Showing posts with label ഇറാൻ. Show all posts
Showing posts with label ഇറാൻ. Show all posts

Sunday, 5 April 2026

കൗടില്യൻ ഇറാനിൽ

ഇറാനിലെ അധർമ്മം

വി ആർ രാമചന്ദ്ര ദീക്ഷിതരുടെ, War In Ancient India (1944) എന്ന പുസ്തകത്തിന് എ ലക്ഷ്മണസ്വാമി മുതലിയാർ എഴുതിയ മുഖവുരയിൽ പ്രാചീന ഇന്ത്യയിൽ ആചരിച്ചു പോന്ന ചില യുദ്ധ നീതികൾ പറയുന്നുണ്ട്. യുദ്ധനിയമങ്ങളിൽ ഇവയുണ്ടായിരുന്നു:

പോർച്ചട്ടയില്ലാത്തവനോട് അത് ധരിച്ചവൻ പോരാടരുത്. ഒരാൾ ഒരു ശത്രുവുമായി മാത്രമേ യുദ്ധം ചെയ്യാവൂ. അംഗവിഹീനനോട് അത് അരുത്. വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും പലായനം ചെയ്യുന്നവരെയും കീഴടങ്ങുന്നതിന് ചിഹ്നമായി ചുണ്ടിൽ വയ്‌ക്കോൽ പിടിച്ചവരെയും കൊല്ലരുത്. 


പൂന്തോട്ടങ്ങളെയും പഴത്തോപ്പുകളെയും തൊടരുത്. ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും മലിനമാക്കരുത്. 


യുദ്ധത്തിലെ നീതിശാസ്ത്രത്തെ ക്ഷത്രിയൻ ലംഘിച്ചാൽ, രാജ്യം അയാളെ ശിക്ഷിക്കണം. സാമൂഹിക ഭ്രഷ്ട് ആയിരുന്നു സാധാരണം. സ്വജീവൻ രക്ഷിക്കാൻ യോദ്ധാവ് യുദ്ധക്കളം വിട്ടാൽ മരണമാണ് അയാൾക്കുള്ള ശിക്ഷ. 


ഈ പുസ്തകത്തിൽ യുദ്ധതന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവയുടെ പ്രയോഗം മാത്രമല്ല, നയതന്ത്രത്തിൻ്റെ പ്രാധാന്യം ഒരു അധ്യായമായി തന്നെയുണ്ട്. “നയം” എന്ന വാക്ക് ആണ് പ്രാചീനകാലത്ത് ഇതിനെ കുറിച്ചത്. ബി സി ഇ നാലിലെ കൗടില്യൻ പറഞ്ഞത്, “നയത്തിൻ്റെ യഥാർത്ഥ സത്ത പിടികിട്ടിയ ഭരണാധികാരി ലോകത്തെ കീഴടക്കുന്നു” എന്നാണ്-നയജ്ഞ: പൃഥ്‌വി ജയതി. 


നയ ചരിത്രം ഋഗ്വേദ സംഹിതയിൽ തുടങ്ങുന്നു. ശത്രുജയത്തിന് അഗ്നിയെ ഭജിക്കുന്നു. യുദ്ധം ജയിക്കാൻ ചാരന്മാർ അനിവാര്യം. ഏഴാം മണ്ഡലത്തിൽ പത്തു രാജാക്കന്മാരുടെ യുദ്ധം പരാമർശിക്കെ, വൈദിക നയതന്ത്രം പറയുന്നുണ്ട്. അഥർവ വേദ കാലമാകുമ്പോൾ, ഹിന്ദു നയതന്ത്രത്തിൽ കേന്ദ്രസ്ഥാനത്ത് രാജാവാണ്. അദ്ദേഹത്തെ വൈദികനും പ്രജകളും അച്ചടക്കത്തിൽ നിർത്തുന്നു. ഗ്രീസിലെ ആതൻസിലും റോമിലും ഈ അധികാരം വൈദികനോ പ്രജകൾക്കോ ഉണ്ടായിരുന്നില്ല. 


അഥർവം ഉണ്ടാകുമ്പോൾ തന്നെ രാമായണം, മഹാഭാരതം എന്നിവയുടെ കാമ്പ് ഉണ്ടായിക്കഴിഞ്ഞിരുന്നുവെന്ന് ദീക്ഷിതർ എഴുതുന്നു. രാജാവിന് അധികാരവകാശങ്ങൾ കൂടി. യുദ്ധവും നയതന്ത്രവും പ്രാകൃതാവസ്ഥയിൽ നിന്ന് മാറി വികസിത രൂപങ്ങളിൽ എത്തി. ഗോത്ര സമ്പ്രദായം മാറി സംഘടിത സമൂഹങ്ങൾ ഉണ്ടായി. പാണ്ഡവ -കൗരവ യുദ്ധത്തിൽ അവയിൽ പലതും പങ്കെടുത്തു. ആദിപർവത്തിൽ തന്നെ രാജധാനിയിലെ ഉപജാപങ്ങളും സന്ധിസംഭാഷണങ്ങളും  കാണാം. പ്രമുഖ നയതന്ത്രജ്ഞൻ കണികൻ നയതന്ത്രത്തെപ്പറ്റി പ്രഭാഷണം തന്നെ നടത്തുന്നു. അത്, ‘അർത്ഥശാസ്ത്ര’ത്തിലെ കണിക ഭരദ്വാജൻ തന്നെയാകാം. അന്ധവൃദ്ധനും പാണ്ഡവരോട് അസൂയ ഉള്ളവനുമായ ധൃതരാഷ്ട്രരോട് കണികൻ പറയുന്നു: 


“രാജാക്കന്മാർ സദാ ചെങ്കോൽ ഉയർത്തി തയ്യാറായിരിക്കണം. തെറ്റുകൾ ജാഗ്രതയോടെ ഒഴിവാക്കി ശക്തി പ്രസരിപ്പിക്കണം. അപരൻ്റെ കുറ്റങ്ങൾ സദാ നിരീക്ഷിക്കണം.”ആമയെപ്പോലെ സ്വത്ത് മറയ്ക്കണം. ഒന്ന് തുടങ്ങിവച്ചാൽ മുഴുമിപ്പിക്കണം. മുള്ള് മുഴുവനായി എടുത്തില്ലെങ്കിൽ വ്രണം അവശേഷിക്കും.

“കുഴപ്പക്കാരനായ ശത്രുവിനെ വധിക്കണം. അയാൾ ശക്തനെങ്കിൽ, രക്ഷപ്പെടുന്നെങ്കിൽ, ധീര യോദ്ധാവെങ്കിൽ, അയാളുടെ ദുരന്ത മുഹൂർത്തത്തിന് കാത്ത്, മടിയില്ലാതെ വധിക്കണം. ശത്രു ദുർബലനെങ്കിലും വിടരുത്. കാടിനെ നശിപ്പിക്കാൻ ഒരു തീപ്പൊരി മതി.



“രാജാക്കന്മാർ ചിലപ്പോൾ അന്ധതയും ബധിരതയും ഭാവിക്കണം. ആളുകളെ നേർവഴിക്ക് നടത്താൻ ശേഷിയില്ലെങ്കിൽ, കുറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കാം. അസ്ത്രങ്ങളെ വയ്‌ക്കോലായി കരുതാം. അപ്പോഴും കാട്ടിൽ ഉറങ്ങുന്ന മാൻ പറ്റത്തെപ്പോലെ എല്ലാം ശ്രദ്ധിക്കണം. 


“ശത്രുവിനെ കൈയിൽ കിട്ടിയാൽ, എല്ലാ വിധേനയും നശിപ്പിക്കുക. തുറന്നോ, രഹസ്യമായോ. സംരക്ഷണം ചോദിച്ചാലും ദയ കാട്ടരുത്.”


എവിടെ ധർമ്മം?


ട്രംപിനും ഖാംനയിക്കുമിടയിൽ ഒമാൻ ആയിരുന്നു മധ്യസ്ഥൻ; രണ്ടു കുടുംബങ്ങളുടെ യുദ്ധം പറയുന്ന മഹാഭാരതത്തിൽ കൃഷ്ണനാണ് മധ്യസ്ഥൻ. പൈതൃകസ്വത്തായ ഹസ്തിനപുരി ആർ ഭരിക്കണം എന്നതാണ് പ്രശ്നം. കൃഷ്ണൻ അയൽ രാജ്യത്തെ രാജാവാണ്. മധ്യസ്ഥത പൊളിഞ്ഞു, യുദ്ധം അനിവാര്യമായി. ഒരു ചേരിക്ക് തൻ്റെ സേനയെ കൊടുക്കാം, മറ്റേതിന് സാരഥിയാകാമെന്ന് അദ്ദേഹം വാക്ക് നൽകുന്നു. കൗരവർ സേനയെ സ്വീകരിച്ചു. കൃഷ്ണൻ പാണ്ഡവപക്ഷത്ത് അർജ്ജുനൻ്റെ സാരഥിയായി. 


കുരുക്ഷേത്രത്തിൽ അർജുനൻ്റെ ശരീരം വിറയ്ക്കുന്നു. ബന്ധുക്കളാണ് ചുറ്റും. ആദ്യം അറിയേണ്ടത് സ്വധർമമാണെന്ന് കൃഷ്ണൻ ഉപദേശിക്കുന്നു. ധർമ്മത്തിന് വേണ്ടിയാകണം യുദ്ധം. ക്ഷത്രിയൻ എന്ന നിലയിൽ ധർമ്മയുദ്ധത്തിൽ പങ്കെടുക്കുക അല്ലാതെ വേറൊന്നും ചെയ്യാനില്ല. കൃഷ്ണൻ പറയുന്നു:


ഹതോ വാ പ്രാപ്യസി സ്വർഗം ജിത്‌വാ വാ ഭോക്ഷ്യസേ മഹീം 

തസ്മത് ഉത്തിഷ്ഠ കൗന്തേയ യുദ്ധായ കൃത നിശ്ചയ:


(മരിച്ചാൽ സ്വർഗം, ജയിച്ചാൽ ഭൂമിയിൽ സുഖം. അതിനാൽ കുന്തീ പുത്രാ,  എഴുന്നേൽക്ക, യുദ്ധ നിശ്ചയത്തോടെ.)


അങ്ങനെ ധർമ്മയുദ്ധം ഭാരതം ലോകത്തിന് മുന്നിൽ വച്ചു. ഇന്ത്യയ്ക്ക് പുറത്ത് മാക്കിയവെല്ലി പറഞ്ഞത്, “ലക്ഷ്യം മാർഗത്തെ സാധൂകരിക്കും” എന്നാണ്. ലക്ഷ്യം ധർമ്മത്തിൽ അധിഷ്ഠിതമായിരിക്കണം എന്ന് പറഞ്ഞില്ല. ലക്ഷ്യം വെനസ്വേലയിലെയും ഇറാനിലെയും എണ്ണയാണെങ്കിൽ അതിന് ഏത് മാർഗവും സ്വീകരിക്കാൻ കഴിയും, ദീഗൊഗാർസ്യയിൽ നിന്ന് ബോംബറുകളെ വിടാൻ കഴിയും. അപ്പോഴും ചോദ്യം അവശേഷിക്കും, ഇത് ധർമ്മയുദ്ധമോ?


“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” ആയിരുന്നു യൂറോപ്പിനെ നയിച്ച റോമിൻ്റെ മുദ്രാവാക്യം. അത് ലോകത്തെ അന്ധമാക്കുന്നുവെന്ന് കണ്ടെത്തി. അപ്പോൾ ബൈബിൾ പറഞ്ഞു, “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.” (മത്തായി 5:38–39)


അത് പുതിയ നിയമമായി. അഹിംസ എന്ന് പറയാം. ദുഷ്ടനെ എതിർക്കരുത്, അവനും കൊടുക്കണം ആര്യഭവനിലെ താലി മീൽസ്!


അതിലും ഭാരതം പറയുന്ന ധർമ്മമില്ല. പ്രവാചകൻ്റെ മരണശേഷം അബുബക്കർ ഖലീഫയായി, അലിക്ക് നാലാം ഊഴം വിധിച്ചു. ചോരപ്പുഴ ഒഴുകി. അലിയെ കൂഫയിലും മകൻ ഹുസൈനെ കർബലയിലും കൊന്നു. അലിയുടെ പൈതൃകമാണ് ഷിയാ ഇറാൻ. ചോരയുടെ മണമാണ്. അവിടെ കശാപ്പ് ചെയ്യപ്പെടുന്നത് എന്തോ അതാണ് ധർമ്മം.


© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...