ വഴി തിരഞ്ഞെടുത്തതാകാം. ഗോഡ്‌സെയെ മറ്റാരോ ഏൽപിച്ച ജോലിയായിരുന്നു അതെന്നു സംശയിക്കുന്നവരുണ്ട്. ഗോഡ്‌സെ ഉപയോഗിച്ച പിസ്റ്റൾ മൗണ്ട് ബാറ്റൺ സേവനം അനുഷ്ഠിച്ച ബർമയിൽ നിർമിച്ചതായിരുന്നു. ഗാന്ധിയുടെ ശരീരത്തിലെ ഒരു വെടിയുണ്ട ഗോഡ്‌സെയുടെ പിസ്റ്റളിൽ നിന്നായിരുന്നില്ല എന്നു വാദിക്കുന്നവരുണ്ട്. ഇതൊക്കെ കണ്ടെത്താൻ, ഗാന്ധിയുടെ ശരീരം പോസ്ററ് മോർട്ടം ചെയ്തിരുന്നില്ല.


1948 ജനുവരി 29 -30  ലെ അവസാന ഒൻപത്  മണി ക്കൂറുകളാണ്,നോവലിൽ.ഗോഡ്‌സെ പെൺ പിടിയനാണെന്ന് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ല.ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഗോഡ്‌സെ സന്യാസ തുല്യമായ ജീവിതം നയിച്ചിരുന്നതായി പറയുന്നു.ഗാന്ധി അവസാനമേ വരുന്നുള്ളു.അതു വരെ, ഗാന്ധി ഒരു ശല്യമാണെന്നും അദ്ദേഹത്തെ ഹിമാലയത്തിലേക്ക് അയയ്ക്കണമെന്നും ചിന്തിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാവിൻറെ കാഴ്ചപ്പാടിലാണ്,ഗാന്ധി വരുന്നത്.ഈ നേതാവ് നെഹ്രുവാണെന്നതിൽ സംശയമില്ല.തീവ്രവാദികൾക്ക് ഗാന്ധി വഞ്ചകനാണ്.ഒരു പൊലീസ് ഓഫിസർക്ക് അദ്ദേഹം,സംരക്ഷിക്കപ്പെടേണ്ട രത്നമാണ്.ഗാന്ധി ഉൾപ്പെടെ  പ്രധാനികൾക്കെല്ലാം,അന്നത്തെ പ്രാർത്ഥനാ യോഗത്തിൽ എന്ത് സംഭവിക്കും എന്നറിയാമായിരുന്നു.ആഖ്യാതാവ്,ഗാന്ധി സ്വയം ധരിച്ചിരുന്നത് പോലെ,ഗാന്ധി പരാജയമായിരുന്നു എന്ന് കരുതുന്നു.അദ്ദേഹത്തിൻറെ വാക്കുകൾക്ക് സന്ദേശവും അർത്ഥവും വിനിമയം ചെയ്യാൻ കഴിഞ്ഞില്ല.ഗാന്ധിയെപ്പോലെ ബ്രിട്ടീഷ് പട്ടാളo നിലത്തെറിഞ്ഞയാളാണ്,നോവലിൽ,ഗോഡ്‌സെ.ശൈശവ വിവാഹം ചെയ്ത ഗോഡ്‌സെയുടെ ഭാര്യ,നോവലിൽ ഒരു വർഗീയ കലാപത്തിനിടയിൽ,ബലാത്സംഗ വിധേയയായി കൊല്ലപ്പെടുന്നു.അയാൾ റാണി മേത്ത എന്ന  വിവാഹിതയുമായും അഭിസാരികയുമായും ബന്ധപ്പെടുന്നു.പൊലീസ് സൂപ്രണ്ട് ദാസ് ,ഗോഡ്‌സെയുടെ പിന്നാലെയുണ്ട്.വധിക്കപ്പെടുമെന്ന് അയാൾ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുമ്പോൾ ഗാന്ധി പറയുന്നു:"അവർ കൊല്ലുന്നത് എൻറെ പാപങ്ങളുടെ പേരിലായിരിക്കും."
മൂന്ന് വെടിയുണ്ടകൾ നിറയൊഴിച്ച ശേഷം,ഗോഡ്‌സെ ഗാന്ധിയുടെ കാൽക്കൽ വീഴുന്നു.
ഗോഡ്‌സെ യഥാർത്ഥത്തിൽ വിവാഹിതനായിരുന്നില്ല.

ചിത്രത്തിൽ നിന്ന് 
ഇതേ പേരിൽ വന്ന സിനിമയും ( 1963 ) നിരോധിച്ചു.
നോവലിൽ, ഗാന്ധി, ഗോഡ്‌സെ, ഗോഡ്‌സെയുടെ സഹായി നാരായൺ ആപ്‌തെ എന്നിവർ ഒഴിച്ചുള്ളവർ ഭാവനാ സൃഷ്ടികൾ ആയിരുന്നു. പുസ്തകം നിരോധിച്ചത് ഇന്ത്യയുടെ ആപ്ത വാക്യമായ ‘സത്യമേവ ജയതേ’ക്ക് വിരുദ്ധമാണെന്ന് വോൾപേർട് നിരീക്ഷിച്ചു. പുസ്തകം മോശമാണെങ്കിൽ അത് സ്വയം നിരോധിച്ചോളും, അദ്ദേഹം പറഞ്ഞു. നിരോധനം നെഹ്രുവിന്റെ മഹത്വത്തിന് നിരക്കുന്നതായിരുന്നില്ല.
താൻ നോവലിൽ സത്യത്തിന് അടുത്തെത്തിയിരുന്നുവെന്ന് പില്കാലത്തു വോൾപേർട് വെളിവാക്കി.
ഹോളിവുഡ്  സംവിധായകൻ  മാർക്ക് റോബ്‌സൺ ആണ്,ട്വന്റിയത് സെഞ്ചുറി ഫോക്സിനായി  ചിത്രം എടുത്തത്. തിരക്കഥ കാട്ടി സർക്കാരിന്റെ അനുവാദം വാങ്ങിയായിരുന്നു ഷൂട്ടിംഗ്. അച്യുത് കന്യ (1936 )എന്ന ചിത്രത്തിന്റെ ഗാന രചയിതാവ് ജമുന സ്വരൂപ് കാശ്യപ് ആയിരുന്നു ഗാന്ധിയുടെ വേഷത്തിൽ. ഡേവിഡ്, അചല സച്‌ദേവ് എന്നിവരും വേഷമിട്ടു. ജർമൻ നടൻ ഹോർസ്റ്റ് ബുക്കോൾസ് ആയിരുന്നു ഗോഡ്‌സെ. ആപ്തെയായി ഡോൺ ബോറിസെങ്കോ.ജി ഡി ബിർളയായി,പി ജയരാജ്.1963 ജനുവരി രണ്ടിന് ചിത്രം രാഷ്‌ട്രപതി ഭവനിൽ നെഹ്രുവിനും അദ്ദേഹത്തിൻറെ മന്ത്രിസഭയിലെ അംഗങ്ങൾക്കും പ്രദർശിപ്പിച്ചു.രാഷ്‌ട്രപതി എസ് രാധാകൃഷ്ണൻ തലേന്ന് കണ്ടു .ഫെബ്രുവരി 23 ന് ലണ്ടനിൽ ഇറങ്ങി.
ചിത്രം നിരോധിച്ചതിനെപ്പറ്റി നെഹ്‌റു, രാജ്യ സഭയിൽ പറഞ്ഞു:”ഗാന്ധിയെയോ ഇന്ത്യയെയോ അപമാനിക്കാൻ ചിത്ര നിർമാതാക്കൾ ശ്രമിച്ചിട്ടില്ല .ഗാന്ധിജി  ചിത്രത്തിൽ ചെറുതായിപ്പോയി . ഗാന്ധിയെ അവതരിപ്പിച്ചയാൾക്ക് അന്തസ്സില്ല”
.

ഭാവനാ സമ്പന്നമായ ചിത്രത്തിൽ,നാരായൺ ആപ്‌തെ,ഗോഡ്‌സെയോട് ഇങ്ങനെ പറയുന്നു:"ഗാന്ധി ശരിക്കും സന്യാസി ആയിരുന്നെങ്കിൽ, അടുത്ത ജന്മത്തിൽ നാം കൃമികൾ ആയിരിക്കും."

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...