Friday, 29 May 2020

ഉള്ളിൽ വിങ്ങുന്ന മഗ്ദലന 


ടി എം അബ്രഹാമിന്റെ നാടക ജീവിതത്തിന് 50 

ടി എം അബ്രഹാമിൻറെ ആദ്യ നാടകം ഞാൻ കണ്ടിട്ടുണ്ട് -1979 ൽ ഏലൂർ ഉദ്യോഗമണ്ഡലിൽ ആയിരുന്നു,അത്.പെരുന്തച്ചൻ' ഐതിഹ്യം ആധാരമാക്കിയുള്ള 'അഹം,അഹം'.എബ്രഹാം തന്നെ സംവിധാനം ചെയ്ത ആ നാടകാവതരണം ഉജ്വലമായിരുന്നു.രണ്ടു താരങ്ങൾ അന്ന് എൻറെ മനസ്സിൽ ഉദിച്ചു;എബ്രഹാമും പെരുന്തച്ചൻ ആയി അഭിനയിച്ച ബാബു നമ്പൂതിരിയും.

യാദൃച്ഛികതകൾ പല തരത്തിൽ സംഭവിക്കും.നാടക കൃത്ത് കെ എസ് നമ്പൂതിരിയുടെ അടുത്ത ബന്ധു എൻ എസ് നമ്പൂതിരിപ്പാടിൻറെ വീട്ടിൽ താമസിച്ചാണ് ആ നാടകം കണ്ടത്.അദ്ദേഹം ഫെഡോയിൽ ഡോകുമെൻറേഷൻ മാനേജർ ആയിരുന്നു;അദ്ദേഹത്തിൻറെ മകൻ സനന്ദകുമാർ എൻറെ കൂടെ അന്ന് മഹാരാജാസ് കോളജിൽ പഠിച്ചിരുന്നു.ഇരുവരും ഇന്നില്ല.നമ്പൂതിരിപ്പാട് മരിച്ചു ഒരു വർഷം തികയുമ്പോഴേക്കും സനന്ദനും വിട വാങ്ങി.ഇക്കണോമിക് ടൈംസിൽ ആയിരുന്നു,സനന്ദൻ.

നമ്പൂതിരിപ്പാട്,ബാബു നമ്പൂതിരിയുടെയും ബന്ധുവായിരുന്നു.നാടകം കണ്ട് വൈകിട്ട് അദ്ദേഹവുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം സി ജെ തോമസിൻറെ കൂട്ടുകാരൻ ആയിരുന്നു എന്നറിയുന്നത്.നമ്പൂതിരിപ്പാടിൻറെ രാമപുരത്തെ വീട്ടിൽ സി ജെ ചെല്ലുമായിരുന്നു.രാമപുരത്തെ ആ വീട്ടിൽ വേറൊരു ഇതിഹാസം ഉണ്ടായിരുന്നു -ലളിതാംബിക അന്തർജ്ജനം.

ഈ നമ്പൂതിരി കുടുംബത്തിൻറെ ചില വിവാഹ ചടങ്ങുകളിൽ വച്ചാണ് കെ എസ് നമ്പൂതിരിയുമായി അടുത്തത്.ഞങ്ങൾക്ക് പൊതുവായ ചില ശീലങ്ങൾ ഉണ്ടായിരുന്നു.നമ്പൂതിരിയുടെ നാടകങ്ങളിൽ മാർക്സിസത്തോട് അടുപ്പമുള്ള ചില വിപ്ലവ അംശങ്ങൾ ഉണ്ടായിരുന്നു.സമസ്യ,സമാവർത്തനം തുടങ്ങിയ നാടകങ്ങൾ ഞാൻ കണ്ടിരുന്നു.ഒന്നിൽ നമ്പൂതിരി യുവാവ് വിഗ്രഹ മോഷ്ടാവാണ്.അക്കാലത്ത് കേശവൻ നമ്പൂതിരി എന്നൊരാൾ വിഗ്രഹം മോഷ്ടിച്ചിരുന്നു.

കെ  എസ് നമ്പൂതിരി ഫാക്ട് സ്‌കൂളിൽ അധ്യാപകൻ ആയതിനാൽ ടി എം അബ്രഹാമിന്റെ സുഹൃത്തായിരുന്നു.അബ്രഹാമിനെപ്പറ്റി ഞാൻ നമ്പൂതിരിയോട് സംസാരിച്ചിട്ടുണ്ടാകാം.അബ്രഹാമിന്റെ അദ്‌ഭുതാങ്കണം,പ്രോമിത്യുസ് തുടങ്ങിയ ഏകാങ്കങ്ങൾ തൃപ്പൂണിത്തുറ അത്തച്ചമയ നാടക മത്സരങ്ങളിൽ വന്നിരുന്നു.

ബാബു നമ്പൂതിരിയുടെ അനുജൻ കെ എൻ ആർ നമ്പൂതിരി പിൽക്കാലത്ത് മനോരമയിൽ എൻറെ സഹപ്രവർത്തകനായി.യാദൃച്ഛികതകൾ ഇങ്ങനെ അവസാനിച്ച ശേഷമാണ്,അബ്രഹാം എൻറെ ജീവിതത്തിലേക്ക് വരുന്നത്.അദ്ദേഹം സരമാഗുവിന്റെ Gospel According to Jesus Christ എന്ന നോവൽ പരിഭാഷ ചെയ്തു.അതിൽ സരമാഗു വർണിച്ച യേശു -മഗ്‌ദലന മറിയം ബന്ധം അബ്രഹാം പരിഭാഷയിൽ ഒഴിവാക്കിയത് ഞാൻ റിപ്പോർട്ട് ചെയ്തു.അത് അബ്രഹാമിന്റെ മനസ്സിൽ നിന്നത് കൊണ്ടാകാം,കൊച്ചിയിൽ ഞാൻ സ്ഥിരമായ ശേഷം അടുപ്പമുണ്ടായത്.

പരിഭാഷയിൽ യേശുവിനെ അബ്രഹാം രക്ഷിക്കാൻ ശ്രമിച്ചതിൽ ഒരു സഭാവിശ്വാസിയെ കാണാം.നമ്പൂതിരിക്ക് മാർക്സിസത്തോട് ഉണ്ടായിരുന്ന ചായ്‌വ് അബ്രഹാമിന് തീരെയില്ല.നാടകത്തിൽ സ്വന്തം രാഷ്ട്രീയം കലർത്താതെ നാടകത്തെ പൂർണമായും നാടകമായി കാണുന്ന അബ്രഹാമിനോടാണ് എനിക്ക് മതിപ്പ്.ഇത്രയും വിദേശ നാടകങ്ങൾ വായിച്ച വേറൊരു മലയാളി എൻ എൻ പിള്ള മാത്രമായിരിക്കും.പിള്ളയുടെ ഒരു നാടകം,ഡാം,അമേരിക്കൻ നാടകകൃത്ത് Thornton Wilder ൽ നിന്ന് ചൂണ്ടിയതാണെന്ന് അബ്രഹാമാണ് എന്നോട് പറഞ്ഞത്.ജി ശങ്കരപ്പിള്ള എഴുതിയ നാടക ചരിത്രത്തിൽ ഇത് പിരാന്തലോയുടെ Six Characters in Search of an Author ൽ നിന്ന് പകർത്തിയതാണെന്ന് പറഞ്ഞത് അബദ്ധമാണെന്ന് പറയുകയായിരുന്നു,അബ്രഹാം.ശങ്കരപ്പിള്ള ഭാവിയിൽ ഓർക്കപ്പെടാൻ ഇടയില്ല എന്ന കാര്യത്തിൽ അബ്രഹാമിനോട് ഞാനും യോജിക്കുന്നു.

അബ്രഹാമുമായി അടുപ്പം ഉറയ്ക്കാൻ കാരണം,വിദേശ നാടക വായനയിൽ എനിക്കുള്ള താൽപര്യമാണ്.സോഫോക്ലിസ് നാടകങ്ങൾ   വായിച്ചതിനാൽ,'അഹം, അഹം' നാടകത്തിലെ കോറസ് എന്നെ അദ്‌ഭുതപ്പെടുത്തി.മലയാള നാടകത്തിൽ കോറസ് വരുന്നത് വരുന്നത് ആദ്യമായിരുന്നില്ല..കാവാലം നാരായണപ്പണിക്കരുടെ 1976 ൽ അരങ്ങിലെത്തിയ 'അവനവൻ കടമ്പ ' മഹാരാജാസിലെ നടുപ്പറമ്പിൽ കണ്ടിരുന്നു.അതിൽ ഗായക സംഘം ഉണ്ടായിരുന്നു.

എന്നാൽ,'പെരുന്തച്ചൻ'എന്ന ഏകാങ്കം ആലുവ യു സി കോളജിൽ അരങ്ങേറാൻ അബ്രഹാം 1975 -1976 ൽ എഴുതി കൊടുക്കുമ്പോൾ അതിൽ കോറസ് ഉണ്ട്.അതിൻറെ വികസിത രൂപമാണ്,'അഹം,അഹം' എന്ന പൂർണ നാടകം.

'അഹം,അഹം' ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാൾ തിരഞ്ഞെടുക്കുന്നത് 'കൊഴുത്ത കാളക്കുട്ടി' പോലെ സ്വാഭാവികം അല്ല.അതിൽ അബ്രഹാം വ്യാഖ്യാനത്തിനൊന്നും മുതിർന്നില്ല.നാടകാവസാനം പെരുന്തച്ചന് ചുറ്റും കോറസ് കൈകൾ വിടർത്തി നിൽക്കുന്ന ഒന്നാന്തരം വിഷ്വൽ ഉണ്ട്.തിരുവനതപുരത്ത് നാടകം കണ്ട ഒ എൻ വി,ഇത് കുരിശായിട്ടാണ് കണ്ടത്.കൂടെയിരുന്ന വൈക്കം ചന്ദ്രശേഖരൻ നായരോട് ഇത് അദ്ദേഹം പങ്കു വച്ചു,വൈക്കം പറഞ്ഞു:"ക്രിസ്ത്യൻ പശ്ചാത്തലമുള്ള ഒരാൾ എഴുതി സംവിധാനം ചെയ്തത് കൊണ്ടാണ്;അത് അങ്ങനെ തന്നെയാണ് വേണ്ടത്."

തനത് നാടകം കേരളത്തിൽ കുരവ ഇട്ടപ്പോൾ അബ്രഹാം കുരുത്തോല വാങ്ങാൻ പോയില്ല;കുരുത്തോലപ്പെരുന്നാളുകൾ ഏറെ കണ്ട സംസ്കാരം അദ്ദേഹത്തിനുണ്ട്;'അഹം,അഹം',തനത് നാടക പ്രയോക്താക്കൾ പറയുന്നത് വച്ച് നോക്കിയാൽ,മലയാളത്തിലെ ആദ്യ തനത് നാടകവുമാണ്.

കൊച്ചി ഭാരതീയ വിദ്യാഭവൻ ഹാളിൽ 1975 ൽ ടി ആർ സുകുമാരൻ നായർ രാവണനായ,സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി' അരങ്ങേറിയത് ഞാനും അബ്രഹാമും കണ്ടിട്ടുണ്ട്.നിന്ന നിൽപിലാണ് സുകുമാരൻ നായർ സംഭാഷണങ്ങൾ ഉരുവിട്ടത്.ചലനം തീരെ ഉണ്ടായിരുന്നില്ല.വേദിയിൽ ചലനമില്ലാതെ നാടകമില്ല.എൻ കൃഷ്‌ണ പിള്ളയുടെ നാടകങ്ങൾ മെച്ചമല്ലെങ്കിലും, അദ്ദേഹത്തിൻറെ നാടക പ്രബന്ധങ്ങൾ ഇഷ്ടപ്പെടുന്നയാളാണ്,അബ്രഹാം.സാഹിത്യ പ്രധാനമായ നാടകങ്ങൾ വേദിയിൽ പരാജയപ്പെടുന്നത് എന്ത് കൊണ്ട് എന്ന് കൃഷ്‌ണ പിള്ള ഒരു പ്രബന്ധത്തിൽ ആരാഞ്ഞിട്ടുണ്ട്.അഭിനയത്തിൻറെ പരിമിതിയാണ് അതിനു കാരണം എന്നദ്ദേഹം പറയുന്നു.അതായത്,നടൻ സാഹിത്യത്തോളം ഉയരുന്നില്ല.അതേ സമയം,അഭിനയത്തിന് പറ്റിയ സാഹിത്യമേ നാടകത്തിൽ പാടുള്ളു എന്നും കൃഷ്‌ണ പിള്ള നിരീക്ഷിക്കുന്നു.

അബ്രഹാം ഇതിനോട് യോജിക്കുന്നു.

നേരത്തെ പറഞ്ഞ സനന്ദനും ഞാനും പണം മുടക്കി നടൻ മുരളിയെ കൊച്ചിയിൽ കൊണ്ട്' വന്ന് പിൽക്കാലത്ത് 'ലങ്കാലക്ഷ്മി ' അരങ്ങേറി.മുരളി ഒറ്റയ്ക്കു സംഭവം ഉജ്വലമാക്കി.രാവണൻറെ സംഭാഷണങ്ങൾ മാത്രം എടുത്ത് ഒറ്റയ്ക്കായിരുന്നു,അഭിനയം.വേദി മുഴുവൻ ചലനമായിരുന്നു.

പടിഞ്ഞാറൻ നാടക സിദ്ധാന്തങ്ങൾ നന്നായി പഠിച്ച അബ്രഹാം,ലോക നാടക വേദി എന്താണോ,അതിനൊപ്പമാണ് നില കൊണ്ടിട്ടുള്ളത്.അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളിലും പരിഭാഷകളിലും അത് കാണാം.സോഫോക്ലിസിൻറെ ഈഡിപ്പസ്,സാമുവൽ ബെക്കറ്റിന്റെ വെയ്റ്റിങ് ഫോർ ഗോദോ,ചിലി നാടക കൃത്ത് ഏരിയൽ ഡോർഫ്‌മാന്റെ Death and the Maiden  എന്നീ നാടകങ്ങൾ അബ്രഹാം അവതരിപ്പിച്ചത് കണ്ട അനുഭവം എന്നെ പഠിപ്പിച്ചതും അതാണ്.സാർത്ര് എഴുതിയ Respectable Prostitute അബ്രഹാം പരിഭാഷ ചെയ്തു.ചിലി നാടകത്തിലും സാർത്ര് നാടകത്തിലും ഒന്നാന്തരം രാഷ്ട്രീയമുണ്ട്.എന്നാൽ അബ്രഹാം ആ രാഷ്ട്രീയമല്ല കാണാറുള്ളത്,അവ തിരഞ്ഞെടുക്കാൻ മറ്റോ എന്താണ് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് .ആ നാടകങ്ങളിലെ രാഷ്ട്രീയം ഞാൻ സംസാരിക്കുമ്പോൾ അബ്രഹാം കാണുന്നത് വേറെ ചില തലങ്ങളാണ്.

അബ്രഹാമിനെ പ്രചോദിപ്പിക്കുന്നത്,ജീവിതത്തിലെ അടിസ്ഥാന തത്വമാണ് എന്നാണ്. നന്മ,തിന്മകൾ തമ്മിലുള്ള പോരാട്ടം എന്ന ബൈബിൾ തത്വവും ആണ് അത്.

അക്രമിയായ ഒരു ഡോക്ടർ നേതൃത്വം നൽകിയ ബലാൽസംഗത്തിന് ഇരയായ പോളിന എന്ന ലാറ്റിനമേരിക്കൻ രാഷ്ട്രീയ തടവുകാരിയാണ് Death and the Maiden -ലെ നായിക.ഇതേ ശീർഷകത്തിൽ ഓസ്ട്രിയൻ സംഗീതജ്ഞൻ ഷൂബറുടെ സംഗീത ശിൽപം നേരത്തേയുണ്ട്.

വർഷങ്ങൾക്ക് ശേഷം,ആ ഏകാധിപതി വീണ ശേഷം, പോളിന ഭർത്താവ് എസ്കോബാറിനൊപ്പം ഒറ്റപ്പെട്ട ഒരു ഗ്രാമത്തിൽ കഴിയുന്നു.പ്രസിഡൻറിനെ കണ്ട് മടങ്ങുന്ന എസ്കോബാറിൻറെ കാറിൻറെ ടയർ പഞ്ചറാകുമ്പോൾ ഡോ മിറാൻഡ എന്ന അപരിചിതൻ സഹായിക്കുന്നു.മിറാൻഡയുടെ ശബ്ദം,ചേഷ്ടകൾ എന്നിവയിൽ നിന്ന് പോളിന അയാളെ ബലാൽസംഗിയെന്ന് തിരിച്ചറിയുന്നു.അവൾ കുറ്റസമ്മതം വാങ്ങാൻ അയാളെ ബന്ദിയാക്കുന്നു.മിറാൻഡയുടെ അഭിഭാഷകനായി ഭാവിച്ച എസ്കോബാർ,മിറാൻഡയുമായി ഒത്ത്,പോളിനയെ ഉന്മാദത്തിൽ നിന്ന് വിടർത്താൻ  കുറ്റസമ്മത മൊഴി തയാറാക്കുന്നു.ഒടുവിൽ അയാളെ മോചിപ്പിക്കാൻ നേരം,അയാൾ ഒട്ടും പശ്ചാത്തപിക്കുന്നില്ല എന്ന് അവൾ അറിയുന്നു.നാടകം അവസാനിച്ചിട്ടും,മിറാൻഡ കുറ്റവാളിയാണോ എന്നോ പോളിന ഭ്രാന്തിയാണോ എന്നോ വ്യക്തമാകുന്നില്ല.എന്നാൽ,അബ്രഹാം നാടകം അവതരിപ്പിച്ചത്,മൂല നാടകത്തിൽ  നിന്ന് ഭിന്നമായി വ്യക്തമായി തന്നെ ആയിരുന്നു.അക്രമിയെ കൊണ്ട് കുറ്റം ഏറ്റു പറയിക്കുന്ന ഇരയെയാണ് അബ്രഹാം കണ്ടത്.

പുരുഷൻ ചൂഷണം ചെയ്ത സ്ത്രീയുടെ കഥയാണ്,അബ്രഹാം വേദിയിൽ എത്തിച്ച ഭീഷ്മ സാഹ്നിയുടെ 'മാധവി'.

വിശ്വാമിത്രൻറെ അടുത്ത് പഠനം കഴിഞ്ഞ ഗാലവനോട് മഹർഷി ഗുരുദക്ഷിണ ചോദിച്ചപ്പോൾ,അദ്ദേഹം ആവശ്യപ്പെട്ടത്,ഒരു ചെവിയിൽ മാത്രം വെളുത്ത പാടുള്ള ആയിരം കുതിരകളെയാണ്.ഗാലവൻ കാട്ടിൽ യയാതിയുടെ അടുത്ത് പോയി യാചിച്ചു.എല്ലാം ദാനം ചെയ്ത് സന്യാസത്തിന് കാട്ടിൽ എത്തിയ യയാതി,മാധവി എന്ന മകളെ ഗാലവന് ദാനം ചെയ്തു.അവൾക്കുണ്ടാകുന്ന സന്താനങ്ങൾ ചക്രവർത്തിമാരാകും,അങ്ങനെ'കുതിരകളെ കിട്ടും.

ഗാലവൻ, മാധവിയെ മൂന്ന് രാജാക്കന്മാർക്ക് കാഴ്ച വച്ചു.അവരിൽ കുട്ടികൾ ഉണ്ടായി.അവളെ ഉപയോഗിച്ച'രാജാക്കന്മാരിൽ നിന്ന് ആയിരം കുതിരകളെ'കിട്ടി ;ഗാലവന് മന്ത്രി പദവും.അപ്പോൾ അയാൾ മാധവിയെ ഉപേക്ഷിച്ചു.അവൾ വനവാസത്തിലായി.മനസ്താപം വന്ന് അയാൾ കാട്ടിൽ എത്തിയപ്പോൾ,മാധവിയെ വൃക്ഷങ്ങൾ മൂടി.ഇനി നിങ്ങൾക്കൊപ്പം ഞാനില്ല എന്ന് പറഞ്ഞ് മാധവി അയാളെ നിരാകരിക്കുമ്പോൾ,നാടകം പൂര്ണമാകുകയും,ഫെമിനിസം നമ്മുടെ പൈതൃകമാണ് എന്ന് വ്യക്തമാകുകയും ചെയ്യുന്നു.



അബ്രഹാം പരിഭാഷ ചെയ്ത സാർത്ര് നാടകവും ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയുടെ കഥയാണ്.

പാപ ബോധവും സ്നേഹവും വ്യക്തി സത്തയിലേക്ക് വളരാനുള്ള ശ്രമവുമൊക്കെ ഉൾക്കൊള്ളുന്നതാണ്,സാർത്രിന്റെ നാടകം.അസ്തിത്വ ദർശനത്തിൽ ഉറച്ച്,കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കമ്മിസാർ ഭരണത്തിന് എതിരെ കലഹിക്കുമ്പോഴും,മാർക്സിസത്തിൽ ഉറച്ചു നിന്ന്,ആ ദർശനം വിശദീകരിക്കാനാണ്,സാർത്ര് നോവലും നാടകവും എഴുതിയത്.അമേരിക്കൻ കഥാപാത്രങ്ങളെ വച്ച്,അമേരിക്കയിൽ നടക്കുന്ന ഒരു\നാടകമാണ്,ഇത്.രണ്ടാം ലോക യുദ്ധത്തിൻറെ നായകനായ അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റ്,സി ജെ തോമസിൻറെ 'ക്രൈം 1128 ൽ 27' എന്ന നാടകത്തിൽ എന്ന പോലെ ഇതിൽ പരാമർശിക്കപ്പെടുന്നു.അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി കമ്മ്യൂണിസ്റ്റുകൾക്കുള്ള വിമർശനവും അസ്തിത്വ വാദവും കൂടിക്കലർന്നതാണ്,നാടകം.

വേശ്യയായ ലിസി,അവളെ ഇരുട്ടിൽ പ്രാപിച്ച അമേരിക്കൻ സെനറ്ററുടെ മകൻ ഫ്രെഡ്,അയാളുടെ സുഹൃത്തുക്കളായ ജോൺ,ജെയിംസ് എന്നീ പൊലീസുകാർ,തീവണ്ടിയിൽ ലിസിക്ക് നേരെ നടന്ന ബലാൽസംഗത്തിന് ദൃക്‌സാക്ഷി ആയ നീഗ്രോ,സെനറ്റർ ക്ളർക് എന്നിവരാണ് കഥാപാത്രങ്ങൾ.നീഗ്രോ,നീഗ്രോ ആയതിനാൽ,പേരില്ല.

സാർത്ര് നാടകത്തിലും ഒടുവിൽ നായിക വഞ്ചിക്കപെടുന്നു.അവർ ധനികർ പറയുന്നിടത്ത് ഒപ്പിടുന്നു.അവസരം കിട്ടിയിട്ടും നീഗ്രോ വെള്ളക്കാരനെ കൊല്ലുന്നില്ല.

അങ്കിൾ സാമിനെ ഇതിൽ  യേശുവിനെ പോലെയാണ് സെനറ്റർ അവതരിപ്പിക്കുന്നത്;ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകൾ അമേരിക്കയെ കളിയാക്കി വിളിക്കുന്ന പേരാണ് അത്.

സാർത്ര് അങ്ങനെ നാടകത്തിൽ ബലി കഴിച്ചത്,അദ്ദേഹത്തിലെ മാർക്സിസ്റ്റിനെയാണ്.ലിസി നീഗ്രോയ്ക്ക് ഒപ്പം നിന്നാലേ,മാർക്സിസ്റ്റ് രാഷ്ട്രീയം ശരിയാകൂ.അവൾ നിൽക്കുന്നില്ല.അവൾ എപ്പോഴും ബൂർഷ്വയ്ക്ക് വഴങ്ങുന്നു.അമേരിക്കൻ പൈതൃകം വരുമ്പോൾ ബൂർഷ്വയുടെ കൂടെയാണ്.അവൾക്ക് ഫ്രഡിനെ കൊല്ലാം,നീഗ്രോയെ കൊണ്ട് കൊല്ലിക്കാം.നീഗ്രോ പോലും വെള്ളക്കാരനെ കൊല്ലില്ല എന്ന് പറയുന്ന പ്രോലിറ്റേറിയൻ ദൗർബല്യത്തിലാണ് നാടകം ഒടുങ്ങുന്നത്.പാവം വേശ്യയെയും കറുത്ത വർഗക്കാരനെയും സാർത്രും വഞ്ചിച്ചു.മാർക്‌സിസം ആഗോളമായി തൊഴിലാളിയെ വഞ്ചിച്ച് ചങ്ങാത്ത മുതലാളിത്തത്തിന് ഒപ്പം നിന്നതിൻറെ ആദ്യ മാതൃകയായി ഈ നാടകം.

ഭീഷ്മ സാഹ്നിയുടെയോ ചിലി നാടക കൃത്തിൻറെയോ സാർത്രിന്റെയോ രാഷ്ട്രീയം അന്വേഷിച്ചിട്ടല്ല,അബ്രഹാം മൂന്ന്  സ്ഥലങ്ങളിൽ നിന്ന് സ്ത്രീകളായ  ഇരകളെ തിരഞ്ഞെടുത്തത്.മാർക്സിസം പോലെ ലോകത്ത് തിന്മകൾ വിതയ്ക്കുകയും ഏകാധിപതികളെ സൃഷ്ടിക്കുകയും ചെയ്ത വേറൊരു പ്രത്യയ ശാസ്ത്രം,ഫാഷിസം മാത്രമേയുള്ളു.ആ പ്രത്യയ ശാസ്ത്ര അസംബന്ധങ്ങളിലേക്കും അബ്രഹാം കടന്നില്ല.രാഷ്ട്രീയ നാടകങ്ങളല്ല,ജീവിത നാടകങ്ങളാണ്,നാടകീയ മുഹൂർത്തങ്ങളാണ്,അദ്ദേഹം തിരഞ്ഞത്.പ്രപഞ്ച നാടകത്തിലെ നന്മ'തിന്മകളാണ്,അദ്ദേഹത്തെ പ്രചോദിപ്പിച്ചത്.പ്രപഞ്ച നാടകത്തിലെ ഏറ്റവും വലിയ മുഹൂർത്തം രചിച്ച യേശു,വിനെ രാഷ്ട്രീയ നേതാവായി എനിക്ക് കാണാം.അന്നത്തെ രാഷ്ട്രീയ നേതൃത്വത്തോട് കലഹിച്ചയാളാണ് യേശു.അത് കൊണ്ടാണ്,അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്.അത് കൊണ്ടാണ്,ഹീബ്രു,ലാറ്റിൻ,ഗ്രീക്ക് എന്നീ മൂന്ന് ഭാഷകളിൽ INRI എന്ന് എഴുതി വച്ചത്.അതിൻറെ പൂർണ രൂപം Iesus Nazarenus, Rex Iudaeorum.ഇത് ഇംഗ്ലീഷിൽ,Jesus the Nazarene, King of the Jews.
ജൂതന്മാരുടെ രാജാവ് എന്ന് മുദ്ര'കുത്തുകയായിരുന്നു.പരീശന്മാരെ യേശു കൈകാര്യം ചെയ്തപ്പോൾ അത് കൊണ്ടത്,രാഷ്ട്രീയ നേതൃത്വത്തിൻറെ നെഞ്ചിലായിരുന്നു.

എന്നാൽ,അബ്രഹാം എന്നെപ്പോല ഈ രാഷ്ട്രീയം കാണുകയില്ല,അതിൻറെ ആവശ്യവുമില്ല.എന്നാൽ,യേശുവിൻറെ പ്രപഞ്ച നാടകത്തിലെ തിന്മയുമായുള്ള പോരാട്ടം,സാത്താനും ദൈവവും തമ്മിലുള്ള സംഘർഷം,അദ്ദേഹം സദാ കാണുകയും ചെയ്യും.അങ്ങനെ യേശുവിൻറെ രാഷ്ട്രീയമാണ്,അബ്രഹാമിന്റെ നാടകങ്ങളിലെ രാഷ്ട്രീയം;ഉള്ളിൽ മഗ്ദലന മറിയം വിങ്ങുന്നതു കൊണ്ടാണ്,അബ്രഹാം സ്ത്രീകളായ മൂന്ന് ഇരകളെ വേദിയിൽ കൊണ്ടു വന്നത് എന്ന് ഞാൻ കാണുന്നു.മഗ്‌ദലന സത്യത്തിൽ മേരി ജീവിച്ച'സ്ഥലമാണ്.വേശ്യകളെ കല്ലെറിഞ്ഞു കൊന്ന പാപികൾ ജീവിച്ച സ്ഥലം.അവിടെ ഒഴുകിയ നന്മയുടെ തെളിനീരുറവ ആയിരുന്നു,യേശു.അതിനാൽ,സരമാഗുവിന്റെ ആരോപണം വെട്ടിയ അബ്രഹാമിന്റെ പ്രവൃത്തിയും ശരിയായ രാഷ്ട്രീയമാണ്.പോർച്ചുഗീസുകാരനാണ് ഹോസെ സരമാഗു.കേരളത്തിൽ കൂട്ടക്കൊല നടത്തിയ വാസ്കോ ഡ ഗാമയുടെ നാട്ടുകാരൻ.ഗാമയെയും എതിർക്കുന്നതാണ്,ശരിയായ രാഷ്ട്രീയം.

രാഷ്ട്രീയം അതായി തന്നെ കൈകാര്യം ചെയ്ത ഒരു നാടക കൃത്ത് നമുക്കുണ്ട് -സി ജെ തോമസ് .അതു കൊണ്ട് 'വിഷ വൃക്ഷം' കൂടിയുണ്ടായി. അദ്ദേഹത്തിൻറെ പരിഭാഷകളിൽ  ഗ്രീക്ക് ഹാസ്യ  നാടകമായ അരിസ്റ്റോഫനീസിന്റെ 'ലിസിസ്ട്രാറ്റ'കൂടി വന്നതും അത് കൊണ്ടാണ്.ഗ്രീക്ക് ഹാസ്യ നാടകം നിലവിലുള്ള ഭരണത്തിൻറെ വിമർശനമായിരുന്നു.എന്നാൽ,നാടക രാഷ്ട്രീയം അന്തർ നാടകമാവുന്നതാണ് എപ്പോഴും നല്ലത്.മലയാള'നാടക വേദിയിൽ അബ്രഹാമിന്റെ സ്ഥാനം അതിനാൽ,സി ജെ യിൽ നിന്ന് ഭിന്നമാണ്. അകാലത്തിൽ വിടവാങ്ങിയതിനൊപ്പം,സി ജെ  പ്രായോഗിക രാഷ്ട്രീയത്തിൻറെ ദൈനം ദിന ചന്തയിൽ അവസാന കാലം സർഗ്ഗ ശേഷി ധൂർത്തടിച്ചതും അതിന് കാരണമാണ്.അടിയന്തരാവസ്ഥക്കാലത്താണ് അബ്രഹാം 'പ്രോമിത്യുസ്' എഴുതിയത് എന്നതിനാൽ,ആ രാഷ്ട്രീയം കാണാതിരിക്കാനും കഴിയില്ല.


© Ramachandran 





No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...