Showing posts with label ആനി ബസന്റ്. Show all posts
Showing posts with label ആനി ബസന്റ്. Show all posts

Thursday 10 September 2020

ആനി ബസന്റ് കോഴിക്കോട്ട് കണ്ടത്

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

3.ആനി ബസന്റ് കോഴിക്കോട്ട് കണ്ടത് 

സ്രത്ത് മൊഹാനി പ്രസംഗത്തിൽ ചെയ്തത്,അലി സഹോദരരാൽ പ്രചോദിതമായി കറാച്ചി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻറെ ലക്ഷ്യം ഖിലാഫത്ത് സമ്മേളനത്തിൽ പ്രകടമാക്കുക എന്നതായിരുന്നു.ഇസ്ലാം അഹിംസയ്ക്ക് എതിരാണെന്ന് എല്ലാവർക്കും അറിയാവുന്ന സത്യം മൊഹാനി വിളിച്ചു പറയുകയാണ്.സ്വരാജ് ഒരു വർഷത്തിനകം നേടുമെന്ന് ഗാന്ധി വാക്ക് നൽകിയതായി മറ്റൊരു പ്രസംഗത്തിൽ മൊഹാനി പറയുകയുണ്ടായി.അതിനാൽ കലാപം പ്രഖ്യാപിക്കുന്നത് നിയമപരമാണ്.മറ്റൊരു നയവ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടിയത്,ഭയാനക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് അകറ്റുന്നതുമാണ്.

അഫ്ഗാനിസ്ഥാൻ വിശുദ്ധ യുദ്ധത്തിൻറെ ഭാഗമായി ഇന്ത്യയെ ആക്രമിച്ചാൽ,അവരെ എതിരിടാൻ മുസ്ലിംകൾക്ക് ബാധ്യതയുണ്ടെന്നും ഹിന്ദുക്കൾ സഹകരിക്കാതിരുന്നാൽ അവരെയും എതിരിടുമെന്നും അലി സഹോദരർ പറഞ്ഞിരുന്നു.അതിനാൽ,ഗാന്ധി ഖിലാഫത്തുകാരുമായി ചേർന്നപ്പോൾ,ആലാപമുണ്ടായാൽ ഹിന്ദു പിന്തുണ ഖിലാഫത്തുകാർക്ക് ഉറപ്പായിരുന്നു.മുസ്ലിംകളും ഹിന്ദുക്കളും തമ്മിലുള്ള തർക്കത്തിൽ ഗാന്ധിയുടെ നിലപാട് അവർക്ക് അനുകൂലമായിരുന്നു.ഇസ്ലാമിക ശാസനങ്ങൾക്ക് കീഴ്‌പെടാനാണ് ഗാന്ധി ഹിന്ദുക്കളെ ഉപദേശിച്ചത്.മുസ്ലിംകളുടെ ഗോഹത്യയ്ക്ക് ഹിന്ദുക്കൾ എതിര് നിൽക്കേണ്ടെന്ന് ഗാന്ധി ഉപദേശിച്ചു.അതിൽ ഇളവ് കൊടുത്ത് ഇസ്ലാമിക സഹനത്തിൽ വിശ്വസിക്കുക.ഹിന്ദുക്കളുടെ ആഘോഷാവസരങ്ങളിൽ മുസ്ലിം പള്ളികൾക്ക് അടുത്ത് കൂടെ ഘോഷയാത്രകൾ ഗാന്ധി വിലക്കി.ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി പഠിക്കാൻ ഉപദേശിച്ചു.തർക്ക വിഷയങ്ങളിൽ എല്ലാം ഇസ്ലാം വികാരത്തിന് അടിപ്പെടുക.മാപ്പിള അതിക്രമങ്ങളിൽ ഗാന്ധി സ്വീകരിച്ച സമീപനം,ഈ കീഴടങ്ങലിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഗാന്ധി ഖിലാഫത്തുമായി ചേർന്നത് മലബാറിൽ ക്രൂരമായ ഫലങ്ങൾ ഉണ്ടാക്കി.ഗാന്ധിയിലും അനുയായികളിലും ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള ഹിന്ദു പിന്തുണയിലും വിശ്വസിച്ച്,വിശുദ്ധ യുദ്ധത്തിൽ തുണച്ചില്ലെങ്കിൽ ഹിന്ദുക്കൾ ശത്രുക്കൾ എന്ന ഉദ്ബോധനത്തെ ആശ്രയിച്ച് ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാൻ നിന്ന മുസ്ലിംകൾ,ഹിന്ദുക്കൾ ബ്രിട്ടനോട് കൂറ് കാട്ടിയപ്പോൾ ക്ഷുഭിതരായി.ഇതിൻറെ ഫലമായി,സായുധരും സംഘടിതരുമായി മാപ്പിളമാർ അപ്രതീക്ഷിതമായി ഹിന്ദുക്കളെ നേരിട്ടു.അപ്പോൾ നടന്ന അതിക്രമങ്ങൾ കുപ്രസിദ്ധമാകയാൽ വിവരിക്കുന്നില്ല.അവർ ഹിന്ദുക്കളെ വെട്ടി അറുത്തു;മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.

മാപ്പിള ലഹളയിൽ സ്ത്രീകൾക്കെതിരായ എതിരായ അക്രമം അത് വരെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു.ഓഗസ്റ്റ് 20 നാണ് അത് തുടങ്ങിയത്.സെപ്റ്റംബർ ആറു വരെ അക്രമം അരങ്ങേറി.അന്ന് വൈസ്രോയ് റീഡിങ് പ്രഭു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

വൈസ്രോയിയുടെ പ്രസംഗം:

"ഏതാനും ബ്രിട്ടീഷുകാരും നിരവധി ഹിന്ദുക്കളും കൊല്ലപ്പെട്ടു.വാർത്താ വിനിമയ സൗകര്യങ്ങൾ വിച്ഛേദിച്ചു.സർക്കാർ ഓഫിസുകൾ കത്തിച്ചു,കൊള്ള ചെയ്‌തു,രേഖകൾ നശിപ്പിച്ചു.ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചു.ബ്രിട്ടീഷുകാരുടെയും ഹിന്ദുക്കളുടെയും വീടുകൾ തീ വച്ചു.ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മതം മാറ്റി.തെക്കേ ഇന്ത്യയിലെ ഏറ്റവും ഫല പുഷ്ടിയുള്ള പ്രദേശം ക്ഷാമ ബാധിതമായി.സർക്കാർ ഭരണം തൽക്കാലം നിലച്ചു.ഓഫിസുകളും കോടതികളും പ്രവർത്തിക്കാതായി.കച്ചവടം നിലച്ചു.

"എല്ലാ തരത്തിലും പെട്ട യൂറോപ്യൻ,ഹിന്ദു അഭയാർത്ഥികൾ കോഴിക്കോട് കേന്ദീകരിച്ചു.അവർ സുരക്ഷിതരാണ്.കോഴിക്കോട് സംരക്ഷിക്കാൻ സേനയുണ്ടായിരുന്നില്ലെങ്കിൽ എന്തായിരുന്നേനെ എന്നാലോചിക്കുമ്പോൾ നടുങ്ങുന്നു.ഈ ഭാഗത്തെ അമുസ്ലിംകളുടെ വീടും സ്വത്തും ജീവനും പട്ടാളവും പോലീസും സംരക്ഷിച്ചു.ഈ ഭീകരതയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷിക്കുക തന്നെ വേണം.

റീഡിങ് പ്രഭു 

"പ്രത്യക്ഷ ഉത്തരവാദിത്തത്തിന് പുറമെ മറ്റൊന്നുണ്ട്.പാവപ്പെട്ടവരും നിർഭാഗ്യവാന്മാരുമായ മനുഷ്യരെ വഴി തെറ്റിച്ച് നിയമത്തെയും അധികാരത്തെയും ലംഘിക്കാനും അക്രമം നടത്താനും പ്രേരിപ്പിച്ചു.രാജ്യത്തിൻറെ പല ഭാഗത്തും പലപ്പോഴും ഉണ്ടായ മത ഭ്രാന്തിൽ ആധാരമായ കലാപങ്ങളുടെ വലിയ രൂപമായിരുന്നു,ഇത്.ഞാൻ എന്നോട് തന്നെയും നിങ്ങളോടും രാജ്യത്തോടും ചോദിക്കട്ടെ -ഇത്തരം സിദ്ധാന്തങ്ങൾ ജനമനസ്സിൽ കുത്തി വച്ചാൽ മറ്റെന്താണ് ഫലം ?വികാരങ്ങൾ ആളിക്കത്തിക്കുന്ന, മനഃപൂർവമായ വ്യാജ പ്രസ്താവനകളുടെ സത്യം ഉരച്ചു നോക്കാൻ കഴിയാത്ത അജ്ഞരായ മനുഷ്യരെ അക്രമത്തിലേക്ക് വഴി തെറ്റിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാവുന്നത് എങ്ങനെ ? വികാരങ്ങൾ കത്തി യുക്തിയില്ലാത്ത രോഷത്തിൽ എത്തുകയാണ്.

"അധികാരത്തെ തളർത്താനുള്ള ഈ പ്രസ്ഥാനത്തിൻറെ നേതാവ് അഹിംസയുടെ പ്രവാചകനാണ്.അക്രമത്തിൽ ഏർപ്പെടുന്നവരെ ശാസിക്കാറുണ്ട്.അദ്ദേഹത്തിൻറെ സിദ്ധാന്തവും പ്രബോധനവും,വികാരങ്ങളെ ആളിക്കത്തിക്കുമ്പോൾ വിസ്മരിക്കപ്പെടുന്നു.

"ഉത്തരവാദിത്തമുള്ളവർക്കും ബോധമുള്ളവർക്കും ഒന്നറിയാം -സർക്കാരിനും അധികാരത്തിനും എതിരായ അട്ടിമറി സമരം,ക്രമസമാധാന തകർച്ചയ്ക്കും രാഷ്ട്രീയ കാലുഷ്യത്തിനും അരാജകത്വത്തിനും നാശത്തിനും വഴിവയ്ക്കും."

അതിക്രമങ്ങൾ,പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ നടന്നത്,വിവരണത്തിനപ്പുറമാകയാൽ,ഈ പുസ്തകത്തിൽ പറയുന്നില്ല.നൂറുകണക്കിന് സംഭവങ്ങളിൽ നിന്ന് ഇംഗ്ലീഷ്,പ്രാദേശിക പത്രങ്ങളിൽ വന്ന ചിലത് മാത്രം പറയാം.

ആനി ബസന്റ് ഗാന്ധിക്കൊപ്പം / മദ്രാസ്,1921 

ആനി ബസന്റ് 1921 ഡിസംബർ ആറിന് 'ന്യൂ ഇന്ത്യ'യിൽ എഴുതിയ ലേഖനം:

മലബാറിൻറെ ദുഃഖം 

ആനി ബസന്റ് 

ഗാന്ധിയും അദ്ദേഹത്തിൻറെ പ്രിയ സഹോദരർ മുഹമ്മദ്,ഷൗക്കത്ത് അലിമാരും നടത്തിയ പ്രബോധനങ്ങൾ മലബാറിൽ വരുത്തിവച്ച ഭീകരതകൾ കാണാൻ ഗാന്ധിയെ തന്നെ അങ്ങോട്ട് കൊണ്ട് പോകേണ്ടതാണ്.ഗാന്ധി തീരുമാനിച്ച ഓഗസ്റ്റ് ഒന്നിന് തന്നെ അവർ ഖിലാഫത്ത് രാജ് സ്ഥാപിച്ചു.ഒരു പോലീസ് ഇൻസ്പെക്റ്ററെ വളഞ്ഞ് ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തി.അന്ന് മുതൽ അവർ നിരോധിച്ച ആയിരക്കണക്കിന് യുദ്ധക്കത്തികൾ രഹസ്യമായി ഉണ്ടാക്കി ഒളിപ്പിച്ചു.കലാപം പൊട്ടിപ്പുറപ്പെട്ട പോലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫിസുകളിലും അവർ ഖിലാഫത്ത് പതാകകൾ ഉയർത്തി.മലബാറിൽ ഒരു ഓഗസ്റ്റ് 25 നാണ് ചേരമാൻ പെരുമാൾ ആദ്യ സാമൂതിരിയായി സിംഹാസനമേറിയത് എന്നത് വിചിത്രമാണ്.അന്ന് മുതൽ ഒരു മലയാള വർഷം തുടങ്ങി.അങ്ങനെ 1096 വർഷം സാമൂതിരിമാർ ഭരിച്ചു.മറ്റ് രാജാക്കന്മാർ അദ്ദേഹത്തെ തലവനായി കാണുന്നു.ഇവരെ ആശ്രയിച്ചാണ് ശരിക്കും മലബാറിലെ സമാധാനം നിൽക്കുന്നത്.ഇവരെ സുരക്ഷിത സ്ഥാനത്ത് കണ്ടാലേ അഭയാർത്ഥികൾ തിരിച്ചു വരൂ.ഇവരുടെ ഭൂമിയിൽ കൃഷി ചെയ്യുന്നത് മാപ്പിളമാരാണ്.അത് അവർ കൈവശം വയ്ക്കുന്നു.അവർ അധ്വാനിക്കുന്ന കർഷക തൊഴിലാളികളാണ്.

ഞാൻ കോഴിക്കോട്ടും പാലക്കാട്ടും വേഗത്തിൽ നടത്തിയ സന്ദര്ശനത്തിനിടയിൽ നടന്ന പൊതുയോഗങ്ങളുടെ റിപ്പോർട്ട് എൻറെ ലേഖകർ അയച്ചിട്ടുണ്ട്.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും നടത്തിയ പ്രഖ്യാപനങ്ങളിൽ നിന്ന് ബ്രിട്ടീഷ് രാജ് പോയി സ്വരാജ് വരുന്നു എന്നാണ് മാപ്പിളമാർ മനസ്സിലാക്കിയത്.അതേ തുടർന്ന് അവർ സർക്കാർ സ്ഥാപനങ്ങൾ ആക്രമിച്ചു.ചോരപ്പുഴ ഒഴുകി.ആ കഥയാണ് ഇവിടെ പറയുന്നത്.

ബ്രിട്ടൻ ഇസ്ലാമിന്റെ ശത്രുവാണെന്നും അത് വീഴുകയാണെന്നും വിജയിക്കുകയാണെന്നുമുള്ള ഖിലാഫത്തുകാരുടെ സന്ദേശം എല്ലാ വീടുകളിലും എത്തി.മുസ്ലിം പള്ളികളിലെ മത വെറി നിറഞ്ഞ പ്രഘോഷങ്ങൾ അത് പടർത്തി.മുസ്ലിം ഹൃദയങ്ങൾ ആഹ്ളാദിച്ചു.നിസ്സഹകരണക്കാർ മുസ്ലിം മതനേതാക്കളോട് സഹായം ചോദിക്കുന്നത് അവർ കണ്ടു.അവർ രണ്ടിനെയും ഒന്നായി കണ്ടു.സർക്കാർ ചെകുത്താനും ഇബിലീസുമായി.അതിനെതിരെ അവർ മരണം വരെ പോരാടാൻ ഉറച്ചു.നിസ്സഹകരണക്കാർക്ക് ഉത്തരവാദിത്തമില്ലെന്ന് ഗാന്ധിക്ക് സൗകര്യം പോലെ പറയാം.വസ്തുതകൾ അങ്ങനെയല്ല.ബോംബയിലെ രക്തച്ചൊരിച്ചിലിൻറെ ഉത്തരവാദിത്തം ഗാന്ധി ഏറ്റു.മലബാറിലെ കശാപ്പ് ആ ഉത്തരവാദിത്തം വിളിച്ചു പറയുന്നു.അവിടെ നിസ്സഹകരണം മരിച്ചു.തെസ്യൂസിൻറെ പല്ലുകളിൽ നിന്ന് പോരാളികൾ ഉയിർക്കും പോലെ,വിദ്വേഷം മലബാറിൽ ഉയിർത്തു.ഇതാണ് ഗാന്ധിസവും നിസ്സഹകാരികളുടെ ഖിലാഫത്തിസവും പ്രചരിപ്പിച്ചതിൻറെ ഫലം.

എല്ലാവരും ഖിലാഫത്ത് രാജിനെപ്പറ്റി സംസാരിച്ചു.അത് സർക്കാർ അടിച്ചമർത്തുന്നതിലാണ് ജന പ്രതീക്ഷ.സർക്കാർ നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെടാനാണ് ഗാന്ധി മിതവാദികളെ പ്രേരിപ്പിക്കുന്നത്.അവശേഷിച്ച ജീവനുകളെപ്പോലും കൊല്ലാൻ ചെന്നായ്ക്കളെ അഴിച്ചു വിടണമെന്ന് അർഥം.മിതവാദികൾ,നിസ്സഹകാരികളുടെ സർക്കാരിനെ മരവിപ്പിക്കൽ നയം നടപ്പാക്കിയ കൊലപാതകികൾക്കും കൊള്ളക്കാർക്കും ബലാൽസംഗികൾക്കും ഒപ്പമല്ല.അവർ സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ആശുപത്രിയിൽ ശ്വാസം മുട്ടി മരിക്കാൻ കിടന്ന ഒരു രോഗിയുടെ മാപ്പിള വികാരത്തെപ്പറ്റി ഗാന്ധി എന്ത് പറയുന്നു ?

താൻ മരിക്കുമോ എന്ന് അയാൾ ഡോക്റ്ററോട് ചോദിച്ചു.രക്ഷപെടാൻ സാധ്യതയില്ലെന്ന് ഡോക്റ്റർ പറഞ്ഞു.

"പതിനാല് അവിശ്വാസികളെ കൊല്ലാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്",ധീരനും ദൈവഭയമുള്ളവനുമായ ആ മാപ്പിള പറഞ്ഞു.ഗാന്ധിക്കിഷ്ടം ഇത്തരക്കാരെയാണ്.ഇതാണ് മതമെന്നും ഇതാണ് മതപരമായ പ്രവൃത്തിയെന്നും അവർ കരുതുന്നു.കൊലയും ബലാൽസംഗവും കൊള്ളയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കൊലയും കുടുംബങ്ങളുടെ കശാപ്പും മതമാണെന്ന് കരുതുന്നവരെ ഏത് പരിഷ്‌കൃത സമൂഹവും നിയന്ത്രിക്കണം.

ചില പാഴ്‌സി സ്ത്രീകളുടെ സാരി തെമ്മാടികൾ വലിച്ചു കീറിയപ്പോൾ ഞെട്ടിയ ആളാണ് ഗാന്ധി.ആ ഞെട്ടൽ ന്യായമാണ്.ദൈവഭയമുള്ള തെമ്മാടികളെ വിദേശവസ്ത്രം ധരിക്കുന്നത് പാപമാണ് എന്ന് പഠിപ്പിച്ചിരുന്നു.മതപരമായ കർമമാണ് അതെന്ന് അവർ കരുതി.കീറവസ്ത്രം മാത്രമുള്ള,വീട് വിട്ട് പലായനം ചെയ്ത സ്ത്രീകളോടും തെരുവിൽ അലയുന്ന അമ്മമാരുടെ അഭയാർത്ഥി ക്യാമ്പിലെ കുഞ്ഞുങ്ങളോടും അൽപമെങ്കിലും കനിവ് ഗാന്ധിക്കുണ്ടോ ?

ദുരിതം വിവരണാതീതമാണ്.അഴകുള്ള പ്രായം കുറഞ്ഞ ഭാര്യമാർ ഭയ വിഹ്വലരായി വിങ്ങിക്കരയുന്നു.ഭർത്താക്കന്മാരെ കൺമുന്നിലിട്ട് വെട്ടി നുറുക്കുന്നത് കണ്ട ഭാര്യമാർ-അതായിരുന്നു മാപ്പിളമാർക്ക് മതം.എല്ലാം നശിച്ച പുരുഷന്മാർ -എരിഞ്ഞമർന്ന്,പ്രതീക്ഷ വിട്ട്.ഞാൻ അഭയാർത്ഥി ക്യാമ്പുകളിൽ ഇത്തരം ആയിരക്കണക്കിന് മനുഷ്യരെ കണ്ടു.നഗ്‌നമായ ചുമലിൽ തുണി പുതപ്പിക്കുമ്പോൾ കണ്ണ് തുറന്ന് നോക്കും.അവ വിങ്ങി തിടം വച്ചിരുന്നു.വിസ്മയത്തിൻറെ നനഞ്ഞ പുഞ്ചിരി അവരുടെ മുഖം ദുരിതം കൊണ്ട് നിറയ്ക്കും.കണ്ണുകൾ നിറയെ ഉൽക്കണ്ഠയും ആകുലതയും നിരാശയും."നാണംകെട്ട മനുഷ്യത്വ രാഹിത്യം മലബാറിൽ മുന്നേറുന്നു",ഗാന്ധി പറയുന്നു.അത് ശരിയാണ്.അത് മാപ്പിളമാർ സൃഷ്ടിച്ചതാണ്.ഞാൻ കണ്ട ഇരകൾ ബ്രിട്ടീഷുകാരും ഇന്ത്യൻ വാളുകളും മരണത്തിൽ നിന്ന് സംരക്ഷിച്ചവരാണ്.ഭീകരത മുഴുവൻ തുടങ്ങിയത് മാപ്പിളമാരാണ്.ആയിരക്കണക്കിനാളുകളെ സർക്കാർ രക്ഷിച്ചു.ഗാന്ധിക്ക് വേണ്ടത് സർക്കാർ അക്രമങ്ങൾ നിർത്തി വയ്ക്കൽ മാത്രമാണ്.അപ്പോൾ മാപ്പിളമാർ അഭയാർത്ഥി ക്യാമ്പുകൾ ആക്രമിച്ച് അവരുടെ നിർത്തി വച്ച ജോലി തീർത്തോളും.

കോഴിക്കോട് ഞാൻ മൂന്ന് ക്യാമ്പുകളിൽ പോയി.രണ്ടെണ്ണം ക്രിസ്ത്യൻ,ഒന്ന് കോൺഗ്രസ്.രാവിലെ ഏഴു മുതൽ ഉച്ച വരെ കോൺഗ്രസ് ഓഫിസിൽ നിന്ന് അരി വിതരണം ചെയ്തിരുന്നു.നന്നായി ചെയ്തിരുന്നു.ഓലക്കൂരകളും ചില കെട്ടിടങ്ങളും സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചു.പുരുഷന്മാർ പുറത്ത് ഉറങ്ങി.എല്ലാം നിയന്ത്രിച്ചത് ഇന്ത്യക്കാർ തന്നെ.സാമൂതിരിയുടെ കമ്മിറ്റി വസ്ത്രവും പണവും സകലർക്കും നൽകി.കോൺഗ്രസ് കമ്മിറ്റി സ്വതന്ത്രമായി ആഹാരം നൽകുന്നു.പാലക്കാടും സാമൂതിരിയുടെ കമ്മിറ്റി ഇത് പോലെ പ്രവർത്തിക്കുന്നു.

ഞാൻ കേട്ട ഒരു നല്ല കഥയോടെ അവസാനിപ്പിക്കാം.രണ്ടു പുലയരെ മാപ്പിളമാർ പിടി കൂടി,ഇസ്ലാം അല്ലെങ്കിൽ മരണം എന്ന നറുക്ക് വിധിച്ചു.ഹിന്ദുക്കളിലെ ഈ അയിത്ത ജാതിക്കാർ,ഇസ്ലാം ആകുന്നതിന് പകരം ഹിന്ദുക്കളായി മരിക്കാൻ തയ്യാറായി.മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ദൈവം അവരുടെ ദൂതന്മാരെ ഈ ധീര ആത്മാക്കളുടെ അടുത്തേക്ക് അയച്ച് അവർ ഏത് മതത്തിനായി മരിച്ചോ അതിൽ തന്നെ പുനർജ്ജന്മം നൽകണം.

'ന്യൂ ഇന്ത്യ'യിലെ റിപ്പോർട്ട്,1921 ഡിസംബർ 6 :

എൻറെ പ്രദേശത്ത് ഹിന്ദുക്കളുടെ ക്രൂരമായ കൊലകൾ ചെമ്പ്രശ്ശേരി തങ്ങളും അയാളുടെ സഹായിയായ മറ്റൊരു തങ്ങളും ചേർന്നാണ് തുടങ്ങിയത്.ഈ വ്യാധി കാട്ടുതീ പോലെ പടർന്നു;ദിനം പ്രതി ഞങ്ങൾ കൊലകളെപ്പറ്റി കേൾക്കാൻ തുടങ്ങി.രണ്ടാഴ്ചയ്ക്കകം ഹിന്ദു വധം സാധാരണമായി.കോഴിക്കോട്,ഏറനാട് താലൂക്കുകളിൽ നിന്ന് മാപ്പിളമാർ നടത്തിയ ക്രൂരതകളുടെ കഥകളുമായി അഭയാർത്ഥികൾ എത്താൻ തുടങ്ങി.കോഴിക്കോട് നിന്ന് 12 മൈൽ വടക്കുകിഴക്കുള്ള പുത്തൂരിൽ പട്ടാപ്പകൽ ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ച 25 പേരെ വെട്ടിക്കൊന്ന്  കിണറ്റിലിട്ടു*.മാപ്പിളമാർ പോയപ്പോൾ ഇതിൽ ജീവൻ ബാക്കിയായ ഒരാൾ രക്ഷപ്പെട്ട് കോഴിക്കോട്ടെത്തി.അയാൾ ആശുപത്രിയിലാണ്.സ്വയം ഇരയായതിനാൽ സംഭവം സത്യമായിരിക്കണം.

ഏറനാട് താലൂക്കിലെ കടലുണ്ടി റെയിൽവേ സ്റ്റേഷനും അണിയലുരിനും അടുത്തുള്ള മണ്ണൂരിൽ കഴിഞ്ഞയാഴ്ച കൊലകളും നിർബന്ധിത മതം മാറ്റവും നടന്നതായി വാർത്ത വന്നു.കോഴിക്കോട്ട് നിന്ന് 14 മൈൽ ദൂരെയാണ് ഈ സ്ഥലം.കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്കുള്ള ഓരോ തീവണ്ടിയിലും നൂറുകണക്കിന് അഭയാർത്ഥികൾ ഉണ്ടായിരുന്നു.കഴിഞ്ഞയാഴ്ച ദുരിതാശ്വാസ കമ്മിറ്റി പതിനായിരം പേർക്ക് ഭക്ഷണം നൽകി;ഈയാഴ്ച 15000 ആയി.ഇവർ പറഞ്ഞപ്രകാരം കുറഞ്ഞത് 50 പേരെ കൊന്നിട്ടുണ്ടാകും;നിരവധി നിർബന്ധിത മതം മാറ്റലുകളുണ്ടായി;വീടുകൾ കത്തിച്ചു.കുഞ്ഞുങ്ങളെയും ഗര്ഭിണികളെയും കൊല്ലുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ ?

രണ്ടു ദിവസം മുൻപ് ഒരഭയാർത്ഥി നൽകിയ മൊഴി ഞാൻ വായിച്ചു.ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയെ ഒരു മാപ്പിള അടിവയറ്റിൽ വെട്ടി.ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് പുറത്തു വന്ന നിലയിൽ അവർ റോഡിൽ കിടന്നു.എത്ര ഭീകരം !

ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അമ്മയുടെ മാറിൽ നിന്ന് പിടിച്ചെടുത്ത് രണ്ടു കഷണമാക്കി.എത്ര ഹൃദയഭേദകം ! ഈ മാപ്പിളമാർ മനുഷ്യരോ ചെകുത്താന്മാരോ ? അവിടെയും നിര്ബന്ധ മാർഗം കൂട്ടലുണ്ടായി.ഒരു ഡസൻ പേരുടെ തല മുണ്ഡനം ചെയ്ത് നിർബന്ധമായി ഖുർ ആൻ വചനങ്ങൾ ചൊല്ലിക്കുന്നത് ഒരഭയാർത്ഥി നേരിട്ട് കണ്ടു.ഒരു മരത്തിൽ കയറിയാണ് കണ്ടത്.കൊലകളും നിര്ബന്ധ മാർഗം കൂട്ടലും നടന്നിട്ടില്ല എന്ന് പറയുന്നവർക്ക് എന്ത് തെളിവാണുള്ളത് ? ഇവിടെയുള്ള മൊഴികളുടെ സത്യാവസ്ഥ അവർ തന്നെ പരിശോധിക്കട്ടെ.

ഇന്നലെ കോട്ടയ്ക്കലിന് അടുത്ത് നിന്ന് കൊലപാതകങ്ങളുടെ വിവരമെത്തി.11 ഹിന്ദു പുരുഷന്മാരെയും സ്ത്രീകളെയുമാണ് കൊന്നത്.പെരിന്തൽമണ്ണയ്ക്കും മേലാറ്റൂരിനുമിടയിൽ ഒരു കലുങ്കിനടിയിൽ ഇ=രണ്ടാഴ്ച മുൻപ് 15 ഹിന്ദുക്കളുടെ ജഡം കണ്ടെത്തി.ഇതെല്ലാം സത്യമാണ്.കേട്ടിട്ട് മനം പിരട്ടൽ ഉണ്ടാകുന്നുണ്ടോ ?

പുത്തുർ കിണറിൽ നിന്ന് രക്ഷപ്പെട്ട കേളപ്പൻ 

ചെമ്പ്രശ്ശേരി തങ്ങൾക്ക് കീഴിലെ മാപ്പിളമാർ നടത്തിയ ഒരു ബലാൽസംഗ വിവരമറിഞ്ഞ് രോഷവും അറപ്പും വെറുപ്പുമൊക്കെ തോന്നുന്നു.മേലാറ്റൂരിലെ ഒരു കുലീന നായർ കുടുംബത്തിലെ സ്ത്രീയെ മാപ്പിളമാർ അവരുടെ ഭർത്താവിനും സഹോദരർക്കും മുന്നിൽ നഗ്നയാക്കി,ആണുങ്ങളുടെ കൈകൾ കെട്ടി അവരോട് ചേർത്തു നിർത്തി.അവരെ മാപ്പിളമാർ ബലാൽസംഗം ചെയ്യുമ്പോൾ ഭർത്താവും സഹോദരന്മാരും കണ്ണ് പൊത്തി.മാപ്പിളമാർ വാൾ കഴുത്തിൽ വച്ച് കണ്ണ് തുറപ്പിച്ചു.ഈ ചെറ്റത്തരത്തെപ്പറ്റി എഴുതാൻ വയ്യ.എൻറെ കുടുംബവും ബന്ധുക്കളും കോഴിക്കോട്ട് മാനഭംഗത്തിരയാകാതെ സുരക്ഷിതരായി എത്തിയതിന് ദൈവത്തിന് നന്ദി.ഞങ്ങളുടെ കുടുംബത്തിലെ നാല് പേരെ അവർ കൊന്നു.രണ്ടു ബന്ധുക്കളും രണ്ട് വേലക്കാരും.

ഈ ബലാൽസംഗ സംഭവം അവരുടെ സഹോദരൻ എന്നോട് രഹസ്യമായി പറഞ്ഞതാണ്.ഇത്തരം ധാരാളം ക്രൂരതകൾ പുറത്ത് പറയാതെയുണ്ട്.

കേശവമേനോനും മറ്റും പറഞ്ഞത്:

ഹിന്ദു -മുസ്ലിം ഐക്യത്തെക്കാളും സ്വരാജിനെക്കാളും പ്രധാനമാണ്,പരമ സത്യം.അതിനാൽ ഞങ്ങൾ മൗലാനാ സാഹിബിനോടും സഹ മതവാദികളോടും ആദരണീയ നേതാവ് മഹാത്മാ ഗാന്ധിയോടും ( അദ്ദേഹം ഇവിടെ നടന്ന ക്രൂരതകൾ അറിഞ്ഞില്ലെങ്കിൽ ) പറയുന്നു -

മാപ്പിളമാർ ഹിന്ദുക്കളോട് കാട്ടിയ ക്രൂരതകളായി കേൾക്കുന്നതെല്ലാം നിർഭാഗ്യവശാൽ,സത്യമാണ്.അഹിംസാവാദിക്കോ നിസ്സഹകരണക്കാരനോ അഭിനന്ദിക്കാൻ കഴിയുന്ന ഒന്നും അതിൽ ഇല്ല.അവരെ എന്തിലാണ് അഭിനന്ദിക്കുക ?

അവർ ഒരു പ്രകോപനവുമില്ലാതെ തോന്നിയ പോലെ ഹിന്ദുക്കളെ ആക്രമിച്ചു.ഏറനാട്,വള്ളുവനാടിൻറെ ഭാഗങ്ങൾ,പൊന്നാനി,കോഴിക്കോട് താലൂക്കുകളിൽ മൊത്തമായി കൊള്ള നടത്തി.ലഹളയുടെ തുടക്കത്തിൽ ചിലയിടങ്ങളിൽ നിർബന്ധ മതം മാറ്റം നടത്തി.പിന്നീട് പലായനം ചെയ്യാതെ വീട്ടിൽ ഇരുന്നവരെയെല്ലാം മതം മാറ്റി.നിരപരാധികളായ ഹിന്ദു പുരുഷന്മാർ,സ്ത്രീകൾ,കുട്ടികൾ എന്നിവരെയൊക്കെ ഹീനമായി കൊല ചെയ്തു.അവർ തങ്ങൾമാരെ അപമാനിക്കുകയും പള്ളിയിൽ കയറുകയും ചെയ്ത പോലീസിന്റെ ജാതിയിൽ പെട്ടതിനാൽ കാഫിറുകൾ എന്ന ബാലിശമായ കാരണം പറഞ്ഞായിരുന്നു കൊല.

ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കി,അഗ്നിക്കിരയാക്കി.ഹിന്ദു സ്ത്രീകളെ ബലാൽസംഗം ചെയ്തു,ബലമായി മാപ്പിളമാർക്ക് നിക്കാഹ് ചെയ്തു കൊടുത്തു.ഞങ്ങൾ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നെടുത്ത മൊഴികൾ ഇതെല്ലാം സംശയാതീതമായി തെളിയിക്കുന്നു.ഇതെല്ലാം ചെയ്തതിനാണോ മാപ്പിളമാരെ അഭിനന്ദിക്കേണ്ടത് ? സമനിലയുള്ള എല്ലാവരും അവരെ അപലപിക്കണം.അഹിംസാ പ്രതിജ്ഞ ചെയ്ത ഖിലാഫത്ത് സമ്മേളനത്തിലെ സകല മുസ്ലിംകളും ഇതിനെ അപലപിക്കണം.ഈ ക്രൂരതകൾ ചെയ്ത മാപ്പിളമാർ അവരുടെ മതത്തിന് വേണ്ടി ജീവത്യാഗം ചെയ്യുകയായിരുന്നോ ?

-കെ പി കേശവ മേനോൻ ( കോൺഗ്രസ് കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി ),ടി വി മുഹമ്മദ് ( ഏറനാട് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ),കെ മാധവൻ നായർ ( കോഴിക്കോട് ജില്ലാ കോൺഗ്രസ് സെക്രട്ടറി ),കെ കരുണാകര മേനോൻ ( കോൺഗ്രസ് കേരള ട്രഷറർ ),കെ വി ഗോപാൽ മേനോൻ.

കെ മാധവൻ നായർ പറഞ്ഞത്:

ബ്രിട്ടീഷുകാരും മാപ്പിളമാരും നടത്തിയ യുദ്ധത്തിൻറെ ഭാഗമായി കാട്ടിൽ കഴിയേണ്ടി വന്ന മാപ്പിളമാർ അത്യാവശ്യം വന്നപ്പോൾ നടത്തിയതാണ് ഹിന്ദുക്കളുടെ കൊള്ള എന്ന് മൗലാനാ മൊഹാനി കൊള്ളയെ ന്യായീകരിച്ചിരിക്കുന്നു.ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളിൽ നടന്ന ഹിന്ദു വീടുകളിലെ മൊത്തമായ കൊള്ള ഓഗസ്റ്റ് 21 മുതൽ 23 വരെ പട്ടാളം എത്തുന്നതിന് മുൻപാണ് നടന്നതെന്ന് മൊഹാനിക്ക് അറിയില്ലായിരിക്കും.മാപ്പിളമാരെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ പോരാടാനോ ആരുമില്ലായിരുന്നു.പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നില്ല.മാപ്പിളമാർ കാട്ടിൽ പോയിരുന്നില്ല.അക്രമങ്ങൾക്കിരയാകാൻ മാത്രം ഹിന്ദുക്കൾ ഒന്നും ചെയ്തിരുന്നില്ല.

ഓഗസ്റ്റ് 20 നാണ് ലഹള തുടങ്ങിയത്.പോലീസും മജിസ്‌ട്രേറ്റും തിരൂരങ്ങാടിയിൽ നിന്ന് പിൻവാങ്ങിയത് 21 ന്.ലഹള പ്രദേശത്തെ എല്ലാ പോലീസുകാരും പലായനം ചെയ്തിരുന്നു.ഹിന്ദുക്കൾ ക്ഷണിക്കാൻ സാധ്യത ഉണ്ടായിരുന്ന ഒരു ശത്രുവും എത്തിയിരുന്നില്ല.ഹിന്ദുക്കൾക്ക് മേലുള്ള അക്രമം പ്രകോപനമില്ലാത്ത തോന്ന്യാസമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ,7 സെപ്റ്റംബർ,1921 

പൈശാചിക അക്രമങ്ങൾ 

കോഴിക്കോട്:മാപ്പിളമാർ മതഭ്രാന്താണ് അഴിച്ചു വിട്ടതെന്ന് ഇവിടെ വിവരിക്കുന്നതിൽ നിന്ന് സാമാന്യ വിവരമുള്ള ഹിന്ദുക്കൾക്ക് മനസ്സിലാകും.സ്വാർത്ഥത,ധന ദുര,അധികാര പ്രേമം എന്നിവ മൂത്തതാണ് ഇപ്പോഴത്തെ കലാപം.അഭയാർത്ഥികൾ പറഞ്ഞത്,സുന്ദരികളായ നായർ,വരേണ്യ യുവതികളെ മാതാപിതാക്കളിൽ നിന്നും ഭർത്താക്കന്മാരിൽ നിന്നും ബലമായി വിടർത്തി അവരുടെ സാന്നിധ്യത്തിൽ നഗ്നരാക്കി നടത്തിയ ശേഷം മാപ്പിളമാർ ബലാൽസംഗം ചെയ്തു എന്നാണ്.ചില വേള,മനുഷ്യത്വം മരവിച്ച,കാടൻ മാപ്പിളമാർ ഒറ്റ സ്ത്രീയെ ഒരു ഡസൻ പേരുമായി പങ്കിട്ടു.സുന്ദരികളായ ഹിന്ദു യുവതികളെ ബലം പ്രയോഗിച്ച് മതം മാറ്റി.മുസ്ലിം സ്ത്രീകളെപ്പോലെ കാത് തുളച്ച് വേഷം ധരിപ്പിച്ച് താൽക്കാലിക പങ്കാളികളാക്കി.ഹിന്ദു സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി അർധ നഗ്നരായി കാട്ടിലേക്ക്,മൃഗങ്ങളുടെ നടുവിലേക്ക് ഓടിച്ചു.

ആദരണീയരായ ഹിന്ദു പുരുഷന്മാരെ ബലാൽക്കാരമായി മതം മാറ്റി,മുസ്ലിയാർമാരെയും തങ്ങൾമാരെയും കൊണ്ട് സുന്നത്ത് ചെയ്യിച്ചു.ഹിന്ദു വീടുകൾ കത്തിച്ചു,കൊള്ളയടിച്ചു.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും പടിപ്പുകഴ്ത്തിയ ഹിന്ദു -മുസ്ലിം ഐക്യത്തിൻറെ നാണം കെട്ട പ്രതീകങ്ങളായി ഇവ അവശേഷിക്കും.കാമാർത്തരായ ഒരു കൂട്ടം മാപ്പിളമാർക്കിടയിൽ മാർച്ച് ചെയ്യാൻ വിധിക്കപ്പെട്ട ഒരു സംഘം യുവതികളുടെ ഭീകര ചിത്രം ഒരിക്കലും ആത്മാഭിമാനമുള്ള ഹിന്ദു  വിസ്മരിക്കില്ല.അത് അവരുടെ മനസ്സിൽ നിന്ന് മായില്ല.ഒരു മാപ്പിള കലാപകാരിയും ഒരു മാപ്പിള സ്ത്രീയെയും മാനഭംഗം ചെയ്തില്ല.
_________________________________________________

*മാപ്പിള നേതാവ് അവോക്കർ മുസലിയാർ കോഴിക്കോട് പുത്തൂരിൽ മുതുമന ഇല്ലത്ത്‌,1921 ഒക്ടോബർ -നവംബറിൽ സംഘം ചേർന്ന് നിലയുറപ്പിച്ചു.ഗ്രാമങ്ങളിൽ നിന്ന് നിരവധി ഹിന്ദുക്കളെ കൊണ്ട് വന്നു.ചിലർക്കൊപ്പം കുടുംബവും.അവർക്ക് ഇസ്ലാം വാഗ്ദാനം ചെയ്തു.സമ്മതിച്ചവരെ മതം മാറ്റി,മുസലിയാരുടെ ഇഷ്ടം പോലെ തടവിലാക്കുകയോ വിടുകയോ ചെയ്തു.വിസമ്മതിച്ചവരെ വാൾ കൊണ്ട് വെട്ടിക്കൊന്നു.ഇല്ലത്ത് സർപ്പക്കാവും കിണറും ഉണ്ടായിരുന്നു.നിരസിച്ച ഹിന്ദുക്കളെ കാവിൽ കൊണ്ട് പോയി തല വെട്ടി കിണറ്റിലേക്ക് തള്ളി.കിണറ്റിൽ 50 -60 ജഡങ്ങൾ കണ്ടെത്തി.കേളപ്പൻ എന്ന ഹിന്ദു അദ്‌ഭുതകരമായി രക്ഷപെട്ട് വിവരങ്ങൾ വെളിപ്പെടുത്തി.
( മാപ്പിള ലഹള 1921 / സി ഗോപാലൻ നായർ,  കേസ് 32 എ / 22 ലെ വിധി.29 ജൂലൈ 1922 )





























FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...