Showing posts with label ഇന്ത്യയിൽ. Show all posts
Showing posts with label ഇന്ത്യയിൽ. Show all posts

Wednesday, 19 June 2019

യേശു, കുരിശിനു ശേഷം

യേശു ഇന്ത്യയിൽ 

യേശു അന്ന് കുരിശില്‍ മരിച്ചില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ്, ഞാന്‍. ജീവിതം മുന്നോട്ടു പോകുന്തോറും, അതിന്റെ തെളിവുകള്‍ കൂടിവരുന്നേയുള്ളൂ.

കുരിശില്‍ തറയ്ക്കപ്പെട്ട യേശു, അവിടന്നു രക്ഷപ്പെട്ടശേഷം, ഭാരതത്തില്‍ താമസിച്ചതിന്റെ കഥയാണ്, ഹോള്‍ഗര്‍ കെര്‍സ്റ്റന്‍ എഴുതിയ ‘ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകം. ആ പുസ്തകത്തില്‍, പല പ്രധാന പുസ്തകങ്ങളും പരാമര്‍ശിക്കപ്പെടുന്നില്ല എന്നതാണ്, ന്യൂനത. അതില്‍ പ്രധാനമാണ്, ഒരു ദൃക്‌സാക്ഷി എഴുതിയ ‘കുരിശിലേറ്റല്‍’ (Crucifixion). ഇറ്റലിയിലെ നേപ്പിള്‍സില്‍ പുരാതന നഗരമായ അക്വിലയിലെ പഴയൊരു തറവാട് 1810 ല്‍ ഫ്രഞ്ച് പട്ടാളത്തിന്റെ കലാ കമ്മീഷണര്‍മാര്‍ ഉല്‍ഖനനം ചെയ്തപ്പോള്‍ കിട്ടിയ താളിയോലയാണ്, അത്.

യേശു, എസനീയര്‍ എന്ന ബ്രഹ്മചാരി സംഘത്തില്‍ അംഗമായിരുന്നു. അതിലെ ഒരാളുടെ പൈതൃകത്തില്‍പെട്ട ഈ തറവാട്ടില്‍, പില്‍ക്കാലത്ത് ഗ്രീക്ക് പാതിരിമാരാണ് ജീവിച്ചിരുന്നത്. 1873 ല്‍ ഈ താളിയോലയിലെ കാര്യങ്ങള്‍ ജര്‍മനിയില്‍ പ്രസിദ്ധീകരിച്ചു. അത് അമേരിക്കയില്‍ മസാച്യുസെറ്റ്‌സിലെ ഫ്രീമേസണ്‍ എന്ന രഹസ്യ സംഘടനയില്‍ എത്തി, 1907 ല്‍ ഇംഗ്ലീഷില്‍ വന്നു. 1921 ല്‍ ഇതിന്റെ ഒരു കോപ്പി സ്വാമി അഭേദാനന്ദന്‍ ഭാരതത്തിലേക്ക് കൊണ്ടുവന്നു. വിവേകാനന്ദനും അഭേദാനന്ദനും ശ്രീരാമകൃഷ്ണ മിഷനില്‍ സമകാലികരായിരുന്നു; എഴുത്തിലും തത്വചിന്തയിലും, വിവേകാനന്ദന്‍, അഭേദാനന്ദന്റെ അടുത്തെങ്ങും വരില്ല. വിവേകാനന്ദന്റെ തെരഞ്ഞെടുത്ത കൃതികള്‍ 12 വാല്യത്തില്‍ നില്‍ക്കുമെങ്കില്‍, അഭേദാനന്ദന്റേത് 24 ആണ്. ഇവ പെരുമ്പടവം ശ്രീധരന്റെ തിരുവനന്തപുരം തമലത്തെ വീട്ടില്‍ കണ്ടശേഷം, ഞാന്‍ കൊല്‍ക്കത്തയില്‍നിന്ന് വരുത്തുകയായിരുന്നു.

കുരിശിലേറ്റല്‍

യേശുവിനെ കുരിശിലേറ്റി ഏഴുവര്‍ഷത്തിനുശേഷം, ഒരു എസനീയന്‍, അലക്‌സാണ്ട്രിയയിലെ സുഹൃത്തിനെഴുതിയതാണ്, ‘കുരിശിലേറ്റല്‍.’ ഗലീലിയിലെ ഗവര്‍ണര്‍ പോന്തിയസ് പിലാത്തോസ് എഴുതിയ യേശുവിന്റെ മരണവാറന്റ് ഇതിലുണ്ട്. ക്വിലിയസ് കൊര്‍ണേലിയസാണ്, യേശുവിനെ കുരിശുമരണം നടക്കേണ്ടയിടത്തേക്ക് നയിക്കേണ്ടതെന്ന്, അതില്‍ കാണാം. നാലു സാക്ഷികളാണ് യേശുവിന്റെ നിരാകരണത്തില്‍ ഒപ്പിട്ടിരിക്കുന്നത്: ഫരീസിയന്‍മാരായ ദാനിയേല്‍, ജൊവാനസ്, റാഫേല്‍. നാലാമന്‍ സാധാരണ പൗരനായ കാപെത്. മറ്റു മൂവരും പുരോഹിതര്‍. സ്ത്രൂനസിലെ കവാടം വഴി യേശു പുറത്തേക്കു പോകണമെന്നാണ് വാറന്റിലെ ആജ്ഞ. കൃത്യമായി യേശുവിനെ കുരിശില്‍ തറച്ച സ്ഥലം ഏതെന്ന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഗാഗുല്‍ത്ത എവിടെ എന്ന് അടയാളപ്പെടുത്താനായിട്ടില്ല.

യേശു കുരിശില്‍ മരിച്ചില്ല എന്ന് കുരിശിലേറ്റല്‍ സ്ഥിരീകരിക്കുന്നു. അരിമത്തിയയിലെ ജോസഫ്, വൈദ്യനായ നിക്കൊദേമസ് എന്നിവരുടെ കരുതലോടെയുള്ള പരിചരണം വഴി യേശു സുഖംപ്രാപിച്ചു. മരണംപോലുള്ള ഒരു സമാധിയിലേക്ക് യേശു നിപതിച്ചു. അദ്ദേഹത്തിന്റെ ബ്രഹ്മചാരി സംഘത്തിലെ വൈദ്യശാസ്ത്രം അറിയാവുന്നവര്‍ ഇടപെട്ടു. സുഖം പ്രാപിച്ചശേഷം യേശു എന്തു ചെയ്തുവെന്ന് കുരിശിലേറ്റല്‍ പറയുന്നില്ല. ഈ മൗനം, ബ്രഹ്മചാരി സംഘത്തിന്റെ നിര്‍ദേശം കാരണാകാമെന്നാണ്, ഊഹം. യേശുവിന്റെ പില്‍ക്കാല ജീവിതത്തിന്റെ രേഖകളുള്ളത്, ലഡാക്കിലെ ഹെമിസ് ഗോംപ ആശ്രമത്തിലാണ്. ഈ ഹിമാലയന്‍ ആശ്രമം, ജമ്മുകശ്മീരിലെ ലേയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ 12000 അടി, സമുദ്രനിരപ്പില്‍ നിന്ന്, ഉയരത്തില്‍. 1922 ല്‍ അഭേദാനന്ദന്‍ ആശ്രമത്തില്‍ പോയി ഈശയുടെ ജീവിതം പറയുന്ന താളിയോലകള്‍ കണ്ടു. ബംഗാളിയില്‍ അദ്ദേഹം കശ്മീരെ-ഒ-ടിബറ്റെ എന്ന പുസ്തകമെഴുതി. ഇതും കെര്‍സ്റ്റന്റെ പുസ്തകത്തില്‍ പറയുന്നില്ല. സുശാന്ത കുമാര്‍ ചതോപാധ്യായ 1975 ല്‍ ഹെമിസ് ആശ്രമത്തെപ്പറ്റി ഡോക്യുമെന്ററി ചെയ്തു; 1978 ല്‍ ലേഖനമെഴുതി. അഭേദാനന്ദന്റെ കണ്ടെത്തലുകളെ, 2012 ല്‍ റിച്ചാര്‍ഡ് ഹൂപ്പര്‍ ചോദ്യം ചെയ്തു.

യേശു ഭാരതത്തില്‍ ജീവിച്ചു എന്നുപറയുന്നവര്‍ കരുതുന്നത്, കുരിശേറ്റത്തിനുശേഷം യേശു കശ്മീരിലെത്തി എന്നാണ്. ടിബറ്റ് വഴി വന്നു; കാശിയിലും ഗയയിലും പോയി, കശ്മീരില്‍ മരിച്ചു. കശ്മീരിലെ ഖനിയാറിലെ റോസാ ബാലില്‍ കുഴിമാടം കാണാം. വൈസ്രോയി ഇര്‍വിന്‍ 1930 ല്‍ അവിടെ പോയി. ആന്‍ഡ്രിയാസ് ഫേബര്‍ കൈസര്‍ എഴുതിയ ‘ജീസസ് ഡൈഡ് ഇന്‍ കശ്മീര്‍’, ഇക്ബാല്‍ കൗള്‍ എഴുതിയ ‘ഡിഡ് ക്രൈസ്റ്റ് ലിവ് ആന്‍ഡ് ഡൈ ഇന്‍ കശ്മീര്‍’ എന്നീ പുസ്തകങ്ങളും, കെര്‍സ്റ്റന്‍ പരാമര്‍ശിക്കുന്നില്ല. ഒരുപക്ഷേ, ഈ പുസ്തകങ്ങള്‍ പകര്‍ത്തിയതിനാല്‍, അവ പരാമര്‍ശിക്കാത്തതാകാം. ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടുന്നവര്‍, അവര്‍ കോപ്പിയടിച്ച പുസ്തകങ്ങളൊഴിച്ചുള്ള പുസ്തകങ്ങളാണ്, ഗ്രന്ഥ സൂചിയില്‍ ചേര്‍ക്കാറ്.

യേശു അദ്ദേഹം ജീവിച്ചകാലത്ത്, അറിയപ്പെട്ടിരുന്നില്ല. എഡി 50 നടുത്തു മരിച്ച ചരിത്രകാരന്‍ ഫിലോ യേശുവിനെ പരാമര്‍ശിച്ചില്ല. എഡി 37 ല്‍ മരിച്ച, ‘ജൂയിഷ് ആന്റിക്വിറ്റി’ എഴുതിയ ചരിത്രകാരന്‍ ഫ്‌ളേവിയസ് ജോസഫസ്, ഏതാനും വരികളില്‍ യേശുവിന്റെ കുരിശുമരണം പറയുന്നു. അതില്‍, ക്രിസ്ത്യാനികള്‍ ഇല്ല. ഗലീലിക്കടുത്ത നസ്രേത്ത് എന്ന ചെറുപട്ടണത്തില്‍, റോമന്‍ വര്‍ഷം 750 നടുത്താണ്, യേശു ജനിച്ചത്, അന്നത്തെ ജനപ്രിയ പേരായ ജോഷ്വ എന്നതിന്റെ പാഠഭേദമായിരുന്നു, യേശു. എഡി 28 നടുത്ത് (ടൈബീരിയസിന്റെ ആദ്യ ഭരണവര്‍ഷം) സ്‌നാപകയോഹന്നാന്റെ പേര് പലസ്തീനില്‍ പ്രസിദ്ധമായി. ചാവുകടലിന്റെ കിഴക്കന്‍ തീരത്ത് ഹെബ്രോണിനടുത്ത യുട്ടയില്‍ ജനിച്ച യോഹന്നാന്‍, യോഗിയായിരുന്നു.
ഒട്ടകരോമങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം. വെട്ടുകിളികളെ തിന്നു; കാട്ടുതേന്‍ കുടിച്ചു. എസ്സനീയരുടെ ബ്രഹ്മചാരി സമൂഹത്തില്‍, യേശുവിന്റെ ഗുരുവായി, അദ്ദേഹം. യോഹന്നാന്റെ ജന്മഗൃഹത്തിനടുത്തായിരുന്നു, ആശ്രമ കേന്ദ്രം. ഈ സമൂഹത്തിനെതിരായ സമൂഹത്തില്‍പ്പെട്ടയാളായിരുന്നു, ഹെറോദ് രാജാവ്. അവരായിരുന്നു, സാദ്യൂസികള്‍.

യേശുവിന്റെ ജനനം രാജാവിനെ പരിഭ്രാന്തനാക്കി. രാജാവിന്റെ മരണശേഷം, യേശുവിന്റെ ആശാരിമാരായ മാതാപിതാക്കള്‍, ഈജിപ്തില്‍ നിന്ന് ഗലീലിയിലെത്തി. നികുതി ചുമത്തിയതാണ് പലായന കാരണമെന്ന്, സുവിശേഷത്തില്‍ ലൂക്കോസ് പറയുന്നുണ്ടെങ്കിലും, നികുതിവന്നത്, പിന്നീടാണ്. നികുതി പ്രഖ്യാപിച്ചത് സിറിയയില്‍ സൈറേനിയസ് ഗവര്‍ണറായിരുന്ന വേളയില്‍, ഹെറോദിന്റെ കാലത്ത് സീസര്‍ അഗസ്റ്റസാണെന്ന് ലൂക്കോസ് പറയുന്നു; എന്നാല്‍, സൈറേനിയസിനെ നിയമിച്ചത്, ഹെറോദ് മരിച്ച് വളരെ കഴിഞ്ഞാണ്.

അഭേദാനന്ദ,കെർസ്റ്റൻ 

മത്തായിയുടെയും ലൂക്കോസിന്റെയും സുവിശഷം, യേശുവിന്റെ ബാല്യത്തെപ്പറ്റി ഒന്നും പറയുന്നില്ല. പന്ത്രണ്ടാം വയസില്‍ ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പോയതു മാത്രം പറയുന്നുണ്ട്. അപ്പോഴാണ് ജൂതന്മാര്‍ക്ക് പ്രായപൂര്‍ത്തി ആഘോഷം. മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കൂടെ അവനുണ്ടായിരുന്നില്ല. അവര്‍ അവനെ ദേവാലയത്തില്‍ മൂന്നാംനാള്‍ കണ്ടെത്തി. പണ്ഡിതരുമായി തര്‍ക്കിക്കുകയായിരുന്നു. ജറുസലേമിലെ അന്യോന്യം.

യേശുവിൻറെ സ്ത്രീകൾ 

മൂന്നുപെണ്ണുങ്ങള്‍ യേശുവിന് അകമ്പടിയായി. മഗ്ദലമേരി, ചൂസയുടെ ഭാര്യ ജൊവാന, സൂസന്ന. 18 മാസം അവന്‍ ദേവാലയത്തിലോ ജറുസലേമിലോ പോയില്ല. എഡി 32 ലെ ദേവാലയ വിരുന്നിന്, ഒറ്റയ്ക്കാണ് പോയത്. ദേവാലയ ശുദ്ധീകരണത്തിനായി, യൂദാസ് മക്കാബിയസ് (ഒറ്റുകാരനല്ല) നടത്തിയ വിരുന്നിനെ ദീപങ്ങളുടെ വിരുന്നായും വിശേഷിപ്പിച്ചു. അന്തോക്കിയസ് എപ്പിഫാനസ് ദേവാലയം വൃത്തികേടാക്കിയശേഷം നടന്ന ശുദ്ധികലശം. വിരുന്നു നടന്ന എട്ടുനാളും വീടുകളില്‍ വിളക്കു കത്തിച്ചു-ദീപാവലി. എസ്സനീയര്‍ വസിച്ച ഗലീലിയില്‍നിന്ന് അന്നാണ് യേശു വിടപറഞ്ഞത്. ആ സ്ഥലത്തെ, ശത്രുക്കളായ ഫരിസീയര്‍ വെറുത്തു. അവിടെനിന്ന് പെരനിലേക്കും യോര്‍ദാന്‍ നദിയുടെ കരയിലേക്കും അവന്‍ പോയി.
അടുത്തനാള്‍, മാര്‍ച്ച് 29 ഞായറാഴ്ച, അവന്‍ ബഥനിയില്‍ നിന്ന് ജറുസലേമിലെത്തി. 

പെസഹയുടെ ആദ്യദിനമായ വെള്ളിയാഴ്ച അവനെ പിടിക്കേണ്ടെന്നു ശത്രുക്കള്‍ തീരുമാനിച്ചിരുന്നു-അറസ്റ്റ് ചെയ്താല്‍ പ്രക്ഷോഭമുണ്ടാകാം. ദേവാലയത്തില്‍ വച്ചും അറസ്റ്റ് വയ്യ. അതിനാല്‍ ഏപ്രില്‍ രണ്ട് വ്യാഴാഴ്ച അറസ്റ്റിന് തീരുമാനിച്ചു. കെരിയോത്തിലെ യൂദാസ് അവനെ എല്ലായിടവും അന്വേഷിച്ചു. അടുത്തനാള്‍ വൈകിട്ട് ബലിയാടിനെ ഭക്ഷിച്ചാണ് പെസഹയുടെ തുടക്കം. അപ്പോള്‍, അവന്റെ അവസാനത്തെ അത്താഴം, സഭ പറയുംപോലെ, പെസഹയുടെ അനുഷ്ഠാന ഭക്ഷണമല്ല. ഒരു ദിവസത്തെ തെറ്റ് സഭയ്ക്ക് പറ്റി. ആദ്യ മൂന്നു സുവിശേഷങ്ങള്‍ പറയുന്നത്, ഫരിസീയരായ പുരോഹിതര്‍ കൊടുത്ത പണം മുന്‍നിര്‍ത്തി യൂദാസ് അവനെ ഒറ്റിയെന്നാണ്. എന്നാല്‍ നാലാമത്തേതു പറയുന്നത്, ബഥനിയിലെ അത്താഴനേരത്ത്, അഭിഷേകം ധൂര്‍ത്തായി, മടിശ്ശീലക്കാരനായ യൂദാസിന് തോന്നിയെന്നും രോഷാകുലനായ അയാള്‍ പണം മോഷ്ടിച്ചു എന്നുമാണ്. അവരിറങ്ങിയപ്പോള്‍, രാത്രിയായിരുന്നു. കെദ്രോണ്‍ താഴ്‌വരയിലൂടെ നടക്കുമ്പോള്‍ യൂദാസ് അവനെ ചുംബിച്ചു. അതായിരുന്നു, ശത്രുവിന്, അടയാളം. പത്രോസ് വാളുയര്‍ത്തിയപ്പോള്‍ മലാക്കസിന്റെ കാതിന് മുറിവേറ്റു. ബാക്കി, ചരിത്രമാണ്.

അടുത്ത രാവിലെ, യേശുവിനെ വിധിമുറിയിലേക്ക് കൊണ്ടുവന്നു. അന്റോണിയയിലെ ഗോപുരത്തിനടുത്തായിരുന്നു ഇത്. അവനെ ചാട്ടവാര്‍ കൊണ്ടടിച്ചു. എന്നാല്‍ ചാട്ടവാറടി 40 നപ്പുറം പോകരുതെന്നായിരുന്നു, ജൂതനിയമം. കുരിശില്‍ തറയ്ക്കല്‍ ജൂതശിക്ഷാ വിധിയായിരുന്നില്ല. അതുണ്ടായത് പേര്‍ഷ്യയിലാണ്; അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും അയാളുടെ സേനാധിപന്മാരും, അത്, മെഡിറ്ററേനിയന്‍ ലോകത്തേക്ക്, ഈജിപ്തിലേക്കും കാര്‍തേജിലേക്കും കൊണ്ടുവന്നു. കാര്‍തേജില്‍ നിന്നാണ് റോമാക്കാര്‍ പഠിച്ചത്. അത് അടിമകള്‍ക്കും താഴ്ന്നവര്‍ക്കുമുള്ളതായിരുന്നു.

അതിനാലാണ്, യേശുവിനെ രണ്ടു കള്ളന്മാര്‍ക്കൊപ്പം കുരിശില്‍ തറച്ചത്. അല്ലെങ്കില്‍, വാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു, ശിക്ഷാവിധി. നേരത്തെപറഞ്ഞ പോലെ, ഗാഗുല്‍ത്ത ഇന്നുവരെ കണ്ടെത്തിയിട്ടില്ല. തലയോട്ടി എന്നാണ്, ആ വാക്കിനര്‍ത്ഥം. അത്, കെദ്രോണ്‍, ഹൊന്നം താഴ്‌വരകള്‍ക്കിടയിലായിരിക്കും. ജറുസലേമിന് വടക്ക് അല്ലെങ്കില്‍, വടക്ക് പടിഞ്ഞാറ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു, കുരിശിലേറ്റിയത്. 12 ശിഷ്യരില്‍ ഒരാളുമുണ്ടായിരുന്നതായി, ആദ്യ രണ്ടു സുവിശേഷങ്ങള്‍ പറയുന്നില്ല. മൂന്നു മേരിമാര്‍ ഉണ്ടായിരുന്നു: മഗ്ദലമേരി, അമ്മമേരി, സെബിദീയുടെ മക്കളുടെ അമ്മ മേരി. പെണ്ണുങ്ങള്‍ക്കാണ് ചങ്കുറപ്പ്.

പാസോളിനിയുടെ ‘ദ ഗോസ്പല്‍ അക്കോഡിംഗ് ടു സെന്റ് മാത്യു’ എന്ന മനോഹര ചലച്ചിത്രം കണ്ടതോര്‍ക്കുന്നു. പാസോളിനിയുടെ അമ്മയാണ്, യേശുവിന്റെ അമ്മയായി വേഷമിട്ടത്.യേശുവിനൊപ്പം
ആണുങ്ങളെ കാണാത്ത ഈ നിമിഷം വരെ, ഇക്കഥ ഞാന്‍ മനഃപൂര്‍വം ആഖ്യാനം ചെയ്യുകയായിരുന്നു. ഈ ഘട്ടത്തില്‍, നാലാമത്തെ സുവിശേഷം പറയുന്നു: യേശുവിന്റെ ശരീരം ചണത്തുണിയില്‍ ചുറ്റി, രണ്ടു പുരുഷന്മാര്‍, ഔഷധലേപനം നടത്തി. പെണ്ണുങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും നല്‍കി. മത്തായിയും ലൂക്കോസും പറയുന്നത്, ശരീരം, ശിഷ്യന്മാര്‍ ഒരു രഹസ്യ മലമ്പ്രദേശത്തേക്ക്, ഔഷധ ലേപനത്തിനായി, കൊണ്ടുപോയി എന്നാണ്. അതായത്, യേശു കുരിശില്‍ മരിച്ചില്ല എന്നു ബൈബിളില്‍ തന്നെ പറഞ്ഞിരിക്കുന്നു.
 
ജഡത്തിനെന്തിനാണ്, ഔഷധ ലേപനം?


© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...